Saturday, November 19, 2011

കല്ല്യാണ തേന്മഴ ...!


“ചപ്പി ചീവിയ നനഞ്ഞൊട്ടിയ തലമുടിയും...
ഒട്ടിയ കവിളുകളിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികളും..
മഴയില്‍ കുളിച്ച് തനിച്ചു വന്നിരിയ്ക്കുന്നു പെണ്ണു കാണാന്‍ വന്ന ചെറുപ്പക്കാരന്‍..
അതായിരിയ്ക്കാം പ്രേമന്‍റെ ചുമലുകള്‍ ചെറുതായി വിറയ്ക്കുന്നത്..
ചുളുന്നനെ കുത്തുന്ന മഴ വെള്ള തണുപ്പ് അസഹ്യമാണ്‍..
പ്രേമനെ കുറ്റപ്പെടുത്താനാവില്ല..
പാവം....!
പ്രേമനെ സല്‍ക്കാര മുറിയില്‍ നിന്ന് അകത്തളത്തിലേയ്ക്ക് കൊണ്ടു പോയി ഇരുത്തൂ..“
 അമ്മമ്മ കൽപ്പിച്ചു...ഉണ്ണിയേട്ടന്‍  അനുസരിച്ചു..!

തനിയ്ക്കു നേരെ നീണ്ട കൈവിരലുകളിലെ ചായക്കപ്പില്‍ നിന്ന് അവളുടെ തുടുത്ത മുഖത്തേയ്ക്ക് പ്രേമന്‍റെ കണ്ണുകള്‍ പരതി..
“എന്താ പേര്‍..?
രാധ…കൃഷ്ണന്‍റെ രാധ..!
ഞാന്‍ തന്നെ വേഷം കെട്ടിച്ചു എന്ന് തോന്നുന്നുണ്ടോ..കൃഷ്ണന്‍റെ രാധേ..?
ഊഹും..ഞാനും കാണാന്‍ കാത്തിരിയ്ക്കായിരുന്നു..
ഉവ്വോ..?
നമ്രമുഖി അല്ലെങ്കിലും രാധയുടെ ഈ നിൽപ്പ് എന്‍റെ കണ്ണുകള്‍ക്ക് ആനന്ദം നല്‍കുന്നൂ..“
അവന്‍ പുഞ്ചിരിച്ചു,
അവള്‍ മന്ദഹസിച്ചു…!
ചെറിയൊരു നാണം അവള് അനുഭവിയ്ക്കുന്നൂ..,
അവന്‍ ആശ്വാസം തോന്നി…!

“ഉനക്ക് തമിഴ് തെരിയുമാ..”
ന്താ…?
അവളില്‍ പൊടിഞ്ഞ നാണം ഇപ്പോള്‍ കൌതുകം,  അമ്പരപ്പ്, ആകാംഷ എന്നീ വികാരങ്ങളിലേയ്ക്ക്  വഴിമാറുന്നത് അവന്‍ അന്തം വിട്ട് നോക്കി ഇരുന്നു.
“താനിങ്ങനെ ഞെട്ടുന്നതെന്തിനാ കുട്ടീ..തനിയ്ക്ക് തമിഴ് ഭാഷ വശമുണ്ടോ എന്ന് മാത്രമല്ലേ ഞാന്‍ ചോദിച്ചുള്ളൂ..“
“അതേയോ..
ഉവ്വ്...നിയ്ക്ക് ഇഷ്ടാണ്‍  തമിഴ്…
കാണാനും കേള്‍ക്കാനും സുഖമുള്ള മനോഹര ഭാഷയാണ്..
പക്ഷെ എന്നെ പോലെയുള്ളവര്‍ കുഴയും തമിഴ്  അര്‍ത്ഥം അറിഞ്ഞ് വായിയ്ക്കണമെങ്കില്‍..
ന്തേ…എന്താണ് പ്രേമന്‍ ഈ ഭാഷയോട് പ്രിയം..?“
“ഹേയ്…അങ്ങനെ പ്രത്യേക കാരണം ഒന്നുമില്ല, എന്നാല്‍ ഉണ്ട് താനും..
കുറച്ച് മാസങ്ങള്‍ക്കകം എനിയ്ക്ക് ചെന്നൈയിലോട്ട്  ഒരു സ്ഥല മാറ്റം..
ഭാഷ വശമില്ല എന്ന കാരണത്താല്‍ താന്‍ ബുദ്ധിമുട്ടരുതല്ലോ..“

