Sunday, October 4, 2020

ഒരു വള്ളുവനാടൻ കഥ..നൊസ്സത്തിയുടെ നാട്‌!

ഒരു വള്ളുവനാടന്‍ കഥ..

നിന്റെ നാടും വീടും എത്ര അകലയാണെന്ന് ആരെന്നോട്‌ ചോദിച്ചാലും ഞാൻ പറയും,


"ഏയ്‌..അത്രക്ക്‌ ദൂരമൊന്നുമില്ല..ദാ ഈ കടലാസ്സും തൂലികയും തമ്മിൽ കൂട്ടിമുട്ടുന്ന ദൂരമത്രക്കും "

എന്റെ എഴുത്തുകളുടെ ഉത്ഭവങ്ങളും അനുഭൂതികളും കാഴ്ച്ചവെക്കുവാൻ എന്റെ നാടിനായിട്ടുണ്ടെന്നാണ് ന്റെ വിശ്വാസം. ഈ ഉദ്യാന നഗരമെനിക്ക്‌ അന്നത്തേതായ സന്തോഷങ്ങൾ മാത്രം നൽകുമ്പോൾ എന്നത്തേക്കുമായി ഞാൻ ചേർത്തുവെക്കുവാൻ വെമ്പുന്ന ആനന്ദം ന്റെ നാടിന്റെ കുളിർമ്മ തന്നെ. ഇവിടുത്തെ തിരക്കുകൾക്കും ഒച്ചപ്പാടുകൾക്കുമിടയിലും ആരൊ എന്നെ തട്ടിയുണർത്തുന്നുണ്ട്‌. എനിക്കൊന്നും നഷ്ടമായിട്ടില്ലെന്ന് ആശ്വസിപ്പിക്കുന്നുണ്ട്‌. നാടിന്റെയും വീടിന്റെയും ചിന്തകളുടെയും ഓർമ്മകളുടെയും കടന്നുകയറ്റത്തിന്മേലാണു എന്റെ നാടെന്നെ പുണരുന്നതെന്ന ബോധ്യമോടെ ഞാനെന്റെ ബാല്യകാല സ്മരണകളിലേക്ക്‌ ഊളിയിടുകയാണ്...

ഒരു വള്ളുവനാടൻ കൊച്ചുഗ്രാമം... അല്ല, പടർന്നു കിടക്കുന്ന ദേശം തന്നെ, ചേലക്കര ..!

പണ്ടിവിടെ ധാരാളം ചേലവൃക്ഷങ്ങൾ തിങ്ങി വളർന്നിരുന്നുവത്രെ.. ചേലമരങ്ങളുടെ കര എന്ന പ്രയോഗത്തിൽനിന്നാണത്രെ ചേലക്കര എന്ന സ്ഥലനാമം ഉണ്ടായത്‌. മലകളും, നദീപ്രവാഹങ്ങളും, രാക്ഷസ പാറകളും, കാവുകളും, കുളങ്ങളും, വിശാലമായ കൃഷിയിടങ്ങളും, അധികം അകലെയല്ലാതെ അസുരന്‍ കുണ്ട് റിസര്‍വ്വോയറും, നിർത്താതെ ആർത്തലയ്ക്കുന്ന പെരുമഴയിൽ നിറഞ്ഞു കവിഞ്ഞ്‌ റോഡും തോടും ഒന്നാകുന്ന പൊതുപ്പാലവുമെല്ലാം...ചേർന്ന് പ്രകൃതിരമണീയമായ ഭൂപ്രകൃതി സ്വായത്തമാക്കിയ ചേലക്കരക്ക്‌ തൃശ്ശൂർ ജില്ലയുടെ നെല്ലറ എന്ന വിശേഷണം തീർത്തും അർഹിക്കുന്നുണ്ട്‌. കാളിയാ റോഡ് , മേപ്പാടം, കുറുമല, തോന്നൂർക്കര,കിള്ളിമംഗലം,വെങ്ങനല്ലൂർ...ഏത്‌ ദേശക്കാരുമാവട്ടെ അഭിമാനത്തോടെ സ്വയം പരിചയപ്പെടുത്തും " അതേല്ലോ..ഞാൻ ചേലക്കരക്കാരനാ.."

