Saturday, September 29, 2012

.~~~ സീതായനം ~~~.



പുരാതന ചരിത്ര കഥാപാത്രങ്ങൾ രൂപഭേദ ഭാവങ്ങളിലൂടെ ഹൃദയമുടച്ച്‌ അരങ്ങേറുമ്പോൾ വാടി തളരുന്ന ഒരു മുഖം കൈകളിലെടുത്തു ഓമനിക്കുവാൻ എന്നെ പ്രേരിപ്പിച്ചിരുന്നു..
ഇരുളും ഭീതിയും നിസ്സംഗതയും ഞങ്ങൾക്കിടയിൽ പലപ്പോഴായി മരവിച്ച്‌ കിടന്നിരുന്നു......
മൗനങ്ങൾ കഥ പറഞ്ഞിരുന്നു..
നേരിന്‍റെ കഥകൾ.

കിനാക്കൂട്ടിലുറങ്ങുമെൻ പ്രിയ സഖീ....രാമഴയുടെ തലോടലിൽ ഈ നിശാഗന്ധി ഉറങ്ങട്ടെ ".... എന്ന് യാത്രാമൊഴികൾ ആശംസിച്ചിരുന്ന എന്‍റെ സഖി.
ഹൃദയം കൊണ്ട്‌ പൊട്ടിച്ചിരിച്ചിരുന്നവൾ.... എന്‍റെ  ദേവി.... നിങ്ങളുടെ “ സീതായനത്തിലെ “ സീത..

ബാല്യകാലസ്മരണകളിൽ പ്രാണവേദനകൾ പുലമ്പിയിരുന്ന ആ കുഞ്ഞിന്‍റെ സ്നേഹം എന്നെ പ്രേരിപ്പിച്ചത്‌ അവളെ എന്നിലേക്ക്‌ കൂടുതൽ അടുപ്പിക്കുവാനാണ്....
എന്‍റെ വിരൽത്തുമ്പ്‌ പിടിച്ച്‌ വിടർന്ന കണ്ണുകളോടെ മുറ്റത്ത്‌ വിരിഞ്ഞ ആദ്യ പൂവിനെ താലോലിക്കുവാനും പുതുമഴ തുള്ളികളെ തട്ടിത്തെറിപ്പിച്ച് കളിക്കുവാനും കൂട്ടു നിൽക്കുന്ന എന്‍റെ കൂടപ്പിറപ്പായി പിന്നെയവൾ...
പിന്നീടെപ്പോഴോ വിരൽത്തുമ്പുകളിൽ നിന്നവൾ ഊർന്നു വീണത്‌ എന്‍റെ മടിത്തട്ടിലേക്കായിരുന്നു..
എന്‍റെ മകൾഅമ്മേ എന്ന് വിളിച്ച്‌ മാറിൽ അമരുകയായിരുന്നു....
അങ്ങിനെ എന്‍റെ നെഞ്ചിലൊരു സങ്കടപ്പക്ഷി ചേക്കേറി.
തന്‍റെ കുഞ്ഞിനെ പൂർണ്ണചന്ദ്രനെ കാണിക്കുവാൻ ഒരമ്മ വെമ്പും പോലെ എന്‍റെ മനസ്സും തുടിച്ചു
അവളെ ഒരായിരം പൂർണ്ണചന്ദ്രന്മാരെ തൊടീപ്പിക്കുവാൻ...
മുറുകുന്ന മുജ്ജന്മ ബന്ധങ്ങൾ ആത്മാവിൽ കുടിയേറിയതാവാം ഞങ്ങളെ കൂട്ടിയിണക്കിയിരുന്ന കണ്ണി.

സീതായനത്തിലെ സീത.. ന്‍റെ ദേവി... അവളുടെ കാത്തിരിപ്പുകളുടെ കവാടം തുറന്ന് പൊന്‍പുലരി ഉണര്‍ന്നിരിക്കുന്നു...
പെറ്റമ്മക്ക് ഗുരുസ്ഥാനമേകി, അക്ഷരങ്ങളെ പൂജിച്ച് എഴുത്തിന്‍റെ മായാപ്രപഞ്ചത്തില്‍ പൂര്‍ണ്ണത നേടാന്‍ സ്വതസിദ്ധമായ കഴിവുകളാലും അതുല്യമായ പദസമ്പത്താലും തന്‍റേതായ ലോകം സൃഷ്ടിക്കുവാന്‍ സീതക്ക് കഴിഞ്ഞിട്ടുണ്ടെന്നത് സീതായനം തുറന്ന്‍ കാട്ടിത്തരുന്നു.

സീതയുടെ സ്വപ്നം ഗൗരിനന്ദനംഎന്ന പുസ്തകമായി പിറവി കൊണ്ടിരിക്കുന്നു..
സൈകതം ബുക്ക് ക്ലബ്ബ് ആണ്  ഗൗരിനന്ദനത്തിന്‍റെ പ്രസാധകര്‍ .
സ്വപ്നങ്ങൾ ചിതറി തെറിച്ച നുറുങ്ങുകള്‍ മാത്രമാണ് ഗൗരിനന്ദനം എന്ന് ഹൃദയത്തിൽ തൊട്ട്‌ സീത പറയുന്നു..
ആ ചിതറി തെറിച്ച നുറുങ്ങുകൾക്ക്‌ അക്ഷരങ്ങളിലൂടെ ഒരു പുനർജ്ജന്മം..
സ്വപ്ന സാക്ഷാത്കാരം കൊതിക്കുന്നവൾക്ക്‌ ഒരു ആനന്ദലബ്ദി..ഗൗരിനന്ദനം.
ചിന്തകളിലൂടെ ഉരുത്തിരിഞ്ഞ ഒരുപിടി സങ്കൽപ്പസൃഷ്ടികൾ..
ഗൗരിനന്ദനം എന്ന ആദ്യ കഥയും തുടർന്ന് പത്ത്‌ കഥകളുമാണ്  പുസ്തകത്തിൽ  അച്ചടിമഷി പുരണ്ട്‌ യാഥാര്‍ധ്യമായിരിക്കുന്നത് ....
ആത്മകഥാംശം ആവശ്യത്തിനും അനാവശ്യത്തിനും ദേവിയുടെ കഥകളിൽ പ്രതിഫലിക്കുന്നതായി ഒരു വായനക്കാരന് അനുഭവപ്പെട്ടേക്കാം.
ആത്തരം
 ഘട്ടങ്ങളിലെല്ലാം ഉത്തമ പുരുഷ സങ്കൽപ്പമായി നന്ദേട്ടൻ പ്രത്യക്ഷപ്പെടുന്നുണ്ട്..
ഗൗരിയുടെ
 കൊച്ചു സന്തോഷങ്ങളും വികാരങ്ങളും സൃഷ്ടിക്കുന്ന വൈകാരിക സന്ദർഭങ്ങൾ ചെന്നെത്തിപ്പെടുന്നത് അവൾ അന്വേഷിക്കുന്ന ഉത്തമ പുരുഷനിൽ തന്നെയാണ്..
രക്ഷ
 നേടാൻ ആഗ്രഹിക്കാത്ത ഏതോ ഒരു ബന്ധത്തിൽ നിന്ന് പുറത്തു ചാടാന്‍ അവൾ ആഗ്രഹിക്കാത്തത് എന്തുകൊണ്ടെന്ന് സംശയിക്കുമ്പോഴും ഒരു ആത്മ ചൈതന്യം അവൾക്കു ചുറ്റും പടരുന്നതായി കാണാം..
സ്നേഹം
 അനാഥമായി പോകുമോ എന്ന ഭയപ്പാടില്‍ നിന്നും നിലാവായി പരക്കുന്ന തേജസ്സ്‌.