ഉം…മാറിലേയ്ക്ക് വീണു കിടക്കുന്ന മുല്ല മാലയില്‍ നിന്നൊരു ഇതള്‍ പറിച്ചെടുത്ത് അവള്‍ കളിച്ചു നിന്നു..
ആ ഇതളിന്‍റെ അന്ത്യവും കാത്ത് അവന്‍ നോക്കി ഇരുന്നു..

“രാധേ..എന്നെ ഇഷ്ടമായെങ്കില്‍, ചെന്നൈ ഇഷ്ടമാവുമെങ്കില്‍ താന്‍ തന്‍റെ പെട്ടി സാമഗ്രികള്‍ രഹസ്യമായി ഒരുക്കാന്‍ തുടങ്ങിക്കോളൂ ..
പിന്നെ എന്നോട് മാത്രമായി എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍  അതും ആവാം ഇപ്പോള്‍..“
അവളുടെ തിളങ്ങുന്ന കണ്ണുകളിലേയ്ക്ക് അവന്‍ ഉറ്റു നോക്കി..
“ഊഹും..
ഇപ്പോള് നിങ്ങള്‍ക്ക് നല്കുവാനായി എന്‍റെ കയ്യില്‍ വിവരണങ്ങളൊന്നും തന്നെ ഇല്ല പ്രേമന്‍..,“
അവളുടെ വിരലുകള്‍ അടുത്ത ഇതള്‍ പറിച്ചെടുക്കുവാനായി ഒരുങ്ങി..
“എന്‍റെ മന ചെപ്പില്‍ എന്‍റെ പ്രിയനായ് ഞാന്‍ ഒളിപ്പിച്ചു വെച്ചിരിയ്ക്കുന്ന പളുങ്കു മണികള്‍ ഒരിയ്ക്കല്‍…
……..ഉം……നമ്മുടെ ആദ്യരാത്രിയില്‍ മണിയറ മെത്തയില്‍ നിനക്കായ് ഞാന്‍ വിതറി തരാം..
ക്ഷമയുണ്ടാകില്ലേ പ്രേമന്‍..?“

അവന്‍റെ കണ്ണുകളിലെ തിളക്കം വര്‍ദ്ധിച്ചു..
അവളുടെ നുണകുഴികളില്‍ ഇനിയും വീഴാത്ത നാണം  അവന്‍റെ ഒട്ടിയ കവിളുകളിലേയ്ക്ക് വ്യാപിച്ചു..
രാധ നല്‍കിയ ചുടു ചായ ഊതി കുടിയ്ക്കാനെന്നോണംകയ്യിലെടുത്തു
തണുത്തുവെന്ന് ബോധ്യമായപ്പോള്‍ പ്രേമനത് ഊറ്റി കുടിച്ച് ഇറങ്ങാനായി ഭാവിച്ചു…


***********************************************************************************

രാപ്പകല്‍ എന്നില്ലാതെ  ആര്‍ത്തലയ്ക്കുന്ന ഒടുങ്ങാത്ത മഴ…!
വലതുകാല്‍ നീട്ടി രാധ വളരെ സാവകാശം ഗോവണിപ്പടികള്‍  കയറി..
കിടപ്പറയുടെ വാതിലടഞ്ഞുവെന്ന്  ഉറപ്പു വരുത്തി മേശമേല്‍ പാല്‍ നിറച്ച കുപ്പി ഗ്ലാസ് വെച്ച്,
നനവ് വെടിയാത്ത മുടിയിഴകളില്‍ ഉടക്കി നില്‍ക്കുന്ന മുല്ലമാലകള്‍ വേര്‍പ്പെടുത്തി കാത്ത് നിന്നു..
ആ വെളുത്ത പൂക്കള്‍ മുത്തുമണികള്‍  പോലെ നിലത്ത്  ചിന്നി ചിതറുന്നതും നോക്കി അവന്‍ മെത്തയിലിരുന്നു..

