Friday, November 26, 2010

ജീവിത ഗ്രന്ഥം..


കറുത്തു മിന്നും മിന്നാമിന്നി വെട്ടത്തില്‍
തിളങ്ങുന്നൂ നിഷ്കളങ്ക പുഞ്ചിരികള്‍

മണം വിടാത്ത കൈതപ്പൂ കീറുകളില്‍
പരക്കുന്നൂ പല മലര്‍ ഗന്ധങ്ങള്‍

ഇമ പൂട്ടാത്ത മയിൽപ്പീലി തുണ്ടുകളില്‍
കാണുന്നൂ വര്‍ണ്ണ പ്രണയ കൌതുകങ്ങള്‍

മുഖവുരയില്ലാത്ത ജീവിത ഗ്രന്ഥത്തില്‍
പുലരികള്‍ വിടര്‍ന്ന് കൊഴിഞ്ഞൂ ആമുഖത്തില്‍.


അദ്ധ്യായങ്ങള്‍ ഓരോന്ന് പിന്നിടുന്നൂ..
മങ്ങുന്നൂ..ചിതല്‍  കേറുന്നൂ ഏടുകളില്‍

തീരങ്ങള്‍ തേടുന്ന  അപ്പൂപ്പന്‍ താടികളും..
നിഴലിനായ് അലയുന്ന ഭ്രാന്ത രൂപങ്ങളും

ഉന്മാദ ലഹരി  തുടിയ്ക്കും മനസ്സുകളും
അണിയാനൊരു മറ തേടും ദേഹങ്ങളും

ഘോരമായ് പടരും  മഷി തുള്ളികളും
തിളയ്ക്കും അക്ഷരങ്ങളില്‍ പിടയും ജീവനും


താളുകള്‍ എത്രയോ പിന്നിട്ടുവെങ്കിലും
ഉദാസീനതയോടിനി ഒഴിഞ്ഞു മാറാന്‍  വയ്യാ

ഇരുളിനു വെട്ടമുണ്ട്, വരള്‍ച്ചയ്കൊരു മഴയുണ്ട്
വരും പരീക്ഷയെ നേരിട്ടു തന്നെ കാര്യം..!


Sunday, November 7, 2010

മുക്കുറ്റിപ്പൂ സാരി..


കുഞ്ഞു മുക്കുറ്റിപ്പൂക്കള്‍ കരിം പച്ചയില്‍ അങ്ങനേ നിറഞ്ഞു വിരിഞ്ഞു നിക്കാ,സ്വര്‍ണ്ണ നൂലിന്‍റെ നേരിയ കസവോടു കൂടിയ ബോര്‍ഡറും..

അമ്മേടെ സാരിയാ,ഒരു വൈകുന്നേരം അച്ഛന്‍  അങ്ങാടീല്‍ പോയി തിരിച്ച് വരുമ്പോള്‍ കയ്യില്‍ ഉണ്ടായിരുന്ന പൊതികളുടെ കൂട്ടത്തില്‍ ,സ്വകാര്യായി അമ്മയെ ഏല്പിയ്ക്കുന്നതു കണ്ടതാ..
നിയ്ക്ക് ഒരു ഡസ്സന്‍  കുപ്പി വളകളും.
നിങ്ങക്ക് എന്തിന്‍റെ കേടാ, ഇപ്പഴെന്തിനാ  നിയ്ക്കൊരു പുതിയൊരെണ്ണം..
അമ്മേടെ പതിഞ്ഞ സ്വരം അപ്പറത്തീന്ന്  കേള്‍ക്കായിരുന്നൂ.
ഞാനപ്പഴ്  വള ഇട്ടു നോക്കണ തന്ത്രപ്പാടിലായിരുന്നൂ
 രണ്ടെണ്ണം  പൊട്ടി, സോപ്പിട്ടപ്പഴാ ബാക്കി പൊട്ടാതെ കിട്ട്യേത്.

