Sunday, August 19, 2012

പെയ്തൊഴിയാൻ...!

എത്ര സുന്ദരവും മധുരവുമാണ് ഈ പ്രപഞ്ചം…!
പുഞ്ചിരിയോടെ പൊട്ടിവിടരുന്ന പുലരികളും, തുടുത്ത സന്ധ്യകളും, അടിവെച്ചകലുന്ന അന്തിച്ചുവപ്പും, ദിവ്യസൗന്ദര്യങ്ങളാണ്……!
അവയോട് നിയ്ക് അടങ്ങാത്ത ആവേശമാണ്
ആ പ്രപഞ്ചസൗന്ദര്യം എന്നെ തൊട്ടുണർത്താറുണ്ട്...
എന്നെ അത്ഭുതപ്പെടുത്തി ചോദിക്കാറുണ്ട്....
"നിനക്കു പെയ്തൊഴിയേണ്ടെ… ...?  നോവുകളും, ആലസ്യങ്ങളും, വിരഹവും, വീഴ്ത്തും നിരാശകളിൽ നിന്നും ഉയരേണ്ടെ..?"

- വിറക്കുന്ന ചുണ്ടുകളിലൂടെ ഒലിച്ചിറങ്ങുന്ന മിഴിനീർത്തുള്ളികളെ ഒപ്പിയെടുക്കാനായി എന്റെ ഇരുളിനു വെൺനിലാവായി കൂട്ടിരുന്ന എന്റെ ജീവത്തുടിപ്പിനു രണ്ടുവയസ്സു തികയുന്നു….
- എന്റെ 'പെയ്തൊഴിയാൻ' പിറന്നാൾ ആഘോഷിക്കുന്നു....!

പെയ്തൊഴിയാൻ സന്ദർശിക്കുന്ന എന്റെ പ്രിയരെ., 
ഈശ്വരൻ എന്നെ അമിതമായി സ്നേഹിക്കുന്നു എന്നതിനു സൂചനയാണു നിങ്ങളിലൂടെ ഞാൻ അനുഭവിക്കുന്ന സന്തോഷങ്ങൾ...

എന്റെ വരികൾക്കു ജീവൻ നൽകുന്ന ബാബുമാഷിനും...,  വലിയ വലിയ കവികളുടെ കവിതകൾക്കിടയിൽ  എന്റെ കവിതക്കും  സ്ഥാനം നൽകാറുള്ള പുലർകാലത്തിനും  ഹൃദയം നിറഞ്ഞ സ്നേഹം....

 ഈ സുദിനത്തിൽ മാഷിനായി ഒരു കുഞ്ഞു സ്നേഹോപഹാരം പെയ്തൊഴിയുവാനും പുലർക്കാലവും കൂടി ഒരുക്കിയിട്ടുണ്ട്..,
പെയ്തൊഴിയാനും പുലർക്കാലവും മനസ്സാൽ സ്വീകരിച്ച പ്രിയരേ,
“ ആർദ്രമൊഴികൾ“ എന്ന മാഷിന്റെ  കാവിതകൾ വരാൻ പോകുന്ന കവിതാ ലോകം കൂടി സ്വീകരിയ്ക്കുക നിങ്ങൾ... !
നന്ദി പ്രിയരെ…. പെയ്തൊഴിയാനിൽ ചിലവഴിച്ച ഓരോ നിമിഷങ്ങൾക്കും.

- പറഞ്ഞറിയിക്കാനാവാത്ത, അടക്കാനാവാത്ത മറ്റൊരു ആഹ്ലാദം കൂടി...

മലയാളസാഹിത്യത്തിൽ ആദ്യസംരംഭമായി, ഫെയ്സ് ബുക്കിലെ 'കവികളും കവിതകളും' എന്ന ഗ്രൂപ്പിലൂടെ കാവ്യസാന്നിധ്യം അറിയിച്ചു ശ്രദ്ധനേടിയ, നൂറ്റിഒന്നു കവികളുടെ മികച്ച രചനകൾ എ.ബി.വി.കാവിൽപ്പാട് എഡിറ്റ് ചെയ്ത് H&C പബ്ലിക്കേഷൻസ് പുറത്തിറക്കിയിരിക്കുന്നു.

