Friday, August 29, 2014

മഹ്ശറ

"പടച്ചോന്റെ വീടാണ് മോളേ... ഈ ഖൽബ്‌...,

എനിക്ക്‌ നിന്നോടുള്ള പ്രണയം മൂലം എന്റെ ഹൃദയം പിളരുന്നു..
തൊണ്ട വരളുന്നു..,
പ്രണയാധിക്യത്താല്‍ എന്റെ നെഞ്ച്‌ പൊട്ടി ഞാൻ മരണപ്പെട്ടാൽ നിന്റെ കണ്ണുകൾ എനിക്കുവേണ്ടി പിടയുമോ എന്റേ മുത്തേ..?'

പള്ളിപ്പറമ്പിനു ഓരത്തായി കിളിർത്തു നിക്കണ മൈലാഞ്ചിക്കൊമ്പിന്‍മേല്‍ ഞാന്നതുംപള്ളിമുക്രിയുടെ വികാരം മുറ്റിയ സ്വരം.

" തൊട്ടാവാടിപ്പെണ്ണാണെങ്കിലും  ചെമ്പകപ്പൂവിന്റെ വാസനയാണ് ..
എന്തൊരു നാണംകുണുങ്ങി പെണ്ണായിരുന്നു നീ റസിയാ..
എന്റെ ഹൃദയമുറക്കെ മിടിക്കുമ്പോൾ  എന്റെ കൈക്കാലുകൾക്ക്‌ അനക്കം സംഭവിക്കുമ്പോൾ നിന്റെ കണ്ണുകൾക്കു പോലും അനക്കം സംഭവിക്കരുത്‌ റസിയ.."

എന്നും പറഞ്ഞ്‌ ആ ബലിഷ്ഠകരങ്ങൾ നനുത്ത വയറിലൂടെ വരിഞ്ഞ്‌ മുറുക്കുന്നൂ..
ആ കൈകൾ മേൽപ്പോട്ടൊ തഴോട്ടൊ കൂടുതൽ ചലിക്കും മുമ്പേ, മുക്രിയുടെ ശരീരം തന്റെ ശരീരത്തോട്‌ കൂടുതൽ അടുപ്പിക്കും മുമ്പേ ആ ചെകിടത്ത്‌ ഒരടിയും കൊടുത്ത്‌ കുടിയിലേക്ക്‌ പായുകുയായിരുന്നു..

കിതപ്പിനിടെയൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ അടികിട്ടിയ കവിളിന്മേൽ തടവി ആ സ്പർശം വീണ്ടും വീണ്ടും അനുഭവിച്ചറിയുകയായിരുന്നു അയാൾ..


തന്റെ പ്രിയപ്പെട്ട കൂട്ടുകാരി 'സൂറ'യുടെ കൈകൾക്കോർത്ത്‌ അതുമിതും പറഞ്ഞ്‌ കുന്നിൻ ച്ചെരുവിലൂടെ കളിച്ചു ചിരിച്ച്‌  നടന്നു രസിക്കണത്‌ ഒരു നിത്യ വിനോദമായിരുന്നു..
സൂറയിലേക്ക്‌ എത്തിപ്പെടുന്നതിനിടയിൽ മൊട്ടിട്ട ആഗ്രഹമായിരുന്നു, മൈലാഞ്ചിയിലകള്‍ ഉതിർത്ത്‌ പാറക്കല്ലിൽ അരച്ച്‌ സൂറാന്റെ വിരൽനഖങ്ങൾ ചോപ്പിക്കണമെന്ന്..
അതിനായി തിരക്കിട്ട്‌ മെയിലാഞ്ചിയിലകൾ ഉതിർക്കുന്നതിനിടയിലാണു മുക്രിയുടെ അപ്രതീക്ഷിതമായ മുന്നേറ്റം.

ഇടറുന്ന കണ്ഠത്തോടെ സൂറയുടെ അരികിലേക്ക്‌ ഓടുമ്പോൾ ചിന്തകളുടെ വേലിയേറ്റം റസിയയെ കൂടുതൽ തളർത്തി."

മുഖത്ത്‌ കണ്ണുകളെന്തിനാണു ഖൽബേ " എന്ന ധ്വനി പിന്നിൽനിന്ന് അലയടിക്കുന്നു, എന്ന തോന്നലിലോ..."
മണ്ണിൽനോക്കി നടക്കെന്റെ മോളേ " എന്ന പിൻവിളിയിലോ,
പെട്ടെന്ന് വീശിയ കിഴക്കൻ കാറ്റിനെ തിരിഞ്ഞുനോക്കിയ റസിയ വർഷങ്ങൾ പഴക്കമുള്ള പൊട്ടകിണറിന്റെ അഗാധതയിലേക്ക്‌ കാലിടറി വീഴുകയായിരുന്നു.


" മരണം അനിവാര്യമാണു മോളേ...
മനുഷ്യന്റെ ജീവൻ മുകളിലുള്ളവൻ എടുക്കുംവരേക്കും സ്വപ്നങ്ങൾ കാണാം.,
മയ്യത്തിനു എന്തു സ്വപ്നങ്ങൾ..മേത്തീന്ന് പറന്നുയരണ പ്രാണൻ അങ്ങ്‌ ദൂരെ അല്ലാഹുവിന്റെ ദുനിയാവിലേക്ക്‌ കുതിച്ച് അദൃശ്യമാകുന്നതോടെ സ്വപ്നങ്ങളും തൂവെള്ള മേഘപ്പടർപ്പിൽ മാഞ്ഞ്‌ പോകുന്നു.."

ഓരൊ രാത്രിയിലും ഉമ്മയുടെ വെള്ളിയരഞ്ഞാണത്തിൽ പിടിമുറുക്കി ഇഹലോകപരലോക കഥകൾ കേട്ടുറങ്ങുന്ന റസിയ  വിശുദ്ധീകരിയ്ക്കപ്പെട്ട്‌ മരക്കട്ടിലിൽ ദർശനങ്ങൾക്കായ്‌ കിടക്കുന്നു.

