Thursday, February 23, 2012

സംവേദം….!


ഉമ്മ :

“ഉമ്മൂനെ കെട്ടിയേ പിന്നെ മൊയ്തീന്റെ മൊഖത്ത് വാട്ടാ..
അന്ന് തൊടങ്ങീതാ ഓന്റെ തലമൊടി മുയ്മൻ വെളുക്കാന്,
ഇപ്പം പാണ്ട് പിടിച്ച പോലെ ആയിരിയ്ക്ക്ണ്..
എന്നാല് ഓളെ ഓൾടെ വീട്ടിലാക്കാന്ന് വെച്ചാ ഓൻ സമ്മയിച്ചിട്ട് വേണ്ടേ..
വെവരക്കേട് എന്നല്ലാണ്ട് പ്പൊ ന്താ പറയാ..
ഓൾക്കിങ്ങനെ നാലഞ്ച് പെറ്റ് പേറ് ശുശ്രൂഷേം ചെയ്ത് കൊഴുത്ത് മിനുങ്ങ്യാ മതിയാ..
ഓന്റെ മൊഖത്തും വേണ്ടേ ഇത്തിരിച്ചേങ്കിലും തെളിച്ചോം വെട്ടോം ഒക്കെ..
ഓനും ഒരാണൊരുത്തനല്ലേ..ഓനും ഉണ്ടാവില്ലേ പൂതി...എല്ലൊക്കെ തൂർന്ന് കാണാനും ചൊവ്വുള്ള മൊഖം ആവണംന്നൊക്കെ…
ഓൾക്ക് ഓനെ തീർത്തും കണ്ടുകൂടായ്കയാ എന്നൊന്നും പറയാൻ ഒക്കില്ല..
ഓൻ തലയിൽ വെള്ളം പാർന്ന് പൊഡറിട്ട് നല്ല കുപ്പായം ഇട്ട് തല മുടി വാരി വന്നാൽ ഓൾടെ മൊഖത്ത് തെളിമാനം വരണത് കാണാ..
ന്ഹാ…അങ്ങനെ ഒടയത്തമ്പുരാൻ ഓൾടെ മടിയിൽ ഇട്ട് കൊടുത്തതായിരിയ്ക്കും നാലെണ്ണത്തിനെ..
എന്നുവെച്ച് മൊയ്ദീന്‍ എപ്പഴും പുത്യേതും ഇട്ട് പൌഡറും ഇട്ട് പത്രാസ്സും കാട്ടി നടക്കാനൊക്കൊ..
റബ്ബിൽ ആലമീനായ തമ്പുരാനേ..ഓൾടെ ഖൽബില് എന്തായ്ച്ചാല്‍ അത് മാറ്റി ന്റെ മോനെ നിയ്ക്ക് തിരിച്ച് തരണേ…!

അന്യ ജാതീല് പെട്ട പെൺകുട്ട്യോളായിട്ടാണ് ഓൾടെ കളികള് എന്നൊക്കെ അറിഞ്ഞിട്ടന്നേ ഓളെ ഇങ്ങട്ട് നിക്കാഹ് ചെയ്ത് കൂട്ടി കൊണ്ടോന്നത്..
ന്നാലെന്താ ഓള് പഠിച്ചോളല്ലേന്ന് കണക്കാക്കി..
അല്ലാണ്ട് ഓൾടെ വെള്ള മൊഖോം വട്ട മൊഖോം നീണ്ട മൂക്കും കണ്ടുകൊണ്ടായ്ട്ടൊന്നൊല്ല..
ഓള് പണി എടുക്കാൻ പോയിട്ടും വേണ്ടീല്ലാ കുടീല് കഞ്ഞി വേവാൻ..
മൊയ്തീൻ പറേണത്, ഓന്റെ കുട്ട്യോൾക്ക് നാലക്ഷരം പറഞ്ഞു കൊടുക്കാൻ ഓളെ കൊണ്ട് കൂട്ട്യാല് ആവോലോ ന്നാ…
എന്നിട്ടിപ്പൊ ന്തായി…
ഓൾക്കെവ്ടെ അതിനൊക്കെ ഇപ്പൊ നേരോം കാലോം ..
നേരം വെളുത്ത് അന്ത്യാവും വരേയ്ക്കും ആ കണ്ണാടീടെ മുമ്പീല് ചമഞ്ഞൊരുങ്ങി കോതി കെട്ടാത്ത മുടീം ഇരടി ഇരിയ്ക്കാനല്ലേ ഓളെ കൊണ്ട് കൂട്ട്യാൽ ആവണുള്ളു…
ന്ഹാ…ഒടയത്തമ്പുരാൻ ഒരു വഴി കാണിച്ച് കൊടുക്കും ന്റെ മൊയ്തീന്..

