Wednesday, January 26, 2011

ഊണു കാലായിരിയ്ക്കുണൂ..


ഒഴുകി വിലസാനുള്ള ഒഴുക്കില്ലാത്ത വെള്ളം കിനിഞ്ഞു നിക്കണ പാട വരമ്പുകളുടെ ഒരു വശം വേലി കെട്ടി തിരിച്ചിരിയ്ക്കണത് ഞങ്ങടെ തൊടീടെ അറ്റത്തായിട്ടാ....
അവിടേന്ന് ഒന്നുമറിയാത്തവനെ പോലെ മനസ്സു തുറക്കാതെ വീശി മറയണ ഇളം കാറ്റ്, ആ കാറ്റത്ത് മനസ്സു തുറന്ന് ,പൊട്ടിച്ചിരിച്ച് തിമിര്‍ത്തു കളിയ്ക്കണ ബാല്യം..
മണ്ണപ്പം ചുടലും, കണ്ണാരം പൊത്തി കളികളും മടുത്താല്‍ ഒരോട്ടാണ്‍ പുളി കൊമ്പിലെ ഊഞ്ഞാല കളിയ്ക്കാന്‍..ഒരു അമ്പത് വട്ടം ആടി കഴിഞ്ഞാല്‍ പിന്നേം ഒരോട്ടാണ്‍ അമ്മേന്നു വിളിച്ചോണ്ട് അകത്തോട്ട്..അടുക്കള തിരക്കില്‍ അമ്മ വിളി കേള്ക്ക കൂടി ഇല്ലാ..
അതാ കുട്ട്യേ മേശപ്പുറത്തെ മൊന്തേല്‍ മൂടി വെച്ചിരിയ്കുണൂന്ന് കേക്കാം..
ഇഞ്ചീം കറിവേപ്പിലേം കൂടി ചതച്ച സമ്പാരാ..എന്തു രസാന്നൊ..
അതൊരു ഗ്ലാസ്സ കുടിച്ചാല്‍ പിന്നേം ഓടും അമ്പതു വട്ടം കൂടി തികയ്ക്കാന്‍, മൊത്തം നൂറു ആടീന്ന് എല്ലാരോടും ഗര്‍വ്വ് പറയാലോ..

