Sunday, January 22, 2012

നൂപുര ധ്വനികള്….!

“മുരളിയൊന്നൂതു വേണുഗോപാലാ
കരുണയാലെൻ  മന പ്രേമമൂർത്തേ
വൃന്ദാവനമാമീ പാരിൽ പൊങ്ങും
പ്രേമ സന്ദേശമാം വേണുഗാനം കൃഷ്ണാ..
അനുദിനമുണ്ണുവാൻ കൊതി തിങ്ങീടും
മാനസ താപത്തെ മാറ്റിയാലും കൃഷ്ണാ..
മാനസ താപത്തെ മാറ്റിയാലും…“

ഉള്ളതിൽ  വെച്ച് ഏറ്റവും പ്രിയപ്പെട്ട ചുവന്ന പട്ടു പുടവയും പൂത്താലി മാലയും പാലയ്ക്ക കമ്മലുകളും മോതിരവുമണിഞ്ഞ് തലമുടി കോതി മിനുക്കി നീട്ടി മുടഞ്ഞ് കുഞ്ചലം ചേർത്ത് കെട്ടി വെച്ചു..
മുല്ലപ്പൂ മാല ചൂടി ചുണ്ടുകളിൽ ഇളം ചുവപ്പ് ചായം തേച്ച് വാസനകൾ പുരട്ടി കാത്തിരിയ്ക്കുകയാണ്..
ആദ്യമായി ഉടുത്ത ചേല ഒരിയ്ക്കൽ  കൂടി ചുറ്റാൻ കിട്ടിയ ചാരിതാര്ത്ഥ്യം..
നീണ്ട കൈവിരലുകൾ ചുവന്ന ചേലയിലെ ചുളിവുകൾ  ഉഴിഞ്ഞ് താഴോട്ടിറക്കുന്നതിനിടെ യാതൊരു കാരണവും കൂടാതെ പിറുപിറുത്തു..,
“കാത്തിരിയ്ക്കുകയാണ് ഞാൻ..
നിന്റെ അക്ഷര കുഞ്ഞുങ്ങളെ പ്രസവിച്ച് മാറോടണയ്ക്കവാൻ..
രൂപവും ഭാവവും പ്രായവും ഇല്ലാത്ത നിന്റ്റെ മുന്നിൽ ഞാൻ കാഴ്ച്ചവെയ്ക്കുന്നത് ആൽത്ത പുരട്ടി ചുവപ്പിച്ച കൈ വിരലുകളും കാലടികളും ശൃംഗാര ചേഷ്ഠകളുമായിരിയ്ക്കുകയില്ല..
ലജ്ജാപ്രകടനങ്ങളാൽ തീര്ത്ത മുദ്രാ വിക്രിയകളും ആയിരിയ്ക്കുകയില്ല..
പ്രണയം സമ്മാനിച്ച പുഞ്ചിരിയും ആത്മവിശ്വാസം നല്കിയ തിളങ്ങുന്ന തൊലിയും..
നൃത്ത കലയോടുള്ള അഭിനിവേശം കാഴ്ച്ച വെയ്ക്കുന്ന ലാസ്യ ഭാവങ്ങൾ മാത്രം ആയിരിയ്ക്കും..“

നിലവിളക്കിന്‍ തിരി കൊളുത്തി അന്ധകാരത്തെ മയക്കിയപ്പോൾ  ഉള്ളിലെ തീ നാളങ്ങൾ ആളി കത്തും പോലെ..
കണ്ണുകൾ  ഉയർത്തി കറുപ്പിനെ അനുഭവിയ്ക്കാൻ  തുനിഞ്ഞപ്പോൾ കാല്‍ കീഴില്‍ പൊട്ടി ചിതറി വീണത് ഇപ്പോൾ ജനിച്ചു വീണ താരക പൈതങ്ങൾ..
“ഇല്ല..എന്റെ നൂപുരങ്ങൾ  നിങ്ങൾക്കും  ദൃശ്യമാക്കുകയില്ല ഞാന്‍..“
അവയെ ശകാരിച്ച് പുടവ ഒന്നു കൂടി താഴ്ത്തി കെട്ടി..

