Tuesday, May 22, 2012

നിമിഷങ്ങൾ....!


നാലുമണി ബെല്ലടിച്ചു..
കുട്ടികൾ പരന്നൊഴുകി ഓടുന്നു..
അദ്ധ്യാപകർ കൂട്ടമായും അല്ലാതേയും പടികളിറങ്ങുന്നു..
തനിയ്ക്ക് കൂട്ടില്ലാത്തതു കൊണ്ടും ആർക്കും കാത്തു നിൽക്കണ്ടാത്തതു കൊണ്ടും സാവകാശം പുസ്തകങ്ങളൊതുക്കി  സ്റ്റാഫ് റൂമിൽ നിന്ന്  ഇറങ്ങുവാൻ  ഒരുങ്ങുമ്പോഴായിരുന്നു ഒരു കൊടുങ്കാറ്റ്  കണക്കെ ചന്തു പ്രവേശിച്ചത്..
തന്റെ കൈത്തണ്ടയിലെ  ഇറുകി കിടക്കുന്ന ഒറ്റ വള ഒന്നു കൂടി ഇറുക്കി കൈ വലിച്ചു കൊണ്ട് അവൻ ധൃതിയിൽ ആഞ്ഞ് നടക്കുകയാണ്..
കാര്യം മനസ്സിലാവാതെയുള്ള പരിഭ്രമവും അസഹ്യ വേദനയും ചന്തുവിനോട് സ്വരം ഉയർത്തുവാൻ  കാരണമാക്കി.
ചന്തൂനീ എന്താണ് ഈ കാണിയ്ക്കുന്നത്..?                        
എന്റെ കൈ മുറുക്കി പിടിയ്ക്കാതിരിയ്ക്കൂ..എല്ലുകൾ നുറുങ്ങി പോകും പോലെ..
വേദനയാണെങ്കിൽ പറയും വേണ്ടഎനിയ്ക്ക് സഹിയ്ക്കാനാവുന്നില്ല..
എന്നെയൊന്ന് വിടുന്നുണ്ടൊ നീ ചന്തു..?
ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്തിരിയ്ക്കുന്നു..?
നിന്നെ എനിയ്ക്ക് മനസ്സിലാക്കുവാൻ കഴിയുന്നില്ല..
എനിയ്ക്ക് ദേഷ്യം വരുന്നുണ്ട് കേട്ടൊ..
നീ ഒന്ന് നിൽക്കൂഎന്നിട്ടെന്റെ കൈത്തണ്ടയിലൊന്ന് കണ്ണോടിച്ച് നോക്കൂ..
നിന്റെ വിരൽപ്പാടുകൾ പതിഞ്ഞ് കാണും..
അതും സാരല്ല്യാ..എന്റെ കണ്ണുകളിൽ നിന്ന് ഇറ്റി വീഴും വെള്ളത്തുള്ളികൾ തുടയ്ക്കുവാനെങ്കിലും നീ എന്നെയൊന്ന് അനുവദിയ്ക്കു ചന്തൂ!”

കൊടുങ്കാറ്റിന്   ശാന്തത കൈവന്നിരിയ്ക്കുന്നു..
പാച്ചൽ നിന്നത് എവിടെയാണെന്ന്  ചുറ്റിനും കണ്ണോടിച്ചപ്പോൾ വീണ്ടും ആശങ്ക..
ഒരൊറ്റ മേശയോ, കസാലയോ, ബെഞ്ചോ, ഡസ്ക്കോ ഇല്ലാത്ത പൊടിപിടിച്ച് മാറാല തൂങ്ങുന്ന പൂട്ടിയിട്ടിരിയ്ക്കുന്ന ഈ ക്ലാസ്സ് മുറിയിലേയ്ക്ക് എന്തിനാണ്  ചന്തു തന്നെ വലിച്ച് കൊണ്ടുവന്നിരിയ്ക്കുന്നത്..????
നീ എന്നെ  എന്ത് ചെയ്യാൻ പോകുന്നു ചന്തു..?“
ചോദ്യം അറിയാതെ രോദനമായി മാറി പോയി..
അഴുക്ക് പുരണ്ട ചുവരിനടുത്ത് ചാരി വെച്ചിരിയ്ക്കുന്ന പഴയ നിറം മങ്ങിയ മരബോർഡ് അപ്പോഴാണ്  കണ്ണിൽപ്പെട്ടത്..
സ്വരം ഒന്ന് താണു..പരിഭ്രാന്തിയ്ക്ക്  ലേശം അറുതി കിട്ടി..
ഇതെന്താണ് ചന്തു നീ ബോർഡിൽ എഴുതി വെച്ചിരിയ്ക്കുന്നത്..?”
തിരിഞ്ഞു നോക്കിയപ്പോൾ  ചന്തു ഇല്ല..
ഈ കുട്ടി ഇതെവിടെ പോയി..
ആഞ്ഞ് വീശിയടിച്ചിരുന്ന കൊടുങ്കാറ്റ്  ഇങ്ങനേയും ശാന്തമാകുമോ..?“
ഒന്ന് പരിഭ്രമിച്ചുപിന്നെ ബോർഡിലേയ്ക്ക്  ഓടി വേഗം അക്ഷരങ്ങളെ  കൂട്ടിയെടുത്ത് വായിയ്ക്കുവാൻ  തുടങ്ങി..
എന്തേവായിയ്ക്കാൻ ആവുന്നില്ല..കണ്ണുകൾക്ക് മങ്ങൽ തോന്നുന്നു..പൊടി പടലങ്ങളൊ അതൊ പുക മറയൊ..എന്താണ്   വടിവൊത്ത  തെളിഞ്ഞ അക്ഷരങ്ങളെ മങ്ങലേൽപ്പിയ്ക്കുന്നത്..?