പിന്നെ പറഞ്ഞ് കേൾകാനായി ഓൾക്ക് പഠിയ്ക്കാൻ പോയോടുത്ത് ഒരു കാഫറായിട്ട് അടുപ്പം ഉണ്ടായിരുന്നൂന്ന്..
അതിപ്പൊ അന്യജാതീന്റെ കൂട്ടത്തിൽ അന്യ ദേശക്കാരനാന്ന് കൂടി അങ്ങട്ട് കേട്ടപ്പൊ മൊതല് നിയ്ക്ക് തെളയ്ക്കാൻ തൊടങ്ങീതാ..
ആ തമിഴന്റെ പെണ്ണൊരുത്തിയാണേൽ കെട്ടി പത്ത് തെകയും മുന്നെ ഓന്റെ പിടീന്ന് കയ്ച്ചലായത്രെ..
ആ തമിഴത്തീടെ ജിന്ന് ഓൾടെ മേത്ത് കേറീരിയ്ക്കുണൂന്ന് കട്ടായം..
അല്ലാണ്ടിപ്പൊ ഓള് വേറെഎന്തിനായ്ച്ചിട്ടായിരിയ്ക്കും മൂക്കും കുത്തി കാലിൽ മോതിരോം ഇട്ട് ഇങ്ങനെ തേരാപാരാ നടക്കണത്,
ഇതൊക്കെ ഓളെ ഇങ്ങട്ട് കെട്ടി എടുക്കും മുന്നെ കാണും കേൾക്കും ഇരുന്നീരുന്നെങ്കില് ഈ മുസീബത്ത് ഈ കുടുംബത്ത് വന്ന് കേറില്ലായിരുന്നു..
ഓൾടെ ഖൽബ് ഇപ്പഴും ആ തമിഴന്റെ ആനപ്പുറത്താ…
ന്റെ മൊയ്തീന് മൂന്ന് ആണിനേം നാലാം കാല് പെണ്ണിനേം കിട്ട്യേത് മിച്ചം..
റബ്ബേ..ഇനീപ്പൊ ഓളെങ്ങാനും ആ തമിഴന്റെ കൂടെങ്ങാനും പൊറുക്കാൻ പോയേയ്ച്ചാല് ന്നെ കൊണ്ടാവോ ഈ നാലെണ്ണത്തിനേം പോറ്റി എടുക്കാൻ..
അപ്പൊ പിന്നെ മൊയ്തീൻ പിന്നേം ഒന്നിനെ കെട്ടി എടുത്തെയ്ച്ചാല്...
പിന്നേം നാലെണ്ണത്തിനെ പടച്ചോൻ കനിഞ്ഞെയ്ച്ചാല്...
ബേണ്ടാന്ന് പറയാൻ ഒക്കോ..
ന്റെ റബ്ബിൽ ആലമീനായ തമ്പുരാനേ ന്റെ മോൻ മൊയ്തീന് ഇങ്ങളേ തൊണ...
അവനെ ഇങ്ങള് നിയ്ക്ക് തരണേ…!“


ഉമ്മു :

