Thursday, February 23, 2012

സംവേദം….!


ഉമ്മ :

“ഉമ്മൂനെ കെട്ടിയേ പിന്നെ മൊയ്തീന്റെ മൊഖത്ത് വാട്ടാ..
അന്ന് തൊടങ്ങീതാ ഓന്റെ തലമൊടി മുയ്മൻ വെളുക്കാന്,
ഇപ്പം പാണ്ട് പിടിച്ച പോലെ ആയിരിയ്ക്ക്ണ്..
എന്നാല് ഓളെ ഓൾടെ വീട്ടിലാക്കാന്ന് വെച്ചാ ഓൻ സമ്മയിച്ചിട്ട് വേണ്ടേ..
വെവരക്കേട് എന്നല്ലാണ്ട് പ്പൊ ന്താ പറയാ..
ഓൾക്കിങ്ങനെ നാലഞ്ച് പെറ്റ് പേറ് ശുശ്രൂഷേം ചെയ്ത് കൊഴുത്ത് മിനുങ്ങ്യാ മതിയാ..
ഓന്റെ മൊഖത്തും വേണ്ടേ ഇത്തിരിച്ചേങ്കിലും തെളിച്ചോം വെട്ടോം ഒക്കെ..
ഓനും ഒരാണൊരുത്തനല്ലേ..ഓനും ഉണ്ടാവില്ലേ പൂതി...എല്ലൊക്കെ തൂർന്ന് കാണാനും ചൊവ്വുള്ള മൊഖം ആവണംന്നൊക്കെ…
ഓൾക്ക് ഓനെ തീർത്തും കണ്ടുകൂടായ്കയാ എന്നൊന്നും പറയാൻ ഒക്കില്ല..
ഓൻ തലയിൽ വെള്ളം പാർന്ന് പൊഡറിട്ട് നല്ല കുപ്പായം ഇട്ട് തല മുടി വാരി വന്നാൽ ഓൾടെ മൊഖത്ത് തെളിമാനം വരണത് കാണാ..
ന്ഹാ…അങ്ങനെ ഒടയത്തമ്പുരാൻ ഓൾടെ മടിയിൽ ഇട്ട് കൊടുത്തതായിരിയ്ക്കും നാലെണ്ണത്തിനെ..
എന്നുവെച്ച് മൊയ്ദീന്‍ എപ്പഴും പുത്യേതും ഇട്ട് പൌഡറും ഇട്ട് പത്രാസ്സും കാട്ടി നടക്കാനൊക്കൊ..
റബ്ബിൽ ആലമീനായ തമ്പുരാനേ..ഓൾടെ ഖൽബില് എന്തായ്ച്ചാല്‍ അത് മാറ്റി ന്റെ മോനെ നിയ്ക്ക് തിരിച്ച് തരണേ…!

അന്യ ജാതീല് പെട്ട പെൺകുട്ട്യോളായിട്ടാണ് ഓൾടെ കളികള് എന്നൊക്കെ അറിഞ്ഞിട്ടന്നേ ഓളെ ഇങ്ങട്ട് നിക്കാഹ് ചെയ്ത് കൂട്ടി കൊണ്ടോന്നത്..
ന്നാലെന്താ ഓള് പഠിച്ചോളല്ലേന്ന് കണക്കാക്കി..
അല്ലാണ്ട് ഓൾടെ വെള്ള മൊഖോം വട്ട മൊഖോം നീണ്ട മൂക്കും കണ്ടുകൊണ്ടായ്ട്ടൊന്നൊല്ല..
ഓള് പണി എടുക്കാൻ പോയിട്ടും വേണ്ടീല്ലാ കുടീല് കഞ്ഞി വേവാൻ..
മൊയ്തീൻ പറേണത്, ഓന്റെ കുട്ട്യോൾക്ക് നാലക്ഷരം പറഞ്ഞു കൊടുക്കാൻ ഓളെ കൊണ്ട് കൂട്ട്യാല് ആവോലോ ന്നാ…
എന്നിട്ടിപ്പൊ ന്തായി…
ഓൾക്കെവ്ടെ അതിനൊക്കെ ഇപ്പൊ നേരോം കാലോം ..
