Saturday, March 30, 2013

മരിയ...!




“My Mamma is a loving and caring pain in the abdomen,


And at the same time a powerful healing energy that emanates from love.." 

മരിയ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.
അവളുടെ ചാരനിറമുള്ള കണ്ണുകളിൽ അപ്പോഴും ചന്തമുള്ളൊരു വെയില്‍പക്ഷി ചിറക് തുവർത്തുന്നു.
അനക്കമറ്റ ഏതാനും നിമിഷങ്ങളുടെ ശമനതാളത്തിനൊടുവിൽ മമ്മയുടെ മാറിൽ നിന്നടർന്നുമാറിയെന്ന പോലെ പൊടുന്നനെ അവൾ ഫെർണോയിലേക്ക് തിരിഞ്ഞു.

"ഡൊണേറ്റ് മി യുവർ ഐസ് ഫെർണോ..."

മരിയക്ക് കാണാവുന്നത്രയും ശബ്ദത്തിൽ ഫെർണോ ചിരിച്ചു.
അന്ന് ആശുപത്രിക്കിടക്കയിൽ വെച്ച്  'ദാ എടുത്തോളൂ' എന്ന് പറഞ്ഞ് മമ്മ വെച്ചുനീട്ടിയ വെളിച്ചം പൂത്തുനിന്നിരുന്ന  അവരുടെ കൺമിഴിവിന് പോലും മകൾക്കൊരിറ്റ്   വെളിച്ചമേകാനായിട്ടില്ല.
കുഞ്ഞോളങ്ങൾ വെട്ടുന്ന  കിണർജലം  കണക്കെ  മനോഹരമായ  കണ്ണുകള്‍ ഇപ്പോഴും  തുറക്കുന്നത്  ഇരുട്ടിന്റെആഴങ്ങളിലേക്ക് തന്നെ....

"നോൺസെൻസ്... "
ഫെർണൊ സ്വയം മെരുങ്ങി അവളുടെ ഇടതുനെഞ്ചിൽ തന്റെ പരുപരുത്ത കൈവെള്ള പതിച്ചുവെച്ചു. 
മരിയാ..,  "
വാക്കുകൾ തുടരാൻ മരിയയുടെ മൂളലിനായി  ഫെർണൊ ഒരു വേള കാത്തു.

"നിന്റെ മമ്മയുടെ സാമീപ്യമാണ് ഈ വിരൽസ്പർശത്തിലൂടെ നീയിപ്പോൾ അറിഞ്ഞുകൊണ്ടിരിക്കുന്നത്. കാര്യമൊന്നുമില്ലാതെ  നെഞ്ചിനകത്ത് ഒരുക്കൂട്ടി വെച്ചിരിക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചൂടേറ്റ് എന്റെ കൈവെള്ള എന്തുമാത്രം പൊള്ളുന്നുവെന്നോ.. "

അലസതയുടെ കൂട്ടിലേക്ക് അവൾ ഒന്നുകൂടി ചുരുണ്ട് കയറുന്നത് പോലെ തോന്നി.

"എന്തിനാണ് നീയിങ്ങനെ സ്വയം ഉരുകുന്നത് ?
ദൈവത്തിന് നിന്റെ കാര്യത്തില്‍ ഒരു കൈപ്പിഴസംഭവിച്ചിരിക്കുന്നു എന്നത് നേരുതന്നെ, പക്ഷെ നിനക്കത് ക്ഷമിക്കാനാവും.
ദൈവത്തിന് മാപ്പ് കൊടുത്ത ഭാഗ്യശാലികളുടെ പട്ടികയിൽ മരിയയുടെ നാമം കൂടി ചേര്‍ക്കപ്പെടട്ടെ..."

കൂടുതൽ ഗൗരവമായതെന്തോ പറയാനുള്ള ഒരുക്കത്തില്‍ ഫെർണൊ ഒന്നുകൂടി അവൾക്കരികിലേക്ക് നീങ്ങിയിരുന്നു.
  
"അറിയുമോ മരിയാ, നിന്നോട് എന്നും സ്നേഹമുള്ള മമ്മയുടെ ആത്മശാന്തിയുടെ താരാട്ട് കൂടിയാണ് നമ്മുടെ ഈ സംഭാഷണമൊക്കെയുംമമ്മ ആഗ്രഹിച്ച പോലെ ആത്മധൈര്യവും ധർമ്മവിചാരവും സ്വായത്തമാക്കി നല്ലൊരു ജീവിതനിഷ്ഠ നീ സാധിച്ചെടുക്കണം..."
    
ഫെർണോയുടെ കൈത്തലം അറിയാതെ മരിയയുടെ മടിത്തട്ടിലേക്ക്  ഊർന്നുവീണു. 
യാതൊരു പ്രതികരണവുമറിയിക്കാതെ തീന്മേശയിലെ ചില്ലുപാത്രത്തിലേക്ക് കണ്ണുനട്ട് മരിയ അപ്പോഴും അതേ ഇരിപ്പ് തുടർന്നു.
അവൾ സ്വയം വൃത്തിയായി വിരിച്ചിട്ട  നാപ്കിനിൽ ഇത്തിരി ഭക്ഷണശകലം പോലും തെറിച്ചുവീണിട്ടില്ല.
മണിക്കൂറൊന്നാകുന്നു തീന്‍മേശയോളം എത്തിയ ഈ വർത്തമാനം തുടങ്ങിയിട്ട്. 
അവളെ ജീവിതം ഒന്നൊന്നായി ബോധ്യപ്പെടുത്താൻ ഉറപ്പായും തനിക്കാവണം.
 ഫെർണൊ നിശ്ചയിച്ചു.