“ഉമ്മാ…നിങ്ങളോട് എത്ര തവണ പറഞ്ഞിരിയ്ക്കുന്നൂ നിങ്ങൾ ആല്ലാഹുവിനോട് തേടുന്നത് എന്നെ കേൾപ്പിയ്ക്കാൻ ആയിട്ട് ആകരുതെന്ന്..,
എന്നെ പ്രകോപിപ്പിയ്ക്കും തരത്തിൽ ആകരുതെന്ന്..
ഫലമെന്ത്,…ഞാൻ കേൾക്കുന്നു…ഞാൻ വേദനിയ്ക്കുന്നു എന്നതിനപ്പുറം ഒരു സ്വർഗ്ഗം നിങ്ങൾക്ക് കിട്ടുവാനുണ്ടോ..?
ഞാൻ നിങ്ങളുടെ മുന്നിൽ ഒരു ഊമയെ പോലെ ഇരിയ്ക്കുന്നു എന്നതിന്റെ പൊരുൾ എന്നിലെ ഇബിലീസിന് കയ്യും കാലും വളരുന്നു എന്നതാണ്..
എന്നിലെ ധർമ്മം നശിയ്ക്കുന്നൂ എന്നതാണ്..
നിങ്ങൾ കരുതും പോലെ ഒരു ജിന്നും എന്നിൽ പ്രവേശിച്ചിട്ടില്ല..,
അതും നിങ്ങളുടെ മേൽനോട്ടത്തിലും പടച്ചവനോടുള്ള സമ്പർക്കത്തിലും അത്തൊരമൊരു വൃത്തി സംഭവിയ്ക്കുമെന്ന് ഞാൻ വിശ്വസിയ്ക്കുന്നില്ല..
നിങ്ങളുടെ ആദേശം ഇല്ലെൻകിൽ ഈ വീട്ടിൽ ഒരു പൂച്ച കുട്ടി പോലും ഒരടി എടുത്ത് വെയ്ക്കില്ല എന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്..?
പിന്നെ ,ആരെ കേൾപ്പിയ്ക്കാണാണ് ഈ നാല് ചുവരുകൾക്കപ്പുറം ഉയരും ആവലാതികൾ..?
അല്ലാഹുവിന് ഒരിയ്ക്കൽ പറഞ്ഞാൽ മനസ്സിലാവുന്നതേയുള്ളു..
ദിവസത്തിൽ അഞ്ചു നേരവും പരാതിപ്പെട്ടാൽ നിങ്ങൾ പരീക്ഷിയ്ക്കുന്നത് എന്നെയാണോ ഉടയ തമ്പുരാനെ ആണൊ എന്ന് സംശയിയ്ക്കേണ്ടിരിയ്ക്കുന്നു..
കെട്ടിയ പുരുഷനെ ആശ്രയിച്ച് അന്നം കഴിയ്ക്കാൻ ഇടയാവരുത് എന്ന ഒറ്റ കാരണത്താല് എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചു,
എന്നാൽ എന്നെ ജോലിയ്ക്ക് വിടാത്തത് നിങ്ങളുടെ അഹങ്കാരം..
എന്റെ മക്കൾ പഠിച്ച് നല്ല നിലയിൽ ആവാൻ ഞാൻ പ്രാർത്ഥിയ്ക്കുന്നു..
അവർ പഠിയ്ക്കാൻ ഉത്സാഹം കാണിയ്ക്കാതിരിയ്ക്കുന്നുവെങ്കില് അത് നിങ്ങളുടെ മകന്റെ രക്ത ഗുണം..
എന്റെ ഉപ്പായുടെ ഒരു വലിയ ഗൾഫ് പെട്ടി നിറയെ സാമഗ്രികളും അന്ധമല്ലാത്ത വിശ്വാസങ്ങളും കുത്തി നിറച്ച് ഇവിടെ വന്ന് കയറിയവളാണ് ഞാൻ..
പിന്നെ നിങ്ങൾ ആവശ്യപ്പെട്ട പൊന്നിന്റെ കൂട്ടത്തിൽ ഇച്ചിരി പൊന്നിൽ തീർത്ത ഒരു കുഞ്ഞ് മൂക്കുത്തിയും രണ്ട് കാൽ മോതിരങ്ങളുമാണൊ നിങ്ങൾക്ക് മാനക്കേട് ഉണ്ടാക്കുന്നത്..?
കെട്ടിയ നാൾ മുതൽ പൊന്നിൽ തീർത്ത ഈ പണ്ടങ്ങൾ മാത്രം നിങ്ങളുടെ മകനെ നോവിപ്പിയ്ക്കുന്നു എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്…അസംബന്ധം…!
വിശക്കുന്നവൻ ചോറിൽ നിന്ന് കയ്യെടുക്കില്ല..
എന്നിട്ടും വയർ നിറയാത്തവന്റെ കുപ്പായത്തിൽ എത്ര പണമുണ്ട് എന്ന് തിരക്കുന്നത് ഒരു ഭാര്യയുടെ ധർമ്മം..
എന്റെ തലമുടി മറയ്ക്കുവാനും, കൈ ഉറകൾ നീട്ടുവാനും നിങ്ങൾക്കാകുമായിരിയ്ക്കും,
പക്ഷേ എന്റെ ചുണ്ടുകൾ തുന്നി ചേർക്കുവാനൊ..വായയ്ക്ക് മറയിടുവാനൊ നിങ്ങൾക്ക് സാധ്യമാവുകയില്ല..

നിങ്ങളുമായുള്ള ഈ സംവേദം ഞാൻ ആഗ്രഹിച്ചതല്ല..
സമയമായി എന്ന് എന്റെ ഖൽബ് മന്ത്രിച്ചു,
ഈ അനാവശ്യ ചിന്തകൾ കൊണ്ടായിരിയ്ക്കാം എന്റെ തലമുടി നരച്ചു തുടങ്ങിറ്യിരിയ്ക്കുന്നു,
എന്റെ മേലാ സകലം പിന്നേയും ചൂടു കുരുക്കൾ പൊന്തി തുടങ്ങിയിരിയ്ക്കുന്നു..
അത് കാണുമ്പോൾ എന്റെ ഉമ്മായുടെ ഉള്ളം പിടയ്ക്കുന്നു..
അവരുടെ പ്രാർത്ഥനകളിൽ ഞാൻ “അല്ലാഹു അല്ലാഹു …” എന്ന് മാത്രമേ കേൾക്കുന്നുള്ളു..
ആ തേടലുകളിൽ എന്റെ ദേഹം വൃണപ്പെടാതിരിയ്ക്കുവാനുള്ള ഔഷധം ഞാൻ കാണുന്നു..
വേണ്ട, ഇനി അവർക്ക് അറം പറ്റണ്ടാ….ഞാൻ നിർത്തുന്നു…!
പടച്ചവനേ….ഉടയത്തമ്പുരാനേ…നീയേ എനിയ്ക്ക് തുണ…!“



44 comments:

  1. എന്റെ തലമുടി മറയ്ക്കുവാനും, കൈ ഉറകൾ നീട്ടുവാനും നിങ്ങൾക്കാകുമായിരിയ്ക്കും,
    പക്ഷേ എന്റെ ചുണ്ടുകൾ തുന്നി ചേർക്കുവാനൊ..വായയ്ക്ക് മറയിടുവാനൊ നിങ്ങൾക്ക് സാധ്യമാവുകയില്ല.