നേരം വെളുത്ത് അന്ത്യാവും വരേയ്ക്കും ആ കണ്ണാടീടെ മുമ്പീല് ചമഞ്ഞൊരുങ്ങി കോതി കെട്ടാത്ത മുടീം ഇരടി ഇരിയ്ക്കാനല്ലേ ഓളെ കൊണ്ട് കൂട്ട്യാൽ ആവണുള്ളു…
ന്ഹാ…ഒടയത്തമ്പുരാൻ ഒരു വഴി കാണിച്ച് കൊടുക്കും ന്റെ മൊയ്തീന്..

പിന്നെ പറഞ്ഞ് കേൾകാനായി ഓൾക്ക് പഠിയ്ക്കാൻ പോയോടുത്ത് ഒരു കാഫറായിട്ട് അടുപ്പം ഉണ്ടായിരുന്നൂന്ന്..
അതിപ്പൊ അന്യജാതീന്റെ കൂട്ടത്തിൽ അന്യ ദേശക്കാരനാന്ന് കൂടി അങ്ങട്ട് കേട്ടപ്പൊ മൊതല് നിയ്ക്ക് തെളയ്ക്കാൻ തൊടങ്ങീതാ..
ആ തമിഴന്റെ പെണ്ണൊരുത്തിയാണേൽ കെട്ടി പത്ത് തെകയും മുന്നെ ഓന്റെ പിടീന്ന് കയ്ച്ചലായത്രെ..
ആ തമിഴത്തീടെ ജിന്ന് ഓൾടെ മേത്ത് കേറീരിയ്ക്കുണൂന്ന് കട്ടായം..
അല്ലാണ്ടിപ്പൊ ഓള് വേറെഎന്തിനായ്ച്ചിട്ടായിരിയ്ക്കും മൂക്കും കുത്തി കാലിൽ മോതിരോം ഇട്ട് ഇങ്ങനെ തേരാപാരാ നടക്കണത്,
ഇതൊക്കെ ഓളെ ഇങ്ങട്ട് കെട്ടി എടുക്കും മുന്നെ കാണും കേൾക്കും ഇരുന്നീരുന്നെങ്കില് ഈ മുസീബത്ത് ഈ കുടുംബത്ത് വന്ന് കേറില്ലായിരുന്നു..
ഓൾടെ ഖൽബ് ഇപ്പഴും ആ തമിഴന്റെ ആനപ്പുറത്താ…
ന്റെ മൊയ്തീന് മൂന്ന് ആണിനേം നാലാം കാല് പെണ്ണിനേം കിട്ട്യേത് മിച്ചം..
റബ്ബേ..ഇനീപ്പൊ ഓളെങ്ങാനും ആ തമിഴന്റെ കൂടെങ്ങാനും പൊറുക്കാൻ പോയേയ്ച്ചാല് ന്നെ കൊണ്ടാവോ ഈ നാലെണ്ണത്തിനേം പോറ്റി എടുക്കാൻ..
അപ്പൊ പിന്നെ മൊയ്തീൻ പിന്നേം ഒന്നിനെ കെട്ടി എടുത്തെയ്ച്ചാല്...
പിന്നേം നാലെണ്ണത്തിനെ പടച്ചോൻ കനിഞ്ഞെയ്ച്ചാല്...
ബേണ്ടാന്ന് പറയാൻ ഒക്കോ..
ന്റെ റബ്ബിൽ ആലമീനായ തമ്പുരാനേ ന്റെ മോൻ മൊയ്തീന് ഇങ്ങളേ തൊണ...
അവനെ ഇങ്ങള് നിയ്ക്ക് തരണേ…!“


ഉമ്മു :

“ഉമ്മാ…നിങ്ങളോട് എത്ര തവണ പറഞ്ഞിരിയ്ക്കുന്നൂ നിങ്ങൾ ആല്ലാഹുവിനോട് തേടുന്നത് എന്നെ കേൾപ്പിയ്ക്കാൻ ആയിട്ട് ആകരുതെന്ന്..,
എന്നെ പ്രകോപിപ്പിയ്ക്കും തരത്തിൽ ആകരുതെന്ന്..
