Wednesday, October 14, 2015

അന്തിക്കള്ളാരൊ കമഴ്ത്തിയ മത്ത്‌...

ഇന്ന് നമുക്ക്‌ രാവുറങ്ങാമെന്നു
പറഞ്ഞ കണ്ണുകളിൽ
അന്തിക്കള്ളാരൊ കമഴ്ത്തിയ മത്ത്‌..
ഒരു കവിൾ ആർത്തിയാൽ മോന്തിക്കുടിച്ച്‌
പ്രണയം പിഴിഞ്ഞ്‌ ദാഹിക്കും
ചുണ്ടുകളിലൊപ്പി
അമ്പിളിത്തോണിയിൽ തുഴഞ്ഞു തുടങ്ങിയതും
' അരുത്‌ ', നീ തിരിഞ്ഞു നോക്കരുതെന്ന്
പരിചിത ശബ്ദങ്ങൾ ആർത്തു വിളിക്കുന്നു.

എവിടെ ജലരഹിത പാനീയമെന്ന്
ഉന്മാദ തീർത്ഥം പകർക്കും
രാവിനോട്‌ ചോദിച്ചതും
മുടിയിഴകൾ പകുത്ത നീല യാമിനി
കണ്ണുതുറിച്ച്‌ സ്വരമുയർത്തി അട്ടഹസിച്ചു,
"മുറിമൊഴിയും പാതിമിഴിയും
തുറക്കാത്തവളെ നിന്റെ
തലയ്ക്കകത്തും പുറത്തും ജര ബാധിച്ചിരിക്കുന്നു.
ഉന്മാദമൊ സംഭ്രമമൊ എന്തുമാകട്ടെ
കാട്ടുപോത്തിനെ വേട്ടയാടും
കുന്തമുനകൾക്കിടയിൽപ്പെടാതെ
ഒരു തുള്ളി സംഭാരം കാച്ചി കുടിക്കുക."

തലയിളക്കി തോളനക്കി " ആ "എന്ന് മൂളി
ഒരു മുടുക്ക്‌ കണ്ണിറുക്കിയിറക്കീയെന്നു വരുത്തി
ഓർമ്മകൾ നൊമ്പരങ്ങൾ വാരിപ്പുണർന്ന്
ശരറാന്തൽ കത്തിയമരുന്നതും നോക്കി
പിന്നെയും ഉമ്മറക്കോലായിൽ കാത്തിരുന്നു.

വാലില്ലാ പല്ലിയും ചിറകറ്റ പാറ്റയും
മച്ചിൽനിന്നെന്നെ സൂക്ഷ്മം നിരീക്ഷിക്കുന്നു
പാതിരാ നേരത്ത്‌ അന്തിക്കള്ളേന്തിയ
മുജ്ജന്മ സുകൃതങ്ങളെ കെട്ടണക്കുവാൻ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...