    പലപ്പോഴും എല്ലാം കേട്ട് മിണ്ടാതിരിക്കുമ്പോള്‍ പറയുന്നവരുടെ പറച്ചിലുകള്‍ ശരിയാണെന്ന് സ്വയം ധരിച്ച് അവര്‍ വാക്കുകള്‍ക്ക് മൂര്‍ച്ച കൂടുകയാണ് സംഭവിക്കുന്നത്. ഇത്തരം തിരുമൊഴികള്‍ ആയിടങ്ങളില്‍ അനിവാര്യമാണ്.

    ReplyDelete
  2. ഇന്ന് വായിച്ചേ ഉള്ളൂ അക്ബര്‍ കക്കട്ടിലിന്‍റെ ‘കദീശക്കുറുപ്പിനെ‘ പറ്റിയുള്ള കുറിപ്പ്.
    ഉമ്മുവിന് പകരം ഹസീന ..
    അവസാനം സഹികെട്ട് ഹസീന അടിക്കുന്നുണ്ട് കദീശക്കുറുപ്പിന്‍റെ മുഖത്ത്..
    പിന്നെ അടിച്ചതിലുള്ള പരിവേദനങ്ങളും..എന്തായാലും കദീശക്കുറുപ്പ് നന്നായത്രെ..(കഥയില്‍)
    ഉമ്മു അടിക്കുന്നതു വരെ എത്തിയ്ല്ലാല്ലേ..
    നമുക്ക് ചുറ്റും ഒരു പാട് കാണാം ഇത്തരം കഥാപാത്രങ്ങളെ..
    ഇഷ്ടവും,അടുപ്പവും ഉള്ളവരായിട്ടു കൂടി അവരുടെ ഈ സ്വഭാവം കൊണ്ട് നമ്മള്‍ വെറുത്ത് പോകും..
    ഉമ്മുമാരോട് സഹതാപവും....

    നന്നായിട്ടുണ്ട് വര്‍ഷിണീ..
    വര്‍ഷിണിയുടെ ഭാഷയിലെയും,ചിന്തയിലെയും കുതറിമാറി ഓട്ടം ഇഷ്ടായി...

    ഉമ്മുവിന്‍റെ ചൂടുകുരുക്കള്‍ വൃണപ്പെടാതിരിക്കട്ടെ..
    പടച്ചവനേ….ഉടയത്തമ്പുരാനേ…നീയേ തുണ…!“

    ReplyDelete
  3. നന്നായിരിക്കുന്നു.
    വ്യത്യസ്ത തലങ്ങളില്‍ നിന്നുള്ള വീക്ഷണം.
    ആശംസകള്‍

    ReplyDelete
  4. ഇപ്പോ വായിച്ചേ ഉള്ളൂ.... ഒറ്റയിരിപ്പിനൊരു വായന... വിട്ടു തരാന്‍ മടിയ്ക്കുന്ന എഴുത്തുശൈലി.... പറയാനുള്ളതെല്ലാം പറഞ്ഞുവോ.... ഇനിയും പറയാനെന്തോ ബാക്കിയുള്ളതു പോലെ... ഈ നിശാഗന്ധിപ്പൂവിനു സൌന്ദര്യം കൂടിയോ..! സ്നേഹാശംസകള്‍ വര്‍ഷിണീ...

    ReplyDelete
  5. ടീച്ചറുടെ പതിവു ശൈലിയില്‍ നിന്ന് മാറി നില്‍ക്കുന്നു ഈ കഥ .വൈയക്തികമായ മനോവ്യാപാരങ്ങളുടെ ആവിഷ്കാരങ്ങളുടെ രീതി വിട്ട് അല്‍പ്പം കൂടി സാമൂഹികമായ വിഷയ പരിസരങ്ങളിലേക്കു നീങ്ങുന്ന ഒരു എഴുത്തുകാരിയെ ഇവിടെ കാണാനാവുന്നു. നല്ലതു തന്നെ .....

    എഴുത്തിന്റെ വഴികളില്‍ പുതുവഴികള്‍ തേടുന്ന ടീച്ചര്‍ക്ക് എല്ലാ ഭാവുകങ്ങളും...

    ReplyDelete
  6. "...ന്റെ റബ്ബിൽ ആലമീനായ തമ്പുരാനേ ന്റെ മോൻ മൊയ്തീന് ഇങ്ങളേ തൊണ...
    അവനെ ഇങ്ങള് നിയ്ക്ക് തരണേ…!“

    ആദ്യഭാഗത്തെ വായന അല്പം ശ്രമകരമായിരുന്നെങ്കിലും..എഴുത്ത് ഇഷ്ട്ടായി..
    ആശംസകളോടെ..പുലരി

    ReplyDelete
  7. പ്രിയ വര്‍ഷിണി...ഉമ്മാന്റെ വേവലാതിയും മകന്റെ നരയും. പുതുമയുണ്ട്.ആശംസകള്‍ !