ജനക് ജനക് ജങ്കാര്…

താരക കുഞ്ഞുങ്ങൾ നൂപുര മണികളിൽ സ്ഥാനം പിടിച്ചതറിഞ്ഞില്ല..
അവ തിളങ്ങുന്നൂ..കിലുങ്ങി കിലുങ്ങി കളിയാക്കി ചിരിയ്ക്കുന്നു..
ഞെരിയാണികളിലൂടെ കാൽ പാദങ്ങളിൽ വലിഞ്ഞു മുറുകി ഇക്കിളിയാക്കും തിളങ്ങും വെട്ടങ്ങളുടെ തണുത്ത സ്പര്ശം..
കണ്ണുകളിലും മനകണ്ണിലും കേറി പറ്റിയ ഇരമ്പുന്ന സ്വസ്ത്ഥ മൌനം..
പൊള്ളുന്ന ഭാവങ്ങൾ..
വിസ്മയിപ്പിയ്ക്കുന്ന രസങ്ങൾ...
ചടുല ചലനങ്ങൾ...
നെറുകിൽ പൊടിഞ്ഞ് ഒലിച്ചിറങ്ങും കുങ്കുമ ചാർത്തുകൾ..
നട്ടെല്ലിലൂടെ ഒലിച്ചിറങ്ങും ഉപ്പാം വിയർപ്പിൻ ചാലുകൾ..
വലിഞ്ഞു മുറുകുന്ന തുടയിലെ പേശികൾ..
ഹൊ…അനുഭവിച്ചറിയേണ്ട വേദനയുണർത്തുന്ന സുഖങ്ങൾ…!

ജനക് ജനക് ജങ്കാര്…!


പൂജാ വിളക്കിന്റെ തിരി നാളത്തിൽ
സംഗീത മാധുര്യ സന്ധ്യയിൽ
ദൂരെ കാണുമാ നക്ഷത്ര പൊൻ വെട്ടങ്ങളിൽ ഉന്മത്തനായ പാൽത്തുള്ളികൾ  വിളമ്പും തിൻകളിനായി ഈ നൂപുരങ്ങൾ ചലിച്ചു..
മുറ്റത്ത് നിലാവ് വിരിയും ഓരോ രാവിലും എന്ന പോലെ ഇന്നും നെഞ്ചിടിപ്പോടെ ഓതി …
“ഇല്ല…നീ സംശയിയ്ക്കും പോലെ ഈ താരക പൈതങ്ങൾക്ക് ജന്മം നല്കിയവൾ ഞാനല്ല..
നീ എന്നെ എത്രമേൽ കുറ്റം ചുമത്തുന്നുവോ അത്രമേൽ ഞാന്‍ ശഠിയ്ക്കും..
എന്റെ നൂപുരങ്ങൾ കിലുങ്ങിയത് നിന്റെ സദസ്സുകളിൽ മാത്രം..
എന്റെ നൂപുരങ്ങൾ  അന്യ കരലാളനകൾ ഏറ്റു വാങ്ങിയിട്ടില്ല..
നിന്റെ കാതുകൾ എന്റെ ചുണ്ടുകളെ വിശ്വസിയ്ക്ക..
നിന്റെ കണ്ണുകൾ എന്റെ ചുണ്ടുകളെ സമ്മതിയ്ക്കു..”
എങ്കിലേ എനിയ്ക്ക് ഈ ചുവര്‍ തടവിൽ നിന്ന് മോചനം അനുവദനീയമുള്ളു..
നാളുകൾ ഇച്ചിരി ആയി…മടുപ്പ് അലസോലപ്പെടുത്തുന്നു.
ജനൽ ഇരുമ്പഴികളിലൂടെയുള്ള എത്തി നോട്ടങ്ങളും, അനുകമ്പ മിഴികളും മൊഴികളും എന്നിലെ ക്രോധം ഇരട്ടിപ്പിയ്ക്കുന്നു..
തടുത്തു നിർത്താനാവാത്ത അണപ്പൊട്ടും രൌദ്ര ഭാവങ്ങൾ ഒരു കൊടുങ്കാറ്റിന്റെ വേഗതയിൽ പാഞ്ഞ് എതിരാളികളെ തൊടാന്‍ ആയുമ്പോൾ...
ഈ ചങ്ങല മാലകൾ എന്നെ തളയ്ക്കുന്നു..