ഫലമെന്ത്,…ഞാൻ കേൾക്കുന്നു…ഞാൻ വേദനിയ്ക്കുന്നു എന്നതിനപ്പുറം ഒരു സ്വർഗ്ഗം നിങ്ങൾക്ക് കിട്ടുവാനുണ്ടോ..?
ഞാൻ നിങ്ങളുടെ മുന്നിൽ ഒരു ഊമയെ പോലെ ഇരിയ്ക്കുന്നു എന്നതിന്റെ പൊരുൾ എന്നിലെ ഇബിലീസിന് കയ്യും കാലും വളരുന്നു എന്നതാണ്..
എന്നിലെ ധർമ്മം നശിയ്ക്കുന്നൂ എന്നതാണ്..
നിങ്ങൾ കരുതും പോലെ ഒരു ജിന്നും എന്നിൽ പ്രവേശിച്ചിട്ടില്ല..,
അതും നിങ്ങളുടെ മേൽനോട്ടത്തിലും പടച്ചവനോടുള്ള സമ്പർക്കത്തിലും അത്തൊരമൊരു വൃത്തി സംഭവിയ്ക്കുമെന്ന് ഞാൻ വിശ്വസിയ്ക്കുന്നില്ല..
നിങ്ങളുടെ ആദേശം ഇല്ലെൻകിൽ ഈ വീട്ടിൽ ഒരു പൂച്ച കുട്ടി പോലും ഒരടി എടുത്ത് വെയ്ക്കില്ല എന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്..?
പിന്നെ ,ആരെ കേൾപ്പിയ്ക്കാണാണ് ഈ നാല് ചുവരുകൾക്കപ്പുറം ഉയരും ആവലാതികൾ..?
അല്ലാഹുവിന് ഒരിയ്ക്കൽ പറഞ്ഞാൽ മനസ്സിലാവുന്നതേയുള്ളു..
ദിവസത്തിൽ അഞ്ചു നേരവും പരാതിപ്പെട്ടാൽ നിങ്ങൾ പരീക്ഷിയ്ക്കുന്നത് എന്നെയാണോ ഉടയ തമ്പുരാനെ ആണൊ എന്ന് സംശയിയ്ക്കേണ്ടിരിയ്ക്കുന്നു..
കെട്ടിയ പുരുഷനെ ആശ്രയിച്ച് അന്നം കഴിയ്ക്കാൻ ഇടയാവരുത് എന്ന ഒറ്റ കാരണത്താല് എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചു,
എന്നാൽ എന്നെ ജോലിയ്ക്ക് വിടാത്തത് നിങ്ങളുടെ അഹങ്കാരം..
എന്റെ മക്കൾ പഠിച്ച് നല്ല നിലയിൽ ആവാൻ ഞാൻ പ്രാർത്ഥിയ്ക്കുന്നു..
അവർ പഠിയ്ക്കാൻ ഉത്സാഹം കാണിയ്ക്കാതിരിയ്ക്കുന്നുവെങ്കില് അത് നിങ്ങളുടെ മകന്റെ രക്ത ഗുണം..
എന്റെ ഉപ്പായുടെ ഒരു വലിയ ഗൾഫ് പെട്ടി നിറയെ സാമഗ്രികളും അന്ധമല്ലാത്ത വിശ്വാസങ്ങളും കുത്തി നിറച്ച് ഇവിടെ വന്ന് കയറിയവളാണ് ഞാൻ..
പിന്നെ നിങ്ങൾ ആവശ്യപ്പെട്ട പൊന്നിന്റെ കൂട്ടത്തിൽ ഇച്ചിരി പൊന്നിൽ തീർത്ത ഒരു കുഞ്ഞ് മൂക്കുത്തിയും രണ്ട് കാൽ മോതിരങ്ങളുമാണൊ നിങ്ങൾക്ക് മാനക്കേട് ഉണ്ടാക്കുന്നത്..?
കെട്ടിയ നാൾ മുതൽ പൊന്നിൽ തീർത്ത ഈ പണ്ടങ്ങൾ മാത്രം നിങ്ങളുടെ മകനെ നോവിപ്പിയ്ക്കുന്നു എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്…അസംബന്ധം…!
വിശക്കുന്നവൻ ചോറിൽ നിന്ന് കയ്യെടുക്കില്ല..