അതും കൂടി അങ്ങ് തികച്ചാല്‍ വിശപ്പിന്‍റെ വിളി അമ്മയ്ക്ക് കേട്ടൂന്ന് തിട്ടപ്പെടുത്തും പോലെ വിളി വരുംകൂടെ പപ്പടം കാച്ചണ മണോം ഓടി ഉമ്മറത്തെത്തീട്ടുണ്ടാവും..
അപ്പഴ്  വിശപ്പിനേക്കാളേറെ കൊതിയാ വരാ..
അമ്മ ഉണ്ടാക്കണ പുളിശ്ശേരീം, പപ്പടോം കൂട്ടി കുഴച്ചോണ്ടുള്ള ഊണ്‍മാങ്ങാ ചമ്മന്തി ഉണ്ടേല്‍ പറയും വേണ്ടാ,എന്തിനേറെ സദ്യാവട്ടങ്ങള്‍..ഇതെന്നെ മതീല്ലോ..
ആദ്യൊക്കെ കരുതീരുന്നത് ഇതെല്ലാം ഉണ്ടാക്കാന്‍ വെല്യേ പാടാ, അമ്മയ്ക്കു മാത്രേ അറിയൂന്നാ..
ഇച്ചിരി മുതിര്‍ന്നപ്പൊ, ഒരീസ്സം തിടുക്കപ്പെട്ട് അമ്മയ്ക്ക് എങ്ങോ പോകേണ്ടി വന്നപ്പൊ.. ചോറു വാര്‍ക്കുന്നിടെയുണ്ട് അമ്മ പറയുണൂ,
മോളോ..കൂട്ടാനൊന്നും ഉണ്ടാക്കീട്ടില്ലാ ട്ടൊ, മൊന്തയില്‍ അടച്ചു വെച്ചിരിയ്ക്കണ മോരെടുത്ത് കാച്ചി പുളിശ്ശേരി ആക്കിയ്ക്കോളൂന്ന്..
ന്താ ഈ അമ്മ പറയണേ..അന്താളിച്ചങ്ങനേ നിന്നു ഞാന്‍..
അപ്പഴും സാരി ഞൊറികള്‍ ശരിയാക്കണ തിരക്കില്‍ അമ്മ പറഞ്ഞോണ്ടേ ഇരുന്നൂ..
“ഒരു തേങ്ങാ പാതി ദാ ചിരവടെ അടുത്തന്നെ വെച്ചിട്ടുണ്ട്,
അതെടുത്ത് ചുരണ്ടി, മൂന്നാല്‍ പച്ച മുളകും, ഇച്ചിരി ജീരകവും ചേര്‍ത്ത് വെണ്ണ പോലെ അരച്ചെടുക്കാ..
അതില്‍ പാകത്തിന്‍ ഉപ്പിട്ട് നാല്‍ ഗ്ലാസ്സ് മോരും ചേര്‍ത്തിളക്കി വെയ്ക്കാ..
ന്നിട്ട് ,ചീനചട്ടിയില്‍ എണ്ണ കായുമ്പോഴ് ഇച്ചിരി കടുകും  ഉലുവേം രണ്ടിതള്‍ കറിവേപ്പിലേം ഇട്ടു പൊട്ടിച്ച ശേഷം കറി അതിലേയ്ക്കൊഴിയ്ക്കാ..
ഒരൊറ്റ തവണയേ തിളയ്ക്കാവൂ ട്ടൊ,അപ്പൊ തന്നെ വാങ്ങി വെയ്ക്കാ..“
കണ്ടോ, എന്തെളുപ്പാല്ലേ..അധികം ബഹളങ്ങളൊന്നും ഇല്ലാത്തൊരു നാടന്‍ കറി.
പച്ചകറികള്‍ക്ക് വില കൂടിയിരിയ്ക്കണത് കണ്ടില്ലേ..ഇടയ്ക്ക് പുളിശ്ശേരി കൂട്ടീം ഉച്ചയൂണ്‍ ആകാം ട്ടൊ.
മാങ്ങാ കാലവും വരാറായി,മാങ്ങാ ചമ്മന്തി കൂടി ആയാല്‍ ഉഷാറായി,
അതും എളുപ്പാ ഉണ്ടാക്കാന്‍,
എല്ലാര്‍ക്കും അറിയണ കാര്യാന്ന് അറിയാം,ന്നാലും ന്റ്റെ അമ്മ ഉണ്ടാക്കണ ചമ്മന്തിയാ..ഒന്നു രുചിച്ചു നോക്കു ട്ടൊ..
“ഇതിനും ഒരു മാങ്ങയ്ക്ക് അര മുറി തേങ്ങ മതി,
ചെറുതായി അരിഞ്ഞ ഒരു ഇഞ്ചി കഷ്ണോം,
ഇച്ചിരി കുരുമുളകു പൊടീം,വേപ്പിലേം,മൂന്നാല്‍ ഉണക്ക മുളകും കൂട്ടി ചേര്‍ത്ത് എണ്ണയില്‍ നന്നായി മൂപ്പിച്ചെടുക്കാ..
ന്നിട്ട് കുഞ്ഞു മാങ്ങാ കഷ്ണങ്ങളും, മൂപ്പിച്ചവയും ഉപ്പും കൂടി മയത്തില്‍ അരച്ചെടുക്കാ..
മാങ്ങാ ചമ്മന്തി തയ്യാര്‍.“
ഞങ്ങള്‍ കേരള  സ്ത്രീകളുടെ അഹങ്കാരാ പുളിശ്ശേരീം, ചമ്മന്തീം, സമ്പാരവുമൊക്കെ..
തേങ്ങ ഇല്ലെങ്കിലും പുളിശ്ശേരി ആക്കാം ട്ടൊ, പക്ഷേങ്കി തേങ്ങയില്ലാത്ത പുട്ടും,ചമ്മന്തീം ഇല്ലാന്ന് ആര്‍ക്കാ അറിയാത്തല്ലെ..?
പുകയണ മൂന്നു കല്ല്  അടുപ്പിന്മേല്‍
ഒരു തിളയ്ക്കായ് കാത്തു കിടക്കണ പുളിശ്ശേരീം,
അരപ്പ് ശരിയാവണില്ലാന്നും പറഞ്ഞ്
കൊത്തിച്ച പുതിയ അമ്മിയിന്മേല്‍
ഇടയ്ക്കിടെ തോണ്ടി രുചിച്ചു നോക്കണ ചമ്മന്തീം
കാഞ്ഞ എണ്ണയില്‍ പപ്പട കോലോണ്ട്
എടുത്തെടുത്ത്  ഇടണ പപ്പടോം
ചോന്ന പുഴുക്കല്ലരീടെ ഒരു പിടി ചോറും
ഊട്ടാന്‍ ന്റ്റെ അമ്മേം..
അടുത്ത അവധി വരും വരേയ്ക്ക്
ന്റ്റെ വയറ് നിറഞ്ഞിരിയ്ക്കാന്‍ ഈ ഒരൂണ്‍ ധാരാളം.