ഗൗരിനന്ദനത്തിനു എൻ.ബി.സുരേഷ്‌ നൽകിയ ആമുഖത്തിൽ ഇങ്ങനെ പറയുന്നു -
ശ്രീദേവിയുടെ ഓരോ കഥാപാത്രങ്ങളുടേയും ജീവിതം ഓർമ്മിപ്പിക്കുന്നത് വൈലോപ്പിള്ളിയുടെ "ഞാൻ ഒഴുക്കിയ കണ്ണീരിനോളം വരില്ല ഏതു സമുദ്രവും.." എന്ന വാക്കുകളെയാണ്. 
പ്രണയം ഒരു നഷ്ടക്കച്ചവടവുംദാമ്പത്യം ജീവപരന്ത്യ തടവുംഅടിമത്തം തിരുമുറിവുകളുടെ കുരിശേറ്റവും ആണെന്ന് ആവർത്തിച്ച് ഓർമ്മിപ്പിക്കുന്ന കഥകൾ.

ഗൗരിനന്ദനം എഡിറ്റ് ചെയ്യപ്പെടാത്തതിന്‍റെ ദുസ്സ്വാദ്  നിലനില്‍ക്കുന്നതിന്‍ അദ്ദേഹം പറയുന്ന ന്യായം ' Survival  of the fittest എന്നാണ് ..
എഴുത്തെന്ന ലോകത്തു നിന്നും വിലക്കപ്പെട്ട ഒരാൾ ഇച്ഛാശക്തി ഒന്നു കൊണ്ടുമാത്രം തിരിച്ചു വന്നതിനുള്ള  ന്യായീകരണം..
 അദ്ദേഹത്തിന്‍റെ വാക്കുകളെ നമുക്ക് മാനിക്കാം..
ഒരുപാട് ചോദ്യങ്ങളും പരീക്ഷണങ്ങളും ആവർത്തിക്കാനിവിടെ ഇനിയും അവതാരങ്ങൾ വരുന്നതും കാത്തുകാത്തിരിക്കും എന്ന് കാലാന്തരങ്ങളിലൂടെ അവൾ പറയുമ്പോൾ അഗാധതയിൽ നിന്ന് ഉയരുന്ന സമുദ്ര വിലാപത്തെ ഞാൻ ഭയക്കുകയാണ് ..
പൊട്ടിച്ചിരികളുടെ
 അലകൾ കടിഞ്ഞാണില്ലാതെ വീണടിയുവാൻ പ്രാർത്ഥിക്കുകയാണ്...
പക്വതയില്ലാത്ത
 പ്രണയത്തിന്‍റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് സ്ത്രീ എന്ന സത്യം മറന്ന് ഭീമന്‍റെ വേഷങ്ങളിലൂടെ ആട്ടം വിജയയിപ്പിക്കുവാൻ കഥാപാത്രങ്ങളെ സൃഷ്ടിച്ച എന്‍റെ കുഞ്ഞിന് ശൂന്യതകൾ നികത്തുവാനും ജീവിതത്തിൽ പരിപൂർണ്ണത കൈവരിക്കുവാനും ഈശ്വരൻ തുണക്കട്ടെ എന്ന് പ്രാർത്ഥിച്ചു പോവുകയാണ്..
നന്ദി....
         
ദേവിയുടെ ഗൗരിനന്ദനം താഴെ കൊടുത്തിരിക്കുന്ന വെബ്ബ് അഡ്രെസ്സില്‍ ലഭ്യമാണ്.. 

Friday, September 21, 2012

** മുന്തിരിച്ചാറിലെ പ്രണയം **



ഇങ്ങനേയുമുണ്ടൊ ഒരു നാണം കുണുങ്ങി..
ഒന്ന് സംസാരിച്ചു കൂടെ പെണ്ണേ നിനക്ക്..?
ഇവളെയൊന്ന് ധാരാളം സംസാരിച്ച് കാണാൻ എപ്പോഴാണ്  സാധിയ്ക്കുക..?“
ഡയറിയുടെ നടുക്കത്തെ താളെടുത്ത്  ഒരു മാർജിൻ വരച്ച്  ഇപ്പുറത്തായി എഴുതി
മുകളിൽ പറഞ്ഞവ ഞാൻ കേൾക്കാൻ ആഗ്രഹിയ്ക്കുന്ന സംഭാഷണ ശകലങ്ങൾ മാത്രമാണ്..

മാർജിന്റെ അപ്പുറത്തെ വശത്തായി കുറിച്ചു,,
“ഈ പെണ്ണിന്റെ വായൊന്ന് മൂടികെട്ടാൻ ആകുന്നില്ലല്ലോ ഈശ്വരാ..
പെൺകുട്ട്യൊൾടെ സൌന്ദര്യ ലക്ഷണങ്ങൾ കാറ്റിൽ പറത്താനായിട്ട് ഇങ്ങനെയൊരു  ജന്മം..
തർക്കുത്തരങ്ങളും വേദാന്തങ്ങളും മാത്രമാണ്  കൈമുതൽ..
ഒതുക്കമില്ലാത്ത പെണ്ണുങ്ങൾക്ക്  വായിൽ നാവും വെച്ച് പിഴയ്ക്കാമെന്നാ ധാരണ എത്ര മോശം..



