Sunday, March 9, 2014

മഹർ..

സോഹ അറബി ഭാഷയൽനിന്ന് കടംകൊണ്ട നാമമാണ്  - 'ഒറ്റയ്ക്ക്‌ കത്തിക്കൊണ്ടിരിക്കുന്ന വെളിച്ചം'

എത്രയൊ നാളുകളായി അക്ഷരങ്ങളിലൂടെ തന്റെ ജീവിതത്തിൽ വെളിച്ചം വിതറുന്ന പെൺകുട്ടി. അവളുടെ സൃഷ്ടികൾ എങ്ങനെയോ തനിക്കു ചുറ്റും വലയംചെയ്ത്‌ വശീകരിപ്പിച്ചിരിപരിമളംടെയെങ്കിലും അൽപം അന്ധകാരം അനുഭവപ്പെട്ടാൽ ഉടനെയവിടെ വാക്കുകൾകൊണ്ട്‌  വെട്ടം തീർക്കുന്നവൾ തനിയ്ക്കുമേൽ ഊർജ്ജം നൽകുന്നതായി അനുഭവിപ്പിക്കാറുണ്ട്‌. ചിലപ്പോൾ വരികൾക്കിടയിൽ ഒളിഞ്ഞു നിന്ന് 
പരിമളംവീശുന്ന കൊച്ചു പെണ്ണ് പക്വതയുടെ മൂടുപടമണിഞ്ഞ്‌ അതിശയിപ്പിക്കാറുമുണ്ട്‌.

സദ്ദാം കുവൈറ്റിലേയ്ക്ക്‌ പട്ടാളത്തെ വിട്ടപ്പൊ സോഹ അവിടെയായിരുന്നത്രെ. ഉമ്മായും ബാപ്പയും അഭയാർത്ഥി ക്യാമ്പിലെ തീപ്പിടുത്തത്തിൽ ഇല്ലാതായപ്പോൾ പടച്ചോൻ കനിഞ്ഞ ആയുസ്സിന്മേൽ അവിടന്ന് സോഹ ഉമ്മൂമ്മാന്റേടുത്ത്‌ എത്തിപ്പെടുകയിരുന്നു.

 ആൾക്കാർ ഒന്നിച്ച്‌ കൂടുന്നിടത്ത്‌ സോഹ എന്ന നാമം ഒരു കഥാപാത്രമാകുന്നത്‌ ഇത്തരം  വർത്തമാനങ്ങളിലൂടെയാണ്. തോളിലൊരു  മാറാപ്പും തൂക്കി ഉമ്മൂമ്മയുടെ വീട്ടുപടിക്കൽ അഭയാർത്ഥിയായി നിൽക്കുന്ന പത്തു വയസ്സുകാരി ഓരോ വായനയിലൂടെയും തന്റെ മനസ്സിൽ  വളരുകയായിരുന്നു.

ആ സ്വപ്നമാണിപ്പോൾ തനിക്കു മുന്നിൽ  സഖിയായി വന്നിരിക്കുന്നത്‌.

വെളുത്ത പൂക്കളുള്ള സാരിത്തലപ്പുകൊണ്ട്‌ മറച്ചുവെച്ച അവളുടെ ചെമ്പൻ ചപ്രത്തലമുടിയിൽനിന്ന് അനുസരണയില്ലാത്തവർ  നീണ്ട മൂക്കുപാലത്തിന്മേൽ വീഴുന്നുണ്ടായിരുന്നു. അശ്രദ്ധയായ്‌ ഉടുത്ത സാരിയുടെ അറ്റം പൊന്നിട്ട കൈകൊണ്ട്‌ ഇടക്കിടെ തലയിലേക്ക്‌ വലിച്ചിടുമ്പോൾ വിരൽത്തുമ്പുകളിൽനിന്ന് മയിലാഞ്ചി മണം മൂക്കിലേക്ക്‌ ഓടിക്കേറി വല്ലാതെ ഭ്രമിപ്പിച്ചു. കഴുത്തിലും കാതിലും പൊന്നുണ്ടൊ എന്നറിയിക്കാത്ത വിധം വലിച്ചുടുത്ത്‌ മൂടിപ്പുതച്ചിരിക്കുന്ന സാരിത്തുമ്പ്‌ ‌ യാദൃശ്ചികമെന്നോണം ഊർന്ന് വീണുകൊണ്ടേയിരിക്കുന്നത്‌ അല്പം രസത്തോടേ നോക്കിയിരുന്നു. ഒരു പ്രത്യേക തരം സ്നേഹംകൊണ്ട്‌ സോഹയെ പൊതിഞ്ഞുവെക്കുകയായിരുന്നു അപ്പോൾ.