പപ്പയ്ക്ക് മുഴുനേരം കുടിക്കാനുള്ള ഏറ്റവും ഒടുവിലത്തെ കാരണമായിരുന്നു മമ്മയുടെ മരണം.
അന്ധയും വാശിക്കാരിയുമായ മരിയ എന്ന പെൺകുട്ടിയെ ലോകത്തിന്റെ നിറങ്ങളിലേക്ക് കൈപിടിച്ച് നടത്താന്‍ അവളുടെ പപ്പയാണ് ഫെർണോ എന്ന ഡയറക്ടറെ നിയോഗിച്ചത്. 
പിന്നെയിതുവരെ അവളുടെ മമ്മയും പപ്പയും എല്ലാം ഫെർണോ ആണ്. 
കുട്ടികളുടെ കാര്യത്തിൽ പിതാക്കന്മാര്‍ക്ക് അത്രയൊക്കെയേ ആവൂ. നഷ്ടപ്പെടുന്നവരുടെ വിധിയാണത്. 
മിക്കപ്പോഴും കുട്ടികളുടെ മാതാപിതാക്കളിൽ ഒരാളുടെ മാത്രം ഉത്കണ്ഠയാണ്  അവരുടെ പഠനവും പരിപാലനവും. മറ്റേയാൾ 'ഞാനുമുണ്ട്എന്ന് സദാ ഭാവിക്കുന്ന വെറും അഭിനേതാവ് മാത്രം...!
എത്ര വിചിത്രവും കാപട്യവും നിറഞ്ഞതാണ് ബന്ധങ്ങൾ...! 

ഫിംഗർ ബൌളിൽ വിരലുകൾ നനച്ച് അവൾ ഭക്ഷണം മതിയാക്കിയെന്നറിയിച്ചു.
 "മരിയാ.... "
ഹെലൻ കെല്ലെറെ അറിയില്ലേ നീ , എനിക്കും ഒരു പക്ഷേ നിന്റെ മമ്മയ്ക്കും അറിയാവുന്നതിനാക്കാൾ ആഴത്തില്‍ അവരെയറിയാൻ നിനക്ക് തന്നെയാണാവുക. സ്വയം പ്രകാശിക്കാൻ, ലോകത്തിന് തന്നെ വെളിച്ചമാവാൻ സ്വന്തം കണ്ണിലെ ഒരു രൂപവട്ടത്തിലുള്ള ഇരുട്ട് ആ മഹതിക്ക് ഒരു പ്രശ്നമേ ആയില്ല.
നിന്റെ കണ്ണുകൾക്ക് തെളിച്ചമായി മമ്മ മന:പാഠമാക്കി തന്നിട്ടുള്ള  വരികൾ ഈ സമയം നമുക്കൊന്ന്‍ പാടിയാലോ ..."

അനുമതിക്ക് സമയമനുവദിക്കാതെ ഫെർണൊ മൂളിത്തുടങ്ങിയപ്പോൾ വാഴയിലയിലൂടെ മഴജലമെന്ന പോലെ  നൻമയുടെ ഈരടികൾ മരിയയുടെ നെഞ്ചിൽ ഒഴുകിപ്പരന്നു.
മായികലോകത്തുനിന്ന് തന്നെ നോക്കി പുഞ്ചിരിക്കുന്ന ഹെലനെ മരിയ കൌതുകത്തോടെ നോക്കിയിരുന്നു.
'ശരിയാണ്, മമ്മയുടെ കുറവ് ഒരളവോളം നികത്തപ്പെടുകയാണ്...'

മരിയയുടെ ഹൃയം തുറന്നുവായിച്ചവനെപ്പോലെ ഫെർണൊ തുടർന്നു.

മരിയ..ആത്മശിക്ഷണം ഒട്ടും സ്വായത്തമാക്കാത്ത ഹെലനെ അഭ്യസിപ്പിക്കുവാനെത്തിയ ഒരു ട്യൂട്ടറുടെ വേഷമല്ല എനിക്കിവിടെ... 
നീ അത്തരം നിഷ്ഫലചിന്തകളെ അകറ്റി നിർത്തണം.
സ്നേഹമയിയായ ഒരമ്മയുടെ മകളായി ജീവിതത്തിന്റെ ഈ പടവു വരെ നടന്നുകയറിയവളാണ് നീ. 
നിന്റെ ഹൃദയഭിത്തികളിൽ വീണ്ടും വീണ്ടും കേൾക്കുവാനായി രേഖപ്പെടുത്തി വെച്ചിരിക്കുന്ന മമ്മയുടെ സ്വരവും നിന്റെ ഉൾക്കാഴ്ച്ചയും എന്റെ സാന്ത്വനസ്പർശനങ്ങളിലൂടെ ഇനിയുള്ള പടവുകൾ താണ്ടാൻ നിനക്കൊപ്പമുണ്ടാവും. ഇതൊരു തീരുമാനമാണ്.
ദൈവം നിനക്ക് മേൽ വീണ്ടുമൊരു പരീക്ഷണത്തിന് മുതിരില്ല എന്നെനിക്കുറപ്പുണ്ട്.
കാരണം നീ ദൈവത്തിന് മാപ്പ് നല്‍കിയവരുടെ കൂട്ടത്തിലാണ്..."

അവളുടെ നിസ്സംഗഭാവം ഇനിയൊരു  ഉണർവ്വ് സാധ്യമല്ലെന്ന് സ്ഥിതീകരിച്ചുകൊണ്ടിരിക്കെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു പിന്നീടുള്ള ഭാവമാറ്റങ്ങൾ. 
പാതിയടച്ച കൺപോളകൾക്കിടയിലൂടെ കൃഷ്ണമണികളെ മൂടി ഒരു നീർക്കണം പൊടിഞ്ഞിറങ്ങുന്നു.... 
നെറ്റിത്തടം ചുളിയുന്നുണ്ട്,  ചുണ്ടുകളെ വിതുമ്പാൻ വിടില്ലെന്ന് ശഠിക്കുന്ന തരത്തിൽ മുറുകെപ്പിടിച്ചിരിക്കുന്നു.....
കൈകൾ നാപ്കിനിൽ തുടച്ച് ചുണ്ടുകൾ ഒപ്പി മരിയ പെട്ടെന്നുയർന്നു. 
ആർക്കോ നേരെ നടന്നടുക്കുന്ന പോലെ ആ കാലടികക്ക് വേഗത കാണപ്പെട്ടു.

ഫെർണോഎനിക്കെന്റെ മമ്മയുടെ സാമീപ്യം അറിയണം, ഇത്രയും നാൾ അനുഭവപ്പെടാത്ത ഏതോ ഒരു അസ്വസ്ഥത പെട്ടെന്നെന്നെ പിടികൂടിയിരിക്കുന്ന പോലെഞാനൊന്ന് വിശ്രമിക്കട്ടെ, നിക്ക് കണ്ണുകടച്ച് മമ്മയെ കണ്ടുകൊണ്ട് മയങ്ങണം ..”