“നനഞ്ഞൊലിച്ച കല്ല്യാണ നാളും, ഈറനണിഞ്ഞ ആദ്യ രാത്രിയും..
രാധേ നീ അറിയുന്നില്ലേ പുറത്തെ മേളം..?
നിന്നെ കണ്ട നാള്‍ മുതല്‍  അകമ്പടിയായി ഈ കള്ളന്‍ മഴയുമുണ്ട് എന്‍റെ കൂട്ടിന്‍..
മഴ നിന്നെ ഓര്‍മ്മിപ്പിയ്ക്കുന്നു പ്രിയേ..”

“ഉം..എനിയ്ക്ക് അറിയാമായിരുന്നു എന്‍റെ കല്ല്യാണ നാള്‍ നനഞ്ഞൊലിയ്ക്കുന്നതായിരിയ്ക്കുമെന്ന്..
കുഞ്ഞു നാള്‍ മുതല്‍ കിണ്ണത്തില്‍ നിന്ന് ചിരകിയ തേങ്ങ വാരി ഓടുമ്പോള്‍ എന്‍റെ അമ്മ പറയാറുണ്ട്..
‘നിന്‍റെ കല്ല്യാണത്തിന്‍ മഴ പെയ്യട്ടെ എന്ന്..’
എന്‍റെ അമ്മയ്ക്ക് പിഴയ്ക്കാറില്ല....!”

“അതേയോ...എന്നാല്‍ ഞാന്‍ ഇരട്ടപ്പഴം കഴിയ്ക്കാന്‍ ഉത്സാഹം കാണിയ്ക്കുമ്പോള്‍ എന്‍റെ അമ്മയും പറയാറുണ്ട്,
‘നിനക്ക് ഇരട്ട കുട്ടികള്‍ പിറക്കട്ടെ‘എന്ന്..അപ്പോള്‍ അതും സംഭവിയ്ക്കുമല്ലേ..?”
അവന്‍ അവളെ ഒളികണ്ണാല്‍ നോക്കി..എന്തേ...അവളില്‍ ലജ്ജയുടെ ഒരംശം പോലും പൊടിയുന്നില്ലാ...?
“രാധേ...ക്ഷീണം കൊണ്ടാണൊ നിന്‍റെ കണ്ണുകള്‍ മിഴിയാത്തത്..?
ഇങ്ങടുത്ത് വരൂ..
എനിയ്ക്ക് നിന്നെ ഈ രാമഴയില്‍ തന്നെ അറിഞ്ഞേ തീരൂ..
നിന്‍റെ മനചെപ്പ് തുറന്ന് ആ പളുങ്ക് മണികള്‍ വിതറി ഈ അരണ്ട വെട്ടത്തെ കണ്ണഞ്ചിപ്പിയ്ക്കുന്നതാക്കൂ..
ആ മണി കിലുക്കം കേള്‍ക്കാനായ് ഞാന്‍ അന്നു മുതല്‍ കാതോര്‍ത്തിരിയ്ക്കുകയാണ്‍..”
ഉം....അവള്‍ അവനരികില്‍ സ്ഥലം ഉണ്ടാക്കി ചേര്‍ന്നിരുന്നു..
അവളുടെ നുണകുഴികളില്‍ ലജ്ജയുണ്ടോ..?

“പ്രേമന്‍.....ഇവിടുത്തെ അന്തരീക്ഷം എനിയ്ക്ക് ഇഷ്ടന്മായി..എന്‍റെ കണ്ണുകളില്‍ ഉറക്കം നിറയുന്നതിന്‍റെ ലക്ഷണമാണത്..
ഇനി ഞാന്‍ പറയാന്‍ പോകുന്നത് കാതോര്‍ത്തിരിയ്ക്കാ..
നമ്മള്‍ കണ്ട നാള്‍  പെയ്ത മഴ മുതലീ രാമഴ വരേയ്ക്കും ഞാനും കാത്തിരിയ്ക്കായിരുന്നുഈ ഒരു നിമിഷത്തിനായ്..
ഞാന്‍ പ്രേമനു വേണ്ടി സൂക്ഷിച്ചു വെച്ചിരിയ്ക്കുന്നത് വെറും അഞ്ചേ അഞ്ച് മുത്തു ചിപ്പികള്‍ മാത്രമാണ്‍..
ഈ അന്തരീക്ഷത്തില്‍ നിങ്ങള്‍ സമാധാനം കാംക്ഷിയ്ക്കുന്നുവെങ്കില്‍ ഞാന്‍ സംസാരിയ്ക്കുന്ന സ്വഭാവം തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കിയിരിയ്ക്കണം..
കേള്‍ക്ക നിങ്ങളെന്നെ..."

