Friday, January 17, 2014

അരിമ്പാറകൾ പൂക്കുന്ന മുഖം..!



ഇരുട്ടിനെ നോക്കി ഇരിക്കുകയായിരുന്നു സ്വര.

എവിടെ നിന്നോ ചിതറി വീണ ഇത്തിരി വെട്ടത്തിൽ തന്റെ നിഴലിനെ കാണാം.
കുഞ്ഞായിരിക്കുമ്പോൾ കാലിടറിവീണു കിട്ടിയ ഒരു  ചന്ദ്രക്കലച്ചാർത്ത്  വീതിയുള്ള നെറ്റിത്തടത്തിൽ  അന്നും ഇന്നും ഒരുപോലെ തെളിഞ്ഞ് കിടപ്പുണ്ട്.
കട്ടപ്പുരികങ്ങളുടെ ഇഴുകിയ കറുപ്പും, മൂക്കിനു കീഴിലായി കാക്കാപ്പുള്ളികളെന്നു തോന്നിപ്പിക്കുന്ന  അരിമ്പാറകളും, മേൽച്ചുണ്ടിനു മുകളിലെ നനുത്ത രോമങ്ങളും

ഹൊ! എത്ര അവർണ്ണനീയമായ സൌന്ദര്യസൂത്രങ്ങളാണു തനിക്കു മേൽ ഈശ്വരൻ പതിച്ചു വെച്ചിരിക്കുന്നത്..

'പാതിരായ്ക്ക് ഉദിച്ച പൌർണ്ണമി പോലെ..'
 
ഉവ്വോ..?” എന്ന് സ്വയം ചോദിച്ചത്  അതേലോഎന്ന തന്റെതന്നെ മറുപടിക്കായിരുന്നു.

സ്വരാനീ മനോരാജ്യപേടകത്തിൽ യാത്ര പുറപ്പെട്ടിരിക്കുന്നുവോ?“ - പൊട്ടിച്ചിരി കൊണ്ടൊരു പിൻവിളി.. 

മൈഥിലിയാണ്....

മൈഥിലി വിരലുകൾകൊണ്ട്  സ്വരയുടെ  മുടിയിഴകളെ തഴുകി നെറ്റിത്തടത്തിലൂടിറങ്ങി മൂക്കിൻത്തുമ്പിനെ താലോലിച്ച്കൊണ്ട് എന്നത്തേയും പോലെ അന്നും കൂട്ടുകാരിയെ ഓർമ്മിപ്പിച്ചു,

നിന്റെ നിറം തന്നെയാണ്  നിന്റെ മുടിയഴകും സ്വരാ... ഇപ്പോഴതിന്റെ മാറ്റ് കുറക്കാനെന്നോണം വെള്ളിക്കമ്പികൾ പാറിക്കളിക്കുവാനും തുടങ്ങിയിരിക്കുന്നു.
മാത്രമല്ല ധീരമായ് ചിരിക്കുന്ന നിന്റെ ചുണ്ടുകൾ വിറക്കുന്നുണ്ടിപ്പോൾ ഓരോ പുഞ്ചിരിയിലും.“

മൈഥിലി നടന്നകന്നപ്പോൾ  അവളെ  തന്നിലേക്ക് അടുപ്പിക്കുവാൻ പ്രേരണയാക്കുന്ന ഒരാകർഷണം  ആ വിരലുകൾക്കുണ്ടെന്ന് സ്വര മനസ്സിലാക്കി.

എന്തേ കുട്ടീ നീ മാത്രം ഇങ്ങനെ ഒരു കണ്ണിനും പിടിക്കാത്തവളായിപ്പോയത്..?” - അമ്മയാണ്.. പെറ്റ നെഞ്ചിന്റെ വിതുമ്പലുകൾ എപ്പോഴും  പിന്തുടരുന്നുണ്ട്..

എല്ലായ്പ്പോഴും  ഇരുട്ട് മാത്രമാണ് തന്നെ ആവരണം ചെയ്യുന്നത്പലപ്പോഴും ഒരാശ്വാസമായി തീരുന്നതും ഈ ഇരുട്ട് തന്നെ. കറുപ്പ് തന്നെ വിഴുങ്ങിയിരിക്കുകയാണ്..ഒരിക്കലും പുറത്തു കടക്കാനാവാത്ത വിധം..!