പള്ളിപ്പറമ്പിന്റെ ഓരത്തെ കുന്നിൻചെരുവിൽ വെച്ച്‌ മൂക്കിനു തുളയിടുന്ന  മണംകിണറ്റിനകത്ത്‌ വ്യാപിക്കുമ്പോൾ, ആരോ ഇരുളിലേക്ക്‌ പിടിച്ചു വലിച്ചുകൊണ്ടുപോയി  ഊമയാക്കുന്നതറിഞ്ഞു.ഇടക്കെപ്പോഴൊ കണ്ണുകൾ മിഴിയുന്നതും  അടയുന്നതും മാത്രമറിഞ്ഞു.
"തണുത്ത്‌ വിറങ്ങലിച്ചു കിടക്കുമ്പോൾ കൈക്കാൽ വിരലുകൾക്കൊ കൺപ്പോളകൾക്കോ അനക്കം സംഭവിക്കുകയില്ലേ..?...ആശ്ചര്യം തന്നെ..!

ഞാൻ വേണ്ടപ്പെട്ടവരുടെ ദുനിയാവിൽനിന്ന് യാത്രയായിരിക്കുന്നു..
അല്ലാഹുവേ..അങ്ങയുടെ അറിവോടെയാണൊയിത്‌..?
പുതുമണം ആസ്വദിക്കാനാവുന്ന നല്ല വെളുത്ത വിരിപ്പിൽ കിടത്തിയുറക്കി വേറൊരു വെളുത്ത വിരിപ്പ്‌ കൊണ്ട്‌ പുതപ്പിച്ചു കിടത്തിയവന്റെ വാസന പിന്തുടരുന്നതായി അനുഭവപ്പെടുന്നുണ്ട്‌.
അതെ, അവസാനമായി അനുഭവപ്പെട്ട ആ കരസ്പർശം.


ഉമ്മൂമ്മയുടെ തറവാട്ട്‌ മുറ്റത്തും വളപ്പിന്റെ ഓരൊ ദിക്കുകളിലുമായി വേണ്ടപ്പെട്ടവരും അല്ലാത്തവരുമായി വലിയ ചെറിയ കൂട്ടങ്ങൾ നിൽക്കുന്നു, ഇരിക്കുന്നു..
ചിലർ പുളിമരച്ചോട്ടിലും തടിയൻ മാവിന്റെ തണലിലും വിഷണ്ണരെന്നോണം വിശ്രമിക്കുന്നു.തൊട്ടരികിൽ കട്ടിലിനു ചുറ്റും ഇരിക്കുന്നവർ മുസായ്ബ്‌ ഓതുന്നത്‌ ശ്രദ്ധിച്ച്‌ കേൾക്കുമ്പോൾ വല്ലാത്തൊരു നിർവ്വൃതി.
അവരുടെ തൊണ്ട നനയ്ക്കാനായി തിളപ്പിച്ച ചുക്കുകാപ്പിയുടെ മണം ചന്ദനത്തിരിയുടെയും ഊത്തിന്റെയും മണങ്ങൾക്കിടയിൽനിന്ന് വേർത്തിരിച്ചെടുക്കാനാവുന്നില്ല.

" മയ്യത്തിന്റെ മേലെ ഒരു ഈച്ച പറന്നിരുന്നാൽപോലും അതൊരു ഉരുളൻ കല്ല് ദേഹത്ത്‌ താങ്ങുന്ന വേദനയും ഭാരവും ആയിരിക്കും മോളേ.."

ഒരു രാത്രീലു ഉമ്മ പറഞ്ഞത്‌ ഓർക്കുണൂ..
സൂറാക്കും അതറിയാമായിരിക്കും, അതുകൊണ്ടല്ലെ ന്റെ ഉറ്റ കൂട്ടുകാരി അരികിലിരുന്ന് അവറ്റങ്ങളെ ആട്ടിയോടിക്കണത്‌..!

കണ്ണീരു വറ്റിയ ഉമ്മാടേം കൂടപ്പിറപ്പുങ്ങളുടെയും ഉയർന്ന തേങ്ങലുകളെ ആരൊ പിന്നിൽനിന്ന് ശാസിച്ചൊതുക്കി,
" ഓളെ കണ്ണീരിന്റെ ഖബറിൽ ഒറക്കാനാണൊ ന്റെ പാത്തോ ഇങ്ങളു തുനിയണത്‌..? സലാം ചൊല്ലി വിടവളെ..പടച്ചോന്റെ ദുനിയാവിൽ ഓളു സന്തോഷത്തോടെ അസ്സർമ്മുല്ലകൂട്ടങ്ങൾക്കൊപ്പം വിരിഞ്ഞ്‌ നിൽക്കട്ടെ.

 ""അസ്സ്ലാമു അലൈക്കും "വായ്പ്പൊത്തി സല്ലാം ചൊല്ലി അവളെ യാത്രയ്ക്കൊരുക്കുമ്പോൾ പള്ളിമുക്രിയുടെ ദുവായ്ക്ക്‌ ആമീൻ ചൊല്ലി മയ്യത്ത്‌കട്ടിൽ പള്ളിപ്പറമ്പിലേക്ക്‌ യാത്രപുറപ്പെട്ടു കഴിഞ്ഞിരുന്നു.


ബന്ധുമിത്രങ്ങൾ പിടിച്ചുകിടത്തിയ നനഞ്ഞ മണ്ണിൽനിന്ന് മെയിലാഞ്ച്ചിമണക്കുന്ന ഉദ്യാനത്തിൽ അലിയാനെന്നോണം ഉയിർന്നെഴുന്നേറ്റ ആ തൂവെള്ള മക്കനക്കാരിയുടെ തവിട്ട്‌ നിറമുള്ള കണ്ണുകളിൽ കുസൃതി തുളുമ്പുന്നുണ്ടായിരുന്നു.

" ശരീരത്തിന്റെ ഭാരം ഇനി താങ്ങേണ്ടതില്ല..,കൂടെ ജീവിതത്തിന്റെ ഭാരവും"

അത്തർ മണക്കുന്ന വെളുത്ത കുപ്പായത്തിന്റെ അർത്ഥം മനസ്സിലാക്കിയുള്ള ചിരിയ്ക്കിടയിൽ പള്ളിപ്പറമ്പിന്റെ ഓരത്തെ മെയിലാഞ്ച്ചിച്ചെടിയിൽ  കണ്ണുകൾ ഉടക്കി.