നനഞ്ഞ് കുതിർന്ന മണ്ണ്..
കാലുകൾ പൂഴ്ന്ന് പോകും ചെളിമണ്ണിലൂടേയുള്ള യാത്ര ദുസ്സഹം..
എങ്കിലും യാത്രകൾക്ക് ഒരു ക്ഷീണ കുറവും ഇല്ല..
ഏകാന്തത അവകാശപ്പെടുന്നുവെങ്കിലും ചുറ്റിനും  കിതച്ചും കുരച്ചും അലറും മുഴക്കങ്ങൾക്കിടയിൽ ഞാൻഎന്ന വ്യക്തിത്വം അലങ്കരിച്ച ഈ ജന്മം..ഹാ..എത്ര സുന്ദരം..!

കേൾവിക്കാർ ഇല്ലെങ്കിലെന്താസ്വയം അറിഞ്ഞും അറിയാതേയും എന്നോട് തന്നെ സം‍വേദിച്ചു..
ശ്വസിയ്ക്കാത്ത, ഭക്ഷിയ്ക്കാത്ത,ജീവനില്ലാത്ത വസ്തുക്കളുമായെല്ലാം സം‍വദിച്ചു.
അങ്ങനെ എന്റെ സംഭാഷണ പ്രിയരിൽ,
ഞാൻ തന്നെ തുന്നിയ സുന്ദരിയുടെ മുഖമുള്ള തലയിണ ഉറയും, പൂക്കളുള്ള ഉണ്ണുന്ന ചില്ല് പാത്രവും, കുളിമുറിയിലെ പിടിയില്ലാത്ത ചുവന്ന കപ്പും,സിംഹത്തിന്റെ തലയുള്ള കൊച്ച് താക്കോൽ തൂക്കും , അകത്ത് ധരിയ്ക്കുന്ന പഞ്ഞി പോലെ നനുനനുത്ത ചെരിപ്പും,മൂടി നഷ്ടായിട്ടും മഷി തീർന്നിട്ടും ഇന്നും സൂക്ഷിച്ചു വെയ്ക്കുന്ന കറുത്ത ബോൾപെന്നുമെല്ലാം പങ്കാളികളായി..!
പിന്നേയുമുണ്ട്ധാരാളം
 പേരുകൾ നൽകാനാവാത്തതും പറയാൻ വയ്യാത്തതുമായ  വായയില്ലാത്ത ഇഷ്ടം പോലെ കൂട്ടുകാർ..!
ഉമിനീർ വറ്റും വരെ അവരുമായി കൂട്ടം കൂടി..
കൊഞ്ചി, പിണങ്ങി,വഴക്കിട്ടു, പരിഭവങ്ങൾ അറിയിച്ചു..
എത്ര പ്രിയമുള്ള എന്റെ മിത്രങ്ങൾ..
അവർ ഒരിയ്ക്കലും മറുത്ത്  സംസാരിച്ചില്ല..വഴക്കിട്ടില്ല..ശാസിച്ചില്ല..
എത്ര ശാന്തരാണ്..
അവർ ഉറങ്ങുന്ന വേളകളിൽ കാറ്റിനോട്, ഇരുട്ടിനോട്, നക്ഷത്രങ്ങളോട്, നിലാവിനോട്, നിഴലിനോട് .കുസൃതികൾ പറഞ്ഞു..
പലപ്പോഴും വഴക്കിട്ടു..
അവരും ശാന്തരാണ്..
പുഞ്ചിരിയ്ക്കുന്നു..
കേൾക്കാത്ത ഈ സ്വരങ്ങളുടെ അർത്ഥമെന്താണ്..?
പൊരുളുകൾ തേടി അലയാൻ നടക്കാത്തത്രയും..
നിഷ്കളങ്കത കാത്ത് കിടക്കുന്ന ഹൃദയങ്ങളുടെ സിംഫണി..,ജീവനില്ലാത്ത രാപകലുകൾ  എനിയ്ക്ക് സമ്മാനിയ്ക്കുന്നു..
എന്നിട്ടും അന്ധമാം മിഴികളേയും മരവിച്ച് കിടക്കുന്ന മൌനത്തേയും ഞാൻ പ്രണയിച്ചതെന്തു കൊണ്ട്..?

മുത്തുകൾ പൊഴിയ്ക്കുന്ന  മൊഴികളേസുഖകരമല്ലാത്ത  നിന്റെ ഭാഷയും പുലമ്പലുകളും പെറുക്കി കൂട്ടി ചവറ്റ് കുട്ടയിൽ ഇടൂ..
എന്ന  അറ്റമില്ലാ  അവഹേളനങ്ങളുടെ ,ആക്ഷേപങ്ങളുടെ..വേദന സഹിച്ച്  ഒരു കൊടും വേനലിൽ അലയുകയായിരുന്ന ഞാൻ,,,,,
ഒരു ആട്ടിൻ കുട്ടിയെ അനുഗമിയ്ക്കുന്ന പോലെ,
ഞാൻ വെയ്ക്കുന്ന ചുവടുകൾക്ക് ചോദ്യങ്ങൾ ഇല്ലാതെ, എവിടേയ്ക്ക് എന്നില്ലാതെ അനുഗമിയ്ക്കുന്നവളും എന്റെ കൂട്ടിന്..


ഈ ചുട്ടു പൊള്ളുന്ന വേനലിനെ ഞാൻ എങ്ങനെ സഹിയ്ക്കും..?
രക്ത ചവർപ്പും വിയർപ്പിൻ ഉപ്പുംപിന്നെകണ്ണുനീരിന്റെ  പുളിപ്പൊ....?
ഊഹും..അല്ല.കണ്ണീരിന്റെ കയ്പ്പ്..“            

നീ ആ കയ്പ്പു നീർ കുടിയ്ക്കാതെ വരൂ..
ശിതീകരിച്ച മുറിയിലിരുന്ന്  തണുത്ത പാനീയം കുടിയ്ക്കാം..”
വെറുമൊരു പാഴ്വാക്കായിരിയ്ക്കുമോ എന്നു പോലും ചിന്തിയ്ക്കാതെ അവളെ അനുഗമിച്ചു..