ചേലക്കരയുടെ മാറിൽനിന്ന് അഞ്ചുമിനിറ്റ്‌ നടക്കാവുന്ന ദൂരം.. അത്രേയുള്ളു ചെട്ടിത്തെരുവിലേക്ക്‌. തമിഴും തെലുങ്കും കലർന്ന നാടൻഭാഷ സംസാരിക്കുന്ന ഇടകലർന്ന സംസ്ക്കാരങ്ങൾ ശീലിക്കുന്ന ഈ വിഭാഗക്കാർ കച്ചവടാവശ്യങ്ങൾക്കായി ചേലക്കരയിൽ എത്തിപ്പെടുകയും വളരെ പെട്ടെന്നു തന്നെ ചേലക്കരദേശക്കാരായി ആ നാടിന്റെ സ്വന്തക്കാരയി മാറുകയുമായായിരുന്നു. മുടി നിറയെ മുല്ലപ്പൂവും പട്ടുപാവാടയും തട്ടവുമണിഞ്ഞ്‌ ചുവന്ന മൈലാഞ്ചിക്കൈകളിൽ നിറയെ കുപ്പിവളകളുമണിഞ്ഞ്‌ ചെട്ടിത്തെരുവിലൂടെ ഖിസ്സ പറഞ്ഞ്‌ ഓത്തുപള്ളിയിൽ പോയിരുന്ന ബാല്യം എത്ര നന്മ നിറഞ്ഞതും നിറമുള്ളതുമായിരുന്നുവെന്ന് ദാ ഈ നിമിഷവും ഞാൻ നിറമനസ്സോടെ അയവിറക്കുകയാണ്.

എടുത്താൽ പൊങ്ങാത്ത തുണിക്കെട്ടുകളും അട്ടപ്പെട്ടികളിൽ അടുക്കിവെച്ച കുപ്പിവളക്കെട്ടുകളും, തോളിലെ സഞ്ചിയിൽ പപ്പടക്കെട്ടുകളുമായി മുറുക്കി ചുവപ്പിച്ച ചുണ്ടുകളും നീലയും ചോപ്പും കലർന്ന മൂക്കുത്തിയുമണിഞ്ഞ ഏറെയും മഞ്ഞ കരയുള്ള ചേലയുമുടുത്ത്‌ ഊരു ചുറ്റുന്ന അയൽപ്പക്കത്തിലെ അക്കകൾ പല ദേശക്കാരെയും കുറിച്ചുള്ള യാത്രാവിശേഷങ്ങൾ പങ്കുവെക്കുമ്പോൾ, "ഇനീം പറയ്‌.. ഇനീം പറയ്‌ " എന്നവരെ പ്രോത്സാഹിപ്പിച്ചിരുന്ന കുട്ടിപ്പടകളുടെ കൂട്ടത്തിൽ ഈ ഒരു മൊഞ്ചത്തിയും മുൻപന്തിയിലുണ്ടായിരുന്നു. പൊടിപ്പും തൊങ്ങലുകളും ചാർത്തിയ ആ തീരപ്രദേശ കഥകൾ എത്രകേട്ടാലാണ് മതിയാവുക?

അവരുടെ സമുദായത്തിൽപ്പെട്ട നാനാവതി ദേശക്കാർ ഒത്തൊരുമിച്ച്‌ കൊണ്ടാടുന്ന മാരിയമ്മൻ പൂജ എന്ന മഹോത്സവം ഇന്നുമെന്റെ വീട്ടുമുറ്റത്തു നിന്ന് ആസ്വാദിക്കുമ്പോൾ പൊടിപ്പും തൊങ്ങലുകളും കൂട്ടാതെയുള്ള അവരുടെ പരമ്പരാഗത കഥകൾക്ക്‌ ഒരേ നിറച്ചാർത്തു തന്നെയാണു കാലങ്ങൾക്ക്‌ ശേഷവും..