അവന്‍റെ വരികൾ പറഞ്ഞു..
ടീച്ചർ.. ബോർഡിന്  പിറകിലുള്ള ജനലഴികൾക്കിടയിൽ ഒരു പുസ്തകം വെച്ചിട്ടുണ്ട്..
അതിന്റെ ഏടുകൾക്കിടയിൽ ഒരു കുറിപ്പുണ്ട്..
അത് ടീച്ചർക്കുള്ളതാണ്
ടീച്ചർ എന്നോട് ക്ഷമിയ്ക്കണം..!

ഒരു കിതപ്പോടെ  ബോർഡിന്റെ പിൻ വശത്തേയ്ക്ക് നീങ്ങി..
ജനലഴികൽക്കിടയിൽ ഭദ്രമായി തിരുകി വെച്ചിരിയ്ക്കുന്ന  പുസ്തകം ധൃതിയിൽ  കൈക്കലാക്കിയപ്പോൾ നെഞ്ചിടിപ്പ് ഏറി..
അതിനിടയിൽ നിന്നും പെട്ടെന്ന് തിരഞ്ഞെടുത്ത കുറിപ്പ് കയ്യിലിരുന്ന് വിറയ്ക്കുന്നു..
അറിയാതെ ഉള്ളം പിടയ്ക്കുന്നു..
വിയർക്കുന്ന മുഖം..
വിറയ്ക്കുന്ന കൈകൾ..
പിന്നേയും തെളിവാർന്ന ആ വടിവൊത്ത അക്ഷരങ്ങൾ മങ്ങുന്നു..

എന്‍റെ പ്രിയപ്പെട്ട  ടീച്ചര്‍.. 
നിങ്ങൾ എനിയ്ക്ക്  എത്രമാത്രം പ്രിയപ്പെട്ടിരിയ്ക്കുന്നു എന്ന് നിങ്ങൾക്ക് അറിയുമോ..?
ഇല്ല.നിങ്ങൾക്ക് ഊഹിയ്ക്കാവുന്നതിലോ മനസ്സിലാകാവുന്നതിനോ അപ്പുറത്താണത്..
വീട്ടിൽ പഠിയ്ക്കാൻ ഇരിയ്ക്കുമ്പോഴും.. ഞാൻ വായിച്ചു കൊണ്ടിരിയ്ക്കുന്നതും കേട്ട് കൊണ്ടിരിയ്ക്കുന്നതും ടീച്ചറുടെ സ്വരം മാത്രമാണ്..
പദ്യം മനപാഠമാക്കുക എന്നാൽ എനിയ്ക്ക് കഷായം കുടിയ്ക്കുന്നത് പോലെയായിരുന്നു..
ആ ഞാനിന്ന് കവിതകൾ അമൃത് പോലെ മോന്തുകയാണ്..
ആ ആസ്വാദന ലഹരി എന്നിൽ ജനിപ്പിച്ചത് ടീച്ചറാണ്..
നിലാവിനെ കൂട്ടുകാരനാക്കി ജനലരികിലിരുന്ന് വായനാശീലം വർദ്ധിപ്പിയ്ക്കുവാൻ നിങ്ങൾ എനിയ്ക്കു തന്ന ഉപദേശങ്ങൾ ഞാൻ പാലിച്ചു പോന്നു..
എന്നാൽ ഞാൻ കഥയേക്കാളേറെ കവിതകളെ സ്വയത്തമാക്കി മൂളി ഉറങ്ങി..
കവിതകൾ എന്നിൽ ഉണര്ത്തും നിറങ്ങളെ  ഞാൻ ടീച്ചർക്കുള്ള സ്നേഹ പൂക്കളുടെ നിറങ്ങളാക്കി..
ആ വർണ്ണ പൂക്കളെ ജീവന്റെ ജീവനാക്കി ഞാൻ പാടി നടന്നു..
അത്രയ്കും പ്രിയപ്പെട്ട എന്റെ ടീച്ചറോട് ഞാൻ ഇന്നൊരു സ്വകാര്യം പങ്കു വെയ്ക്കാൻ താത്പര്യപ്പെടുന്നു..
അവിവേകമെങ്കിൽ പൊറുക്കുക..
എന്നെ തെറ്റുകാരനായി ചൂണ്ടി കാണിയ്ക്കരുതെന്ന് അപേക്ഷ..!