ശ്രുതി മധുര സംഗീതം..
ഉഷ്ണ സഞ്ചാരത്തിന്  പൊറുതി..
മിത്രമേ..സന്തോഷം തോന്നുന്നു..എനിയ്ക്ക് നിന്നോട് അളവില്ലാത്ത സ്നേഹം തോന്നുന്നു..”
തൊട്ടരികിൽ കണ്ണും പൂട്ടി ഇരിയ്ക്കുന്ന അവളെ സ്നേഹത്തോടെ നോക്കി..!

പൊടുന്നനെ,
പൊള്ളിയ മനസ്സിനെ ആരോ തലോടുന്നു
ആരുടേയൊ സാന്നിദ്ധ്യം അറിഞ്ഞതാണ്..
മുഖമുയർത്തിയപ്പോൾ മുന്നിൽ ഒരു നോട്ട്പാഡുമായി അവൻ നിൽക്കുന്നു..
നിനക്ക് ഞാൻ എന്ത് കുറിച്ചു തരും..”എന്ന് മിഴികളുയർത്തി ആരാഞ്ഞപ്പോൾ അവൻ പുഞ്ചിരിച്ചു,,,
ഹേയ് പെണ്ണേ..നിന്റെ ദാഹം തീർക്കുവാനുള്ള പാനീയം എന്റെ മൺകലത്തിൽ നിറച്ചു വെച്ചിരിയ്ക്കുന്നു..
നിനക്കു വേണ്ട പാനീയത്തിന്റെ പേർ നിനക്ക് നൽകാം..
കത്തി ജ്വലിയ്ക്കുന്ന നിന്റെ മനസ്സിന് കുളിരേകാനും വരണ്ട് പൊട്ടിയ തൊണ്ടയെ നനയ്ക്കുവാനുമുള്ള പാനീയം  നിനക്ക്  എത്തിയ്ക്കാം ഞാൻ..”
അവന്റെ കണ്ണുകൾ എന്നൊട് സംസാരിയ്ക്കുകയാണ്..
ഹൊപരഹൃദയരുടെ ദാഹം അറിയുന്നവൻ!

എന്താണിത്എന്തേ ഇവൻ ഇങ്ങനെ..
അവന്റെ കണ്ണുകളിൽ മാത്രം വാചാലതയോ..?”

മിത്രം പറഞ്ഞു..
അവൻ സംസാരിയ്ക്കില്ല..
അവൻ മാത്രമല്ലഇവിടെയുള്ള മിക്ക ജീവനക്കാരും..
അവർക്കൊരു ഉപജീവനംഅതു കൂടി ലക്ഷ്യമാക്കി പ്രവൃത്തിയ്ക്കുന്ന ഒരു കൂൾബാറാണിത്..”

അവൻ കാത്തു നിൽക്കുന്നു
അവന്റെ നോട്ട്പാഡിൽ ഞാൻ കുറിച്ചു,,
എനിയ്ക്കു ചുറ്റുമുള്ളവർ തണുത്ത പാനീയങ്ങൾ ഊറ്റി കുടിച്ച്, വിയർപ്പ് തുടച്ച് ഇറങ്ങി പോകുന്നു..
അവർ ശാന്തരാണ് താനും..
എന്തേ എനിയ്ക്ക് മാത്രം ഭ്രാന്ത് പിടിയ്ക്കുന്നു..?
മൌനം കൊണ്ട് പുതച്ചവനേ പറയൂ
മൌനം ആവരണമാക്കിയവനേ പറയുക നീ
തുരുമ്പിച്ച എന്റെ മനസ്സിന് മാത്രം എങ്ങനെ തുള വീണു..?“

അവൻ ആ കുറിപ്പെടുത്ത് നീങ്ങി..
നിമിഷങ്ങൾക്കകം ഒരു സ്റ്റീൽ ട്രേയിൽ മുന്തിരി ചാറുമായി അവൻ എത്തി..
നാലായി മടക്കിയ ഒരു കുറിപ്പും ഉണ്ടായിരുന്നു കുപ്പിഗ്ലാസ്സിന്റെ അടിയിലായി..
അവന്റെ പുഞ്ചിരിയ്ക്കുന്ന അക്ഷര തുള്ളികൾ..
മൌനമാകുന്ന അക്ഷരങ്ങളെ വാചാലമാക്കുന്ന അക്ഷരച്ചാറ്..
ആർത്തിയോടെ മുന്തിരിച്ചാറിനോടൊപ്പം ആ അക്ഷര തുള്ളികളേയും എടുത്ത് മോന്തി
പിന്നെ അടിയിലെ തുള്ളികൾ ഊറ്റി കുടിച്ചു..
മേൽചുണ്ടുകൾ നാവ് കൊണ്ട് നക്കി തുടച്ചു..

അതാ..
 മുന്തിരിച്ചാറ് വാചാലമാകുന്നു.
അവൻ പറഞ്ഞു..
 “നീ പറഞ്ഞില്ലെങ്കിലും ഞാൻ മനസ്സിലാക്കുന്നു
പെണ്ണേ നീ എന്നോട് പ്രണയത്തിലാണ്..
എനിയ്ക്ക് കടുത്ത ആശ്ചര്യം തോന്നി
പിന്നെ മനസ്സിലാക്കി,
ഉഷ്ണം പെരുത്ത്  ചുട്ടു പൊള്ളുന്ന നിന്റെ മനസ്സ്  എന്റെ മൌനവുമായി പ്രണയത്തിലാണ്..
തിളയ്ക്കുന്ന ഈ വേനലിൽ ഞാൻ ജീവിതം വെന്ത് തീർക്കുമ്പോൾ നീ നിന്റെ പൊള്ളുന്ന മനസ്സിന് മൌനം വിരിയ്ക്കുവാൻ ആഗ്രഹിയ്ക്കുന്നു..
നീ പ്രണയിയ്ക്കുന്ന എന്റെ മൌനം വാചാലമാണ്..
അത് ഉൾക്കൊണ്ട നിനക്ക് ഞാൻ എന്റെ സ്നേഹം തരുന്നു..“

സത്യം.ഇപ്പോൾ  ഞാന്‍ അറിയുന്നു
ഞാന്‍ അവന്‍റെ മൌനത്തെ പ്രണയിച്ചതായിരുന്നു!