Tuesday, January 25, 2011

മിഴികളറിയാതെ...


കവി പാടി,
………………………….
…………നൂറു പുഷ്പങ്ങളില്‍ നൂറായിരം ദലം
നൂറു നൂറായിരം പൂമ്പൊടിപ്പൊട്ടുകള്‍……

കവികള്‍ പിന്നേം പാടി..
കൂടെ ഞാനും പാടി..
മുല്ലയോട് ചോദിച്ചു,
പൂവേ..നിന്നെ പെണ്ണിനോട്  ഉപമിച്ചിടട്ടേ..?
നൂറു പൂക്കളും.
അതിലേറെ സുന്ദരി പൂക്കളും,
നൂറു നൂറായിരം പൂമ്പൊടിപ്പൊട്ടുകളും,
കോടാനുകോടി മിഴി നീര്‍ തുള്ളികളും..
                  താമര കണ്ണുകള്‍ , മാന്‍ പേട കണ്ണുകള്‍ , ചിരിയ്ക്കുന്ന കണ്ണുകള്‍, തുളുമ്പുന്ന കണ്ണുകള്‍..
ഇരട്ടയാണേലും പരസ്പരം ആശ്വാസിപ്പിയ്ക്കാനാവാതെ വിങ്ങിപൊട്ടുന്ന കണ്ണുകള്‍..
വരളുന്ന ചുണ്ടുകള്‍ക്ക് തൊണ്ട നനയ്ക്കാനും , നോവുന്ന ഹൃദയങ്ങള്‍ക്ക് ആശ്വാസമേകാനും..പെയ്തു തോരാത്ത മഴ..!
വരണ്ട മണ്ണിനെ ഒരു തുള്ളി കണ്ണീര്‍ തുള്ളി കൊണ്ടെങ്കിലും ഒന്നു നനയ്ക്കാനാവാതെ, വര്‍ണ്ണ ചില്ലിന്നകത്ത് ചറ പറാ പെയ്യുന്ന ഒരിയ്ക്കലും പെയ്തു തോരാത്ത മഴ!

 ഇടതു മിഴിയിലെ തുള്ളി
അതു വീണതു കൈത്തണ്ടയിലോട്ട്,
വലതു മിഴിയിലെ തുള്ളി
അതു കവിളിലൂടങ്ങനെ ഒലിച്ചിറങ്ങി
താടിയില്‍ സംശയിച്ചങ്ങനേ തങ്ങി നിന്നൂ.
പൊടുന്നനെ ചാടിയ രണ്ടാമന്‍ തുള്ളി,
ഒന്നാമന്‍ തുള്ളിയെ തള്ളി മെത്തയിലോട്ടിട്ടു
ഇടതും വലതുമങ്ങനേ മത്സരിച്ചു തുള്ളികള്‍ പൊഴിച്ചു..

ഇടതു കൈത്തണ്ടയിലെ മൃദു രോമങ്ങള്‍
ചെറുതായൊന്നമര്‍ന്ന് വലത്തോട്ട് ചാഞ്ഞു,
തടയില്ലാ വരമ്പിലൂടെ പാഞ്ഞ രണ്ടാമന്‍ തുള്ളികള്‍
നിലയില്ലാ കയം പോലെ പിന്നേയും കുതിച്ച്
വിരിയിലെ കുഞ്ഞു പൂക്കളെ കുതിര്‍ത്ത് താഴോട്ടമര്‍ന്നു.

