Friday, December 30, 2011

ന്റ്റെ സ്നേഹോപഹാരം...!

നീണ്ട മൌനത്തില്‍ നിന്ന് മയങ്ങി ഉണരാന്‍ വെമ്പും
വരും നാളെകള്‍ എന്‍റെ  പ്രിയര്‍ക്കായ്!


എന്റെ പ്രണയ സ്വാതന്ത്ര്യമാണ് “പെയ്തൊഴിയാന് “..
പിന്നിട്ട ദിനങ്ങളിലെ എന്റെ പ്രണയ സൌന്ദര്യം എന്റെ പ്രിയര് മാത്രമാണ്..!

പെയ്തൊഴിയാത്ത മഴ പോലെ..
കുത്തിയൊഴുകുന്ന പുഴ പോലെ..
പ്രേമത്തിന്റെ ലഹരി പോലെ..
രാവിനെ ആശ്ലേഷിയ്ക്കും നിലാവിനെ പോലെ..
എന്റെ നിശ്ശബ്ദ സ്നേഹം വാക്കുകളാല് മറച്ചു കൊണ്ട് ഞാന് മോചിതയാവുകയാണ്..!

മോഹിയ്ക്കും മഞ്ഞുകാല സായാഹ്നങ്ങളും..
മണ്ണിനെ ചുംബിയ്ക്കും മഴനീര്ത്തുള്ളികളും..
ബാല്യം ഉണര്ത്തും മാമ്പഴക്കാലവും..
നിറമുള്ള പൂക്കള് വിരിയും പ്രണയ ദിനങ്ങളും..
എന്റെ  സ്നേഹോപഹാരമായ്  നിങ്ങള്ക്ക് അര്പ്പിച്ച്
വരും പവിത്ര ദിനങ്ങള് ജനിയ്ക്കാനായ് ഞാന് നിങ്ങള്ക്ക് കൂട്ടു നില്ക്കുകയാണ്..

എന്റെ പ്രിയര്ക്ക് സ്നേഹം നിറഞ്ഞ..ഹൃദ്യമായ പുതുവത്സരാശംസകള്…!

വര്‍ഷം, ഹേമന്തം, ശിശിരം, ഗ്രീഷ്മം...തുറക്കും കവാടം...!

( Click above to download NEW YEAR calender )

Wednesday, December 7, 2011

രോദനം...


സ്വൈര്യം കളഞ്ഞു നാശം..!
നീ ഇങ്ങനെ ആര്‍ത്തലച്ച് കരയുന്നതിന്‍റെ കാരണം വ്യക്തമാക്കൂ..
നിനക്ക്  വിശക്കുന്നുണ്ടോ?
വിശക്കുന്നവന്‍  അന്നം നല്‍കണമെന്നത് ദൈവ വചനം..
ഞാനത് അനുസരിയ്ക്കുന്നു..
നിനക്ക് ഒരു പിടിയല്ല..വയറു നിറയെ ഉണ്ണാനുള്ള അരിമണികള്‍ നിന്‍റെ മാറാപ്പ് സഞ്ചിയില്‍  നിറഞ്ഞ നാഴികള്‍  കൊണ്ട് അളക്കാതെ ഞാന്‍ കമഴ്ത്തി തരാം..
തോളിലെ ആ ഭാരം ചുമന്ന് നീ ഈ വീടിന്‍റെ മുന്‍ വശത്തെ തൊടിയിലൂടെ ഇറങ്ങുന്ന ഇടുങ്ങിയ ഇടവഴിയിലേയ്ക്ക് പ്രവേശിയ്ക്കുക..
ആ ഇടവഴി അവസാനിയ്ക്കുന്ന മാളിക മുറ്റത്ത് കിരീടമണിഞ്ഞ രാജാവിനേയും രാജ്നിയേയും കാണാം..
പ്രജകളുമായുള്ള അവരുടെ തര്‍ക്കങ്ങള്‍ മൂക്കുമ്പോള്‍ ഓടി വരുന്ന വാത്സല്ല്യവും..
സ്നേഹ പ്രകടന ഹര്‍ജികളാല്‍ അവരെ പാട്ടിലാക്കുന്ന അരമന റാണിയേയും കാണാം..
പൊട്ടിച്ചിരികളുടേയും ആഹ്ലാദങ്ങളുടേയും ലോകം നിനക്ക്  അന്യമല്ല. 
സാവകാശം നീങ്ങാം..
ഇനി ആ മാളിക മതിലിനപ്പുറത്തേയ്ക്ക് ഒന്ന് എത്തി നോക്കിയാല്‍ ഇന്നേ വരെ കാണാത്ത ഒരു പുതു ലോകം ദര്‍ശിയ്ക്കാം...
ഒരു കുഞ്ഞിന്‍റെ കാലടി ശബ്ദം കൊതിച്ച് മരവിച്ച് കിടക്കുന്ന ചാണക വെള്ളം തെളിച്ച തറയും
ആ തറയില്‍ വിശപ്പിന്‍റെ ആലസ്യം തീര്‍ക്കാനാവാതെ തളര്‍ന്നുറങ്ങുന്ന കിരീടമില്ലാത്ത രാജകുമാരനും രാജകുമാരിയും..
കൊതിപ്പിയ്ക്കുന്ന രുചികളുടെ ആവിയും  മണവുംഅലുമിനിയം പാത്രങ്ങളുടെ തട്ടലുകളും മുട്ടലുകളും കാത്ത് കിടക്കുന്ന അടുക്കളയും..
വിറയ്ക്കുന്ന ചുണ്ടുകളാല്‍ ഒരായുഷ്ക്കാലം തീര്‍ക്കാനായി ഒരിടം തിരഞ്ഞെടുത്ത പോലെ ആ മുക്കില്‍ ചുരുണ്ടിരിയ്ക്കുന്ന കരിഞ്ഞ ജീവനും..
തോളിലെ ഭാരം ഇപ്പോള്‍ അസഹ്യമായി തോന്നുന്നില്ലേ…?
ആ മാറാപ്പിലെ  അരി മണികള്‍ അവളുടെ മടിത്തട്ടിലേയ്ക്ക് പകര്‍ത്തി  അവള്‍ കൈമാറുന്ന കടാക്ഷവും കൈപറ്റി ഇടം വലം നോക്കാതെ ഇറങ്ങി തിരിച്ച ഇടുങ്ങിയ ഇട വഴിയിലൂടെ തന്നെ തിരിയ്ക്കുക..
കരുണയെന്ന മഹത് പ്രവൃത്തിയില്‍ വിശ്വസിച്ച് കൈകള്‍ കഴുകി ഭോജന മുറിയില്‍  വന്നാല്‍  കിണ്ണങ്ങളുടേയും കരണ്ടികളുടേയും  ഒച്ചകള്‍  അലസോലപെടുത്തുന്നതായി തോന്നുകില്ല...!
 

അല്പം വിശ്രമം ആകാം..
ഇനി ഒരു യാത്രയ്ക്ക് ആവശ്യം വരുന്നതിനേക്കാളേറെ പണതുട്ടുകള്‍ പണ സഞ്ചിയില്‍ അടുക്കി നിന്നെയൊരു യാത്രയ്ക്ക് ഒരുക്കുകയാണ്‍..
പണ സഞ്ചി ഇടുപ്പില്‍ ഭദ്രമായി തന്നെ ഇരിയ്ക്കട്ടെ..
കാല്‍ നടയാകാം..
വരണ്ട വയൽപ്പാടങ്ങളുടേയും ഞെട്ടറ്റു വീണ ഞാവല്‍പ്പഴ മരങ്ങളുടേയും ഇടയിലൂടെ പരിചിതമല്ലാത്ത വഴികളിലൂടെയുള്ള അലച്ചല്‍ ഒരു കൊച്ചു ഭവനത്തിന്‍റെ ഉമ്മറ പടിയില്‍ അവസാനിപ്പിയ്ക്കും..
ആ വേലി മറ നീക്കി തുറന്നു കിടക്കുന്ന കതകില്‍ തട്ടിയാല്‍ ആള്‍മറ നീക്കി തിളക്കമുള്ള കണ്ണുകളും  മിനുക്കമുള്ള മുഖവുമുള്ള സുന്ദരി സല്‍ക്കരിയ്ക്കാനായി ഓടി വരും..
അവളുടെ ഭര്‍ത്താവ്  അന്യ ദേശത്തു നിന്ന് അവര്‍ക്ക്  പിറന്ന പൊന്നോമനയെ കാണാന്‍ മരുഭൂമിയില്‍ നിന്ന് ഇറങ്ങി വരുന്ന സന്തോഷമാണ്‍ ആ മുഖത്ത്..
മുറ്റത്ത് വിരിഞ്ഞു നില്‍ക്കുന്ന പൂക്കളിലും..അകത്ത്  മകന്‍ പലഹാരങ്ങള്‍ ഒരുക്കുന്ന  വാത്സല്ല്യ ഹൃദയത്തിലും കാണാം അവളുടെ മുഖത്തെ വിവിധ വര്‍ണ്ണങ്ങള്‍ പാറി കളിയ്ക്കുന്നത്..
ഇനിയും കുറച്ച് ദൂരം യാത്ര ചെയ്യാനുള്ളതാണ്‍..
ഇരുട്ടി തുടങ്ങിയാല്‍ പിന്നെ കാല്‍നടക്കാര്‍ അധികം കാണില്ല..
അധിക സമയം അവിടെ കരുതി വെയ്ക്കാനില്ല...
പുറപ്പെടാം..
കിഴക്ക് വശത്തായി ഇഷ്ടം പോലെ സ്ഥലം ഒഴിഞ്ഞു കിടക്കുന്നു..
നടത്തത്തിന്‍റെ വേഗത ചുരുക്കി ചുറ്റും നോക്കിയാല്‍ ആള്‍മറയില്ലാതെ തുറന്നു കിടക്കുന്ന ഒരു കൂര കാണാം..
അനുവാദത്തിനായി കാത്തു നില്‍ക്കേണ്ടതില്ല...
ദശയില്ലാതെ  എല്ലുന്തിയിരിയ്കുന്ന വികൃത രൂപത്തെ ഓര്‍മ്മിപ്പിയ്ക്കുന്ന ഒരു പേയ് കോലത്തെ തട്ടി തടഞ്ഞ് വീഴുമെന്നത് നിശ്ചയം..
അവള്‍ക്ക്  വെട്ടം ഭയപ്പാടുണ്ടാക്കുന്നുവത്രെ,..
അവള്‍ ഒരു മനോരോഗിയാണ്‍.നിരാലംബയാണ്‍....ഒരമ്മയാണ്‍..
ഏതോ ഇരുളാര്‍ന്ന പകലുകളും ഉഷ്ണിച്ച രാത്രികളും അവള്‍ക്കു നല്‍കിയ പ്രണയോപഹാരം ആ മടിത്തട്ടില്‍ മയങ്ങി ഉറങ്ങുന്നു..
ഇടുപ്പിലെ പണസഞ്ചി ഇരിയ്ക്കുന്നിടം ഇപ്പോള്‍ ഇറുക്കുന്നുവല്ലേ??
അതിനെ വലിച്ചെടുത്ത് അവള്‍ അറിയാതെ അവളുടെ സാരി തലപ്പില്‍ കെട്ടിയിട്ട്  വന്ന വഴിയ്ക്കു തന്നെ തിരിയ്ക്കാം..

വീട്ടു പടി കടന്നതും കിണറ്റില്‍ നിന്ന് വെള്ളം കോരി കാലും കൈയ്യും മുഖവും കഴുകി ഉമ്മറ തിണ്ണയില്‍ ചായുമ്പോഴേയ്ക്കും ചായയും പലഹാരവും തയ്യാറയിരിയ്ക്കും..
പതിവില്ലാത്ത യാത്ര.
ക്ഷീണം തോന്നുന്നുണ്ടെങ്കില്‍  ഇച്ചിരി  നേരം കതകടച്ച്  മുറിയിലിരിയ്ക്കൂ..
തനിച്ചാകുന്ന ആ നിമിഷങ്ങളില്‍  വേദനകള്‍  പടര്‍ന്ന ചൊദ്യങ്ങളെ വായുവിലേയ്ക്ക് എടുത്തെറിയുക...
അതേ വേഗതയില്‍ തിരിച്ചു  വന്നു വീഴുന്ന ഉത്തരങ്ങളെ പെറുക്കി  കൂട്ടി സൌകര്യാര്‍ത്ഥം വാതില്‍ തുറക്കുക..
ഗാഡമായ  ആലോചനയില്‍ എന്നോണം  ഞാന്‍ അവിടെ തന്നെ കാവലിരിയ്ക്കുന്നുണ്ടാകും....!