കണ്ണുകൾ ചുറ്റിനും ആർത്തിയോടെ പരതി..
ഇല്ല, അവനെങ്ങുമില്ല..
എന്റെ ഉഷ്നത്തിന് അറുതി നൽകിയവനേ...
നീ എങ്ങു പോയി ഒളിച്ചു..?”
ആ വിതുമ്പുന്ന ചുണ്ടുകൾക്കൊപ്പം ചുവന്നു കലങ്ങിയ കണ്ണുകൾ എന്നെ പിന്തുടരുന്നുണ്ടെന്ന് ഞാൻ വിശ്വസിച്ചോട്ടെ..?

അവനിൽ നിന്നും അകലും നേരം എന്റെ ചുണ്ടുകൾ പിന്നേയും മന്ത്രിച്ചു,

പ്രിയനേ...ഞാൻ നിന്റെ മൌനത്തെ എന്റെ അധരങ്ങളിൽ മുദ്രവെച്ചു കൊണ്ട് ഇറങ്ങുകയാണ്..
നിന്റെ ചുണ്ടുകളിൽ എന്റെ വാചാലതയെ അർപ്പിയ്ക്കുവാൻ ഞാൻ കൊതിച്ചു പോവുന്നു..
നാം പരസ്പരം കൈമാറുന്ന വാചാലതയും മൌനവും തമ്മിൽ പ്രണയത്തിൽ അകപ്പെട്ടിരിയ്ക്കുന്നു എന്ന് നിനക്കും അറിയാം..
അടുത്ത വേനൽ വരേയ്ക്കും നമ്മൾ വിരഹം അനുഭവിയ്ക്കും..
നീ നൽകിയ മുന്തിരിച്ചാറിന്റെ മധുരവും പുളിപ്പും നുണഞ്ഞു കൊണ്ട് ഞാൻ അതുവരേയ്ക്കും നിനക്കായ് കാത്തിരിയ്ക്കും..!

എന്റെ പ്രണയ വാർത്ത അറിയാതെ..അവൾ...എന്റെ മിത്രം...എന്നെ അനുഗമിച്ചു...!



ദേ...ഇവിടേം മുന്തിരിച്ചാറിലെ പ്രണയം നുണയാം..! 

Tuesday, September 4, 2012

വ്യർത്ഥ ബോധം...!






വീടിന്റെ കിഴക്കേ മുറിയിലെ ജനലിലൂടെ ഉദയം കാണാം.
ചുവന്നു തുടുത്തുണരുന്ന പാട വരമ്പുകളിൽ ഇളം മഞ്ഞ പരക്കും വരെ ലാപ്ടോപ്പുമായി അങ്ങനേ ഇരിയ്ക്കും..
പുലരികളിൽ അവന്റെ സ്ഥാനം ജനലരികിലുള്ള മേശപ്പുറം തന്നെ..
നേർത്ത മഞ്ഞിന്റെ തണുപ്പിൽ വിറങ്ങലിച്ച തണുത്ത വിരലുകൾ കൊണ്ടവനെ തലോടി കൊണ്ട് അങ്ങനേ ഇരിയ്ക്കണം അല്പ നേരം..
അവനെ സ്നേഹിയ്ക്കുവാൻ തുടങ്ങിയിരിയ്ക്കുന്നു എന്നവനു ബോധ്യപ്പെട്ടു തുടങ്ങിയാൽ പിന്നെ അവനിലൂടെ തന്റെ പ്രിയ മിത്രങ്ങളിലേയ്ക്കുള്ള ദൂരം, കൺവെട്ടവും മോണിറ്ററും തമ്മിലുള്ള അകലം മാത്രം..
ജനലഴികളിലൂടെ പൊൻ കിരണങ്ങളുടെ ലാളന ഏറ്റ് അടുത്ത സുഹൃത്തുക്കളെ ശുഭദിനാശംസകൾ അറിയിയ്ക്കുമ്പോൾ മുറ്റത്തേയ്ക്കിറങ്ങി വന്ന രാജകുമാരന്റെ പ്രസരിപ്പ് തന്റെ വിരൽത്തുമ്പുകളിലൂടെ അവരിലും എത്തുന്നു എന്ന ശുഭ പ്രതീക്ഷ വല്ലാത്തൊരു അനുഭൂതിയാണു തനിയ്ക്ക് നൽകുന്നതെന്ന് അവർ അറിയുന്നുണ്ടാകുമൊ എന്തോ..!

പടിപ്പുര വാതിൽക്കലേയ്ക്ക് കണ്ണുകളൊന്ന് പായിച്ചു..
പടിപ്പുര വാതിൽ തുറന്ന് പോസ്റ്റ് മാൻ ഗോപിയേട്ടൻ ഇറങ്ങി വരുന്നൂ എന്ന എന്നത്തേയും പോലെയുള്ള സന്തോഷവും ജിജ്ഞാസയും ഉള്ളിലടക്കി ജീ മെയിൽ ലോഗിൻ ചെയ്തു..
ഉമ്മറത്തെ കിളി വാതിലിലൂടെ ഗോപിയേട്ടൻ കത്തെടുത്തു നീട്ടുന്ന പ്രതീതിയാണു ഇൻബോക്സ് തുറക്കുമ്പോൾ..

പതിവു പോലെ തന്നെ വലിയ ആൾതിരക്കുകളൊന്നും തന്നെ ഇല്ലാത്ത ഇൻബോക്സ്..
ഏതെങ്കിലും കമ്മ്യൂണിറ്റി സൈറ്റിൽ നിന്നുള്ള അറിയിപ്പുകൾ വരുമ്പോൾ മാത്രമാണു പതിവിലും വിപരീതമായി ഇൻബോക്സിൽ ആൾപ്പെരുമാറ്റം ഉണ്ടാകുന്നത്..

ഇൻബോക്സിൽ 1 കാണിയ്ക്കുന്നു..
അദ്ദേഹമാണ് ..മുഖം വികസിച്ചു.
“യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയൊ..” എന്ന തന്റെ മെയിലിനുള്ള മറുപടി ആയിരിയ്ക്കാം വന്നു കിടക്കുന്നത്..