നേരം പുലരുന്നുവെന്ന അറിയിപ്പോടെ മാരിയമ്മൻ കോവിലിൽ സുപ്രഭാതം മുഴങ്ങുന്നു.. ഹൊ..ഉറക്കം മതിയായില്ലാന്ന് ഉറക്കപ്പിച്ച്‌ പറഞ്ഞ്‌ തലവഴി പുതച്ച്‌ മൂടികിടന്ന് പുലർക്കാല സ്വപ്നങ്ങൾക്ക്‌ വട്ടം കൂട്ടുമ്പോഴായിരിക്കും അങ്ങേത്തല അങ്ങാടി പള്ളിയിൽനിന്ന് സുബഹി ബാങ്ക്‌ ബോധമുണർത്തുന്നത്‌. സ്വന്തം വീട്ടിലെ പ്രാതൽ വിഭവങ്ങൾ ആർക്കാണിടക്ക്‌ ബോറഡിക്കാതിരിക്കുക.. അങ്ങനെയുള്ള കൊതിയൻ പ്രഭാതങ്ങളിൽ ആമിനത്താത്തയുടെയും ഉമ്മുത്താത്തയുടെയും നൂൽപ്പുട്ടും , വെള്ളപ്പവും , മുട്ടക്കറിയും ഞങ്ങളുടെ തീന്മേശയിൽ സ്പെഷൽ വിഭവങ്ങളായിരുന്നു.

മഴമണക്കുന്ന പാതിരാക്കാറ്റിനെയറിഞ്ഞ്‌ കിടപ്പറയിൽ കൂടപ്പിറപ്പുകളുമായി കഥകൾ മെനഞ്ഞ്‌ കിടക്കുമ്പോൾ തട്ടിൻപ്പുറത്തെ ജനലിലൂടെ കാണാവുന്ന ചെട്ടിയാന്മാരുടെ ചുടല എപ്പോഴും പേടിപ്പിക്കുന്ന വിഷയമായി കടന്ന് വരുമായിരുന്നു.എങ്കിലും എന്തുകൊണ്ടോ എനിക്കാ ചുടലപ്രദേശം കൗതുകമായിരുന്നു. പറഞ്ഞു കേൾക്കുന്ന പേടികഥകൾ അവിടെ അരങ്ങേറുന്നുണ്ടായിരിക്കുമൊ എന്നറിയുവാനുള്ള ജിഞ്ജാസയിന്മേൽ ഒരു മഴദിവസം ചെളി നിറഞ്ഞ വരമ്പിലൂടെ ചുടല ലാക്കാക്കി നടന്നുവെങ്കിലും പ്രദേശക്കാരാരോ തിരിച്ചോടിച്ചത്‌ വളരെ രസകരമായി ഓർക്കുകയാണിപ്പോൾ.

മരണശേഷം എന്ത്‌ സംഭവിക്കും..? ഈ ചോദ്യത്തിനും അതിനുചുറ്റിപ്പറ്റിയുള്ള കഥകൾക്കും ജീവൻ നല്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു മിക്കപ്പോഴും ഉദടി പള്ളിയിലെ ഖബറുകളില്‍ ‘ദുആ‘ ചെയ്യുവാൻ പോയിരുന്നത്‌. ഞാനിന്നേവരെ കാണാത്ത ന്റെ ഉമ്മൂമ്മയും, ഉപ്പൂപ്പയുമെല്ലാം എന്നെ കാണുന്നുണ്ടായിരിക്കുമല്ലൊ എന്ന വിശ്വാസത്തിന്മേൽ അവരെ നോക്കി പുഞ്ചിരിച്ചു.. അവരുടെ സ്നേഹവും കടാക്ഷവും എപ്പഴും കിട്ടണേ എന്ന് അവർക്കരികിൽ നിന്നുകൊണ്ട്‌ തേടി. പള്ളിക്കരികിലായി താമസിക്കുന്ന തങ്ങന്മാരുടെ ബീവികളിൽനിന്ന് ശേഖരിക്കുന്ന പള്ളിക്കാടിനെ കേന്ദ്രീകരിച്ചുള്ള കഥകളായിരിക്കും പിന്നീടുള്ള നാളുകളിലെ ചിന്തകൾ. ബീവികളുടെ മുറുക്കി ചോപ്പിച്ച ചുണ്ടുകളും മൈലാഞ്ചി ചോപ്പിലെ നഖങ്ങളും കരിമണിമാലകളും അവരുടെ കഥകളുമെല്ലാം ആകർഷകമായിരുന്നു..

