Thursday, August 26, 2010

എന്‍റെ ഭൂതം..


ഞാനൊരു കഥ പറയാം..
ഒരു ഭൂതത്താന്‍റെ ..
ഭയക്കുന്നതെന്തിനു, സംഭ്രമിയ്ക്കുന്നതെന്തിനു ?
ഇതു ദന്തങളും നഖങളുമില്ലാത്ത
പാവമാം ,ബാലരവിപോല്‍ മുഖകാന്തിയുള്ളവന്‍.
ചിന്തകള്‍ നൊന്തുഴറി മണ്‍പാവപോല്‍ മിഴിചു നില്‍ക്കുമിവളെ
പൂക്കള്‍ വിടരുമീ പൊയ്കയും,
തീരവും വഴികളും കാണിചു
 മനോഹരമീ സ്നേഹ ഗേഹത്തിലേയ്ക്കു നയിച്ചവന്‍.
വിജനമാം പാതിരാപ്പാതകളില്‍
പ്രണയ  നൃത്തം ചവുട്ടി
പാതിരാത്തെരുവുകുള്‍ ഉണര്‍ത്തിയ
കരുണനാം ,ശാന്ത സ്വരൂപനാം ഭൂതം..

Tuesday, August 24, 2010

സ്നേഹത്തോടെ.........


നീ എനിക്ക് ആരാണ് ....?
എനിക്ക് നിന്നോട് ഉള്ളത് എന്താണ്...?
പ്രണയമെന്ന് പേരു വിളിച്ച് അതിനെ ചെറുതാക്കാന്‍ വയ്യെനിക്ക്...
ഭര്‍ത്താവിന് ഭാര്യയോട് തോന്നുന്ന കരുതലാണോ...?
കാമുകകനു കാമുകിയോട് തോന്നുന്ന അനുരാഗമാണോ...?
സഹോദരന് സഹോദരിയോട് തോന്നുന്ന സ്നേഹമാണോ...?
മകന് അമ്മയോട് തോന്നുന്ന ആദരവ് ആണോ...?
അച്ഛന് മകളോട് തോന്നുന്ന വാത്സല്യമാണോ...?
ഇതെല്ലാം കൂടിയോ...? അതിനുമപ്പുറമോ...?
എന്തായാലും ഒന്നുറപ്പ്...
അതാ ശരീരത്തോടുള്ള ആസക്തിയല്ല....!!
ആ സൌന്ദര്യത്തോടുള്ള അഭിനിവേശവും അല്ല....!!
എനിക്ക് നിന്നോട് തോന്നുന്നത് എന്താണ്...?
എന്തു പേരിട്ട് വിളിക്കണം ഞാനിതിനെ...?
പരിപാവനമെന്നോ....?
ദൈവികമെന്നോ...?
ഉത്തരമറിയാതെ ഉഴറുന്നു ഞാന്‍...
എന്നാലും ഒന്നുറപ്പ്....
ഇങ്ങിനെ നമ്മള്‍ മാത്രമേയുള്ളൂ....
നമുക്ക് മാത്രന്മേ ഇങ്ങിനെ ആകാനും കഴിയൂ...
അതെ ഈ ലോകത്ത് നമ്മള്‍ മാത്രം...
എനിക്കും നിനക്കുമിടയില്‍ മറയായി ഒന്നുമില്ല....
നിഴലും നിലാവും നക്ഷത്രങ്ങളും നമൂക്കായ് മാത്രം..
പെയ്തു വീഴുന്ന രാത്രിമഴകളും....
വേനല്‍ മഴകളും....
തുലാവര്‍ഷ പെരുമഴയും നമുക്കായ് മാത്രം...!!
മഞ്ഞ് നമുക്കായ് പൊഴിയുന്നു...!!
പൂക്കള്‍ നമുക്കായ് ചിരിക്കുന്നു...!!
പറവകളും പൂത്തുമ്പികളും നമുക്കായ് പാറുന്നു...!!
അപ്പൂപ്പന്‍ താടികള്‍ കണക്കേ നമ്മളും ഒഴുകി നീങ്ങുന്നു..
അനന്തമായ്...
ഒരിക്കലും അവസാനിക്കാതിരിക്കട്ടെ ഈ യാത്ര...!!
ആഗ്രഹവും , സ്വപ്നവും , പ്രാര്‍ത്ഥനയും അതു മാത്രമാണ്.......


Friday, August 20, 2010

വാവേ...

