Saturday, March 12, 2016

ഇടവപ്പാതി..




“വാവുറങ്ങ്  നീ കണ്ണേ..
അമ്മേടെ മടിത്തട്ടിൽ മഴപ്പാട്ടും കേട്ട്
മഴത്തോർച്ചയും കാത്ത്…
കൺപൂട്ടിയുറങ്ങെന് പൈതലേ..”

മുറ്റത്ത് തളം കെട്ടിയിരിയ്ക്കുന്ന മഴവെള്ളത്തിൽ മകന് തത്തികളിയ്ക്കുവാൻ ആവേശം കൂട്ടുമ്പോൾ ദേവു അവനെ ബലംപിടിച്ചുറക്കുവാൻ ശ്രമിയ്ക്കുന്നു..

“ഈ വെളക്കുവെച്ച നേരത്ത്, രണ്ടുംകെട്ട നേരത്ത് എന്തിനാ ദേവൂ വാശികാട്ടണ കുട്ടീനെ ഇങ്ങനെ നിർബന്ധിച്ച് ഉറക്കണത്..??
അവനു എന്താവേണ്ടേയ്ച്ചാലു ചെയ്തുകൊടുത്തൂടെ നെനക്ക്,..?”

അമ്മയാണ്…അവർക്കത് പറയാം..

മകന്റെ ശ്രദ്ധ മാറിപോകാതിരിയ്ക്കാനായ് അവനെ ഒന്നുകൂടെ മാറോടണച്ച് ദേവു അവന്റെ തൊടയിൽ തട്ടിക്കൊണ്ടിരുന്നു,
ഇടയ്ക്കവന്റെ കണ്ണുകളില്‍ ഉഴിഞ്ഞ് ഉമ്മറത്തേയ്ക്ക് കണ്ണുകൾ പായിച്ചു,


“അച്ഛൻ അക്ഷമനാകുന്നുണ്ടാകും മോനേ..”


ഇടവപ്പാതിയിലെ വിജനമായ ചരൽറോഡിലേക്ക് കണ്ണുംനട്ട് രവി വരണ്ട ചുണ്ടുകളിൽ പുഞ്ചിരി സൂക്ഷിച്ചു.

“ഇനി ഈ ഇടവപ്പാതിസന്ധ്യ അറിയണമെങ്കിൽ അടുത്ത അവധിവരണം..“

മകന്റെ കണ്ണുകൾ തോരാന് പോകുന്ന മഴയെ കാതോർത്ത് കൂമ്പിയടയുമ്പോൾ,
വിവിധഭാവങ്ങൾ പകരുന്ന മഴയെ നോക്കി രവി നിർവ്വികാരനായി..
കാതുകൾ ദേവൂന്റെ വിളിയ്ക്കായി കാതോർത്തു.

പളുങ്കുമണികൾ വീണുടയുന്ന പൊട്ടിച്ചിരികൾ ഒത്തിരിനേരമായി തന്റെ ശ്രദ്ധആകർഷിക്കുന്നു,.

ദേവൂന് ചിലപ്പോൾ മഴയുടെ ഭാവങ്ങളാണ്..
മഴക്കാടുകളുടെ പച്ചപ്പുകളും, അന്യമായികൊണ്ടിരിയ്ക്കുന്ന വേനൽമഴകളുടെ വേദനയാർന്ന കണ്ണുകളുമെല്ലാം പലപ്പോഴായി അവളിലും ദൃശ്യമാണ്..
അതുകൊണ്ടുകൂടിയാകാം തനിയ്ക്ക മഴ പ്രിയപ്പെട്ടവളായിതീർന്നത്..

ഏകാന്തതയുടെ മടുപ്പിൽ ദേവുവിനേയും മഴയേയും താരതമ്യപ്പെടുത്തി നിമിഷങ്ങള്ക്ക് വേഗത കൽപ്പിച്ചുകൊണ്ട്  രവി വീണ്ടും വാതിൽപാളികളിലേയ്ക്ക് എത്തിനോക്കി.