അതീവ രഹസ്യമായി മനസ്സിൽ വരച്ചിട്ട സോഹയുടെ തലമുടിയ്ക്ക്‌ അനുസരണയുണ്ടായിരുന്നു. അവൾ അഴിച്ചിടുന്ന തലമുടിയിൽനിന്ന് തലയണമേൽ മയിലാഞ്ചിമണം  പടർന്നിരുന്നു.

ലോകത്തിൽ വെച്ച്‌ ഏറ്റവും വലിയ സന്തോഷമായി കണക്കുകൂട്ടിയ ആ അനുഭവസുഖത്തെ മറികടക്കുന്നതാണീ പാറുന്ന തലമുടിയും പിടിതരാത്ത മിഴികളുമെന്ന് ബോധ്യപ്പെടുകയാണിപ്പോൾ.

അക്ഷരങ്ങളിലൂടെ  കൂടുതൽ കൂടുതൽ സ്നേഹിച്ചുപോന്ന സോഹയെ മനച്ചെപ്പിൽ വരച്ച്‌ വരച്ച്‌ പൂർണ്ണരൂപം നൽകിക്കൊണ്ടിരുന്നു.അവളുടെ പേരെഴുതിയ താളുകളെ താലോലിച്ച് നിർവൃതിയടഞ്ഞു.

ആ നാളുകളിൽ വിരിഞ്ഞ മുറ്റത്തെ അസർമുല്ലയ്ക്ക്‌ അവളുടെ മണമാണെന്ന് ഒരു കിനാവിൽ അറിഞ്ഞ നാൾ ആ പൂക്കൾ കൊണ്ട്‌ കോർത്ത വാക്കുകൾ പോലെ സോഹയ്ക്ക്‌ കത്തെഴുതുകയായിരുന്നു.

" ഇക്കാക്കാക്ക്‌ മുഹബത്ത്‌ കേറിയിരിക്ക്ണുമ്മാ " എന്നും പറഞ്ഞ്‌ എന്തിനോ വേണ്ടി സൈറ തന്നെ കളിയാക്കിയതും അന്നു തന്നെയായിരുന്നു. എവിടെ പോയാലും പിൻതുടരുന്ന ആ ദൃഷ്ടികളിൽനിന്ന് ഒളിച്ചോടുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

" ഈ കത്തയച്ചാൽ സോഹ മറുപടി നൽകുമൊ "? - സംശയം മദിച്ചുയരുന്നുണ്ടായിരുന്നുവെങ്കിലും ഒരു പ്രത്യേക ജീവിത സ്പന്ദനം അനുഭവപ്പെട്ടു.പിന്നീടുള്ള സോഹയുമായുള്ള അടുപ്പം കത്തുകളിലൂടെ ജീവൻ വെച്ചുവെന്ന് പറയാൻ വയ്യ.

ആരും വീട്ടിലില്ലാത്തപ്പോൾ ഫോണിലൂടെ പതുക്കെ മാത്രം സംസാരിച്ചൊ ഉറക്കം കളഞ്ഞൊ ഇഷ്ടങ്ങൾ പൂത്തുലയാൻ വിടാതെ മുറ്റത്തെ മുല്ലവള്ളിയ്ക്ക്‌ വെള്ളം കോരിയൊഴിച്ച്‌ ആശകൾ കിളിർപ്പിച്ചു.

എന്തുചെയ്യണമെന്നറിയാതെ മച്ചിലേക്ക്‌ കണ്മിഴിച്ച്‌ കിടക്കുന്ന രാത്രികളിൽ സൈറ നുള്ളി നോവിച്ചു.

" മനുഷ്യന്മാരുടെ മനഃശാസ്ത്രം പഠിക്കണ ഇക്കാക്കാക്ക്‌ കയ്പിൻ വേപ്പ്‌ മധരിക്കണുണ്ട്മ്മാ..പഞ്ചാരയ്ക്ക്‌ കശപ്പാണു പോലും "

അതെല്ലാമിപ്പോൾ സോഹയോട്‌ പറയാനൊക്കുമൊ..?അവളിലെ എഴുത്തുകാരിയ്ക്ക്‌  എന്റെ വാക്കുകളിലെ നർമ്മം വേർത്തിരിച്ചെടുക്കാനാവുമൊ..അതോ, സാഹിത്യം വിളമ്പാനറിയാത്ത നാടൻ സംഭാഷണരീതിയോട്‌ പരിഹാസം കാണിക്കുമൊ?