"ഇയാളെ രണ്ടീസ്സായി എവിടേയും കാണാതായപ്പൊ ഞാൻ തീർച്ചയാക്കി ന്നോട്‌ യാത്ര പോലും പറയാതെ പോയി കളഞ്ഞെന്ന്.."
മനസ്സിൽ അദ്ദേഹത്തോടായി പറഞ്ഞതായിരുന്നു..
അൽപ്പം ഉച്ചത്തിലായി പോയി..
"നീ ഇതാരോടാ സംസാരിയ്ക്കുന്നത്‌..?"
പിന്നിൽ നിന്ന് അമർഷം പുരണ്ട സ്വരം..
"ആരോടും ഇല്ലാ " എന്ന് പറയുമ്പോഴും ഇൻബോക്സ്‌ തുറക്കുവാനാവാതെ എറർ കാണിയ്ക്കുന്നുവല്ലൊ എന്ന ആധി തികട്ടി വന്നു..
"ഉം,നല്ല കഥ..പലതിനുമുള്ള സമയം അതിക്രമിച്ചിരിയ്ക്കുന്നു“..
എന്ന അമർഷം വീണ്ടും ഉയർന്നെങ്കിലും കാൽ പെരുമാറ്റം അകലും വരേയ്ക്കും കാത്തിരുന്നു..
മൌസിൽ ഒന്നു കൂടി അമർത്തി,
പടിപ്പുര വാതിൽ തുറന്ന് തനിയ്ക്കുള്ള സന്ദേശം സാവകാശം തുറന്നു വരുന്നു..
കാത്തിരിപ്പൂ നിന്നെ ഞാൻ പ്രിയനേ എന്നു ചുണ്ടുകൾ കൂർപ്പിച്ച്‌ ഇന്ബോക്സിലെ കത്തെടുത്ത്‌ വായിച്ചു..

" എന്റെ യാത്രയ്ക്ക്‌ എന്തു ഒരുക്കങ്ങൾ കണ്ണേ...പ്രത്യേകിച്ച്‌ ഒരുക്കങ്ങൾ ഒന്നുമില്ല..
ഞാനൊരിയ്ക്കൽ നിന്നോട്‌ പറഞ്ഞിട്ടില്ലേ..ഒരു അവധൂത ജന്മമാണു എന്റേതെന്ന്.
എല്ലാറ്റിനുമൊടുവിൽ ഒരു യാത്രയുണ്ട്‌,
ഇപ്പോഴുള്ള യാത്രകളെല്ലാം ആ യാത്രയ്ക്കുള്ള പ്രാക്ടിയ്ക്കൽ പഠനങ്ങളാണ്..
യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ വീണിടം വിഷ്ണു ലോകം എന്ന മട്ടിൽ ഒരു അവധൂതനെ പോലെ എങ്ങിനെ അലഞ്ഞു തിരിയാം എന്നു പഠിയ്ക്കുവാനുള്ള യാത്രകൾ,.
എന്നെ മാടി വിളിയ്ക്കുന്ന ഒരു യാത്രയുണ്ട്‌..
എനിയ്ക്കത്‌ നടത്തിയേ പറ്റൂ..
അത്‌ എവിടെ.എങ്ങിനെ എന്ന് ഞാനല്ലാതെ തനിയ്ക്കു മാത്രമേ അറിയൂ..
ഒടുവിൽ ഞാനവിടെ എത്തിപ്പെടുക തന്നെ ചെയ്യും..
ഞാനെന്റെ യാത്ര തുടങ്ങിയിരിയ്ക്കുന്നു..
സ്വന്തം..നിന്റെ എല്ലാം...”

കഴിഞ്ഞ രണ്ടു ദിവസങ്ങളായി താൻ ‘വന്നിരിയ്ക്കുമോ’ എന്ന് ഇൻബോക്സ്‌  ഇടയ്ക്കിടെ തുറന്നു നോക്കി കൊണ്ടിരുന്നതിനുള്ള മറുപടി,
ഉള്ളം നെഞ്ചിൽ തീ പുകയുന്നു..

ജീ മയിൽ സയിൻ ഔട്ട് ചെയ്ത്‌ ലാപ്ടോപ്പ്‌ ഷട്ട്‌ ഡൗൺ ചെയ്ത്‌ സ്ഥിരം വീട്ടു ജോലികളിൽ ഏർപ്പെടുമ്പോൾ ഉള്ളു നീറി പുകയുകയായിരുന്നു..
പലപ്പോഴായി അദ്ദേഹത്തോടൊപ്പം  അക്ഷര കൂട്ടുകളിലൂടെ കൈമാറിയിട്ടുള്ള സംഭാഷണ ശകലങ്ങൾ കണ്ണുകളിൽ പുക കേറിയ കണ്ണുനീരായും,
തീൻ മേശയിൽ മണമുള്ള ഭക്ഷണവുമായി രൂപാന്തരപ്പെട്ടു കൊണ്ടിരുന്നു..!


പുതുമഴ വെള്ളം നിറഞ്ഞ് ആമ്പൽ കുളംനിറഞ്ഞു കിടന്നിരുന്ന ഒരു ഇടവപ്പാതിയ്ക്ക്,
പച്ചപ്പുകൾ പടർന്നു കിടന്നിരുന്ന  തെളിനീരിൽ മത്സ്യ കുഞ്ഞുങ്ങൾ പുളയ്ക്കുന്നത് അദ്ദേഹത്തോടൊപ്പം  അങ്ങനേ നോക്കി നിന്നു..
ആ പുളച്ചിലുകൾ ഞാനും ആഗ്രഹിയ്ക്കുന്നു എന്നെങ്ങാനും അദ്ദേഹം മനസ്സിലാക്കുമോ..?
എവിടെന്നില്ലാതെ ഒരു നിമിഷ ജാള്യത മുഖം ചുവപ്പിച്ചു..
കുലകുലയായി വിരിഞ്ഞു നില്‍ക്കുന്ന വെളുത്ത ആമ്പല്‍ പൂക്കൾക്കും ചുവപ്പു നിറം പടരുന്നു..
പാതയോരങ്ങളും ഇടവഴികളും വിജനമാകുന്നു..
സന്ധ്യ മയങ്ങിയാൽ ഇങ്ങനെയാണ്‍
ആരെങ്കിലും ശ്രദ്ധിയ്ക്കും മുന്നെ ഞാന്‍ പോകട്ടെ എന്ന് ആദ്യമായി അദ്ദേഹത്തെ കണ്ട നാൾ ചോദിയ്ക്കുമ്പോൾ ജലത്തിനടിയിൽ പടർന്നു കിടക്കുന്ന ആമ്പൽ വള്ളികൾ തന്നെ വലിച്ചിഴച്ചു കൊണ്ടു പോയി ശ്വാസം മുട്ടിയ്ക്കുന്നതായി അനുഭവപ്പെട്ടു..!