നനഞ്ഞൊട്ടിയാ മൃദു രോമങ്ങളോട്
വിതുമ്പലൊതുക്കുമാ ചുണ്ടുകള്‍ക്കൊരു പ്രിയം
മിഴികളൊന്നു കൂമ്പി,കീഴ് താടിയൊന്ന് കുനിച്ച്
ആരോരുമറിയതെയവ ഒപ്പിയെടുത്തു.
നനഞ്ഞു കുതിര്‍ന്നാ നൂലിഴകളോട്
നെഞ്ചു നിവര്‍ത്തി കിടക്കുമാ മെത്തയ്കുമൊരു പ്രിയം
ഒന്നുമറിയത്തവനെ പോലെ,ഗര്‍വ്വോടെ
ചുണ്ടുകള്‍ പിളര്‍ന്നവ നുകര്‍ന്നെടുത്തു.

മിഴിനീര്‍ അണയ്ക്കാന്‍ പാടുപെടും തുളുമ്പുമാ മിഴികളോട്
പരിഹാസമോടെ എതിര്‍ മിഴികള്‍ ആരാഞ്ഞു,
പലതുള്ളി പെരുവെള്ളമാകുന്നതു ഇങ്ങനേയോ..?

Thursday, January 20, 2011

എന്തു കൊതിയാണെന്നോ..

കുഞ്ഞു കുഞ്ഞു കൊതികള്…..കുഞ്ഞു നാള്‍ക്കു മുതലേ തളിര്‍ത്തും, പൂത്തും കായ്ച്ചും ഉള്ളിന്‍റെയുള്ളില് കൊഞ്ചിച്ചും,താലോലിച്ചും അങ്ങനേ ന്റ്റെ കൂടെ വളര്‍ന്നു വലുതായി..
അവരുടെ ഓരോ ഘട്ട വളര്ച്ചകള്‍ക്കും സാക്ഷ്യം വഹിച്ചിരുന്നത് താരങ്ങള് മിന്നി നിക്കണ ആകാശവും, തുള്ളികള് ഇറ്റു വീഴണ രാമഴകളുമായിരുന്നൂ..എന്തോ ന്റ്റെ വികാര വിചാരങ്ങള്‍ക്ക് പകലുകളുമായി പൊരുത്തപ്പെട്ടു പോകാന് കഴിഞ്ഞീരുന്നില്ലാ..
ഒരു തരം നീരസം പ്രകടിപ്പിയ്ക്കും പോലെ..
ഞങ്ങളെ തൊട്ട് അശുദ്ധമാക്കല്ലേന്ന് കരഞ്ഞോണ്ട് ഇരുളിലേയ്ക്ക് ഊളിയിടും പോലെ..
രാത്രിയായാല് സ്വര്‍ഗ്ഗ സംഗീതം കേട്ട് ഉണരും പോലെ അവര് ആകാശത്തില് അണി നിരക്കും.
ആ സദസ്സില് മതി മറന്ന് നേരം വെളുപ്പിച്ച രാത്രികള് എത്രയാണെന്നോ..
ഓരോ പൊന്‍പുലരിയിലും, കൊതികള് സാക്ഷാത്കരിയ്ക്കപ്പേടുമോ എന്ന ആകാംക്ഷ, ഉത്കണ്ഠ..
അവയ്ക്ക് ജീവന് വെയ്ക്കുമോ എന്നറിയാനുള്ള നെഞ്ചിടിപ്പ്..ചങ്കിടിപ്പ്..
പിന്നെ, അത് സത്യാവാന് പോണൂ എന്നറിയുമ്പോഴുള്ള സന്തോഷം..ആര്‍മാദിയ്ക്കല്..
ഒന്നും പറഞ്ഞറിയിയ്ക്കാന് വയ്യാ..
എന്നാല് ഇപ്പഴും മനസ്സില് തുടി കൊട്ടി കൊണ്ടിരിയ്ക്കണ ഒരു തുടിപ്പ്…ആരോടും പറയാന് വയ്യാതെ മനസ്സില് ഒളിഞ്ഞു കിടക്കണ..
സാഫല്ല്യമാകാത്ത ഒരു കൊതി…
സാഫല്ല്യമാകാതെ എന്നും കൊതികളിലെ കൊതിയായി കാത്തു സൂക്ഷിയ്ക്കാന് കൊതിയ്ക്കുന്ന ഒരു കൊതി..
അതു എന്താണെന്നറിയൊ..?