ഉറക്കമുറിയുടെ കതകിനെ അഭിമുഖീകരിച്ച് ഒരുനിമിഷം നിന്ന് മരിയ മന്ത്രിച്ചു.

'ശരി'യെന്ന് സമ്മതം മൂളി മറിയയുടെ കാല്പാദങ്ങളെ പിന്തുടർന്ന ഫെർണോയുടെ കണ്ണുകൾ പെട്ടെന്ന്‍ നിശ്ചലമായി.
അവളുടെ കാലുകൾക്കിടയിലൂടെ പൊഴിയുന്ന ചുവപ്പുതുള്ളികൾ മാർബിൾതറയിൽനിരയൊപ്പിച്ച് മഞ്ചാടിമണികള്‍ തീര്‍ക്കുന്നു.

"ഓഹ്ജീസസ്.......!!! 
'മരിയ വലിയ കുട്ടിയായിരിക്കുന്നു...!!!

പക്ഷേഅവൾഇങ്ങനെ, ഈബോധമറ്റ അവസ്ഥയിൽ... 
ഷി ഈസ് ഫിഫ്റ്റീൻ...,
ഇതിനകം അവൾ വയസ്സറിയിച്ചിട്ടില്ലെന്നാണൊ..? ഇക്കാര്യം അവളെ അറിയിക്കാതെയെങ്ങനെ... ?
മയങ്ങിക്കിടക്കുന്ന സൂര്യശോഭയെ അധികസമയം ഉണർത്താതിരിക്കാനാവില്ല.
എനിക്ക് വേണ്ടി കാത്തിരിക്കുന്ന നിയോഗം ഇതായിരിക്കാം.
ഉള്ളിലെ ശക്തിമത്തായ വികാരത്തെ അലഞ്ഞുതിരിയുവാന്‍ അനുവദിച്ചുകൂടാ....'

ചുവപ്പ് പടർന്ന് കയറുന്ന കിടക്കവിരിയിലേക്ക് കണ്ണയച്ച്  നിശ്ശബ്ദതയിൽ നിന്നുണർന്ന ഫെർണൊ മയക്കത്തിലേക്ക് വഴുതുന്ന മരിയയുടെ കരങ്ങൾതന്നിലേക്കൊതുക്കി അവളെയുണർത്തി..

മരിയാകുറച്ച് നിമിഷങ്ങൾ ഞാൻ നിന്നെ അപഹരിക്കുകയാണ്.
നിന്നെ ഉപദ്രവിക്കണമെന്നോ അവഹേളിക്കണമെന്നൊ ഇല്ലാത്ത എന്‍റെ മന:ശുദ്ധിയെ നീ കളങ്കമായി കാണരുത്.
നീയെന്ന പെൺകുട്ടി ഒരു മമ്മയാകുന്ന ദിനങ്ങളെക്കുറിച്ച് ഒരിക്കലെങ്കിലും മമ്മ വിസ്തരിച്ച് കേൾപ്പിച്ചിട്ടുണ്ടാകാം.
 കാലത്തിലേക്കുള്ള ആദ്യനടക്കല്ലാണ് കഴിഞ്ഞ ഏതാനും നിമിഷങ്ങൾതൊട്ട്  നീ അനുഭവിച്ചറിയുന്ന ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങൾ. അത് സന്തോഷപൂർവ്വം സ്വീകരിക്കുക തന്നെ വേണം..

പുതിയ അറിവിന്റെ ഉണര്‍ച്ചയിൽ ആലസ്യം വിട്ട് മരിയ വാചാലയായി..... 

"അതെ ഫെർണോഞാനോർക്കുന്നു. ഒരു കഥാരൂപത്തിൽ മമ്മ ഒരിക്കൽ വിവരിച്ചു തന്നതെല്ലാം...
അടിവയറ്റിലെ സഹിക്കാനാവാത്ത വേദനയുടെ തുടക്കത്തെക്കുറിച്ച് , പിന്നീടുള്ള ഓരോ മാസവും ആ വേദനയുടെ തുടർച്ചകളുണ്ടായത്..,
എന്റെ പിറവിയിലൂടെ ആ വേദനക്ക് വിടുതൽ കിട്ടുമെന്ന പ്രതീക്ഷ വെറുതെയായത്....
എനിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നപെൺവളർച്ചയെക്കുറിച്ചുള്ള ചർച്ചകൾ..!

"മരിയ ഓർമ്മയിൽ ഒന്നുകൂടി മുങ്ങിനിവർന്നു. "

അന്നൊരിക്കല്‍ ട്യൂട്ടർ മിസ്സ് ജാനറ്റ്,  ബ്രെയിലി ടെക്സ്റ്റിലൂടെ ആർത്തവത്തെക്കുറിച്ചുള്ള പാഠത്തിൽ എത്തിയെങ്കിലും  അപ്പോഴത്തെ എന്റെ അശാന്തത കണ്ട് മമ്മയ്ക്ക് പേടിയായി.
മിസ്സ്‌ ജാനറ്റ് പിന്നെ അത് പഠിപ്പിച്ചതേയില്ല.അടിവയറ്റിലെ അത്തരമൊരു വേദന എനിക്ക് നേരിടാൻ ഇടവരരുതേയെന്ന് അന്നുമുതൽ ഞാൻ മുട്ടിന്മേൽപ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു...,എന്നിട്ടും..? "

"എന്നെ പിടികൂടിയിരിക്കുന്ന ഈ വേദനയും മമ്മയുടേത് തന്നെയാണെന്ന് ഞാനിപ്പോള്‍ അനുമാനിക്കുന്നുതിനർത്ഥം എന്നെയും സർവ്വേശ്വരൻ വിളിക്കാനൊരുങ്ങുന്നു എന്നാണോ..?
മമ്മയുടെ അടുത്തേക്ക്...വേണ്ടഫെർണൊ...,
എനിക്കിപ്പോൾ ഭയം തോന്നുന്നു,   വേദനയും കൊണ്ട് ഞാൻ ചെന്നാൽ മമ്മയ്ക്കത് സങ്കടമാവുംഅറിയാലോ,
മമ്മയെന്നാൽ എനിക്ക് പുഞ്ചിരിക്കുന്ന മാലാഖയെന്ന പോലെ തന്നെ വിതുമ്പുന്ന അടിവയറ്റിലെ വേദന കൂടിയാണ്..“

വിഷയഗൌരവത്തിന്റെ അറിഞ്ഞ പാതിഭാഗം അവളെ വല്ലാതെ ഭയപ്പെടുത്തിയിട്ടുണ്ട് എന്ന് തീര്‍ച്ച.