കൊച്ചു തലക്കുള്ളിൽ ശേഖരിച്ച വിവരങ്ങളത്രയും നിക്ഷേപിക്കാനുള്ള ഒരിടം.. അതായിരുന്നു ന്റെ സ്കൂൾ ദിനങ്ങളിലെ ഓർമ്മകൾ മായ്ക്കാത്ത ക്ലാസ്സ്‌ റൂം ഇടങ്ങൾ. വീട്ടുവളപ്പിനു അതിർ തീർക്കുന്ന തോടിനങ്ങേപ്പുറത്തുള്ള സ്കൂൾ ചേലക്കരയിലേയും ചുറ്റു പ്രദേശങ്ങളിലെയും ആദ്യത്തെ സി ബി എസ്‌ ഇ സ്കൂൾ എന്ന ബഹുമതിയിൽ ഉയർന്ന് വന്നു. ചെട്ടിത്തെരുവിലുള്ള വീടിന്ന് ഒരു പാലത്തിനപ്പുറമായതിനാൽ സ്കൂൾ വെങ്ങാനല്ലൂരിലുമായി. പാതയുടെ ഇരുവശങ്ങളിലായി വെള്ളം നിറഞ്ഞ പാടങ്ങളും ചെളിയും ചേറും നിറഞ്ഞ വരമ്പുകളും കന്നുപൂട്ടൽ ആരവങ്ങളും ചേർപ്പേട്ടന്റെ കടയുമെല്ലാം വെങ്ങാനല്ലൂരിന്റെ മനോഹാരിതക്ക്‌ മാറ്റുകൂട്ടി.
രാത്രികാലങ്ങളിലെ തവളുകളുടെ പേക്രോയും ചീവീടുകളുടെ കാതടക്കുന്ന രാഗവുമെല്ലാം വെങ്ങാനല്ലൂർ ദേശക്കാരുടെ കൂടെ ഞങ്ങളും ആസ്വദിച്ചു.
വെങ്ങാനല്ലൂർ ശിവക്ഷേത്രത്തിൽനിന്നുയരുന്ന ചാക്ക്യാർക്കൂത്ത്‌ ഓട്ടന്തുള്ളൽ പദങ്ങളും രാമായണ പാരായണവും അതാതു മലയാളമാസ പിറവികളെ അറിയിച്ചുക്കൊണ്ടിരുന്നു.
പച്ചപ്പിണ്ടികൾ നിറഞ്ഞ തളിക്കുളത്തിലെ വേനൽ നീരാട്ട്‌ വേനൽ കെടുതികളിലും ഞങ്ങളൊരു ഉത്സവമാക്കി.

ശാപം പേറുന്ന മഠങ്ങളും ഭൂതക്കോട്ട്‌ കുളവും മുസ്ലിം സമുദായക്കാരിൽപ്പെട്ട തമിഴ്‌ കലർന്ന നാടൻഭാഷ സംസാരിക്കുന്ന റാവുത്തന്മാരും ചേലക്കരയിൽനിന്ന് അധികം വിട്ടുമാറാത്ത 'പത്തുകുടി 'യെ വാചാലമാക്കി. പത്ത്‌ വീടുകൾ വെക്കുവാനുള്ള ഭൂമി ഈ കൂട്ടർക്ക്‌ ലഭിച്ചതിന്റെ സൂചകമായാണു ‘പത്തുകുടി‘ എന്ന സ്ഥലനാമം ലഭിച്ചതെന്ന് പറയപ്പെടുന്നു.
ഒരു വ്യത്യസ്ത വിഭാഗക്കാരെ സന്ദർശിക്കുന്ന കൗതുകത്തോടെയും ഉത്സാഹത്തോടെയും പത്തുകുടിയിലെ വീടുകൾ സന്ദർശിക്കുന്നതും താല്പര്യമുള്ള വിഷയങ്ങളിൽ സ്ഥാനം പിടിച്ചു.

ഓലമെടഞ്ഞ ജാനകിറാം ടാക്കീസ്സും മണ്ണിടിഞ്ഞ്‌ വീഴാറായ ഭിത്തികളുള്ള വായനശാലയും,
ഇരുളിന്റെ തിക്കുമുട്ടലുകളിൽ നിഗൂഡകഥകൾകൊണ്ട്‌ വീർപ്പുമുട്ടുന്ന ' ഗുഹ' കൊണ്ടുകൂടി വളരെ പ്രസിദ്ധിയാർജ്ജിച്ച
ചേലക്കരയുടെ ഹൃദയഭാഗത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീ മൂലം തിരുനാൾ ഗവണ്മന്റ്‌ ഹയർ സെക്കന്ററി സ്കൂളും കന്യാസ്ത്രീകളുടെ സ്കൂളെന്ന് ഞങ്ങൾ വിളിച്ചുപോന്ന കോൺവന്റ്‌ സ്കൂളും ...അങ്ങനെയങ്ങനെ...ഹൊ...ഒത്തിരിയൊത്തിരിയുണ്ട്‌ പറഞ്ഞുതീരുവാനിനിയും.