    ReplyDelete
  8. വേറിട്ട് നടക്കാനൊരു ശ്രമം അല്ലേ, വിജയിച്ചിരിക്കുന്നുകേട്ടൊ കൂട്ടുകാരീ.. കഥ നന്നായി.. ചുറ്റുമുള്ള കഥാപാത്രങ്ങളില്‍ നിന്നും പെറുക്കിവെച്ചതുപോലെ..

    ReplyDelete
  9. "ഉമ്മു" വിന്റെ ചൂട് കുരുക്കൾ വൃണപെടാതെ വേഗം ഭേദമാകട്ടെ...!!

    ReplyDelete
  10. "...ന്റെ റബ്ബിൽ ആലമീനായ തമ്പുരാനേ ന്റെ മോൻ മൊയ്തീന് ഇങ്ങളേ തൊണ...
    അവനെ ഇങ്ങള് നിയ്ക്ക് തരണേ…!“
    ഇവിടെ നീയേ തുണ...അവനെ നീ നിയ്ക്ക് തരണേ... എന്നിങ്ങനെയല്ലെ വേണ്ടിയിരുന്നത്.പിന്നെ ആ മൂക്കുത്തിയും കാലിലെ മോതിരവും എനിക്കു ചില സംശയങ്ങളുണ്ടാക്കുന്നു!!!!.ഏതായാലും പുതിയ ശൈലിയും കൊള്ളാം. എഴുത്തു കാരിക്ക് എല്ലാം വഴങ്ങണമല്ലോ?. നന്നായി അഭിനന്ദനങ്ങള്‍!.

    ReplyDelete
  11. പറഞ്ഞിരുന്നു എന്ന് തോന്നുന്നു , ഓരോ കഥകളിലും മാറി മാറി വരുന്ന വിഷയങ്ങള്‍. ആഖ്യാനം. ഇവിടെയും കാണുന്നത് അത് തന്നെ. മനോഹരം .
    നന്നായി ആസ്വദിച്ചു ഈ കഥ. അതിനപ്പുറം ഒരു വര്‍ഷിണി കഥയെ വിലയിരുത്താന്‍ ഇച്ചിരി പ്രയാസമാണ് എനിക്ക് :-)

    ReplyDelete
  12. എഴുത്തിന്റെ വഴികളിലെ ഈ പുതുമ നന്നായി ട്ടോ...

    ReplyDelete
  13. വ്യത്യസ്തതയ്ക്ക് വേണ്ടിയുള്ള ശ്രമം നന്നായി,ആശംസകള്‍....

    ReplyDelete
  14. പതിവ് ശൈലിയില്‍നിന്നും ചെറിയൊരു വ്യത്യാസം.... നന്നായിട്ടുണ്ട്.

    ReplyDelete
  15. മൊയ്തൂനെ കൂടെ ചിന്തിപ്പിക്കാമായിരുന്നു..വെറുതെ പറഞ്ഞതാ :) അതൊക്കെ അവനനവന്റെ ഇഷ്ടം..

    ഇതേ ലേബലുകളിലുള്ള ധാരാളം കഥകൾ കണ്ടിട്ടുണ്ട്.

    എങ്കിലും ശൈലി കൊണ്ടും ഭാഷ കൊണ്ടും വേറിട്ടു നിൽക്കുന്നു.

    നല്ലത്

    ReplyDelete
  16. നല്ല രസം ണ്ട് ട്ടോ വായിച്ചോണ്ടിരിക്കാൻ. നല്ല നാടൻ ശൈലിയിൽ പറഞ്ഞ ഈ കഥ വായിച്ച് മുന്നേറാൻ കൂടുതൽ ആയാസപ്പെടേണ്ടി വന്നില്ല. എനിക്കൊരേയൊരു സംശയമുണ്ട് ഈ കഥയിലെ ഒരു വാചകത്തിൽ------വിശക്കുന്നവൻ ചോറിൽ നിന്ന് കയ്യെടുക്കില്ല..
    എന്നിട്ടും വയർ നിറയാത്തവന്റെ കുപ്പായത്തിൽ എത്ര പണമുണ്ട് എന്ന് തിരക്കുന്നത് ഒരു ഭാര്യയുടെ ധർമ്മം..------------എന്താണീ വാചകത്തിന്റെ പൊരുൾ എന്ന് ഒന്ന് പറഞ്ഞു തരണം ട്ടോ. എഴുത്ത് മനോഹരമായിരുന്നൂ. ആശംസകൾ.

    ReplyDelete
    Replies
    1. വഴിവിട്ടു നടക്കുന്ന ഭർത്താവിനെ നിയന്ത്രിയ്ക്കുന്ന ഒരു ഭാര്യ...അതാൺ ട്ടൊ ഉദ്ദെശിച്ചത്...!
      നന്ദി..!