മരിയാ നീ കരുതുന്നത് പോലെ മരണത്തിന്റെ വരവറിയിക്കുന്ന വേദനയല്ല ഇത്. ജീവന്റെ തുടിപ്പാണത്. 
പ്രായം കൊണ്ടും പക്വത കൊണ്ടും പൂർണ്ണവളർച്ച എത്തിയെന്നതിന്റെ അറിയിപ്പും അടയാളവുമാണീ അവസ്ഥ..
ഒരു മമ്മയാകാൻ പ്രാപ്തയാവുന്നതിന് മുന്നോടിയായി കാണുന്ന ഇത്തരം സൂചനകൾ തീർച്ചയായും സ്വീകരിക്കുക തന്നെ വേണം.
ഇതുമൊരു പ്രപഞ്ചനിയമമാണ്.
നിന്നെയിപ്പോൾ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈർപ്പത്തെ തടയുവാനുള്ള പ്രവൃത്തികളാണ് ഞാനിപ്പോൾ ചെയ്തുക്കൊണ്ടിരിക്കുന്നത്.
മമ്മയുടെ സ്നേഹമുള്ള കണ്ണും കൈകളുമാണ് അതെന്ന് കരുതുക..”

ഡ്രോവർ തുറന്നെടുത്ത നനുത്ത തൂവാല മടക്കുകളായി അടുക്കുന്നതിനിടയിലും ഫെർണൊ സംസാരിച്ചുകൊണ്ടേയിരുന്നു..!

മരിയയുടെ കണ്ണുകൾ കൂമ്പി ..... ചാരത്തുടിപ്പാര്‍ന്ന കൺമണികൾക്കിടയിലൂടെ ഒരു മിന്നാമിന്നി വെട്ടം..
ആ വെട്ടത്തിൽ തെളിഞ്ഞുവരുന്നു, നിറങ്ങളുടേയും ചിത്രങ്ങളുടേയും മായകാഴ്ച്ചകൾ....
വിതുമ്പലുകളില്ലാതെ മമ്മ പുഞ്ചിരിക്കുന്നുണ്ട്..
ചുണ്ടിലും നഖങ്ങളിലും മമ്മ എനിക്ക് പൂശിത്തരുന്ന ചായങ്ങൾ പൂന്തോപ്പിലെ നിറങ്ങൾ  നൽകുന്നുണ്ടെങ്കിലും അതെനിക്ക് മമ്മ ബേയ്ക്ക് ചെയ്തു തരുന്ന പ്ലം കേക്കിന്റെ രുചിയും ഗന്ധവുമാണ്. 
പുഞ്ചിരിക്കുന്ന വെട്ടിത്തിളങ്ങുന്ന നക്ഷത്രക്കുഞ്ഞുങ്ങൾ മമ്മയുടെ കഴുത്തിലെ പപ്പ സമ്മാനിച്ച കല്ലുമാല ഓർമ്മിപ്പിക്കുന്നു..
'മമ്മാ….ഓ…മമ്മാ….
എനിക്കിപ്പോൾ മമ്മയെ കാണാനാവുന്നു..
ഹെലന്റെ സാമിപ്യം അറിയുന്നു ഞാൻ…'

 മരിയ മമ്മയുടെ മടിയിൽ, ഹെലന്റെ താരാട്ട് കേട്ട് മയങ്ങുകയാണ്…!


അടിവയറ്റിലെ വിങ്ങലുകള്‍ ഇതിനകം ഫെർണൊ ആവി പിടിപ്പിച്ച് അകറ്റിയിരിക്കുന്നു. 

അലോസരപ്പെടുത്തിക്കൊണ്ടിരുന്നിരുന്ന ഈർപ്പത്തെ വെടിപ്പാക്കിയിരിക്കുന്നു. കണ്ണ് പായാത്ത ഇടങ്ങളിലൂടെ നനുത്ത തൂവാല മൃദുവായി ഒഴുകവെ മരിയ ഫെർണോയുടെ മേനിയിൽ വിരൽ കൊരുത്തു.
അയാള്‍ അവളെ ഹൃദയത്തിലേക്ക് വലിച്ചടുപ്പിച്ച് കാതിൽ മൊഴിഞ്ഞു.

"ഞാൻ പറഞ്ഞില്ലേ മരിയാ, ദൈവത്തിന് ഇനിയും നിന്നെ പരീക്ഷിക്കാനാവില്ലെന്ന്....

നിനക്കായ് അവൻ രണ്ട് കണ്ണുകൾ കരുതിവെച്ചിരിക്കുന്നു...!"

ഫെർണോയുടെ കണ്ണുകളിലെ പ്രകാശം ഒരു മാരിവില്ലായി അവളുടെ കൃഷ്ണമണികളിൽ പ്രതിഫലിച്ചു. 

അന്നാദ്യമായി അവൾ തോട്ടത്തിലെ വർണ്ണപ്പൂക്കളെയും ചിലച്ചുപാറുന്ന കിളികളെയും കൺകുളിർക്കെ കണ്ടു. …! 



Friday, March 15, 2013

യാമം..!



പഴമയുടെ പ്രൌഢിയിൽ പണിതീർത്ത ‘മുംതാസ് ‘എന്ന മനോഹര  സൌധം ഇണക്കങ്ങളും പിണക്കങ്ങളും പൊട്ടിച്ചിരികളും കൊണ്ട് സജീവമായി  തുടങ്ങിയിരിക്കുന്നു..!