നൊസ്സുകളുടെ നാടെന്ന വിശേഷണംകൂടി സ്വയത്തമാക്കിയ ചേലക്കരയുടെ ഓർമ്മകളിൽ മായാതെ തെളിയുന്ന രൂപങ്ങളായി ഭ്രാന്തൻ ബാബുവും പരക്കാട്‌ പൊട്ടനും, കോണാകുന്തനും, സോളമക്കയും,ആണ്ടീപോണ്ടിയും തുളസിയുമൊക്കെ ഓരോരൊ പ്രാകൃത രൂപങ്ങളും ഭാവങ്ങളും ചലനങ്ങളും സംഭാഷണങ്ങളുംകൊണ്ട്‌ മനസ്സിന്റെ ഓർമ്മച്ചെപ്പിൽ സ്ഥാനം പിടിച്ച്‌ കഴിഞ്ഞിരിക്കുന്നു..
കുഞ്ഞുകുഞ്ഞ്‌ കുന്നായ്മകളും പരദൂഷണങ്ങളും അതിലേറെ നിഷ്കളങ്കതകളും കൊണ്ടു നിറഞ്ഞ ന്റെ ഗ്രാമമിപ്പോൾ പുരോഗതിയുടെ പാതയിലൂടെ ഉയർന്നുക്കൊണ്ടേയിരിക്കുന്നുവെങ്കിലും ഞാനിതുവരെ ശീലിച്ചു പോന്ന ന്റെ നാടിന്റെ സംസ്ക്കാരവും രീതികളും ചിട്ടകളുമൊക്കെ അതേപടി സൂക്ഷിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു..ഇഷ്ടപ്പെടുന്നു...

നിയ്ക്കെന്റെ ബാല്യം ഏറെ പ്രിയമാക്കിയ നാടിനോടുള്ള സ്നേഹവും നന്ദിയും വാക്കുകളാൽ പ്രകടിപ്പിക്കുവാനാവുമോ..?
ഊഹും.. ന്റെ എഴുത്തുകളിലൂടെ നിയ്ക്കെന്റെ ബാല്യം തിരികെ നൽകിയ ചേലക്കരക്ക്‌ പ്രണാമം ..!

#ന്റെ #പ്രിയപ്പെട്ട #നാട്‌  #പെൺകുട്ടികാലം

6 comments:

  1. ബ്ളോഗ് വസന്തം കഴിഞ്ഞ് വളരെ വർഷങ്ങൾക്ക് ശേഷം വീണ്ടും ടീച്ചറെ വായിക്കുന്നു. സവിശേഷമായ ഭാഷയും, വീക്ഷണവും പുലർത്തുന്ന ടീച്ചറുടെ എഴുത്തിന്റെ പിന്നാമ്പുറ രഹസ്യം എന്താവും എന്ന് ആലോചിച്ചിട്ടുണ്ട്. ടീച്ചർ അവതരിപ്പിച്ച ഈ നാടാണ് ആ എഴുത്തിനേയും വീക്ഷണരീതികളേയും പരുവപ്പെടുത്തിയത് എന്ന് മനസിലാവുന്നു.

    ReplyDelete
  2. ചേലക്കര എന്നും നോസ്റ്റായിരിക്കട്ടെ... നല്ല എഴുത്ത്.

    ReplyDelete
  3. ചേലക്കര എന്ന ദേശത്തിന്റെ കിസ്സകൾ വായിച്ചാസ്വദിച്ചു :)

    ReplyDelete
  4. ahaa..varshini...ethra kaalam aayi kandittu.Ente lokam.Vincent

    ReplyDelete
  5. ചേലൊത്ത ചേലക്കരയുടെ വിശേഷകൾ ഹൃദ്യമായി അവതരിപ്പിച്ചു.
    ആശംസകൾ ടീച്ചർ

    ReplyDelete
  6. കളകളും കാളപ്പൂട്ടും കാളക്കളിയും നിറഞ്ഞ ചേലക്കരയുടെ ഹൃദയ താളങ്ങൾ തൊട്ടറിയിക്കുന്ന അസ്സൽ കുറിപ്പുകൾ ...

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...