“നീ എന്തിനാണിങ്ങനെ വേദനിയ്ക്കുന്നത് ഓമനേ..
ഒന്നും നമ്മൾ കൽപ്പിയ്ക്കും പോലെയല്ല..
പ്രാണൻ പോകും മുന്നെ ഒന്നു കാണണം എന്നുണ്ടായിരുന്നു..
അത് നടന്നു..
നിന്റേയും മോഹം അത്രമാത്രമായിരുന്നില്ലേ..?
യാത്രാമൊഴിയെന്നോണം അന്നദ്ദേഹം ഓർമ്മിപ്പിച്ചു.

കണ്ണുകൾ അദ്ദേഹത്തെ വാരി പുണരുമ്പോൾ ഇനി എന്നു കാണാനാകും എന്ന ചോദ്യത്തിനു പ്രസക്തി നൽകാനാവാതെയുള്ള വേർപിരിയൽ സംഭവിച്ചു..
അദ്ദേഹത്തിന്റെ കാല്പാദങ്ങളുടെ വേഗത കൂടുന്നതും നോക്കി അങ്ങനേ നോക്കി നിന്നു പോയി..
ഒരു സ്പർശനം താൻ കൊതിച്ചിരുന്നത് അദ്ദേഹം മനസ്സിലാക്കാതിരുന്നു എന്നത്  എന്റെ തെറ്റിദ്ധാരണയൊ അതൊ സത്യമൊ..?


യാത്ര കഴിഞ്ഞ്‌ അദ്ദേഹം യാത്ര തിരിയ്ക്കുന്നത്‌ ഇതു വഴി ആയിരിയ്ക്കുമോ..?
മുറ്റത്ത്‌ ഒരു കാൽപ്പെരുമാറ്റം കേട്ടാൽ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞു പോകും..
"എന്താ അമ്മേ..ഇത്‌ ഞാനല്ലേ എന്ന് മകൾ സാരിക്കിടയിലൂടെ തെളിഞ്ഞ വയറിൽ ഇക്കിളി കൂട്ടുമ്പോൾ അവളെ ശാസിയ്ക്കാനായില്ല..
ചിലപ്പോൾ വിശ്വാസം വരാതെ പടിപ്പുര ഇറങ്ങി വരുന്ന നിഴലിനെ സൂക്ഷിച്ചു നോക്കി..
അമർഷങ്ങളും കർക്കശങ്ങളും തുറിച്ചു നോട്ടവും ദേഹത്തിലൂടെ തുളഞ്ഞു കയറുമ്പോൾ തന്റെ അബദ്ധ ധാരണയെ സ്വയം കുറ്റപ്പെടുത്തി തിരിഞ്ഞു നടന്നു..
"അദ്ദേഹം വീണ്ടുവിചാരമില്ലാതെ ഒന്നും പ്രവർത്തിയ്ക്കുകയില്ല എന്നത് സത്യമാണ്..” മനസ്സ് മന്ത്രിച്ചു..

നേരം പുലർന്നാൽ മൌസിലൂടെ പടിപ്പുര വാതിൽ തള്ളി തുറന്ന് ഗോപിയേട്ടൻ ഇറങ്ങി വരുന്നത് ഒരു ദിനചര്യയായി...
നിലാവുദിയ്ക്കുന്ന ചില പാതിരാവുകളിൽ അദ്ദേഹമെന്നെ ഓർക്കുന്നതു കൊണ്ടാകാം.
."പ്രണയമേ..നീ എനിയ്ക്കു സ്വന്തം..
ആകാശവും ഭൂമിയും നിനക്ക് അവകാശം പറയാതിരിയ്ക്കട്ടെ..
നിന്നെ എനിയ്ക്ക്‌ നഷ്ടപ്പെടുത്താനാവില്ല.“.എന്ന നാലു വരികൾ വെള്ള കീറും മുന്നെ തന്നേയും കാത്ത്‌ കിടന്നിരുന്നത്‌..!

ഒരു ഉച്ച മയക്കതിനിടെ മറ്റൊന്നും ആലോചിയ്ക്കുവാൻ ഇല്ലാത്ത മനസ്സ്‌ വീണ്ടും പിടിവിട്ട്‌ അദ്ദേഹത്തെ തേടി പഴയ നിറഞ്ഞ ഇൻബോക്സുകളിലേയ്ക്ക്‌ സഞ്ചരിച്ചു..
പകൽ ഓട്ടങ്ങളിലെ നടുവേദന പതിവികധികം സഹിയ്ക്കാനാവാത്ത രാവുകളിൽ ഇൻബോക്സിനുള്ളിൽ നിശ്ശബ്ദയായി കിടക്കുന്ന തന്നെ   അദ്ദേഹം ഓടിവന്ന്  നിലാവിനു മറയിട്ട്‌ തലോടി തരുമായിരുന്നു..
രാത്രികൾക്ക്‌ നീളം കൽപ്പിയ്ക്കാറുള്ള ആ മഴയുള്ള വേളകൾ ഓർത്തു കൊണ്ടാകാം,
"നേരം എത്രയായെന്ന് നിശ്ചയമുണ്ടൊ,
നീ എന്താണുറങ്ങാത്തത്‌ മോളൂ“.. എന്ന രണ്ടു വരികൾ തന്നെ തട്ടി ഉറക്കിയിരുന്നതും..
അദ്ദേഹത്തിന്റെ സംരക്ഷണത്തിൽ ഇൻബോക്സിൽ താൻ സുഖമായി ഉറങ്ങിയിരുന്നതും..