വളരെയധികം നാളുകൾ പിന്നിടേണ്ടി വന്നില്ല..

സ്വര സുമംഗലിയായി..

ഒരു സാധാരണക്കാരിപ്പെണ്ണിന്റെ മട്ടും ഭാവവും കാണിക്കുന്ന അധികം ഒഴുക്കില്ലാത്ത രേണിപ്പുഴ..

കിതപ്പറിയാതെ പാഞ്ഞുവരുന്ന നീർപ്പാച്ചിലിന്റെ മൺതട്ടിലൊരു  കൂരവാർത്ത കേശു ആ ചുമരുകൾക്കുള്ളിൽ സ്വർഗ്ഗം തീർക്കുവാൻ സ്വരയെത്തന്നെ വേണമെന്ന് നിർബന്ധം പിടിച്ചത്  എന്തിനായിരിക്കുമെന്ന് സ്വരയുടെ അമ്മ പോലും  അതിശയിച്ചു..
മറുകരയിൽ തന്റെ കൺവെട്ടത്ത് തന്നെ മകളുണ്ടല്ലൊ എന്ന സമാധാനം ആ മാതാവിന്റെ വേദനയും സംശയവും മാറ്റി നിർത്തി.

സുമംഗലിയായതോടെ സ്വര രാപ്പകലുകളെന്നില്ലാത്ത പൌർണ്ണമിയെ പോലെ ശോഭിച്ചുകൊണ്ടിരുന്നു.

 നിന്റെ അരിമ്പാറകളിപ്പോൾ  വിടരുവാൻ വെമ്പി നിൽക്കുന്ന പൂമൊട്ടുകൾ  പോലെയുണ്ട്..“

പകലിന്റെ പൌർണ്ണമിയെന്ന് മൈഥിലി കളിപറയാറുണ്ടല്ലൊ എന്നോർത്തപ്പോൾ സ്വര ലജ്ജിച്ചുപോയി.

താൻ ആകാശവും ഭൂമിയും മറന്ന് രേണിയുടെ തീരത്ത് അഴുക്ക് തുണികൾ അലക്കുകയാണെന്ന ബോധം തിരിച്ചു നൽകിയത് മൈഥിലിയായിരുന്നു.

തീർന്നില്ലേ മോളെ നിന്റെ വിഴുപ്പലക്കൽ..? എത്രയോ നേരമായി നീ ഇവിടെ ചിലവഴിക്കുന്നത് കുന്നിൻ മുകളിൽ നിന്നുകൊണ്ട് ഞാൻ കാണുന്നുണ്ടായിരുന്നു..  നിന്റെ മുഖശോഭ അത്ര ദൂരേയ്ക്കും  എന്തു വ്യക്തമാണെന്നൊ..?”

മൈഥിലിയുടെ സ്പർശനമേറ്റപ്പോൾ  കേശുവിന്റെ സ്പർശമേറ്റപ്രതീതി..

സ്വര പെട്ടെന്നവളുടെ മിനുമിനുത്ത കൈവിരലുകൾ  കവിളിൽ നിന്ന് തട്ടിമാറ്റി പുഴയുടെ തെളിനീരിലേക്ക്  തന്റെ മുഖം കാണുവാനായി ആഞ്ഞു..

അരിമ്പാറകൾ വ്യക്തമാക്കിയില്ലെങ്കിലും തെളിമയോടെ പുഞ്ചിരി കാണിപ്പിച്ചുകൊണ്ട്  അനുസരണയുള്ള കണ്ണാടി പോലെ രേണി അവൾക്കു വേണ്ടി നിശ്ചലയായി നിന്നു കൊടുത്തു.

ദിക്കും ലോകവും അറിയാതെയുള്ള ഇരിപ്പാണല്ലൊ മുത്തേ..” - കേശുവിന്റെ തഴമ്പിച്ച  കൈകൾ അവളുടെ അരക്കെട്ടിൽ വരിഞ്ഞ് മുറുകിയത് ഓർക്കാപ്പുറത്തായിരുന്നു.