പ്രത്യേക ഒരുക്കങ്ങളൊന്നുമില്ലാതെ സോഹയെ കാണാൻ ഇറങ്ങിത്തിരിച്ചു.സ്ത്രീ സഹജമായ ഒരുക്കങ്ങളൊന്നും തന്നെ അവളിലും കാണുന്നില്ല. വലതു കയ്യിൽ കുടുങ്ങികിടക്കുന്ന വളകളിലും വിരലുകളിലെ മയിലാഞ്ചിചോപ്പിലും പുതുമോടിയുടെ ലക്ഷണങ്ങളൊന്നുമില്ല.

പിന്നെയൊന്നും ആലോചിച്ചില്ല.. ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു,

"ഉമ്മ പറഞ്ഞിരിക്കുന്നു, അല്ലാഹു എല്ലാം എഴുതിവെച്ചിരിക്കുന്നുവെന്ന്. അദ്ദേഹത്തിന്റെ ആദേശമില്ലാതെ ഒരിലപോലും അനങ്ങുകയില്ല. അദ്ദേഹത്തിന്റെ ആജ്ഞ്നയനുസരിച്ച്‌ സ്വർഗ്ഗത്തിൽനിന്നും ആദമും ഹവ്വയും ഭൂമിയിൽ എത്തിപ്പെട്ടിരിക്കുന്ന പോലെ എന്നെയും നിന്നെയും അദ്ദേഹം പടച്ചുവിട്ടിരിക്കുന്നു. സോഹയെ കാണാൻ ഉമ്മയും സൈറയും ഉത്സാഹം പ്രകടിപ്പിക്കുണ്ട്‌. എന്നിട്ടു വേണംത്രെ അവർക്ക്‌ ബാപ്പയെ വിവരമറിയിക്കാൻ. "

എത്ര എളുപ്പത്തിൽ മനസ്സ്‌ തുറന്നു വെക്കുവാനായി. സ്നേഹവിചാരങ്ങളിൽ നിന്നുണർന്ന വാക്കുകൾ എങ്ങനെയൊക്കെയൊ ചിട്ടപ്പെടുത്തി അവതരിപ്പിക്കുകയായിരുന്നു, സ്വയം പ്രശംസ തോന്നി.

നിറഞ്ഞ നാരങ്ങവെള്ളം ഗ്ലാസ്സിൽ സോഹയുടെ കണ്ണുകൾ പ്രതിഫലിക്കുന്നതു പോലെ തോന്നിപ്പിച്ചു. രാത്രിയുടെ അന്ധകാരത്തിൽ ആ കൃഷ്ണമണികൾ പലപ്പോഴും കണ്ടിട്ടുണ്ട്‌. അവയിൽനിന്നുയർന്ന തിരിനാളം കൂടിയാണു തനിയ്ക്ക്‌ സോഹ.

ശിലയിൽനിന്ന് പെട്ടെന്നു ജീവൻ ലഭിച്ച സുൽത്താനയെ പോലവൾ ശരീരത്തോട്‌ ചേർന്നിരുന്നു. അസർമുല്ല മണമാണൊ മയിലാഞ്ചി മണമാണൊ സോഹയുടേതെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ആ മണം ശരീരത്തിലേക്ക്‌ വ്യാപിക്കുന്നതറിഞ്ഞു.അപ്പോഴും അവളുടെ ചപ്രത്തലമുടി അനുസരണക്കേട്‌ കാട്ടുകയായിരുന്നു. 