“വിയര്‍പ്പിന്‍റെ രൂക്ഷ ഗന്ധവും ആത്മാവിന്‍റെ വേദനയും അനുഭവപ്പെടുന്നു നീ ആ വാതില്‍ പാളികള്‍ തള്ളി തുറന്നപ്പോള്‍..
പിന്നേയും രോദനംപിന്നേയും രോദനം..
നിനക് ഇപ്പോഴും വിശക്കുന്നുണ്ടോ..?“

“അല്ലാഅതല്ലാഎന്നെ കേള്‍ക്കാന്‍ മനസ്സ് കാണിയ്ക്കൂ
നിങ്ങള്‍ക്കറിയോ..
എന്റ്റെ കഴുത്തിലും മാറിലും ഒരുപാട് ചൂട് കുരുക്കള്‍ പൊന്തിയിരിയ്ക്കുന്നു..
ചുട്ടു പൊള്ളലുകള്‍  സഹിയ്ക്കാനാവാതെ .. സ്വയം ഊതി കെടുത്താനാവാതെ
ഞാന്‍ വീണ്ടും വീണ്ടും മാനത്ത് വട്ടം കറങ്ങി തിരിയുന്ന  മഴ മേഘ കൂട്ടങ്ങളെ  ഒരു വേനല്‍ മഴയ്ക്കായ് ആര്‍ത്തിയോടെ നോക്കി..
അപ്പോഴുണ്ട്.. അവര്‍ക്ക് പെട്ടെന്ന് കണ്ണും മൂക്കും വായും വന്ന പോലെ..
അവര്‍ ജിജ്നാസയോടെ  ചോദിച്ചു,
“നിന്‍റെ പ്രണയം ഒരു ഉല്ലാസ യാത്രയ്ക്ക്  പുറപ്പെട്ട്  പോയതല്ലേ..?
എന്നിട്ടും നീ എന്തിനു ഒരു വിരഹിണി കണക്കെ.. ഒരു പട്ടിണി പാവം കണക്കെ  അവന്‍ എറിഞ്ഞു തരുന്ന  അന്നത്തിനായി കൈ നീട്ടി നില്‍ക്കുന്നു..?
നിനക്ക് എറിഞ്ഞു തരുന്ന  അന്ന പൊതിയില്‍ നിന്നൊരു വറ്റ്  മണ്ണില്‍ തെറിച്ചു വീഴുമ്പോഴും ആര്‍ത്ത്തിയോടെ  ഒരു മൊട്ടു സൂചി കൊണ്ടതിനെ നോവിയ്ക്കാതെ എടുത്ത് ഭക്ഷിയ്ക്കുന്നു..
കനമുള്ള പോറലുകള്‍ പേറാന്‍  നിനക്കാവുന്നത് എങ്ങനെ..?“

എന്റ്റെ വേദന അവര്‍ മനസ്സിലാക്കിയിരിയ്ക്കുന്നു..
നിനക്ക് നല്‍കാനാവാത്ത  ഉത്തരം ഞാനവര്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിതയായി..

“തിരശ്ശീലയ്ക്കു പിന്നില്‍ നിന്ന്  “രണ്ട് കണ്ണുകള്‍ “ ഇറുക്കി അടച്ചു കൊണ്ട്  എന്നോട് പറഞ്ഞു,
‘ജോലിയില്‍ വിള്ളലുകള്‍..
അതു സംബന്ധിച്ച് ജീവിതത്തില്‍ വിള്ളലുകള്‍..
ഒന്നു നിര്‍ത്തി.. കണ്ണുകള്‍ ചിമ്മി അടച്ചു..
ഡാമില്‍ വിള്ളലുകള്‍..
ജീവിതങ്ങളില്‍ ഇങ്ങനെ ക്ഷതികള്‍..
നരകമെവിടെസ്വര്‍ഗ്ഗമെവിടെ?
സൌഹൃദങ്ങള്‍ പോലും ഒരു മായയാണ്‍ കുട്ടീ..
സ്നേഹം..ബന്ധങ്ങള്‍.. എല്ലാം മിഥ്യയാണ്‍..
ഏതില്‍ മുഴുകിയാലും എല്ലാം നശിയ്ക്കും..
ഈശ്വരന്‍ മാത്രം ശാശ്വതം..സ്വന്തം..
നീയും അവനോട് അടുക്കു..
നിന്‍റെ വേദനകളെ  ഇല്ലാതാക്കു..“
 
‘കഷ്ടം..!
മഴമേഘങ്ങള്‍  പരിതപ്പിച്ചു...പിന്നെ ശാസിച്ചു..
ഏതു നേരവും നിന്നില്‍ ഉയരുന്ന തേങ്ങലുകള്‍ വിശപ്പിന്‍റേതു തന്നെ..
എപ്പോഴും തണുത്തുറച്ച്   വിറങ്ങലിച്ചിരിയ്ക്കുന്ന  നിന്‍റെ ഉടലിന്‍
ഇടറിയ കാല്‍വെയ്പ്പുകള്‍  ശീലമല്ല 
വിള്ളലുകള്‍ ശീലമല്ല..
വിശപ്പുകള്‍ ശീലമല്ല..
നീ അപരിചിതരെ  ഭയക്കേണ്ടിയിരിയ്ക്കുന്നു..
ദുഷ് ചിന്തകള്‍ നിന്നെ ആക്രമിച്ചേയ്ക്കാം..“

ഒരു വേനല്‍ തുള്ളിയെ പോലും അനുവദിയ്ക്കാതെ ആ മഴമേഘ കൂട്ടങ്ങള്‍  വട്ടം കറങ്ങി..കറങ്ങി..വിട വാങ്ങി..

ഞാന്‍ ഇപ്പോഴും ആലോചനയിലാണ്‍..
മഴമേഘങ്ങളെ നിങ്ങളോടിത്രയും  പറഞ്ഞു തീര്‍ക്കാനുള്ള ധൈര്യം എനിയ്ക്ക് എവിടെന്നു കിട്ടി..?


Saturday, November 19, 2011

കല്ല്യാണ തേന്മഴ ...!


“ചപ്പി ചീവിയ നനഞ്ഞൊട്ടിയ തലമുടിയും...
ഒട്ടിയ കവിളുകളിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികളും..
മഴയില്‍ കുളിച്ച് തനിച്ചു വന്നിരിയ്ക്കുന്നു പെണ്ണു കാണാന്‍ വന്ന ചെറുപ്പക്കാരന്‍..
അതായിരിയ്ക്കാം പ്രേമന്‍റെ ചുമലുകള്‍ ചെറുതായി വിറയ്ക്കുന്നത്..
ചുളുന്നനെ കുത്തുന്ന മഴ വെള്ള തണുപ്പ് അസഹ്യമാണ്‍..
പ്രേമനെ കുറ്റപ്പെടുത്താനാവില്ല..
പാവം....!
പ്രേമനെ സല്‍ക്കാര മുറിയില്‍ നിന്ന് അകത്തളത്തിലേയ്ക്ക് കൊണ്ടു പോയി ഇരുത്തൂ..“
 അമ്മമ്മ കൽപ്പിച്ചു...ഉണ്ണിയേട്ടന്‍  അനുസരിച്ചു..!

തനിയ്ക്കു നേരെ നീണ്ട കൈവിരലുകളിലെ ചായക്കപ്പില്‍ നിന്ന് അവളുടെ തുടുത്ത മുഖത്തേയ്ക്ക് പ്രേമന്‍റെ കണ്ണുകള്‍ പരതി..
“എന്താ പേര്‍..?
രാധ…കൃഷ്ണന്‍റെ രാധ..!
ഞാന്‍ തന്നെ വേഷം കെട്ടിച്ചു എന്ന് തോന്നുന്നുണ്ടോ..കൃഷ്ണന്‍റെ രാധേ..?
ഊഹും..ഞാനും കാണാന്‍ കാത്തിരിയ്ക്കായിരുന്നു..
ഉവ്വോ..?
നമ്രമുഖി അല്ലെങ്കിലും രാധയുടെ ഈ നിൽപ്പ് എന്‍റെ കണ്ണുകള്‍ക്ക് ആനന്ദം നല്‍കുന്നൂ..“
അവന്‍ പുഞ്ചിരിച്ചു,
അവള്‍ മന്ദഹസിച്ചു…!
ചെറിയൊരു നാണം അവള് അനുഭവിയ്ക്കുന്നൂ..,
അവന്‍ ആശ്വാസം തോന്നി…!

“ഉനക്ക് തമിഴ് തെരിയുമാ..”
ന്താ…?
അവളില്‍ പൊടിഞ്ഞ നാണം ഇപ്പോള്‍ കൌതുകം,  അമ്പരപ്പ്, ആകാംഷ എന്നീ വികാരങ്ങളിലേയ്ക്ക്  വഴിമാറുന്നത് അവന്‍ അന്തം വിട്ട് നോക്കി ഇരുന്നു.
“താനിങ്ങനെ ഞെട്ടുന്നതെന്തിനാ കുട്ടീ..തനിയ്ക്ക് തമിഴ് ഭാഷ വശമുണ്ടോ എന്ന് മാത്രമല്ലേ ഞാന്‍ ചോദിച്ചുള്ളൂ..“
“അതേയോ..
ഉവ്വ്...നിയ്ക്ക് ഇഷ്ടാണ്‍  തമിഴ്…
കാണാനും കേള്‍ക്കാനും സുഖമുള്ള മനോഹര ഭാഷയാണ്..
പക്ഷെ എന്നെ പോലെയുള്ളവര്‍ കുഴയും തമിഴ്  അര്‍ത്ഥം അറിഞ്ഞ് വായിയ്ക്കണമെങ്കില്‍..
ന്തേ…എന്താണ് പ്രേമന്‍ ഈ ഭാഷയോട് പ്രിയം..?“
“ഹേയ്…അങ്ങനെ പ്രത്യേക കാരണം ഒന്നുമില്ല, എന്നാല്‍ ഉണ്ട് താനും..
കുറച്ച് മാസങ്ങള്‍ക്കകം എനിയ്ക്ക് ചെന്നൈയിലോട്ട്  ഒരു സ്ഥല മാറ്റം..
ഭാഷ വശമില്ല എന്ന കാരണത്താല്‍ താന്‍ ബുദ്ധിമുട്ടരുതല്ലോ..“

ഉം…മാറിലേയ്ക്ക് വീണു കിടക്കുന്ന മുല്ല മാലയില്‍ നിന്നൊരു ഇതള്‍ പറിച്ചെടുത്ത് അവള്‍ കളിച്ചു നിന്നു..
ആ ഇതളിന്‍റെ അന്ത്യവും കാത്ത് അവന്‍ നോക്കി ഇരുന്നു..

“രാധേ..എന്നെ ഇഷ്ടമായെങ്കില്‍, ചെന്നൈ ഇഷ്ടമാവുമെങ്കില്‍ താന്‍ തന്‍റെ പെട്ടി സാമഗ്രികള്‍ രഹസ്യമായി ഒരുക്കാന്‍ തുടങ്ങിക്കോളൂ ..
പിന്നെ എന്നോട് മാത്രമായി എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍  അതും ആവാം ഇപ്പോള്‍..“
അവളുടെ തിളങ്ങുന്ന കണ്ണുകളിലേയ്ക്ക് അവന്‍ ഉറ്റു നോക്കി..
“ഊഹും..
ഇപ്പോള് നിങ്ങള്‍ക്ക് നല്കുവാനായി എന്‍റെ കയ്യില്‍ വിവരണങ്ങളൊന്നും തന്നെ ഇല്ല പ്രേമന്‍..,“
അവളുടെ വിരലുകള്‍ അടുത്ത ഇതള്‍ പറിച്ചെടുക്കുവാനായി ഒരുങ്ങി..
“എന്‍റെ മന ചെപ്പില്‍ എന്‍റെ പ്രിയനായ് ഞാന്‍ ഒളിപ്പിച്ചു വെച്ചിരിയ്ക്കുന്ന പളുങ്കു മണികള്‍ ഒരിയ്ക്കല്‍…
……..ഉം……നമ്മുടെ ആദ്യരാത്രിയില്‍ മണിയറ മെത്തയില്‍ നിനക്കായ് ഞാന്‍ വിതറി തരാം..
ക്ഷമയുണ്ടാകില്ലേ പ്രേമന്‍..?“

അവന്‍റെ കണ്ണുകളിലെ തിളക്കം വര്‍ദ്ധിച്ചു..
അവളുടെ നുണകുഴികളില്‍ ഇനിയും വീഴാത്ത നാണം  അവന്‍റെ ഒട്ടിയ കവിളുകളിലേയ്ക്ക് വ്യാപിച്ചു..
രാധ നല്‍കിയ ചുടു ചായ ഊതി കുടിയ്ക്കാനെന്നോണംകയ്യിലെടുത്തു
തണുത്തുവെന്ന് ബോധ്യമായപ്പോള്‍ പ്രേമനത് ഊറ്റി കുടിച്ച് ഇറങ്ങാനായി ഭാവിച്ചു…


***********************************************************************************

രാപ്പകല്‍ എന്നില്ലാതെ  ആര്‍ത്തലയ്ക്കുന്ന ഒടുങ്ങാത്ത മഴ…!
വലതുകാല്‍ നീട്ടി രാധ വളരെ സാവകാശം ഗോവണിപ്പടികള്‍  കയറി..
കിടപ്പറയുടെ വാതിലടഞ്ഞുവെന്ന്  ഉറപ്പു വരുത്തി മേശമേല്‍ പാല്‍ നിറച്ച കുപ്പി ഗ്ലാസ് വെച്ച്,
നനവ് വെടിയാത്ത മുടിയിഴകളില്‍ ഉടക്കി നില്‍ക്കുന്ന മുല്ലമാലകള്‍ വേര്‍പ്പെടുത്തി കാത്ത് നിന്നു..
ആ വെളുത്ത പൂക്കള്‍ മുത്തുമണികള്‍  പോലെ നിലത്ത്  ചിന്നി ചിതറുന്നതും നോക്കി അവന്‍ മെത്തയിലിരുന്നു..

“നനഞ്ഞൊലിച്ച കല്ല്യാണ നാളും, ഈറനണിഞ്ഞ ആദ്യ രാത്രിയും..
രാധേ നീ അറിയുന്നില്ലേ പുറത്തെ മേളം..?
നിന്നെ കണ്ട നാള്‍ മുതല്‍  അകമ്പടിയായി ഈ കള്ളന്‍ മഴയുമുണ്ട് എന്‍റെ കൂട്ടിന്‍..
മഴ നിന്നെ ഓര്‍മ്മിപ്പിയ്ക്കുന്നു പ്രിയേ..”

“ഉം..എനിയ്ക്ക് അറിയാമായിരുന്നു എന്‍റെ കല്ല്യാണ നാള്‍ നനഞ്ഞൊലിയ്ക്കുന്നതായിരിയ്ക്കുമെന്ന്..
കുഞ്ഞു നാള്‍ മുതല്‍ കിണ്ണത്തില്‍ നിന്ന് ചിരകിയ തേങ്ങ വാരി ഓടുമ്പോള്‍ എന്‍റെ അമ്മ പറയാറുണ്ട്..
‘നിന്‍റെ കല്ല്യാണത്തിന്‍ മഴ പെയ്യട്ടെ എന്ന്..’
എന്‍റെ അമ്മയ്ക്ക് പിഴയ്ക്കാറില്ല....!”