സാരി ഉടുക്കാന്‍ ആശ തോന്നുമ്പോഴൊക്കെ ആ സാരിയെ മനസ്സില്‍ വരൂ, ന്താന്നറിയില്ലാ ആ കുഞ്ഞു മഞ്ഞപ്പൂക്കളോട് ഒരു താത്പര്യ കൂടുതല്‍.
അമ്മയ്ക്ക് കുറെ സാരികളുണ്ട് , ന്നിട്ടും..
കുട്ടിയ്ക്ക് അതിനുള്ള പ്രായായിട്ടില്ലാന്നാ ഇപ്പഴും അച്ഛന്‍  പറയണത് , അമ്മേടെ മറുപടി ഇതായിരിയ്ക്കും, ന്റ്റെ ആശ അറിയിച്ചാല്‍.
അവസാനം അമ്മയായിട്ടു തന്നെ പറഞ്ഞു ,മോളേ സിന്ധൂന്‍റെ കല്ല്യാണത്തിന് നീ  അതുടുത്ത് ഉടുത്തോ ട്ടൊ.
ജാക്കറ്റ് വേണ്ടെ..?
അപ്രത്തെ ശങ്കരേട്ടന്‍റടുത്ത്  അളവെടുക്കാന്‍ പോകാന്ന് പറഞ്ഞപ്പഴ് അമ്മ കൂട്ടാക്കീല്ല.
അതേപ്പൊ, അയാള്‍ടെ മുന്നില്‍ നിന്നു കൊടുക്കൊന്നും വേണ്ട നീയ്,
അമ്മിണികുട്ടി ഇന്നലെ ഒരെണ്ണം തുന്നിച്ചിട്ട്ണ്ട്, നീയും അവളും കുട്ടിക്കാലം മുതല്‍ മാറ്റി ഉടുക്കണതല്ലേ.അതു വാങ്ങി അളവു കാണിച്ച് വേഗം തിരിച്ച് കൊട്ക്കാന്‍ നോക്ക്..
ഈ അമ്മേടെ ഓരോ കാര്യങ്ങള്‍..
ജാക്കറ്റ് തയ്പ്പിച്ചു വന്നപ്പോഴുള്ള അമ്മേടെ ചിരി ഒന്നു കാണണായിരുന്നൂ, കുലുങ്ങി കുലുങ്ങി ചിരിച്ചോണ്ടിരുന്നൂ..
പണ്ടത്തെ പെണ്ണങ്ങള്‍ടെ റൌക്ക പോലുണ്ട്..കൂടെ കളിയാക്കലും.
നിയ്ക്കും ചിരിയ്ക്കാതിരിയ്ക്കാനായില്ലാ..കൂടെ വായ് പൊത്തി ചിരിച്ചു.

സിന്ധു ചേച്ചീടെ കല്ല്യാണ ദിവസം ന്റ്റേം മറക്കാന്‍ പറ്റാത്ത ദിവസ്സായി.;ആദ്യായി സാരി ഉടുത്ത ദിവസം.
അമ്മ തന്നെയാ സാരി ഉടുപ്പിച്ച് തന്നത്.
സാരി ഉടുക്കുമ്പഴ് ഇടാനെന്നും പറഞ്ഞ് ഉയരം കൂടിയ ചെരിപ്പും വാങ്ങി വെച്ചിരുന്നൂ അമ്മ.
അമ്മേടെ കയ്യും വായും ഒരു പോലെ  മിണ്ടീം പറഞ്ഞും അനങ്ങീം കൊണ്ടേയിരുന്നൂ.
ഒരു കാര്യം ഞാന്‍ പറയ്യാ, ന്റ്റെ കുട്ട്യേ..
ഈ തുണിയ്ക്ക് ഇത്രേം നീളോം വിതീം കൊടുത്തിരിയ്ക്കണത് എന്തിനാന്നാ, ശരീരത്തിലെ എല്ലാ ഭാഗങ്ങളും ഇട്ടു മൂടാനാ, അല്ലാണ്ട് അവിടേം ഇവിടേം കാണിച്ച് നടക്കാനല്ലാ.
നാലും അഞ്ചും ഞെറികളെടുത്ത് തോളില്‍ സൂചി കുത്താനാണേങ്കില്‍  അതവിടെ ഇടണ്ട ആവശ്യം ന്താ..കുട്ടി രണ്ട്  എണ്ണം എടുത്ത് കുത്ത്യാല്‍ മതി, ന്നാലെ വയറും മാറും ഒരു പോലെ മറയു..
ങാ..പിന്നെ മുന്താണിയ്ക്ക് ഇത്തിരി ഇറക്കം കൂടിയ്ക്കോട്ടെ ,അധികം ഉയരം ഇല്ലാത്തതല്ലേ മുടീം കുറവ്. ഉയരം തോന്നിയ്ക്കാന്‍ നല്ലതാ..
മുന്നിലെ  ഞെറികള്‍ നിലത്തടിച്ച് നടക്കാതിരിയ്ക്കാന്‍ കയറ്റി കുത്തിയ്ക്കോ, സാരീടെ അടി പൊട്ടി കീറാന്‍ അതു മതി..,അന്നേ പറഞ്ഞതല്ലേ  സാരി ഫോള്‍ വെയ്ക്കാന്‍ കൊടുക്കാന്‍..മടിച്ചി പറഞ്ഞാല്‍ കൂട്ടാക്കില്ലാ.
എന്നു വെച്ച് അധികം കയറ്റി കുത്തണ്ടാ ട്ടൊ, ചന്തം ഉണ്ടാവില്ല്യാ.
സാരി ഉടുക്കാന്‍ ഇത്രേം കാര്യങ്ങള്‍ അറിയണംന്ന് അന്നാണ്‍ ഞാന്‍ മനസ്സിലാക്കിയത്.