ആ നൂറ്റിഒന്നു  പേരിൽ ഞാനും…, ന്റെ 'കിനാക്കൂട് 'എന്ന കവിതയും സ്ഥാനം പിടിച്ചിരിക്കുന്നു എന്ന സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നു.

എ.ബി.വി.കാവിൽപ്പാടിനോടുള്ള നന്ദിയും സ്നേഹവും കൂടി ഈ അവസരത്തിൽ ഞാൻ അറിയിച്ചുകൊള്ളട്ടെ…..



എൻ വൃന്ദാവനക്കോണിൽ കിളിർക്കുമീ
വേദനപൂക്കൾ പൊട്ടിച്ചിരിയ്ക്കവേ..

ആശതൻ നാമ്പുകൾ വീണ്ടും മുളയ്ക്കുന്നു
എനിയ്ക്കും നിനക്കും അറിയില്ലെന്ന നിറവിൽ..

രാമഴ തുള്ളികൾ കിനാക്കളായ് നെയ്ത്
മഞ്ഞിൻ താഴ്വരയിലുണർന്നേയിരുന്നു ഞാൻ..

 പൊൻ പുലരിയെൻ മിഴികളാകെ തഴുകി
കിനാക്കൾ കവർന്നു  മദിച്ചൊഴുകും സ്വപ്ന-
യാത്രയും തീർന്നു ഏറെ വിവശയായ് നിന്നു..

എങ്കിലുമെന്റെ അരികത്തു നീ വന്നു
സ്വപ്നങ്ങൾ പിന്നെയും നട്ടുവളർത്തുവാൻ..

സ്നേഹവാത്സല്ല്യങ്ങൾചുടുചുംബനങ്ങളായ്
നെറുകയിൽ മുദ്രയായ് ചാർത്തി നീ..

അപ്പോഴും പെയ്തൊഴിയാത്തൊരു കണ്ണുനീർതുള്ളിയിൽ
 നനവാർന്ന പ്രണയം കുതിർന്നേയിരുന്നു..

ആലസ്യമെൻ മിഴികളെ തഴുകി
നീ പാടാത്ത വരികളെ ഈണങ്ങളാക്കി..

മാനത്ത് പ്രണയം വിരിച്ച നിലാവെ
മിഴികളിൽ കര്‍പ്പൂരം ചാലിച്ച താരകെ..

ചൊടികളിൽ കൊലുസുമായ് എത്തുന്ന മോഹമേ
കൂടെയുണ്ടിപ്പോഴും വാലിട്ടെഴുതിയ
ഈറൻ നിനവുകൾഓര്‍ക്കുമീ ഗീതങ്ങൾ
 സാന്ദ്രമായ് ഒന്നിച്ച് മൂളിയിരിയ്ക്കുവാൻ..

 സ്നേഹാതിരേകമാം സ്പര്‍ശം ജ്വലിയ്ക്കുമീ
പ്രാണന്റെ ഭാരവും പേറി ഞാന്‍ ഇപ്പോഴും..

പെയ്തൊഴിയാൻ വെമ്പിനിൽക്കുന്ന മേഘമായ്
പെയ്തൊഴിയാൻ വെമ്പിനിൽക്കുന്ന മേഘമായ്

 നീയറിയൂ ഇനി പെയ്തൊഴിഞ്ഞീടണം
എനിയ്ക്ക് പെയ്തൊഴിഞ്ഞീടണം..
നീയറിയൂ ഇനി പെയ്തൊഴിഞ്ഞീടണം
എനിയ്ക്ക് പെയ്തൊഴിഞ്ഞീടണം....!






കവിത: പെയ്തൊഴിയാൻ
രചന: വര്‍ഷിണി
ആലാപനം: ബാബു മണ്ടൂര്‍

പെയ്തൊഴിയാൻ...CLICK HERE TO DOWNLOAD




39 comments:

  1. വിറക്കുന്ന ചുണ്ടുകളിലൂടെ ഒലിച്ചിറങ്ങുന്ന മിഴിനീർത്തുള്ളികളെ ഒപ്പിയെടുക്കാനായി ., ഇരുളിനു വെൺനിലാവായി , കൂട്ടിരുന്ന ജീവത്തുടിപ്പിനു രണ്ടുവയസ്സു തികയുന്നു….

