Sunday, October 13, 2013

അതിജീവനം


"താമരകണ്ണുകൾ പൂട്ടിയുറങ്ങ് പൈതലേ..
പുലർക്കാലസ്വപ്നം കണ്ടുണരെൻ കുഞ്ഞേ."
അമ്മതൻ മാറിൽ ചാഞ്ഞുറങ്ങവേ..
അമ്മതൻ ചുണ്ടുകൾ താരാട്ട്‌ മൂളവേ..
പുലർക്കാലസ്വപ്നം ഫലിക്കുമെന്നറിഞ്ഞ്
‌എണ്ണിയാൽ തീരാത്തത്രയും പടുത്തുയർത്തി.

 ക്ഷണിക്കാത്ത ഓർമ്മകൾ ഹൃദയമുടയ്ക്കുമ്പോൾ
ആദ്യ സ്വപ്നമിന്നും പൊട്ടിത്തരിപ്പിക്കാറുണ്ട്,
'കണ്ണാടി ചിറകിൽ മാരിവില്ലഴകായ്‌
കരളെന്ന ഒലീവിലയെ തലോടും ശലഭമാകാൻ.'
കാറുകൾ മേൽക്കൂര പണിയുമൊരു പുലരിയിൽ
തിടുക്കത്തിൽ ഇരമ്പിയ ആകാശഗംഗയിൽ
പിടയുന്ന ചിറകുകൾ മൃദുവായ് തലോടി
കരളിലെ മുറിവിനു മറുമരുന്നായതമ്മ.
“നീറ്റലുകൾ മൂടിപ്പുതച്ചുറങ്ങട്ടെ കണ്മണിയേ..
കണ്ണാടിച്ചിറകുള്ള ശലഭം നീ തന്നെയല്ലയോ."
സൗമ്യ സ്വാന്തനങ്ങൾ ആശ്വാസമേകി
സ്വപ്നജാലക കാഴ്ച്ചകൾ തുറന്നു കാട്ടി.

 തനിച്ചല്ലാതിരുന്നൊരു കൗമാരസ്വപ്നം ഓർക്കുന്നു..
പുത്തനുടുപ്പും തങ്കകൊലുസ്സുമണിഞ്ഞ സഖിയുമായ്
തളംകെട്ടി നിന്ന മഴയിൽ കളിച്ച നാൾ,
"നീ എൻ കൊലുസ്സിൽ ചെളി പുരളിച്ചില്ലേ..?"
ഇത്രയും പറഞ്ഞവൾ പിണങ്ങിയോടിയപ്പോൾ
സങ്കട ചുമടെടുക്കുമൊരു തൊട്ടാവാടി പെണ്ണായ്‌
അമ്മതൻ മടിയിൽ മുഖം പൂഴ്ത്തി വിങ്ങി.
 "കരയല്ലെൻ കിലുക്കാംപെട്ടി പൊടിമകളേ..
നീ തന്നെയല്ലയോ പൊട്ടിച്ചിരിക്കും തങ്കകൊലുസ്സ്‌"
സ്വരം താഴ്ത്തി ചെവിയിൽ മുത്തമിട്ട്‌
പുതു കാഴ്ച്ചകളിലേക്കന്ന് വീണ്ടും നയിച്ചു
കിനാവിന്റെ കിതപ്പറിയാ പാതകളിലേയ്ക്കമ്മ.

 കറ കളഞ്ഞു കിട്ടാത്തൊരു യൗവ്വന സ്വപ്നം കൂടി..
മഴ നനഞ്ഞ അൽപജ്ഞാന പൂമരച്ചോട്ടിൽ
അധരത്തിൽ വിരിഞ്ഞ മുല്ലമൊട്ടുകൾ കോർത്ത്‌
അന്ധമായ്‌ തീർത്ത വിശ്വാസ മാലകൾ ചേർത്ത്‌
ജീവിതരക്തത്തിൽ കുറിച്ച നാലുവരി കവിത,
കൂട്ടിവായിക്കാനാവാത്ത ജ്വരബാധിതനെ പോലവൻ
 വലംകൈ കൊണ്ടെന്റെ ചിറകുകൾ  ഞെരിച്ചമർത്തി.
അന്നേരം ജീവൻ വെടിയുമൊരു പ്രാവിനെ പോലെ
നേരിന്റെ ഉദയത്തിനായ്‌ കാത്തു കിടക്കുന്നവളെ പോലെ
അമ്മതൻ മാറിടത്തിൽ മരവിച്ചു കിടന്നു.

 "ഒറ്റയ്ക്കേറ്റു വാങ്ങാൻ ഭയക്കും സ്വപ്നങ്ങൾ
ഇനിയും തടവിലാക്കല്ലെൻ വെള്ളരിപ്രാവേ..
വേഷപ്രച്ഛന്നരായ്‌ പടികയറി വരുന്നവരുണ്ട്‌
നേരിന്റെ വാക്കും ഹൃദയ നന്മയും തച്ചുടക്കുന്നവരുണ്ട്‌
കലിബാധയാളി മദിച്ച്‌ വാഴുന്നവരുണ്ട്‌
പുഞ്ചിരി തൂകി നെറുകമേൽ തഴുകുന്നവരുണ്ട്‌.മകളേ.. 
ഗതികേടുകൾ മുൾമുനമേൽ വാഴുമ്പോഴും
പൊള്ളുന്ന വേദനകൾ കനലായെരിയുമ്പോഴും
ആത്മാവിനെ മണ്ണിട്ട്‌ മൂടാനനുവദിക്കല്ലേ..
പെണ്ണിന്റെ വീര്യവും ആണിന്റെ ശൗര്യവുമായ്
കർമ്മകാണ്ഡങ്ങൾ താണ്ടി മുന്നേറുക നീ..

 ”മിഴികളുണരുമ്പോഴും ഇമകൾ നനയുന്നില്ല.
കാരണം ഞാൻ തനിച്ചല്ല..
വിരൽത്തുമ്പിൽ വിരിയും അക്ഷരപ്രപഞ്ചമുണ്ട് കൂട്ട്..!  ‌

'അതിജീവനം' മഴവില്ല് ഓണ്‍ലൈന്‍ മാസികയുടെ വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുണ്ട്.

Monday, October 7, 2013

മൈലാഞ്ചിക്കൈകളാല്‍ മുഖം മറച്ച്...



നിന്റെ നാടും വീടും എത്ര അകലയാണെന്ന് ആരെന്നോട്‌ ചോദിച്ചാലും ഞാൻ പറയും,
"ഏയ്‌..അത്രക്ക്‌ ദൂരമൊന്നുമില്ല..ദാ ഈ കടലാസ്സും തൂലികയും തമ്മിൽ കൂട്ടിമുട്ടുന്ന ദൂരമത്രക്കും "
എന്റെ എഴുത്തുകളുടെ ഉത്ഭവങ്ങളും അനുഭൂതികളും കാഴ്ച്ചവെക്കുവാൻ എന്റെ നാടിനായിട്ടുണ്ടെന്നാണ് ന്റെ വിശ്വാസം.
ഈ ഉദ്യാന നഗരമെനിക്ക്‌ അന്നത്തേതായ സന്തോഷങ്ങൾ മാത്രം നൽകുമ്പോൾ എന്നത്തേക്കുമായി ഞാൻ ചേർത്തുവെക്കുവാൻ വെമ്പുന്ന ആനന്ദം ന്റെ നാടിന്റെ കുളിർമ്മ തന്നെ. ഇവിടുത്തെ തിരക്കുകൾക്കും ഒച്ചപ്പാടുകൾക്കുമിടയിലും ആരൊ എന്നെ തട്ടിയുണർത്തുന്നുണ്ട്‌.
എനിക്കൊന്നും നഷ്ടമായിട്ടില്ലെന്ന് ആശ്വസിപ്പിക്കുന്നുണ്ട്‌.
നാടിന്റെയും വീടിന്റെയും ചിന്തകളുടെയും ഓർമ്മകളുടെയും കടന്നുകയറ്റത്തിന്മേലാണു എന്റെ നാടെന്നെ പുണരുന്നതെന്ന ബോധ്യമോടെ ഞാനെന്റെ ബാല്യകാല സ്മരണകളിലേക്ക്‌ ഊളിയിടുകയാണ്...
ഒരു വള്ളുവനാടൻ കൊച്ചുഗ്രാമം...
അല്ല, പടർന്നു കിടക്കുന്ന ദേശം തന്നെ, ചേലക്കര ..!
പണ്ടിവിടെ ധാരാളം ചേലവൃക്ഷങ്ങൾ തിങ്ങി വളർന്നിരുന്നുവത്രെ..
ചേലമരങ്ങളുടെ കര എന്ന പ്രയോഗത്തിൽനിന്നാണത്രെ ചേലക്കര എന്ന സ്ഥലനാമം ഉണ്ടായത്‌.
മലകളും, നദീപ്രവാഹങ്ങളും, രാക്ഷസ പാറകളും, കാവുകളും, കുളങ്ങളും, വിശാലമായ കൃഷിയിടങ്ങളും, അധികം അകലെയല്ലാതെ അസുരന്‍ കുണ്ട് റിസര്‍വ്വോയറും,
നിർത്താതെ ആർത്തലയ്ക്കുന്ന പെരുമഴയിൽ നിറഞ്ഞു കവിഞ്ഞ്‌ റോഡും തോടും ഒന്നാകുന്ന പൊതുപ്പാലവുമെല്ലാം...ചേർന്ന്
പ്രകൃതിരമണീയമായ ഭൂപ്രകൃതി സ്വായത്തമാക്കിയ ചേലക്കരക്ക്‌ തൃശ്ശൂർ ജില്ലയുടെ നെല്ലറ എന്ന വിശേഷണം തീർത്തും അർഹിക്കുന്നുണ്ട്. കാളിയ റോഡ് , മേപ്പാടം, കുറുമല, തോന്നൂർക്കര,കിള്ളിമംഗലം,വെങ്ങനല്ലൂർ...ഏത്‌ ദേശക്കാരുമാവട്ടെ അഭിമാനത്തോടെ സ്വയം പരിചയപ്പെടുത്തും
" അതേല്ലോ..ഞാൻ ചേലക്കരക്കാരനാ.."