“ഈ വർഷകാലരാത്രിയിൽ എന്റെ ദേവുവിനോടൊപ്പം നീയും കൂടെയുണ്ടെന്നത് ഒളിപ്പിച്ചുവെയ്ക്കാനാവാത്ത രഹസ്യമാണ് …കേട്ടോടീ…പെണ്ണേ..
എനിക്ക് അടക്കിവെയ്ക്കാനാവാത്ത ആഹ്ലാദമാണത്..“

എന്റെ നെഞ്ചകം ഇപ്പോൾ ആഗ്രഹിയ്ക്കത്  ഈ മാറിൽ മുഖമൊളിപ്പിച്ച്  വിഹ്വലതയോടെ കുറുകുന്ന ഓമനപക്ഷിയെയാണ്..
കോരിച്ചൊരിയുന്ന  മഴയത്ത്..
മഴയറിയാതെ പ്രണയപ്രളയത്തിൽ കുതിർന്ന് അവളുടെ ഇളംചൂടുള്ള നെറ്റിയിൽ അമർത്തിചുംബിക്കണം.
ഇടറുന്ന തേങ്ങലിലൂടെ ഈ ഇടവരാത്രിയും യാത്രയാകും..
ഇരുണ്ട ആകാശവും നിലക്കാത്ത സ്വാന്തനങ്ങൾക്കുമപ്പുറം ദീർഘമൌനം തങ്ങൾക്കിടയിൽ തളംകെട്ടും..
ഹൊ….അനുഭവിയ്ക്കാന് ഇഷ്ടപ്പെടാത്ത നിമിഷങ്ങൾ..!


ദേവു തേങ്ങുകയാണ്..
രവി അവളെ രോമക്കാട്ടിനുള്ളിൽ ചേർത്തുപിടിച്ചു.

“മരുഭൂമിയുടെ വിങ്ങലുകളിൽ രാത്രിമഴകൾ വിലാപമായി മാത്രം അവശേഷിയ്ക്കുന്ന നാളുകളിലേക്കാണു മോളെ എന്റെ യാത്ര..
ആ രാമഴയ്ക്ക് നിന്റ്റെ കണ്ണുനീരിന്റെ താളവും വശ്യതയുമല്ല, പ്രതീക്ഷയുടെ നനവും തിളക്കവും മാത്രമാണുള്ളത്..
ദേവൂട്ടീ..നീ കൂടി അറിയണമത്.."

കടുത്ത ദു:ഖവും തിളക്കുന്നരക്തവും ഇരുണ്ടരാത്രിയുടെ മുഴക്കങ്ങൾ പകുത്തെടുത്തു…!


“ദേവോ..മണി നാലായിരിയ്ക്കുണൂ.. അവന് ആറാകുമ്പോഴേയ്ക്കും ഇറങ്ങേണ്ടതല്ലേ..?
അഞ്ച് കഴിഞ്ഞതും വണ്ടിയായിട്ടിറങ്ങാന്ന് സന്ധ്യക്ക്  കണ്ടപ്പഴും ശിവന് പറഞ്ഞിരിയ്ക്കുണൂ..
നമ്മളായിട്ട് സമയങ്ങളൊന്നും തെറ്റിക്കണ്ടാ..
നീ വേഗമവനു ചായ കൂട്ടാൻ നോക്ക്..പലഹാരത്തിനുള്ള ഒരുക്കങ്ങളും എന്തായ്ച്ചാൽ ചെയ്യാൻനോക്ക്..”

അമ്മയാണ്.

“എണീറ്റമ്മേ..മോൻ പിടി വിടണില്ലാ..ദാ വന്നൂ.."

മാറിൽ നിന്ന്  മോന്‍റെ കൈകൾ എടുത്തുമാറ്റി, മുടി വാരികെട്ടി…
ഉറങ്ങി തീരാത്ത മയക്കത്തിന്റെ ആലസ്യത്തില് കട്ടിലിന്റെ തലയ്ക്കാൻഭാഗത്തായി തലയിണ ചാരിവെച്ച് അങ്ങനേ ഇരുന്നു പോയി..
തടിച്ചകണ്ണുകൾക്ക് കനം തോന്നുന്നു,,
ശൂന്യതയിൽ നിന്നുണർന്ന് ജനലിന്റെ കുറ്റികൾ വിടുവിച്ചു..