“പുലര്‍ക്കാല നേരത്ത് തോരാന്‍ പോകുന്ന മഴയെ നോക്കി കണ്ണുകള്‍ നിറയുക എന്‍റെ വിഷാദ രോഗത്തെ സൂചിപ്പിയ്ക്കുന്ന മനോ വിനോദമാണ്‍..
അന്നേരം എന്‍റെ നനഞ്ഞ കണ്ണുകളെ ചൂഴ്ന്നെടുക്കാന്‍ വരുന്ന ബലിഷ്ഠ കരങ്ങളെ എനിയ്ക്ക് ഭയമാണ്...” 


പാതിരാ മഴയില്‍ തിളയ്ക്കുന്ന എന്‍റെ പ്രണയ പരവേശം അക്ഷര മുത്തുകളാല്‍ കോര്‍ത്ത് മാല പണിയുന്നത്  എന്‍റെ ഹരമാണ്..
ആ മണിമുത്തുകളെ പൊട്ടിച്ചെടുക്കാന്‍ തുനിയുന്ന കത്തുന്ന കണ്ണുകളെ എനിയ്ക്ക് വെറുപ്പാണ്‍..”‘

“ബാല്യം മുതല്‍ ഞാന്‍ ശീലിച്ച കാച്ചിയ എണ്ണയുടെ ഗന്ധം,
ഞാന്‍ തന്നെ തുന്നിച്ചേര്‍ത്ത തലയിണ ഉറയെ നാറ്റമുള്ളതാക്കുന്നു എന്ന് പറയുന്ന അറപ്പുള്ള വാക്കുകളെ എനിയ്ക്ക് ഉള്‍ക്കൊള്ളാനാവില്ലാ..”


“കൌമാരം മുതല്‍ ഞാനണിഞ്ഞ് ശീലിച്ച കൈ നിറയെ കരി വളകളും ഒഴിഞ്ഞ കഴുത്തും മറ്റൊരാളുക്കു വേണ്ടി പൊട്ടിച്ചെറിയുവാനും എടുത്തണിയുവാനുമുള്ള മനോ ദു:ഖം എനിയ്ക്ക് താങ്ങാനാവില്ല..”


പിന്നെ..കൂട്ടാനിലെ കടുക് പൊട്ടിയില്ല എന്ന കാരണത്താല്‍ ആക്രോശിച്ച് ഭക്ഷണ പാത്രം തട്ടിത്തെറിപ്പിയ്ക്കുന്ന അഹങ്കാരത്തെ എനിയ്ക്ക് നിയന്ത്രിയ്ക്കാനാവില്ല..”

രാധ നിര്‍ത്തി..

അവളുടെ നുണകുഴികള്‍  വിരിഞ്ഞു..
അവനിലേയ്ക്ക് പാതി ചേര്‍ന്നിരുന്ന് മൊഴിഞ്ഞു..

“സുതന്തിരം മട്രും യഥാര്‍ത്ഥം പട്രിയ എന്നുടെ പേച്ചും സിന്തനയും മുര്‍പോക്കാന്വയ്..
എന്‍ കരം പറ്റ്രിയ തര്‍ക്കാഹെ വരുത്തപ്പെടാമല്‍ നീ പൊറുത്തു കൊള്ള വേണ്ടും..
നാന്‍ ചെന്നൈ വറുവതര്‍ക്കാഹെ എന്നുടയ സാധനങ്കളൈ പെട്ടിയില്‍ എടുത്തു വയ്ത്തുള്ളേന്‍..
എന്‍  കണ്‍കളും സോര്‍വടൈന്തുള്ളന്‍...


സുഭരാത്രി..പ്രേമന്‍...!



“മാധ്യമം”...ഓർമ്മകളുടെ പെരുമഴക്കാലം ഈറനണിഞ്ഞ “കല്യാണ തേന്മഴ” 

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...