    എഴുത്തിന്റെ പുതുവഴികൾ വെട്ടിത്തുറന്ന്, സ്വന്തമായൊരു ഭാഷ നിർമിച്ച ടീച്ചറുടെ ഏകാന്തമായ പ്രാർത്ഥനകളുടെ പങ്കുവെക്കലിന് രണ്ടു വർഷം തികയുന്നു. ആത്മസംഘർഷങ്ങളുടെ ഉപോൽപ്പന്നംപോലെ നിർമിക്കപ്പെടുന്ന സർഗാത്മകരചനകൾക്ക് സ്വാഭാവികതയുടെ തിളക്കമുണ്ടാവും, ഒട്ടും കൃത്രിമത്വമില്ലാതെ, സൗമ്യമായി ഒഴുകിയെത്തുന്ന ആ ഭാവപ്രവാഹം അനുവാചകനെ നവ്യമായൊരു അനുഭൂതിമണ്ഡലത്തിലേക്കാണ് കൂട്ടിക്കൊണ്ടുപോവുന്നത്……

    ഈ സപര്യ തുടരുക …….
    ഞങ്ങളേവരുടേയും പ്രാർത്ഥനകൾ….

    ബാബുമാഷിന്റെ ആലാപനം ടീച്ചറുടെ കവിതകളെ പുതിയൊരു ഭാവതലത്തിലേക്ക് ഉയർത്തുന്നു. അനിലിന്റെ പുലർകാലത്തിലൂടെ ആ കവിതകൾ ശ്രവ്യമധുരമായി പുനർജനിക്കുന്നു. മാഷിനും, അനിലിനും അഭിനന്ദനങ്ങൾ….

    പുതിയ പുസ്തകം പുറത്തിറങ്ങി എന്നറിയുന്നത് ഏറെ സന്തോഷം നൽകുന്നു. കൂടുതൽ വിപുലമായൊരു വായന ആവശ്യപ്പെടുന്നതാണ് ടീച്ചറുടെ സർഗാത്മക രചനകൾ. അഭിനന്ദനങ്ങൾ….

    ReplyDelete
  2. എന്‍റെയും പിറന്നാള്‍ ആശംസകള്‍..!!

    വര്‍ഷിണിയുടെ ഈ വജയങ്ങളിലെല്ലാം ഹൃദയം നിറഞ്ഞ സന്തോഷം...!


    ഇനിയും ഒരുപാട് പെയ്തൊഴിയാനും , ആ അക്ഷരമഴയില്‍ നനയാനും ദൈവം അനുഗ്രഹിക്കട്ടെ..

    ReplyDelete
  3. "പാടാതിരിയ്ക്കുവാനാവില്ലെനിയ്ക്കെന്‍റെ
    നിനവില്‍ നിലാവു പെയ്യുമ്പോള്‍..."

    ...ആലസ്യമെന്‍ മിഴികളെ തഴുകി
    നീ പാടാത്ത വരികളെ ഈണങ്ങളാക്കി...

    പ്രിയവര്‍ഷിണീ, നീയറിയുകയിന്നീ-
    'പെയ്തൊഴിയാന്‍'എന്‍റെയുമല്ലയോ...!!!

    ReplyDelete
  4. എത്ര സുന്ദരവും, മധുരവുമാണ് ഈ നിമിഷം..!
    പെയ്തൊഴിയാനിലെ കഥകളും, കവിതകളുമെല്ലാം അച്ചടിമഷി പുരളുവാന്‍ കാത്തു കിടക്കുന്നു.
    പെയ്തൊഴിയാന്റെ പിറന്നാള്‍ സമ്മാനമായി ചെയ്ത ‘പെയ്തൊഴിയാന്‍’ എന്ന കവിത ഈ ദിവസം വരെ കാത്തുനില്‍ക്കുവാനുള്ള ക്ഷമ എനിയ്ക്കുണ്ടായില്ല! മാഷിന്റെ ആലാപനവും, കവിതകളും ‘ആര്‍ദ്രമൊഴികളിലൂടെ’ ഒരുപാട് പേരിലേയ്ക്കേത്തട്ടെ! ഈ സുദിനത്തില്‍ തന്നെ ‘കിനാക്കൂടും’ പുറത്തിറങ്ങുന്നു എന്നുള്ളത് ഏറ്റവും വലിയ സന്തോഷമുണ്ടാക്കുന്നു..!