ഈശ്വരാ.ന്റെ വിരലുകൾക്ക് ആ കടലാസ്സ് കഷ്ണം താങ്ങാനാവാത്ത പോലെഭാരം ഏറുന്നു.കൈകൾ വിറയ്ക്കുന്നു.നെഞ്ച് പട പടാന്ന് മിടിയ്ക്കുന്നു..”

അവൻ തുടർന്നു..
കഴിഞ്ഞ മാസം രണ്ടാം തീയ്യതി ഭക്ഷണം കഴിയ്ക്കുവാനുള്ള ബെല്ല് അടിച്ചിട്ടും ഭക്ഷണ പാത്രം മുന്നിൽ വെച്ച് തല കുമ്പിട്ടിരിയ്ക്കുന്ന എന്നോട് ,,
ഭക്ഷണം നിന്ദിയ്ക്കുന്ന ഈ രീതി നീ മാറ്റണം എന്ന്  ടീച്ചർ എന്നെ ശാസിച്ചു..
മൂന്നാം തീയ്യതി,അതിന്റെ പിറ്റേന്ന്...ടീച്ചറുടെ നോട്ടം എന്റെ മുഖത്ത് തറയ്ക്കാതിരിയ്ക്കുവാനായി ഞാൻ പിൻ ബെഞ്ചിൽ സ്ഥാനം പിടിച്ചപ്പോൾ ,,
ഇത്തരം പ്രവൃത്തികൾ ഇനി മേലാൽ നീ ആവർത്തിച്ചു പോകരുത് ..” എന്ന് കൽപ്പിച്ചു..
ആ ദിവസങ്ങളിൽ വീട്ടിൽ എത്തിയാലും ഞാൻ വല്ലാത്ത അവസ്ഥയിലായിരുന്നു..
അച്ഛൻ കണ്ണുകൾ  തുറിപ്പിച്ചു
അമ്മ അടിയ്ക്കുവാൻ ഒങ്ങി..
ചേച്ചി കളിയാക്കി..
അനുജൻ കൊഞ്ഞനം കുത്തി..
കൂട്ടുകാർ കളിയ്ക്കാൻ കൂട്ടാതെയായി..
കളി സ്ഥലങ്ങളിൽ പോയി ഞാൻ വെറുതെ മൌനം പൂണ്ടിരുന്നു..അങ്ങനെ ആരും എന്നോട് മിണ്ടാതെയായി..ചിരിയ്ക്കാതെയായികൂട്ടുകൂടാതെയായി..
പരിഹാസം മുറ്റുന്ന നോട്ടങ്ങളും ചിരികളും മാത്രമായി..
എന്റെ ജീവിതത്തിൽ ഈ സംഭവങ്ങൾ അരങ്ങേറാൻ തുടങ്ങിയിട്ട് ഇന്നലത്തേയ്ക്ക് കൃത്യം ഒരു മാസം തികഞ്ഞിരിയ്ക്കുന്നു..
എനിക്ക് ഇനിയും ഒളിച്ചു വെയ്ക്കാനാവില്ല..
ഞാൻ സങ്കടത്തിൽ മുങ്ങി മരിച്ചു പോകും പോലെയായിരിയ്ക്കുന്നു..
എന്നാൽ ഇന്നലെ ഞാൻ എന്റെ നോട്ട് പുസ്തകം മാറോട് ചേർത്ത് ആരെങ്കിലും കാണുന്നുണ്ടോ എന്ന് ചുറ്റിനും നോക്കി പുഞ്ചിരിച്ചപ്പോൾ  ടീച്ചർ എന്നോട് ചോദിച്ചില്ലേ..
വായിയ്ക്കുന്നതിനിടയിൽ ഉണ്ട കണ്ണുകൾ അപ്പുറവും ഇപ്പുറവും പായിച്ചിട്ടുള്ള ഇത്രയും വലിയ ആനന്ദം എന്തിനാണ് ചന്തു”..എന്ന്..
ആ രഹസ്യമാണ് ഞാനിപ്പോൾ വെളിവാക്കാൻ പോകുന്നത്..
എങ്ങനെ തുടങ്ങും എന്ന് അറിയില്ലെങ്കിലും ഞാൻ പറയുകയാണ്..