ഹൊ..കേശുവേട്ടാനിയ്ക്ക് വേദനിക്കുന്നുണ്ട് ട്ടൊ..ചിലപ്പോൾ ഈ മൈഥുവും ഇങ്ങനെയാവേദനിപ്പിച്ചുകൊണ്ടേയിരിക്കും” - ലജ്ജ കലർന്ന പരിഭവം കേശുവിനെ അറിയിച്ച്  സ്വര മൈഥിലിയിലേക്ക്  തിരിഞ്ഞപ്പോഴേക്കും അവൾ മുഖം തിരിച്ച്  നടന്നകന്നിരുന്നു.

അവളുടെയുള്ളിൽ തങ്ങളോട് അരിശം തോന്നിയിരിക്കുമോ എന്ന്  സ്വര സംശയിച്ചു.
ബാല്യം മുതൽക്കുള്ള തന്റെ സ്വന്തക്കാരി  അവൾ മാത്രമാണ്.. കുന്നിൻ ചെരുവിനു മുകളിലുള്ള വലിയ ഓടിട്ട വീടാണവളുടേത്.. തനിക്ക്  സ്വന്തമെന്ന് പറയുവാൻ അമ്മ മാത്രമുള്ളിടത്ത് മൈഥിലിക്ക് എല്ലാവരുമുണ്ട്. ആ ഗ്രാമം മുഴുവൻ അവൾക്ക് ബന്ധുജനങ്ങളുണ്ട്  .
അവളുടെ തിരണ്ട് കല്ല്യാണത്തിന്റെ ഒന്നാം വാർഷികത്തിനുതന്നെ മധുരാമന്റെ കൈപിടിച്ച് അവൾ അയാളുടെ ജീവിതപങ്കാളിയായി. എങ്കിലും  തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ടെന്ന് ന്യായം പറഞ്ഞുകൊണ്ടവൾ  ആ വർഷം തികയുംമുന്നെ  സ്വന്തം വീട്ടിൽ  ഉല്ലാസവതിയായി കഴിഞ്ഞു പോന്നു.

പലവഴിക്കായി  അവൾക്കു വേണ്ടിയുള്ള  ആലോചനകൾ വീണ്ടും നടക്കുന്നതിനിടയിലാണ് തറവാട്ടിലെ കാർണവരുടെ  ഭാര്യയെന്ന ബഹുമാനപദം അലങ്കരിക്കുന്ന സുഭദ്രച്ചിറ്റ ഒരു സംഗതി വെളിപ്പെടുത്തിയത്..

അവൾക്ക് മധുരാമനെന്നല്ല ഭൂലോകത്തെ ഒരു ആണൊരുത്തനുമായും ഇണചേരാനാവുകയില്ല.. അയാളെക്കൊണ്ടവൾ അവളുടെ കുപ്പായമൂരുവാനോ തൊലിയിൽ സ്പർശിക്കുവാനോ അനുവദിച്ചിരുന്നില്ലഅതിനൊരുമ്പെട്ടാൽ അവൾ ചത്തപോലെ കിടന്ന് അയാളെ ഭയപ്പെടുത്തുമായിരുന്നുവത്രെ..!“

ഈ കഥകൾ അറിഞ്ഞിരുന്നിട്ടും അതിലെ സത്യവും പൊള്ളയും അറിയുവാൻ താൻ ഒരിക്കൽപ്പോലും ഒരുമ്പെട്ടില്ല.... എന്നുമാത്രമല്ല പണ്ടത്തെപ്പോലെ തങ്ങളുടെ സ്വകാര്യങ്ങളിൽ ആണുങ്ങളുടെ കട്ടിമീശയും, വിരിഞ്ഞമാറും, നീണ്ട കാല്പാദങ്ങളും കളിവർത്തമാനമായി  തുടർന്നുകൊണ്ടേയിരുന്നു.

പൌർണ്ണമിയുദിച്ചത് പോലെയാണ് തന്റെ മുഖമെന്ന് സ്വയം പ്രശംസിച്ചുകൊണ്ടിരുന്നത് മൈഥിലിയോടുള്ള അസൂയ മൂക്കുന്ന വേളകളിലായിരുന്നുവെന്ന്  തനിക്ക് ബോധ്യമാണ്
അത്രയ്ക്ക് സുന്ദരിയാണവൾ.