      Delete
  17. ഉം കൊള്ളാം ഇഷ്ടമായി

    ReplyDelete
  18. ആഹ,,, അമ്മായി അമ്മയും മരുമോളും തമ്മിലുള്ള സംവേദമാണല്ലോ ? എന്തായാലും മരുമകള്‍ ചീറിയിട്ടുണ്‌ട്‌. അമ്മായി അമ്മ ഒരുപക്ഷെ പഴഞ്ചനാകും അതാവും പുള്ളിക്കാരത്തിയെ ഇങ്ങനെയൊക്കെ പറയാന്‍ പ്രേരിപ്പിച്ച സംഗതി. ആശംസകള്‍

    ReplyDelete
  19. എഴുത്തിലെ ശൈലീ വ്യത്യാസം ..ഈ പോസ്റ്റിന്റെ ഹൈലൈറ്റ് അത് തന്നെ

    തികച്ചും സംസാര ഭാഷയില്‍ കുറിച്ചിട്ട ഈ സംവാദം ഒരു വിധ മുഷിപ്പും ഇല്ലാത്ത വായനയാണ് നല്‍കിയത് . പ്രദീപ്‌ മാഷ്‌ പറഞ്ഞ പോലെ കഥയെഴുത്തിന്റെ വിവിധ ശൈലികള്‍ തേടുന്ന ടീച്ചറുടെ തുടര്‍ന്നുള്ള രചനകളും വൈവിധ്യമാര്‍ന്നത്‌ ആകട്ടെ.

    ആശംസകള്‍

    ReplyDelete
  20. സുഹൃത്തെ... നന്നായിട്ടുണ്ട്...
    ഇതില്‍ എന്ത് അഭിപ്രായം പറയണമെന്നനിക്കറിയില്ല ..:)

    ReplyDelete
  21. വര്‍ഷിണി , മനസ്സിന്റെ ചില അസ്വാരസ്യങ്ങള്‍
    വരികളിലേക്ക് പകര്‍ത്തുവാന്‍ വിജയിച്ചിട്ടുണ്ട്
    വല്ലാതെ ഒരു മാറ്റം ,പ്രകടമാണ് ! മഴയുടെ കുളിരും ഇടതൂര്‍ന്ന വനാന്തരങ്ങളില്‍ പെയ്തൊഴിഞ്ഞ മഴയുടെ തുടുപ്പുകള്‍ തേടുന്ന നിഗൂഡതയും മാറ്റി നിര്‍ത്തീ നേരിന്റെ ഉല്‍തുടുപ്പിലേക്ക് ഒരു കുടുംബത്തിന്റെ ഉള്‍കാമ്പിലേക്ക് ഇറങ്ങി ചെന്നിരിക്കുന്ന വരികള്‍.
    അളമുട്ടിയാല്‍ ചേരയും കടിക്കും എന്നൊരു
    പഴമൊഴി വര്‍ഷിണിയുടെ വരികള്‍ അന്വര്‍ത്ഥമാക്കുന്നു ..
    പടച്ചവന് കേള്‍ക്കാനായിട്ട് ഉച്ചതില്‍ ഒതേണ്ട കാര്യമില്ല,പടച്ചവന്‍ ഉള്ളിലാണ്,
    നമ്മുടെ വേവുകള്‍ അവനറിയും
    അതില്‍ നന്മയുണ്ടേല്‍ ,യഥാസ്തിക കുടുംബത്തിലേ
    ചില അടഞ്ഞ വെവുകള്‍ ഒരു മാറ്റം കൊണ്ട ശൈലിയിലൂടെ തുറന്നെഴുതീ കൂട്ടുകാരീ ,
    നൂറു പഴികളുടെ പേമാരിയില്‍
    നാവ് അറിയാതോതുന്നത് ചില നേരുകളുടെ പൊള്ളലാവും,പിന്നീട് ഉമ്മയുടെ വാക്കുകള്‍ കഥാകാരീ പകര്‍ത്തിയിട്ടില്ല
    എന്നുള്ളത് തന്നെ അതു വിളിച്ചോതുന്നു , വാക്കുകള്‍
    ചിലപ്പൊള്‍ ചില മഴയില്‍ ഒലിച്ചു പൊകും, ഉത്തരം മുട്ടി പൊകുന്ന ചില അവസ്ഥകള്‍ ...
    അള്ളാഹുവിനയാണ് ഉമ്മ പരീക്ഷിക്കുന്നതെന്ന് പറയുന്ന വാക്കുകളില്‍ ഇന്നിന്റെ ആഴമുണ്ട് , ഒന്നിരുത്തി നാമെല്ലം ചിന്തിക്കേണ്ട പൊരുള്‍ ഉണ്ട് ..
    വായിച്ചു തുടങ്ങിയപ്പൊള്‍ എനിക്ക് ബ്ലൊഗ്
    തെറ്റിയോ എന്നു കരുതി ഞാന്‍ പിന്നീട് ഉറപ്പിച്ചു ..
    ഇഷ്ടായീ ഈ മാറ്റവും ,എഴുത്തും..ഫാന്റസി വിട്ടൊരു നേരു കൊണ്ട് വെന്ത വാക്കുകള്‍ പെയ്തൊഴിയാതെ പകര്‍ത്തീ ..