“ആവശ്യമോഅനാവശ്യമോസങ്കോചം പിന്നേയും പിടി കൂടുന്നു
ഈ കുട്ടി എന്തിനുള്ള പുറപ്പാടാണ്…?’

ദിവസങ്ങളും മാസങ്ങളുമായി എനിയ്ക്ക് കവിതകൾ കുറിയ്ക്കുന്ന ശീലം ടീച്ചർ മൂലം ഉണ്ടായിരിയ്ക്കുന്നു..
അവയെല്ലാം ഞാൻ മയിൽപ്പീലികൾ കണക്കെ ഓരോ താളുകളിലായി ഒളിപ്പിച്ച് വെച്ചു..
എന്നാൽ കഴിഞ്ഞ മാസം രണ്ടാം തീയ്യതി ഞാൻ ടീച്ചറെ കുറിച്ചുള്ള ഒരു കവിത എഴുതുക എന്ന ആഗ്രഹത്തിന് അന്ത്യം ഇട്ടു കൊണ്ട് പത്ത് വരികൾ എഴുതി..
അത് ടീച്ചറെ എങ്ങിനെ കേൾപ്പിയ്ക്കും..സമ്മാനിയ്ക്കും എന്ന ആശങ്കയിലായിരുന്നു ഞാന്‍..
ചുവടെ  ആ വരികൾ കുറിയ്ക്കുന്നുസ്വീകരിച്ചാലും..

നൊമ്പരങ്ങൾ പൂ പുഞ്ചിരികളാക്കുവാനും
ആനന്ദ നിമിഷങ്ങൾ ആഴികളാക്കുവാനും
എന്നിലെ കവിതകൾക്ക് പിറവി നൽകുവാനും
സ്വപ്നങ്ങളെ ചിറകിലേറ്റി കടലാസ്സിൽ ഒതുക്കുവാനും
വാക്കുകൾ ജ്വാലയായ് പടർത്തുവാനും
ഒരു തണലായ്..
അരികിൽ ഒരിളം തെന്നലായ് വീശി
സ്വച്ഛമാം നിലാവിൻ  ശോഭകൾ പരത്തി
മണ്ണിലിറ്റ് വീഴും രാമഴ കുളിർമകൾ പൊഴിച്ച്
മാതൃസ്പർശമായ് തലോടും ഗുരുവേ.പ്രണാമം..“

സ്നേഹത്തോടെ ചന്തു..!

കണ്ണുകൾ നിറഞ്ഞൊഴുകി..
ചന്തുവിനെ അൽപ്പ നിമിഷങ്ങൾക്കെങ്കിലും സംശയിച്ചുവല്ലോ..
ദൈവമേ.നിനക്ക് എന്നോട് എങ്ങിനെ പൊറുക്കാനാകും..?”
മാറാല മണക്കുന്ന മുറിയിൽ പൊടി പിടിച്ച തറയിൽ തളർന്നിരുന്നു പോയി..
ഒരു ആശ്വാസം ലഭിയ്ക്കണമെങ്കിൽ എനിയ്ക്കവനെ, എന്റെ ചന്തുവിനെ ഇപ്പോൾ കാണണം..
ചുറ്റിനും നോക്കിതിരിഞ്ഞു നോക്കി..അതാ.
മുറിയുടെ കതകിൽ അവൻ മറഞ്ഞ് നിൽക്കുന്നു..
ചുണ്ടുകളിൽ മനസ്സ് നിറയ്ക്കുന്ന പുഞ്ചിരി..
അവനെ കൈകൾ നീട്ടി അരികിലേയ്ക്ക്  വിളിച്ചു..
എന്റെ ചന്തൂ.എനിയ്ക്കറിയാം നിന്നെ..
പക്ഷേ…എന്നിട്ടും നീ എന്നെ പേടിപ്പിച്ചുവല്ലോ ന്റ്റെ കുട്ടീ..

അപ്പോഴും അവൻ പുഞ്ചിരിച്ചു..!

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...