കിടപ്പറയിൽ തന്റെ പ്രിയതമ മുംതാസുമൊത്ത് സംഗീത സാഹിത്യ താത്പര്യങ്ങൾക്ക് ആഭിമുഖ്യം നൽകുന്ന സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിൽ  ഹരം കൊള്ളുന്നു ദത്തത്രേയന്‍-

 “വെണ്ണക്കൽ വിസ്മയങ്ങളിൽ തെളിയുന്ന ഈ മന്ദിരത്തിന്റെ സൌന്ദര്യവും കൽച്ചുവരിൽ കൊത്തിവെച്ചിരിക്കുന്ന മുംതാസ്  എന്ന അക്ഷരങ്ങൾ മൊഴിയുന്ന സൌന്ദര്യവും കാഴ്ചവെക്കുന്നത് എന്റെ ഹൂറിയുടെ സൌന്ദര്യം മാത്രമാണ്..
 ഈ മണിമാളികയിലെ വലിയ മുറികളിൽ നിന്ന് മുന്നറിയിപ്പുകളില്ലാതെ ഉണരുന്ന മാസ്മരികത  സംഗീതമെന്ന വിസ്മയലോകത്തിന്റെ താളലയ ഭാവങ്ങളാണെന്ന്  ഞാനറിയിക്കാതെ തന്നെ  നീ അറിയുന്നില്ലേ മുംതാസ്..?
നിന്നെ പോലെ തന്നെ എനിക്ക് തുല്യ  പ്രാണനായ തംബുരുമൃദംഗം,ഘടം,വീണവയലിൻ എന്നിവ മുതാസില്‍ ‘അന്തസ്സോടെ പരിചയപ്പെടുത്തുന്ന വിസ്മയം കേരള സംഗീത ചക്രവർത്തി എന്നറിയപ്പെടുന്ന സ്വാതിതിരുനാൾ അദ്ദേഹത്തിന്റെ പ്രതാപവും സംഗീതാത്മകമായ സിദ്ധിയെയുമാണെന്ന് നീയുംഅറിഞ്ഞു തുടങ്ങിയിരിക്കുന്നു..
  അഭിമാനവും സന്തോഷവും   ഒരു വയലിൻ കമ്പിയോടുള്ള പ്രിയം കണക്കെ എന്റെ നെഞ്ചിനകത്ത് നിനക്കായ് ചേര്‍ത്തുവെച്ചിട്ടുണ്ട് ഞാൻ..

ഈ വലിയ മുറികളിൽ അലങ്കാരങ്ങളായി നിരത്തിയിരിക്കുന്ന തബലയും,സിത്താറുംഹാർമോണിയവും തംബുരുവും  സംഗീതത്തിന്റെ ഒലികളാൽ ‘മുംതാസിന്റെ’ ചുവരുകളെ തട്ടിയുണർത്തിക്കൊണ്ടേയിരിക്കണം..

മുംതാസ് ‘ എന്നാൽ സംഗീതസാന്ദ്രമായിരിക്കണം..

 പശ്ചാത്തലമായി ഓരോ അറയിലും  നേർത്ത് ആലപിക്കുന്ന സ്വാതിതിരുനാൾ കീർത്തനങ്ങളിലൂടെ തെളിയുന്ന വികാരം പ്രണയത്തിന്റേതു മാത്രമായിരിക്കണം..!“

അലര്‍ശരപരിതാപം ചൊല്‍‌വതി-
ന്നളിവേണി പണിബാലേ...

ജലജബന്ധുവുമിഹ ജലധിയിലണയുന്നൂ
മലയമാരുതമേറ്റു മമ മനമതിതരാംബത-
വിവശമായി സഖീ! അലര്‍ശരപരിതാപം

വളരുന്നു ഹൃദിമോഹം എന്നോമലേ
തളരുന്നു മമ ദേഹം കളമൊഴീ
കുസുമവാടികയത്തിലുളവായോ-
രളികുലാരവമതിഹ കേള്‍പ്പതു-
മധികമാധി നിദാനമയി സഖീ

അലര്‍ശരപരിതാപം ചൊല്‍‌വതി-
ന്നളിവേണി പണിബാലേ ബാലേ

ദത്തൻ ഒന്നു നിര്‍ത്തി...പിന്നെ അവളുടെ ചെവിയിൽ മൊഴിഞ്ഞു..
നീലോല്പലം പൂവാൽ അമ്പെയ്ത് കാമദേവനെനിക്ക് നൽകുന്ന വിരഹമെന്തെന്ന് എനിക്ക് അനുഭവിച്ചറിയുക കൂടിയാവില്ല പ്രിയേ..
നിന്നെ അറിയിക്കാനാവാത്ത വിധം അസഹനീയവുമായിരിക്കുമത്..

അസംതൃപ്തിയും പിടിവാശികളുമില്ലാതെ സ്നേഹസാന്ത്വനങ്ങളും പ്രണയലാളനകളും ആസ്വാദിക്കുന്ന മുതാസിന്റെ ലോലാക്ക് രോമാവൃതമല്ലാത്ത ദത്തന്റെ നെഞ്ചിൽ ഇടത്തേ കവിളിനോടൊപ്പം അമർന്നിണങ്ങുന്നത് അവന്റെ പ്രണയ ഇഷ്ടങ്ങളിലൊന്നായിരുന്നു..
 വലത്തേ ലോലാക്കിന്റെ മുത്തുമണികളെ താലോലിച്ച് മുംതാസുമായി സല്ലപിക്കുന്നത് പ്രണയ വിനോദവും..

പ്രണയാർദ്രമായ ആ നിമിഷങ്ങളിൽ മുംതാസിന്റെ കണ്ണുകളിൽ തെളിയുന്ന  ദൃശ്യം താജ്മഹലിന്റെ ഭംഗിയിൽ മനംകുളിർത്ത്  വീണ്ടുമതുപോലൊരു മന്ദിരം മറ്റാരും നിർമ്മിക്കരുതെന്ന ഉദ്ദേശ്യത്തോടെ താജ്മഹലിന്റെ മുഖ്യശില്പിയുടെ വലതു കൈ ഛേദിച്ച് അഭിമാനം കൊള്ളുന്ന മുഗൾ ചക്രവർത്തി ഷാജഹാനിൽ ആയിരിക്കും..