ചേലക്കര സെന്റർ...അധികം ഒച്ചപ്പാടുകളും അനക്കങ്ങളുമില്ലാത്ത ചേലക്കര ഉണർന്നു വരുന്നു..


ചേലക്കരയുടെ മാറിൽനിന്ന് അഞ്ചുമിനിറ്റ്‌ നടക്കാവുന്ന ദൂരം..
അത്രേയുള്ളു ചെട്ടിത്തെരുവിലേക്ക്‌.
തമിഴും തെലുങ്കും കലർന്ന നാടൻഭാഷ സംസാരിക്കുന്ന ഇടകലർന്ന സംസ്ക്കാരങ്ങൾ ശീലിക്കുന്ന ഈ വിഭാഗക്കാർ കച്ചവടാവശ്യങ്ങൾക്കായി ചേലക്കരയിൽ എത്തിപ്പെടുകയും വളരെ പെട്ടെന്നു തന്നെ ചേലക്കരദേശക്കാരായി ആ നാടിന്റെ സ്വന്തക്കാരയി മാറുകയുമായായിരുന്നു.
മുടി നിറയെ മുല്ലപ്പൂവും പട്ടുപാവാടയും തട്ടവുമണിഞ്ഞ്‌ ചുവന്ന മൈലാഞ്ചിക്കൈകളിൽ നിറയെ കുപ്പിവളകളുമണിഞ്ഞ്‌ ചെട്ടിത്തെരുവിലൂടെ ഖിസ്സ പറഞ്ഞ്‌ ഓത്തുപള്ളിയിൽ പോയിരുന്ന ബാല്യം എത്ര നന്മ നിറഞ്ഞതും നിറമുള്ളതുമായിരുന്നുവെന്ന് ദാ ഈ നിമിഷവും ഞാൻ നിറമനസ്സോടെ അയവിറക്കുകയാണ്.



 എടുത്താൽ പൊങ്ങാത്ത തുണിക്കെട്ടുകളും അട്ടപ്പെട്ടികളിൽ അടുക്കിവെച്ച കുപ്പിവളക്കെട്ടുകളും, തോളിലെ സഞ്ചിയിൽ പപ്പടക്കെട്ടുകളുമായി മുറുക്കി ചുവപ്പിച്ച ചുണ്ടുകളും നീലയും ചോപ്പും കലർന്ന മൂക്കുത്തിയുമണിഞ്ഞ ഏറെയും മഞ്ഞ കരയുള്ള ചേലയുമുടുത്ത്‌ ഊരു ചുറ്റുന്ന അയൽപ്പക്കത്തിലെ അക്കകൾ പല ദേശക്കാരെയും കുറിച്ചുള്ള യാത്രാവിശേഷങ്ങൾ പങ്കുവെക്കുമ്പോൾ, "ഇനീം പറയ്‌.. ഇനീം പറയ്‌ " എന്നവരെ പ്രോത്സാഹിപ്പിച്ചിരുന്ന കുട്ടിപ്പടകളുടെ കൂട്ടത്തിൽ ഈ ഒരു മൊഞ്ചത്തിയും മുൻപന്തിയിലുണ്ടായിരുന്നു.
പൊടിപ്പും തൊങ്ങലുകളും ചാർത്തിയ ആ തീരപ്രദേശ കഥകൾ എത്രകേട്ടാലാണ് മതിയാവുക?
അവരുടെ സമുദായത്തിൽപ്പെട്ട നാനാവതി ദേശക്കാർ ഒത്തൊരുമിച്ച്‌ കൊണ്ടാടുന്ന മാരിയമ്മൻ പൂജ എന്ന മഹോത്സവം ഇന്നുമെന്റെ വീട്ടുമുറ്റത്തു നിന്ന് ആസ്വാദിക്കുമ്പോൾ പൊടിപ്പും തൊങ്ങലുകളും കൂട്ടാതെയുള്ള അവരുടെ പരമ്പരാഗത കഥകൾക്ക്‌ ഒരേ നിറച്ചാർത്തു തന്നെയാണു കാലങ്ങൾക്ക്‌ ശേഷവും..


"ഇനി മാരിയമ്മൻ പൂജ കഴിഞ്ഞിട്ട്‌ മതീട്ടൊ മടക്കയാത്ര " എന്ന സ്നേഹസ്വരങ്ങളെയും മാനിച്ച്‌, നാടൻ കലകളും വേഷങ്ങളും, ആരവങ്ങളും വീട്ടുമുറ്റത്തു നിന്നുകൊണ്ട്‌ ആസ്വദിച്ച ഉത്സവപിറ്റേന്നായിരിക്കും ചുമലിൽ ബാഗും കയ്യിൽ പെട്ടിയുമായി നാടിനോടും വീടിനോടും ആ വേനലവധിക്കും യാത്ര പറയുന്നത്‌,

നേരം പുലരുന്നുവെന്ന അറിയിപ്പോടെ മാരിയമ്മൻ കോവിലിൽ സുപ്രഭാതം മുഴങ്ങുന്നു..
ഹൊ..ഉറക്കം മതിയായില്ലാന്ന് ഉറക്കപ്പിച്ച്‌ പറഞ്ഞ്‌ തലവഴി പുതച്ച്‌ മൂടികിടന്ന് പുലർക്കാല സ്വപ്നങ്ങൾക്ക്‌ വട്ടം കൂട്ടുമ്പോഴായിരിക്കും അങ്ങേത്തല അങ്ങാടി പള്ളിയിൽനിന്ന് സുബഹി ബാങ്ക്‌ ബോധമുണർത്തുന്നത്‌.
സ്വന്തം വീട്ടിലെ പ്രാതൽ വിഭവങ്ങൾ ആർക്കാണിടക്ക്‌ ബോറഡിക്കാതിരിക്കുക.. അങ്ങനെയുള്ള കൊതിയൻ പ്രഭാതങ്ങളിൽ ആമിനത്താത്തയുടെയും ഉമ്മുത്താത്തയുടെയും നൂൽപ്പുട്ടും , വെള്ളയപ്പവും , മുട്ടക്കറിയും ഞങ്ങളുടെ തീന്മേശയിൽ സ്പെഷൽ വിഭവങ്ങളായിരുന്നു.
മഴമണക്കുന്ന പാതിരാക്കാറ്റിനെയറിഞ്ഞ്‌ കിടപ്പറയിൽ കൂടപ്പിറപ്പുകളുമായി കഥകൾ മെനഞ്ഞ്‌ കിടക്കുമ്പോൾ തട്ടിൻപ്പുറത്തെ ജനലിലൂടെ കാണാവുന്ന ചെട്ടിയാന്മാരുടെ ചുടല എപ്പോഴും പേടിപ്പിക്കുന്ന വിഷയമായി കടന്ന് വരുമായിരുന്നു.എങ്കിലും എന്തുകൊണ്ടോ എനിക്കാ ചുടലപ്രദേശം കൗതുകമായിരുന്നു.
പറഞ്ഞു കേൾക്കുന്ന പേടികഥകൾ അവിടെ അരങ്ങേറുന്നുണ്ടായിരിക്കുമൊ എന്നറിയുവാനുള്ള ജിഞ്ജാസയിന്മേൽ ഒരു മഴദിവസം ചെളി നിറഞ്ഞ വരമ്പിലൂടെ ചുടല ലാക്കാക്കി നടന്നുവെങ്കിലും പ്രദേശക്കാരാരോ തിരിച്ചോടിച്ചത്‌ വളരെ രസകരമായി ഓർക്കുകയാണിപ്പോൾ.
മരണശേഷം എന്ത്‌ സംഭവിക്കും..?
ഈ ചോദ്യത്തിനും അതിനുചുറ്റിപ്പറ്റിയുള്ള കഥകൾക്കും ജീവൻ നല്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു മിക്കപ്പോഴും തോന്നൂർക്കര പള്ളിയിലെ ഖബറുകളില്‍ ‘ദുആ‘ ചെയ്യുവാൻ പോയിരുന്നത്‌.
ഞാനിന്നേവരെ കാണാത്ത ന്റെ ഉമ്മൂമ്മയും, ഉപ്പൂപ്പയുമെല്ലാം എന്നെ കാണുന്നുണ്ടായിരിക്കുമല്ലൊ എന്ന വിശ്വാസത്തിന്മേൽ അവരെ നോക്കി പുഞ്ചിരിച്ചു.. അവരുടെ സ്നേഹവും കടാക്ഷവും എപ്പഴും കിട്ടണേ എന്ന് അവർക്കരികിൽ നിന്നുകൊണ്ട്‌ തേടി. പള്ളിക്കരികിലായി താമസിക്കുന്ന തങ്ങന്മാരുടെ ബീവികളിൽനിന്ന് ശേഖരിക്കുന്ന പള്ളിക്കാടിനെ കേന്ദ്രീകരിച്ചുള്ള കഥകളായിരിക്കും പിന്നീടുള്ള നാളുകളിലെ ചിന്തകൾ.
ബീവികളുടെ മുറുക്കി ചോപ്പിച്ച ചുണ്ടുകളും മൈലാഞ്ചി ചോപ്പിലെ നഖങ്ങളും കരിമണിമാലകളും അവരുടെ കഥകളുമെല്ലാം ആകർഷകമായിരുന്നു..