എന്നിട്ടും വയർ നിറയാത്തവന്റെ കുപ്പായത്തിൽ എത്ര പണമുണ്ട് എന്ന് തിരക്കുന്നത് ഒരു ഭാര്യയുടെ ധർമ്മം..
എന്റെ തലമുടി മറയ്ക്കുവാനും, കൈ ഉറകൾ നീട്ടുവാനും നിങ്ങൾക്കാകുമായിരിയ്ക്കും,
പക്ഷേ എന്റെ ചുണ്ടുകൾ തുന്നി ചേർക്കുവാനൊ..വായയ്ക്ക് മറയിടുവാനൊ നിങ്ങൾക്ക് സാധ്യമാവുകയില്ല..

നിങ്ങളുമായുള്ള ഈ സംവേദം ഞാൻ ആഗ്രഹിച്ചതല്ല..
സമയമായി എന്ന് എന്റെ ഖൽബ് മന്ത്രിച്ചു,
ഈ അനാവശ്യ ചിന്തകൾ കൊണ്ടായിരിയ്ക്കാം എന്റെ തലമുടി നരച്ചു തുടങ്ങിറ്യിരിയ്ക്കുന്നു,
എന്റെ മേലാ സകലം പിന്നേയും ചൂടു കുരുക്കൾ പൊന്തി തുടങ്ങിയിരിയ്ക്കുന്നു..
അത് കാണുമ്പോൾ എന്റെ ഉമ്മായുടെ ഉള്ളം പിടയ്ക്കുന്നു..
അവരുടെ പ്രാർത്ഥനകളിൽ ഞാൻ “അല്ലാഹു അല്ലാഹു …” എന്ന് മാത്രമേ കേൾക്കുന്നുള്ളു..
ആ തേടലുകളിൽ എന്റെ ദേഹം വൃണപ്പെടാതിരിയ്ക്കുവാനുള്ള ഔഷധം ഞാൻ കാണുന്നു..
വേണ്ട, ഇനി അവർക്ക് അറം പറ്റണ്ടാ….ഞാൻ നിർത്തുന്നു…!
പടച്ചവനേ….ഉടയത്തമ്പുരാനേ…നീയേ എനിയ്ക്ക് തുണ…!“



Saturday, February 11, 2012

പരിശുദ്ധ കന്യക...*


“പുഴ”അവൾ എത്ര മനോഹരിയാണ്..
അവൾക്കരികിൽ മനം അയഞ്ഞ് ഇരിയ്ക്കുമ്പോൾ ...
ചരൽ പരപ്പിലെ വെള്ളാരം കല്ലുകൾ പെറുക്കി കൂട്ടുമ്പോൾ ...
നിലയ്ക്കാത്ത പൊട്ടിച്ചിരികളിലൂടെ അവളെ ഞാൻ അറിയിയ്ക്കാറുമുണ്ട് “നിന്നെ ഞാൻ പ്രണയിയ്ക്കുന്നു പെണ്ണേ” എന്ന്..
എന്നിലെ പ്രണയിനിയെ ഉണർത്തും അപ്പോൾ അവൾ പ്രകടിപ്പിയ്ക്കും വികാരം..
അലറാൻ കാത്തു കിടക്കും അവളെ വിതുമ്പാൻ വെമ്പും കഥകള്‍ കേൾപ്പിച്ച് അടക്കി നിർത്തും..
പിന്നെ ഇക്കിളി കൂട്ടും കഥകൾ കേൾപ്പിച്ച് അവളെ ചിരിപ്പിയ്ക്കാനായി അവളിലേയ്ക്ക് ഊളിയിട്ടിറങ്ങും..
മഴയും വെയിലും കാറ്റും തട്ടി അവളെ കൊണ്ടറിഞ്ഞ് ഒരു നീരാട്ട്.. ഹാ…എന്തൊരു നിർവൃതി..
“അമ്മേ ഞാൻ കുളിയ്ക്കാൻ പോണൂ ട്ടൊ “ എന്നും പറഞ്ഞ് പുഴകരയിലേയ്ക്ക് ഓടുമ്പോൾ അമ്മയുണ്ടോ അറിയുന്നു ...ആനന്ദിയ്ക്കാൻ പോവുകയാണെന്ന്..
