ഒഴുകി വിലസാനുള്ള ഒഴുക്കില്ലാത്ത വെള്ളം കിനിഞ്ഞു നിക്കണ പാട വരമ്പുകളുടെ ഒരു വശം വേലി കെട്ടി തിരിച്ചിരിയ്ക്കണത് ഞങ്ങടെ തൊടീടെ അറ്റത്തായിട്ടാ....
അവിടേന്ന് ഒന്നുമറിയാത്തവനെ പോലെ മനസ്സു തുറക്കാതെ വീശി മറയണ ഇളം കാറ്റ്, ആ കാറ്റത്ത് മനസ്സു തുറന്ന് ,പൊട്ടിച്ചിരിച്ച് തിമിര്‍ത്തു കളിയ്ക്കണ ബാല്യം..
മണ്ണപ്പം ചുടലും, കണ്ണാരം പൊത്തി കളികളും മടുത്താല്‍ ഒരോട്ടാണ് പുളി കൊമ്പിലെ ഊഞ്ഞാല കളിയ്ക്കാന്‍..ഒരു അമ്പത് വട്ടം ആടി കഴിഞ്ഞാല്‍ പിന്നേം ഒരോട്ടാണ് അമ്മേന്നു വിളിച്ചോണ്ട് അകത്തോട്ട്..അടുക്കള തിരക്കില്‍ അമ്മ വിളി കേള്‍ക്ക കൂടി ഇല്ലാ..
അതാ കുട്ട്യേ മേശപ്പുറത്തെ മൊന്തേല് മൂടി വെച്ചിരിയ്കുണൂന്ന് കേക്കാം..
ഇഞ്ചീം കറിവേപ്പിലേം കൂടി ചതച്ച സമ്പാരാ..എന്തു രസാന്നൊ..
അതൊരു ഗ്ലാസ്സ കുടിച്ചാല്‍ പിന്നേം ഓടും അമ്പതു വട്ടം കൂടി തികയ്ക്കാന്‍, മൊത്തം നൂറു ആടീന്ന് എല്ലാരോടും ഗര്‍വ്വ് പറയാലോ..അതും കൂടി അങ്ങ് തികച്ചാല്‍ വിശപ്പിന്റെ വിളി അമ്മയ്ക്ക് കേട്ടൂന്ന് തിട്ടപ്പെടുത്തും പോലെ വിളി വരും…കൂടെ പപ്പടം കാച്ചണ മണോം ഓടി ഉമ്മറത്തെത്തീട്ടുണ്ടാവും..
അപ്പഴ് വിശപ്പിനേക്കാളേറെ കൊതിയാ വരാ..
അമ്മ ഉണ്ടാക്കണ പുളിശ്ശേരീം, പപ്പടോം കൂട്ടി കുഴച്ചോണ്ടുള്ള ഊണ്…മാങ്ങാ ചമ്മന്തി ഉണ്ടേല്‍ പറയും വേണ്ടാ,എന്തിനേറെ സദ്യാവട്ടങ്ങള്‍..ഇതെന്നെ മതീല്ലോ..
ആദ്യൊക്കെ കരുതീരുന്നത് ഇതെല്ലാം ഉണ്ടാക്കാന്‍ വെല്യേ പാടാ, അമ്മയ്ക്കു മാത്രേ അറിയൂന്നാ..
ഇച്ചിരി മുതിര്‍ന്നപ്പൊ, ഒരീസ്സം തിടുക്കപ്പെട്ട് അമ്മയ്ക്ക് എങ്ങോ പോകേണ്ടി വന്നപ്പൊ.. ചോറു വാര്ക്കുന്നിടെയുണ്ട് അമ്മ പറയുണൂ,
മോളോ..കൂട്ടാനൊന്നും ഉണ്ടാക്കീട്ടില്ലാ ട്ടൊ, മൊന്തയില്‍ അടച്ചു വെച്ചിരിയ്ക്കണ മോരെടുത്ത് കാച്ചി പുളിശ്ശേരി ആക്കിയ്ക്കോളൂന്ന്..