“അതേയോ...എന്നാല്‍ ഞാന്‍ ഇരട്ടപ്പഴം കഴിയ്ക്കാന്‍ ഉത്സാഹം കാണിയ്ക്കുമ്പോള്‍ എന്‍റെ അമ്മയും പറയാറുണ്ട്,
‘നിനക്ക് ഇരട്ട കുട്ടികള്‍ പിറക്കട്ടെ‘എന്ന്..അപ്പോള്‍ അതും സംഭവിയ്ക്കുമല്ലേ..?”
അവന്‍ അവളെ ഒളികണ്ണാല്‍ നോക്കി..എന്തേ...അവളില്‍ ലജ്ജയുടെ ഒരംശം പോലും പൊടിയുന്നില്ലാ...?
“രാധേ...ക്ഷീണം കൊണ്ടാണൊ നിന്‍റെ കണ്ണുകള്‍ മിഴിയാത്തത്..?
ഇങ്ങടുത്ത് വരൂ..
എനിയ്ക്ക് നിന്നെ ഈ രാമഴയില്‍ തന്നെ അറിഞ്ഞേ തീരൂ..
നിന്‍റെ മനചെപ്പ് തുറന്ന് ആ പളുങ്ക് മണികള്‍ വിതറി ഈ അരണ്ട വെട്ടത്തെ കണ്ണഞ്ചിപ്പിയ്ക്കുന്നതാക്കൂ..
ആ മണി കിലുക്കം കേള്‍ക്കാനായ് ഞാന്‍ അന്നു മുതല്‍ കാതോര്‍ത്തിരിയ്ക്കുകയാണ്‍..”
ഉം....അവള്‍ അവനരികില്‍ സ്ഥലം ഉണ്ടാക്കി ചേര്‍ന്നിരുന്നു..
അവളുടെ നുണകുഴികളില്‍ ലജ്ജയുണ്ടോ..?

“പ്രേമന്‍.....ഇവിടുത്തെ അന്തരീക്ഷം എനിയ്ക്ക് ഇഷ്ടന്മായി..എന്‍റെ കണ്ണുകളില്‍ ഉറക്കം നിറയുന്നതിന്‍റെ ലക്ഷണമാണത്..
ഇനി ഞാന്‍ പറയാന്‍ പോകുന്നത് കാതോര്‍ത്തിരിയ്ക്കാ..
നമ്മള്‍ കണ്ട നാള്‍  പെയ്ത മഴ മുതലീ രാമഴ വരേയ്ക്കും ഞാനും കാത്തിരിയ്ക്കായിരുന്നുഈ ഒരു നിമിഷത്തിനായ്..
ഞാന്‍ പ്രേമനു വേണ്ടി സൂക്ഷിച്ചു വെച്ചിരിയ്ക്കുന്നത് വെറും അഞ്ചേ അഞ്ച് മുത്തു ചിപ്പികള്‍ മാത്രമാണ്‍..
ഈ അന്തരീക്ഷത്തില്‍ നിങ്ങള്‍ സമാധാനം കാംക്ഷിയ്ക്കുന്നുവെങ്കില്‍ ഞാന്‍ സംസാരിയ്ക്കുന്ന സ്വഭാവം തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കിയിരിയ്ക്കണം..
കേള്‍ക്ക നിങ്ങളെന്നെ..."

“പുലര്‍ക്കാല നേരത്ത് തോരാന്‍ പോകുന്ന മഴയെ നോക്കി കണ്ണുകള്‍ നിറയുക എന്‍റെ വിഷാദ രോഗത്തെ സൂചിപ്പിയ്ക്കുന്ന മനോ വിനോദമാണ്‍..
അന്നേരം എന്‍റെ നനഞ്ഞ കണ്ണുകളെ ചൂഴ്ന്നെടുക്കാന്‍ വരുന്ന ബലിഷ്ഠ കരങ്ങളെ എനിയ്ക്ക് ഭയമാണ്...” 


പാതിരാ മഴയില്‍ തിളയ്ക്കുന്ന എന്‍റെ പ്രണയ പരവേശം അക്ഷര മുത്തുകളാല്‍ കോര്‍ത്ത് മാല പണിയുന്നത്  എന്‍റെ ഹരമാണ്..
ആ മണിമുത്തുകളെ പൊട്ടിച്ചെടുക്കാന്‍ തുനിയുന്ന കത്തുന്ന കണ്ണുകളെ എനിയ്ക്ക് വെറുപ്പാണ്‍..”‘

“ബാല്യം മുതല്‍ ഞാന്‍ ശീലിച്ച കാച്ചിയ എണ്ണയുടെ ഗന്ധം,
ഞാന്‍ തന്നെ തുന്നിച്ചേര്‍ത്ത തലയിണ ഉറയെ നാറ്റമുള്ളതാക്കുന്നു എന്ന് പറയുന്ന അറപ്പുള്ള വാക്കുകളെ എനിയ്ക്ക് ഉള്‍ക്കൊള്ളാനാവില്ലാ..”


“കൌമാരം മുതല്‍ ഞാനണിഞ്ഞ് ശീലിച്ച കൈ നിറയെ കരി വളകളും ഒഴിഞ്ഞ കഴുത്തും മറ്റൊരാളുക്കു വേണ്ടി പൊട്ടിച്ചെറിയുവാനും എടുത്തണിയുവാനുമുള്ള മനോ ദു:ഖം എനിയ്ക്ക് താങ്ങാനാവില്ല..”


പിന്നെ..കൂട്ടാനിലെ കടുക് പൊട്ടിയില്ല എന്ന കാരണത്താല്‍ ആക്രോശിച്ച് ഭക്ഷണ പാത്രം തട്ടിത്തെറിപ്പിയ്ക്കുന്ന അഹങ്കാരത്തെ എനിയ്ക്ക് നിയന്ത്രിയ്ക്കാനാവില്ല..”

രാധ നിര്‍ത്തി..

അവളുടെ നുണകുഴികള്‍  വിരിഞ്ഞു..
അവനിലേയ്ക്ക് പാതി ചേര്‍ന്നിരുന്ന് മൊഴിഞ്ഞു..

“സുതന്തിരം മട്രും യഥാര്‍ത്ഥം പട്രിയ എന്നുടെ പേച്ചും സിന്തനയും മുര്‍പോക്കാന്വയ്..
എന്‍ കരം പറ്റ്രിയ തര്‍ക്കാഹെ വരുത്തപ്പെടാമല്‍ നീ പൊറുത്തു കൊള്ള വേണ്ടും..
നാന്‍ ചെന്നൈ വറുവതര്‍ക്കാഹെ എന്നുടയ സാധനങ്കളൈ പെട്ടിയില്‍ എടുത്തു വയ്ത്തുള്ളേന്‍..
എന്‍  കണ്‍കളും സോര്‍വടൈന്തുള്ളന്‍...


സുഭരാത്രി..പ്രേമന്‍...!



“മാധ്യമം”...ഓർമ്മകളുടെ പെരുമഴക്കാലം ഈറനണിഞ്ഞ “കല്യാണ തേന്മഴ” 

Sunday, October 23, 2011

വിഭ്രമം..

“പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ രാത്രികാലങ്ങളില്‍ കവിത എഴുതിക്കൂട..
ചിത്തഭ്രമത്തിന്‍റെ ലക്ഷണങ്ങളാണത്രെ..
ദിക്കില്ലാതെ സഞ്ചരിച്ചാല്‍ ഗന്ധര്‍വ്വന്‍ പിടികൂടാനും മതി.
കവിതകളില്‍ ആസക്തിയുള്ള പെണ്‍കുട്ടികള്‍ക്ക് അത്തരം ബന്ധങ്ങളിലും താത്പര്യം കാണുമത്രെ..
ഒരു തരം ആരാധനാ മനോഭാവം.
അത്തരം വികാരങ്ങള്‍ക്ക് അമിതമായി അടിമപ്പെട്ടാലാണ്‍ പെണ്‍കുട്ടികളുടെ മുഖത്ത് മുഖകുരുക്കള്‍ പൊട്ടി മുളയ്ക്കാ..
മോഹകുരുക്കള്‍ എന്നാണത്രെ ശരിയ്ക്കും പറയേണ്ടത്..
അവരുടെ മോഹങ്ങള്‍ മുന്‍ കൂട്ടി അറിയിയ്ക്കുന്ന ഒരു ദൂരക്കാഴ്ച്ച.
ഈ സമയത്ത് അവര്‍ക്ക് എന്തിനോടും ഭ്രമം തോന്നാം..
ഭംഗിയുള്ള വസ്തുക്കളോടും,ഭംഗിയുള്ള വാക്കുകളോടും, ഒരു പോലെ ആസക്തി തോന്നാം.
സുഗന്ധദ്രവ്യങ്ങള്‍ പൂശി സ്വയം അലങ്കരിച്ച് നടക്കാനുമുള്ള ത്വര കൂടാം..
അനുരാഗ ചേഷ്ടകളും, നുണക്കുഴികളും പ്രദര്‍ശന വസ്തുക്കളാകാം.”

“ഇത്തരം കൊള്ളരുതായ്മകള്ക്കൊന്നും കൂട്ടു നില്‍ക്കാതെ തറവാട്ടില്‍ പിറന്ന പെണ്‍കുട്ടിയാണെന്ന്  വിളിച്ചു പറയിയ്ക്കുന്ന രീതിയിലുള്ള അടക്കവും ഒതുക്കവും പെരുമാറ്റങ്ങളും ശീലമാക്കാതിരുന്നാല്‍ ഒരു മോഹക്കുരു മതി എല്ലാം കളഞ്ഞ് കുളിയ്ക്കാന്‍..
ഒരു കുരു പൊട്ടിയ്ക്കാനായി കാണിയ്ക്കുന്ന കോപ്രാട്ടി മതി കുടുംബത്തിന്‍റെ അടിത്തറ ഇളക്കാന്‍..”
“മനസ്സിലായോ നിനക്ക്..”
“ഇപ്പോള്‍ സത്യസന്ധതയോടെ എല്ലാം തലയാട്ടി കേള്‍ക്കും..
ഒന്നും മറച്ചു വെയ്ക്കില്ലാന്ന് ഭഗവതിയെ തൊട്ട് സത്യം ചെയ്യും..
എന്നാലും കാണാം പാതിരായ്ക്ക്  ജനല്‍ത്തിണ്ണയിന്മേല്‍ താടിയ്ക്ക് കൈയ്യും കൊടുത്തിരിയ്ക്കണതും, മഷിപ്പേന തപ്പി പുസ്തകത്തിനിടയില്‍ തിരുകുന്നതും..
രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം നട്ടപ്പാതിരായ്ക്ക് വിടര്‍ന്ന കണ്ണുകളില്‍ നിന്നും നെഞ്ചില്‍ നിന്നും ചിറകടിച്ചിറങ്ങുന്നത്,
തലയില്‍ പൂ തിരുകി കൊടുത്തവനേയൊ, പുസ്തകത്താളുകള്‍ക്കുള്ളില്‍ മയിൽപ്പീലി തുണ്ട് ഒളിപ്പിച്ച് വെച്ചോടിയവനേയോ, അമ്പലമുറ്റത്ത് പ്രസാദം തട്ടിയെടുത്ത് കൊണ്ടോടിയവനേയൊ,ചാറ്റല്‍ മഴയില്‍ കൂടെ നനഞ്ഞവനേയൊ കുറിച്ചുള്ള ധീര പരാക്രമ ഓര്‍മ്മക്കുറിപ്പുകളായിരിയ്ക്കും.
നാല്‍ ചുവരുകള്‍ക്കുള്ളില്‍ നിന്ന് തലയിലൂടെ വെള്ളം പാര്‍ന്ന് ഒലിപ്പിയ്ക്കുമ്പോള്‍ അവളില്‍ നിന്ന് മൂളിപ്പാട്ടുകള്‍ ഉയര്‍ന്നാല്‍ നിശ്ചയം അവളില്‍ ഗന്ധര്‍വ്വന്‍ കേറിയിരിയ്ക്കുന്നു എന്ന്..
പിന്നെ ആ കണ്ണുകളില്‍ അദൃശ്യ നൃത്തങ്ങളും..അനുരാഗ പരവേശങ്ങളും..സാഹസ ഭാവങ്ങളും..അഭിനിവേശങ്ങളും.. അവനിലൂടെ അവളിലു കുടിയേറുകയായി..“

“പ്രേമത്തിന്‍റെ അപകട മേഖലയിലേയ്ക്ക് ഇറങ്ങി ചെല്ലരുത്..”..കര്‍ക്കശമായ സ്വരങ്ങളും താക്കീതുകളും..
നെഞ്ചിനകത്തെ പ്രേമ ഗീതങ്ങളെ നിശ്ശബ്ദമായി മൂളി തീര്‍ത്തു.
ബാലിശമെന്ന് പറഞ്ഞു പഠിപ്പിച്ചു തന്ന പ്രേമ വാക്യങ്ങള്‍ സ്വന്തം പേരില്‍ തപാലിലയച്ചു..
എന്‍റെ മോളെങ്കിലും അതിര്‍ വരമ്പുകള്‍ കടന്നില്ലല്ലോ..
മുതു മുത്തച്ഛന്‍ മുതല്‍ ഉണ്ണിയേട്ടന്‍ വരെ അഭിനന്ദിച്ചു..“