    ReplyDelete
  22. എപ്പോഴത്തെയും പോലെ വായിച്ചു മനസ്സിലാക്കാൻ പാടാണ് വർഷിണിയുടെ വരികൾ...നിരാശപ്പെടില്ല എന്ന് ഉറപ്പുള്ളതു കൊണ്ട് മനസ്സിരുത്തി വായിക്കുന്നു..

    ReplyDelete
  23. എഴുത്തിലെ പുതുമ നന്നായി.
    (പഴയതിലേതാണ് എനിക്കിഷ്ടമാവാതിരുന്നിട്ടുള്ളത്?!)

    ReplyDelete
  24. വര്‍ഷിണി എഴുത്തിന്റെ ശൈലി മാറ്റിയത് ശരിക്കും അറിയുന്നു, ഞാന്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നത് ആദ്യത്തെ ശൈലി തന്നെയാണ്, നന്നായിരിക്കുന്നു വര്‍ഷിണി, വാക്കുകളും ഭാഷയും കഥാപാത്രങ്ങള്‍ക്ക് യോചിച്ച രൂപത്തില്‍ തന്നെ നല്കി, നല്ല അവതരണം
    ആശംസകള്‍ ...

    ReplyDelete
  25. നല്ല മനോഹരമായ എഴുത്ത്....ഇന്നത്തെ കാലത്തില്‍ പല സ്ഥലത്തും സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെ ...ആശംസകള്‍

    ReplyDelete
  26. പുതുമയുണ്ട്... നന്നായിരിക്കുന്നു

    ReplyDelete
  27. ഇന്ന് വരെ വായിച്ച വര്‍ഷിണി യില്‍ നിന്നും തീര്‍ത്തും വെത്യസ്ത മായ ഒരു പോസ്റ്റ് ആണ് സ്ത്രീ വിശ്വാസത്തിന്റെയോ? ആദര്‍ശത്തിന്റെ യോ പേരില്‍ തളചിടെണ്ട ഒന്നല്ല എന്ന് സമര്തിക്കുന്നു വരികള്‍

    ReplyDelete
  28. പലരും പറഞ്ഞ പോലെ പല പോസ്റ്റുകളും പല പല ശൈലികളില്‍ ആണല്ലോ.. വ്യത്യസ്തതയ്ക്കു നൂറു മാര്‍ക്ക്.

    ReplyDelete
  29. ഇതാദ്യമായി ഇവിടെ വായിച്ചത് ചിലപ്പോള്‍ ഞാനാകും.. അഭിപ്രായമറിയിക്കാന്‍ പറ്റിയിരുന്നില്ല!
    മൊയ്തീന്‍ വിചാരിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ഉമ്മയുടെ പിറുപിറുക്കലിനധികം ആയുസ്സുണ്ടാകുമായിരുന്നില്ല!
    ആശംസകള്‍ വര്‍ഷിണി!

    ReplyDelete
  30. വ്യത്യസ്ഥത ഞാൻ ആഗ്രഹിച്ചതല്ല, വന്നു പോയതാണ്..
    “ഓരോ രോമകൂപങ്ങളിലും പൊടിയുന്ന വിയർപ്പിൻ കണങ്ങൾ സ്വീകരിയ്ക്കാനാവാത്ത അവസ്ഥയിൽ,
    മാനസിക ശാരീരിക വേദനകളെ കെട്ടിപ്പുണർന്ന് എത്രനാൾ മെത്തയിൽ സ്വയം കെട്ടിയിടും..
    അപ്പോൾ ചുവന്ന നേർത്ത ചുണ്ടുകൾ സ്വയം കടിച്ച് മുറിപ്പെടുത്തുന്നു”.

    നന്ദി പ്രിയരേ...ഈ അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും ഹൃദയത്തിൽ ചേർക്കുന്നു..!

    ReplyDelete
  31. അക്ഷര വര്‍ഷിണിക്ക് അക്ഷയാശംസകള്‍

    ReplyDelete
  32. "എന്റെ തലമുടി മറയ്ക്കുവാനും, കൈ ഉറകൾ നീട്ടുവാനും നിങ്ങൾക്കാകുമായിരിയ്ക്കും,
    പക്ഷേ എന്റെ ചുണ്ടുകൾ തുന്നി ചേർക്കുവാനൊ..വായയ്ക്ക് മറയിടുവാനൊ നിങ്ങൾക്ക് സാധ്യമാവുകയില്ല.." ഹോ... വിപ്ലവാത്മകം...!!!

    വിനുവേച്ചി...