തണുത്തുറച്ചുവെങ്കിലും ജീവന്റെ തുടിപ്പ്‌ ഇടയ്ക്കിടെ ചങ്ക്‌ വരെ എത്തുന്നുണ്ടെന്ന തോന്നലുകളെ വെല്ലുവിളിച്ചുകൊണ്ട്‌ ,'എന്റെ എല്ലാ തെറ്റുശരികളെയും നന്മതിന്നളെയും ചോദ്യം ചെയ്യാനുള്ളവർ 'ഹാജരായി.

നീണ്ടു വെളുത്ത അഴഞ്ഞ കുപ്പായത്തിനുള്ളിൽ മഞ്ഞുകട്ടപോലെയുള്ള കിടപ്പ്‌ ദുസ്സഹം തന്നെ..!

ആ അസ്വസ്ഥതയിൽനിന്ന് ഉടലെടുത്തതാവാം ഞാനെന്ന ഭാവം.

ഇപ്പോൾ തോന്നുന്നു ഉപ്പിനും ചോറിനും വേണ്ടിമാത്രമായിരുന്നു ഇഹലോകവാസമെന്ന്..

ഇന്നങ്ങോട്ട്‌ നോക്കുമ്പോൾ  പറന്നുരുളുന്ന കാർ മേഘങ്ങൾ നിറഞ്ഞ ആകാശം പോലെ..

നട്ടുച്ചസമയങ്ങളില്‍ കായല്‍പ്പരപ്പിലെ കുഞ്ഞോളങ്ങളെ ഓര്‍മിപ്പിക്കുന്ന പോലെ മൈലാഞ്ചിയിലകള്‍ വെണ്‍ശോഭയോടെ ആര്‍ത്തുചിരിക്കുന്നു. 
അവസാനമായി താനുതിര്‍ത്ത മൈലാഞ്ചിച്ചെടിയിലെ കൊമ്പുകള്‍ മാത്രംഘനീഭവിച്ച ദുഃഖത്തോടെ അല്‍പ്പം വാടിയിരിക്കുന്നുവോ?.. 


" ഖബറിനകത്ത്‌ കിടക്കുന്നവർക്ക്‌ പുറത്തുനിൽക്കുന്നവരെ വ്യക്തികളായി കാണാമെങ്കിലും മണ്ണിൽച്ചവിട്ടി നിൽക്കുന്ന മനുഷ്യനു മയ്യത്ത്‌ ദൃശ്യമാകുന്നത്‌ ഒരു ജിന്നിന്റെ രൂപത്തിലായിരിക്കും.

."മദ്രസ്സ മുറ്റത്ത്‌ വർത്തമാനം പറഞ്ഞ്‌ കൂട്ടംകൂടി നിക്കണതിനിടയിൽ സൂറ പകർന്നു തന്ന അറിവായിരുന്നു. എങ്കിൽ...എങ്കിൽ...അല്ലാഹു റസിയയോട്‌ കാണിക്കുന്ന കരുണയായിരിക്കില്ലേ, ഏതെങ്കിലും കണ്ണുകൾക്ക്‌ ഞാനെന്ന ജിന്നിന്റെ നേർക്കാഴ്ച്ച്‌..
സ്വയം ചോദിച്ചുപോയി.

വേനലാലസ്യത്തിന്റെ നട്ടുച്ച നേരത്ത്‌ നല്ല പരിചിതമായൊരു കാലൊച്ച.
ഏതൊരു പെണ്ണിനും അവൾക്ക്‌ ഇഷ്ടപ്പെട്ടവന്റെ സാമിപ്യം വളരെ ദൂരത്ത്‌ നിന്നുതന്നെ തിരിച്ചറിയുവാനാകുമത്രെ.
അതുക്കൊണ്ടായിരിക്കും ഈ സാമിപ്യവും ഞാനറിയുന്നത്‌.

തൂവെള്ള മേലാപ്പിനകത്തുനിന്ന്  വെണ്‍പിറാവുകള്‍ പറന്നുയരുന്ന ആർദ്ദ്രത..കാറ്റിൽ ലോലമായ്‌ തലയാട്ടുന്ന കാറ്റാടികളുടെ ഇളം കുളിർമ്മ...

ആരായിരിക്കും..കണ്ണീർപ്പൂക്കൾ വാടിപ്പോയ കവിളുകളിൽ നറുമണം വീശുന്നവൻ..?

വെളുത്ത വസ്ത്രങ്ങളും മല്ലിന്റെ വെളുത്തതുണിയിൽ പൊതിഞ്ഞ തലയും പലവട്ടം കണ്ട്‌ ഓർത്തെടുത്തതാണ്..
അന്ന് മയ്യത്ത്‌ നിസ്ക്കാരത്തിനു മുൻപന്തിയിൽ നിന്ന് ദുവാ ചെയ്യുവാനും വെളുത്ത തോർത്തുമുണ്ട്കൊണ്ട്‌ മയ്യത്തിനെ ഖബറിലിറക്കുവാൻ ബന്ധുക്കളുടെ കൂടെ കൂടുകയും ആള്‍ക്കൂട്ടം പിരിഞ്ഞതിനു ശേഷവുംഖബറിലെ മയ്യത്തിനോടൊപ്പം അൽപനേരം  കൂടി ചിലവഴിക്കേം ചെയ്ത പള്ളിക്കാട്ടിലെ മുക്രി.

അവനെക്കുറിച്ചറിയുവാൻ വലിയ മോഹം തോന്നിത്തുടങ്ങിയിരിക്കുന്നു. 

