Friday, March 18, 2011

വിചാരണ..


നിഴലെന്നു വെച്ചാല്‍ എന്താമ്മേ..?
എട്ടു വയസ്സുകാരന്‍ വിച്ചൂന്‍റെ ചോദ്യം..
എപ്പഴും എന്നെ വേട്ടയാടുന്ന, തട്ടിയുണര്‍ത്തുന്ന ആ നിഴല്‍ രൂപാണ് മനസ്സില്‍ തെളിഞ്ഞത്..
പക്ഷേ അവനുണ്ടോ എന്റ്റെ പ്രാന്തുകള്‍ പറഞ്ഞാല്‍ മനസ്സിലാവുണൂ..
നിഴലെന്നു വെച്ചാല്‍‍…
നിഴലിനെ കുറിച്ച് അമ്മേടെ മോന്‍ എന്താ അറിയാ..?
ഒരു ചോദ്യത്തിന്‍ മറു ചോദ്യം,ഇഷ്ടല്ലാത്തതാണ്..പക്ഷേ, ഇപ്പൊ ആ രൂപത്തില്‍ നിന്നൊരു മോചനം..അതിന്‍ ഇതേ തരമുള്ളൂ..
അവന്‍ തലയാട്ടിയും തല ചൊറിഞ്ഞും ആ കൊച്ചു തലയ്ക്കുള്ളില്‍ ശേഖരിച്ച് കൂട്ടിയിരിയ്ക്കണ അറിവുകള്‍ അതേ പടി വിളമ്പാണ്..
ഇതെല്ലാം മോന്‍ എങ്ങനേയാ അറിഞ്ഞേ..?
കൌതുകം തോന്നി അവന്‍റെ വിശദീകരണങ്ങള്‍ കേട്ടപ്പോള്‍..
അതമ്മേ..മോന്‍റെ ടീച്ചറും പിന്നെ മോന്‍റെ കൂട്ടുകാരും പറഞ്ഞതാമ്മേ..
മുറിയ്ക്കകത്തെ ലൈയ്റ്റ് അണപ്പിയ്ക്കുന്നതിന്നിടെ അവന്‍ കൊഞ്ചി.
പിന്നെ മെഴുകുതിരി വെട്ടത്തില്‍ കൈത്തണ്ട വെച്ചും വിരലുകള്‍ കൊണ്ടും കുഞ്ഞു രൂപങ്ങള്‍  ഉണ്ടാക്കി കാണിച്ച് ഓരോന്നിനെ കുറിച്ചും വിവരിച്ചോണ്ടിരുന്നൂ..
നിഴലിനെ കുറിച്ച് അവന്‍ ഒരുപാട് അറിഞ്ഞു കഴിഞ്ഞിരിയ്ക്കുണൂ..ഇനി അവന്‍ അമ്മയില്‍ നിന്നറിയാനായി ഒന്നും ഇല്ലാ..
അവന്‍ തുടര്‍ന്നു കൊണ്ടേ ഇരിയ്ക്കാണ്..
താത്പര്യമുള്ള ഒരു വിഷയം കിട്ടിയാല്‍ അവന്‍ അതില്‍ പിടിച്ചു കേറി കൊള്ളും,
ങാ..അവനെ എന്തിന് പറയുന്നൂ..ഞാനും അങ്ങനെയാ..വായ് തോരാതെ  സംസാരിച്ചോണ്ടിരിയ്ക്കും, എന്തിനെ കുറിച്ചും..
പഠിയ്ക്കണ കാലത്ത് ഞാന്‍ പറയണത് കേട്ടോണ്ടിരിയ്ക്കാനൻ കൂട്ടുകാരികള്‍ക്കും നല്ല ഇഷ്ടായിരുന്നൂ..
വിച്ചൂന്‍റെ അച്ഛനുമതെ,….ഇപ്പഴില്ലാ..
ഇപ്പഴ്….ഒന്ന് നിര്‍ത്തുണുണ്ടോന്ന് കണ്ണ് തുറിപ്പിച്ച് നോക്കും, അപ്പഴയ്ക്കും ഞാന്‍ നിര്‍ത്തും, എന്തിനാ വെറുതെ..

മോന്‍  സംസാരിച്ചോണ്ടങ്ങനേ ആ മെഴുകുതിരി വെട്ടത്തില്‍ ഉറങ്ങിപോയി.
പാവം, ഇപ്പൊ അമ്മ കുട്ടിയായിരിയ്ക്കുണൂ..