    സ്നേഹമഴ
    ബാബു മണ്ടൂര്‍
    --------------
    “പുലരിമഴയായ്,
    നിത്യ സ്നേഹമഴയായി
    പെയ്തു നിറയുന്നു നീ വര്‍ഷിണി!
    ഏകാന്ത ചിന്തയില്‍ തെളിയുന്ന കാവ്യങ്ങള്‍
    ഹൃദയത്തില്‍ നീ വരയ്ക്കുന്നു..
    ഇന്നെന്നില്‍ മഴവില്ലുപോല്‍ പടര്‍ത്തുന്നു
    എന്തിനോ കണ്ണുനീര്‍ നിറയുന്ന നേരവും
    പുഞ്ചിരിപ്പൂ കൊരുക്കുന്നു
    ജനലിലൂടെ എത്തിനോക്കുന്ന
    വള്ളിപ്പര്‍പ്പാര്‍ദ്രയായ് നോക്കിനില്‍ക്കുന്നു
    നിന്മിഴിയെന്നെയും തഴുകുന്നു മെല്ലെ..
    ഉള്ളിന്റെയുള്ളിലൂടെയൂടുവഴികള്‍ താണ്ടി
    എത്രയോ ദൂരം നടന്നു
    വാക്കിന്റെ സൌഗന്ധികപ്പൂ തരുന്നു
    ഗ്രാമീണ ജീവിത വിശുദ്ധികള്‍ പാടി നീ
    മനസ്സില്‍ കിനാക്കൂടു തീര്‍ത്തു
    പൂക്കളെ, പൂമ്പാറ്റയെ, കിളിക്കൊഞ്ചലാം-
    പൈതങ്ങളെ ചേര്‍ത്തു നിര്‍ത്തി
    നെറുകയിലുമ്മവെച്ചുമ്മവെച്ചവരെ നീ
    നിര്‍മ്മലാനന്ദ മറിയിപ്പൂ
    സമാനഹൃദയങ്ങള്‍ക്ക് നിന്‍ ഹൃദയസാനുവില്‍
    അനുപമ രാഗം കൊളുത്തി
    ഇനിയും പകര്‍ത്തുക ജീവിതഭാവങ്ങള്‍
    കനവിന്റെ വിരലുകളോന്നി
    ഇന്നു നിന്‍ ജന്മദിനത്തില്‍ ഞാന്‍ നല്‍കുന്നു
    അക്ഷരപൂക്കള്‍തന്‍ സ്നേഹം
    അണയാത്ത സൌഹൃദാശംസതന്‍ ദീപം”

    ReplyDelete
  5. പിറന്നാള്‍ ആശംസകള്‍.
    ടീച്ചര്‍ക്ക്‌ ജീവിതത്തില്‍ ഇനിയുമിനിയും കൂടുതല്‍ കൂടതല്‍ വിജയവും,സന്തോഷവും ഉണ്ടാവാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ....... എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്...

    ReplyDelete
  6. പിറന്നാള്‍ ആശംസകള്‍,,,,

    ReplyDelete
  7. പെയ്തൊഴിയാൻ വെമ്പിനിൽക്കുന്ന മേഘമായ്

    നീയറിയൂ ഇനി പെയ്തൊഴിഞ്ഞീടണം
    എനിയ്ക്ക് പെയ്തൊഴിഞ്ഞീടണം..


    കവിത വായിച്ചു. ആലാപനവും കേട്ടു. മനോഹരം.
    പെയ്യുക മേഘമേ..ഈ തണുത്ത കാറ്റത്തു നീ ഇനിയും തിമിര്‍ത്തു പെയ്യുക. സാന്ത്വനത്തിന്റെ സ്നേഹ മഴകളായി പെയിതൊഴിയുക. പിന്നെ വീണ്ടും ഘനീഭവിക്കുക. മറ്റൊരു സ്നേഹ മഴക്കായി.

    രണ്ടല്ല, ഒരു പാട് ഒരു പാട് വാര്‍ഷികങ്ങള്‍ ആഘോഷിക്കാന്‍ കഴിയട്ടെ.. എന്നാശംസിക്കുന്നു.