**********************     ***********************************   *************************

“രാവേറെ ആയിരിയ്ക്കുന്നു..
നിന്‍റെ ഭര്‍ത്താവ് കൂര്‍ക്കം വലിച്ചുറങ്ങുന്നു..ഈ അസമയത്ത് അടുക്കളയില്‍ എന്ത് ചെയ്യുകയാണ്‍ നീ..?
ഇരുട്ടിന്‍റെ മറയില്‍ നിന്ന് പുഞ്ചിരിയ്ക്കുന്ന ചെറുപ്പക്കാരന്‍ അരികിലേയ്ക്ക് വന്നു..
“നിനക്കിപ്പോള്‍ ഏഴ് തികഞ്ഞു കാണും അല്ലേ..?
സകല ഞാഡി ഞരമ്പുകള്‍ക്കും വിശ്രമം ആവശ്യപ്പെടുന്ന ഘട്ടം..
ഇങ്ങനെ ഉറക്കമുളയ്ക്കുന്നത് നിന്‍റെ ആരോഗ്യത്തെ ബാധിയ്ക്കും
ഈശ്വരനെ ധ്യാനിച്ച് കണ്ണും പൂട്ടി ഉറങ്ങിക്കോളൂ..
പറയുന്നത് അനുസരിയ്ക്കു കുട്ടീ..
ങാ..ഇപ്പോഴാണ്‍ എന്‍റെ ശ്രദ്ധയില്‍ പെട്ടത്,
നിന്‍റെ നനുത്ത രോമങ്ങളുള്ള കവിളില്‍ ഒരു മുഖക്കുരു ഉയര്‍ന്നിട്ടുണ്ട്..
അത് നിന്നെ കൂടുതല്‍ സുന്ദരിയാക്കും പോലെയുണ്ട്..
നിന്‍റെ കൈ ഇടയ്ക്കിടെ അതിനെ തൊട്ട് തലോടുന്നത് നീ അറിയുന്നുണ്ടോ..
നിന്‍റെ നീണ്ട വിരല്‍ത്തുമ്പുകളിലെ നഖങ്ങള്‍ കൊണ്ടതിനെ പൊട്ടിച്ച് കളയാന്‍ നോക്കല്ലേ..
മരുന്ന് കടയില്‍ ലഭ്യമാകുന്ന ഏതെങ്കിലും മരുന്ന് പുരട്ടി നിര്‍വീര്യമാക്കു അതിനെ..”

നേര്‍ത്തു വന്ന ചിരി ഒരു പൊട്ടിച്ചിരിയിലേയ്ക്ക് വഴിമാറി..
“ഉംഇല്ല ഞാന്‍  അടിത്തറ ഇളക്കില്ല..
പിന്നെ ഒരു കാര്യംനീ ഇത്രയും സ്നേഹം പുരട്ടിയ വാക്കുകളാല്‍ എന്നോട് സംസാരിയ്ക്കരുത്..
അത് എന്നെ നിന്നിലേയ്ക്ക് അടുപ്പിയ്ക്കുവാനും, അനുസരിപ്പിയ്ക്കുവാനും പ്രേരണയാകും..
നീ അറിയുന്നില്ലേപുലരാന്‍ ഇനി നേരമേറെയില്ല..
എനിയ്ക്കിനി ഉറങ്ങാന്‍ എന്‍റെ കണ്ണുകളില്‍ ഉറക്കമില്ല..
ഇനിയുള്ള ദിനങ്ങള്‍ക്കായി ഞാന്‍  കണ്‍പ്പാര്‍ത്തിരിയ്ക്കുന്നത് ഈ വയറും..നീ കാണുന്ന മുഖക്കുരുവും  കൊണ്ടു മാത്രം.
അതു പോട്ടെനീ പറയൂ..
ഇത്രയും നാള്‍ എവിടെയായിരുന്നു നീ..?
പണ്ടൊരിയ്ക്കല്‍ നിന്നെ എവിടേയൊ കണ്ട ഓര്‍മ്മയില്‍ ഞെട്ടി ഉണര്‍ന്നതാണ്‍ ഞാന്‍..
ഓര്‍ക്കുന്നോ നീ..
രാത്രി കാലങ്ങളിലും ആഹാരമായി ഞാന്‍ നെയ്യും പഞ്ചാരയും പുരട്ടിയ ചുരുള്‍ ദോശ കഴിയ്ക്കുമെന്ന് പറഞ്ഞത്..
അന്നേരം നിന്‍റെ കണ്ണുകള്‍ ചുവക്കുന്നത് ഞാന്‍ കണ്ടിരുന്നു..
അതെന്തിനാണെന്ന് എത്ര തവണ ചോദിച്ചിട്ടും നീ പറഞ്ഞില്ല..
‘എന്നെ കൊണ്ട് ഒന്നും പറയിയ്ക്കല്ലേ കുട്ടീ..‘
ഇതായിരുന്നു നിന്‍റെ മറുപടി.
‘ഇയാള്‍ക്ക് ദോശയും വേദനിയ്ക്കുന്ന ചിന്തയോ..?‘
ഞാന്‍ ആദ്യം അത്ഭുതപ്പെട്ടു..,പിന്നെ മൌനം പൂണ്ടു.
അതിനു ശേഷം ദോശയെ കുറിച്ച് ഞാന്‍ ഒന്നും തന്നെ ചൊദിയ്ക്കുകയുണ്ടായിട്ടില്ല..ഇല്ലേ..?
പക്ഷേനീ അറിയാത്ത ഒന്നുണ്ട്,
ഉരുകിയൊലിയ്ക്കുന്ന നെയ്യിലും പഞ്ചാരയിലും നിന്‍റെ വേദനയും ഉരുകിയൊഴുകുന്നത് ഞാന്‍ രുചിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ആരുമറിയാതെ ഞാന്‍ ആ പലഹാരം നീക്കി വെച്ചു.
കാലം പിന്നെയും ചുരുള്‍ ദോശയില്‍ എത്തിച്ചു.
ഒരുപാട് ചുരുള് ദോശകള്‍ പാത്രങ്ങളില്‍ വിളമ്പി..
പക്ഷേ ഒന്നു പോലും വായില്‍ വെയ്ക്കാന്‍ തോന്നിപ്പിച്ചിട്ടില്ല..“

“എന്തെന്നറിയില്ല, ഈ രാത്രി മുഴുവന്‍ എന്‍റെ ഹൃദയം തകരുന്നതായി തോന്നി..
ആ ഉരുകുന്ന നെയ്യും പഞ്ചാരയും എന്നെ ഓര്‍മ്മിപ്പിച്ചു എന്‍റെ ഉറക്കം ഇല്ലാതാക്കി.
ഇത്രയും നാള്‍ എനിയ്ക്ക് മനസ്സിലാക്കി തരാത്ത ആ പൊരുള്‍ ഈ അന്ധകാരം എനിയ്ക്ക് പറഞ്ഞു തരുമെന്ന് മനസ്സ് മന്ത്രിച്ചു..
ഗര്‍ഭിണികളുടെ ആശ ഈശ്വരന്‍ നടപ്പിലാക്കുമത്രെ..
എനിയ്ക്കാണെങ്കില്‍ നല്ല വിശപ്പുമുണ്ട്..
രണ്ട് ചുരുള്‍ ദോശ കഴിയ്ക്കുന്വാനുള്ള ആശയും പെരുത്തു വരുന്നു..
അതു പോട്ടെഇനി നീ പറയൂ.നിനക്ക് സുഖമല്ലേ..?“

“ഉംസുഖമാണ്‍..
എന്‍റെ മൂക്കിലും ഒരു മുഖക്കുരു മുളച്ചിരിയ്ക്കുന്നത് നീ കാണുന്നില്ലേ..
അന്നു മുതലുള്ള ആശയാണ്‍ നിന്നെയൊന്ന് കാണണമെന്ന്..
ഇനി ഞാന്‍ ഇറങ്ങട്ടെ,
ഞാന്‍ വന്നതിനെ കുറിച്ച് നീ ആരോടും പറയരുത്പറയുമോ..?
അരുത് കേട്ടോ.നിന്‍റെ മുഖക്കുരു നീയായി പൊട്ടിയ്ക്കരുത്..
അത് തനിയെ ചുരുങ്ങി നിന്‍റെ മിനുത്ത കവിളില്‍ അലിഞ്ഞു ചേരട്ടെ..“


‘ഉംഇല്ല, ഞാന്‍ ആരോടും പറയില്ല..
ഇനി എന്നാണ്‍ നമ്മള്‍ കാണുക..?‘
‘അറിഞ്ഞുകൂടഅതിന്‍ വ്യക്തമായ ഉത്തരമില്ല..
ഒരു പക്ഷേ.നിനക്ക്  ഇനിയും ചുരുള് ദോശ കഴിയ്ക്കാനുള്ള ആശ തോന്നുമ്പോഴായിരിയ്ക്കും..‘
‘വേണ്ടഞാനെന്‍റെ ആശ മാറ്റി വെച്ചു.
ഞാന്‍ ഉണര്‍ന്നപ്പോള്‍ എന്‍റെ ആശ  വെറുമൊരു ദു:സ്വപ്നമായി മാറി കഴിഞ്ഞിരിയ്ക്കുന്നു..
നീ പോയി വരൂ..ഞാന്‍ കാത്തിരിയ്ക്കാം…‘

ധൃതിയില്‍ ഉമ്മറവാതിലിന്‍റെ അഴികള്‍ നീക്കി കൊടുത്തു..
ആ പുഞ്ചിരിയ്ക്കുന്ന ചെറുപ്പക്കാരന്‍ നേര്‍ത്തു നേര്‍ത്ത് അവ്യക്തതയിലേയ്ക്ക് നീങ്ങി കൊണ്ടിരിയ്ക്കുന്നത് നോക്കി നിന്നു ഞാന്!


Monday, October 10, 2011

വീണ പൂവ്...!


ഞാനിന്ന് കണി കണ്ടുണര്‍ന്ന പൂവ്..
കാഴ്ച്ചയില് അവള് വളരെയേറെ സുന്ദരിയാണ്.
അരണ്ട വെട്ടത്തില് അവളെ വ്യക്തമായി കാണാന് കഴിയാതെയാണ്.
അവള് വിവാഹിതയാണൊ എന്നൊന്നും അറിവില്ല
പക്ഷേ അവള് സ്വന്തം പേരില് തന്നെയും സുപരിചിതയാണ്..
അവളുടെ മത്തുപിടിപ്പിയ്ക്കുന്ന ഗന്ധത്താലും.
ചെമ്പകത്തിന്‍റേയും ചന്ദനത്തിന്‍റേയും മിശ്രിതം.
പിന്നെ ആ കണ്ണുകളില് പൊടി പിടിച്ചെന്ന പോലെ പറ്റി കിടക്കുന്ന സുറുമയിലെ കര്‍പ്പൂര മണവും തിളക്കവും..
ഇതില് കൂടുതല് ചേരുവകള് അവളെ വേറിട്ടറിയിയ്ക്കാന് ആവശ്യമില്ല.
അവള്‍ക്ക് മുപ്പത് തികഞ്ഞിരിയ്ക്കാം..
പ്രഥമ ദൃഷ്ടിയില് ഇരുപത്തി രണ്ടിന്‍റെ അഴകുള്ളവള്.
ഓരോ രാത്രികളിലും സമ്പന്ന പുത്രന്മാരുടെ ആര്‍ഭാടങ്ങളില് പങ്ക് ചേരുന്നവള്..
ഒത്ത ശരീരവും.. മോഹിപ്പിയ്ക്കുന്ന ചിരിയും.. ഒഴുക്കന് നാട്യങ്ങളും കൊണ്ട് അവളാല് അവര് വശീകരിയ്ക്കപ്പെട്ടു..
നഗരത്തിലെ ധൂര്‍ത്ത് കരങ്ങളുടെ അംഗീകാരവും ലാളനയും നേടാന് അവള്‍ക്ക് വേറെ ഉപായങ്ങള് വശമാക്കണ്ടതായും വന്നിട്ടില്ല..
നാട്ടില് അവളായി സ്വയം ഉണ്ടാക്കി തീര്‍ത്ത അപമാനത്തിന്‍റെ സമൃദ്ധിയില് നിന്നുള്ള ഒളിച്ചോട്ടമാണ് മഞ്ഞവെളിച്ചം കുത്തിയൊഴുകുന്ന ഈ നഗരത്തിലെ സുരക്ഷിത വാസമെന്ന് അപവാദമുണ്ട് അവളെ കുറിച്ച് പലരുടേയും നാവുകളില്..

അവള് ‘മറുപടി ‘പറയും വരേയ്ക്കും..അല്ലെങ്കില്,
പുരികങ്ങളുയര്‍ത്തി ‘എന്തിന് ‘ എന്ന് ചോദിയ്ക്കുംവരേയ്ക്കും..അല്ലെങ്കില്,
കയ്യുയര്‍ത്തി’പൊയ്ക്കൊള്ളു’ എന്ന് ആജ്ഞാപിയ്ക്കും വരേയ്ക്കും..അല്ലെങ്കില്,
ചുവരില് ചാരിയിരിയ്ക്കുന്ന ആ നിഴല് ‘ചലിയ്ക്കും‘ വരേയ്ക്കും..അല്ലെങ്കില്,
ചുംബിയ്ക്കാന് തോന്നിപ്പിയ്ക്കുന്ന ആ ചുണ്ടുകള് ‘അനങ്ങും‘ വരേയ്ക്കും... നിശ്ശബ്ദനാകാം.
അവളുടെ ദൌര്‍ബല്യങ്ങള് അറിഞ്ഞു കൊണ്ടവളെ തന്നിലോട്ട് ആകര്‍ഷിപ്പിച്ചെടുക്കാം..
ആ തീരുമാനത്തെ സ്വയം അഭിനന്ദിച്ച് മൌനം പാലിച്ചു..