ഈശ്വരാ…അപ്പോൾ കിലുങ്ങി ചിരിയ്ക്കുന്ന എന്റെ നൂപുരങ്ങളെവിടെ..?
തിളുങ്ങുന്ന നൂപുര മണികളിലെ നക്ഷത്ര കൂട്ടങ്ങൾ എവിടെ..?
നോക്കൂ…എന്റെ മുടിപ്പൂക്കൾ കൊഴിഞ്ഞു വീഴുന്നു..
പച്ചയും ചുവപ്പും കലർന്ന  ആടയാഭരണങ്ങൾ പൊട്ടിച്ചിതറുന്നതും,
മുഖപുട്ടികളും ചാർത്തുകളും ഒലിച്ച് മാഞ്ഞു പോകുന്നതും..
വീണ കമ്പികളുടെ ശ്രുതി നിലയ്ക്കുന്നതും..
മൃദംഗ ധ്വനികൾ അപതാളം ഉയർത്തുന്നതും  കേൾക്കുന്നില്ലേ…?
സഹിയ്ക്കാനാവുന്നില്ലാ…
മാർത്തടം പൊട്ടും നിലവിളികൾ ഉയര്ത്തി
ജ്വാലാമുഖിയായി പൊട്ടിച്ചിരികൾ  മുഴക്കി
സദസ്യരെ കൂട്ടി അരങ്ങുകൾ ഒരുക്കി വിളംബരം നടത്തി.
താണ്ഡവ നടനം അരങ്ങേറി..

…ഹോ....ആട്ടക്കലാശം തീർന്നു..!

ഇനി തുടുത്ത മുഖം തുടച്ച്
നാദം വിതുമ്പും പ്രണയ സന്ധ്യയെ തൊഴുത്
കുങ്കുമം ചാർത്തി
നൂപുരങ്ങൾ എടുത്തണിഞ്ഞ്
സൌപർണ്ണികയിലേയ്ക്ക് ആഴ്ന്നിറങ്ങി ഒഴുകുകയാണ്..
നിന്റെ അക്ഷരകുഞ്ഞുങ്ങളെ പ്രസവിയ്ക്കുവാൻ...

Sunday, January 8, 2012

ആനക്കാരന്...


“ആനയോട് സ്വകാര്യം പറഞ്ഞാല്‍ കേള്‍ക്കുമോ..?
ഉണക്കപ്പുല്ലും വൈക്കോലും എന്തേ ആന കഴിയ്ക്കുന്നില്ല..?
ആനയ്ക്ക്  സ്വയം ചോറുരുട്ടി കഴിച്ചാല്‍ എന്താ..?
ആനയ്ക്ക്  ഉപ്പില്ലാത്ത ഭക്ഷണമാണൊ കൊടുക്കുക..?
മഞ്ഞള്‍ ചേര്‍ത്താല്‍ ആനയ്ക്ക് നിറം പിടിയ്ക്കാതിരിയ്ക്കുമോ?
ചോറുണ്ട് കഴിഞ്ഞാല്‍  ആനയ്ക്ക് പായസം കുടിയ്ക്കാനുള്ള വയറുണ്ടാകുമോ..?
ആന പാവമാണൊപണക്കാരനാണൊ..?
ആന പാവങ്ങളുടെ വീട്ടില്‍ താമസിച്ചാല്‍ ആനയും ദരിദ്രനാകുമോ..?
അതൊ ദരിദ്രന്‍ പണക്കാരനാകുമോ..?“
അര്‍ദ്ധരാത്രി ആയി ഉറങ്ങാന്‍..
ഉറക്കം പിടിച്ചത് മുതല്‍  സ്വപ്നം കണ്ടത്  കുഞ്ഞു നാളില്‍ അമ്മ കാണിച്ച് കൊതിപ്പിച്ചിരുന്ന  അമ്മയുടെ തറവാട്ട് മുറ്റത്തെ ആന ചിത്രം..