എത്ര മധുരമീ പുഞ്ചിരി പൈതലേ ...
ആരും കൊതിപ്പൂ നിന്നെ മാറോടണക്കാന്‍..
നീ എന്‍ മടിയില്‍ ലാളനയേറ്റു കൊഞ്ചീടുമ്പോള്‍,
ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്...??
കാണ്മൂ ഞാന്‍ നൂറു പൊന്നോമനകളെ മുന്നില്‍,
എങ്കിലും തൊട്ടിലും, കളിപ്പാട്ടവും, കിലുക്കവും ഒന്നു മതി....

തോല്‍വി..

പറയാം എന്തും....
അനുസരിക്കാം ഞാന്‍ .....
തോല്‍ക്കപ്പെടുന്നവന്‍റെ വിധി അതാണല്ലൊ...
ഒഴുകിപ്പറക്കുന്ന അപ്പൂപ്പന്‍ താടിയല്ല ഞാനിന്ന്...
സ്നേഹക്കൂട്ടിലകപ്പെട്ട പച്ചപനംതത്ത...
കരിമ്പനയോലകളുമായ് വന്നൊളൂ...
നാക്കു രാകി മയപ്പെടുത്താം....
കേള്‍ക്കാന്‍ സുഖമുള്ള വാക്കുകള്‍ പഠിയ്ക്കാം...

ഞാന്‍ സ്വപ്നങ്ങള്‍ കണ്ടുകൊണ്ടേയിരിക്കും....
മുത്തും പവിഴവും മത്സ്യകന്യകയുടെ കൊട്ടാരവും.......
അറ്റമില്ലാതെ അതങ്ങിനെ തുടരും....
തോറ്റവനാണെങ്കിലും സ്വപ്നം കാണാന്‍ അവകാശമുള്ളിടത്തോളം കാലം...

പുതിയ വസന്തങ്ങള്‍ക്കായ്.....
അടുത്ത വിളവെടുപ്പുകാലത്തിനായ്....
വെമ്പുന്നൊരു മനസ്സ് എപ്പോഴും മിടിച്ചുകൊണ്ടിരിക്കുന്നുണ്ടാവും....
ചിറകു തല്ലിക്കരയാനെനിക്കു വയ്യ ഇനി....
ഈ ചിറകിനടിയില്‍ തണലുകൊതിക്കുന്നൊരാള്‍
പുറത്ത് കാത്തു നില്പുണ്ടല്ലൊ...

എങ്ങനെ നീ മറക്കും.....?


മുത്തേ...ഒന്നുചിരിക്കൂ നീ, കൂടേയുണ്ട് ഓരോ അണുവിലും ഞാന്‍.
തേന്‍ പുരട്ടിയ വാചകങ്ങള്‍ വേണ്ടാ. കേട്ടു മടുത്തു.