“പുഴ” അവളെന്റെ അടുത്ത കൂട്ടുകാരി ആയിരിയ്ക്കുന്നു…ഞാൻ പോലും അറിയാതെ..
അവളോടുള്ള പ്രണയത്തിന്റെ തരിമ്പ് കൂടുന്നതനുസരിച്ച് അവളോടൊത്തുള്ള കളി തമാശകളുടെ സമയ പരിതിയ്ക്ക് അളവില്ലാതായി…
അവളോടൊത്ത് പങ്കുവെച്ച കളിചിരികൾ..ഇണക്ക പിണക്കങ്ങൾ…പ്രണയം…വിരഹം ..
ഇവയെല്ലാം ജല നിരപ്പിനു താഴെ തൊട്ടറിയാൻ തുടങ്ങിയപ്പോൾ,,
പിന്നീടുള്ള ഓരോ ഊളിയിടലുകളും അനന്തമാം ആഴിയിൽ മുത്തുകളും ചിപ്പികളും തിരയാനുള്ള ത്വര കൂട്ടുന്ന പോലെ ആയി..
പവിഴപുറ്റുകൾ കണ്ടു രസിച്ച് അവയെ ആവുന്നത്ര തൊട്ടു തലോടുമ്പോൾ..
സ്വന്തമാക്കാൻ കൊതിച്ചു പോയി..
അപ്പോൾ സിരകളിൽ നിറഞ്ഞു തുളുമ്പും വീഞ്ഞിൻ തുള്ളികളും..
നാവിൻ തുമ്പിന്മേൽ നുണയും നറുതേൻ രുചിയും ആശിച്ചത് ഒരു ജലകുമാരന്റെ സ്പർശനത്തിനായിരുന്നു എന്ന് തോന്നിപ്പിച്ചു പോയിരുന്നുവോ..?
പുഴയോട് അഹങ്കരിച്ച് വെള്ളം തട്ടിത്തെറിപ്പിച്ച് നിലം വിട്ട് പൊങ്ങി ,
മാനം കാണാത്ത ചിപ്പികൂട്ടങ്ങൾക്കിടയിൽ ഒരു മത്സ്യ കന്യകയായി സ്വയം മറക്കുമ്പോൾ..
ആ വർണ്ണശബള സാമ്രാജ്യത്തിൽ പൊൻപുലരി കിരണങ്ങൾ ഏറ്റു വാങ്ങി.
ഒരു മായാജാലക്കാരിയുടെകൺകെട്ട് വിദ്യ എന്നോണം ഏകാഗ്രതയിൽ ജലപരപ്പിനു മുകളിൽ മലർന്ന് കിടക്കുന്ന നിമിഷങ്ങൾ..
കിരീടവും ചെങ്കോലും അലങ്കാരങ്ങളും ഇല്ലാത്ത ..
മത്സ്യ ഗന്ധം വഹിയ്ക്കാത്ത .. പൂച്ചകണ്ണുകളുള്ള …വിടർന്ന മാറുള്ള…
പൊട്ടിച്ചിരികളുയർത്തുന്ന... ജലകുമാരനു വേണ്ടിയുള്ള കാത്തിരിപ്പ്..
ഹൊ…കുളിമുറിയുടെ ചുവരുകൾക്കുള്ളിൽ ലഭ്യമാകുമോ ഈ പ്രപഞ്ചം..


~~~~~~~~~~~~~~~~ ~~~~~~~~~~~~~~~~~~ ~~~~~~~~~~~~~~~~~~~



ഇന്നെന്തേ ഇവൾക്കിത്രയും കുസൃതി..?
ഇന്നെന്തേ ഇവളുടെ കള കള നാദത്തിൽ ഒരു കള്ളച്ചിരി..?
ഇന്നെന്തേ ഇവളിലിത്ര ആകർഷണീയത..?
ഇന്നെന്തേ പൊൻപുലരി ഇവൾക്കൊരു വെട്ടി തിളങ്ങും പണ്ടം ചാർത്തി കൊടുത്തിരിയ്ക്കുന്നു...?
ഇന്നെന്തേ എന്നിലെ കൌമാരം അവളിലേയ്ക്ക് കൂടുതൽ ആഴ്ന്നിറങ്ങാൻ പ്രേരിപ്പിയ്ക്ന്നു...?