“ഹൊ…മഴയുടെനനവ് വിട്ടിട്ടില്ല..
പറമ്പിൽനിന്ന് മണ്ണ് പൂത്ത വാസന വരുന്നു..
പൊന്തകൾക്കിടയിൽ നിന്ന് വെളിച്ചം വഴിമാറി വരുന്നുണ്ട്..
വിങ്ങിയ കൺതടങ്ങളൊ, അരണ്ട വെളിച്ചമൊ…എന്തോ ഒന്ന് കാഴ്ച്ച മറക്കുന്നുണ്ട്..
പതിവില്ലാതെ മഴമണവും ഈർപ്പവും അടിവയറ്റിൽ കാളിച്ച ഉണ്ടാക്കുന്നു..
നേരം ഒത്തിരിയായിവരുന്നു..
അലസത കാണിച്ചൂടാ…
ഏട്ടന്റെ സമയങ്ങൾ തെറ്റിച്ചുകൂടാ..”

ശബ്ദമില്ലാതെ വാതിൽപാളികൾ ചാരി ദേവു മുറി വിട്ടിറങ്ങി.

ചായ കുടിച്ച ചുണ്ടുകൾ തുടച്ച് ചായഗ്ലാസ്സ് നീട്ടിയ രവിയുടെ നെഞ്ചിലേയ്ക്ക് ദേവു ആഴ്ന്നിറങ്ങി നോക്കി..

“ദേവൂട്ടീ.. നിന്റെ കലങ്ങിയ കണ്ണുകൾ എന്റെ സമാധാനം കളയുമെന്ന് നിനക്കറിഞ്ഞുകൂടെ..?
എപ്പോഴത്തേയും പോലെ അടുത്ത ഇടവപ്പാതിക്കും നമ്മൾ ഇതുപോലെ പരസ്പരം മുട്ടിയുരുമി ഇരിയ്ക്കും..
എന്താ…മതീല്ലേ..?”

ദേവു  ചിരിയ്ക്കാൻ ശ്രമിച്ചു..ആവുന്നില്ല..
എത്ര പെട്ടെന്നാണ് കാത്തിരുന്ന നാല്പത്തിയഞ്ച് ദിവസങ്ങൾ മഴക്കോളുകളും തോരാ മഴകളും കൊണ്ടുപോയത്..

“ദേവൂ..നീ ഇങ്ങനെ മിണ്ടാപൂച്ചയായി ഇരിയ്ക്കല്ലെ…എന്തേലും പറയ്“

നിമിഷങ്ങൾ അടുക്കുന്നു…രവിക്കും വേർപ്പാടിന്റെ വേദന നെഞ്ചിൽ തറച്ചു തുടങ്ങി..

“അവളെന്തു പറയാൻ..”…അമ്മ ഊറിചിരിക്കുന്നു..

അമ്മയുടെ അർത്ഥംവെച്ചുള്ള ചിരിയുടെ അർത്ഥം എന്താണ്..?
രവി ദേവൂനെ നോക്കി..

“ഡാ, രവ്യേ.. നീ വേഗം പോയി തിരിച്ചുവരാനുള്ള ദിവസങ്ങൾ ഇപ്പൊതന്നെ എണ്ണിക്കൊ..
നിന്റെ അടുത്ത വരവിനു ഒന്നിനെകൂടി മടിയിലിട്ട് കൊഞ്ചിക്കാനുള്ള ദൈവംനിശ്ചയം ഉണ്ടെന്നാ തോന്നണേ,..“

രവിയുടെ കണ്ണുകൾ ദേവുവിലേയ്ക്കോടി..
കണ്ടിട്ടും കാണാത്തവളെ പോലെ ലജ്ജയിൽ പൊതിഞ്ഞ് അവൾ വാതിൽപാളിയിൽ മറഞ്ഞു നിൽക്കുകയാണ്..
അവളുടെ വരണ്ടചുണ്ടുകളിൽ ഇരുണ്ടമേഘങ്ങൾ സംശയിച്ചെന്നോണം പടർന്ന്കേറുന്നുമുണ്ട്.