അടഞ്ഞ വാതിലുകളിലൂടെ കടന്നെത്താനാവാതെ നീ ,പാതി അടഞ്ഞ ജാലകവാതിലൂടെ
എത്തിനോക്കി പുഞ്ചിരി തൂകുന്നതു കണ്ടപ്പോള്‍ ദേഷ്യമാണു തോന്നിയത്.
ഒപ്പം സങ്കടവും.
ഈ രാത്രി എന്‍റെ മോഹങ്ങളെല്ല്ലാം തന്നെ ഞാന്‍ ഉപേക്ഷിക്കുകയാണ്.
പ്രണയിക്കുന്നതിലും മനോഹരമാണ് എനിക്ക് നിന്‍റെ മിഴികളില്‍ നോക്കി കിടക്കുന്നത്..
വിരസമായ രാത്രികള്‍ എന്‍റേതാകുന്നതും ഈ നിമിഷങ്ങളില്‍ തന്നെയാണ്.
നിന്‍റെ പുഞ്ചിരി . അതെനിക്കു നല്‍കുന്നത് മിന്നിത്തിളങ്ങുന ആയിരമായിരം
നക്ഷത്രങ്ങളുടെ ഭംഗിയാണ്..
എന്നും ഞാന്‍ കൊതിക്കുന്നതു; നീ പുഞ്ചിരി തൂകുമ്പോള്‍ തെളിയുന്ന ആ നുണക്കുഴികളിലൊന്നു തൊടാനായിരുന്നു..
പക്ഷേ നിന്‍റെ മുഖത്തെ ആ കലകള്‍ കാണുമ്പോള്‍ എനിക്കരിശം വരും..
നിന്‍റെ കൊഴിഞ്ഞു വീണ പ്രണയത്തിന്‍റെ
മായാത്ത പാടുകളായി അതു കിടക്കുന്നതു കാണുമ്പോള്‍..
ആ പ്രണയം നിനക്കായ് നല്‍കിയ സമ്മാനങ്ങളിലൊന്നായിരുന്നില്ലെ അത്..
കുഞ്ഞു നാളില്‍ മുത്തശ്ശി പറഞ്ഞിട്ടുണ്ട്..അതു നിന്നുള്ളിലെ കുന്നുകളും കാടുകളുമാണെന്ന്..
എന്നാലും എനിക്കു വിശ്വസിക്കാന്‍ വയ്യ.
എങ്കിലും പാതി തുറന്ന ഈ ജാലകവാതിലൂടെ എനിക്കു കാണാന്‍ കഴിയുന്നത് ആ കലകള്‍ മാത്രമാണല്ലോ..?
നീ പറയൂ...എങ്ങിനെയെനിക്ക് അരിശം വരാതിരിക്കും.......?
എന്നിട്ടും മിഴിയിണകള്‍ ചേര്‍ത്തു വെക്കാതെ ഞാന്‍ പിന്നെയും പിന്നെയും നിന്നെ നോക്കി
കിടക്കും.
നിന്‍റെ ചിരികാണുമ്പോള്‍ ഞാന്‍ വെറുതെ ആശിക്കുമായിരുന്നു..
ആ തേന്‍‍ചുണ്ടുകള്‍ക്കിടയിലൂടെ നിന്‍റെവെളുത്ത കൊച്ചരി പല്ലുകള്‍ തെല്ലെങ്കിലും കണ്ടിരുന്നെങ്കില്‍..
നിന്‍റെ അധരത്തിന് ഇത്തിരി കൂടി കനം വെച്ചിരുന്നെങ്കില്‍.?
എങ്ങിനെയായിരുക്കും നിന്‍റെ മുഖം..?
നീ ചിരിക്കുമ്പോള്‍ ആ മിഴികള്‍ ഇറകിയടയുന്നത് കാണാന്‍ എന്തു രസമായിരുന്നു.
ഓരോ ചെറിയ മാറ്റങ്ങളും ഞാന്‍ എന്‍റെ മനസ്സില്‍
കണ്ടുകൊണ്ടേയിരിക്കുന്നു.
ആരും കാണാത്ത , ആരും സങ്കൽപ്പിക്കാത്ത നിന്‍റെ രൂപം ഞാന്‍ എന്‍റെ ഉള്‍ക്കണ്ണിലൂടേ കണ്ടു..
അല്ലെങ്കില്‍ ഞാന്‍ സങ്കൽപ്പിച്ചു..!
ദേവു ചേച്ചി കുഞ്ഞുവാവക്ക് മാമുണ്ണാന്‍ നിന്നെ ചൂണ്ടി കാണിക്കുമ്പോള്‍ ആ വിരല്‍ തുമ്പ് ചെന്നവസാനിക്കുന്നിടത്തു ഞാനും
ഒളികണ്ണിട്ടു നോക്കാറുണ്ടായിരുന്നു.
കുഞ്ഞുവാവ നിന്നെ നോക്കി വായ് തുറക്കുമ്പോള്‍ നീയും അറിയാതെ വായ് തുറന്നു
പോകാറുണ്ടായിരുന്നില്ലെ....?
അപ്പോള്‍ എനിക്കു കാണാമായിരുന്നു നിന്‍റെ വെണ്മ നിറഞ്ഞ
കുഞ്ഞരിപ്പല്ലുകള്‍..
പാതി അടയുന്ന മിഴികള്‍..!
നിന്‍റെ വെണ്‍പല്ലുകളുടെ രഹസ്യം മാവിലയാണെന്നും,നിന്‍റെ കണ്ണിറുക്കിയുള്ള ചിരി ആരാധികമാരുടെ നീണ്ട നിരയാണെന്നും നീ പറഞ്ഞിരുന്നതു പോലെ എനിക്കു