ന്താ ഈ അമ്മ പറയണേ..അന്താളിച്ചങ്ങനേ നിന്നു ഞാന്‍..
അപ്പഴും സാരി ഞൊറികള്‍ ശരിയാക്കണ തിരക്കില്‍ അമ്മ പറഞ്ഞോണ്ടേ ഇരുന്നൂ..
“ഒരു തേങ്ങാ പാതി ദാ ചിരവടെ അടുത്തന്നെ വെച്ചിട്ടുണ്ട്,
അതെടുത്ത് ചുരണ്ടി, മൂന്നാല് പച്ച മുളകും, ഇച്ചിരി ജീരകവും ചേര്‍ത്ത് വെണ്ണ പോലെ അരച്ചെടുക്കാ..
അതില്‍ പാകത്തിന് ഉപ്പിട്ട് നാല് ഗ്ലാസ്സ് മോരും ചേര്‍ത്തിളക്കി വെയ്ക്കാ..
ന്നിട്ട് ,ചീനചട്ടിയില്‍ എണ്ണ കായുമ്പോഴ് ഇച്ചിരി കടുകും ഉലുവേം രണ്ടിതള്‍ കറിവേപ്പിലേം ഇട്ടു പൊട്ടിച്ച ശേഷം കറി അതിലേയ്ക്കൊഴിയ്ക്കാ..
ഒരൊറ്റ തവണയേ തിളയ്ക്കാവൂ ട്ടൊ,അപ്പൊ തന്നെ വാങ്ങി വെയ്ക്കാ..“
കണ്ടോ, എന്തെളുപ്പാല്ലേ..അധികം ബഹളങ്ങളൊന്നും ഇല്ലാത്തൊരു നാടന്‍ കറി.
പച്ചകറികള്‍ക്ക് വില കൂടിയിരിയ്ക്കണത് കണ്ടില്ലേ..ഇടയ്ക്ക് പുളിശ്ശേരി കൂട്ടീം ഉച്ചയൂണ് ആകാം ട്ടൊ.
മാങ്ങാ കാലവും വരാറായി,മാങ്ങാ ചമ്മന്തി കൂടി ആയാല്‍ ഉഷാറായി,
അതും എളുപ്പാ ഉണ്ടാക്കാന്‍,
എല്ലാര്ക്കും അറിയണ കാര്യാന്ന് അറിയാം,ന്നാലും ന്റ്റെ അമ്മ ഉണ്ടാക്കണ ചമ്മന്തിയാ..ഒന്നു രുചിച്ചു നോക്കു ട്ടൊ..
“ഇതിനും ഒരു മാങ്ങയ്ക്ക് അര മുറി തേങ്ങ മതി,
ചെറുതായി അരിഞ്ഞ ഒരു ഇഞ്ചി കഷ്ണോം,
ഇച്ചിരി കുരുമുളകു പൊടീം,വേപ്പിലേം,മൂന്നാല് ഉണക്ക മുളകും കൂട്ടി ചേര്‍ത്ത് എണ്ണയില്‍ നന്നായി മൂപ്പിച്ചെടുക്കാ..
ന്നിട്ട് കുഞ്ഞു മാങ്ങാ കഷ്ണങ്ങളും, മൂപ്പിച്ചവയും ഉപ്പും കൂടി മയത്തില്‍ അരച്ചെടുക്കാ..
മാങ്ങാ ചമ്മന്തി തയ്യാര്‍.“
ഞങ്ങള്‍ കേരള സ്ത്രീകളുടെ അഹങ്കാരാ പുളിശ്ശേരീം, ചമ്മന്തീം, സമ്പാരവുമൊക്കെ..