കൊച്ചു തലക്കുള്ളിൽ ശേഖരിച്ച വിവരങ്ങളത്രയും നിക്ഷേപിക്കാനുള്ള ഒരിടം..
അതായിരുന്നു ന്റെ സ്കൂൾ ദിനങ്ങളിലെ ഓർമ്മകൾ മായ്ക്കാത്ത ക്ലാസ്സ്‌ റൂം ഇടങ്ങൾ.
വീട്ടുവളപ്പിനു അതിർ തീർക്കുന്ന തോടിനങ്ങേപ്പുറത്തുള്ള സ്കൂൾ ചേലക്കരയിലേയും ചുറ്റു പ്രദേശങ്ങളിലെയും ആദ്യത്തെ സി ബി എസ്‌ ഇ സ്കൂൾ എന്ന ബഹുമതിയിൽ ഉയർന്ന് വന്നു. ചെട്ടിത്തെരുവിലുള്ള വീടിന്ന് ഒരു പാലത്തിനപ്പുറമായതിനാൽ സ്കൂൾ വെങ്ങാനല്ലൂരിലുമായി.
പാതയുടെ ഇരുവശങ്ങളിലായി വെള്ളം നിറഞ്ഞ പാടങ്ങളും ചെളിയും ചേറും നിറഞ്ഞ വരമ്പുകളും കന്നുപൂട്ടൽ ആരവങ്ങളും ചേർപ്പേട്ടന്റെ കടയുമെല്ലാം വെങ്ങാനല്ലൂരിന്റെ മനോഹാരിതക്ക്‌ മാറ്റുകൂട്ടി. 


മഴ തോർന്നിട്ട്‌ സ്കൂളിൽ പോയാൽ മതി..അല്ലെങ്കിൽ, കുടയെടുത്ത്‌ സ്കൂളിൽ പോകൂ എന്ന സ്നേഹ ശാസനകൾ കേൾക്കാൻ തുടങ്ങുമ്പോഴേക്കും ക്ലാസ്സിലിരുന്ന് തലതുവർത്തുന്നുണ്ടാകും.. ബാല്യമേറെയും ചിലവഴിച്ചത്‌ ഈ മുറ്റത്തു തന്നെ..
 രാത്രികാലങ്ങളിലെ തവളുകളുടെ പേക്രോയും ചീവീടുകളുടെ കാതടക്കുന്ന രാഗവുമെല്ലാം വെങ്ങാനല്ലൂർ ദേശക്കാരുടെ കൂടെ ഞങ്ങളും ആസ്വദിച്ചു.
വെങ്ങാനല്ലൂർ ശിവക്ഷേത്രത്തിൽനിന്നുയരുന്ന ചാക്ക്യാർക്കൂത്ത്‌ ഓട്ടന്തുള്ളൽ പദങ്ങളും രാമായണ പാരായണവും അതാതു മലയാളമാസ പിറവികളെ അറിയിച്ചുക്കൊണ്ടിരുന്നു.
പച്ചപ്പിണ്ടികൾ നിറഞ്ഞ തളിക്കുളത്തിലെ വേനൽ നീരാട്ട്‌ വേനൽ കെടുതികളിലും ഞങ്ങളൊരു ഉത്സവമാക്കി.

ഈ വഴിയാത്രയിൽ പഴയ പരിചയക്കാരാരേയും കണ്ടുമുട്ടാനായീല്ലല്ലോ എന്ന് വിചാരിക്കുമ്പോഴായിരിക്കും " കുട്ടി നാട്‌ കാണാനിറങ്ങിയതായിരിക്കുമല്ലേ..എപ്പഴാ വന്നേ " എന്ന പിൻവിളി..!
വെങ്ങാനെല്ലൂര്‍ നാട്ടുവഴി.......


ശാപം പേറുന്ന മഠങ്ങളും ഭൂതക്കോട്ട്‌ കുളവും മുസ്ലിം സമുദായക്കാരിൽപ്പെട്ട തമിഴ്‌ കലർന്ന നാടൻഭാഷ സംസാരിക്കുന്ന റാവുത്തന്മാരും ചേലക്കരയിൽനിന്ന് അധികം വിട്ടുമാറാത്ത 'പത്തുകുടി 'യെ വാചാലമാക്കി. പത്ത്‌ വീടുകൾ വെക്കുവാനുള്ള ഭൂമി ഈ കൂട്ടർക്ക്‌ ലഭിച്ചതിന്റെ സൂചകമായാണു ‘പത്തുകുടി‘ എന്ന സ്ഥലനാമം ലഭിച്ചതെന്ന് പറയപ്പെടുന്നു.
ഒരു വ്യത്യസ്ത വിഭാഗക്കാരെ സന്ദർശിക്കുന്ന കൗതുകത്തോടെയും ഉത്സാഹത്തോടെയും പത്തുകുടിയിലെ വീടുകൾ സന്ദർശിക്കുന്നതും താല്പര്യമുള്ള വിഷയങ്ങളിൽ സ്ഥാനം പിടിച്ചു.
ഓലമെടഞ്ഞ ജാനകിറാം ടാക്കീസ്സും മണ്ണിടിഞ്ഞ്‌ വീഴാറായ ഭിത്തികളുള്ള വായനശാലയും,
ഇരുളിന്റെ തിക്കുമുട്ടലുകളിൽ നിഗൂഡകഥകൾകൊണ്ട്‌ വീർപ്പുമുട്ടുന്ന ' ഗുഹ' കൊണ്ടുകൂടി വളരെ പ്രസിദ്ധിയാർജ്ജിച്ച ചേലക്കരയുടെ ഹൃദയഭാഗത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീ മൂലം തിരുനാൾ ഗവണ്മന്റ്‌ ഹയർ സെക്കന്ററി സ്കൂളും കന്യാസ്ത്രീകളുടെ സ്കൂളെന്ന് ഞങ്ങൾ വിളിച്ചുപോന്ന കോൺവന്റ്‌ സ്കൂളും ...അങ്ങനെയങ്ങനെ...ഹൊ...ഒത്തിരിയൊത്തിരിയുണ്ട്‌ പറഞ്ഞുതീരുവാനിനിയും.


എസ്‌.എം.ടി സ്കൂളിലെ ഗുഹ എന്ന് കേൾക്കുമ്പൊ അന്നും ഇന്നും ഉള്ളിലൊരു ആന്തലാണു..ഗുഹയെ ചുറ്റിപ്പറ്റിയുള്ള കഥകളറിയുവാനുള്ള ജിഞ്ജാസയും..
നൊസ്സുകളുടെ നാടെന്ന വിശേഷണംകൂടി സ്വയത്തമാക്കിയ ചേലക്കരയുടെ ഓർമ്മകളിൽ മായാതെ തെളിയുന്ന രൂപങ്ങളായി ഭ്രാന്തൻ ബാബുവും പരക്കാട്‌ പൊട്ടനും, കോണാകുന്തനും, സോളമക്കയും,ആണ്ടീപോണ്ടിയും തുളസിയുമൊക്കെ ഓരോരൊ പ്രാകൃത രൂപങ്ങളും ഭാവങ്ങളും ചലനങ്ങളും സംഭാഷണങ്ങളുംകൊണ്ട്‌ മനസ്സിന്റെ ഓർമ്മച്ചെപ്പിൽ സ്ഥാനം പിടിച്ച്‌ കഴിഞ്ഞിരിക്കുന്നു..