അമ്പലകുളത്തില്‍ നീരാടാനൊരു കൊതി
ഉമ്മറത്തിണ്ണയിലിരുന്ന് കല്ലു കളിയ്ക്കുവാനുമൊരു കൊതി.
മഴയത്തു പുത്തന്‍ കുട പിടിയ്ക്കാനൊരു കൊതി
മാനത്തെ മഴവില്ലു കണ്ടു രസിയ്ക്കുവാനുമൊരു കൊതി.
കാലില്‍ വെള്ളി കൊലുസ്സണിയാനൊരു കൊതി
ഒറ്റക്കല്ലു മൂക്കുത്തി അണിയുവാനുമൊരു കൊതി.
മുടി നീട്ടി വളര്‍ത്താനൊരു കൊതി
പിന്നിയിട്ട മുടിയില്‍ മുല്ലപ്പൂ ചൂടുവാനുമൊരു കൊതി.
പട്ടുപാവാടയും ദാവണിയും ഉടുക്കാനൊരു കൊതി
മുണ്ടും നേര്യേതും ഉടുക്കുവാനുമൊരു കൊതി.

അഛന്‍റെ പുരാണങ്ങള്‍ കേള്‍ക്കാനൊരു കൊതി
അമ്മേടേ ചുടു നെയ്യപ്പം കഴിയ്ക്കുവാനുമൊരു കൊതി.
ഏട്ടനോടൊത്തു സിനിമയ്ക്കു പോകാനൊരു കൊതി
ഓപ്പോള്‍ടെ ഇഞ്ചി ചതച്ച സമ്പാരം കുടിയ്ക്കുവാനുമൊരു കൊതി.
ചേച്ചി കരഞ്ഞതെന്തിനാണെന്നു അറിയാനൊരു കൊതി
പൊന്നനുജത്തീടെ തുടുത്ത മുഖം കാണുവാനുമൊരു കൊതി.
കൂട്ടുകാരിയോടൊത്തു സ്വകാര്യം പറയാനൊരു കൊതി
കൂട്ടുകാരന്‍റെ രഹസ്യങ്ങളറിയുവാനുമൊരു കൊതി.
ക്ലാസ്സ് ടീച്ചര്‍ടെ മക്കളെ കുറിച്ചറിയാനൊരു കൊതി
മലയാളം മാഷ്ടെ പത്താം തരം മാര്‍ക്കറിയുവാനുമൊരു കൊതി.

ഇവയെല്ലാം ഇന്നലെകളുടെ കൊതികളായിരുന്നുവോ..?
ഞാനിന്നുകളുടെ കൊതിയിലേയ്ക്കു വഴി മാറിയതറിഞ്ഞില്ലാ..
ഇന്നെന്‍റെ കൊതികളില്‍ നീ എന്ന മായ
ഒരു നേരമെന്നില്ലാ..ഉറക്കിലും ഉണര്‍വ്വിലും
ഒരു നിഴലായ് കൊതികളെന്നെ പിന്തുടര്‍ന്നൂ
അത്രമേല്‍ കൊതിയായ് ഞാന്‍ നിന്നെ സ്നേഹിയ്ക്കയാല്‍.

കൊതികളില്‍ കൊതിയായ് ഞാന്‍ കൊതിയ്ക്കുന്നതെന്തെന്നോ..?

നമുക്കായ് തോരാതെ പെയ്യും രാത്രി മഴകളില്‍
നിന്‍റെ കൌതുക കഥകള്‍ കേട്ടിരിയ്ക്കുവാനുള്ള കൊതി
നിന്‍റെ മുഖത്തു പതിയ്ക്കും മഴത്തുള്ളികളില്‍
തിളങ്ങുന്ന പുഞ്ചിരി കാണുവാനുള്ളൊരു കൊതി.
ഈ ഈറന്‍ കൊതികളെ ,കൊതിയോടെ കാത്തിരിയ്ക്കാന്‍ ,
എന്തു കൊതിയാണെനിയ്ക്കെന്നോ....

Friday, January 14, 2011

നേരം പുലര്‍ന്നാല്‍..