ഉണര്ന്നപ്പോള്‍  ആന ഗ്രാമത്തിലൂടെ  മതിച്ച് നടക്കുന്നു..
അതിന്‍റെ മണം അടുക്കുന്തോറും മനുഷ്യര്‍ ഓടി അകലുന്നു..
ആകസ്മികമായി ആന വീട്ടു മുറ്റത്ത് വന്നു നിന്നപ്പോള്‍ ഒന്നും മനസ്സിലായില്ല..
ആനയുടെ നിഴലില്‍ നിന്ന് അവന്‍ മാറി നിന്നു..
ആനത്തോട്ടി ഒരു രാജഭടന്‍റെ കുന്തം കണക്കെ ഉയര്‍ത്തി പിടിച്ച്.. ഉശിരു കാട്ടി നെഞ്ച് വിരിച്ച്നില്‍ക്കുന്നു..
അവന്‍ അടുക്കുന്നു..
അവന്‍റെ മൂക്കിന്മേല്‍ ഒരു കുരുഅത് പൊട്ടുമോ?


“നാട്ടാരെല്ലാം നാട്  വിട്ടു..നാട് കാലിയായി..
എല്ലാം ഇവന്‍റെ മിടുക്ക് ,
ഇനി ഈ കൊടുങ്കാറ്റ്  ശമിയ്ക്കണമെങ്കില്‍ മട്ടുപ്പാവില്‍ നിന്ന് നീ ഇറങ്ങി വരിക..
കാറ്റും മഴയും കൊള്ളിയ്ക്കാതെ ഇവന്‍റെ തണലില്‍ നിന്നെ ഞാന്‍ പുലര്‍ത്തും..
അടുക്കള ചൂട് നീ തട്ടില്ല,
പുളിങ്കറിയ്ക്കുള്ള പുളി നീ തൊടില്ല,
ബക്കറ്റിലെ നനഞ്ഞ തുണികള്‍ നീ തോരാനിടില്ല,
എനിക്ക് കുളിയ്ക്കാന്‍ നീ വെള്ളം കോരില്ല..
നിന്‍റെ ഒരു കയ്യില്‍  വെള്ളിപാത്രം തരും ഞാന്‍,
മറു കൈ കൊണ്ട്  നീ ഇവനെ..നമ്മുടെ പുത്രനെ മാമൂട്ടി വളര്‍ത്തും..കൊഞ്ചിയ്ക്കും..ലാളിയ്ക്കും..
ഇതു മാത്രമെന്‍റെ വ്യവസ്ത്ഥ..
എന്‍റെ ഉള്ളം മിടിയ്ക്കുന്നുതിടുക്കം കൂട്ടുന്നു..
ഇവന്‍റെ ചങ്ങലയിലൂടെ എനിയ്ക്ക് കേള്‍ക്കാന്‍  കഴിയുന്ന ഒരു സംഗീതമുണ്ട്..
നമ്മുടെ  ഹൃദയ സംഗീതം..
നമ്മുടെ പ്രണയ മിടിപ്പുകള്‍..
നിനക്ക് കേള്‍ക്കാന്‍ ആവുന്നുണ്ടോ ഞാന്‍ കേള്‍ക്കുന്നത്..?
ജിത്സും.. ജിത്സും..ജിത്സും