"തങ്കം..ഞാൻ പോകുന്നു..“
മൂർദ്ധാവിൽ ചുണ്ടുകളമർത്തി ഇരുളിലേയ്ക്ക്‌ യാത്രയാകുന്ന അദ്ദേഹത്തെ സ്വപ്നം കണ്ടുണരുമ്പോൾ സ്വപ്നം മാത്രമാണതെന്ന് ആശ്വാസിപ്പിയ്ക്കാനാവാതെ തണുത്ത വെള്ളത്തിൽ കുളിച്ചു കയറി ഇരുളിന്റെ മാറിൽ ചൂടേറ്റു പിന്നേയും കിടന്നുറങ്ങി.

അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളുള്ള യാത്ര എന്ന ശൂന്യമായ ഇൻബോക്സുകളെ നോക്കി മരവിപ്പ് അനുഭവപ്പെട്ട് കാത്തിരിയ്ക്കുമെങ്കിലും..
ലക്ഷ്യങ്ങളില്ലാതെ അലക്ഷ്യമായി അലയുന്ന അദ്ദേഹത്തെ സങ്കൽപ്പിയ്ക്കുവാനാവാതെ തളർന്ന ഹൃദയത്തോടെ പല സൈറ്റുകളിലും പാദങ്ങൾ അലയുകയുണ്ടായി..!

ആദ്ദേഹത്തിന്റെ യാത്രാ വിവരണങ്ങൾ ഇൻബോക്സിൽ തന്നേയും കാത്ത് കെട്ടി കിടക്കുന്നുണ്ടായിരിയ്ക്കാം എന്ന് വെറുതനേ മോഹിച്ച്‌ പിന്നെ പിന്നെ ഇൻബോക്സ്‌ തുറക്കാതായി..
നാളുകൾക്കു ശേഷം ഒന്നെങ്കിലും കണ്ടെടുക്കുന്ന സുഖം നൽകില്ലല്ലൊ എന്നും നൽകുന്ന ശൂന്യതയുടെ വേദന..!

നടു വേദന, കാൽക്കഴച്ചൽ, വിരൽത്തുമ്പുകളിലെ തരിപ്പ്‌..
വാത രോഗങ്ങളുടെ അകമ്പടികൾ..
പാരമ്പര്യാവകാശമായി സ്വന്തമാക്കി കൊണ്ടിരിയ്ക്കുന്ന ദീനങ്ങൾ..
അമർഷങ്ങളും കാൽപെരുമാറ്റങ്ങളും ഭയപ്പാടുണ്ടാക്കുന്ന അവസ്സ്ഥകൾ..
ഇനി വയ്യ...

നാളുകൾക്കു മുന്നെ അവസാനായി തുറന്ന അദ്ദേഹത്തിന്റെ ഇൻബോക്സിലേയ്ക്ക്‌ വ്യർത്ഥബോധത്തോടെ മറുപടി ടൈപ്പ്‌ ചെയ്തു...

"ദിനം പ്രതി എന്റെ സൗന്ദര്യം വർദ്ധിച്ചു വരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു..
വൈരൂപ്യത്തിലെത്താൻ മാന്ത്രികന്റെ ഉൾക്കണ്ണെന്ന പോലുള്ള ഇയാളുടെ ദൃഷ്ടികൾ ഒരിയ്ക്കലും അനുവദിച്ചിട്ടില്ലല്ലൊ..
അവശതകളും നിരാശകളും അണപ്പൊട്ടിയൊഴുകുന്ന രാത്രികളിൽ,
ഇൻബോക്സിലെ വെളുത്ത പതു പതുത്ത കോസടിയിൽ കിടത്തി നനുത്ത രോമങ്ങളുള്ള ബലിഷ്ഠ കരങ്ങളാൽ എന്നെ വലിഞ്ഞ് മുറുക്കുമ്പോഴും ,
വെളുത്ത വരകൾ കോറിയ അടിവയറ്റിൽ തലോടി അച്ഛന്റെ കുഞ്ഞോമനയെ നെഞ്ചോട്‌ ചേർത്ത്‌ ഉറക്കുമ്പോഴും,
ഇയാൾ നൽകിയിരുന്ന ചുടുചുംബനങ്ങൾ നഷ്ടബോധമാണു എന്നിൽ ഉണർത്തിയിരുന്നത്‌..
യാഥാർത്ഥ്യം നിഴലുകളില്ലാതെ കണ്മുന്നിൽ മഞ്ചാടി കുരുക്കളെ പോലെ ചിതറിയോടുമ്പോൾ അലക്ഷ്യമായ തിരിഞ്ഞു നടത്തം ഞാൻ ആഗ്രഹിച്ചിരുന്നില്ല..
ഒരു മാന്ത്രിക ശക്തിയാൽ ഞാൻ നിന്നെ അനുഗമിയ്ക്കുവാൻ ആഗ്രഹിച്ചു പോയി..
അവധൂത ജന്മമേ...
ഞാൻ ആഗ്രഹിയ്ക്കുന്നു നിന്നോടുത്തുള്ള അവസാന യാത്രയ്ക്ക്‌..
അരുത്‌ എന്നെന്നെ വിലക്കരുത്‌..
ഞാൻ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്..

മൌസ്‌  ജീമെയിലിന്റെ വലതു വശത്തേയ്ക്ക്‌ നീങ്ങി..
സൈൻ ഔട്ട്‌ ചെയ്ത്‌ ലാപ്ടോപ്പ്‌ ഷട്ട്‌ ഡൗൺ ചെയ്യുമ്പോൾ ,
കാത്തു കിടക്കാത്ത ഇൻബോക്സുകൾക്കായി ഇനിയൊരിയ്ക്കലും അവനെ സ്റ്റാർട്ട്‌ ചെയ്യുകയില്ലെന്ന് തീരുമാനിച്ചു..

പിന്നീടുള്ള കാത്തിരിപ്പുകൾ പുലരികളിൽ പടിപ്പുര വാതിൽ തള്ളി തുറന്നു വരുന്ന ഗോപിയേട്ടനും,
ചുവപ്പ്‌ കത്തിപ്പടരുന്ന സന്ധ്യകളിൽ പടിപ്പുര തള്ളി തുറന്നു വരുന്ന അദ്ദേഹത്തിന്റെ നിഴലിനും വേണ്ടി മാത്രമായി ..!

വ്യർത്ഥമാണീ മോഹം എന്നറിഞ്ഞിട്ടും...!

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...