പ്രണയമെന്ന പെരുവെള്ള പാച്ചലില്‍ കെട്ടിപ്പടുത്ത നാലു ചുവരുകള്‍ക്കുള്ളില്‍ ഒരു പണ തൂക്ക താലിയില്‍ കൊരുത്ത രണ്ടാത്മാക്കളും, അവര്‍ക്കിടയിലെ എട്ടു വയസ്സുകാരനും..പത്തു വര്‍ഷത്തെ ദാമ്പത്യ ജീവിതം ഒറ്റ വരിയില്‍..
ഒരു പ്രണയകാലത്തിന്‍റെ ഔദാര്യം..


ഉറക്കം കിട്ടുന്നില്ലാ.. തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി..ഊഹും, ഇല്ലാ…എന്നത്തേയും പോലെ തന്നെ ഇന്നും ആ  നിഴല്‍ ചുറ്റി പുണരുന്ന പോലെ..വലിഞ്ഞു മുറുക്കുന്നൂ..ശ്വാസം മുട്ടിച്ച് ഇറുക്കുന്നൂ..
അറിയാതെ ചുമച്ചു പോയി, തൊണ്ട വരളുന്നു..മോന്‍റെ കൈകള്‍ മാറ്റി ഭിത്തിയിലോട്ട് തിരിഞ്ഞ് കിടന്നൂ..
അതാ അവന്‍, ആ നിഴല്‍..ഇപ്പോഴവനെ വളരെ വ്യക്തമായി കാണാം..
എന്തൊരു അഹങ്കാരമാണ് ആ മുഖത്ത്,
അഹന്തയോടെ കാലിന്മേല്‍ കാല്‍ കയറ്റി വെച്ച് പരിഹാസ ചുണ്ടുകള്‍ കോട്ടുന്നൂ..
ആ കണ്ണുകളിലെ തിളക്കം കണ്ടില..അത് ഈ കണ്ണുകളിലെ ഉറക്കം കെടുത്തുന്നതിന്‍റെ പ്രകാശമാണ്..
അസഹ്യമയി തോന്നുന്നൂ, വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍..
ഇരമ്പുന്ന ഫാനിന്‍റെ ശബ്ദത്തില്‍ നല്ല പോലെ കേള്‍ക്കാനാകാം അവന്‍റെ ശബ്ദമില്ലാത്ത സ്വരം..
നീ തോറ്റിരിയ്ക്കുന്നൂ..
പൂര്‍വ്വാധികം ശക്തിയോടെ ഞാന്‍ നിന്നില്‍ പ്രവേശിക്കാന്‍ പല വട്ടം ശ്രമിച്ചു,
പക്ഷേ നിന്നിലെ പ്രണയത്തിന്‍റെ നിറം മങ്ങിയിരിയ്ക്കുന്നൂ..
 എന്‍റെ ഓരോ വിരല്‍ സ്പര്‍ശനത്തിലും സ്വപ്ന സാമ്രാജ്യം കെട്ടിപ്പടുത്തിയിരുന്ന നിന്നില്‍ ഇപ്പോള്‍ ഞാന്‍ എന്ന വികാരം അന്യമായിരിയ്ക്കുന്നൂ..
പ്രണയമെന്ന വികാരം അസ്തമിച്ചിരിയ്ക്കുന്നൂ..
എന്നെ കൈവെടിയരുതേ എന്ന് യാചിച്ചിരുന്ന നാളുകളെ നീ കുഴിച്ചു മൂടിയിരിയ്ക്കുന്നൂ..
ഈ കണ്ട നാളുകള്‍ ഞാന്‍ നിനക്കു വേണ്ടി പൊരുതി, ഇനി വയ്യാ..
നീ നിനക്കു ചുറ്റും സ്വയം എടുത്തണിഞ്ഞിരിയ്ക്കുന്ന വെറുപ്പെന്ന ആവരണത്തെ എടുത്ത് ദൂരേയ്ക്കെറിയൂ..സ്വയം മോചിതയാകൂ, ആ കവചത്തില്‍ നിന്നും..
ആ നിഴല്‍ അട്ടഹസിയ്ക്കുകയാണ്..
അവന്‍റെ കണ്ണുകളില്‍ ചോര പൊടിയും പോലെ, ക്രമേണ തീ ജ്വാലകളായി ആളി കത്തും പോലെ..
ഭീതിയാല്‍ ചുറ്റും നോക്കി..
മോന്‍ സുഖ നിദ്രയില്‍, ..ആ കുഞ്ഞു മുഖത്ത് പുഞ്ചിരി വിരിയുന്നൂ..
അച്ഛാ, മോനൂന്‍ കളിപ്പാട്ടം കൊണ്ട് എപ്പഴാ വരാമോനൂനെ പാര്‍ക്കിലും, സിനിമയ്ക്കുമൊക്കെ കൊണ്ടു പോകില്ലേ..അവന്‍ തലയാട്ടി പിറുപിറുക്കുന്നൂ
പാവം എന്റ്റെ മോന്‍, അവന്‍റെ മനസ്സില്‍  സമ്മാനങ്ങളുമായി ഓടി വരുന്ന അച്ഛന്‍ മാത്രേ ഉള്ളൂ..