തേങ്ങ ഇല്ലെങ്കിലും പുളിശ്ശേരി ആക്കാം ട്ടൊ, പക്ഷേങ്കി തേങ്ങയില്ലാത്ത പുട്ടും,ചമ്മന്തീം ഇല്ലാന്ന് ആര്‍ക്കാ അറിയാത്തല്ലെ..?
പുകയണ മൂന്നു കല്ല് അടുപ്പിന്മേല്
ഒരു തിളയ്ക്കായ് കാത്തു കിടക്കണ പുളിശ്ശേരീം,
അരപ്പ് ശരിയാവണില്ലാന്നും പറഞ്ഞ്
കൊത്തിച്ച പുതിയ അമ്മിയിന്മേല്‍
ഇടയ്ക്കിടെ തോണ്ടി രുചിച്ചു നോക്കണ ചമ്മന്തീം
കാഞ്ഞ എണ്ണയില്‍ പപ്പട കോലോണ്ട്
എടുത്തെടുത്ത് ഇടണ പപ്പടോം
ചോന്ന പുഴുക്കല്ലരീടെ ഒരു പിടി ചോറും
ഊട്ടാന്‍ ന്റ്റെ അമ്മേം..
അടുത്ത അവധി വരും വരേയ്ക്ക്
ന്റ്റെ വയറ് നിറഞ്ഞിരിയ്ക്കാന് ഈ ഒരൂണ് ധാരാളം.
എന്തെങ്കിലും ഒന്ന് വായിക്കാന്‍ ചിക്കി ചികഞ്ഞു നടന്നു...ആകസ്മികമായിട്ട് ദാ..ഇവിടെ എത്തി. പഴയ പോസ്റ്റുകളില്‍ കൂടി കയറി ഇറങ്ങി...അധികം ഒന്നും പറയുന്നില്ല ..ഒരു അവധി ദിവസം വൃഥാവില്‍ ആക്കാതെ കാത്തതിന് ഒരായിരം നന്ദി !! കാണാം..
ReplyDeleteഹോ ..കൊതിപ്പിച്ചു കളഞ്ഞല്ലോ വര്ഷിണീ..പുളിശ്ശേരിയും മാങ്ങാച്ചമ്മന്തിയും പപ്പടവും കൂട്ടി ഒരുച്ച ഊണ് കഴിച്ചിട്ടു എത്ര കാലായി !!
ReplyDeleteഇപ്പൊ ഇത് വായിച്ചപ്പോള്‍ വയര്‍ നിറഞ്ഞു ഏമ്പക്കം വരണൂ ..
പുളിശ്ശേരിയും മാങ്ങാച്ചമ്മന്തിയുമൊക്കെ സ്വയം ഉണ്ടാക്കുമെങ്കിലും അമ്മയുടെ കൈകൊണ്ടുണ്ടാക്കുന്നതിന്റെ സ്വാദൊന്നു വേറെ തന്നെയാ...
ReplyDelete(അക്ഷരത്തെറ്റുകൾ ഒന്നു ശ്രദ്ധിച്ചോളൂ ട്ടോ...)
പാചകലോകം നന്നായി........!!!
ReplyDeleteപക്ഷേ.. എനിക്ക് ചമ്മന്തിയിഷ്ടല്ല.......!
:)
ReplyDeleteശരിക്കും കൊതിപ്പിച്ചു
ReplyDeletechammanthy ishtallaachaal
ReplyDeleteidichu chammanthy aakkanne...
pulissery ishtallyaachal pulivaalu pidippikkyaa...
adhanne pani.
saddya kemaayi tto!
g..h..r..e..e..y.....
കൊതിപ്പിച്ചൂട്ടോ...ആശംസകള്‍..!
ReplyDeleteവർഷ ഇടുന്ന പോസ്റ്റുകൾ കൂടുതൽ ആളുകൾ വായിക്കേണ്ടതില്ലെ. ഒന്നു കാത്തിരുന്നൂടെ, കാണെണ്ടതല്ലേ ഇതൊക്കെ ആളുകൾ?