പള്ളിച്ചുവരിനെ തൊടീപ്പിച്ചുള്ള കുടുസ്‌ മുറിയിൽ വസിക്കുന്ന അവന്റെ വെപ്പും തീനുമെല്ലാം അവിടെ തന്നെ.പള്ളിക്കാര്യങ്ങൾ നോക്കി നടത്തുകയും  കാട്ടുപൊന്തകളും ഇഴജന്തുക്കളിൽനിന്നുമെല്ലാം ഖബറിസ്ഥാൻ വെടിപ്പാക്കി ആ  ചുറ്റുവട്ടങ്ങളുടെ മേൽനോട്ടം വഹിക്കുകയും കുഞ്ഞുങ്ങൾക്ക്‌ അറബിക്ലാസ്സ്‌ നടത്തുകയും ചെയുന്ന ഒരു സാധുവായും അവനെകുറിച്ച്‌ മനസ്സിലാക്കിയെടുക്കാനായി.
പരലോക കാര്യങ്ങൾ കൂടുതൽ ഗ്രഹിക്കുകയും  പഠിക്കുകയും ചെയ്യുന്നവൻ..
എന്നുവെച്ചാൽ പടച്ചവനു പ്രിയപ്പെട്ടവൻ. 
അങ്ങിനെയെങ്കിൽ അവൻ എന്റേയും പ്രിയപ്പെട്ടവൻ തന്നെ.
റസിയ ഊറിച്ചിരിച്ചു.

പിന്നീടങ്ങോട്ടുള്ള ദിനങ്ങളിൽ കാത്‌ കൂർപ്പിക്കുന്നതും കാത്തിരിപ്പും ആ കാൽപാദങ്ങളുടെ സാമിപ്യത്തിനു വേണ്ടിയായി.
പ്രകൃതിയെ പടപ്പിച്ച ഒടയതമ്പുരാന്റെ നേർക്കും ചങ്കുവരെ എത്തുന്ന പ്രാണന്റെ തുടിപ്പ്‌ അറിയിക്കുന്ന പ്രിയപ്പെട്ടവന്റെ ചലനങ്ങൾക്കുമേൽ ദൃഷ്ടി പായിക്കുന്നതിനുംവേണ്ടി മാത്രമായി  മെയ്യ്‌ തിരിച്ചും മറിച്ചും ചെരിച്ചും മാറ്റിക്കൊണ്ടിരുന്നു.

തിന്മകളുടെ ലോകം പിടിച്ചെടുത്തിരുന്നവർക്കായി മുള്ളുകൾ വിതറുന്ന മുൾക്കാട്ടിൽ നിന്ന് തീപ്പൊരികൾ പാറിക്കളിക്കുന്നു..
പള്ളിപ്പറമ്പിന്റെ കണ്ണെത്താ ദൂരത്തിൽനിന്നുള്ള ആ ദൃശ്യം തന്നെ ചുട്ടുപൊള്ളിക്കുന്നു.
പള്ളിക്കാട്ടിലെ തേക്കിന്മരങ്ങളുടെ തണൽ മയ്യത്തുകൾക്കും ആശ്വാസം തന്നെ..

ഓരൊ ഖബറിനും തണലേകുന്ന മൈലാഞ്ചിച്ചെടികള്‍ക്കും പള്ളിമുക്രിയുടെ കാരുണ്യം കനിഞ്ഞിരിക്കുന്നു.
 മറ്റേതു ചെടിയേക്കാളും ഈ തലയ്ക്കാഭാഗത്ത്‌ എന്റെ പ്രിയപ്പെട്ടവൻ നട്ട മെയിലാഞ്ചി തഴച്ച്‌ വളരുന്നുണ്ട്‌..
കടുത്ത വേനലിന്റെ ആധിക്യത്താൽ വാടിയ അവൾക്ക്‌ ദയയുടെ നീരു നൽകുന്നവനും അവൻ തന്നെ.

" അല്ലാഹുവിന്റെ കാവലുണ്ട്‌ മക്കളേ, ഒന്നും ഭയക്കേണ്ടതില്ല " 
എന്ന നല്ല വചനം ഓതിക്കൊടുക്കുന്ന ഉമ്മമാരുടെ പെണ്മക്കൾ മാത്രം മെയിലാഞ്ച്ചിക്കാട്ടിൽ പ്രവേശിച്ച്‌ ഇലകളൂരി വിരലുകൾ ചുവപ്പിച്ചു. 

തട്ടത്തിന്റെ അറ്റത്തായി കിഴികെട്ടിയ മെയിലാഞ്ച്ചിയിലകളായി നടന്നു നീങ്ങുമ്പോൾ കമ്പായി മാറിയ മെയിലാഞ്ചിക്കൊമ്പുകളിൽ ഉഴിഞ്ഞ്‌ അവൻ വാത്സല്യം കാട്ടുന്നത്‌ ഈ ഖബറിനകത്തെ മയ്യത്തിനോടുള്ള പ്രിയംകൊണ്ടല്ലേ..?

പൊള്ളുന്ന ചോദ്യങ്ങൾക്ക്‌ മറുപടികളില്ലാതാകുമ്പോൾ ഖൽബ്‌ നീറുന്നു.
ഈ ഖബറീൽനിന്നെന്റെ സ്വപ്നങ്ങൾക്ക്‌ ജീവൻ നൽകുവാൻ ആർക്ക്‌ കഴിയും..?

ഈ അറയിൽനിന്ന് ഞാൻ നീട്ടുന്ന മെയിലാഞ്ചിചോപ്പ്‌ പുരണ്ട നീണ്ടവിരലുകൾ എത്തിപ്പിടിച്ചെന്നെ ഉയിർത്തെഴുന്നേൽപ്പിക്കുവാനുള്ള ആദേശം എന്റെ പ്രിയപ്പെട്ടവനെന്ന് ലഭിക്കും..?

റസിയയുടെ ആഗ്രഹം പ്രബലമായി തീര്‍ന്നിരിക്കുന്നു.

വേനൽക്കെടുതിയുടെ വരണ്ട മാർത്തട്ടിൽ ഏഷ നമസ്ക്കാരത്തിനായി വൊളു എടുക്കുന്ന പ്രിയപ്പെട്ടവന്റെ പിറകിൽ നിശ്ശബ്ദയായ്‌ നോക്കി നിൽക്കുന്ന റസിയയെ  ഹവുളു വെള്ളത്തിൽ കണ്ണാടി നോക്കി നിൽക്കുന്നവളെ പോലെ അവനെ കാണിപ്പിച്ചു. 