ആ കുഞ്ഞു മനസ്സിന്‍റെ സങ്കടം എനിയ്ക്കു അറിയാന്‍ കഴിയുന്നിലല്ലോ ദൈവമേ..
എന്റ്റെ കുഞ്ഞിനു വേണ്ടി നിയ്ക്ക് എന്തു ചെയ്യാനാകും..മനസ്സ് പിടയ്ക്കുന്നൂകൈ കാലുകള്‍ തളരുന്നൂ..ദാഹിയ്ക്കുന്നൂ..
ഈശ്വരാ, കിടന്നിടത്തു നിന്ന് എണീയ്ക്കാന്‍ ആകുന്നില്ലല്ലോ..
അതെ, എനിയ്ക്കാ ആവരണത്തെ ഊരി കളയണംഓരോ നിമിഷവും എന്നെ ചുറ്റി മുറുക്കന്ന അവനില്‍ നിന്നും മോചിതയാകണം..
ഏകാന്തതയില്‍ എന്നെ കീഴ്പ്പെടുത്താന്‍ ശ്രമിയ്ക്കുന്ന ആ രൂപത്തെ, നിഴലിനെഎന്‍റെ ചൊൽപ്പടിയില്‍ കൊണ്ടു വരണം..
എന്‍റെ പ്രണയത്തെ തിരിച്ചു പിടിയ്ക്കണം..
എന്തിന്
ഈ നാല്‍ ചുവരുകള്‍ക്കുള്ളില്‍ സന്തോഷം വിതറാന്‍

പുറത്ത് രാമഴ അരങ്ങേറുന്നൂ
മുറ്റത്തെ നനവിലോട്ട് ഒന്നിറങ്ങി നിന്നു..
ഞാനറിയാതെ എന്‍റെ മുഖത്ത് വന്നു തലോടിയ ആ മഴത്തുള്ളികള്‍ നീര്‍ ചാലുകളായി ഒലിച്ചിറങ്ങുന്നൂ..
ഈ മഴ രാപകലില്ലാതെ പെയ്തിരുന്നെങ്കില്‍.
ഞാന്‍  കരയുന്നത് എന്‍റെ മകന്‍ കാണാതിരിയ്ക്കാന്‍, ഒരു പ്രാര്‍ത്ഥന..!

24 comments:

  1. ഒടുവില്‍ ഒരു മഴ അവളില്‍ പ്രണയമായ് പെയ്തു നിറഞ്ഞു എന്ന് വിചാരിക്കട്ടെ ...!
    നാലു ചുവരുകള്‍ക്കുള്ളിലെ അവളുടെ നിരാശ്രയദുഃഖങ്ങള്‍ ആ പ്രവാഹത്തില്‍ അലിഞ്ഞു തീര്‍ന്നു എന്നും .........
    നന്നായി എഴുതീട്ടോ ..
    അഭിനന്ദനങ്ങള്‍ .......

    ReplyDelete
  2. എനിക്കിഷ്ടപ്പെട്ടു കഥയുടെ ഒഴുക്കും താളവും.......വര്‍ഷിണിയുടെ മറ്റു കഥകളില്‍ നിന്നും വിത്യസ്തം.... ആദ്യത്തെ കമന്റിനു താഴെ എന്റെ വലിയ ഒരു ഒപ്പും..

    ReplyDelete
  3. 'ഞാന്‍ കരയുന്നത് എന്‍റെ മകന്‍ കാണാതിരിയ്ക്കാന്‍'

    ഈ അമ്മയെ ശരിക്കും മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്........