“മനുഷ്യരെ നാട്ടില്‍  നിന്ന് ഓടിച്ച ഈ ഗജവീരന്‍ ഇത്ര നിഷ്ഠൂരനോ..
നോക്കൂഇവന്‍റെ കൃഷ്നമണികള്‍ ചലിയ്ക്കുന്നില്ല..
കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നില്ല..
ചേമ്പിന്‍ ചെവികള്‍ ആട്ടുന്നില്ല..
ഇരു വശങ്ങളിലേയ്ക്കും തല്‍ തിരിയ്ക്കുന്നില്ല..
നിനക്ക് കാണാന്‍ ആവുന്നുണ്ടോ ഞാന്‍ കാണുന്നത്.?.
ഇവന്‍ എന്നേയും ചവിട്ടി അരയ്ക്കുകയില്ല എന്ന് എന്തു ഉറപ്പാണ്‍ നിനക്ക് തരാനുള്ളത്..?
കള്ളത്തരത്തിന്‍ ഒരു വലിയ രൂപം കൊടുത്തിരിയ്ക്കുന്ന സാധനം
കൂട്ടിന്‍ നീയുംഹ്മ്മ്മ്.ഒരു ആനക്കാരന്‍ വന്നിരിയ്ക്കുന്നു..
പാപ മരണം  അതി സാധാരണം.
എന്നു വെച്ച് ഈ ഇളം പ്രായത്തില്‍ ഇവന്‍റെ കനത്ത കാലുകള്‍ക്കടിയില്‍ കിടന്ന് അമരാന്‍
ഹൊ.ന്റ്റെ ഈശ്വരാ.
പ്രസവ മുറിയില്‍ എത്തി നോക്കരുത് എന്ന് അമ്മമ്മ പറയുന്നതും ഇതിനു തുല്ല്യ വേദനയെ ഉദ്ദേശിച്ചായിരിയ്ക്കില്ലേ..
ശബ്ദമുണ്ടാക്കാതെ ഈശ്വര നാമം ജപിച്ച് മരിച്ചാല്‍ ആത്മാവിന്‍ ശാന്തി കിട്ടും..
അറിയോ നിനക്ക് ഇത് വല്ലതുംങെ..?”


“തല തിരിഞ്ഞവളേതലയില്‍ ഓളമില്ലാത്തവളേ..
ഇന്നലെ പെയ്ത പേമാരിയില്‍ മുയല്‍ കരഞ്ഞത് നീയും കേട്ടുവോ..?
കാരണം അതിന്‍റെ തലയില്‍ ചക്ക വീണ്‍ തലയില്‍ കൊമ്പ് മുളച്ചു..
ആമയുടെ ദു:ഖം എന്താണെന്ന്  നീയും അറിഞ്ഞുവോ..?
കാരണം ആമയ്ക്ക് മുയല്‍ എത്തും മുന്നെ ഓടി ആസ്പത്രിയില്‍ എത്തണം..
അങ്ങേതിലെ കുട്ടികൊമ്പന്‍  മുറ്റത്ത്  ഉലാത്തുന്നതിന്‍റെ സങ്കടം നീയും കണ്ടുവോ..?
കാരണം അടിച്ചു തെളിക്കാരി ഉറുമ്പിന്‍ ഗര്‍ഭം..
ഉറുമ്പ് താടിയ്ക്ക്  കൈയ്യും കൊടുത്തിരിയ്ക്കുന്നതിനു കാരണം,
അവള്‍ക്ക് നടു നിവര്‍ത്തി പണി എടുക്കാന്‍ വയ്യ
ഈ മഴക്കോള്‍ ദിനത്തിലും കൊടും ചൂട് സഹിയ്ക്കാനാവാത്തവനെ  പോലെ പരവശനായി ഞാന്‍ നില്‍ക്കുന്നതെന്തിന്‍ എന്ന് നിനക്ക് അറിയണോ..?
ഇവനിലൂടെ ഞാന്‍ കേള്‍ക്കുന്ന എന്‍റെ പ്രണയ സംഗീതം തന്നെ..
ജിത്സും.. ജിത്സും..ജിത്സും
നിനക്കും കേള്‍ക്കാമോ?
ഇല്ല.. നീ കേള്‍ക്കില്ലനീ കാണില്ല..
നീ സതീ രത്നമല്ലേ
അല്ലെങ്കിലും അറിയാം വിശ്വാസിയ്ക്കാന്‍ കൊള്ളാവുന്ന ജാതിയോ ഇനമോ അല്ല ഇവറ്റകളെന്ന്..
കരഞ്ഞ് കരഞ്ഞ് തലയണ നനച്ച് കുതിര്‍ക്കുന്ന വര്‍ഗ്ഗങ്ങള്‍..
നീ എന്തെല്ലാം കളികള്‍ എന്നെ വെച്ച് കളിച്ചു..
എത്ര തവണ എന്‍റെ പുറം നിനക്ക് ഇടിയ്ക്കാന്‍ ഞാന്‍ തന്നു ..
എന്‍റെ പുറം പള്ളിപ്പുറം ആയത് മിച്ചം..
നീ എന്തിന്‍ എന്നെ തള്ളി പറഞ്ഞ്  അമ്മയുടെ സാരിത്തലപ്പില്‍ തൂങ്ങി നിന്നെന്നെ കൊഞ്ഞനം കാണിച്ചു..?
മണ്ടൂസ്സ്..
നിന്നെ കെട്ടുന്നവന്‍ ഒരു മതപുരോഹിതനായിരിയ്ക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിയ്ക്കുന്നൂ..
അമ്പടാഎന്നോടാ കളി..?“