കുഞ്ഞുകുഞ്ഞ്‌ കുന്നായ്മകളും പരദൂഷണങ്ങളും അതിലേറെ നിഷ്കളങ്കതകളും കൊണ്ടു നിറഞ്ഞ ന്റെ ഗ്രാമമിപ്പോൾ പുരോഗതിയുടെ പാതയിലൂടെ ഉയർന്നുക്കൊണ്ടേയിരിക്കുന്നുവെങ്കിലും ഞാനിതുവരെ ശീലിച്ചു പോന്ന ന്റെ നാടിന്റെ സംസ്ക്കാരവും രീതികളും ചിട്ടകളുമൊക്കെ അതേപടി സൂക്ഷിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു..ഇഷ്ടപ്പെടുന്നു...
നിയ്ക്കെന്റെ ബാല്യം ഏറെ പ്രിയമാക്കിയ നാടിനോടുള്ള സ്നേഹവും നന്ദിയും വാക്കുകളാൽ പ്രകടിപ്പിക്കുവാനാവുമോ..?
ഊഹും.. ന്റെ എഴുത്തുകളിലൂടെ നിയ്ക്കെന്റെ ബാല്യം തിരികെ നൽകിയ ചേലക്കരക്ക്‌ പ്രണാമം ..!

ആദ്യം ചെറുമഴ...പിന്നെ പേമാരി.. ഭൂതകാല ഓർമ്മകളിലേക്ക്‌ ഞാൻ വീണ്ടും...

Friday, May 31, 2013

<<< സ്കൈപ്പ് >>>




 
31 ഡിസംബർ 2012 : സമയം 11.15 PM

സണ്ണി : വയസ്സ് 36

മലയാളി പ്രവാസി.

“അഴിച്ചുപണി നടന്നുകൊണ്ടിരുന്ന പ്രമുഖ ഫാഷൻ കമ്പനിയുടെ മുഖച്ഛായ തീർത്തും മാറ്റിക്കൊടുക്കുവാനും തന്റെ മിടുക്ക് തെളിയിക്കുവാനുമായിരിക്കുന്നു..”

സ്വയം പുകഴ്ത്തിക്കൊണ്ട് സണ്ണി ആനന്ദിച്ചു..

മാസങ്ങളായുള്ള പ്രഫഷണൽ ടെൻഷനുകളിൽ നിന്നും പാടേ മോചനം….ആഹ്..

വഴിയോരത്തെ അപരിചിതർക്കുനേരെ കണ്ണുയർത്തിനോക്കുക പോയിട്ട്, തന്റെ അടച്ചിട്ട മുറിയിലെന്തു നടക്കുന്നു എന്ന വിചാരം  പോലുമില്ലാതെ ജോലിഭാരം ജീവിതത്തെ ആക്രമിച്ചുകൊണ്ടിരുന്ന ദിനങ്ങൾ..

ഏതോ ഒരു അജ്ഞാതദേശത്തിൽ നിന്നിറങ്ങി വന്നപോലെ..

കയ്പ്പുകളില്ലാത്ത അദ്ധ്വാനഫലങ്ങൾ മാധുര്യമേറിയവ തന്നെ..എങ്കിലും ഇനി വയ്യ..

തിരക്കുകളില്ലാത്ത  വരുംദിനങ്ങളിലേക്ക് ഊര്‍ന്നിറങ്ങുവാൻ സണ്ണി തയ്യാറായി.

പൂർവ്വകാലം തിരികെ ലഭിച്ച സണ്ണി കതക് തുറന്ന് ഇരുട്ടിനെ സ്നേഹിക്കുന്നവനെപ്പോലെ  ഇരുന്നു..എപ്പോൾ വേണമെങ്കിലും  താനുമായി സം‍വദിക്കാൻ പ്രിയം കാണിക്കുകയും തന്റെ ഏകാന്തതയെ തട്ടിയുണർത്തുകയും ചെയ്യുന്ന സംഗീതത്തേയും പുസ്തകങ്ങളേയും ഈയിടെയായി പൂർണ്ണമായല്ലെങ്കിലും അവഗണിച്ചുതുടങ്ങിയിരിക്കുന്നുവെന്ന് സണ്ണി ബോധവാനാണ്.

തനിക്കു ചുറ്റുമുള്ള ഈ ലോകം ഏറെ പ്രാധാന്യമർഹിക്കുന്നു എന്ന ചിന്തയിൽ സണ്ണി അവർക്കു നേരെ നിസ്സംഗതയോടെ പുഞ്ചിരിച്ചു.

നിശ്ചലരായിനിന്ന് തന്നെ വീക്ഷിക്കുന്ന   വർണ്ണച്ചുവരുകൾക്കുള്ളിൽ പൊട്ടിച്ചിരികളും ബഹളങ്ങളും കൊണ്ട്   വിരസതയേറിയ കഴിഞ്ഞ നാളുകളെ ജീവസ്സുറ്റതാക്കിയ ഐപാഡിലേക്ക്  ‘ദാ വരുന്നൂ’ എന്ന് കൈവീശിക്കൊണ്ട് സണ്ണി കുളിമുറിയിലേക്ക് പ്രവേശിച്ചു.

തന്നേയും പ്രതീക്ഷിച്ച്   കീപാഡിൽ മായാജാലങ്ങൾ കാണിച്ച് ആർച്ച ഇരിപ്പുണ്ടായിരിക്കുമെന്ന് സണ്ണിക്കറിയാം.

സ്വദേശത്തും വിദേശത്തുമുള്ള ബന്ധുമിത്രാദികൾക്കിടയിൽ അനേകം പെൺസൗഹൃദങ്ങളുള്ള വ്യക്തിത്വമാണ്  സണ്ണിയുടേത്.

വെളുത്ത വസ്ത്രങ്ങൾ മാത്രം ധരിക്കുന്ന, ഭംഗിയായി സംസാരിക്കുകയും സംഭാഷണങ്ങൾക്കിടയിൽ അപ്രതീക്ഷിതഭാവങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്യുന്ന  ആർച്ച അയാളുടെ വരണ്ട രാപകലുകൾ പകുത്തെടുത്തിരിക്കുന്നു.

സ്കൈപ്പിലൂടൊഴുകുന്ന ദൃശ്യസംഭാഷണവേളകളിലൂടെ സണ്ണി അവൾക്കായി സ്നേഹം വിളമ്പിക്കൊണ്ടേയിരുന്നു.

മനസ്വാസ്ഥ്യവും ആനന്ദവും നൽകിയ സ്നേഹരാത്രികളായിരുന്നു അവർക്കിടയിൽ കൊഴിഞ്ഞുവീണുകൊണ്ടിരുന്നത്.

കുളിച്ച് ഫ്രഷായ സണ്ണിയിൽനിന്ന് ഉറക്കച്ചടവുകൾ തീർത്തും മാഞ്ഞു പോയി.

“പുതുവർഷ പിറവിക്ക്  ഇനി ഏഴ് മിനിറ്റ് കൂടി..." സണ്ണി തന്റെ ഐപാഡുമായി ടെറസ്സിലേക്ക് ഓടിക്കയറി സ്കൈപ്പ് ലോഗ് ഇൻ ചെയ്തു.

നിലാവിനെ സ്നേഹിക്കുന്ന ആർച്ചയ്ക്ക് പുതുവർഷ പിറവിയിൽ താൻ നൽകുന്ന ദൃശ്യവിരുന്ന്  ഇരുൾ നിറഞ്ഞ അന്തരീക്ഷത്തിലെ  അമ്പിളിവെട്ടമായിരിക്കണമെന്ന് സണ്ണിക്ക് നിർബന്ധമുണ്ടായിരുന്നു.

ആ കൂടിച്ചേരലിന്റെ ലയം പുതിയ ആദർശങ്ങളുടെ കൈകൾ കോർത്ത്  ബന്ധിച്ചതായിരുന്നു.

അവളുടെ മിനുമിനുത്ത കവിളുകളിലെ മുഖക്കുരുപാടുകളെ   തന്റെ ചുണ്ടുകളുടെ വിരൽസ്പർശം അറിയിക്കുന്ന സണ്ണിയ്ക്കോ, അനുഗൃഹീത നിമിഷങ്ങളെ തടവിലാക്കാതെ  പൂർണ്ണമായും സ്വീകരിക്കുന്ന ആർച്ചയ്ക്കോ തങ്ങൾക്കു നേരെയുള്ള ലോകനിയതി എന്തായിരിക്കുമെന്ന ചിന്തകൾ ഒരിക്കൽപ്പോലും തടസ്സമായില്ല.

പുതുവർഷസന്ദേശം കൈമാറി സ്കൈപ്പ് ലോഗ് ഓഫ് ചെയ്ത് അവർ ജനുവരി ഒന്നിന്റെ സ്നേഹരാത്രിക്കായി വിടപറഞ്ഞു.

ഡിസംബർ 31: സമയം : 9.10 PM

മിനി : 29 വയസ്സ്

സണ്ണിയുടെ ഭാര്യ

“മിനിയേച്ചീ.. പാതിരാ കുർബാനയ്ക്കു ശേഷം സണ്ണിച്ചായൻ വിളിക്കുമ്പൊ എനിക്ക് പ്രോമിസ് ചെയ്ത  ‘Apple’ന്റെ  കാര്യം പറയാൻ മറക്കല്ലേ..“

“ഇല്ല പെണ്ണേ.. ഞാൻ നിന്റെ ഇച്ചായനെ ഓർമ്മിപ്പിച്ചോളാം “ എന്ന മിനിയുടെ ഉറപ്പ് കിട്ടിയതും റീന കതകടച്ച് ജെയിംസിനു ടെക്സ്റ്റ് ചെയ്തു, “I expect your wake up call @ 12, Good night.”