സാരിത്തലപ്പെടുത്ത്‌ തലയിലൂടെ വലിച്ചിടുന്നതിനിടയിൽ  സോഹ  പറഞ്ഞു തുടങ്ങി,

" വായ്‌ നിറയെ മുറുക്കാൻ നിറച്ച്‌  ചുണ്ടുകൾ ചോപ്പിച്ച്‌ എപ്പോഴും  പഴംപുരാണങ്ങൾ പറഞ്ഞു തരുന്ന ഉമ്മൂമ്മാന്റെ ചെവിയിൽ സ്വകാര്യം പോലെ ഞാനെന്റെ കഥകൾ മെനയുമ്പോൾ മഞ്ഞപുരണ്ട പല്ലുകൾക്കിടയിലൂടെ തെറിച്ചു വീഴുന്ന സന്തോഷങ്ങൾ ഒരിക്കലുമെന്റെ വിചാരവികാരങ്ങൾക്ക്‌ തടയിട്ടിട്ടില്ല. പഠിപ്പും പുറംലോക സമ്പർക്കങ്ങളും ഇല്ലാത്ത അവരെന്റെ എഴുത്തിനെ അംഗീകരിക്കുന്നുവെങ്കിലും ഒരപ്പൂപ്പൻ താടിപോലെ പാറികളിക്കുന്ന ഈ നൊസ്സത്തിയെ പിടിച്ചുകെട്ടാനുള്ള പ്രാപ്തി അവർക്കുണ്ട്‌."

സോഹ ഊറിച്ചിരിച്ചു.

" നിങ്ങളെല്ലാവരും കൃത്യമായി പ്രാർത്ഥനകളിൽ ഏർപ്പെടുന്നവരാണെങ്കിൽ ഞാൻ വരാം. പക്ഷേ എന്റെ കൈകളിൽ ചങ്ങല വീഴരുത്‌ "

ആഹ്ളാദം അലതല്ലുന്നതുകൊണ്ടാവാം- ശരീരമാകെ വിറയൽ അനുഭവപ്പെട്ടു.

ഒരു വലിയ സൂട്ട്കേസ്‌ നിറയെ സാധനങ്ങളുമായാണ് സോഹ സൈറയുടെ വിരലുകളിൽ വിരലുകൾ കോർത്ത്‌ ഉമ്മറപ്പടി കയറിയത്‌. ആ സൂട്ട്കേസിൽ പൊന്നാടകളായിരിക്കുമെന്ന് വിചാരിച്ച സൈറയെ പറ്റിച്ചുകൊണ്ട്‌ സോഹ ഒരു കെട്ട്‌ പുസ്തകങ്ങളും അതിലേറെ കുനുകുനാന്ന് എഴുതി നിറച്ച കടലാസ്‌കെട്ടുകളും ഓരോന്നായെടുത്ത്‌ അലമാരയിൽ അടച്ചുപൂട്ടി.

" ഇതെല്ലാം ഇത്താത്ത എഴുത്യാണത്രുമ്മാ "

കടലാസ്‌കെട്ടുകളിലേക്ക്‌ സൈറ വിരൽചൂണ്ടുമ്പോൾ  ' സോഹ ' എന്നുമാത്രം എഴുതിയ നിറയെ ഏടുകളുള്ള ഒരു പുസ്തകം അവർ സോഹക്കു നേരെ നീട്ടി.

" ഇന്റെ ഇമാൻ എഴുതിയതാണ്, ഇപ്പോഴിത്‌ വായ്ക്കാൻ പെൺകുട്ട്യോൾക്ക്‌ വല്യേ ഇഷ്ടായിരിക്കോലൊ "

അന്നു അർദ്ധരാത്രിയോടെയാണറിഞ്ഞത്‌ സോഹയുടെ കാതുകളിൽ ലോലാക്കുകളില്ലെന്ന്.ഒറ്റകൈയ്യിലെ പൊന്നിന്റെ കുടുസ്സ്‌ വളകളും മഹർ ആയി അണിയിച്ച പിരിയൻ മാലയും മാത്രം. സോഹയുടെ കണ്ണുകളിൽ നാണം പുരളുന്നുണ്ട്‌.ഒരിയ്ക്കൽ ചിത്രങ്ങൾ വരച്ചാസ്വദിച്ചിരുന്ന  ആനന്ദസുഖത്തേക്കാൾ സൗരഭ്യമുള്ള അസർമുല്ല..!

കാതിൽ ലോലാക്കുകളില്ലെന്നറിഞ്ഞ്‌ ഉമ്മ തന്നെ സോഹയുടെ കാത്‌ കുത്താനുള്ള ഏർപ്പാടുകളുണ്ടാക്കി.തലനാരിഴ മുതൽ കാൽവിരൽത്തുമ്പു വരെ വേദന തിന്നുന്ന സോഹയെ സൈറ കളി പറയുമ്പോൾ അവൾ കറുത്ത മഷിയിൽ കുതിർന്ന അക്ഷരങ്ങൾക്ക്‌ മിഴിവേകുകയായിരുന്നു.