ദത്തന്റെ കണ്ണുകളിലെ അപ്പോഴത്തെ ആനന്ദമാണ് അവളുടെ മുഖത്ത് പടരുന്ന അമ്പിളി വെട്ടവും വിടരുന്ന അസർമുല്ല അഴകും..

ദത്തൻ എനിക്കായ് പണിതീർത്ത താജ്മഹൽ..
മുംതാസ് പ്രണയവശയായി അവനിലേക്ക് ചായുമ്പോൾ അവൻ സ്വാതിതിരുനാൾ കീർത്തനങ്ങളുടെ പശ്ചാതലത്തിൽ മയങ്ങുകയായിരിക്കും..

മുംതാസ് ‘എന്ന പ്രണയ മാളികക്ക് വളരെ പരിചിതമായിക്കൊണ്ടിരിക്കുന്നു ഈ പ്രണയ ദൃശ്യങ്ങൾ..!

ദത്തന്റെ നേര്ത്ത സ്വരം അറിയാതെ ഉയരങ്ങളിലെത്തിത്തുടങ്ങിയിരിക്കുന്നു..

മനസ്സേ..നീ വിശ്വേശ്വര ദർശനത്തിനായി കാശിയിലേക്ക് പോകൂ..

 തീവ്രമോടെ നീ ദർശനം നടത്തിയാൽ കരുണാമയനായ അവിടന്ന് ജനനമരണ ദുഃഖങ്ങളാകുന്ന തൂക്കു കയറിൽ നിന്നും നിന്നെ രക്ഷിക്കും.
 കാശി വിശ്വനാഥന്റെ നഗരിയിൽ കൂടി പവിത്രമായ ഗംഗ പാലു പോലെ ഒഴുകുന്നു.അതിന്റെ തടങ്ങളിൽ സന്യാസി ശ്രേഷ്ഠന്മാർ  വസിക്കുന്നു.
 തിരുവുടലിൽ ഭസ്മം പൂശിയിരിക്കുന്നവനും കൈകളിൽ ത്രിശൂലവും സർപ്പ ശ്രേഷ്ഠനെ മാലയായും അർദ്ധാംഗിനിയായ പാർവ്വതിയേയും ധരിച്ചിരിക്കുന്നവനും ത്രിലോകനാഥനുമായ മഹേശനെ ദർശിക്കൂ..
 മനസ്സേനീ കമലനയനനായ ശ്രീ പദ്മനാഭനേയും ത്രിനേത്രനായ മഹേശനേയും ഭജിക്കൂ..
ഈ രണ്ടു മംഗള രൂപങ്ങളും അനശ്വരങ്ങളാണു.. “

മുംതാസ്  കണ്ണുകളുയര്ത്തി ദത്തനെ തറച്ച് നോക്കി..

സ്വർഗ്ഗതുല്യ നിമിഷങ്ങളെ കെട്ടണക്കുവാൻ നിനക്ക് അവകാശമില്ല ദത്താ..”

മുംതാസ് ഈർഷ്യയോടവന്റെ മാറിൽനിന്നുയർന്ന് നിമിഷ വേഗതയിൽ ഇടത്തേ ലോലാക്ക് വലിച്ചൂരി ദൂരേയ്ക്കെറിഞ്ഞു..

വയലിന്റെ നേർത്ത പശ്ചാത്തലത്തിൽ ലയിച്ചു കൊണ്ടിരിക്കുന്ന പല്ലവിയുടെ മറവിൽ നീയെന്റെ വിശ്വാസങ്ങളേയും മാതാപിതാക്കളേയും അവഗണിക്കണമെന്ന തീർപ്പ് അടിച്ചേൽപ്പിക്കുകയാണ്..“

നന്ദി കെട്ടവളേ, വൃത്തികെട്ട മൃഗമേ.. ഇറങ്ങിപ്പോ നീയവന്റെ കൂടെ “എന്നെന്റെ പിതാവ് അലറിവിളിക്കുമ്പോഴും ,
അദ്ദേഹം മരണശയ്യയിലാണെന്ന വാർത്തയറിഞ്ഞ് ദുഃഖിച്ചപ്പോഴും ,
അദ്ദേഹത്തെ കാണരുതെന്ന വിലക്ക് കൽപ്പിച്ചിട്ടുണ്ടെന്ന അറിയിപ്പ് കിട്ടിയപ്പോഴും,
ഞാനദ്ദേഹത്തിനു വേണ്ടി  അഞ്ചുനേരം ദുആ ചെയ്ത്  എന്‍റെ വിശ്വാസങ്ങളെ ഈ നാളുകളത്രയും  നിലനിർത്തി കൊണ്ടുപോന്നത് ‘മുംതാസ് ‘അറകളിൽനിന്നുകൊണ്ടു  തന്നെയാണെന്ന വസ്തുത നീ മറന്നു പോകുന്നുവോ..??

എനിക്ക് നിയന്ത്രിക്കാനാവുന്നില്ല ആത്മരോഷം..

നീയും നിന്റെ സംഗീതോപരണങ്ങളും കേൾക്കേ..സ്വാതിതിരുനാൾ കീർത്തനങ്ങൾക്ക് സാക്ഷിയായ്  ഞാൻ പറയുന്നൂ....
മുംതാസിന്റെ ജന്മം ദത്തനുവേണ്ടി നൽകിയിരിക്കുന്ന സത്യത്തിന്മേൽ,

ആഡംബരങ്ങളിലൂടേയും സൃഷ്ടി കൌശലങ്ങളിലൂടേയും രൂപകല്പന നൽകി നിർമ്മിച്ചിരിക്കുന്ന ‘മുംതാസ് ‘ എന്ന ഈ സ്വർഗ്ഗ സൌധത്തിന്റെ കാവൽക്കാരിയൊ ദാസിയൊ ആയി ഇനിയുള്ള കാലം ഞാൻ ആസ്വാദ്യമാക്കുമെന്ന് തീർച്ച..
മുംതാസിന്റെ‘ അറകളിൽനിന്നുയരുന്ന സപ്തസ്വരങ്ങളുടെ ആരോഹണാവരോഹണങ്ങളുടെ ഒഴുക്കുകളിൽ നിന്നും..