നിനയ്ക്കാത്ത ഹൂറിയെ പുറകിൽ കണ്ട്‌ ഞെട്ടിത്തിരിച്ചവനെ കണ്ട്‌ റസിയ പൊട്ടിച്ചിരിച്ചു.
" എന്നെ നേരിൽ കാണാത്തതുകൊണ്ടു മാത്രം ഞാൻ ഖബറിലുറങ്ങുന്ന മയ്യത്തായിരുന്നുവല്ലോ.. 
നിങ്ങള്‍ക്കറിയാമോ?.
അങ്ങയുടെ അവ്യക്ത മുഖവും ദിശകൾ മാറിക്കിടന്നുള്ള നിരീക്ഷണങ്ങളും എന്നെ മടുപ്പിച്ച്‌ തുടങ്ങിയിരുന്നു.അങ്ങുദൂരെ കാണുന്ന തീപാറുന്ന മുൾക്കാടുകൾ എന്നെ പരിഭ്രമിപ്പിച്ചിരുന്നു.ജീർണ്ണതകളുടെ ഈർപ്പം തട്ടിയ മണം മനം പുരട്ടിക്കുന്നു.
സുഖദുഃഖ മേൽപ്പൊടികൾ വിതറിയ എന്റെ ജീവിതത്തിൽനിന്ന് വേർപ്പെടുത്തിക്കൊണ്ട്‌ റൂഹ്‌ എടുക്കപ്പെട്ടപ്പോൾ അണഞ്ഞുപോയ എന്റെ മോഹങ്ങളെ എവിടെ ഒളിപ്പിക്കും ഞാൻ..?

നിങ്ങൾ എനിക്കുവേണ്ടി നട്ട  മെയിലാഞ്ചിച്ചെടിയുടെ ചുവട്ടിൽ മഗ്രിബിനു മാനത്ത്‌ പടരുന്ന മെയിലാഞ്ചിചോപ്പ്‌ കണ്ട്‌ നിങ്ങളോടൊത്ത്‌ സ്വയം മറന്നിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
എല്ലാം മറന്ന് എനിക്കും സുഖമായുറങ്ങേണ്ടെ..?
ദാ നോക്കൂ എന്റെ ഖൽബ്‌ ഹവുളു വെള്ളത്തിലെ പരൽമീനുകളെ പോലെ പിടക്കുന്നത്‌ കണ്ടോ..?
നേരം എത്രയായാലും നിങ്ങൾക്ക്‌ കൂട്ടിരുന്ന് വാതോരാതെ സല്ലപ്പിക്കുകയും  കണ്ണുകൾ നിദ്രക്കുവേണ്ടി തുടിക്കും വരേക്കും വിശറികൊണ്ട്‌ വീശി പരിചരിക്കുകയും ചെയ്തതിനു ശേഷം മാത്രമേ ഞാനെന്റെ ഖബറിലേക്ക്‌ തിരിച്ചുപോവുകയുള്ളു..
എന്റെ പൊന്നല്ലേ..വിശ്വസിയ്ക്ക എന്നെ..അരുതെന്ന് പറഞ്ഞു പോവല്ലേ..!

"അസാധരണമായ ഭാവമാറ്റം അവളിൽ ഉണ്ടാകുന്നു..!

ചൊരിയും കണ്ണീരോടെ ചിരിക്കുന്ന ജിന്നിനെ നോക്കി മുക്രി അമ്പരന്നു.ഇരുളിന്റെ മടിത്തട്ടിൽ ഉദിച്ചിരിക്കുന്ന അമ്പിളിവെട്ടത്തിന്റെ ആര്‍ദ്രത മെയ്യിലാകെ ഘോരമായി പടർന്നുകേറുകയാണ്..
അവളുടെ പ്രണയമാർന്ന മിഴികളും ദയനീയ മൊഴികളും ഉടലിൽ തള്ളിക്കയറുന്നു. രാത്രിയുടെ ഞരക്കങ്ങളിൽ‌ ജിന്നിന്റെ മുഖ ദർശനം അവളുടെ പ്രിയപ്പെട്ടവന്റെമേൽ അനശ്വര നിമിഷങ്ങൾക്ക്‌ ജീവൻ നൽകിത്തുടങ്ങി.
കടുത്ത നിരോധങ്ങളെ ഭേദിച്ച സംസാരങ്ങളുടെ പ്രലോഭനങ്ങൾക്കുമപ്പുറമുള്ള പ്രണയലീലകൾ അവർ പ്രകടിപ്പിച്ചും തുടങ്ങിയിരുന്നു.
പ്രിയപ്പെട്ടവന്റെ  വരളുന്ന ചുണ്ടുകൾക്ക്‌ പാനംചെയ്യാനായി ഒരു പനിനീർ പാത്രമായി അവൾ ചുണ്ടുകുൾ കൂർപ്പിച്ച്‌ അവന്റെ അധരത്തില്‍ ഒരു ചുംബനമേല്‍പ്പിക്കുമ്പോള്‍ ആ കൂമ്പുന്ന മുഖം ഒരു ഗൗളിയുടേതുപോലെ തോന്നിപ്പിച്ചു.  

ഇപ്പോള്‍ ആ മധുലഹരിയിൽ അവൻ നിദ്രയെ പ്രാപിച്ചു കഴിഞ്ഞിരുന്നു.

പിറ്റേന്ന് മുക്രിയുടെ പൊള്ളുന്ന നെറുകയിൽ കൈവെച്ച്‌ ആവിപറക്കുന്ന ചുക്കുകാപ്പി കുടിപ്പിക്കുന്ന പണിക്കാരൻ ചെക്കൻ ഉറക്കെ കളിയാക്കിക്കൊണ്ട്‌ ചിരിച്ചു..

" ഇതെന്ത്‌ പറ്റി ഇക്കാക്കാ, ഇങ്ങടെ മീശയ്ക്ക്‌ താഴെ പല്ലി  മൂത്രം ഒഴിച്ചീനാ..?"

പനിച്ചുകിടക്കുന്ന പള്ളിമുക്രിയെ കാണാനെത്തിയ തങ്ങന്മാരുടെ വീട്ടിലെ പെണ്ണുങ്ങളെ കണ്ട റസിയയുടെ ഖൽബിനകത്‌ വല്ലാത്തൊരു ഇളക്കം അനുഭവപ്പെട്ടു.