സിന്ധു ചേച്ചീടെ കല്ല്യാണത്തിന്‍ ശേഷം പിന്നെയാ മുക്കുറ്റിപ്പൂ സാരി ചുറ്റിയത് കാവിലെ ഉത്സവത്തിനാ..
മദ്രാസില്‍ ആയിരുന്ന ഹരിയേട്ടനും വന്നിരുന്നു ഉത്സവത്തിന്‍.
ഹരിയേട്ടന്‍റ് നോട്ടം കണ്ടപ്പഴ് ചൂളിപ്പോയി..നിന്ന നിൽപ്പില്‍ ഇല്ലാണ്ടാവണ പോലെ..
ഒന്നും പറയൊന്നും ഉണ്ടയില്ല്യാ,ന്നാല് എല്ലം പറഞ്ഞു താനും.
ഞങ്ങടെ കല്ല്യാണ കാര്യായിരുന്നു അന്നു മുഴുവം അമ്മേടെ നാവില്‍.

അപ്പഴയ്ക്കും മുക്കുറ്റിപ്പൂ സാരി ന്റ്റെ സ്വന്തായി കഴിഞ്ഞിരുന്നൂ.
ലിലേട്ത്തിയെ കൊണ്ട്  അളവെടുപ്പിച്ച് പാകത്തിനൊത്ത  ജാക്കറ്റ് തയ്പ്പിച്ച് തന്നൂ അമ്മ..ആദ്യത്തെ പെണ്ണു കാണലിന്‍.
എപ്പഴും സുന്ദരിയായി ന്നെ കാണാന്‍ അമ്മയ്ക്ക് ഉത്സാഹാ..
സാരി ഉടുക്കുമ്പഴ് മുടി ഒതുക്കി കെട്ടണം , കുങ്കുമം കൊണ്ടെന്നെ പൊട്ട് കുത്തണം ,ചന്ദനക്കുറി വരയ്ക്കണം , കണ്ണെഴുതണം ന്നൊക്കെ നിര്‍ബന്ധിച്ച് ശിലിപ്പിച്ചു അമ്മ.
പെണ്‍കുട്ട്യ്യൊളായ്ച എപ്പഴും ഉടുത്തൊരുങ്ങി നടക്കണംന്നാ അമ്മ പറയണത്.

അങ്ങനെ എത്ര കല്ല്യാണങ്ങള്‍ , ഉത്സവങ്ങള്‍ , പെണ്ണുകാണലുകള്‍..