 പ്രസിദ്ധിയുടെ വെട്ടങ്ങളിൽ നിന്നും കരപറ്റി മാളികബീവിയാകാൻ കൊതിക്കുന്ന എന്നെ നീ ഇനിയും സംഗീത സാഗരപ്രപഞ്ചത്തിലേക്ക് മുക്കിത്താഴ്ത്തരുത്..
പ്രണയാർദ്രനിമിഷങ്ങളിൽ പോലും നിന്റെ ചെവിയിൽ പാടാനുള്ള ധൈര്യം പോലുമില്ലാത്ത ഞാനെന്റെ ദത്തന്റെ  കഴിവിൽ അഭിമാനിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നതോടൊപ്പം ലോകരെ കൊണ്ടത് ചെയ്യിക്കുവാനായി അഞ്ചുനേരം ദുആ ചെയ്യുന്നതും എന്റെ ദൌത്യമായി സ്വീകരിച്ചിരിക്കുന്നു.
ഞാൻ മുട്ടുകുത്തി നെറ്റി തടവുന്ന ആ പട്ട് വിരിപ്പ് എന്റെ പ്രണയ പ്രതീകമായി കണക്കാക്കുന്നു എന്നു കൂടി മനസ്സിലാക്കുക എന്റെ ഖൽബേ..!”

ആദ്യമായി മുംതാസിൽ പ്രകടമായ വാക്കുകളിലെ തീക്ഷ്ണത ദത്തനെ നിശ്ശബ്ദനാക്കി..

ആ നിശ്ശബ്ദതയെ മുംതാസ് തൊട്ടറിഞ്ഞത് ജീവിതകാലമത്രയും അനുഭവിക്കാവുന്ന വിരഹമായിട്ടായിരുന്നു.
ബോധം വീണ്ടുകിട്ടിയവളെ പോലെ മുംതസ് പിറുപിറുത്തു,

പാപം..പാപം..മാപ്പില്ലാത്ത പാപം..
ഒരിക്കൽ ഹജ്ജിനു പോയാൽ തീരുമോ ആഴത്തിൽ മുറിവേറ്റ ഈ മനോവേദനയും ചിന്തയും..?

ഏതോ ഒരു പ്രണയ യാമത്തിൽ ദത്തന്റെ വിരലുകൾ ലോലാക്കുകളെ താലോലിക്കുമ്പോൾ താൻ ഓർമ്മിപ്പിച്ചിരുന്നു,,
ആ പുണ്യസ്ഥലം പ്രദക്ഷണം വെക്കുന്നതിനെ കുറിച്ചുംഹജരെ ആസ് വാദ് ‘ എന്ന കരിങ്കൽത്തറയെ ചുംബിക്കുന്ന അവസരത്തെ കുറിച്ചും..
പാപാത്മക്കളുടെ പാപം സ്വയം ഏറ്റെടുക്കുന്നതിനാലാണത്രെ ആ കല്ലിനു കറുത്ത നിറം കൈവന്നത്..
ഹജ്ജെന്ന പുണ്യകർമ്മത്തിനു ശേഷം ദത്തന്റെ ബീവി എന്ന നാമത്തിനപ്പുറം ഹജ്ജുമ്മ എന്നു കൂടി കൂട്ടിചേർക്കപ്പെടുമെന്ന്  അറിയിച്ച് ആ നെഞ്ചിൽ ലോലാക്കിന്റെ മുത്തുമണികളമർത്തി പൊട്ടിച്ചിരിക്കുമ്പോഴത്തെ ദത്തന്റെ ഭാവഭേദങ്ങൾ എന്താണെന്ന് അറിയുവാൻ പോലും താൻ
മെനക്കെട്ടിരുന്നില്ല..
ഒരിക്കൽപോലും താനത് ശ്രദ്ധിച്ചിട്ടുപോലുമില്ല,,“

എങ്കിലും യാദൃച്ഛികതയിൽ സംഭവിച്ച നാക്കിന്റെ പിഴവ് ക്ഷമിയ്ക്കാ..

ചെങ്കൽ നിറം തിളങ്ങുന്ന മാർബിൾതറയിൽ കമിഴ്ന്നു കിടന്ന് ചിത്രപ്പണികളുള്ള കട്ടിലിന്റെ ചുവട്ടിൽ നിന്ന് മുംതാസ് ഇടത്തേ ലോലാക്ക് തിരഞ്ഞെടുത്ത് വീണ്ടുമവന്റെ മാറിൽ അമരുമ്പോൾ അവനറിഞ്ഞു,
ലോലാക്കിൽ നിന്ന് രണ്ട് മണിമുത്തുകൾ നഷ്ടമായിരിക്കുന്നു!

ആ രാവ് സംഗീത വിസ്മയലോകത്തേക്ക് വീണ്ടും നീങ്ങിക്കൊണ്ടിരിക്കുന്നത് അവരറിഞ്ഞു..

അവൾ അവനുവേണ്ടി മാത്രമായ് പണിതീർത്ത സംഗീതോപരണമാണെന്നു പോലും അവനു തോന്നി..
അവന്റെ ഘനഗാംഭീര്യമാർന്ന സ്വരം അറക്കുള്ളിൽ വീണ്ടും മുഴങ്ങി..
അവനിലേക്ക് ഒഴുകിചേർന്നലിയാനുള്ള പ്രേരകമാകും ഓരോ പല്ലവിയും..

ദത്തൻ അവളെയുർത്തി മയിലിന്റെ തലയുള്ള കട്ടിലിന്റെ തലഭാഗത്തേക്ക് ചാരിയിരുത്തി,
തന്റെ ആലാപനം ഉൾക്കൊള്ളുന്നതെന്തെന്ന് എന്നത്തേയും പോലെ അന്നും വാക്കുകളുടെ ധാരാളിത്തത്തിന്മേൽ പുലമ്പിക്കൊണ്ടിരുന്നു..

മനസ്സേനീ വിശ്വേശ്വര ദർശനത്തിനായി കാശിയിലേക്ക് പോകൂ..”

ഈ വരികളിലിലൂടെ നീയെനിക്കുമേൽ അടിച്ചേൽപ്പികുന്ന ഉദ്ദേശ്യ ശുദ്ധികൂടി മനസ്സിലാക്കി തരു..”
മുംതാസ് നീണ്ടചുരുൾമുടി വാരിക്കെട്ടി ചുവരിനഭിമുഖം തിരിഞ്ഞു കിടന്ന്  വീണ്ടുംപ്രതിഷേധം പ്രകടിപ്പിച്ചു..