പിന്നാമ്പുറത്തെ അടുക്കള മുറ്റത്തുള്ള മൂവാണ്ടന് പൂത്തു.
ഒന്നു തുമ്മാനായി ഒരു ചാറ്റല് മഴ ആ വഴിയ്ക്കെങ്ങാനും വന്നാല് മതി,ഈര്‍പ്പ മണ്ണിനോട് കിന്നരിയ്ക്കാനെന്നോണം ആ കുഞ്ഞിപ്പൂക്കള് പരവതാനി ഒരുക്കി മണ്ണില് കണ്ണടച്കോണ്ടങ്ങനെ കമിഴ്ന്ന് കിടക്കും..
നേരം പുലരും വരെ നീണ്ടു നിക്കും അവരുടെ സ്വകാര്യം പറച്ചിലും,കിന്നാരങ്ങളും കളിച്ചിരികളും..
നേരം പുലര്‍ന്നാലോ..
അടുക്കളത്തിണ്ണേന്നു കണ്ണു തിരുമ്മി സൂര്യ നമസ്ക്കാരത്തിന് മുറ്റത്തിറങ്ങി വരണ കുറ്റിച്ചൂലു പെണ്ണിന് പണി കിട്ടി..
അലസായി വീണു കിടക്കണ മുടി വാരിക്കെട്ടി അര്‍പ്പണ ബോധത്തോടെ സ്വന്തം ജോലിയിലേയ്ക്ക് ഇറങ്ങി ചെല്ലണ അവളുടെ ചിലപ്പോഴുള്ള പിറുപിറുക്കലുകളാണ്‍ താഴത്തെ വരികള്..

ജനിച്ച നാള് മുതല്
ചപ്പു ചവറുകള്, അവശിഷ്ടങ്ങള്
ഇവരാണെന്‍റെ കണി
വിശപ്പിനാലും ചിലപ്പോള് ആര്‍ത്തിയാലും
വാരി വലിച്ചു തിന്നു അപ്പാടെ..
ദൌത്യം പൂര്‍ത്തിയായാലൊ
ഒരു മുക്കില്
കുത്തിച്ചാരി നില്‍ക്കേം വേണം.

ഓര്‍മ്മകളില്
നാലുകെട്ടും, മുറ്റോം, മാമ്പൂ കാലവും
പിന്നെ നിവൃത്തികേടാല് കുനിഞ്ഞു
അകം പുറം തൂക്കും അമ്മിണിയും
അവളുടെ ഭാരം താങ്ങും വയറും,
ഇടുപ്പില് കൈ കൊടുത്ത്, ആവൂ തീര്‍ന്നു
എന്നാശ്വസിയ്ക്കും നെടുവീര്‍പ്പുകളും..
വയറൊന്ന് കാലിയായാല് പിന്നെ
അമ്മിണിയില്ലാ,
നിഴലായ് കൂനി കൂടി നാണിത്തള്ളയും
ആ രൂപം പേറി ഞാനും.

നാളുകളേറെയായ ജീര്‍ണ്ണ ഗന്ധങ്ങള്
വിരല്‍ത്തുമ്പുകളില് വന്നടിയുമ്പോഴും
മൂക്കടച്ചു പിടിയ്ക്കാനാവാതെ,
ഞാനെന്ന ഭാവമില്ലാതെ,
പകലുണരുന്നതും പകലൊടുങ്ങുന്നതും കാത്ത്
പുലര്‍ക്കാലെ ഞാന്…!

Friday, January 7, 2011

ഒളിച്ചോട്ടം..



ദേ..നോക്കിയ്ക്കേ..
ഇപ്പൊ മഴ പെയ്യും
മാനം കറുത്തിരുളും
മണ്ണ് നനഞ്ഞ് കുതിരും
പൂക്കള് പൊഴിയും
കായ്ക്കള് കൊഴിയും..

കര്‍ക്കിടകത്തില് കല്ല്യാണം
പാടില്ലെന്നവര് പറയുന്നൂ
ചിങ്ങം വരെ കാത്താല്
ഏകയായ് മഴ കൊള്ളേണം..
ഒരു യാത്രയ്ക്കൊരുങ്ങിയാലോ
കാലവര്‍ഷ കെടുതികള്
യാതനാ വേദനാ മഴകളെല്ലാം
കാലിടറാതെ സ്വയം താണ്ടേണം..