“റിച്ചുമോൻ റീനയുടെ കൂടെ ഉറങ്ങിക്കോളും അമ്മച്ചീ.. അവനിഷ്ടമാണ് അവളുടെ മുറിയിലെ പാട്ട് കേട്ടുറങ്ങാൻ..

നമുക്കിറങ്ങാം, ഇനിയും വൈകിയാൽ പള്ളിയിൽനിന്നിവിടെ തിരിച്ചെത്തുംവരെ അപ്പച്ചന്റെ  വായിലുള്ളത് കേൾക്കേണ്ടി വരും..”

വീട് സുരക്ഷയ്ക്കായി കതക് വെളിയിൽനിന്ന് പൂട്ടി  ഡിസംബറിന്റെ മഞ്ഞുപാതയിലൂടെ മിനിയും അമ്മച്ചിയും പള്ളിയിലേക്ക് നീങ്ങി.

 

ജാനുവരി : 1 സമയം : 11 PM

ആർച്ച : വയസ്സ് : 24

മുംബൈയിൽ ഫാഷൻ ഡിസൈനർ

സണ്ണിക്കാവശ്യം വരുന്ന ഫാഷൻ ഡിസൈനിംഗ് അപ്ഡേറ്റുകൾ നൽകുന്ന ജോലിയിൽ നിയോഗിക്കപ്പെട്ടതോടെയാണ് അവർ തമ്മിൽ പരിചയമാകുന്നത്.

എപ്പോഴും ജോലിസന്നദ്ധയായി കാണുന്ന ആർച്ചയുടെ ആത്മാർത്ഥതയും ചുറുചുറുക്കും നിഷ്കളങ്കതയും സണ്ണി ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.

തന്റെ കഴിവുകൾ സ്വയമവൾ പ്രൊജക്റ്റ് ചെയ്ത് കാണിക്കുവാൻ ഉത്സാഹിക്കുന്നത്  സണ്ണിക്ക് അറിയാമായിരുന്നിട്ടും അയാളവളെ സ്നേഹത്തോടെ ആദരിച്ചു.

“ആർച്ച ഈസ് സംതിംഗ് ഡിഫറന്റ് “ എന്ന മനോവിചാരം സണ്ണിയിൽ വളർന്നുകൊണ്ടേയിരുന്നു.

അവളുടെ വാർഡ്രോബിൽ തൂക്കിയിട്ടിരിക്കുന്ന വിവിധ പാറ്റേണിലുള്ള വെളുത്ത  തുണിത്തരങ്ങൾ സ്കൈപ്പിലൂടെ കണ്ടാനന്ദിക്കുന്നതിൽ സണ്ണി താത്പര്യം കാണിച്ചു പോന്നു.

വളരെ സാവധാനത്തോടെയുള്ള ആർച്ചയുടെ ചലനങ്ങളും സംഭാഷണങ്ങൾക്കിടയിലെ കരുതലുകളും, ഇടക്കിടെയുള്ള കുഷ്യനിൽ തലചായ്ച്ച് മയങ്ങുന്ന ശീലവുമൊക്കെ തന്റെ കൈവെള്ളയിൽ കിടന്നാണവൾ ഉറങ്ങുന്നതെന്ന്  സണ്ണിയെ തോന്നിപ്പിച്ചു.

അവളുടെ  കൂമ്പുന്ന കണ്ണുകൾ മിഴിയുന്നുവെന്ന് കണ്ടാൽ തന്റെ കോസടിക്കുള്ളിൽ മുളഞ്ഞ് അവളെക്കൊണ്ട് തന്നെ തിരയിക്കുന്ന വിനോദം ബാല്യകാലരംഗങ്ങൾ കണ്ണുകളിൽ പെട്ട പോലെ സണ്ണി ആസ്വദിച്ചറിഞ്ഞു.

“നമ്മൾ കള്ളനും പോലീസും കളിക്കാണോ..?” രഹസ്യമെന്നോണം അവൾ നിഷ്കളങ്കതയോടെ ചോദിക്കുന്നത് കേൾക്കുവാനുള്ള അടവുകൂടിയായിരുന്നു സണ്ണിക്കാ  വിനോദം.

അവളോടുള്ള ഇഷ്ടം മൂക്കുമ്പോഴെല്ലാം അവളുടെ കവിളുകളിൽ തന്റെ ചുണ്ടുകളുടെ വിരല്‍ സ്പർശം അറിയിച്ചുകൊണ്ടേയിരുന്നു.

“എന്റെയുള്ളിലെ തീയണയ്ക്കുവാനായി വീശുന്ന കാറ്റ് തണുപ്പിക്കുന്ന പോലെ അനുഭവപ്പെടുന്നു സണ്ണിയുടെ ഈ കുട്ടിത്തം.”

അവൾ കണ്ണുകൾ വിടർത്തി ചിരിച്ചു.

എന്നിട്ടവൾ അയഞ്ഞ പൈജാമയുടെ പോക്കറ്റിൽ നിന്ന് ച്യൂയിംഗം കവറഴിച്ച് വായിലേക്കിടുന്നതും അതിലെ മധുരം ഊറ്റിക്കുടിച്ച് നിമിഷങ്ങൾക്കകം തന്നെ തുപ്പികളയുന്നതുമായ കാഴ്ച സണ്ണിയെ എന്നത്തേയും പോലെ പൊട്ടിച്ചിരിപ്പിച്ചു.

പലപ്പോഴും  മധുരം വലിച്ചെടുത്ത ചണ്ടി നാവിന്റ്റെ അറ്റത്തേക്ക് നീട്ടി “വേണോ സണ്ണീ” എന്ന് ചോദിക്കുന്നതും  അവൾ ശീലമാക്കി കഴിഞ്ഞിരിക്കുന്നു.

അയാൾ പുഞ്ചിരിയോടെയത് നിഷേധിക്കുകയോ ടിഷ്യുവെടുത്ത് സ്ക്രീനിൽ തൊടുവിച്ച് അവളുടെ നാവിൽ നിന്നെടുക്കുന്നതായി ഭാവിച്ച്  ഡസ്റ്റ് ബിന്നിൽ കളയുകയോ ചെയ്താൽ  അവൾ കൊച്ചുകുഞ്ഞിനെപ്പോലെ സന്തോഷിച്ചു..

അപ്പോഴെല്ലാം   കണ്ണുകൾ നിറഞ്ഞൊഴുകും വിധം പൊട്ടിച്ചിരിച്ചുകൊണ്ടവൾ സോഫയിൽ വീണുമറിഞ്ഞു.

ആർച്ച മനസ്സ് നിറയുംവിധം സംസാരിക്കുകയും ആഹ്ലാദിക്കുകയും ചെയ്തുവെന്ന് ബോധ്യമായാൽ ആ നെറുകയിൽ ചുംബിക്കാനെന്നോണം സ്ക്രീനിൽ ചുണ്ടുകൾ അമർത്തി നിദ്രയിലേക്കുള്ള അച്ചടക്കനീക്കങ്ങൾ സണ്ണി തുടങ്ങുകയായി.

തന്റെ  നനുത്ത കോസടിയെടുത്ത് അവളെ പുതപ്പിക്കുകയാണെന്ന വ്യാജേന അവളുടെ കാല്‍പാദത്തിൽ നിന്നും മാറുവരെ പുതപ്പിക്കുകയും, മയക്കത്തിൽ വീണുകൊണ്ടിരിക്കുന്ന അവളുടെ അയഞ്ഞ വിരലുകളെ കോർത്തുപിടിച്ച് സാമിപ്യം അറിയിക്കുകയും ചെയ്ത് അവൾ ഉറങ്ങുന്നതിനായി കാത്തിരുന്നു.

“സണ്ണീ, നീ നിന്റെ വിരലുകൾ സ്ക്രീനിൽ തൊടുവിച്ച് എന്റെ വിരലുകളെ കോർക്കുകയാണെന്ന ധാരണ നൽകുമ്പോൾ വല്ലാത്തൊരു സുരക്ഷിതത്വബോധം ഞാൻ അനുഭവിക്കുന്നു..”

പാതിയടഞ്ഞ കണ്ണുകളിലൂടെ അയാളെ നോക്കി അവൾ പിറുപിറുത്തു.

“ഞാൻ നിന്നെ പ്രണയിക്കുകയാണെന്ന ഭയം നിനക്കുണ്ടായിരുന്നുവല്ലേ..?”

സണ്ണി അവളുടെ മയക്കത്തെ തടസ്സപ്പെടുത്തികൊണ്ട് പൊട്ടിച്ചിരിച്ചു..

കോസടിയിൽ നിന്ന് ദേഹം പുറത്തേടുക്കുകയാണെന്ന വ്യാജേന അവൾ സോഫയിൽ ചടഞ്ഞിരുന്ന് സണ്ണിയെ നിരീക്ഷിച്ചു.