ഞാനൊരു ദാസിയാണ്..
അവള് ഇരിപ്പിടത്തില് നിന്നുയര്‍ന്ന് തുടര്‍ന്നു,
അത് നിനക്കറിയാം..നിന്‍റെ കൂട്ടുകാര്‍ക്കും അറിയാം..
നിന്‍റെ വീട്ടുകാര്‍ക്കും, കാമുകിയ്ക്കും അറിയില്ല എന്നതും സത്യം..
തെരുവിലെ മഞ്ഞ വിളക്കുകള് കെട്ടാലും പുലര് വെട്ടം എതിരേല്‍ക്കാത്ത ഈ കുടുസ്സു മുറിയിലെ ഏകാന്തത എന്നെ അലസോലപ്പെടുത്തുന്നില്ലെ എന്ന് ശബ്ദമില്ലാതെ നീ ചോദിയ്ക്കുന്നത് ഞാന് കേട്ടു…
നീ തന്നെ പറയൂ..ഞാനെന്തിന് ഭയക്കണം..?
ഒരിയ്ക്കല് ആരവങ്ങളുടെ സമ്പന്നതയില് കളിച്ചു വളര്‍ന്നവളാണ് ഞാന്..
വേദനിപ്പിയ്ക്കുന്ന ഉള്ളമെങ്കിലും അഹന്ത കൈമുതലെങ്കിലും തെരുവിലെ ഈറന് മണ് തരികളില് തട്ടി കളിയ്ക്കാനുള്ളതല്ല എന്‍റെ കഥ..
ഒടുങ്ങാത്ത രാമഴ ഇപ്പോഴും പുലര്‍മഴയായി തിമിര്‍ക്കുന്നത് അറിയുന്നില്ലേ നീ..?
ആ മഴയില് നനഞ്ഞ് കുളിരാന് നിനക്ക് താത്പര്യം ഇല്ലെങ്കില് ആ നീറുന്ന കനലിന്നരികില് കാവലിരിയ്ക്കു നീ…ഞാന് ഉണരും വരേയ്ക്കും..
അത് നിന്നില് കിളിര്‍ക്കും പ്രണയത്തെ അസ്തമിപ്പിയ്ക്കും..
ചത്തു കിടക്കും വിരഹത്തെ അനുസ്മരിപ്പിയ്ക്കും..
ആ വികാരം നിന്നില് ഉണര്‍ത്തുവാനും ഉന്മേഷവാനാക്കുവാനും വേണമെങ്കില് ഒരു കപ്പ് വെള്ളത്തില് തേയില ഞാന് തിളപ്പിയ്ക്കാം..

മതിപ്പിയ്ക്കുന്ന സ്വരം..അവളുടെ സംസാരത്തിലും കര്‍പ്പൂരം മണക്കുന്നൂ..
സ്വപ്നം കണ്ടുണരാന് മോഹിപ്പിയ്ക്കുന്ന ആ മുഖം തെളിഞ്ഞ് വരുന്നൂ..
ഒരു പൂ വിടരും പോലെ..
ആ പൂവിന്‍റെ നിഴലിനേയും ആശ്ലേഷിയ്ക്കാന് തോന്നുന്നൂ..
“കടന്ന് പോ വൃത്തികെട്ടവനേ”..അവള് ആക്രോശിയ്ക്കുമോ..?
ആ പൂവ് കൂടുതല് വിടരും വരേയ്ക്കും കാത്തിരിയ്ക്കാം..

അവള് നീട്ടിയ തേയില വെള്ളം ഊതി കുടിയ്ക്കുമ്പോള് അവളറിയാതെ തന്നിലേയ്ക്ക് അടുക്കുന്നതും..ആ സ്വരം ചെവിയില് പതിയുന്നതും അറിഞ്ഞു,
അവള് തുടരുകയാണ്..
ജാതക വശാലെന്ന് പറയാം..സമയ ദോഷ വശാലെന്നും പറയാം..
എനിയ്ക്ക് പടരാന് പറ്റിയൊരു മാവ് എന്‍റെ ദേശത്ത് പൊങ്ങിയില്ല..
ഊരും പേരുമുള്ളൊരു പടു വൃക്ഷം വീട്ടു പടിയ്ക്കല് ഉയര്‍ന്നപ്പോള് ഞാനൊരു കൊടുവാള് കൊണ്ടത്തിനെ മിറ്റത്ത് വെട്ടിയിട്ടു..
പിന്നെയൊരു പേരില്ലാ മരം ഊരു തെറ്റി വന്നപ്പോള് ആരെല്ലാമോ കൂടി എന്നെയതിന്മേല് പടര്‍ത്തി കയറ്റാന് വമ്പ് കാട്ടി..
ഞാനെന്‍റെ കൈകള് കൊണ്ടവനെ വരിഞ്ഞ് മുറുക്കി പടര്‍ന്നില്ലെങ്കില് ചുരുങ്ങിയ നാളുകള്‍ക്കകം ശ്വാസം മുട്ടി മരിയ്ക്കുമെന്ന് എനിയ്ക്ക് ബോധ്യപ്പെട്ടു..
മധുവിധു രാവുകളിലും ഞാനെന്‍റെ ദു:സ്വപ്നങ്ങളെ ന്യായം പിടിച്ച് അബോധാവസ്ത്ഥയില് എന്ന പോലെ പുലമ്പി കൊണ്ടിരുന്നു.
സഹനത്തിന്‍റെ തീച്ചൂളയില് വെന്തമര്‍ന്ന് രക്തസമര്‍ദ്ദം കൂട്ടാതിരിയ്ക്കാനും..
കറുത്ത മേഘ കൂട്ടുകള് കൊണ്ട് കുറുക്കിയൊഴിച്ച മരിച്ച സ്വപ്നങ്ങളെ എതിരേല്‍ക്കുവാനുമുള്ള തന്‍റേടം എനിയ്ക്കുണ്ടായിരുന്നു..
പക്ഷേ ഒരു വിധവാലങ്കാര പദവി ഒരിയ്ക്കലും ഞാന് പ്രാര്‍ത്ഥിച്ചിട്ടില്ല,
ആ മരത്തില് നിന്നടര്‍ന്ന് ഭൂമിയില് പടര്‍ന്നലിയുവാനും ഒരിയ്ക്കല് പോലും ആഗ്രഹിച്ചിട്ടില്ല.
എന്നിട്ടും ഉടയ തമ്പുരാന് ബോധപൂര്‍വ്വമോ അശ്രദ്ധയാലോ എന്നെ ഒരു വിധവയാക്കി..
“നിന്‍റെ വിധി.. തലേലെഴുത്ത്..വീട്ടുകാര് വിലപിച്ചു,
നിര്‍ഭാഗ്യവതി..കൂട്ടുകാര് മൂക്കത്ത് വിരല് വെച്ചു,
ഉടുത്തൊരുങ്ങി നടക്കുന്നൂ.. ലജ്ജയില്ലാത്തവള്..നാട്ടുകാര് ആക്ഷേപിച്ചു..
ലോകമെന്നെ മാനസ്സികമായി ആക്രമിയ്ക്കാന് തുനിഞ്ഞപ്പോള് ഒരു നട്ടപാതിരായ്ക്ക് വണ്ടി കയറി ഞാന്..
പഠിപ്പോ പത്രാസോ കൈവശമില്ലാതെ.. ഒരു തെരുവ്കാരിയെ പോലെ..


“നീ ഒരു വിധവയോ..“
ചുണ്ടുകള് ചലിച്ചു..
കയ്യിലെ കപ്പ് വിറച്ചു..
നിന്‍റെ മണിയറ പുലമ്പലുകള് നിന്നെ ഒരു വിധവ ആക്കിയെന്നോ..?
ഞാന് ഈ വിവരം അറിഞ്ഞിരുന്നില്ലാ…
ഞാനെന്നല്ല…ആരും..
എനിയ്ക്ക് നിന്നോട് വെറുപ്പ് തോന്നുന്നൂ..
നീ സര്‍വാംഗ സുന്ദരിയല്ല.. യക്ഷിയാണ്..
പുരുഷ രക്തം ഊറ്റി കുടിയ്ക്കുന്ന യക്ഷസ്സ്..
നിന്നെ നിന്‍റെ ദേശം വെറുതെ വിട്ടതെന്തിന്..?
നിന്നെ ആരും ഇരുട്ടത്ത് പൊട്ട കിണറ്റില് തള്ളിയിടാഞ്ഞതെന്ത്..?“

“കടന്നുപോ വൃത്തികെട്ടവനേ..
സമയം മറന്ന് നേരമ്പോക്ക് തേടി നടക്കുന്നവനേ..
ഞാന് ശിക്ഷയ്ക്ക് അര്‍ഹയെന്ന് ലോകം പഴിയ്ക്കുന്നുവെങ്കില് എന്‍റെ ശിക്ഷയ്ക്കര്‍ഹനാണ് നീ..
മാന്യതയുടെ പരിവേഷം അണിഞ്ഞ് സ്നേഹം നടിയ്ക്കുന്നവന്..
നീ ഒരുത്തനില് ഞാന് അട്ടഹസിയ്ക്കുന്ന സമൂഹത്തെ കാണുന്നു..”

അവള് കിതച്ചു..
കതക് കൊട്ടിയടച്ച് തിരിഞ്ഞ് മെത്തയിലേയ്ക്ക് തിരിയുമ്പോള് അവള് വിളര്‍ത്തിരുന്നു..
അവളുടെ കണ്ണുകളില് ചുവപ്പ് നിറം പടര്‍ന്നിരുന്നു..
പക്ഷേ അവളുടെ ഹൃദയം തണുക്കാന് അവള് അനുവദിച്ചില്ല…!

Friday, September 30, 2011

ഇരട്ടകുട്ടികളുടെ അമ്മ..


വൈകുന്നേരമായപ്പോഴേയ്ക്കും വീട്ടിലെ പെണ്ണുങ്ങളുടെ എണ്ണം കുറഞ്ഞു..
തൊടിയിലെ ആണുങ്ങളും ഇരുട്ട് കട്ട കുത്തും മുന്നേ കുടികളിലേയ്ക്ക് വണ്ടി കയറി..
മിറ്റത്ത് കളിച്കു കൊണ്ടിരുന്ന കുട്ടികള് തിണ്ണയില് സ്ഥാനം പിടിച്ച് കളി തുടര്‍ന്നു..
‘കുട്ട്യോളേ നിങ്ങളിങ്ങനെ ബഹളം കൂട്ടി കളിയ്ക്കല്ല്യേന്നും..
സന്ധ്യാ സമയായ്ച്ചാല് ഇവറ്റയ്ക്ക് രണ്ട് നാമം ചൊല്ലിക്കൂടെ…‘
വാല്ല്യേക്കാരി പെണ്ണുങ്ങള് ഒച്ചവെയ്ക്കുന്നുണ്ട്.

ഇത് അവളുടെ സ്വന്തം വീടൊന്നുമല്ല..
കളിച്ചു വളര്‍ന്ന മിറ്റോം, അന്തരീക്ഷവും മാത്രം..
അവളുടെ സമപ്രായക്കാരായ പെണ്‍ക്കുട്ടികള് അവളുടെ ചുറ്റിനും ഇരിയ്ക്കുന്നു..
വായ് തുറന്ന് വെച്ചിരിയ്ക്കുന്ന അവളുടെ മിണ്ടാനാവാത്ത പിളര്‍ന്ന ചുണ്ടുകളില് നിന്ന് വാക്കുകള് ഇഴഞ്ഞിറങ്ങുന്നതും കാത്ത്..
തലയ്ക്കാന് ഭാഗത്ത് ഇട്ടിരിയ്ക്കുന്ന ഉയരം കൂടിയ സ്റ്റൂളിന്മേല് എന്തിനും തയ്യാറെന്നോണം കുട്ട്യേടത്തി ഇരുന്നു..
പെട്ടെന്നെങ്ങാനും കണ്ണ് തുറന്ന് കുട്ടി എന്തേലും ആവശ്യപ്പെട്ടാലോ..അവരുടെ ചിന്ത അതായിരുന്നു..
ജനാലയ്ക്കരികില് ഇരുന്ന് കൊണ്ട് വിദൂരതയിലേയ്ക്ക് കണ്ണും നട്ട് അവള്‍ക്ക് വേണ്ടി കണ്ണീര് വാര്‍ക്കാന് അങ്ങനെ പ്രത്യേകിച്ചാരും ഉണ്ടായിരുന്നില്ല.

ഒരേ മുഖത്ത് ചിരിയും കണ്ണീരും..
അവളുടെ കൃഷ്ണമണികള് അനങ്ങി..
ദേഹം ഇളകി..
അയഞ്ഞ ഉടുതുണിയില് ഇറുക്കി പിടിച്ച് ..
വെറും പലകയില് അമര്‍ന്ന് കിടന്നിരുന്ന മുഖം വലത് വശത്തേയ്ക്ക് ചെരിച്ച് ആ കണ്ണുകള് മുറിയുടെ തെക്കേ ഭാഗത്തുള്ള പത്തായ മുറിയിലേയ്ക്ക് തിരിഞ്ഞു..
“എന്തിനാ കുട്ട്യേടത്തി നമ്മടെ കുറുഞ്ഞി ഇങ്ങനെ കരയണേ..?
മുഖത്തെ അവശത ആ സ്വരത്തിന്മേല് ചിലമ്പിച്ച് പതറി വീണു..
അത് മോളേ..അതിന് പേറ്റ് നോവ് വന്നിട്ടാ..നേരായിരിയ്ക്കുണൂ..
സാരിത്തുമ്പ് കൊണ്ട് മുഖം തുടച്ച് അവര് ചിരി വരുത്തി..
തല ഒന്നൂടെ ചെരിച്ച് ചെവി വട്ടം പിടിച്ച് അവള് സംശയം പ്രകടിപ്പിച്ചു,
“പേറ്റ് നോവ് വന്നാല് ഇത്രേം കരയോ..കുട്ട്യേടത്തീ..
നിയ്ക്ക് പേറ്റ് നോവ് വരുമ്പോള് ന്റ്റെ വയറ്റീന്ന് ഇരട്ടകുട്ട്യോളെ തരാന് നിങ്ങള് പ്രാര്‍ത്ഥിയ്ക്കണം ട്ടൊ..“
അതൊക്കെ മോള്‍ക്ക് സമയാവുമ്പൊ തന്നത്താന് ഈശ്വരന് അറിയിയ്ക്കും ട്ടൊ.. കനിഞ്ഞ് തരും..ഇപ്പൊ കുട്ടി വിശ്രമിയ്ക്കാ..
മംഗല്ല്യം നിഷിദ്ധായിരിയ്ക്കണ കുട്ട്യോട് പേറ്റ് നോവിനെ കുറിച്ച് ഞാനെന്താ പറയാ ന്റ്റെ ഈശ്വരാ….അവര്‍ക്ക് പരിഭ്രാന്തിയായി.