ഫാനിനു കീഴെ പാറിക്കളിക്കുന്ന ചപ്രത്തലമുടി മാടിയൊതുക്കി ഇമാൻ അഭിമാനിച്ചു,

" നിനക്കറിയുമൊ സോഹാ, എന്റെ കണ്മുന്നിലെ ഈ ദൃശ്യം പലപ്പോഴായി ഞാൻ സ്വപ്നം കണ്ടിരുന്നു..... ഈ മഹറും,.."

പിൻകഴുത്തിൽ വീണു കിടക്കുന്ന പിരിയൻ മാലയെ മെസപ്പൊട്ടാമിയയുടെ സാന്ദ്രമായ ലാവണ്യം തുടുത്ത ഞരമ്പുകളായി എഴുന്നുനിന്ന കഴുത്തിലേക്ക്‌ ഇമാൻ വലിച്ചിട്ടു.

"ഇനിയങ്ങോട്ട്‌ നിന്റെ വായനയുടെയൊ എഴുത്തിന്റെയൊ കാലം അവസാനിക്കുന്നില്ല. ചില്ലലമാരയിൽ അടുക്കിവെച്ചിരിക്കുന്ന കടലാസ്കെട്ടുകൾക്ക്‌ ഇമാൻ ജീവൻ നൽകും" " സോഹയുടെ മഹർ - അതായിരിക്കും നമ്മുടെ ജീവിത ഗ്രന്ഥം."

ഒരു തുണ്ട്‌ പേപ്പറും ഒരു കഷ്ണം പെൻസിലും മതി ഇമാനു സോഹയ്ക്കുമേൽ പ്രിയമേറാൻ.

പേമാരിയിലെന്ന പോലെ സുഖദുഃഖങ്ങൾ ഒഴുകിയൊലിച്ച്‌ പെയ്തുകൊണ്ടിരിക്കുന്ന കാലം..

നിലത്ത്‌ വിരിച്ച കനം കുറഞ്ഞ കിടക്കയിൽ വിശ്രമിക്കുന്ന ഇമാനു നേരെ ഉമ്മയുടെ കനത്ത ശബ്ദമുയർന്നു..

" എന്തൊക്കെയാണു ഞാനീ കാണണത്‌,എനിക്കൊന്നും മനസ്സിലാവണില്ല..എന്റെ മകന്റെ പഠിത്തം തന്നെയാണെനിക്ക്‌ മുഖ്യം. ആയതിനാൽ പഠിത്തം മുടക്കിയുള്ള ഈ പണികൾക്ക്‌ അധികം സമയം ചിലവഴിക്കേണ്ടതില്ല"

ആ സ്വരത്തിൽ നിറഞ്ഞ വ്യാകുലത മാത്രം.. !

സോഹ പിണങ്ങിയില്ല. ക്ഷീണം തീർന്ന കുഞ്ഞിനെപ്പോലെ വീട്ടുപണികൾ ചെയ്തും കടലാസ്സുകളിൽ അക്ഷരമാലകൾ കോർത്തും ഉണ്ടുറങ്ങി.

ഇമാൻ  പഠിച്ചുകൊണ്ടിരുന്നു - ഉമ്മയുടെ മനഃശാസ്ത്രം, സൈറയുടെ മനഃശാസ്ത്രം, സോഹയുടെ മനഃശാസ്ത്രം. പിന്നെ ലോകരുടെ മനഃശാസ്ത്രം......

മൗനം പെറ്റുപെരുക്കിയ കുഞ്ഞുങ്ങളെ പരിലാളിച്ചുകൊണ്ട്‌ സോഹ ഇമാനു നേർക്ക്‌ മിഴികളുയർത്തി പരുങ്ങി നിൽക്കുന്നത്‌ സമയത്തിനു ഉറങ്ങുന്നുണ്ടൊ ഉണരുന്നുണ്ടൊ ഭക്ഷിക്കുന്നുണ്ടൊ വായിക്കുന്നുണ്ടൊ  എന്നറിയുവാൻ മാത്രമായി. നിശ്ശബ്ദമായ അവരുടെ കണ്ടുമുട്ടലുകളിലെ പ്രേമരസങ്ങൾ മ്ളാനമാവാൻ തുടങ്ങി.രണ്ടുപേരും ഒരേ ജലധാരയിലിറങ്ങി ചോദ്യോത്തരങ്ങളില്ലാത്ത ഒരേ ഒഴുക്കിൽ നീന്തിത്തുടിച്ചു.