“ആയിരുന്നു ആർച്ച…പറഞ്ഞറിയിക്കാനാവാത്ത രീതിയിലുള്ളൊരു വികാരം എനിക്ക് നിന്നോടുണ്ടായിരുന്നുവെന്നത് നേരാണ്..പക്ഷേ..നീ എന്ന മുയൽകുഞ്ഞിന്റെ ഓമനത്വം മനസ്സിലാക്കി ഞാനെന്റെ അവിവേകബുദ്ധിയെ കീഴ്പ്പെടുത്തി.“

അവളുടെ മുയൽക്കണ്ണുകളിൽ നിന്ന് നിശ്ശബ്ദമായി ഒഴുകിവരുന്ന കണ്ണീർ തുടക്കുവാനായി സ്ക്രീനിലേക്ക് ആഞ്ഞുവെങ്കിലും  തുടച്ചുകൊടുക്കാവാനാവാതെ സണ്ണി പെട്ടെന്നു തന്നെ സ്കൈപ്പിൽ നിന്ന് ലോഗ് ഓഫ് ചെയ്തു..!

ഇല്ലെങ്കിലവൾ തങ്ങളുടെ സംഭാഷണങ്ങൾക്ക്  തുടർച്ചയെന്നോണം ഇനിയും  കുഷ്യനിൽ നെഞ്ചമർത്തി കിടന്ന്  തോരാതെ സംസാരിച്ചുകൊണ്ടിരിക്കും..

മുഖത്തേക്ക് വീണുകൊണ്ടിരിക്കുന്ന അഴിഞ്ഞ മുടിയിഴകളെ ചുണ്ടുകൾകൊണ്ട് കടിച്ചുപിടിച്ച് വേഗം വേഗം ശ്വാസോച്ഛ്വാസം ചെയ്യാൻ തുടങ്ങും..

ഒരുതരം അസാധാരണത്വവും സംഭവിക്കാത്തപോലെ സണ്ണി ഉടനെതന്നെ ഇന്റർനെറ്റ് ബാങ്കിംഗ് വഴി  മുംബൈ അപ്പോളൊ ഹോസ്പിറ്റലിലേക്ക് ആർച്ച എന്ന ഹൃദ്രോഗിക്ക്  ആ മാസത്തിൽ ആവശ്യം വരുന്ന ചികിത്സാതുക ട്രാൻസ്ഫർ ചെയ്തു.

“എന്റെ മുയൽക്കുഞ്ഞിനെ എനിക്കു വേണം..”

അവളുടെ ജീവൻ നിലനിർത്തുവാന്‍ താന്‍ പണം അയയ്ക്കുന്നത്  അവൾ അറിയരുതേയെന്ന് പ്രാർത്ഥന

.

നേർത്ത ചിരിയുടെ തുടർച്ചയായി സണ്ണി വീണ്ടും ചിരിക്കുവാൻ ശ്രമിച്ചു.

പകുതി കണ്ട മായാസ്വപ്നങ്ങളുടെ തുടർച്ചയെന്നോണം ആർച്ചയും പുഞ്ചിരിച്ചു. ഉറക്കത്തിനിടയിൽ ആർച്ച നീണ്ടുനിവർന്ന് തിരിഞ്ഞുകിടക്കുന്നതും  പൈജാമ വലിച്ചിറക്കുന്നതും സ്കൈപ്പിൽ ലോഗ് ഇൻ ചെയ്യാതെ തന്നെ സണ്ണിക്ക് കാണാമായിരുന്നു..

അവളുടെ  ഹൃദയഭാഗത്ത് പതറാതെ പതിഞ്ഞ് കിടക്കുന്ന ആത്മവിശ്വാസം എന്നും അയാൾക്ക് അത്ഭുതമായിരുന്നു…!

.............................

<<< സ്കൈപ്പ്  >>> മെയ് ലക്കം “ മഴവില്ല് “ ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Saturday, March 30, 2013

മരിയ...!




“My Mamma is a loving and caring pain in the abdomen,


And at the same time a powerful healing energy that emanates from love.." 

മരിയ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.
അവളുടെ ചാരനിറമുള്ള കണ്ണുകളിൽ അപ്പോഴും ചന്തമുള്ളൊരു വെയില്‍പക്ഷി ചിറക് തുവർത്തുന്നു.
അനക്കമറ്റ ഏതാനും നിമിഷങ്ങളുടെ ശമനതാളത്തിനൊടുവിൽ മമ്മയുടെ മാറിൽ നിന്നടർന്നുമാറിയെന്ന പോലെ പൊടുന്നനെ അവൾ ഫെർണോയിലേക്ക് തിരിഞ്ഞു.

"ഡൊണേറ്റ് മി യുവർ ഐസ് ഫെർണോ..."

മരിയക്ക് കാണാവുന്നത്രയും ശബ്ദത്തിൽ ഫെർണോ ചിരിച്ചു.
അന്ന് ആശുപത്രിക്കിടക്കയിൽ വെച്ച്  'ദാ എടുത്തോളൂ' എന്ന് പറഞ്ഞ് മമ്മ വെച്ചുനീട്ടിയ വെളിച്ചം പൂത്തുനിന്നിരുന്ന  അവരുടെ കൺമിഴിവിന് പോലും മകൾക്കൊരിറ്റ്   വെളിച്ചമേകാനായിട്ടില്ല.
കുഞ്ഞോളങ്ങൾ വെട്ടുന്ന  കിണർജലം  കണക്കെ  മനോഹരമായ  കണ്ണുകള്‍ ഇപ്പോഴും  തുറക്കുന്നത്  ഇരുട്ടിന്റെആഴങ്ങളിലേക്ക് തന്നെ....

"നോൺസെൻസ്... "
ഫെർണൊ സ്വയം മെരുങ്ങി അവളുടെ ഇടതുനെഞ്ചിൽ തന്റെ പരുപരുത്ത കൈവെള്ള പതിച്ചുവെച്ചു. 
മരിയാ..,  "
വാക്കുകൾ തുടരാൻ മരിയയുടെ മൂളലിനായി  ഫെർണൊ ഒരു വേള കാത്തു.

"നിന്റെ മമ്മയുടെ സാമീപ്യമാണ് ഈ വിരൽസ്പർശത്തിലൂടെ നീയിപ്പോൾ അറിഞ്ഞുകൊണ്ടിരിക്കുന്നത്. കാര്യമൊന്നുമില്ലാതെ  നെഞ്ചിനകത്ത് ഒരുക്കൂട്ടി വെച്ചിരിക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചൂടേറ്റ് എന്റെ കൈവെള്ള എന്തുമാത്രം പൊള്ളുന്നുവെന്നോ.. "

അലസതയുടെ കൂട്ടിലേക്ക് അവൾ ഒന്നുകൂടി ചുരുണ്ട് കയറുന്നത് പോലെ തോന്നി.

"എന്തിനാണ് നീയിങ്ങനെ സ്വയം ഉരുകുന്നത് ?
ദൈവത്തിന് നിന്റെ കാര്യത്തില്‍ ഒരു കൈപ്പിഴസംഭവിച്ചിരിക്കുന്നു എന്നത് നേരുതന്നെ, പക്ഷെ നിനക്കത് ക്ഷമിക്കാനാവും.
ദൈവത്തിന് മാപ്പ് കൊടുത്ത ഭാഗ്യശാലികളുടെ പട്ടികയിൽ മരിയയുടെ നാമം കൂടി ചേര്‍ക്കപ്പെടട്ടെ..."

കൂടുതൽ ഗൗരവമായതെന്തോ പറയാനുള്ള ഒരുക്കത്തില്‍ ഫെർണൊ ഒന്നുകൂടി അവൾക്കരികിലേക്ക് നീങ്ങിയിരുന്നു.
  
"അറിയുമോ മരിയാ, നിന്നോട് എന്നും സ്നേഹമുള്ള മമ്മയുടെ ആത്മശാന്തിയുടെ താരാട്ട് കൂടിയാണ് നമ്മുടെ ഈ സംഭാഷണമൊക്കെയുംമമ്മ ആഗ്രഹിച്ച പോലെ ആത്മധൈര്യവും ധർമ്മവിചാരവും സ്വായത്തമാക്കി നല്ലൊരു ജീവിതനിഷ്ഠ നീ സാധിച്ചെടുക്കണം..."
    
ഫെർണോയുടെ കൈത്തലം അറിയാതെ മരിയയുടെ മടിത്തട്ടിലേക്ക്  ഊർന്നുവീണു. 
യാതൊരു പ്രതികരണവുമറിയിക്കാതെ തീന്മേശയിലെ ചില്ലുപാത്രത്തിലേക്ക് കണ്ണുനട്ട് മരിയ അപ്പോഴും അതേ ഇരിപ്പ് തുടർന്നു.
അവൾ സ്വയം വൃത്തിയായി വിരിച്ചിട്ട  നാപ്കിനിൽ ഇത്തിരി ഭക്ഷണശകലം പോലും തെറിച്ചുവീണിട്ടില്ല.
മണിക്കൂറൊന്നാകുന്നു തീന്‍മേശയോളം എത്തിയ ഈ വർത്തമാനം തുടങ്ങിയിട്ട്. 
അവളെ ജീവിതം ഒന്നൊന്നായി ബോധ്യപ്പെടുത്താൻ ഉറപ്പായും തനിക്കാവണം.
 ഫെർണൊ നിശ്ചയിച്ചു.