പലപ്പോഴായി അവള് കൂട്ടുകാരികളോട് പുലമ്പുന്ന രഹസ്യങ്ങള്..അവര് പരസ്പരം സ്വകകര്യം പറഞ്ഞു,
“നിങ്ങള്‍ക്കും മനസ്സിലാവില്ലേ..
മരണം ഞാന് ഇഷ്ടപ്പെടുന്നു..
പക്ഷേ അവനിലേയ്ക്ക് എത്തിപ്പെടാനുള്ള മാര്‍ഗ്ഗം ദുസ്സഹമാണ്..
ഉയരം എനിയ്ക്ക് പേടിയാ..ന്റ്റെ തല കറങ്ങും,
ഒഴുക്ക് ന്നെ ശ്വാസം മുട്ടിയ്ക്കും..
രക്തനിറം എന്നില് ഭയം ഉണര്‍ത്തിയ്ക്കും..
ഒന്നില്‍കൂടുതല് ഗുളികകള് എന്നെ ഓക്കാനിപ്പിയ്ക്കും..
ഞാനെന്ത് ചെയ്യും..?
ഞാനെന്ത് ചെയ്യണം..?“

ഒരു പുലര്‍ക്കാലത്ത് അവള് വീണ്ടും രഹസ്യമോതി..
ഞാനവനെ സ്നേഹിയ്ക്കുന്നു..
അവനോട് ഞാന് പലതവണ കേണു..
“സ്നേഹ സ്പര്‍ശമായ് ജ്വലിച്ചിറങ്ങുമീ പ്രാണ ഭാരം നീയും അറിയണം..
ഒരിയ്ക്കലെങ്കിലും പറയു നീ..എന്നെ സ്നേഹിയ്ക്കുന്നുവെന്ന്..
നീ അറിയുന്നുണ്ടോ.. നീ ഇല്ലാത്ത എന്‍റെ ജീവിതം പരിമിതമാണ്..
നിന്‍റ് ഒരു സ്പര്‍ശനത്തിനായി വെമ്പുകയാണീ ഉടല്..
നീ എന്‍റെ മീതെ സ്നേഹം പങ്കിടുമ്പോള് നിന്‍റെ നിശ്വാസജ്വാലയില് നിന്നോടൊത്ത് ഞാനും ജ്വലിയ്ക്കും..
നിത്യവും ശാശ്വതവുമായ നിന്‍റെ ശരീരത്തിലേയ്ക്ക് വെറും ഒരു മഴത്തുള്ളിയായ എന്‍റെ മേനി അര്‍പ്പിയ്ക്കപ്പെടുമ്പോള്,
ചൂട് പിടിച്ച എന്‍റെ ജീവന്‍റെ ഗന്ധം..
ചുടു നെടുവീര്‍പ്പുകളുടെ നിശ്വാസം..
മത്തുണര്‍ത്തും ഉന്മാദ ലഹരികള്…
എന്നിലൂടെ നിന്നിലേയ്ക്കും പ്രവഹിയ്ക്കപ്പെടും..
നീ എന്‍റെ അഗ്നി ദേവനാണ്..
ഞാനോ വെറും ഒരു മഴത്തുള്ളി..
എന്‍റെ ഈ സുന്ദര മേനി നിനക്ക് താങ്ങാനാവുകയില്ലേ..?“

“എന്തിനാണ് ഇങ്ങനെ ചെയ്തത് മോളേ..?
എന്തിനാ ന്റ്റെ കുട്ടീ നീ ഇങ്ങനെയൊരു കടുംകൈയ്ക്ക് ഒരുമ്പിട്ടത്..“?
നിറഞ്ഞ ഒരു കൂട്ടം കണ്ണുകളിലേയ്ക്ക് അവളുടെ തളര്‍ന്ന ശബ്ദം പുറത്തു വന്നു..
“എന്നെ സുന്ദരിയെന്ന് വിളിയ്ക്കുന്ന ചുണ്ടുകളെ.. കണ്ണുകളെ ഞാന് തോൽപ്പിച്ചു കുട്ട്യേടത്തീ..
കോലരക്കും മഞ്ഞളും പാല്പാടയും ചേര്‍ത്ത് മിനുക്കിയെടുത്ത എന്‍റെ നഗ്നതയെ ഞാന് ചുളുവില് കറുപ്പിച്ചെടുത്തു..
അദൃശ്ശ്യനായ ആ തീ നാളത്തെ ഞാന് പ്രണയിച്ചിരുന്നു..
എന്‍റെ പ്രണയത്തെ കെട്ടണയ്ക്കാനുള്ള അവന്‍റെ ശ്രമങ്ങള് വ്യഥയായി..
ഞാനവനില് സ്വയം അര്‍പ്പിച്ച് …സ്വയം എരിഞ്ഞ് അവനിലേയ്ക്ക് കീഴടങ്ങാന് ശ്രമിച്ചു..
എന്റ്റെ സൌന്ദര്യത്തിന്‍റെ മാറ്റ് കൂടിയിരിയ്ക്കുന്നത് കണ്ടില്ലേ..
അവനിപ്പോള് എന്നോട് പ്രിയം തോന്നി തുടങ്ങിയിരിയ്ക്കുന്നു..
ഞാനിപ്പോള് അവന്‍റെ പ്രണയ ആലസ്യത്തിലാണ്..
എനിയ്ക്ക് വിശ്രമം ആവശ്യമാണ്..
എന്‍റെ തലയ്ക്കരികിലിരുന്ന് ആ വിരലുകള് കൊണ്ടെന്‍റെ തലമുടിയില് തടവൂ..
ഞാനവന്‍റെ സാമിപ്യം അറിഞ്ഞോട്ടെ..
അവന്‍റെ സ്പര്‍ശനങ്ങളിലേയ്ക്ക് നിങ്ങളൊന്ന് വീശി തരൂ..
എനിയ്ക്ക് കുറേശ്ശെയായി നോവും പോലെ..
അരുത്, പഴിയ്ക്കരുതവനെ..അവന്‍റെ കുഞ്ഞ് കുസൃതി മാത്രമാണിത്..“

കണ്ടില്ലേ അവളെ..
മനോവിഭ്രാന്തി ബാധിച്ച കുട്ടിയാ..
നല്ലത് മാത്രം പറയണം..
സുന്ദര സ്വപ്നങ്ങള് മാത്രം കണ്ട് നടക്കണം.. എന്ന് മോഹിയ്ക്കുണ പെണ്ണ്,..
ഇവള്‍ക്ക് ഈ ഇളം പ്രായത്തില് ഇങ്ങനെ എന്തിന് തോന്നിച്ചു ന്റ്റെ ഈശ്വരാ..

അവരുടെ സ്വരത്തില് തേങ്ങലുകള് കലര്‍ന്നിരുന്നു..
ചുറ്റും കൂടിയവര് മൌനമവലംബിച്ചു..
അപ്പോഴേയ്ക്കും അവള് അവന്‍റെ കൂടെ ഇറങ്ങിത്തിരിച്ചിരുന്നു..

കുറുഞ്ഞിയുടെ കരച്ചില് നിലച്ചു..
അവള്‍ക്ക് ഇരട്ടക്കുട്ടികള് പിറന്നിരിയ്ക്കുന്നൂ….!

Friday, September 23, 2011

അയ്യപ്പന്‍റെ അമ്മ…!


അറിയില്ലേ അവളെ?
ഇറുകിയ കണ്ണകളും..
നീണ്ട് ചുരുണ്ട എണ്ണക്കറുപ്പ് മുടിയും..
ഒരു തുള്ളി വിയര്‍പ്പ് എപ്പഴും പൊടിഞ്ഞ് നിക്കണ വീതി കുറഞ്ഞ പാലമുള്ള മൂക്കും..
മാംസ പേശികള്‍ ഇളക്കാതെ നനഞ്ഞ ചുണ്ടുകളോടെ മാത്രം ചിരിയ്ക്കുന്ന
പെട്ടെന്ന് ആരേയും ആകര്‍ഷിയ്ക്കാന്‍ കെലുപ്പില്ലാത്ത കൊലുന്നനെയുള്ള പെണ്ണ്.

“പെണ്ണിനെ ഒരുത്തന്‍റെ കൂടെ വിടാറായി “എന്ന് വീട്ടുകാരും നാട്ടുകാരും മുറവിളി കൂട്ടിയപ്പോള്‍ അവള്‍ നയം വ്യക്തമാക്കി..
“നിയ്ക്ക് അന്യന്‍റെ കൂടെ പൊറുക്കണ്ട..
ചായപ്പീട്യേലും,സിനിമാ ടാക്കീസിലും ഒറ്റയ്ക്ക് സമയം കൊല്ലാന്‍  ന്നെ കൊണ്ടാകും,
പിന്നെ ബസ്സില്‍ ഒറ്റയ്ക്ക് സഞ്ചരിയ്ക്കാനും നിയ്ക്ക് പേട്യൊന്നും ഇല്ല്യാ..
പിന്നെ എന്തിനാപ്പൊ അങ്ങനെയൊര്‍ ആണൊരുത്തന്‍..
പുര നിറഞ്ഞു എന്ന കാര്യത്താല്‍ നിങ്ങക്ക് ന്നെ ഇവിടെ പാര്‍പ്പിയ്ക്കാന്‍ വയ്യേയ്ച്ചാല്‍,
ഞാനൊരു ഒറ്റമുറി തരാക്കി അങ്ങ്ട്ട് മാറിക്കൊള്ളാം.. “

അവിടെ അയ്യപ്പന്‍റെ അമ്മേടെ ചേച്ചി ചാടി വീണു..
“അതേപ്പൊ,പെണ്ണിന്‍റെ ഓരോ പൂത്യോള്‍..
ഒരു കൊട്ട അഹങ്കാരവും ഒരു ചാക്ക് തന്‍റേടവും ഉള്ള പെണ്ണ്ങ്ങള്‍ ശരിയല്ലാ..
അവര്‍ അപകടം വരുത്തും..
പുറത്തെ ഇരുട്ടിനെ അകം നിറയ്ക്കാന്‍  കൊട്ടിയടച്ചിരിയ്ക്കണ ജനവാതിലികള്‍ തൊറക്കാനുള്ള തൊര വരുത്തും..
ഉറക്കച്ചടവോടെ നിന്നെ ഉമ്മറ മുറ്റം തൂക്കാന്‍ വിടാന്‍ ഞങ്ങക്ക് മനസ്സില്ലാ,
അതോണ്ട് നീ ഒരുങ്ങിയ്ക്കോ ഒരുത്തന്‍റെ കൂടെ പടിയിറങ്ങാന്‍..“

അങ്ങനെ അവളും ഏതോ ഒരു അപരിചിതന്‍റെ കരവലയങ്ങളി കുരുങ്ങി.
ഉറക്കച്ചടവോടെ ഉമ്മറ മുറ്റം തൂക്കാന്‍ ഇടയാക്കിയ ദിനങ്ങള്‍ അവള്‍ക്ക് നല്‍കി..
“അയ്യപ്പനെ..”
അയ്യപ്പന്‍ മുട്ടില്‍ ഇഴഞ്ഞു..
അകത്തളത്തില്‍ പിച്ചവെച്ച് നടന്നു..
ഉമ്മറമുറ്റത്ത് ഓടിക്കളിച്ചു..

ക്രമേണ അയ്യപ്പന്‍റെ അമ്മയുടെ ഇരുട്ടിന്‍റെ അറയ്ക്ക് വീതി കൂടിവിസ്താരം വെച്ചു..
ആ കറുത്ത മുറിയെ അവള്‍  പ്രണയിച്ചു.
ഉറക്കച്ചടവോടെ ഉമ്മറ മുറ്റം തൂക്കാന്‍ ഇടയാക്കിയ ദിനങ്ങള്‍ അവള്‍ക്ക് സമ്മാനിച്ചത് മഷി പുരണ്ട വിരല്‍ത്തുമ്പുകളെ..!

അയ്യപ്പന്‍ അപ്പോഴും ഇപ്പോഴും അലമുറയിട്ടു‘നിയ്ക്ക് നെയ്യപ്പം വേണമ്മേ..
ഇടയ്ക്കവന്‍ വാവിട്ട് കരഞ്ഞു,.’നിയ്ക്ക് കരിയാത്ത നെയ്യം മതിയമ്മേ..’
അയ്യപ്പന്‍റെ അമ്മ എന്നും നെയ്യപ്പം ചുട്ടു.
ഓരോ തവി കുഴിയില്‍ വീഴുമ്പോഴും അവളുടെ നെഞ്ചില്‍ പുതൃ വാത്സല്ല്യം അണപ്പൊട്ടിയൊഴുകി..

പിന്നെ പിന്നെ അയ്യപ്പന്‍ കാണാതെ അവള്‍ ഒരു കുഴി മാറ്റി ഒഴിച്ചു,
തെളിഞ്ഞ എണ്ണയില്‍ നിന്ന് പൊങ്ങി വരുന്ന മയമുള്ള നെയ്യപ്പം അവളുടെ നെഞ്ചില്‍ ജിജ്നാസ ഉയര്‍ത്തിയില്ല.. കണ്ണുകളില്‍ ലജ്ജ ഉണര്‍ത്തിയില്ല..
രൂപമില്ലാത്ത.. പ്രായമില്ലാത്ത.. ഒരു ആത്മാവിന്‍ വേണ്ടി അവളത് കൂടുതല്‍ മൊരിയിച്ചെടുത്തു.