വെളുപ്പാൻ കാലത്തെ ഇളം വെയിൽ തട്ടി സ്വർണ്ണ മുഖിയായ് നിൽക്കും എന്നിലെ സുന്ദരിയെ അവൾ മാടിവിളിയ്ക്കും പോലെ..
രണ്ടടി മുന്നോട്ട് വെച്ചു..
അവളുടെ തണുത്ത സ്പർശം അവളിലേയ്ക്ക് നനഞ്ഞിറങ്ങാൻ തിടുക്കം കൂട്ടുന്നു..
കാച്ചിയ എണ്ണ മണക്കും തലമുടി തലപ്പ് അഴിച്ച് വിടർത്തിയിട്ടു..
ഉടുവസ്ത്രം ധൃതിയിൽ മാറ്റി കച്ചകെട്ടി..
പിന്നെ ഒരു സ്വപ്നാടനകാരിയായി അവളീലേയ്യ്ക്ക് പ്രവേശിച്ചു..
ആദ്യമായി അവളെ തൊട്ടറിയും പോലെ..
അവൾ എനിയ്ക്കായ് ഒരു വിരുന്ന് ഒരുക്കിയിരിയ്ക്കും പോലെ..
അതെ…എന്തോ ഒരു കുസൃതി ഞാൻ അറിയുന്നു..
ഇതുവരെ അറിയാത്ത ഒരു തരം അനുഭൂതി…നിർവ്വികാരത..
ആദ്യമായി മൂക്കിൻ തുമ്പിന്മേൽ ചലനമുണർത്തുന്ന ഒരു ഗന്ധം..
അതെ…ആ ഗന്ധം എന്നിലേയ്ക്ക് അടുക്കുന്നു..
ഏതോ ഒരു പുതിയ ലോകത്ത് എത്തിപ്പെട്ട പ്രതീതി..
പെട്ടെന്ന്…
വിളറിവെളുത്ത തണുത്തുറച്ച വിറങ്ങലിച്ച ഉടലിൽ ആരോ ചുറ്റിപ്പിടിച്ച പോലെ…
ഹൃദയമിടിപ്പുകൾ നിന്നു..
കഴുത്തിനു താഴെ ഒരു നീറ്റൽ..
അമ്മേ….അറിയാതെ വേദനയാൽ ഒന്നു പുളഞ്ഞു..
ചുണ്ടുകൾക്ക് വിതുമ്പലുകൾ ഒതുക്കാനാവാതെയായി..
പുഴയെ ഗൌനിയ്ക്കാതെ ...അവളെ മറി കടന്ന് ഉടുവസ്ത്രങ്ങൾ പെറുക്കി ഓടുമ്പോൾ ..
പിൻകഴുത്തിലെ നീറ്റലിൽ നിന്ന് രക്തം പൊടിഞ്ഞ് ഒലിയ്ക്കുന്നെണ്ടെന്നറിഞ്ഞ് ഭയന്നു..
ഓടുന്നിടെ കൂട്ടിപ്പിടിച്ച തുണികൾ കൊണ്ട് അത് തുടയ്ക്കുവാന്‍ ശ്രമിച്ചു…


“സാരല്ല്യാ…ന്റെ മോൾ കരയാതെ…ഈശ്വരൻ കാത്തു..
വേറെ എന്താ ഞാൻ പറയ്യാ ന്റെ കുട്ട്യേ..
അമ്മേടെ മോൾ ഇനി പുഴയിൽ കുളിയ്ക്കാന് പോണ്ട..
അമ്മ കാവൽ നിൽക്കെ കുളിമുറിയിൽ കുളിച്ചാൽ മതീ ട്ടൊ.“
അമ്മ വാത്സല്ല്യത്തിനു മൂളി കൊടുക്കുമ്പോൾ..
പിൻ കഴുത്തിലെ നീറ്റലിൻ തൊട്ട് തലോടി,
അമ്മ മൂക്കത്ത് വിരൽ വെച്ചു..
ഹൊ…ദുഷ്ടൻ…പല്ലിന്റെ പോറലുകൾ…ചോര കക്കിയ പാടുകൾ..
ന്റെ കുട്ടീടെ വേദന എങ്ങനെ അടങ്ങും ..