ReplyDeleteഹൊഹോ......വിശക്കുന്നു...ഇനി രക്ഷയില്ല വല്ലതും കഴിച്ചു വരാം.....
ReplyDeletevibhavasamrudhamaayi oonu!
ReplyDeleteനാളെ വെള്ളിയാഴ്ച ..
ReplyDeleteഉച്ചയ്ക്ക് പുളിശ്ശേരീം , ചമ്മന്തീം കൂട്ടി ഞാന്‍ ഉണ്ണും ട്ടോ ..
നന്ദി വര്ഷിണീ .... :-)
നന്ദി ....ചമ്മന്തി ഇഷ്ടമില്ലാത്തവര്‍ക്കും,പുളിശ്ശേരി പ്രിയര്‍ക്കും, ഉണ്ടു പോയവര്‍ക്കും.
ReplyDeleteരണ്ടു നാള് മുന്നെ ന്റ്റെ ഒരു സ്നേഹിത മാങ്ങാ ചമ്മന്തി എങ്ങനെയാ ഉണ്ടാക്കാന്ന് ചോദിച്ചു, അപ്പഴാണ് ഓര്‍ത്തത് ഇത്തരം നുറുങ്ങ് പാചക കുറിപ്പുകള്‍ മിക്കവര്‍ക്കും മദേഴ്സ് റെസിപ്പി മാത്രായി മാറി കഴിഞ്ഞിരിയ്ക്കുണൂന്ന്,..അതോണ്ട് മാത്രാണ് ഈ ഒരു എഴുത്തിന് മുതിര്‍ന്നത്..മാത്രല്ലാ ഈ പേരില്‍ നിയ്ക്കെന്റെ ബാല്യവും അമ്മയുടെ രുചിയും മനസ്സിലും നാവിലും വരാന്നുള്ളത് വല്യേ കാര്യല്ലേ..?
കുഞ്ഞൂസ്...ഞാന്‍ ശ്രമിയ്ക്കുന്നുണ്ട്..മലയാളം ടൈപ്പിങ്ങാണ് വില്ലനെന്ന് തോന്നുന്നൂ..
സുരേഷ്...ബ്ലോഗുകളുടെ എണ്ണം കൂട്ടാന്നുള്ള ഉദ്ദേശ്ശമൊന്നും നിയ്ക്ക് ഇല്ലാ ട്ടൊ.
ന്റ്റെ മനസ്സ് എപ്പഴും സംസാരിച്ചോണ്ടേ ഇരിയ്ക്കും,അതെല്ലാം എവിടേലും കുറിച്ചിടാന്നുള്ളത് ഒരു ശീലവുമായിരിയ്ക്കുണൂ..
ന്റ്റെ കഴിവ് പ്രകടിപ്പിയ്ക്കാന്നുള്ളതിലേറെ ന്റ്റെ ലോകം കെട്ടിപ്പടുക്കാ..ന്റ്റെ മനസ്സ് സംസാരിയ്ക്കുന്ന ലോകം....ആ ഒരു ലോകാണ് ന്റ്റെ ഈ കിനാക്കൂട്....നന്ദി ട്ടൊ.
സമീരന്, ആശംസകള്‍...പരീക്ഷണം വിജയിയ്ക്കും ട്ടൊ.
പാച്ചകപോസ്റെന്നു പറയിപ്പിക്കാതെ അവതരിപ്പിച്ച രീതി നന്നായി. കൊതിപ്പിക്കുന്ന അവതരണം കൊണ്ട് കൊതിയൂറുന്ന വ്ഭവം വിളമ്പി.
ReplyDeleteശ്ശി നന്നായ് രുചിച്ചൂന്നേയ്..