പിന്നീടെപ്പോഴൊ മുക്കുറ്റിപ്പൂ സാരി പെട്ടിയ്ക്കുള്ളില്‍, അടീലായി സ്ഥാനം പിടിച്ചു..
കുങ്കുമവും, ചന്ദനവും , കണ്മഷിയെല്ലാം എന്നത്തേയും ദിനചര്യകളില്‍ മുഖത്ത്  വരച്ചു കൊണ്ടേ ഇരുന്നൂ..ഈറന്‍ വിട്ടാല്‍ മുടി ഒതുക്കി കെട്ടി വെച്ചൂ..
എന്താന്നറിയില്ലാ..ഇന്നു മുക്കുറ്റിപ്പൂക്കളെ ചുറ്റാന്‍ തോന്നിച്ചത്..
കണ്ണാടീടെ മുന്നില്‍ അങ്ങനേ നിന്നൂ കുറേ നേരം.
ഇപ്പഴെങ്ങാനും അമ്മ കണ്ടേയ്ച്ചാല്‍ പറയും ,
അന്നും..ഇന്നും..ന്റ്റെ കുട്ടിയ്ക്ക്  ഒരു മാറ്റോം ഇല്ല്യാ,
ന്റ്റെ കുട്ടി സുന്ദരിയാ..
ന്നാലും ന്റ്റെ കുട്ടി എത്ര നാളെന്നു വെച്ചാ ഇങ്ങനെ..
പിന്നെ ഒരു നെടുവീര്‍പ്പും..

ഒരു യന്ത്രം കണക്കെ സാരി ഉഴിഞ്ഞു മടക്കി പെട്ടിയില്‍ തിരികെ വയ്കുമ്പോള്‍ ആദ്യായി ആ മുക്കുറ്റിപ്പൂക്കളോട് പിറുപിറുത്തു..
മുക്കുറ്റിപ്പൂക്കളേ..കുറുഞ്ഞിപ്പൂക്കളേ..ഇനി നിങ്ങള്‍ ഈ ഇരുട്ടിന്‍ സ്വന്തം..ഈ ഇരുട്ടറ നിങ്ങള്‍ക്ക് സ്വന്തം.
നൊമ്പരങ്ങള്‍ക്കും, അനുകമ്പകള്‍ക്കും പ്രവേശനമില്ലാതെ ഈ മുറി എനിയ്ക്കും സ്വന്തം.



Monday, November 1, 2010

ഇനി..


ചുരുണ്ടു കനത്ത മുടിയിഴകളില്‍ വെള്ളിനൂലുകള്‍..
കറുത്തതും വെളുത്തതും കുളിമുറിയില്‍ അടിഞ്ഞൊഴുകി.
കൊഴിഞ്ഞു തുടങ്ങും കൂന്തലിന്‍ മിനുപ്പ് മങ്ങിയാല്‍
കാത്തിരുപ്പിന്‍റെ അന്ത്യമെന്ന കരുതല്‍ വിരുദ്ധമാകുമോ..?

നീണ്ടു മെലിഞ്ഞ വിരലുകളില്‍ കൂര്‍ത്തനഖങ്ങള്‍..
ചായം പൂശാതെ ഭംഗിയില്‍ രാകി രൂപപ്പെടുത്തി.
ഇന്നതു വെട്ടി കുപ്പയിലിടാന്‍ തുനിഞ്ഞാല്‍
പ്രതീക്ഷകളുടെ അസ്തമയമെന്ന മറുപടി ചിരി പൊട്ടിക്കുമോ..?

ചെറുവിരലിലൂടെഴുതിയാ മിഴികളിലെ തിളക്കം കുറഞ്ഞതും
ഇപ്പൊ ചാലിച്ചെടുത്ത കണ്മഷിയുടെ മണം മാഞ്ഞതും
രാപ്പകല്‍ അടയാത്ത കണ്‍ പോളകളിലെ ഭാരവും
സ്വപ്നങ്ങളെ തടവിലക്കാനെന്നു ഭയന്നാല്‍ സഹതാപമാകുമോ..?

മായ്കാനാവാത്ത മുറിപ്പാടുകള്‍ മറച്ചു പിടിച്ച്
അനുകൂല ചിന്തകളും ആശകളും ഒളിച്ചു വെച്ച്
ഇന്നോളമെടുത്ത മുന്‍ വിധികളും അനുഭവ ചൂടുകളും
സാഹചര്യങ്ങളെ ചങ്ങലക്കിട്ടെന്നു കുറിച്ചാല്‍ സ്വാര്‍ത്ഥമാകുമോ..?

കൊഴിഞ്ഞു പോകും നഖങ്ങളും രോമങ്ങളും
മാഞ്ഞു പോകും കണ്മഷി കൂട്ടുകളും
അപ്പുറം കൂരിരുട്ടാണെന്ന തിരിച്ചറിയലുകളും
അന്യമാകും ജീവിതാഭിലാഷങ്ങള്‍ക്കു വെല്ലുവിളിയാകുമോ..?

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...