നാളുകളായ് ആഘോഷിച്ച പ്രണയം
വീണുടയാത്ത സുന്ദര ചിത്രം
യാഥാര്‍ത്ഥ്യങ്ങള് തട്ടി ഉണര്‍ത്തുമ്പോള്
മടങ്ങിപ്പോക്കിന് തുനിയുകയാണ്
ഞാനെന്‍റെ ഭാണ്ഡം കെട്ടി മുറുക്കുന്നൂ
വീണ്ടുമെന്നെ വിളിച്ചുണര്‍ത്തരുത്.

Tuesday, January 4, 2011

പ്രണയത്തിന്‍റെ തണുപ്പ്..


അമ്മിഞ്ഞപ്പാലിന്‍റെ മണമുള്ള പൊടിമോളെ തട്ടിയുറക്കുമ്പോള് , അവളുടെ അരികില് ചുരുണ്ടു കൂടി മയങ്ങുമ്പോഴ് , എന്‍റെ ബാല്യം കണ്ട മച്ചിലേയ്ക്ക് ഉറ്റു നോക്കി വെറുതെ കിടക്കുമ്പോള്, മുന്നറിയിപ്പുകളില്ലാതെ വെറുതേ ഓടി വന്നൂ ഓര്‍മ്മകള്..
കാലങ്ങളായി അലതല്ലി രസിച്ചിരുന്ന എന്‍റെ രഹസ്യ മനസ്സ് ഒരു നിമിഷത്തില് വാതില് പാളി തുറന്ന് കടന്നു വന്ന പോലെ..
പിന്നെ ഒരു കള്ളനെ പോലെ പാത്തും പതുങ്ങിയും അരികില് വന്ന് ,എന്നെ അറിയോ..എന്ന് ചോദിച്ചൂ..
കൌമാര പ്രായത്തില് ഇംഗ്ലീഷില് കുനുകുനേന്ന് എഴുതി തീര്‍ത്ത വരികള് എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന് കഴിഞ്ഞില്ലാ..
അതൊരു വാശിയാക്കി, അതിലേറെ ഉത്സാഹത്തോടെ ആ അക്ഷരങ്ങളെ തേടി ഇറങ്ങി തിരിച്ച ഞാന് ആ പത്തു വരി കവിതയിലേയ്ക്ക് ഊളിയിട്ടു..
മഷിപ്പേനയില് എഴുതിയ മങ്ങിയ അക്ഷരങ്ങളിലേയ്ക്ക് തെളിനീരിന്‍റെ തെളിമയോടെ,ഓര്‍മ്മകളിലൂടെ ഞാന് നോക്കി കൊണ്ടിരുന്നൂ.
‘’പെയ്തു തോര്‍ന്ന മഴയുടെ കുളിര്..
ചന്നം പിന്നം ചാറിയ ചാറ്റല് മഴയുടെ സ്പര്‍ശം..
ഒരു പുതുമഴയ്ക്കായുള്ള പ്രതീക്ഷ..
കൈ കുമ്പിളിലൊതുക്കിയ മഴത്തുള്ളികളെ മേനിയില് തഴുകുമ്പോഴുള്ള തണുപ്പ്..
മഴയോടുള്ള പ്രണയമോ വികാരമോ അല്ലിത്,
ഞാന് പ്രണയത്തെ പ്രണയിയ്ക്കുന്നൂ,
എനിയ്ക്ക് പ്രണയത്തോട് തോന്നുന്ന അഭിനിവേശമാണിത്..
ഒരു മഴ നനഞ്ഞാല് എന്‍റെ പ്രണയം സാക്ഷാത്കരിയ്ക്കപ്പെടുമോ..
എന്‍റെയുള്ളിലെ പ്രണയത്തുടിപ്പുകള് തുടി കൊട്ടുമോ..
എങ്കില് ഞാനൊരു നൂറുനൂറായിരം മഴകള് നനയാം,
മഴ നൃത്തമാടി മതി മറന്ന് രസിയ്ക്കുന്ന ഒരു മയിലിനെ പോലെ..
ഒരു തുള്ളി മഴയ്ക്കായ് കേഴും വേഴാമ്പലിനെ പോലെ കണ്‍പാര്‍ത്തിരിയ്കാം..”