നല്ല പോസ്റ്റ്
ReplyDelete:)
ReplyDeleteവിശപ്പിന്റെ വിളി അമ്മയ്ക്ക് കേട്ടൂന്ന് തിട്ടപ്പെടുത്തും പോലെ വിളി വരും…
ഇത് വല്ലാതെ കൊതിപ്പിച്ചു കളഞ്ഞു.രാവിലെ തന്നെ മനുഷ്യനെ എടങ്ങേറാക്കാന്. വര്‍ഷിണിയുടെ എഴുത്തിലെ ഗ്രാമഭംഗി വല്ലാതെ കൊതിപ്പിക്കുന്നു. മുന്‍പൊരിക്കല്‍ ഞാന്‍ ഇത് പറഞ്ഞെന്ന് തോന്നുന്നു.
ReplyDeleteനന്നായിട്ടുണ്ട് വര്ഷിണീ ..
ReplyDeleteസന്തോഷം , നന്ദി....പ്രിയരേ..
ReplyDeleteമനോരാജ്, ഉവ്വ് ട്ടൊ..പറഞ്ഞിട്ടുണ്ട്...സന്തോഷം.
ഭക്ഷണം കഴിക്കാതെതന്നെ വയറുനിറഞ്ഞു.
ReplyDeleteപുളിശ്ശേരീം മാങ്ങാ ചമ്മന്തീം വായിൽ വെള്ളമൂറുന്നു. രണ്ടുദിവസം മുമ്പ് ഒരു ചീനമുളക് ചമ്മന്തി വായിച്ചതിന്റെ എരിവ് ഇപ്പൊഴും മാറിയിട്ടില്ല.....
ReplyDeleteഏതായാലും കൊതിപ്പിച്ചൂട്ടൊ.......
ഇവിടെ നിന്ന് അതു കിട്ടാൻ ഒരു നിവർത്തിയുമില്ല.....
എല്ലാ ആശംസകളും!
ന്റ്റെ സദ്യ ഉണ്ടവര്ക്കെല്ലാം നന്ദി.. :)
ReplyDeleteഒരു സദ്യ മ്മക്കും തരാവോ? വെറുതെ ഇങ്ങനെ കൊതിപ്പിച്ചതിന്റെ വകയിലെങ്കിലും.... :)
ReplyDeleteKothipikkalle varshinee! Amma undakki thannirunna chorinteyum karikaludeyum ruchi naaviloorunnu..
ReplyDeleteസന്തോഷം ട്ടൊ..
ReplyDeleteഅപരനാമമെഴുതി നിരത്തിയ .........
ReplyDeleteഖോരവര്ണ വൃകൃത രൂപികള്‍ ..!
മുള്ചെടി വര്‍ഗ്ഗ അലങ്കാര സസ്യങ്ങള്‍ !!
ഗമ ചേര്‍ത്തൊരു പുഷ്പ പ്രദര്‍ശനം ....!
കണ്ടു മടങ്ങവേ ..കണ്ടു ഞാന്‍ ..
പാത വക്കില്ലൊരു ചെമ്പരുത്തി ......!
ശാലീന സുന്ദരി ..പരിഭവ കണ്ണുകള്‍ !!
നന്മകള്
പ്രിയ മിത്രമേ
ReplyDeleteഈ അടുത്തകാലത്ത് ഞാന്‍ ഒരു ബ്ലോഗ് തുടങ്ങീ ,ഈ മഹാന് തന്നെ ഉല്ഖാടനവും നടത്തി ...!!!
പിന്നെയാണ് ശ്രദ്ധിച്ചത് ....! തൊട്ടടുതെല്ലാം വലിയ വലിയ സൂപ്പര്‍ മാര്കെട്ടും,ഷോപ്പിംഗ് കംപ്ലെസും ...
മറ്റുമാണെന്നു ! അതിന്റെയൊക്കെ ഇടയില്‍ ഈ പെട്ടിക്കട , തുടക്കത്തില്‍ തന്നെ അകാല ചരമം പ്രതീക്ഷിച്ചു കഴിയുന്നു .