നടപ്പാതയിലൂടെയുള്ള അവളുടെ ചലനങ്ങളും സൌന്ദര്യവും ആണുങ്ങൾ ആർത്തിയോടെ വിഴുങ്ങുന്നത് കൌതുകത്തോടെയും അസൂയയോടെയും ഇപ്പോഴും വീക്ഷിക്കാറുണ്ട്

എന്നാലിന്ന് തങ്ങൾക്കിടയിൽ കേശുവേട്ടനുണ്ട്..

മൈഥിലിക്കും തനിക്കുമിടയിലെ  സ്നേഹപ്പരപ്പിന്റെ ആഴം തിട്ടപ്പെടുത്താനാവാതെ കേശുവേട്ടൻ കുഴങ്ങുന്നുണ്ടോയെന്ന് പലപ്പോഴും തോന്നിത്തുടങ്ങിയിരിക്കുന്നു.

അദ്ദേഹം പലപ്പോഴും ഒളിഞ്ഞു നിന്ന് അവളെ വൈരാഗ്യക്കണ്ണുകളോടെ നോക്കുന്നത് കണ്ടിട്ടുണ്ട്. അവളുടെ സൌന്ദര്യത്തിൽ കേശുവേട്ടൻ ഭ്രമിക്കുമോ എന്ന തന്റെ ഭയപ്പാടുകളെ വെട്ടിമാറ്റിയാണ് ഈ നിഗമനത്തിൽ എത്തിപ്പെട്ടിരിക്കുന്നത്.
തങ്ങൾക്കിടയിലെ ആത്മബന്ധത്തിനിടയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം മൈഥിലി ഒരു തരിപോലും ആഗ്രഹിച്ചിരുന്നില്ല എന്ന് അവളുടെ ഇടപഴകലുകളും വ്യക്തമാക്കികൊണ്ടിരുന്നു

മണല്പരപ്പിൽ വിരിച്ചിട്ട കനം കുറഞ്ഞ തുണികൾ അപ്പോഴേക്കും ഉണങ്ങിയിട്ടുണ്ട്. കനംകൂടിയ വിരിപ്പും രണ്ടുമൂന്ന് ഉടുപ്പുകളും മാത്രമേ ഇനി ഉണങ്ങാത്തതായുള്ളു.അത് പിന്നാമ്പുറത്തെ അയയിൽ കിടന്ന് ഉണങ്ങിക്കോളും.‘

തങ്ങളുടെ പ്രണയചേഷ്ഠകൾ ചുറ്റുമുള്ളവർക്ക് നേരമ്പോക്ക് ഉണ്ടാക്കിക്കൊടുക്കേണ്ടെന്ന് കരുതി സ്വര തുണികൾ വേഗം ബക്കറ്റിൽ കുത്തിനിറച്ചു.

അല്ലെങ്കിലേ പുഴക്കരയിലുള്ളവർക്ക് കേശുവിന്റെ കറുത്ത മുത്തിനെ കാണുവാൻ ഉത്സാഹമാണ്..പരിഹാസം മാത്രമാണ് ആ കണ്ണൂകളുടേ ലക്ഷ്യമെന്ന് ആർക്കാണ് അറിയാത്തത്..?‘

കേശുവേട്ടന്റെ കൈയ്യിൽ തുണികൾ നിറച്ച ബക്കറ്റ് കണ്ടിട്ടാവാം അങ്ങേ പറമ്പീന്ന് ആരോ വിളിച്ചു കൂവി - “എടാ കേശോ..പുഴക്കരയിൽ പോയാൽ തിരിച്ചു വരാൻ എന്താടാ ഇത്ര താമസം..?”

പോടാ...., പോടാ.... നീയ്യ് പോയകാലം മറക്കുമല്ലേടാ കൊശവാ..നിന്റെ ഭാര്യ രണ്ട്  പെറ്റൂന്നും കരുതി ശീലങ്ങൾ നിർത്തണ്ട ആവശ്യൊന്നും ഇല്ലായിരുന്നില്ലല്ലൊ.?”