നനഞ്ഞ മണ്ണില്‍ നാല്‍ കനത്ത കാലുകളും രണ്ട് പതറുന്ന കാലുകളും ഒരു ആനത്തോട്ടിയും അമര്‍ന്ന് പതിഞ്ഞ്  അകലുന്നു..
ആനമണി കിലുങ്ങുന്നു..
മനുഷ്യ വിയര്‍പ്പിന്‍റെ ഗന്ധം അകലുന്നു..
ആന മണം മാത്രം മൂക്കിന്‍ തുമ്പിന്മേല്‍ കെട്ടടങ്ങാതെ തട്ടി മുട്ടി നില്‍ക്കുന്നു..
അവന്‍റെ മൂക്കിന്‍  തുമ്പിന്മേലുള്ള കുരു..
അതാ…………അത് പൊട്ടുന്നു..
ഇപ്പോള്‍ കേട്ട നാദം അതാണൊ..?
അതൊ.. ജിത്സും.. ജിത്സും..ജിത്സും?

*********************************************

എത്ര വരെ പഠിച്ച് ജോലി തരായി..?
ഗ്രാമത്തില്‍ എത്ര പറ കൃഷി വില്യ്ക്കു വാങ്ങി..?
ഉപ്പും മുളകും വാങ്ങാന്‍ കയ്യില്‍ പൈസ തികഞ്ഞോ?
പുലര്‍ച്ചെ വെള്ളച്ചോറ് വയറു നിറയെ കഴിച്ചോ?
പൊതു ജനങ്ങളുടെ മൌലീക അവകാശങ്ങള്‍ വീര്യം കെടുത്തിയില്ല..
റാന്തലിന്‍റെ ഇത്തിരി വെട്ടത്തില്‍ പുല്ലുപായ വിരിച്ച്  തണുത്ത തറയില്‍ മലര്‍ന്നു കിടക്കെ,
നെഞ്ചിലെ രോമങ്ങളിലൂടെ വിരലോടിച്ച്  ഗജന്‍റെ വരവ് ചെലവുകള്‍  കാണാപാഠം പഠിച്ചു..
മുറ്റത്തെ ആന മണം മൂക്കില്‍ തുളച്ചു കയറിയപ്പോള്‍ ആനകമ്പം ഉണര്‍ന്നു..അഭിമാനം നുര പൊന്തി..
ഒരു പണക്കാരന്‍റെ ഗര്‍വ്വോടെ ചുറ്റിനും നോക്കി..
വാടക മുറിയില്‍ വെളിച്ചം കൊണ്ട് അലങ്കാരങ്ങള്‍..
ബന്ധുക്കളുടെ ആരവങ്ങള്‍..
കുട്ടികളുടെ കളിച്ചിരികള്‍ ..
പാശ്ച്ചാത്തലത്തില്‍ .. ജിത്സും.. ജിത്സും..ജിത്സും

നൊമ്പരങ്ങളില്‍ ഊളിയിട്ട്  ഒരു സുഖ നിദ്ര..
കൂട്ടിന്‍ ഏങ്ങി കരച്ചിലിന്‍റെ വിമ്മിട്ടം.
“ഞാന്‍ എന്ന  സുന്ദരി.. നീളന്‍ മൂക്കുകാരി കൂട്ടിനില്ലാതെ
കൊമ്പനേയും കൊണ്ട് നീ എവിടെ പോയി ഒളിച്ചു?”

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...