അതിന്റെ വീര ചരമം സംഭവിക്കുന്നതിന് മുന്‍പേ ...അവിടെ ഒന്ന് വരുമല്ലോ ...കൂട്ടുകാരെ കൂടി കൂട്ടിയാല്‍
ജന്മസഫലം നടക്കും .......
http://veluthanizhalukal.blogspot.com/
ശരിയ്ക്കും കൊതിപ്പിച്ചു വര്‍ഷിണി.. മാങ്ങാ ചമ്മന്തിയെന്ന് കേട്ടപ്പോള്‍ വായില്‍ വെള്ളം വന്നു.. ശ്രൂൂൂൂൂൂ.. മോരുകൊണ്ടുള്ള ഉഡായിപ്പ് വേലയൊക്കെ ഞാനും ചെയ്യാറുണ്ട് ഇവിടെ, സംഗതി വെരി ഫാസ്റ്റ് & ടേസ്റ്റി, കുറെ കാലം നാശാകാതെ ഇരിയ്ക്കും എന്നൊരു ഗുണവും ഉണ്ട്.. വെക്കേഷനിവിടെ ഏട്ടനും, ഏട്ടത്തിയും, കുഞ്ഞുങ്ങളും നാട്ടില്‍ പോകുമ്പോള്‍ ഞാനെന്റെ നളപാചകം പുറത്തേയ്ക്കെടുക്കും അതിലൊന്നാണ് മോര് പച്ചടി.. ഒരു മുറി തേങ്ങ രണ്ടു മൂന്നു പച്ചമുളകും, പിന്നെ ഒരു കഷണം ഇഞ്ചിയും ഇട്ടു നന്നായി അരച്ചെടുക്കുക, ഒന്നോരണ്ടോ സവാള ചെറുതായി അരിഞ്ഞ് ഒരു ലിറ്റര്‍ നന്നായി കടഞ്ഞ തൈരില്‍ എല്ലാ ചേരുവകളും ചേത്തിളക്കുക. അടുപ്പത്തല്പ്പം വെളിച്ചെണ്ണയില്‍ കടുകും, വേപ്പിലയും, അല്പം മഞ്ഞപ്പൊടിയും ചേര്‍ത്തു പൊട്ടിച്ച് ഇതിനു മുകളില്‍ തൂവുക.. സോറി, ഉപ്പിന്റെ കാര്യം പറയാന്‍ മറന്നു.. ഉപ്പിട്ട് ഉപയോഗിയ്ക്കാന്‍ കേട്ടോ.. പിന്നെ രണ്ട് പപ്പടം വറുത്തതും കൂടി നല്ല ചൂടുള്ള ചോറില്‍ പിടിപ്പിച്ചാല്‍ സംഗതി കെങ്കേമം.. വര്‍ഷിണി കൊച്ചുമുതലാളിയുടെ ഈ റെസീപ്പിയൊന്നു ട്രൈ ചെയ്ത് നോക്കൂ...
ReplyDeleteആഹാ കൊള്ളാലോ നളന്റെ വേലത്തരം...തീര്‍ച്ചയായും പരീക്ഷിയ്ക്കാം ട്ടൊ.. :)
ReplyDeleteചോന്ന പുഴുക്കല്ലരീടെ ഒരു പിടി ചോറും
ReplyDeleteഊട്ടാന്‍ ന്റ്റെ അമ്മേം..
എനിക്ക് ആ ഭാഗ്യം നഷ്ടപ്പെട്ടല്ലോ അമ്മ വച്ച രുചികരമായ ഭക്ഷണം കഴിക്കാന്‍ ബാല്യകാലം മാത്രമേ ഉണ്ടായുള്ളൂ.എന്തെങ്കിലും ഉണ്ടാക്കുമ്പോള്‍ ഒരു സംശയം ചോദിക്കാന്‍ പോലും ഒരാളും ഇല്ലാത്ത എനിക്ക് ഈ പോസ്റ്റ് ഒരുപാട് ഇഷ്ടായി.