പപ്പയ്ക്ക് മുഴുനേരം കുടിക്കാനുള്ള ഏറ്റവും ഒടുവിലത്തെ കാരണമായിരുന്നു മമ്മയുടെ മരണം.
അന്ധയും വാശിക്കാരിയുമായ മരിയ എന്ന പെൺകുട്ടിയെ ലോകത്തിന്റെ നിറങ്ങളിലേക്ക് കൈപിടിച്ച് നടത്താന്‍ അവളുടെ പപ്പയാണ് ഫെർണോ എന്ന ഡയറക്ടറെ നിയോഗിച്ചത്. 
പിന്നെയിതുവരെ അവളുടെ മമ്മയും പപ്പയും എല്ലാം ഫെർണോ ആണ്. 
കുട്ടികളുടെ കാര്യത്തിൽ പിതാക്കന്മാര്‍ക്ക് അത്രയൊക്കെയേ ആവൂ. നഷ്ടപ്പെടുന്നവരുടെ വിധിയാണത്. 
മിക്കപ്പോഴും കുട്ടികളുടെ മാതാപിതാക്കളിൽ ഒരാളുടെ മാത്രം ഉത്കണ്ഠയാണ്  അവരുടെ പഠനവും പരിപാലനവും. മറ്റേയാൾ 'ഞാനുമുണ്ട്എന്ന് സദാ ഭാവിക്കുന്ന വെറും അഭിനേതാവ് മാത്രം...!
എത്ര വിചിത്രവും കാപട്യവും നിറഞ്ഞതാണ് ബന്ധങ്ങൾ...! 

ഫിംഗർ ബൌളിൽ വിരലുകൾ നനച്ച് അവൾ ഭക്ഷണം മതിയാക്കിയെന്നറിയിച്ചു.
 "മരിയാ.... "
ഹെലൻ കെല്ലെറെ അറിയില്ലേ നീ , എനിക്കും ഒരു പക്ഷേ നിന്റെ മമ്മയ്ക്കും അറിയാവുന്നതിനാക്കാൾ ആഴത്തില്‍ അവരെയറിയാൻ നിനക്ക് തന്നെയാണാവുക. സ്വയം പ്രകാശിക്കാൻ, ലോകത്തിന് തന്നെ വെളിച്ചമാവാൻ സ്വന്തം കണ്ണിലെ ഒരു രൂപവട്ടത്തിലുള്ള ഇരുട്ട് ആ മഹതിക്ക് ഒരു പ്രശ്നമേ ആയില്ല.
നിന്റെ കണ്ണുകൾക്ക് തെളിച്ചമായി മമ്മ മന:പാഠമാക്കി തന്നിട്ടുള്ള  വരികൾ ഈ സമയം നമുക്കൊന്ന്‍ പാടിയാലോ ..."

അനുമതിക്ക് സമയമനുവദിക്കാതെ ഫെർണൊ മൂളിത്തുടങ്ങിയപ്പോൾ വാഴയിലയിലൂടെ മഴജലമെന്ന പോലെ  നൻമയുടെ ഈരടികൾ മരിയയുടെ നെഞ്ചിൽ ഒഴുകിപ്പരന്നു.
മായികലോകത്തുനിന്ന് തന്നെ നോക്കി പുഞ്ചിരിക്കുന്ന ഹെലനെ മരിയ കൌതുകത്തോടെ നോക്കിയിരുന്നു.
'ശരിയാണ്, മമ്മയുടെ കുറവ് ഒരളവോളം നികത്തപ്പെടുകയാണ്...'

മരിയയുടെ ഹൃയം തുറന്നുവായിച്ചവനെപ്പോലെ ഫെർണൊ തുടർന്നു.

മരിയ..ആത്മശിക്ഷണം ഒട്ടും സ്വായത്തമാക്കാത്ത ഹെലനെ അഭ്യസിപ്പിക്കുവാനെത്തിയ ഒരു ട്യൂട്ടറുടെ വേഷമല്ല എനിക്കിവിടെ... 
നീ അത്തരം നിഷ്ഫലചിന്തകളെ അകറ്റി നിർത്തണം.
സ്നേഹമയിയായ ഒരമ്മയുടെ മകളായി ജീവിതത്തിന്റെ ഈ പടവു വരെ നടന്നുകയറിയവളാണ് നീ. 
നിന്റെ ഹൃദയഭിത്തികളിൽ വീണ്ടും വീണ്ടും കേൾക്കുവാനായി രേഖപ്പെടുത്തി വെച്ചിരിക്കുന്ന മമ്മയുടെ സ്വരവും നിന്റെ ഉൾക്കാഴ്ച്ചയും എന്റെ സാന്ത്വനസ്പർശനങ്ങളിലൂടെ ഇനിയുള്ള പടവുകൾ താണ്ടാൻ നിനക്കൊപ്പമുണ്ടാവും. ഇതൊരു തീരുമാനമാണ്.
ദൈവം നിനക്ക് മേൽ വീണ്ടുമൊരു പരീക്ഷണത്തിന് മുതിരില്ല എന്നെനിക്കുറപ്പുണ്ട്.
കാരണം നീ ദൈവത്തിന് മാപ്പ് നല്‍കിയവരുടെ കൂട്ടത്തിലാണ്..."

അവളുടെ നിസ്സംഗഭാവം ഇനിയൊരു  ഉണർവ്വ് സാധ്യമല്ലെന്ന് സ്ഥിതീകരിച്ചുകൊണ്ടിരിക്കെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു പിന്നീടുള്ള ഭാവമാറ്റങ്ങൾ. 
പാതിയടച്ച കൺപോളകൾക്കിടയിലൂടെ കൃഷ്ണമണികളെ മൂടി ഒരു നീർക്കണം പൊടിഞ്ഞിറങ്ങുന്നു.... 
നെറ്റിത്തടം ചുളിയുന്നുണ്ട്,  ചുണ്ടുകളെ വിതുമ്പാൻ വിടില്ലെന്ന് ശഠിക്കുന്ന തരത്തിൽ മുറുകെപ്പിടിച്ചിരിക്കുന്നു.....
കൈകൾ നാപ്കിനിൽ തുടച്ച് ചുണ്ടുകൾ ഒപ്പി മരിയ പെട്ടെന്നുയർന്നു. 
ആർക്കോ നേരെ നടന്നടുക്കുന്ന പോലെ ആ കാലടികക്ക് വേഗത കാണപ്പെട്ടു.

ഫെർണോഎനിക്കെന്റെ മമ്മയുടെ സാമീപ്യം അറിയണം, ഇത്രയും നാൾ അനുഭവപ്പെടാത്ത ഏതോ ഒരു അസ്വസ്ഥത പെട്ടെന്നെന്നെ പിടികൂടിയിരിക്കുന്ന പോലെഞാനൊന്ന് വിശ്രമിക്കട്ടെ, നിക്ക് കണ്ണുകടച്ച് മമ്മയെ കണ്ടുകൊണ്ട് മയങ്ങണം ..”

ഉറക്കമുറിയുടെ കതകിനെ അഭിമുഖീകരിച്ച് ഒരുനിമിഷം നിന്ന് മരിയ മന്ത്രിച്ചു.

'ശരി'യെന്ന് സമ്മതം മൂളി മറിയയുടെ കാല്പാദങ്ങളെ പിന്തുടർന്ന ഫെർണോയുടെ കണ്ണുകൾ പെട്ടെന്ന്‍ നിശ്ചലമായി.
അവളുടെ കാലുകൾക്കിടയിലൂടെ പൊഴിയുന്ന ചുവപ്പുതുള്ളികൾ മാർബിൾതറയിൽനിരയൊപ്പിച്ച് മഞ്ചാടിമണികള്‍ തീര്‍ക്കുന്നു.

"ഓഹ്ജീസസ്.......!!! 
'മരിയ വലിയ കുട്ടിയായിരിക്കുന്നു...!!!

പക്ഷേഅവൾഇങ്ങനെ, ഈബോധമറ്റ അവസ്ഥയിൽ... 
ഷി ഈസ് ഫിഫ്റ്റീൻ...,
ഇതിനകം അവൾ വയസ്സറിയിച്ചിട്ടില്ലെന്നാണൊ..? ഇക്കാര്യം അവളെ അറിയിക്കാതെയെങ്ങനെ... ?
മയങ്ങിക്കിടക്കുന്ന സൂര്യശോഭയെ അധികസമയം ഉണർത്താതിരിക്കാനാവില്ല.
എനിക്ക് വേണ്ടി കാത്തിരിക്കുന്ന നിയോഗം ഇതായിരിക്കാം.
ഉള്ളിലെ ശക്തിമത്തായ വികാരത്തെ അലഞ്ഞുതിരിയുവാന്‍ അനുവദിച്ചുകൂടാ....'

ചുവപ്പ് പടർന്ന് കയറുന്ന കിടക്കവിരിയിലേക്ക് കണ്ണയച്ച്  നിശ്ശബ്ദതയിൽ നിന്നുണർന്ന ഫെർണൊ മയക്കത്തിലേക്ക് വഴുതുന്ന മരിയയുടെ കരങ്ങൾതന്നിലേക്കൊതുക്കി അവളെയുണർത്തി..