ഒരു സംഗീതം ആസ്വാദിയ്ക്കാനുള്ള ആവേശത്തിലാണ് ഞാനിപ്പോള്..ആ ലഹരിയില് കണ്ണടച്ചെന്‍റെ പ്രണയം കാണാന് നിയന്ത്രണമില്ലാത്ത ഹൃദയ തുടിപ്പുകള് ആവശ്യപ്പെടുന്നൂ..
മനസ്സിന്‍റെ ചെപ്പില് ഉറങ്ങി കിടക്കുന്ന പ്രണയത്തെ ഉണര്‍ത്താന് ശ്രമിയ്കാത്തതിന്‍റെ പരിഭവം പറയും പോലെ..
ഒരു മഴ പെയ്ത രാത്രിയില് ജനല് പാളികള് വലിച്ചടയ്ക്കാന് ഒരുമ്പെട്ട എനിയ്ക്കു ലഭിച്ച അലിവായിരുന്നു നീണ്ടു മെലിഞ്ഞ കൈത്തണ്ടയില് ഇറ്റിറ്റു വീണ ആ മഴത്തുള്ളികള്..
മണ്ണിനെ ലക്ഷ്യമാക്കി നനഞ്ഞു കുതിരേണ്ട ആ ഈര്‍പ്പ മണം, ഒന്നലിഞ്ഞു നനഞ്ഞു കുതിരാന് വെമ്പുന്ന എന്‍റെ മനസ്സില് പതിച്ചത് ഞാന് ആവശ്യപ്പെടാതെ എനിയ്ക്കു ലഭിച്ച പ്രണയത്തിന്‍റെ തണുപ്പല്ലേ..?
പ്രണയ മാധുര്യം മനസ്സില് തിങ്ങി മുട്ടിയിരുന്ന കാലത്തൊക്കെ ആ കൊതികളെ എന്തിനെല്ലാമോ വേണ്ടി ഒതുക്കി അടക്കി നിര്‍ത്തി..,
നെഞ്ചിലേറ്റി താലോലിച്ച പ്രണയ സങ്കൽപ്പങ്ങളെല്ലാം വെറും ചാപല്ല്യങ്ങളാണെന്നു അറിഞ്ഞിട്ടും ഒരു പരീക്ഷണമെന്നോണം പ്രണയത്തെ പ്രണയിച്ചു കൊണ്ടേ ഇരുന്നൂ..
വഴി തെറ്റിയ പ്രണയങ്ങള്, പൊട്ടി തകര്‍ന്ന പ്രണയങ്ങള്, വ്യക്തികളോടല്ലാതെ എന്തിനോടൊക്കെയോ തോന്നിയ പ്രണയങ്ങള്..
അങ്ങനെ എന്‍റെ പ്രണയം നിഗൂഡതയിലേയ്ക്ക് ആഴ്ന്നിറങ്ങി.
ചില്ലു ജാലകങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന ഓരോ മഴത്തുള്ളിയോടും എനിയ്ക്കു തോന്നിയതു പ്രണയം തന്നെ..ആ ചില്ലു വിയര്‍പ്പിലൂടെ ഞാന് വരയ്ക്കാന് ശ്രമിച്ചതും അതു തന്നെ..
എന്‍റെ നിഗൂഡ പ്രണയത്തിന്‍റെ കണക്കെടുത്താല് അങ്ങനെ എത്ര, എത്രെ…എന്‍റെ പ്രണയത്തെ ഇപ്പോള് തട്ടിയുണര്‍ത്തിയ എന്‍റെ മണ്ണിനോടും എനിയ്ക്കുള്ളതു പ്രണയം തന്നെ..
സന്ധ്യ മയങ്ങിയാല് അസ്ത്ഥികള് തുളയ്ക്കാത്ത ശീതക്കാറ്റു ഏറ്റു വാങ്ങി ഒറ്റപ്പെട്ടവളായി പ്രണയത്തിന്‍റെ തണുപ്പ് അറിയാനും , നിനയ്ക്കാതെ പെയ്യുന്ന രാമഴയെ പ്രണയിയ്ക്കാനും കഴിയുന്നത് എന്‍റെ പ്രണയ സാഫല്ല്യമാണ്..,പ്രണയ മൂക സാക്ഷാത്കാരമാണ്,
അതെ…ഞന് പ്രണയത്തെ പ്രണയിയ്ക്കുന്നൂ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...