ഒരു നാള്‍ അവള്‍ ചുറ്റിനും നോക്കി..
അയ്യപ്പന്‍ വളര്‍ന്നിരിയ്ക്കുന്നു..
അവനിപ്പോള്‍ നെയ്യപ്പത്തിനോട് പണ്ടത്തെ കമ്പം ഇല്ലാണ്ടായിരിയ്ക്കുന്നൂ..
അമ്മേടെ നെയ്യപ്പത്തിന്‍ പണ്ടത്തെ പോലെ ചൊവ്വില്ലാണ്ടായിരിയ്ക്കുന്നൂ..
അവന്‍ നെയ്യപ്പത്തിനെ പഴിയ്ക്കാന്‍ തുടങ്ങി.
ഇതെന്തിന്‍ കൊള്ളാം
നിങ്ങളിത് ആര്‍ക്കായ്ച്ചാല്‍ കൊണ്ടുപോയി കൊടുത്തോ എന്ന് അവന്‍ തന്‍റേടം പറഞ്ഞ നാള്‍..
ഒരച്ച് ശര്‍ക്കര കൂടുതല്‍ കലക്കി ഒഴിച്ച്.. ചേര്‍ത്ത് എടുത്ത് ആ ഒരു നെയ്യപ്പം കൂടുതല്‍ മൊരിയിച്ചെടുത്തു..
പൊതിഞ്ഞെടുത്തു..

മഴത്തുള്ളികള്‍ വീഴാന്‍ തുടങ്ങിയിരിയ്ക്കുന്നൂ..
പുത്തന്‍ ജാക്കറ്റും  നേര്യേതും ഉടുത്ത് തന്‍റെ നെരച്ച ശീലക്കുടയുമെടുത്ത്  അവള്‍ പടിയിറങ്ങി..

പിന്നീട് അവള്‍ നെയ്യപ്പം ചുട്ടില്ല!

Wednesday, September 7, 2011

പാതിരാമയക്കത്തിൽ...




നാട്ടില്‍ എനിയ്ക്ക് വലിയ വീടുണ്ട്..
വീടിന്‍ ചുറ്റും പച്ചപ്പുണ്ട്, തോടുണ്ട്, ക്ഷേത്രമുണ്ട്, പള്ളിക്കൂടമുണ്ട്..
പിന്നെയോപിന്നേയും എന്തെല്ലാമോ ഉണ്ട്,
വീട്ടിനകത്ത് അച്ഛനുണ്ട് ,അമ്മയുണ്ട്, പണിയ്ക്ക് വരുന്ന ശാന്തേടത്തിയുണ്ട്..
പിന്നെ അവധിയ്ക്ക് മാത്രം വരുന്ന ചേച്ചീം കുട്ട്യോളും..
ആങ്ങളേം നാത്തൂനും കുട്ട്യോളും..
പിന്നേം ഉണ്ട്
ന്റ്റെ നിധി
ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരിയ്ക്കുന്ന എടുത്താല്‍ പൊങ്ങാത്ത എന്റ്റെ പെട്ടി. അതിന്നകത്തെ സാധനങ്ങളുടെ കണക്കെടുക്കുന്നതിലും എളുപ്പോം സുഖോം മുറ്റത്തെ കള പറിയ്ക്കൂന്നതായിരിയ്ക്കും..
മഴ പെയ്താല്‍ തോട്ടത്തില് കള പറിയ്ക്കാനേ നേരം ഉള്ളൂന്നാ അമ്മേടെ ആവലാതി..
അതോണ്ട് നമുക്ക് കള പറിയ്ക്കാംപെട്ടി അവിടെ ഇരിയ്ക്കട്ടെ.

അകത്തെ ഇരുട്ടിനെ മൂടാന്‍ പോന്ന ഇച്ചിരി മെഴുകുതിരി വെട്ടത്തില്‍,
ചൂളാന്‍ കൊതിയ്ക്കണ അക്ഷര മണികളെ നുള്ളിപ്പെറുക്കി എടുക്കുന്നതിനിടെ ആ നനയാന്‍ വെമ്പുന്ന മിഴികളും പരു പരുത്ത വിരല്‍ത്തുമ്പുകളും..
അഴിയാന്‍ തുടങ്ങിയിരുന്ന തലമുടിയിലൂടെ എങ്ങോട്ടെന്നില്ലാതെ പരതി നടക്കുന്നത് അറിഞ്ഞു
അമ്മയാണ്‍..!
കേരളത്തില് മുഴുവന്‍ നല്ല മഴയാത്രെ..കുറച്ചീസം കൂടി ഇങ്ങനെ നീളുമത്രെ
പത്രത്തില കണ്ടതാ..അല്ലാണ്ട് ഈ മുക്കില്‍ കിടക്കണ ഞാന്‍ എങ്ങനെ അറിയാനാ..
അതോണ്ടാ ഇടയ്ക്കിടയ്ക്കുള്ള ഈ വൈദ്യുതി തകരാറ്..
ആരംഭ ശൂന്യത..എന്നത്തേയും പോലെ..ഇന്ന് എന്താണാവൊ..?
ഉം..മൂളി കൊടുത്തു.

ന്താ..കുട്ട്യേനിനക്ക് വ്യസനം വല്ലതും ഉണ്ടോ..?
നുറുങ്ങ് വെട്ടത്തില്‍ തിളങ്ങുന്ന നെറ്റിയിലെ നിരച്ച തലനാരിഴകളെ എണ്ണിയെടുക്കാന്‍ ശ്രമിയ്ക്കാണ്‍ അവര്‍..
നെന്‍റെ   പുതിയ വൈരകല്ല് മൂക്കുത്തിയ്ക്ക് ഈ മങ്ങിയ വെട്ടത്തിലും നല്ല തെളക്കം..
പ്രതികരിയ്ക്കാതെയുള്ള പുസ്തകത്തില്‍ തല പൂഴ്ത്തി കൊണ്ടുള്ള ഇരുത്തം നോക്കി കൊണ്ടുള്ള അടുത്ത തട്ടല്‍..
നീ ഇന്നലെ പുറത്ത് പോണൂന്ന് വിളിച്ച് പറഞ്ഞപ്പഴേ ഞാന്‍ ഓര്‍ത്തു എന്തേലും ഒപ്പിയ്ക്കാനായിരിയ്ക്കും ന്ന്
ഇതിപ്പോ..ഇത്രേം കാശ് മൊടക്കി മൂന്ന് കല്ല് വാങ്ങണ്ട എന്താവശ്ശ്യായിരുന്നു..
പഴയതിന്‍ ഒരു കേടും ഉണ്ടായിരുന്നില്ലല്ലോ..ഒറ്റകല്ലായിരുന്നേലും നല്ല തെളക്കം ഉണ്ടായിരുന്നല്ലോ..
ന്തായലും, അതിനു മൊടക്കിയ അത്രേം കാശൊന്നും വേണ്ടല്ലൊ കുട്ട്യേ ഈ നെരച്ചത് മറയ്ക്കാന്‍, കൊറച്ച് കറപ്പ് വാങ്ങി തേയ്ക്കായിരുന്നില്ലേ നെനക്ക്..?
ഓ..അപ്പൊ ഇതിനാണ്‍ ഇപ്പൊ വൈരക്കല്ലിനെ കൊണ്ടുവന്ന് നടുക്കിട്ടത്..
ഇതൊക്കെ എന്തിനാ അമ്മേ കറുപ്പിയ്ക്കുന്നത്..?
കണ്ണാടി മെല്ലെ ഊരി പുസ്തകത്തിനകത്ത് തിരുകി തലയുയര്‍ത്തി അമ്മയുടെ നേരെ തിരിഞ്ഞു.
നിയ്ക്ക് അതൊക്കെ തേച്ച് മാച്ച് നടക്കണ്ട പ്രായം ആയൊ അമ്മേ
നിയ്ക്കു ഇഷ്ടല്ലാഅതിന്‍റ് ആവശ്യോം ഇല്ലാ..
ആ ദയനീയ മുഖം കണ്ടപ്പൊ ചിരി വന്നു..
പിന്നെ എന്നത്തേം പോലെ അമ്മയെ കുഴയ്ക്കുന്ന തുറുപ്പുകള്‍ പുറത്തെടുത്തു..
അമ്മേനിങ്ങള്‍ക്കറിയോ..ഈ നിരച്ച തലനാരിഴകള്‍ ഓരോന്നും നിയ്ക്ക് വളരെ വേണ്ടപ്പെട്ടവയാണ്‍..
ന്റ്റെ വെള്ളിക്കമ്പിയിഴകളാണ്‍..!
ഞാനിത് ഓരോന്നും ചേര്‍ത്ത് വെച്ച് പെയ്തു വീഴുന്ന പളുങ്ക് മണികളെ കോര്‍ത്ത് മണിമാല തീര്‍ക്കും..
പിന്നെ അതിന്‍റെ തുമ്പത്ത് ഒരു അരളിപ്പൂ പറിച്ചെടുത്ത് ലോക്കറ്റ് പണിയും..
എന്നിട്ട് ഞാനത് സൂക്ഷിച്ച് വെയ്ക്കും..
പിന്നെ ന്റ്റെ മൂക്കുത്തി.. 
ഇത്രേം നാള്‍ ന്റ്റെ പ്രണയം മാത്രായിരുന്നു അത്..
ഇപ്പൊ ഞാനതില്‍ ന്റ്റെ ജീവനും, ശ്വാസവും ചേര്‍ത്തു വെച്ചു
രണ്ടും നിയ്ക്ക് പ്രിയപ്പെട്ടവ.
മനസ്സിലായോ..?
ന്റ്റെ ഭഗവതീ..പ്രായം കൂടുന്തോറും ഈ കുട്ടീടെ നൊസ്സ് കൂടല്ല്യാണ്ട് കൊറയണില്ലല്ലോ..ഇതിനൊക്കെ ഞാനിപ്പൊ ന്താ പറയാ!!
പുരികങ്ങള്‍ ഉയര്‍ത്തി ഒരു കള്ളച്ചിരിയോടെ അമ്മയെ അടുത്ത് പിടിച്ചിരുത്തി ആശ്വാസിപ്പിച്ചു..
ഞാന്‍ ഇങ്ങനെയല്ലേ അമ്മേമാറാനൊക്കൊ എനിയ്യ്ക്,
അമ്മയ്ക്കു അറിയണതല്ലേഈ പാറൂനെ..?
മനുഷ്യ വികാരങ്ങള്‍ മറച്ച് വെയ്ക്കാനുള്ളതല്ല അമ്മേ
രാത്രി മുഴുവന്‍ വര്‍ണ്ണശഭളമായ സ്വപ്നങ്ങളില്‍ മയങ്ങി ഉണര്‍ന്നിരിയ്ക്കാ..
പകല്‍ മുഴുവന്‍ പ്രണയ വര്‍ണ്ണ ശോഭയില്‍ മതിമറന്ന് ഉറങ്ങാ
രാപകലെന്നില്ലാതെ ഈ വികാരങ്ങളെ നമ്മളിലേയ്ക്ക് അടുപ്പിയ്ക്കുന്നത് ഒരു മഴയോ, കാറ്റോ, അലയോ, ഒഴുക്കോ ആകാം
ഇവയില്‍ നിന്നെല്ലാം മോചനം കാംക്ഷിയ്ക്കുന്നതിലും സാധിയ്ക്കുന്നതിലും ആഹ്ലാദം ഇവയെ കാത്ത് സൂക്ഷിച്ച് പോരുന്നതിലല്ലേ..?
ആ കുഞ്ഞ് മുറിയ്ക്കുള്ളില്‍ അമ്മയുടെ വിയര്‍പ്പും നിശ്വാസവും അനുഭവപ്പെട്ടു..
ഇമവെട്ടാതെ നോക്കി ഇരിയ്ക്കുന്ന തളര്‍ന്ന കണ്ണുകള്‍..
നിയ്ക്ക് ഇതൊന്നും സഹിയ്ക്കണില്ലാ, ദഹിയ്ക്കണില്ലാ..അവര്‍ പിറുപിറുത്തു.
മഴ തുടങ്ങിയിരിയ്ക്കുന്നു..ആഞ്ഞ് പെയ്യണ മഴ ജനല്‍ പാളികളില്‍ വന്നടിയ്ക്കണത് കേള്‍ക്കാം..
നേര്‍ത്ത മഴത്തുള്ളികള്‍  വന്ന് അമ്മയുടെ മുഖത്ത് പതിച്ച് തിളങ്ങുന്നു..
അവരത് അറിഞ്ഞിട്ടേ ഇല്ല..