ആ മറുപടി സ്വരക്ക് നന്നേ പിടിച്ചു..അവൾ പൊട്ടിച്ചിരിച്ചു പോയി.

വേറേയും പരിഹാസക്കണ്ണുകളെ കേശു മനസ്സിലാക്കിയെങ്കിലും അവരെ ശ്രദ്ധിക്കുവാൻ കേശുവും സ്വരയും ശ്രമിച്ചില്ല.

ഞാനില്ലാത്ത സമയത്ത് നീരാട്ടിനും നേരമ്പോക്കുകൾക്കുമായി അവൾ നിന്റെകൂടെ നേരം കൊല്ലുന്നത് നിയ്ക്ക് തീരെ പിടിക്കുന്നില്ലകേശു പൊടുന്നനെ പറഞ്ഞു നിർത്തി.

സ്വര അമ്പരന്നു പോയിഒരപരിചിത സ്വരം കേൾക്കുന്ന പോലെ!

എന്തേ കേശുവേട്ടാ..ഇങ്ങനെയൊക്കെ പറയണത്..? നിങ്ങൾക്കറിഞ്ഞു കൂടെ ഈ അരിമ്പാറകൾ പൂക്കുന്ന പെണ്ണിന്റെ മുഖത്ത് നേരാംവണ്ണമൊന്ന് നോക്കി സംസാരിക്കാൻ കൂടി ആരും ഇഷ്ടപ്പെടുന്നില്ലാന്ന് - കൂട്ടിരിക്കാനും കളി പറയാനും അവളല്ലാതെ വേറെ ആരാണെനിക്കുള്ളത്..?”

സ്വരയുടെ കണ്ണുകൾ നിറഞ്ഞു.. ചുണ്ടുകൾ കൂർത്തു.

" ഉം.." കേശു അമർത്തി മൂളി.. “നീ വേഗം തുണി വിരിച്ചുവന്ന് ചോറ് വിളമ്പ്..”

കേശു അകത്തേക്ക് കയറുന്നതും നോക്കി പൊരിവെയിലത്തവൾ തരിച്ച് നിന്നു.

ഈറൻ വിരിപ്പ് അയയിൽ വിരിക്കുമ്പോൾ ഓർത്തു - 'ആരാലും ശ്രദ്ധിക്കപ്പെടാത്ത തന്നെ സ്നേഹം കൊണ്ട് മൂടിയിട്ടുള്ളത്  അവൾ മാത്രമാണ്..കാണാൻ ചന്തമില്ല എന്ന കാരണത്താൽ ആർക്കും വേണ്ടാത്തവളായിപ്പോയ തന്നെയോർത്ത് വ്യസനിച്ചിരിക്കുവാൻ മാത്രമേ അമ്മക്കായിട്ടുള്ളു. കേശുവേട്ടന്റെ കയ്യിൽ താൻ ഭദ്രമാണെന്ന് തീർച്ചപ്പെട്ടതിനു ശേഷമാണ് ആ മുഖത്ത് തെളിച്ചം വീണിരിക്കുന്നത്. മൈഥുവിനൊരു പകരക്കാരനല്ല തന്റെ കേശുവേട്ടൻ.- പ്രാണനാണ്. ആ സ്നേഹം വീർപ്പുമുട്ടിക്കുന്നതല്ല..- അനുഭവ സുഖമാണ്. എന്നാൽ മൈഥുവും കേശുവേട്ടനും തമ്മിൽ മത്സരമാണോ എന്ന്പോലും തോന്നിപ്പിക്കുന്നു ചിലപ്പോഴത്തെ അവരുടെ പ്രകടനങ്ങൾ..!'

പൊരിവെയിലത്ത് നിന്ന് കയറി നടുനിവർത്താനായി ചുവരു ചാരിയിരുന്ന്  ആലോചനകളുടെ  ആധിയിൽ വെന്തുനീറി...

കേശുവേട്ടൻ  അരികിലിരുന്നത് അറിഞ്ഞത് ആ സ്വരം ചെവിയിൽ പതിഞ്ഞപ്പോഴാണ്.