ർക്കാതെ ഉരുവിട്ട അനുപല്ലവികൾ അവളിലെ രൂപഭാവങ്ങൾക്ക് നൽകിയ സൌന്ദര്യം ആസ്വദിച്ച് ആ പൂമുഖം കൈകളിലെടുത്ത്  ദത്തൻ ആനന്ദിച്ചു..

മനസ്സേ !നീ കമലനയനനായ ശ്രീ പദ്മനാഭനേയും  ത്രിനേത്രനേയും ഭജിക്കൂ..“
ഈ രണ്ട് മംഗള രൂപങ്ങളും അനശ്വരങ്ങളാണു..
മുംതാസ്,നീ അറിയുന്നില്ലേ..?
ശ്രീ സ്വാതിതിരുനാൾ അദ്ദേഹത്തിന്റെ സംഗീത വിസ്മയം എന്നെ ഉന്മാദനാക്കുന്നു..നിന്റെ സൌന്ദര്യവും രൂപഭംഗിയും ആ ആനന്ദത്തെ ഉയരങ്ങളിലെത്തിക്കുന്നു.. “

 മുംതാസ് അഹിഷ്ണുത പ്രകടിപ്പിച്ചു,

 “കിടപ്പറയിലെ ശബ്ദാഘോഷങ്ങൾ ഞാൻ ആസ്വദിക്കുന്നില്ല ദത്തൻ,
അനശ്വരതയുടെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി’ എന്ന് ടാഗോർ വിശേഷിപ്പിക്കുന്ന വെണ്ണക്കൽ ശില്പം ..
അനശ്വര പ്രണയത്തിന്റെ പ്രതീകമായ സ്മാരക മന്ദിരം..
അവിടം സന്ദർശിക്കുന്നതിനും അപ്പുറത്തെവിടെയോ ആണെനിക്ക് കാശിസന്ദർശനം എന്ന് നീ മനസ്സിലാക്കാത്തതെന്തേ..?"

 ഐശ്വര്യമുള്ള കുടുംബ സ്ത്രീകൾ പതിയുടെ ഇഷ്ടത്തിനു മുന്‍തൂക്കം നൽകും..
സ്നേഹത്തിനു ക്ഷമയുടെ സാന്നിദ്ധ്യം കൈവരും..
സ്വന്തം ഇഷ്ടങ്ങളെ നിസ്സാരമായും പതീദേവന്റെ ചെറിയ ആഗ്രഹങ്ങളെ പോലും വലുതുമായും കാണും..
ഞാനവ നിന്നിൽനിന്നും പ്രതീക്ഷിക്കുന്നു മുംതാസ്.. “
 ദത്തന്റെ സ്വരം നേർത്തിരുന്നു..

മുംതാസ് അമ്പരന്നു പോയി..

നമ്മുടെ പ്രണയത്തിന്മേൽ നാം കൽപ്പിച്ച സ്വാതന്ത്ര്യം ഇല്ലാതാക്കുന്നൊ നീ ദത്താ...?

അവൾ ഹൃദയം പൊട്ടി നിലവിളീച്ചു.
ഇവളെ എങ്ങനെ ആശ്വാസിപ്പിക്കും..?
ദത്തൻ പരിഭ്രമിച്ചു..”എന്റെ ഹൃദയമെടുത്ത് നിനക്ക് കാഴ്ച്ചവെക്കാനായിരുന്നെങ്കിൽ മുംതാസ്..‘

ദത്തൻ മനസ്വാസ്ഥ്യമില്ലാതെ കുഴങ്ങുന്നത് കണ്ടിട്ടും മുംതാസ് അവളിൽ തന്നെ തുടർന്നു...
പൊറുക്കാനാവുമായിരുന്നില്ല അവൾക്ക്...
ഒരു സ്നേഹവും ഇങ്ങനെ ഉപാധികളാൽ വിലപേശപ്പെടരുത്. 
അത് പൊറുക്കാൻ പറ്റാത്ത പാപമാണ്. ആ പാപത്തിന് എന്റെ ഹൃദയത്തെ ഞാൻ വിട്ട് കൊടുക്കില്ല. എല്ലാ നഷ്ടമാവാമെങ്കിലും എന്റെ ഏറ്റം വലിയ പ്രണയം എനിക്ക് കൂട്ടിരിക്കും. ഉറപ്പ്.
വലിയ ആകാശത്തേക്ക് അവൾ ഈറൻ കണ്ണുയർത്തി.

"മുംതാസ്....” മുറിഞ്ഞ വാക്കുകളില്‍ അവന്‍റെ സങ്കടം കടപുഴകുന്നതറിഞ്ഞു. അവളുടെ കൈകള്‍ തുറന്ന് അതിലേക്ക് അവന്‍റെ പെയ്യുന്ന കണ്ണുകള്‍ സമര്‍പ്പിച്ചു.

“പൊറുക്കണം എന്നോട്..... നിന്‍റെ പ്രണയം ഇല്ലെങ്കില്‍ പിന്നെ ഞാനെന്തിന്..? തെറ്റിപ്പോയല്ലൊ എനിക്ക്.. അരുതായിരുന്നു..”

ഒരു കുട്ടിയെ പൊലെ ദത്തന്‍ വിതുമ്പിക്കൊണ്ടിരുന്നു.

“പൊറുക്കണം എന്നോട്...”

എവിടെയോ ഒരു കുളിര്‍ തെന്നല്‍ വീശി. സുന്ദരമായ ഒരാകാശം അവള്‍ക്ക് മേലാപ്പ് തീര്‍ത്തു.
അവള്‍ ഒരു കുഞ്ഞിന്‍റെയെന്നപോലെ അവന്‍റെ മുഖം കോരിയെടുത്ത് അതിലേക്ക് പ്രണയം ചൊരിഞ്ഞുകൊണ്ടിരുന്നു. ദത്തന്‍റെ മിഴികള്‍ തുളുമ്പിക്കൊണ്ടേ ഇരുന്നു.

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...