“ദാ…പ്പൊ ചാറ്റൽ തുടങ്ങും..
അതങ്ങട് കനക്കും മുന്നെ ഇറങ്ങാന് നോക്കിക്കോ നീയ്..
മഴ വഴി മുടക്കെണ്ട..“

അമ്മ ധൃതികൂട്ടി തുടങ്ങി.

ശിവൻ നനഞ്ഞ മണ്ണില് അടയാളങ്ങൾ വരുത്തികൊണ്ട് പെട്ടിയും തൂക്കിനടന്നു..

 “വിഷമിക്കാതെ..”

രവി കണ്ണുകൾകൊണ്ട് അവളുടെ അടിവയർ തലോടി.,
മഴപ്രഹരം ഏൽക്കാതിരിയ്ക്കാനായി കൈകൾ മറയാക്കി മുറ്റത്തേക്കിറങ്ങി നടന്നു.
തലേന്ന് സന്ധ്യക്കു മുതൽ ഉമ്മറത്ത് തളംകെട്ടിരിക്കുന്ന മഴവെള്ളത്തിൽ കളിയ്ക്കാൻ വാശികൂട്ടുന്ന കുഞ്ഞിനെ ദേവുവിൽനിന്ന് പിടിച്ചുവാങ്ങി അമ്മ പിന്നാമ്പുറത്തേക്കിറങ്ങി..

 “ഇടവപ്പാതിക്ക് കുടയില്ലാതെ ഇലഞ്ഞിപ്പൂമര ചോട്ടിൽ നിന്നില്ലേ..
നാം ഇലഞ്ഞിപ്പൂമര ചോട്ടിൽനിന്നില്ലേ,…”

രവി അങ്ങാടിയിലേയ്ക്കിറങ്ങും പോലെ രണ്ട് വരികള്‍ മൂളി പടിയിറങ്ങി.
മഴയുട ആരവത്തിൽ നേർത്തലിഞ്ഞു പോകുന്നു വരികൾ..
ദൂരെ ടാറിട്ട വളവിലേക്ക് വണ്ടി മറയുന്നതും നോക്കി ദേവു നിശ്ശബ്ദയായി കരഞ്ഞു..
അപ്പോഴേക്കും മഴ കനംപിടിച്ച്  തുടങ്ങിയിരുന്നു..

ഇടവപ്പാതിയിലെ പെരുമഴ ആർത്തു ചിരിക്കുന്നു…!

Sunday, January 24, 2016

അഗ്നിവർഷം

ഞാൻ വീണ്ടും അനാഥയാകുമൊ..?
ഭയമല്ല പുകയുന്ന പകയുടെ വേലിയേറ്റം
സംഹാരരുദ്രയെന്ന പരിഹാസങ്ങളിലും
ഒരു പാഴ്ജന്മത്തിൻ വിയർപ്പിറ്റ്‌ വീഴുന്നു.

നെഞ്ചിലരച്ചു ചാലിച്ച സ്നേഹവാത്സല്യങ്ങളും
ആർദ്രരമാം നേർത്ത പ്രണയ ചിന്തകളും
യാഥാർത്ഥ്യമല്ലെന്ന് കാതിൽ കേളി കൊട്ടിയവരെ
വൈകാരിക ബന്ധങ്ങളെ ഞാൻ സ്നേഹിച്ചിരുന്നു.

പാതിയോളം ചേർന്നൊലിച്ച ജീവിതങ്ങളും
കറപുരളും ബന്ധങ്ങളിലെ വിഷാംശങ്ങളും
മുറുകുന്ന വാദ്യമേള ഇരമ്പലുകളും
പിളർക്കുന്നു എണ്ണിയാൽ തീരാത്തത്രയും വിള്ളലുകൾ..!

ഒരു പ്രണയമഴ പൊള്ളി തിമിർത്തു പെയ്യേണം
പ്രളയം തലോടും തീപ്പൊരി അഗ്നിവർഷമായ്‌
ഓരൊ രോമകൂപം കരിഞ്ഞ്‌ പടരുമ്പോഴും
ബന്ധനങ്ങളിൽ വെന്തടിയില്ലെന്ന് അട്ടഹസിക്കുംഞാൻ..!

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...