മരിയാകുറച്ച് നിമിഷങ്ങൾ ഞാൻ നിന്നെ അപഹരിക്കുകയാണ്.
നിന്നെ ഉപദ്രവിക്കണമെന്നോ അവഹേളിക്കണമെന്നൊ ഇല്ലാത്ത എന്‍റെ മന:ശുദ്ധിയെ നീ കളങ്കമായി കാണരുത്.
നീയെന്ന പെൺകുട്ടി ഒരു മമ്മയാകുന്ന ദിനങ്ങളെക്കുറിച്ച് ഒരിക്കലെങ്കിലും മമ്മ വിസ്തരിച്ച് കേൾപ്പിച്ചിട്ടുണ്ടാകാം.
 കാലത്തിലേക്കുള്ള ആദ്യനടക്കല്ലാണ് കഴിഞ്ഞ ഏതാനും നിമിഷങ്ങൾതൊട്ട്  നീ അനുഭവിച്ചറിയുന്ന ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങൾ. അത് സന്തോഷപൂർവ്വം സ്വീകരിക്കുക തന്നെ വേണം..

പുതിയ അറിവിന്റെ ഉണര്‍ച്ചയിൽ ആലസ്യം വിട്ട് മരിയ വാചാലയായി..... 

"അതെ ഫെർണോഞാനോർക്കുന്നു. ഒരു കഥാരൂപത്തിൽ മമ്മ ഒരിക്കൽ വിവരിച്ചു തന്നതെല്ലാം...
അടിവയറ്റിലെ സഹിക്കാനാവാത്ത വേദനയുടെ തുടക്കത്തെക്കുറിച്ച് , പിന്നീടുള്ള ഓരോ മാസവും ആ വേദനയുടെ തുടർച്ചകളുണ്ടായത്..,
എന്റെ പിറവിയിലൂടെ ആ വേദനക്ക് വിടുതൽ കിട്ടുമെന്ന പ്രതീക്ഷ വെറുതെയായത്....
എനിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നപെൺവളർച്ചയെക്കുറിച്ചുള്ള ചർച്ചകൾ..!

"മരിയ ഓർമ്മയിൽ ഒന്നുകൂടി മുങ്ങിനിവർന്നു. "

അന്നൊരിക്കല്‍ ട്യൂട്ടർ മിസ്സ് ജാനറ്റ്,  ബ്രെയിലി ടെക്സ്റ്റിലൂടെ ആർത്തവത്തെക്കുറിച്ചുള്ള പാഠത്തിൽ എത്തിയെങ്കിലും  അപ്പോഴത്തെ എന്റെ അശാന്തത കണ്ട് മമ്മയ്ക്ക് പേടിയായി.
മിസ്സ്‌ ജാനറ്റ് പിന്നെ അത് പഠിപ്പിച്ചതേയില്ല.അടിവയറ്റിലെ അത്തരമൊരു വേദന എനിക്ക് നേരിടാൻ ഇടവരരുതേയെന്ന് അന്നുമുതൽ ഞാൻ മുട്ടിന്മേൽപ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു...,എന്നിട്ടും..? "

"എന്നെ പിടികൂടിയിരിക്കുന്ന ഈ വേദനയും മമ്മയുടേത് തന്നെയാണെന്ന് ഞാനിപ്പോള്‍ അനുമാനിക്കുന്നുതിനർത്ഥം എന്നെയും സർവ്വേശ്വരൻ വിളിക്കാനൊരുങ്ങുന്നു എന്നാണോ..?
മമ്മയുടെ അടുത്തേക്ക്...വേണ്ടഫെർണൊ...,
എനിക്കിപ്പോൾ ഭയം തോന്നുന്നു,   വേദനയും കൊണ്ട് ഞാൻ ചെന്നാൽ മമ്മയ്ക്കത് സങ്കടമാവുംഅറിയാലോ,
മമ്മയെന്നാൽ എനിക്ക് പുഞ്ചിരിക്കുന്ന മാലാഖയെന്ന പോലെ തന്നെ വിതുമ്പുന്ന അടിവയറ്റിലെ വേദന കൂടിയാണ്..“

വിഷയഗൌരവത്തിന്റെ അറിഞ്ഞ പാതിഭാഗം അവളെ വല്ലാതെ ഭയപ്പെടുത്തിയിട്ടുണ്ട് എന്ന് തീര്‍ച്ച.

മരിയാ നീ കരുതുന്നത് പോലെ മരണത്തിന്റെ വരവറിയിക്കുന്ന വേദനയല്ല ഇത്. ജീവന്റെ തുടിപ്പാണത്. 
പ്രായം കൊണ്ടും പക്വത കൊണ്ടും പൂർണ്ണവളർച്ച എത്തിയെന്നതിന്റെ അറിയിപ്പും അടയാളവുമാണീ അവസ്ഥ..
ഒരു മമ്മയാകാൻ പ്രാപ്തയാവുന്നതിന് മുന്നോടിയായി കാണുന്ന ഇത്തരം സൂചനകൾ തീർച്ചയായും സ്വീകരിക്കുക തന്നെ വേണം.
ഇതുമൊരു പ്രപഞ്ചനിയമമാണ്.
നിന്നെയിപ്പോൾ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈർപ്പത്തെ തടയുവാനുള്ള പ്രവൃത്തികളാണ് ഞാനിപ്പോൾ ചെയ്തുക്കൊണ്ടിരിക്കുന്നത്.
മമ്മയുടെ സ്നേഹമുള്ള കണ്ണും കൈകളുമാണ് അതെന്ന് കരുതുക..”

ഡ്രോവർ തുറന്നെടുത്ത നനുത്ത തൂവാല മടക്കുകളായി അടുക്കുന്നതിനിടയിലും ഫെർണൊ സംസാരിച്ചുകൊണ്ടേയിരുന്നു..!

മരിയയുടെ കണ്ണുകൾ കൂമ്പി ..... ചാരത്തുടിപ്പാര്‍ന്ന കൺമണികൾക്കിടയിലൂടെ ഒരു മിന്നാമിന്നി വെട്ടം..
ആ വെട്ടത്തിൽ തെളിഞ്ഞുവരുന്നു, നിറങ്ങളുടേയും ചിത്രങ്ങളുടേയും മായകാഴ്ച്ചകൾ....
വിതുമ്പലുകളില്ലാതെ മമ്മ പുഞ്ചിരിക്കുന്നുണ്ട്..
ചുണ്ടിലും നഖങ്ങളിലും മമ്മ എനിക്ക് പൂശിത്തരുന്ന ചായങ്ങൾ പൂന്തോപ്പിലെ നിറങ്ങൾ  നൽകുന്നുണ്ടെങ്കിലും അതെനിക്ക് മമ്മ ബേയ്ക്ക് ചെയ്തു തരുന്ന പ്ലം കേക്കിന്റെ രുചിയും ഗന്ധവുമാണ്. 
പുഞ്ചിരിക്കുന്ന വെട്ടിത്തിളങ്ങുന്ന നക്ഷത്രക്കുഞ്ഞുങ്ങൾ മമ്മയുടെ കഴുത്തിലെ പപ്പ സമ്മാനിച്ച കല്ലുമാല ഓർമ്മിപ്പിക്കുന്നു..
'മമ്മാ….ഓ…മമ്മാ….
എനിക്കിപ്പോൾ മമ്മയെ കാണാനാവുന്നു..
ഹെലന്റെ സാമിപ്യം അറിയുന്നു ഞാൻ…'

 മരിയ മമ്മയുടെ മടിയിൽ, ഹെലന്റെ താരാട്ട് കേട്ട് മയങ്ങുകയാണ്…!


അടിവയറ്റിലെ വിങ്ങലുകള്‍ ഇതിനകം ഫെർണൊ ആവി പിടിപ്പിച്ച് അകറ്റിയിരിക്കുന്നു. 

അലോസരപ്പെടുത്തിക്കൊണ്ടിരുന്നിരുന്ന ഈർപ്പത്തെ വെടിപ്പാക്കിയിരിക്കുന്നു. കണ്ണ് പായാത്ത ഇടങ്ങളിലൂടെ നനുത്ത തൂവാല മൃദുവായി ഒഴുകവെ മരിയ ഫെർണോയുടെ മേനിയിൽ വിരൽ കൊരുത്തു.
അയാള്‍ അവളെ ഹൃദയത്തിലേക്ക് വലിച്ചടുപ്പിച്ച് കാതിൽ മൊഴിഞ്ഞു.

"ഞാൻ പറഞ്ഞില്ലേ മരിയാ, ദൈവത്തിന് ഇനിയും നിന്നെ പരീക്ഷിക്കാനാവില്ലെന്ന്....

നിനക്കായ് അവൻ രണ്ട് കണ്ണുകൾ കരുതിവെച്ചിരിക്കുന്നു...!"

ഫെർണോയുടെ കണ്ണുകളിലെ പ്രകാശം ഒരു മാരിവില്ലായി അവളുടെ കൃഷ്ണമണികളിൽ പ്രതിഫലിച്ചു. 

അന്നാദ്യമായി അവൾ തോട്ടത്തിലെ വർണ്ണപ്പൂക്കളെയും ചിലച്ചുപാറുന്ന കിളികളെയും കൺകുളിർക്കെ കണ്ടു. …! 



ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...