ചുണ്ടുകൾ മുറുക്കിചുവപ്പിച്ചും വിരലറ്റങ്ങളിലും നഖങ്ങളിന്മേലും ചുവപ്പണിഞ്ഞ്‌ എപ്പോഴും മൊഞ്ചത്തികളായി കണ്ടിരുന്ന അവരുടെ കഴുത്തിലെ കരിമണികളും ചുവപ്പും കൂട്ടി കോർത്ത സ്വർണ്ണ കലർപ്പുള്ള മാലകളോട്‌ എപ്പോഴും പ്രിയം തോന്നിച്ചിരുന്നു.
തന്റെ പ്രിയപ്പെട്ടവൻ ഒറ്റയ്ക്ക്‌ കഴിയുന്ന മുറിയിലേക്കുള്ള അവരുടെ സുഖന്വേഷണങ്ങൾ തിരക്കിയുള്ള കടന്നുകയറ്റം ഇഷ്ടക്കേടുകളുണ്ടാക്കി..
അവരുടെ വേഷാലങ്കാരങ്ങളും സൗന്ദര്യവും ഉള്ളിന്റെയുള്ളിൽ തീപ്പൊരി വിതറി.
തങ്ങന്മാരുടെ ബീവികൾക്ക്‌ ജിന്നുകളെ കാണാനുള്ള സിദ്ധിയുണ്ടെന്നും, അതിനാൽ മഗ്രിബ്‌ ബാങ്കിനു ശേഷം പിനാമ്പുറ വാതിലുകൾക്കപ്പുറം ഒച്ചനക്കങ്ങൾ കേട്ടാൽ തന്നെ  അവർ അവഗണിക്കുമെന്നും തങ്ങന്മാരുടെ വീട്ടിലെ പെങ്കുട്ട്യോൾ പറഞ്ഞു കേട്ടിട്ടുണ്ട്‌.
അറിഞ്ഞുവച്ച വാർത്തകൾ ശരിയാണെങ്കിൽ ഞാൻ അവരുടെ ദൃഷ്ടിയിൽ പെടില്ലെ? 

റസിയായുടെ ഉള്ളം പിടഞ്ഞു..നേരിയ ഭയം ഇല്ലാതില്ല. 
സന്ധ്യയാവാൻ ഏറെ കൊതിച്ചു.ബീവികൾ കുടികളിൽ മുളഞ്ഞാൽ പള്ളിതൊടിയിലും മുക്രിയുടെ മുറിയിലും ആവോളാം വിഹരിക്കാം..
അതുവരേക്കും ഒച്ചയനക്കങ്ങളില്ലാതെ അവളുടെ പ്രിയന്റെ പനികിടക്കമേൽ  മുഖത്തോട്‌ മുഖം ചേർത്ത്‌ അവന്റെ കൺകോളുകളിൽനിന്നൊലിക്കുന്ന ചുടു കണ്ണുനീർ ചാലുകളെ ഒപ്പിയെടുക്കുമ്പോൾ ഹൃദയം നീറ്റുന്ന നീണ്ട മൗനങ്ങളെ  വിരൽത്തുമ്പിൽ പൊടിയും ജീവന്റെ തുടിപ്പുകളാക്കി മാറ്റി അവൾ.

ദാഹവും വിശപ്പും ഇല്ലാത്ത തണുത്ത ഹൃദയവുമായി അവനെ സമീപിക്കുന്ന അവളുടെ പ്രണയം ഇരച്ചു കയറുന്ന ലഹരിയായി അവന്റെ ശരീരത്തെ ചുട്ടുപഴുപ്പിച്ചു.

"മനുഷ്യന്റെ സൗന്ദര്യ സങ്കൽപ്പങ്ങളെ വേറിട്ടു പടച്ച നിന്നെ ഞാൻ ശരിക്കൊന്ന് കാണട്ടെ", 
അവൻ വികാരവിവശനായി പുലംബിക്കൊണ്ടിരിന്നു.
" ഈ ഉള്ളിത്തോടിനകത്തെ വെള്ളരിപ്രാവിനെ  സ്വന്തമാക്കുവാൻ എനിക്കെന്നാവും' എന്ന്, റസിയായുടെ  നനുത്ത അയഞ്ഞ കുപ്പായംകൊണ്ട്‌ ആവരണം ചെയ്ത വെളുത്ത മേനിയിൽ തഴുകി പ്രണയം മൊഴിയുന്ന അവളുടെ പ്രിയന്റെ വാക്കുകളെ പൊട്ടിച്ചിരിയിൽ മുക്കിയെടുത്ത്‌ നേർത്ത ചിറകുകൾക്കിടയിൽ ഒളിപ്പിക്കുമ്പോൾ ആ കുസൃതിച്ചിരിയിൽനിന്ന് ഇറ്റുന്ന തേന്‍തുള്ളികളെ ഒപ്പിയെടുത്ത്‌ അവൻ സ്നേഹം പ്രകടിപ്പിച്ചു,
എന്റെ നൊസ്സത്തിപെണ്ണ്..!

നീണ്ട പ്രണയാർദ്ര രാവുകൾ.മഹാഭാഗ്യശാലികൾക്കു രമിക്കാൻ വേണ്ടിമാത്രമായ്‌ മേഘച്ചിറകുകൾ പൊട്ടിച്ച്‌ രാമഴകൾ തീർത്ത സൃഷ്ടാവിനോട്‌ സലാം ചൊല്ലി അവരുടെ ജ്വലിക്കുന്ന പ്രണയം വിഹായസ്സിലേക്കുള്ള  ചവിട്ടുപ്പടികൾ ഒന്നൊന്നായി കയറി തിമിർത്തു.


" പടച്ചവന്റെ സുരക്ഷാവലയത്തിൽ കഴിയുന്നവനെ ഒരു ജിന്നും പിടികൂടുകയില്ല".