കൌമാര വികൃതിയുടെ ആനന്ദം ന്റെ കുട്ടിയെ തീരാ ദു:ഖത്തിൽ ആഴ്ത്തിയല്ലോ.. ഈശ്വരാ..“



“എന്റെ നീരാട്ടിൻ വർണ്ണപൊലിമകൾ നാല് ചുവരുകൾക്കുള്ളിൽ കുറ്റിയും കൊളത്തും ഇട്ട് ബന്ധിയ്ക്കപ്പെട്ടിരിയ്ക്കുന്നു..
എന്റെ കൌമാര പ്രണയമേ…ഒരു കടൽ കൊള്ളക്കാരനെ പോൽ എന്തിനു നീ എന്റെ ആഹ്ലാദം കട്ടെടുത്തു..
നിന്റെ ഉണ്ട കണ്ണുകൾ പൊന്ത ചെടികൾക്കുള്ളിൽ എന്നെ തിരയുന്നുണ്ടെന്ന് ഞാൻ അറിഞ്ഞിട്ടും നിന്നെ ഗൌനിയ്ക്കാഞ്ഞത് എന്റെ തെറ്റ്…
അതിനു ഇത്രയും വലിയ ശിക്ഷയോ..
നിന്റെ ദന്ത ക്ഷതങ്ങൾ മായുന്നില്ല..
ആ നീറ്റലുകൾ സഹിയ്ക്കാനാവുന്നില്ല..
നിന്റെ കൌമാര വികൃതി തകർത്തത് മുത്തും ചിപ്പികൾക്കുമിടയിൽ ഞാൻ തേടും പ്രണയമായിരുന്നില്ലേ..“

എന്റെ ഗദ്ഗദങ്ങൾക്ക് മൂർച്ച കൂടിയപ്പോൾ ,
മത്സ്യ ഗന്ധം വഹിയ്ക്കാത്ത ജലകുമാരൻ മുക്കുവന്റെ വേഷ പ്രച്ഛന്നനായി ചെവിയിൽ സ്വകാര്യം പറഞ്ഞു,..
“എടീ നീ എന്റെ കടി നാട്ടിൽ പാട്ടാക്കിയല്ലേ…
നാട്ടുകാർ എന്റെ കടിയെ മൂക്കത്ത് വിരൽ വെച്ച് പാടി നടക്കുന്നു..
എന്റെ പുറം പള്ളിപ്പുറം ആക്കാൻ..

എടീ..…കടി..വടി..അടി…ഇടി..
നിന്റെ മേലാ സകലം എന്റെ സ്പർശം അറിയിയ്ക്കും ഞാൻ..
നിന്റെ മുറവിളികൾ കാട്ടു തീ പോൽ പടരുമ്പോൾ എന്റെ വിഷമില്ലാ പല്ലുകൾ കാട്ടി നിന്നെ കളിയാക്കി ചിരിയ്ക്കും ഞാൻ..
ഹമ്പടാ…എന്നോടാ കളി..!

Saturday, February 4, 2012

മുല്ലേ...നിന്നോട്...!


സുപ്രഭാതം പ്രിയരേ....
ഈ പൊൻ പുലരിയ്ക്ക് ഒരു നറു സൌരഭ്യമില്ലേ...
അസാമാന്യമായ ഒരു വശ്യതയില്ലേ..
പ്രണയത്തെ അനുസ്മരിപ്പിയ്ക്കുന്ന...
നനവു വിടരാത്ത മുടിയിഴകളുടെ  ഗന്ധം..

“ മുല്ല “....
‘പെയ്തൊഴിയാൻ  ‘എന്ന എന്റെ പൂങ്കാവനത്തിൽ നീണ്ട ഉറക്കത്തിൽ ആയിരുന്നു അവൾ..
ഇന്നവൾ സ്വര സംഗീത മാധുരിയിൽ ഉണർന്നിരിയ്ക്കുന്നു.