    ReplyDelete
  8. പിറന്നാള്‍ ആശംസകള്‍

    ഈ ബ്ലോഗ്ഗിന്റെ ഒരു വായനക്കാരനായി എന്നും കൂടെയുണ്ടാകും. എഴുത്തില്‍ ടീച്ചര്‍ അനുവര്‍ത്തിച്ചു പോരുന്ന ആ പ്രത്യേക ശൈലി വിനു ടീച്ചര്‍ക്ക് മാത്രം സ്വന്തം. എഴുത്ത് തുടരുക

    ആശംസകള്‍

    ReplyDelete
  9. ഒടുവില്‍ ഞാനുമിവിടെത്തുന്നു…
    ഒരു ചാറ്റല്‍ മഴ പോലെ..
    ബ്ലോഗ്ഗിന്റെ നിറമറിഞ്ഞ്….
    വര്‍ണ്ണങ്ങളുടെ മിഴിവറിഞ്ഞ്…
    വരികളിലെ പ്രണയമറിഞ്ഞ്.

    സ്നേഹത്തോടെയുള്ള പിറന്നാള്‍ ആശംഷകള്‍ നേരുന്നു ഞാനും.

    മനു..

    ReplyDelete
  10. കേള്‍ക്കുമ്പോള്‍ കൂടുതല്‍ സൌന്ദര്യം.
    പിറന്നാള്‍ ആശംസകള്‍.

    ReplyDelete
  11. ഒരുപാട് ഭാവങ്ങളില്‍ ഇനിയും പെയ്തൊഴിയാന്‍ ആകട്ടെ എന്റെ പ്രിയ മഴയ്ക്ക്‌...എന്റെ പുലരികളെ സ്നേഹ മഴയായി തൊട്ടുണര്‍ത്തുന്ന നിന്നോട് മറ്റെന്തു ചൊല്ലുവാന്‍ സഖീ...കവിത വായിച്ചു...ആലാപനം കേള്‍ക്കാന്‍ ആയില്ല .എങ്കിലും ഒരുപാടിഷ്ടമായി വരികള്‍...മഴപോലെ നിറഞ്ഞു നില്‍ക്കട്ടെ....ചിന്തകള്‍ ...സ്വപ്‌നങ്ങള്‍....വരികലായ്‌ പൂത്തു വിടരട്ടെ എന്നെന്നും...അതിന്റെ സൌരഭ്യം ആസ്വദിക്കാന്‍ ഭാഗ്യം ലഭിക്കട്ടെ എനിക്കും....സന്തോഷം പ്രിയേ....

    ReplyDelete
  12. പ്രീയ വര്‍ഷിണിക്ക് ..
    ഹൃദയത്തില്‍ നിന്നും സ്നേഹാദരങ്ങളൊടെ
    നേരുന്നു ഈ മഴകുളിരിന് പിറന്നാള്‍ ആശംസ്കള്‍...
    ആദ്യമേ വായിക്കാറുണ്ട് വര്‍ഷിണിയേ ...
    സ്വയം രൂപപെടുത്തിയ വേറിട്ട ശൈലിയിലൂടെ ...
    പെയ്തൊഴിഞ്ഞ് പൊകാതെ , നിറഞ്ഞ് , നിറഞ്ഞ്
    ഞങ്ങളുടെ മനസ്സുകളില്‍ മഴയുടെ പല ഭാവങ്ങളും
    അവളുടെ നിഗൂഡമാം സ്പര്‍ശവും പടര്‍ത്തി
    എന്നുമുണ്ടാകുവാന്‍ , പ്രാര്‍ത്ഥനയോടെ ...
    സ്നേഹപൂര്‍വം

    ReplyDelete
  13. പെരുന്നാള്‍ ദിനത്തില്‍ രണ്ടാം പിറന്നാള്‍ അല്ലേ.
    സന്തോഷം. അഭിനന്ദനങ്ങള്‍ .
    എഴുത്തിന്‍റെ ലോകത്ത് കൂടുതല്‍ പ്രചോദനമായി ആ ബുക്കും മാറട്ടെ.
    സ്നേഹാശംസകള്‍

    ReplyDelete
  14. "സൗഭാഗ്യവതീ ഭവ:" എല്ലാവിധ ആശംസകളും.പ്രപഞ്ച സൗന്ദര്യത്തിന്റെ ഭാവകല്പനകളില്‍ ഇനിയുമിനിയും നിറപ്രഭയോടെ വര്‍ഷിക്കട്ടെ 'വര്‍ഷിണി'എന്ന ഈ അക്ഷരവസന്തം !!ഭാവുകങ്ങള്‍ -വീണ്ടും വേണ്ടും!