മെയിലാഞ്ചിക്കാട്‌ പൂക്കുന്ന മണം ഒഴുകിയെത്തുന്ന പള്ളിപ്പറമ്പിലേക്ക്‌ ഉറ്റുനോക്കി തങ്ങന്മാരുടെ ബീവികളടക്കമുള്ളവർ അടക്കം പറഞ്ഞു.
പള്ളിക്കാടിന്റെ ഒത്ത നടുക്കിൽ തഴച്ചുവളരുന്ന മെയിലാഞ്ചിച്ചെടിയിൽനിന്ന് വീശുന്ന തെക്കൻ കാറ്റ്‌ അവനിലേക്ക്‌ ഒഴുകിച്ചേരുന്നത്‌ വിശ്വാസങ്ങളുടെ സ്നിഗ്ദ്ധത കലർന്ന മനസ്സുകളെ വിളിച്ചറിയിച്ചു.
ഖബര്‍കിളയ്ക്കുന്ന കുട്ട്യാമുക്കാന്‍റെ തൊടിയില്‍ തൊപ്പിയിട്ട്,ഞെരിയാണിക്ക് മേല്‍ മുണ്ട്ചുറ്റിമുറിക്കയ്യന്‍ കുപ്പായവുമിട്ട പോടിമീശയുള്ള മദ്രസ്സയിലെ ആണ്‍കുട്ടികള്‍ തീകൂട്ടിയിട്ട് 'അറബന' യുടെ പുറംചട്ട ചൂടാക്കുമ്പോള്‍, പള്ളിപ്പറമ്പില്‍ ആടിന്റെ കരിയുന്ന തൊലികളുടെ ഗന്ധം വ്യാപിക്കുമ്പോള്‍,അതിലേറെ രൂക്ഷമായ ചൂടോടെയും, ആര്‍ത്തിയോടെയുംകിനാക്കളും മോഹങ്ങളും ദാഹിക്കുന്ന ജിന്നിന്റെ ഖൽബ്‌ അവനിലേക്ക്‌ പ്രവേശിച്ചിരിക്കുന്നു.

പള്ളിപ്പറമ്പിന്റെ ചുറ്റുപാടുകൾ പഴുത്തതും കരിഞ്ഞതുമായ ഇലകൾക്കൊണ്ടും വൃത്തികേടുകൾ കൊണ്ടും മലിനപ്പെട്ടു തുടങ്ങിയിരിക്കുന്നു.
 മുന്നറിയിപ്പുകളില്ലാതെ മണ്ണിന്റെ മാറിലേക്ക്‌ കുതിക്കുന്ന മഴവെള്ളച്ചാലുകൾ കെട്ടിനിന്ന് എങ്ങും ഈർപ്പഗന്ധം വ്യാപിപ്പിച്ചു.
ഖബറുകൾ സന്ദർശിക്കുവാൻ അവിടെ പ്രവേശിക്കുന്നവർക്ക്‌ ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. 
നിരാനന്ദകരമായ മൂകതകൾ പള്ളിപ്പറമ്പിൽ തളം കെട്ടി നിന്നു. 
വായുചലനമില്ലാത്ത അന്തരീക്ഷം കൊച്ചു ജീവജാലകങ്ങളെ തല്ലികൊന്നു. 
ഒച്ചുകളും ചീവീടുകളും അന്ധകാരത്തെ ഭയമെന്ന പോലെ ഓടിയൊളിച്ചു.
വിശാലമായ പള്ളിപ്പറമ്പിന്റെ നിശ്ശബ്ദ ചലനങ്ങൾക്ക്‌ റസിയയുടെ അനിയന്ത്രിത മോഹവികാരങ്ങളെ അടക്കിവെക്കുവാൻ കഴിയാതെയായി.
അവന്റെ മുഖത്ത്‌ വിഷാദത്തിന്റെയൊ വേദനയുടെയൊ ഭാവഭേദങ്ങളൊന്നും തന്നെയില്ല.
പ്രണയലഹരിയുടെ പ്രസന്നത സ്ഫുരിക്കുന്ന മുഖം അവളുടെ സാമിപ്യം ആഗ്രഹിച്ച്‌ മുറിയുടെ തങ്ങും വിലങ്ങും ധൃതിയിൽ ഓടിനടക്കുന്നത്‌ പെൺകുട്ടികളടക്കമുള്ളവർ കുടുസ്‌ മുറിയുടെ ജനൽകമ്പികളിലൂടെയും വാതിൽപാളികളിലൂടെയും തിക്കും തിരക്കും കൂട്ടി എത്തിനോക്കി.

"റസിയാ..നീയെന്റെ സർവ്വസുഖസമാധാനമാണ്..,എന്റെ ഖൽബ്‌ നിനക്കുവേണ്ടി പിടയുന്നത്‌ നീ അറിയുന്നുവെങ്കിൽ എന്നെ ത്യജിക്കാൻ നിനക്കാവുകയില്ല ".

അവൻ പിറുപിറുക്കുന്നുണ്ടായിരുന്നു.

"പള്ളിമുക്രീയുടെ ഉടുപ്പിലും ഖൽബിലും ജിന്ന് കുടിയേറിയിരിക്കുന്നു.മുറിയിൽ സാമ്പ്രാണിയും ഊത്തും കത്തിച്ച്‌ മൊല്ലാക്കാനെകൊണ്ട്‌ ജിന്നിനെ ഒഴിപ്പിക്കൽ തന്നെ ഇനി മാർഗ്ഗമുള്ളു."

പരിഹാരനിർദ്ദേശങ്ങൾ കണക്കിലെടുത്ത്‌ മുക്രിയെ വൊളുവെടുപ്പിച്ച്‌ ദൈവീകവചനങ്ങൾ ഉരുവിട്ടാവർത്തിക്കുവാനും, മന്ത്രങ്ങൾ കൊണ്ട്‌ ഊതിയ തണുത്തവെള്ളംകൊണ്ട്‌ തലയിൽ ഉഴിയിച്ച്‌ മുഖം കഴുകി ഒരു മുടുക്ക്‌ കുടിപ്പിക്കുന്നതും അടഞ്ഞ കതകിന്റെ പുറത്തുള്ളവരിൽ ആശ്വാസത്തിന്റെ ദീർഘനിശ്വാസങ്ങൾ പുറപ്പെടുവിച്ചു.റജബ്മാസത്തിലെ പതിനാലാംരാവില്‍, അമാവാസിനാളിലെ  ആ വെള്ളിയാഴ്ചയില്‍,കുളിച്ച് വുളുചെയ്ത് മഗരിബ് നമസ്കാരത്തിനുള്ള മുക്രിയുടെ ബാങ്ക് വിളിപള്ളിയിലെ മൈക്രോഫോണില്‍ നിന്നും  വ്യക്തതയോടെ തെളിഞ്ഞപ്പോള്‍, ജിന്നൊഴിപ്പിക്കാന്‍ എത്തിയ മുസ്ല്യാരെ മഹല്ല്കമ്മറ്റിക്കാര്‍ പുറത്തുതട്ടി അഭിനന്ദിക്കുന്ന വേളയില്‍ റസിയ ഖബറിന് പുറത്തിരുന്നു വെന്തുരുകുകയായിരുന്നു.!