    ReplyDelete
  4. ഞാന്‍ കരയാതിരിക്കുന്നത് എന്റെ മകന്‍ കാണാന്‍ ...

    ReplyDelete
  5. അവളില്‍ ആശ്വാസത്തിന്‍റെ , സാന്ത്വനത്തിന്റെ ആ മഴത്തുള്ളികള്‍ നിര്‍ത്താതെ പെയ്യാന്‍ എന്‍റെയും പ്രാര്‍ത്ഥന..!!!

    നല്ല എഴുത്ത്.....
    തുടരട്ടെ ഈ അക്ഷരമഴ..!!!
    ആശംസകള്‍ ...

    ReplyDelete
  6. ഇഷ്ടമായി ഒത്തിരി.

    ReplyDelete
  7. കഥാപാത്രത്തിന്റെ മനസ്സിലെ വികാരങ്ങള്‍ അതേ പടി പകര്‍ത്തുക എന്നത് ശ്രമകരമാണ്.വര്‍ഷിണിക്കതിന് കഴിഞ്ഞിരിക്കുന്നു. ഇനിയും എഴുതുക.ആശംസകള്‍!!

    ReplyDelete
  8. ഒരുപാട് ഒരുപാട് ഇഷ്ടമായി.കഥയാണെന്ന് വായിച്ചു തീർന്നപ്പോഴാണു ഓർത്തത്.

    ReplyDelete
  9. കൊള്ളാം.. നിഴലും നിലാവും പിന്നെയൊരു തുള്ളി കണ്ണുനീരും.

    ReplyDelete
  10. നന്നായെഴുതി ..
    അഭിനന്ദനങ്ങള്‍....!!

    പിന്നെ ബാക്ഗ്രൌണ്ട് & ഹെഡര്‍ വളരെ വളരെ മനോഹരമായിട്ടുണ്ട്..!!
    സന്തോഷം തോന്നുന്നു ഇതു കാണുമ്പോള്‍..!!
    കളര്‍ഫുള്‍ ബ്ലോഗ്.........!!
    അഭിനന്ദനങ്ങള്‍..!!!

    ReplyDelete
  11. നല്ലകഥ.
    ഒരുപാട് തലങ്ങളിലൂടെ സഞ്ചരിച്ച് നല്ല ഭാവനയിലൂടെ അവസാനിക്കുന്നു.
    ഇഷ്ടപ്പെട്ടു വര്‍ഷിണി

    ReplyDelete
  12. പ്രണയത്തിന്റെ തിരിച്ച് വരവിനായി കാത്തിരിക്കുന്ന വേദന സുന്ദരമായി പറഞ്ഞിരിക്കുന്നു. തുള്ളിതുള്ളിയായി വീഴുന്ന മഴത്തുള്ളികളില്‍ എല്ലാം ഒലിച്ചിറങ്ങി തെളിച്ചം പടരട്ടെ.
    നല്ലെഴുത്ത്.

    ReplyDelete
  13. ഒരു പൊതു കഥാതന്തു നന്നായി അവതരിപ്പിച്ചിരിക്കുന്നു.
    വരികളിലൂടെ കഥാപാത്രത്തിണ്റ്റെ വേദനകള്‍ വായിക്കുന്നവറ്‍ക്കും അനുഭവിക്കാന്‍ കഴിയുന്നത്‌ എഴുത്തുകാരിയുടെ മിടുക്ക്‌.

    "അവണ്റ്റെ ശബ്ദമില്ലാത്ത സ്വരം" ....ഇവിടൊരു തിരുത്തല്‍ നല്ലാതാണ്‌.

    മുറ്റത്തെ രാമഴയിലേക്ക്‌ ഇറങ്ങിനില്‍ക്കുന്നതും, കണ്ണീരുമായി ചേര്‍ന്നൊഴുകുന്ന മഴത്തുള്ളികളും, ഈ മഴ രാപകലില്ലാതെ പെയ്തിരുന്നെങ്കില്‍ എന്ന പ്രാര്‍ത്ഥനയും.....ഏറെ നന്നായിട്ടുണ്ട്‌. കഥ അവസാനിപ്പിച്ചിരിക്കുന്ന രീതി ഇഷ്ടപ്പെട്ടു.... നന്ദി.