    ReplyDelete
  15. മഴയെ സ്നേഹിക്കുന്ന പെണ്‍കുട്ടീ,നമ്മള്‍ മഴത്തുള്ളികള്‍ എന്ന കമ്യൂണിറ്റി സൈറ്റിലൂടെയാണ് പരിചയപ്പെടുന്നത്. അന്നു മുതല്‍ ഇന്നു വരെ പെയ്തിട്ടും തീരാത്ത ആ മഴ ഇപ്പോള്‍ കവിതയായി അച്ചടി മഷിയും പുരണ്ടുവെന്നറിഞ്ഞതില്‍ സന്തോഷം. ബൂലോകത്തെ ഈ പിറന്നാള്‍ സുദിനത്തില്‍ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. കവിത എമ്പഡ് ചെയ്തത് കാണാതയപ്പോള്‍ ഞാന്‍ ഡൌണ്‍ ലോഡ് ചെയ്തു വെച്ചിട്ടുണ്ട്. സാവകാശം കേള്‍ക്കട്ടെ.

    ReplyDelete
  16. സന്തോഷം
    ഇഷ്ടം
    സ്നേഹം
    കൂട്ട്
    ഇതെല്ലാമായി ഞാനുമുണ്ട് കൂടെ
    ആശംസകള്‍

    ReplyDelete
  17. പിറന്നാൾ ആശംസകൾ !

    ഹൃദയാക്ഷരങ്ങളിൽ അച്ചടി മഷി പുരണ്ടതിലും

    ReplyDelete
  18. പെയ്തൊഴിയാന് ആശംസകള്‍..
    കവിത പുലര്‍ക്കാല കവിതകളില്‍ നിന്ന് കേട്ടിരുന്നു..
    അഭിനന്ദനങ്ങള്‍!

    ReplyDelete
  19. മനോഹരമായി എഴുതിയ വരികള്‍
    ശബ്ദമാവുമ്പോള്‍ കൂടുതല്‍ മോഹനമാവാതെ തരമില്ല.
    ആവര്‍ത്തിച്ചു കേട്ടു. ഇനിയും പെയ്തിറങ്ങട്ടെ.

    ReplyDelete
  20. സന്തോഷം പരത്തിക്കൊണ്ട് പെയ്തൊഴിയുന്ന ജീവമേഘമായ് മാറാൻ എല്ലാവിധ ആശംസകളും.

    ReplyDelete
  21. കൂടുതല്‍ ഉയരങ്ങളില്‍ വിരാജിക്കാനാവട്ടെ..പിറന്നാള്‍ ആശംസകള്‍

    ReplyDelete
  22. ആശംസകള്‍ വര്‍ഷൂ...
    എഴുത്ത് തുടരുക.

    ReplyDelete
  23. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  24. പിറന്നാള്‍ സമ്മാനായൊരുചെറുപുഞ്ചീരീം :)
    ആശംസോളും

    ReplyDelete
    Replies
    1. ദൈവേ...ദാണ്ട് പിന്നേം ചെറുത്

      വല്ലപ്പഴുമൊക്കെ കാണണത് വല്യ സന്തോഷാ ചെറുതേ.....

      Delete
  25. വരികള്‍ നല്ല ഈണത്തില്‍ മനോഹരമായിരിക്കുന്നു ചൊല്ലിയ ആള്‍ക്കും എഴുതി ആള്‍ക്കും ആശംസകള്‍

    ReplyDelete
  26. ഇനിയുമിനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താന്‍ എന്‍ പ്രിയസഖിക്ക് കഴിയട്ടെ...