"ഇതെന്റെ നനുത്ത മൺത്തരികൾ കൊണ്ട്‌ മെത്തയൊരുക്കിയ പഴയ ഖബറല്ല. ഖബറിനകത്ത്‌ ഇത്രയും നിശ്ശബ്ദതയൊ..? 
റസിയ പകച്ചു പോയി.
ആളിപ്പടരുന്ന തീപ്പടർപ്പിലേക്ക്‌ കാലെടുത്ത്‌ വെക്കാൻ വയ്യ.തന്റെ പ്രിയപ്പെട്ടവന്റെ ഓർമ്മകളെ ശൂന്യമായ നെഞ്ചിലേക്കും ഖബറിലേക്കും അടുപ്പിക്കുവാൻ ശ്രമിച്ചു. വ്യഥ..എല്ലാം വ്യഥ..!
നെഞ്ചിനകത്തെ ഉരുൾപ്പൊട്ടലുകളും ആളികത്തുന്ന വിജനമായ ഖബറും സ്വന്തമാക്കുവാൻ മനസ്സിനെ സ്വാധീനിപ്പിച്ച്‌ വെച്ചു.
ഖബറിൽനിന്ന് പുറത്തേക്ക്‌ വ്യാപിക്കുന്ന ചൂട്‌ മെയിലാഞ്ച്ചിച്ചെടിയുടെ തലപ്പറ്റം വരെ വാടിത്തളർത്തിയിരിക്കുന്നു.

" ചെല്ല് നീ ചെല്ല്..സമയം കളയാതെ നിന്റെ പൊന്നിൻ പ്രഭയിലെന്ന പോലെ ശോഭിക്കുന്ന ചുട്ടുപൊള്ളുന്ന ഖബറിലേക്ക്‌ ഇറങ്ങിച്ചെല്ലൂ..."

ഉൾവിളികളെ കേൾക്കാനാവുന്നില്ല എന്ന് അവഗണിക്കാൻ വയ്യ.
ഉത്കണ്ഠകളും സങ്കോചങ്ങളും കൂടിയുള്ള മണിയറയിലേക്കെന്ന പോലെയുള്ള ഖബറിലേക്കുള്ള ആദ്യ ആഗമനം വെളിച്ചമായി ഖൽബിലേക്ക്‌ തെളിയുന്നതോടൊപ്പം അന്ധകാരത്തിൽ നിന്ന് ആളുന്ന തീപിണർപ്പുകൾ അകത്തേക്ക്‌വലിച്ചുകൊണ്ടു പോകുന്നതായി അനുഭവപ്പെടുന്നു.
ഒരു കാലത്ത്‌ എന്റെ ഈ ഖബർ ഒരു കൊച്ചു സ്വർഗ്ഗമാക്കി പടുത്തുയർത്തി ആനന്ദസ്മൃതികളിൽ അലിഞ്ഞമർന്ന് കഴിഞ്ഞിരുന്ന അതേ ഖബർ,
ഹൊ..എന്തൊരു മാറ്റം..!
എല്ലാം മറന്നനുഭവിച്ച വസന്തത്തിന്റെ സന്ധ്യകളും രാമഴകൂട്ടും സമ്മാനിച്ച നിഷ്ടമായ പ്രതിഫലം.
മനസ്സിന്റെ  ചാഞ്ചല്യവും സ്വയം മറന്നനുഭവിച്ച ശാരീരിക മാനസിക സുഖങ്ങളുടെ ഇനിയുള്ള യാത്രകൾക്കായ്‌ വിഷാദം പുരണ്ട മുൾമുന മെത്തയൊരുക്കി ഖബർ കാത്തിരിക്കുന്നു.
സാധാരണത്വത്തെ അകറ്റി നിർത്തി പ്രവർത്തിച്ച ജിന്നിന്റെ അറിവില്ലായ്മയായിരുന്നൊ സ്വയം മറന്ന് ജീവിക്കാനുള്ള തീഷ്ണമോഹങ്ങളും സ്വപ്നസക്ഷാത്കാരങ്ങളും..?
തണുത്ത രക്തം നിറഞ്ഞ ഹൃദയത്തിൽ നിറയ്ക്കാൻ ശ്രമിച്ച തിളക്കുന്ന രക്തം വഹിക്കുവാൻ കാണിച്ച അധർമ്മ വിശ്വാസം കെട്ടിപ്പടുത്തവൾ വീണ്ടും മണിയറയിലേക്കെന്ന പോലെ നഖങ്ങളിൽ മെയിലാഞ്ചിചോപ്പണിഞ്ഞ കാലെടുത്ത്‌ നീട്ടിയപ്പോഴേക്കും മയ്യത്തിന്റെ തൂവെള്ള തുണിയിലൂടെ അഗ്നി ആളിപ്പടർന്ന് കഴിഞ്ഞിരുന്നു.

" മയ്യത്തിനു കിടക്കാനുള്ള ഖബറല്ലേ ഇത്‌..? 
അവസാനത്തെ അത്താണി.. ,
എനിയ്ക്കൽപ്പം ഇടം തരൂ.. , 
ഞാനിനിയൊന്ന് ദീര്‍ഘമായി ശയിച്ചോട്ടെ.."
അപ്പോഴേക്കും മയ്യത്തിന്റെ മേൽ അല്ലാഹുവിന്‍റെ മലക്കുകളുടെഘോഷയാത്രകൾ അരങ്ങേറി തുടങ്ങിയിരുന്നു.!



ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...