തോന്നാറുണായിരുന്നു,
എപ്പോഴോക്കെയോ അതോര്‍ത്തു ഞാന്‍ പൊട്ടിച്ചിരിക്കുന്നതു നീ അറിഞ്ഞിരുന്നുവോ?
പിന്നിടെപ്പോഴാണ് ആ പൊട്ടിച്ചിരികള്‍ പൊട്ടിക്കരച്ചിലുകളിലെത്തിയത്?
ഈ നിശ്ശബ്ദതയുടെ ആവരണം , അതു ഞാന്‍ സ്വയം എടുത്തണിഞ്ഞതാണ്.
അതെടുത്തണിയുന്നതിനു മുന്നേ എന്തിനൊ വേണ്ടി തുടിക്കുന്ന ഒരു
ഹൃദയമുണ്ടായിരുന്നു എനിക്ക്.
സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരു മനസ്സും..കളങ്കമില്ലാത്ത ഒരാത്മാവും.
എന്തുകൊണ്ടു അതുമാത്രം നീ കാണാന്‍ ശ്രമിച്ചില്ല..അല്ലെങ്കില്‍
ശ്രമിക്കുന്നില്ല.?
ഞാന്‍ നിനക്കു തന്നത് എന്നെ മാത്രമല്ലല്ലോ.എന്‍റെ ആത്മാവും, ഹൃദയവും എല്ലാം
നിനക്കായ് മാത്രമല്ലെ ഞാന്‍ തന്നതു?
നിന്‍റെ ചുണ്ടുകള്‍ക്കിടയിലൂടെ എനിക്കു മേല്‍ വര്‍ഷിച്ച
ശകാരങ്ങള്‍...
അതെന്നില്‍ നിറച്ച മാനസിക സംഘര്‍ഷങ്ങള്‍.
എല്ലാം നീ ഒരു പുഞ്ചിരിയിലൂടെ അലിയിച്ചു കളഞ്ഞു.
ഒറ്റപ്പെടല്‍ എന്നേ എന്നെ പുണര്‍ന്നു കഴിഞ്ഞിരിക്കുന്നു.
എന്നാലും ജനല്‍ പാളിയിലൂടെ നിന്നെയും കൂട്ടു പിടിച്ച് ഓരോ രാത്രികളും ഞാന്‍
ഉറങ്ങാതെ തീര്‍ത്തു.
ഓരോ രാത്രിമഴകള്‍ക്കും കാതോര്‍ത്തു
ചുരുണ്ടു കൂടി കിടന്നു.
എന്‍റെ വേദന ഇരട്ടിച്ചു കൊണ്ടേയിരിക്കുന്നു.
വേണ്ട പോലെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ളവ്യഗ്രത.
സ്നേഹം പിടിച്ചു വാങ്ങേണ്ടി വരുമോയെന്ന അവസ്ഥ..
നേരിയ പരിഗണനക്കായുള്ള മോഹം.
ഇതെല്ലാം നിന്നില്‍ നിന്നും നേടാന്‍ വേണ്ടി കലഹിക്കേണ്ടി വരുന്ന അവസ്ഥ,.
രാവുകള്‍ പുലരിയിലേക്ക് വഴിമാറുമ്പോള്‍ നിനക്കു കേള്‍ക്കാന്‍ കഴീയുന്നില്ലെ..
നിന്‍റെ കാതുകളില്‍ എന്‍റെ തേങ്ങലുകള്‍.?
നിന്‍റെ ഏകാന്തതയില്‍ എന്‍റെ പ്രണയം നിനക്കനിവാര്യമായിരുന്നു.
ഒരിക്കല്‍ നിന്‍റെ സന്തോഷം ഞാന്‍ മാത്രമായിരുന്നു.
ഇന്ന് നിനക്കു ചുറ്റും മിന്നിത്തിളങ്ങുന്ന അനേകം താരങ്ങളുണ്ട്..
വെള്ള വസ്ത്രമണിഞ്ഞ മാലാഖമാരുണ്ട്.
ചിലപ്പോഴൊക്കെ ഞാനും അറിയാതെ ആശിച്ചു പോകുമായിരുന്നു.
ഒരു മാലാഖയോ.. താരമോ ആയിരുന്നെങ്കില്‍...
നിന്‍റെ സാമീപ്യമെങ്കിലും എനിക്ക് കിട്ടുമായിരുന്നു.
നിന്‍റെ സ്നേഹത്തെയോ ആത്മാര്‍ത്ഥതയെയോ അളക്കാനല്ല ഞാന്‍ നിന്നെ ഉറ്റു
നോക്കുന്നത്.
എന്നെ നീ തെറ്റിദ്ധരിക്കരുത്,
ഞാന്‍ നിന്നെ പ്രണയിച്ചു കൊള്ളാം.മതിവരുവോളം.തിരിച്ചൊന്നുമേ പ്രതീക്ഷിക്കാതെ.
ഒരിക്കലും നിന്‍റെ പ്രണയത്തിനു വേണ്ടി ഞാന്‍ കരയില്ല. തിരിച്ചു
ആവശ്യപ്പെടുകയുമില്ല.
നിന്റ്റെ ഓരോ നീക്കവും കാണാനായ് മാത്രം ഇനിയുള്ള നിമിഷങ്ങള്‍ ഞാന്‍ കാത്തിരുന്നോട്ടെ....?

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...