    ReplyDelete
  14. അമ്മ.അമ്മ.അമ്മ മനസ്സിന് മാത്രം മനസ്സിലാവുന്ന ചില നൊമ്പരങ്ങള്‍

    ReplyDelete
  15. Orupad ishtaayi ee kadha. Kanneer mazhayanallo varshini ivide. Makan karayathirikkan kanneer vaarkkunna oru amma. Excellent writing

    ReplyDelete
  16. നാലു ചുമരുകൾക്കുള്ളിലെ നിരാശ്രയത്വം ആ മഴ അലിയിച്ചു കളയെട്ടെ...രാമഴയ്ക്ക് ശേഷം പ്രണയം തളിർക്കട്ടെ

    ReplyDelete
  17. gd one ....lik it ,lik it ,lik it!!!!!!!!

    ReplyDelete
  18. മനസ്സറിഞ്ഞ് തരുന്ന അഭിനന്ദങ്ങളും പ്രോത്സാഹങ്ങളും സന്തോഷത്തോടെ സ്വീകരിയ്ക്കുന്നൂ പ്രിയരേ...നന്ദി.

    ReplyDelete
  19. വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ പറഞ്ഞുകൊള്ളട്ടെ.. അവള്‍ക്കാനിഴലില്‍ നിന്ന് മോചിതയായി ആ നാലുചുമരുകളില്‍ പ്രണയവസന്തം വിരിയ്ക്കാന്‍ വേഗം കഴിയുമാറാകാട്ടെ.. എഴുത്തിന്റെ ശൈലി വളരെ മനോഹരമായിരിയ്ക്കുന്നു.. വര്‍ഷിണിയുടെ എഴുത്തിന് നല്ല പക്വതവന്നിരിയ്ക്കുന്നു. എല്ലാവിധ ആശംസകളും..!!!

    ReplyDelete
  20. ഞാനത് രണ്ട് തവണ വായിച്ചു, ആത്മാർത്ഥമായി. എന്തിനായിരുന്നെന്നോ ? ആരൊ കമന്റിൽ പറയുന്നത് കേട്ടു, 'പ്രണയത്തിന് വേണ്ടിയുള്ള ഈ കാത്തിരിപ്പ് അറിയുന്നൂ' ന്ന്. എനിക്കിത് വായിച്ച് ഒരമ്മമനസ്സിന്റെ വിഹ്വലതകളേ കണാൻ കഴിഞ്ഞുള്ളൂ. എന്തായാലും ഗംഭീരമായ എഴുത്ത്. ആശംസകൾ.

    ReplyDelete
  21. പ്രണയമെന്ന പെരുവെള്ള പാച്ചലില്‍ കെട്ടിപ്പടുത്ത നാലു ചുവരുകള്‍ക്കുള്ളില്‍ ഒരു പണ തൂക്ക താലിയില്‍ കൊരുത്ത രണ്ടാത്മാക്കളും, അവര്‍ക്കിടയിലെ എട്ടു വയസ്സുകാരനും..പത്തു വര്‍ഷത്തെ ദാമ്പത്യ ജീവിതം ഒറ്റ വരിയില്‍..
    ഒരു പ്രണയകാലത്തിന്‍റെ ഔദാര്യം...
    ഒരു അമ്മ മനസ്സിന്റെ വിങ്ങലുകള്‍ വളരെ കുറഞ്ഞ വരികളില്‍ വരച്ചു വെച്ചിരിക്കുന്നു ചേച്ചീ..
    പെരുത്തിഷ്ടായീ....

    ReplyDelete
  22. അമ്മയായി ,പ്രണയിനിയായി ഭാര്യയായി മകള്‍ ആയി ഒക്കെ വേഷപ്പകര്‍ച്ചകള്‍ ,ഒരു ജീവിതം താണ്ടാന്‍ വേണ്ടുന്ന ബഹുവര്‍ണ്ണ ഉടുപ്പുകള്‍ ,ഇടയ്ക്കു പഴയത് അല്‍പ്പനേരം ഇട്ടുരസിച്ചും പഴമണം അറിഞ്ഞും വീണ്ടും മടക്കി കാല്പ്പെട്ടിയില്‍ വെച്ചും പുതിയ വേഷങ്ങള്‍ക്ക് കാത്തിരുന്നും ഒക്കെ നമുക്ക് ഒക്കെയും ജീവിച്ചല്ലേ പറ്റൂ ,,പഴയ പോസ്റ്റ്‌ ആണെങ്കിലും നല്ല വര്‍ഷിണിത്തിളക്കം ..ഇന്നത്തെ മഴക്ക് മുളച്ച ഇലയുടെ പച്ച പോലെ ...

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...