" മനുഷ്യരെ പടച്ചിരിക്കുന്നത്‌ ഇങ്ങനെയാണ്. നാൽപ്പതു നാൾ തികയും മുന്നെ എല്ലാവരും അവരവരുടെ ചുമതലകളിലേക്ക്‌ എത്തിപ്പെടുന്നു. "

നിശ്ശബ്ദതയിൽ സ്വരം ഉയർത്തുന്നവൾ അന്ധകാരത്തിൽ ഒളിച്ചിരുന്ന് ഇത്തിരി വെട്ടത്തിനു കീഴെ  'സോഹയുടെ മഹർ' എഴുതി തീർത്തു.

ഡോ.ഇമാൻ എന്നെഴുതിവെച്ച മുറിയുടെ മുന്നിൽ രോഗികളുടെ തിരക്ക്‌.

ഇത്രയേറെ ചിത്ത രോഗികളൊ..? - ഉണങ്ങിവരുന്ന മുറിവുകളിൽ വീണ്ടും തുള്ളിമരുന്ന് ഒറ്റിയ്ക്കാനായിരിക്കുമൊ ഇവർ പിന്നെയും പിന്നെയും വരുന്നത്‌..?

'സോഹയുടെ മഹർ' നെഞ്ചോട്‌ ചേർത്തുവെച്ച്‌ അവസാനത്തെ ടോക്കൺ കൈപ്പറ്റി സോഹ കാത്തിരുന്നു....

ഓഗസ്റ്റ്‌ രണ്ടിനു കുവൈറ്റ്‌ ഇറാഖ്‌ അധിനിവേശത്തിനു ഇരുപത്തിനാലു വയസ്സ്‌ തികയുമ്പോൾ സോഹയ്ക്കു മുപ്പത്തിനാലു വയസ്സ്‌ തികയുന്നു. ഇരുളിൽ തൊട്ടുണരുന്ന ഭയങ്ങളെ അതിജീവിച്ച്‌ ധൈര്യത്തെ കീഴടുക്കുകയാണീ ഒറ്റയ്ക്ക്‌ കത്തുന്ന വെളിച്ചം.

സോഹയുടെ നെഞ്ചിൽ ചേർന്നിരിക്കുന്ന അക്ഷരങ്ങങ്ങൾ ഇങ്ങനെ പറഞ്ഞു തുടങ്ങുമ്പോൾ മനഃശാസ്ത്രത്തിൽ ഗവേഷണ ബിരുദം നേടിയ ഡോ.ഇമാൻ  എക്സിസ്റ്റെൻഷ്യൽ ആൻസൈറ്റിയെക്കുറിച്ച്‌ ക്ലാസ്സെടുത്തുകൊണ്ടിരിക്കുകയായിരുന്നു..

" ജീവിതത്തെ കുറിച്ച്‌ ഉത്കണ്ഠ നിറഞ്ഞ വചനങ്ങളെഴുതുന്ന സാഹിത്യകാരന്മാരിൽ  ഈ രോഗലക്ഷണങ്ങൾ കണ്ടുവരുന്നു.. തലച്ചോറിലെ രാസപ്രവർത്തനങ്ങളുടെ വ്യതിയാനങ്ങൾ മനസ്സിന്റെ ആകുലതയെ രൂപപ്പെടുത്തുന്നു.. ഈ അവസ്ഥ എഴുത്തുകാരിൽ ഒരു രോഗമായി വളരുകയും പടരുകയും ചെയ്യുമ്പോൾ അത് ഒരു സമൂഹത്തെത്തന്നെ നാശത്തിലേക്ക്‌ നയിക്കുന്നു.."

എങ്ങും നിറഞ്ഞു നിൽക്കുന്ന അന്ധകാരത്തെ ചികഞ്ഞുമാറ്റി ഒറ്റയ്ക്ക്‌ കത്തിക്കൊണ്ടിരിക്കുന്ന വെളിച്ചം മുറിക്കുമുന്നിൽ ഉലാത്തുകയായിരുന്നു..

'ജീവിതത്തിലെ കർത്തവ്യ പരിപാലനം എത്ര സഹജവും സുഖകരവുമാണെന്ന് ഇമാൻ ആശ്ചര്യപ്പെടണം..' - അവൾ മനസ്സിൽ പറഞ്ഞുകൊണ്ടേയിരുന്നു..!

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...