നീ വരുണൂന്നും പറഞ്ഞ് നിനക്കിഷ്ടള്ള കൊഴിക്കറി  ഉണ്ടാക്കി വെച്ചിരിയ്ക്കുണൂ.
മേശപ്പൊറത്ത് എല്ലാം തയ്യാറാണ്‍, നീ വന്ന് കഴിച്ച് കിടന്നോളു..
ആ വാത്സല്ല്യം ഒട്ടും വക വെയ്ക്കാതെ..പെട്ടെന്ന് മിന്നിയ മിന്നല് പിണര്‍പ്പിനെ ചൂളിപ്പിടിച്ച് തല വെട്ടിച്ച് അമ്മയോട് ശഠിച്ചു,
നിയ്ക്ക് അതൊന്നും വേണ്ട..നിങ്ങള്‍ക്കിപ്പൊ ഇച്ചിരി മോര് കറീം, പപ്പടോം അച്ഛാറും കൂട്ടി ചോറ് തരാന്‍ ഒക്കോ..?
ഇല്ലേയ്ച്ചാല്‍ നിയ്ക്ക് ഒന്നും വേണ്ട..
എന്താ ഈ കുട്ടിയ്ക്ക്..
അത്താഴ പട്ടിണി കിടക്കേ..
നീ വായിച്ചോ..ഞാനിപ്പൊ ന്താ വേണ്ടേയ്ച്ചാല്‍ കൊണ്ട് വരാം..
അമ്മ പെട്ടെന്ന് അടുക്കള ഭാഗത്തേയ്ക്ക് അപ്രത്യക്ഷയായി.
പാവം അങ്ങനെയൊക്കെ പറയണ്ടായിരുന്നു..
എന്താ ചെയ്യാ..നാവിനെ തളച്ചിടാന്‍ ഭയങ്കര പാടായിരിയ്ക്കുന്നൂ..
കട്ടിലില്‍ ചാരി, ചുവരിനെ നോക്കി അങ്ങനേ ഇരുന്നുമഴയെ കേട്ടു, പിന്നെ കണ്ണുകളടച്ച് മഴയെ കണ്ടു..
മനസ്സ് നിറയെ ആ ഗന്ധം വ്യാപിയ്ക്കും പോലെ..
ഉള്ളം കാല്‍ തണുത്ത് വിറയ്ക്കുന്നു..
എഴുന്നേറ്റിരുന്ന് കാല്‍ വിരലുകള്‍ തിരുമ്മി ചൂട് പിടിപ്പിയ്ക്കുന്നതിനിടെ താലവുമായി അമ്മയുടെ സാരിത്തലപ്പ് കാല്‍ നീട്ടി..
നല്ല കാച്ചിയ മോര്‍ കറിയുടെ മണം..
ചമ്രം പടിഞ്ഞിരുന്ന് കൊതിയോടെ, ആര്‍ത്തിയോടെ വാരി ഉണ്ടു.
അതിനിടെ അമ്മ ഇരുളിലേയ്ക്ക് പിന്നേം മറഞ്ഞു..
തിരികെ വന്നത് കയ്യില്‍ എന്തോ ചുരുട്ടി പിടിച്ചോണ്ട്,ന്താത്..?
ആ പൊതി മെല്ലെ ചമ്രം പടിഞ്ഞ കാലുകള്‍ക്കിടയില്‍ തിരുകുന്നതിനിടെ അമ്മ സ്വകാര്യം പറഞ്ഞു,
ഇത് നീ വെച്ചോ..ഇത്രേം നാളായിട്ട് കരുതി വെച്ചതാ..
എത്ര വല്യേ ജോലിക്കാരിയാണേലും പുറം നാട്ടില്‍ നിക്കായ്ച്ചാല്‍ ചെലവ് നല്ലോണം ഉണ്ടാവും..
ഒന്ന് പോണുണ്ടോ..
വാരി ഉരുളയാക്കിയ ചോറ് താലത്തില്‍ വിതറി ഈര്‍ഷ്യ പ്രകടിപ്പിച്ചു..
എത്ര തവണ പറഞ്ഞിരിയ്ക്കുണൂ ഇതാവര്‍ത്തിയ്ക്കരുതെന്ന്,
ന്നാലും വരും നോട്ടും കെട്ടുമായിട്ട് ഒരു മുതലാളിച്ചി..
ന്റ്റെ ചിലവിനുള്ള സമ്പാദ്യൊക്കെ നിയ്ക്ക് കിട്ടുന്നുണ്ടെന്ന് എത്ര പറഞ്ഞിരിയ്ക്കുണൂ
കഴിയ്ക്കാനും വിടില്ലാന്ന് വെച്ചാല്‍
ഇര്‍ഷ്യ തലപ്പില്‍ കയറിയപ്പൊ ഒരു ഗ്ലാസ്സ് വെള്ളം നീട്ടി ആ വിറയ്ക്കുന്ന കരങ്ങള്‍..
ന്റ്റെ ഒരു സമാധാനത്തിനല്ലേ മോളെ..
മഴയില്‍ ആ വിറയ്ക്കുന്ന ശബ്ദം നേര്‍ത്തില്ലാതായി..
ന്റ്റെ പ്രവര്‍ത്തികളും, വാക്കുകളും നെനക്ക് വെഷമം തരുന്നുണ്ടേല്‍ സഹിയ്ക്കാ..
അമ്മയായി പോയില്ലേ ഞാന്‍..

ഇനി സമയം കളയെണ്ട
ഇവിടെ ആണോ അന്തിയുറക്കം..?
ഞാനും കുട്ടീടെ കൂടെ ഈ തെറ്റത്ത് ഒതുങ്ങി കൂടിയാലൊ?
അതേപ്പൊ..ഇനി ഈ വയസ്സാന്‍ കാലത്ത് നിങ്ങക്ക് വീണ്‍ നടു ഒടിയ്ക്കണോ..?
അതോ നിങ്ങക്ക് പേടിയാണൊ…?
എന്നെ ആരേലും പിടിച്ച് കൊണ്ട് പോകുംന്ന്..
നിങ്ങള്‍ ഭയക്കെണ്ട..
മാനസിക ശാരീരിക ശല്ല്യങ്ങളില്ലാതെ മനം വിട്ടുറങ്ങാനും..
ഒച്ച ഇല്ലാതെ പതിഞ്ഞ കാല് വെപ്പുകളിലൂടെ അന്ധകാരത്തെ മറി കടന്ന് ഉലാത്താനും..
സ്വപ്നം  കാണാനും.. ന്റ്റെ മുറി വല്ലപ്പോഴുമല്ലേ നിയ്ക്ക് കിട്ടൂ..
ഞാനൊന്ന് ഈ ഇട്ടാവെട്ട ഇരുട്ടിനെ ആശ്ലേഷിച്ച് ഉറങ്ങിക്കോട്ടെ അമ്മേ..
എന്നെ വെറുതെ വിടൂ..
ന്നാലും കുട്ട്യേ..
മഴ ചാറാന്‍ കാത്ത് നിക്കാ കള്ളന്മാര്, ഇപ്പൊ ശല്ല്യം കൂടിയിരിയ്ക്കുണൂന്ന് പറയുണു
സൂക്ഷിയ്ക്കേണ്ടിരിയ്ക്കുണൂ..
നിയ്ക്ക് കള്ളന്മാരില്‍ നിന്ന് രക്ഷപ്പെടെണ്ടാ
വേണേയ്ച്ചാല്‍ കള്ളന്മാര്‍ എന്‍റേടുത്ത് നിന്ന് രക്ഷപ്പെട്ടോട്ടെ..
ഞാനെന്തിന്‍ മനുഷ്യരെ പേടിയ്ക്കണം അമ്മേ..?
"ന്റ്റെ വൈരം ലാക്കാക്കി വരുന്ന കള്ളനാണ്‍ അവനെങ്കില്‍ ഞാനവ്നറ്റെ കൈകള്‍ രണ്ടും കെട്ടി വെറും നിലത്തിരുത്തി  ഗര്‍വ്വോടെ പറയും,
ഡ്ഡോ..ന്റ്റെ മേനിയില്‍ വിലപ്പെട്ടത് ഇത് മാത്രമേയുള്ളു
നിനക്കിതു വേണമെങ്കില്‍ ഞാന്‍ ന്റ്റെ വെള്ളികമ്പിയിഴകളില്‍ കെട്ടി തീര്‍ക്കാന്‍ മോഹിയ്ക്കുന്ന അരളിപ്പൂ മാല കോര്‍ത്ത് തീരും വരെ കാത്തിരിയ്ക്കാ
അതല്ലാ നിനക്കെന്റ്റെ സ്വത്തുക്കളും, മുതലുകളുമാണ്‍  ആവശ്യമെങ്കില്‍ ഞാന്‍ ദീര്‍ഘമായി നിശ്വസിയ്ക്കുമ്പോള്‍ ഉതിര്‍ന്ന് വീഴുന്ന അക്ഷരമണികളെ സ്വരുംകൂട്ടി വെയ്ക്കുന്ന താളുകളും തൂലികയും നിനക്ക് സ്വന്തമാക്കാം..
അതിനായി ഞാനെന്‍റെ കിടപ്പ് മുറിയില്‍ മതിമറന്നുറങ്ങുന്ന നാള്‍ വരേയ്ക്കും കാത്തിരിയ്ക്കാ..
അതല്ലാ, നിനക്ക് എന്നെയാണ്‍ ആവശ്യമെങ്കില്‍ ,
ദാന്റ്റെ തൊട്ടരികിലിരിയ്ക്കാ..
കൈവരലുകള്‍ കോര്‍ത്ത് ചെവി വട്ടം പിടിച്ച് ന്നെ ചേര്‍ന്നിരിയ്ക്കാ..
ഞാന്‍ വായ്തോരാതെ പറഞ്ഞ് തീര്‍ക്കും കഥകളുടെ അന്ത്യത്തിനായി കാതോര്‍ത്തിരിയ്ക്കാ.."
അറിയാണ്ട് ചോയിയ്ക്കാ കുട്ട്യേ..ഇനി എന്നാ ഇതിനൊക്കെ ഒരു അന്ത്യം..?
ന്താ നീ ഇങ്ങനെ..?
എന്തു ചെയ്യാം അമ്മേ
നൊസ്സുകള്‍ എന്നെ കീഴടക്കിയിരിയ്ക്കുന്നു,
ആ കീഴടങ്ങലുകള്‍ എന്നില്‍ ലജ്ജയോ, സഹതാപമോ, അവജ്നയോ ഉണ്ടാക്കുന്നില്ല..
സന്തുഷ്ടി മാത്രമേ നല്‍കുന്നുള്ളൂ..
ഞാനീ ഭ്രാന്തിന്‍റെ ലാളനയേറ്റ്
ഈ ആലസ്യത്തില്‍ മതി മറന്ന് കഴിഞ്ഞോട്ടെ
എന്നോട് ദയ കാണിയ്ക്കാ.!
ഉം..കുട്ടി ഉറങ്ങിക്കോളു, പുലരേ ഇറങ്ങേണ്ടതല്ലേ.
ഇക്കുറി ഈ ഒരു രാത്രി മാത്രേ നിയ്ക്ക് നിന്നെ കിട്ട്യോളു..
ഇക്കുറീം തിരുവോണം ഉണ്ണാന്‍ അമ്മേടെ കൂടെ ഇല്ലാന്ന് ഓര്‍ത്ത് വെയ്ക്കാ..
വെട്ടം അണച്ച്  മുറ്യ്ക്കുള്ളില്‍ അന്ധകാരം നിറച്ച് അമ്മയുടെ നിഴലും മുറി വിട്ടിറങ്ങി.
ആ രൂപം നേര്‍ത്ത്  അവ്യക്തതയിലേയ്ക്ക് നീങ്ങുന്നത് ചുവര്‍ ചാരി നോക്കിയിരുന്നു.

പൊടുന്നനെ ജനല്‍ പാളികള്‍ തള്ളി തുറന്ന് ധൈര്യത്തോടെ, സൌമ്യതയോടെ ആ കണ്ണുകള്‍ ശബ്ദിച്ചു..
എന്നെ ഓര്‍ക്കുന്നുണ്ടോ നീ?
വാക്കകള്‍ക്കിടയിലൂടെ ഇരച്ചു കയറിയ അവന്‍റെ പൊട്ടിച്ചിരി മുഴങ്ങുന്നതായി തോന്നി.
പിന്നെ തെല്ല് ശാന്തതയോടെ ആ സ്വരം ചൊദിച്ചു,
പോരുന്നോനീന്റ്റെ കൂടെ?
ഹാ.എത്ര സുന്ദര വാക്കുകള്‍..
ഒന്നു കൂടെ ആ കണ്ണുകളിലേയ്ക്ക് തിരിഞ്ഞ് നോക്കി..
പിന്നെ സ്വരം താഴ്ത്തി ചോദിച്ചു,
നീ എന്നെ ഇപ്പഴും ഓര്‍ക്കുന്നുണ്ടോ..?
നിനക്ക് എന്നെ ഇപ്പഴും ഇഷ്ടമാണൊ..?
അവന്‍ യാതൊരു ഭാവഭേദവും ഇല്ലാതെ മൊഴിഞ്ഞു
വിഡ്ഡിത്തം വിളമ്പാതെ
നേരം പുലര്‍ന്നാല്‍  തിരുവോണ നാളില്‍ മുറ്റത്ത് പൂക്കളം ഒരുക്കാനുള്ള പൂ പറിയ്ക്കാന്‍ കൂട്ട് വരുന്നോ എന്ന് ചോദിച്ചതിന്‍ നീ ഇത്ര വികാരപ്പെടുന്നത് എന്തിന്‍?
ഓര്‍ക്കുന്നോ നീ.നമ്മള്‍ കണ്ട് മുട്ടിയത് ഒരു തിരുവോണ പുലര്‍ക്കാല നാളില്‍..
ഉവ്വ്ഞാന്‍ ഓര്‍ക്കുന്നു..
വിധിയില്‍ വിശ്വസിയ്ക്കുന്നു..
എന്തു കൊണ്ട് നീ ഇപ്പോഴും എന്നെ വിഡ്ഡിവേഷം കെട്ടിയ്ക്കുന്നു..?
ആ ജനൽപ്പാളികള്‍ കൊട്ടിയടച്ച് നീ പോകൂ.
ഞാന്‍ ഉറങ്ങട്ടെ.
എല്ലാ രാത്രിയും പോലെ സ്വപ്നങ്ങളുടെ സമ്പന്ന ലോകത്ത് ഒരു രാജ്നി കണക്കെ ഞാന്‍ വിഹരിയ്ക്കട്ടെ.
അനുസരണയുള്ള കുഞ്ഞിനെ പോലെ അവന്‍ തിരിഞ്ഞ് നടന്നു..
ആ ചലനം എനിയ്ക്ക് സുപരിചിതമാണ്‍..
ഒരു രാത്രിമഴയുടെ തേങ്ങല്‍ പോലെ.!

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...