    കാല്പനികസത്വം എന്ന് ഇനി ഞാന്‍ വിളിക്കില്ല..
    ഇത് പതിവുകള്‍ തെറ്റിച്ചൊരു എഴുത്തായി....
    പ്രമേയത്തിനുതകുന്ന ഭാഷയും....

    എഴുത്തില്‍ സ്വന്തമായൊരു വഴി കണ്ടെത്തി മുന്നേറൂ....

    സ്നേഹപൂര്‍വ്വം
    അനിയന്‍

    ReplyDelete
  33. നല്ലൊരു വായന്നനുഭവം ...ആശംസകള്‍.

    ReplyDelete
  34. “ഉമ്മാ…നിങ്ങളോട് എത്ര തവണ പറഞ്ഞിരിയ്ക്കുന്നൂ നിങ്ങൾ ആല്ലാഹുവിനോട് തേടുന്നത് എന്നെ കേൾപ്പിയ്ക്കാൻ ആയിട്ട് ആകരുതെന്ന്..,
    എന്നെ പ്രകോപിപ്പിയ്ക്കും തരത്തിൽ ആകരുതെന്ന്..
    ഫലമെന്ത്,…ഞാൻ കേൾക്കുന്നു…ഞാൻ വേദനിയ്ക്കുന്നു എന്നതിനപ്പുറം ഒരു സ്വർഗ്ഗം നിങ്ങൾക്ക് കിട്ടുവാനുണ്ടോ..?

    (ഞാനുമിവടെ വന്നു കേട്ടോ!)

    ReplyDelete
  35. ഏറെ ഹൃദ്യമായ രചന....പച്ചയായ അനുഭവങ്ങളുടെ പകര്‍ത്തിയെഴുത്ത്...

    ReplyDelete
  36. ഹോ ഞാന്‍ നടാ വിനൂ ഈ കാണണെ...!!
    പടച്ചവനേ….ഉടയത്തമ്പുരാനേ…നീയേ എനിയ്ക്ക് തുണ…!

    ReplyDelete
  37. അസാധാരണമായ രചനകൌശലം കൊണ്ട് അമ്പരപ്പിച്ചിട്ടുള്ള എഴുത്തുകാരിയാണ് വിനോദിനി.ഓരോ വരികളിലും വിനോദിനി ഒളിപ്പിച്ചു വെക്കാറുള്ള കൊച്ചു കൊച്ചു അമിട്ടുകള്‍ വായനക്കാരന് നിര്‍വ്വച്ചനാതീതമായ അനുഭൂതി പകരും .പക്ഷെ ഈ രചനയില്‍ എന്ത് കൊണ്ടോ അതൊന്നും കാണാന്‍ എനിക്ക് കഴിഞ്ഞില്ല .ഒരു വരിയിലോഴികെ ,,പുതിയ കൂടുതല്‍ മികച്ച ഒരു പോസ്റ്റ്‌ ഉടനെയുണ്ടാവട്ടെ .ആശംസകള്‍ ,,,

    ReplyDelete
  38. മനസ്സിലാക്കാന്‍ പ്രയാസമേതുമില്ലാത്ത വേറിട്ട രചന. എത്രയെത്ര അമ്മായി അമ്മമാര്‍.
    ഇത് വായിക്കുമ്പോഴും അനേകായിരം അമ്മായി അമ്മമാരും മരുമകളും തമ്മില്‍ ലൈവ് ആയി
    ഈ സംഭാഷണം മനസ്സിലും പുറത്തും നടക്കുന്നുണ്ടാവും എന്നുറപ്പാണ്. വളരെ നന്നായി.

    ReplyDelete
  39. ന്റെ ബദ്രീങ്ങളെ ... ന്തപ്പോ പറയാ .... പടച്ചോനെ ഈ കുട്ടീന്റെ എയ്ത്തിനെ നീ കാത്തോണേ .... പെരുത്തിഷ്ടായി നാടന്‍ ശീലുകള്‍..!
    ഈ മലബാര്‍ ഭാഷ എവ്ടെന്നോപ്പിച്ചു .... മഴയായ്‌ അങ്ങനെ പെയ്തിരങ്ങയാണ് കേട്ടോ....പല ഭാഷയില്‍ പല ശൈലിയില്‍ ...ഇനി എന്തെല്ലാമാണാവോ ഇവിടെ ഒളിച്ചു വച്ചിരിക്കുന്നത് ...!

    ReplyDelete
  40. ഭാഷയുടെ ഒരു പ്രത്യേകത ഇഷ്ടമായി .കൊള്ളാം നല്ല രചന .ആശംസകള്‍

    ReplyDelete
  41. നല്ല എഴുത്ത്...ഭാഷ വായിച്ചു മനസ്സിലാകാന്‍ അല്പം
    താമസം എടുത്തു..അത് കൊണ്ട് ആണ് തിരികെ
    എത്തി കമന്റ് ഇടാനും
    താമസിച്ചത്...അഭിനന്ദനങ്ങള്‍..ഈ പുതിയ രീതിക്ക്......

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...