    ReplyDelete
  27. - വിറക്കുന്ന ചുണ്ടുകളിലൂടെ ഒലിച്ചിറങ്ങുന്ന മിഴിനീർത്തുള്ളികളെ ഒപ്പിയെടുക്കാനായി എന്റെ ഇരുളിനു വെൺനിലാവായി കൂട്ടിരുന്ന എന്റെ ജീവത്തുടിപ്പിനു രണ്ടുവയസ്സു തികയുന്നു….
    - എന്റെ 'പെയ്തൊഴിയാൻ' പിറന്നാൾ ആഘോഷിക്കുന്നു....!

    ആസംസകൾ ടീച്ചറേ,ഒരുപാടാശംസകൾ.

    ReplyDelete
  28. കവിത വായിച്ചു..കഥയായാലും കവിതയായാലും അക്ഷരങ്ങള്‍ വര്‍ഷിണിയുടെതാകുംപോള്‍ നല്ല ചന്തം. ആശംസകള്‍.. .., കൂടെ ഓണാശംസകളും...

    ReplyDelete
  29. പിറന്നാള്‍ ആശംസകള്‍ ടീച്ചര്‍, ഇനിയും നിരവധി വര്‍ഷങ്ങള്‍ പെയ്ത്‌ തീരാന്‍ ടീച്ചര്‍ക്ക്‌ കഴിയട്ടെ, നൂറ്റൊന്നു കവിതകളുടെ ഇടയില്‍ സ്ഥാനം ലഭിച്ച ആ കവിതക്ക്‌ ഈ അസുലഭ നിമിഷത്തില്‍ അഭിനന്ദനങ്ങള്‍ ... പുതിയ രചനകളും പ്രയോഗങ്ങളുമായി ഈ ബൂലോകത്ത്‌ എന്നും ടീച്ചര്‍ ഉണ്‌ടാവട്ടെ എന്നാശംസകളോടെ

    ReplyDelete
  30. സുപ്രഭാതം പ്രിയരേ..

    ഈ സ്നേഹങ്ങള്‍ ...അതു മാത്രമാണെന്നെ പിന്തുണയ്ക്കുന്നത്..
    നിങ്ങളില്‍ ഒരുവളായി ഈ സ്നേഹ ബഹുമാനങ്ങള്‍ കൈപ്പറ്റി എന്നും ഇതു പോലെ ....
    അതാണെന്‍റെ പ്രാര്‍ത്ഥന....നന്ദി പ്രിയരേ...!

    ReplyDelete
  31. കുറേയായി ഈ വഴിക്കൊക്കെ വന്നിട്ട്.
    ബ്ലോഗിന് രണ്ട് വയസ്സ് പിന്നിടുന്നതിന് എന്റെ ആശംസകൾ.
    ഒപ്പം കവിത അച്ചടി മഷി പുരണ്ടതിന് അഭിനന്ദനങ്ങളും.

    ReplyDelete
  32. പ്രിയ ടിച്ചര്‍
    വര്‍ഷങ്ങളായി പെയ്തിറങ്ങാന്‍ ഋതുഭേതങ്ങള്‍ തുണയാകട്ടെ...

    സിബി ഇലവുപാലം

    ReplyDelete
  33. രാമഴ തുള്ളികൾ കിനാക്കളായ് നെയ്ത്
    മഞ്ഞിൻ താഴ്വരയിലുണർന്നേയിരുന്നു ഞാൻ
    ആർദ്രമായ് തൊട്ടു തലോടും ഇളം തെന്നലിൻ ശ്രുതികളിൽ
    കാതിലാരോ മധുര ഗീതങ്ങൾ ഈണത്തിൽ മൂളി..

    നാളെ മൂന്നാം പിറന്നാൾ ആഘോഷിയ്ക്കുന്ന പെയ്തൊഴിയാനും, വർഷിണിയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു...

    മാനത്ത് പ്രണയം വിരിച്ച നിലാവേ
    മിഴികളിൽ കര്‍പ്പൂരം ചാലിച്ച താരകെ..
    ചൊടികളിൽ കൊലുസുമായ് എത്തുന്ന മോഹമേ
    കൂടെയുണ്ടിപ്പോഴും വാലിട്ടെഴുതിയ
    ഈറൻ നിനവുകൾ ഓര്‍ക്കുമീ ഗീതങ്ങൾ
    സാന്ദ്രമായ് ഒന്നിച്ച് മൂളിയിരിയ്ക്കുവാൻ..

    ReplyDelete
  34. പിറന്നാൾ ആശംസകൾ

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...