കവിത: മുല്ലേ നിന്നോട്
രചന: വര്‍ഷിണി*
ആലാപനം: ബാബു മണ്ടൂര്‍


ഇലകളിലിറ്റ് വീഴുന്നുവോ തുള്ളികൾ
പിന്നെയാ ഞെട്ടറ്റു വീണ പൂവിലും

ഇലകളിലിറ്റ് വീഴുന്നുവോ തുള്ളികൾ
പിന്നെയാ ഞെട്ടറ്റു വീണ പൂവിലും

ഇറയത്ത് ഓരം ചേർന്നു നില്ക്കുമെന്നുള്ളിൽ
നിറയുന്നു വീണ്ടുമീ ചോദ്യങ്ങളിങ്ങനെ

ഇറയത്ത് ഓരം ചേർന്നു നില്ക്കുമെന്നുള്ളിൽ
നിറയുന്നു വീണ്ടുമീ ചോദ്യങ്ങളിങ്ങനെ

ഇന്നലെ സന്ധ്യയിൽ പെയ്തു തോർന്ന മഴയിൽ
നിന്നിലെ ആശകൾക്കു മങ്ങലേറ്റുവോ

കൺപീലികളിൽ തുളുമ്പിയ തുള്ളിയിൽ
നഷ്ടസ്വപ്നങ്ങൾതൻ  വേദന നിറഞ്ഞുവോ

ഇന്നലെ സന്ധ്യയിൽ പെയ്തു തോർന്ന മഴയിൽ
നിന്നിലെ ആശകൾക്കു മങ്ങലേറ്റുവോ

കൺപീലികളിൽ തുളുമ്പിയ തുള്ളിയിൽ
നഷ്ടസ്വപ്നങ്ങൾതൻ വേദന നിറഞ്ഞുവോ

അന്നത്തെ രാത്രിയിൽ ഒളികണ്ണെറിഞ്ഞ
പൌര്‍ണ്ണമിയെ നോക്കി മദഗന്ധമൊഴുക്കി നീ

അന്നത്തെ രാത്രിയിൽ ഒളികണ്ണെറിഞ്ഞ
പൌര്ണ്ണമിയെ നോക്കി മദഗന്ധമൊഴുക്കി നീ

ആദ്യ സ്പർശത്തിനായ് വെമ്പുമാ മൊട്ടിലും
കണ്ടു ഞാൻ ആഗ്രഹ തൂമഞ്ഞു തുള്ളികൾ

ആദ്യ സ്പര്‍ശത്തിനായ് വെമ്പുമാ മൊട്ടിലും
കണ്ടു ഞാൻ ആഗ്രഹ തൂമഞ്ഞു തുള്ളികൾ

പെണ്ണിന്നു മണമായ് രാഗ ഭാവങ്ങളായ്
വെൺ ദലങ്ങളാൽ പുഞ്ചിരിയ്ക്കും നിന്നെ
അരിമുല്ലയെന്ന് വിളിച്ചു ഞാൻ ഓമനേ

പെണ്ണിന്നു മണമായ് രാഗ ഭാവങ്ങളായ്
വെൺദലങ്ങളാൽ പുഞ്ചിരിയ്ക്കും നിന്നെ
അരിമുല്ലയെന്ന് വിളിച്ചു ഞാന്‍ ഓമനേ

ഇന്നീ പുലരിയിൽ കാണുന്നു
അനാഥമായ് വലിച്ചെറിയപ്പെട്ട നിന്നെ
നിൻ കൊടും ദുഃഖവും

ഇന്നീ പുലരിയിൽ കാണുന്നു
അനാഥമായ് വലിച്ചെറിയപ്പെട്ട നിന്നെ
നിൻ കൊടും ദുഃഖവും

എത്രയോ കാലമായ് ഈ വിലാപം കേൾക്കവേ
പൂവേ നിന്നെ ഞാനിന്ന് പെണ്ണെന്ന് വിളിയ്ക്കട്ടെ

എത്രയോ കാലമായ് ഈ വിലാപം കേള്‍ക്കവേ
പൂവേ നിന്നെ ഞാനിന്ന് പെണ്ണെന്ന് വിളിയ്ക്കട്ടെ

എത്രയോ കാലമായ് ഈ വിലാപം കേള്‍ക്കവേ
പൂവേ നിന്നെ ഞാനിന്ന് പെണ്ണെന്ന് വിളിയ്ക്കട്ടെ..

Click here to download

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...