അവളുടെ ലക്ഷ്യം നമ്മുടെ സന്തുഷ്ട ജീവിതം തകർക്കണമെന്ന് മാത്രമാണ്.. നമ്മുടെ കൊച്ചു സന്തോഷങ്ങൾ ആസ്വാദിക്കാനെന്ന വ്യാജേന അവൾ നിന്നെ തടവിലാക്കിക്കൊണ്ടിരിക്കുകയാണ്..! നിന്റെ  ഇഴുകിയ കറുപ്പും,അരിമ്പാറകളും , കൂട്ടു പുരികവും ഒരു ആണൊരുത്തന്റെ കൂടേയും വാഴുവാൻ അനുവദിക്കുകയില്ല എന്ന അവളുടെ ധാരണയെ തകർത്താണ്  ഞാൻ നിന്നെ സ്വന്തമാക്കിയത്.. ചുവരുകൾക്കും പൊന്തകൾക്കും മറവിൽ നിന്നുകൊണ്ടവൾ സർവകളികളും മെനയുന്നത് അവളുടെ തോന്ന്യാസങ്ങൾ തുടരുവാനും എന്നെ മറ്റൊരു മധുരാമനാക്കി തീർക്കുവവനുമാണ്... നമ്മുടെ സംസ്ക്കാരത്തിന് യോജിക്കാത്ത സ്വഭാവവൈകല്യം അവളിൽ വളർന്നു കൊണ്ടേയിരിക്കുകയാണ്.. ഒരു പെണ്ണിന്  ഇണയോട് തോന്നുന്ന അഭിനിവേശം അവൾ നിന്നിലൂടെ സാധിച്ചെടുക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.. ബാല്യം മുതൽക്ക് നീയവളുടെ സൌന്ദര്യത്തിനു അടിപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിൽ മനസ്സിലാക്കാത്ത സത്യങ്ങൾ മാത്രമാണിത്...."

സ്വരയുടെ കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ അനുഭവപ്പെട്ടുആ അന്ധകാരത്തിൽ മൈഥിലിയുമായി ഇടപഴകിയിരുന്ന ഓരോ  സന്ദർഭങ്ങളും മിന്നായങ്ങളായി തെളിഞ്ഞു വന്നു..
ശരിയാണ്താൻ മൈഥുവിന്റെ മായാവലയത്തിൽ അടിമപ്പെട്ടുകിടക്കുകയാണ്..
സൌന്ദര്യംകൊണ്ടുണ്ടാക്കിവെച്ച സ്വഭാവ വൈകൃതത്തിന്റെ മുഖഛായയിരുന്നു അവൾക്ക്.
വൈകൃതങ്ങൾകൊണ്ടും വിരോധാഭാസങ്ങൾകൊണ്ടും നിറഞ്ഞ പ്രവണതകളിൽക്കൂടി സഞ്ചരിക്കുവാനോ  വളരുവാനോ താനിനി അവൾക്ക് നിന്നു കൊടുക്കരുത്.. ഒരു വശീകരണ ശക്തിക്കും കീഴ്പ്പെടു പോകരുത്..  ഇത്തരം വികൃതികളെ വളരുവാൻ അനുവദിച്ചു കൂടാ..“

താൻ സ്വതന്ത്രയായിക്കൊണ്ടിരിക്കുന്നത് സ്വര അനുഭവിച്ചു തുടങ്ങി..!

മൈഥിലി നയിച്ചുകൊണ്ടിരുന്ന ചതുരംഗക്കളിയിൽ തങ്ങൾ., രാജാവും, രാജ്ഞിയുമായിരിക്കുന്നു - സ്വര ആശ്വാസത്തോടെ കേശുവിലേക്ക് ചാഞ്ഞു.

ഹൊ..നീയൊരു വഞ്ചകിയാണെന്ന് തെളിയിച്ചിരിക്കുന്നു.“

പൊള്ളുന്ന വാക്കുകൾ കേട്ട് കേശുവിന്റെ തോളിൽ നിന്ന് തലയുയർത്തി തിരിഞ്ഞുനോക്കിയ സ്വര കണ്ടത് കതകിനു മറവിൽ  തങ്ങളെ നിരീക്ഷിച്ചുകൊണ്ട്  വികൃതമുഖവുമായി നിൽക്കുന്ന മൈഥിലിയെയായിരുന്നു!



ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...