Tuesday, November 4, 2014

നാട്ടുവളപ്പ്‌..

പ്രസവത്തിന് മുമ്പ് തന്നെ തറവാട്ടമ്മ വീട്ടിലെത്തിയിരുന്നു.
പെറ്റ്  വീഴുന്ന കുഞ്ഞിന് അമ്മയേക്കാൾ തന്നോട്  സ്നേഹമുണ്ടാവണം എന്ന ഗൂഢമോഹം ഉള്ളിലൊതുക്കി പ്രായത്തിന്‍റെ അസ്കിത മറന്ന് മുന്നിലും പിന്നിലും ചരട്‌‌ മുറുക്കുകയായിരുന്നു അവര്‍.
തറവാട്ടിലെ കാര്യവാഹകസ്ഥാനം  സ്വയം എടുത്തണിഞ്ഞ്  പല പല മനക്കോട്ടകൾ പടുത്തുയർത്തി  കുഞ്ഞിന്റെ ഇരുപത്തിയെട്ടിനുശേഷം അവര്‍ തറവാട്ടിലേക്ക്‌ തന്നെ തിരിച്ചുപോയി .
എന്നാല്‍ ബുദ്ധിമതിയായിരുന്നു  അവന്റെ അമ്മ. 

അവന്  സ്നേഹം വിളമ്പാനെന്നോണം ഇടയ്ക്കിടെ വിരുന്നു വരുന്ന തറവാട്ടമ്മയെ കൂടുതല്‍ കൊഞ്ചാന്‍ അനുവദിക്കാതെയും ,  പെറ്റമ്മ തന്നെയാണ് അവനെ പരിപാലിക്കെണ്ടതെന്ന രീതിയില്‍ അവനെ ആര്‍ക്കും കൈവിട്ടു നല്‍കാതെയും അവര്‍  തന്റെ ചുമതലകളിലേക്ക്  ഉള്‍വലിഞ്ഞു. 

വീട്ടകത്ത് അനിഷ്ടത്തിന്റെയും അവിശ്വാസത്തിന്റെയും പുതിയ ചുമരുകള്‍ ഉയരുന്നത് മനസ്സിലാക്കിയെങ്കിലും ദാമോദരന്‍ ആദ്യമാദ്യം അതെല്ലാം കണ്ടില്ലെന്ന്‍ നടിച്ചു.

കാലം പോകവേ  അകത്തെ ഒച്ചപ്പാടുകള്‍ സ്ത്രീകളോടുള്ള  ഈർഷ്യയായും, പ്രത്യേകിച്ച്‌ കുഞ്ഞിന്റെ അമ്മയോടുള്ള കോപമായും അയാളുടെ ഉള്ളം നുരഞ്ഞു. ശാസനകളും വിലക്കുകളും പരുക്കന്‍ കാറ്റ് പോലെ അകമുറികളില്‍ ചുഴികള്‍ തീര്‍ത്ത് ഉമ്മറം കടന്ന് പുറത്തേക്ക് വീശിയടിക്കുമ്പോഴും 
പ്രപഞ്ചത്തിന്റെ  ഒരു സ്വാഭാവിക പരിണാമദശയിലാണ് ഞങ്ങള്‍ എന്ന മട്ടില്‍  മാതൃത്വം ആവോളം ആസ്വദിക്കുകയായിരുന്നു  അമ്മയും അവനും.

ദാമോദരന്‍റെ കടുത്ത ഈര്‍ഷ്യയെ അത്രയും ലാഘവത്തോടെ ഒരു പുഞ്ചിരിയില്‍ ഒതുക്കി അവള്‍ കൂസലില്ലാതെ കുഞ്ഞിനായി  മാറിടം തുറന്നിട്ടു.   
അപ്പോഴെല്ലാം അയാൾ പരുപരുത്ത ശബ്ദത്തിൽ അവളെ ഉപദേശിക്കുകയെന്നോണം  മുറിയിൽനിന്ന് പുറത്തുവന്ന് ഉയർന്ന സ്വരത്തിൽ സംസാരിച്ചു.

" അവനെ മുലയൂട്ടിയൂട്ടി നീ നിന്റെ ആരോഗ്യം  നശിപ്പിക്കരുത്‌. അഞ്ച് വയസ്സെന്നാല്‍ കൊച്ചു കുട്ടിയൊന്നുമല്ല.
സൗകര്യപ്പെടുമ്പോഴെല്ലാം സാരിത്തലപ്പിൽ അവന്റെ തല പൂഴ്ത്തി താലോലിക്കുന്ന ശീലം അവനെ വെടക്കാക്കുകയാണ് ..."

ആധി കയറിയ പോലെ അയാള്‍ ഇളകി നടന്നു.

"നാണക്കേട്...അവനെ മടിയില്‍ നിന്നിറക്കേണ്ട സമയമായീന്ന് എപ്പഴേ പറഞ്ഞതാ..,  ദുശ്ശീലം എന്നല്ലാതെ എന്താ ഇത് ..? കുട്ട്യാളെ ഓമനിക്കാം, ഇതിപ്പോ വഷളാക്കലല്ലേ.. "

"ഭ്രാന്താണ് നിനക്ക്.., അവസാനിപ്പിച്ചോ എല്ലാം..എനിക്ക് പണിയുണ്ടാക്കരുത്...." 

 വാക്കുകളിലെ കാര്‍ക്കശ്യം നാള്‍ക്കുനാള്‍ ഏറി വന്നു. അയാളുടെ തലവെട്ടം അകലെ കാണുമ്പോള്‍ തന്നെ  അവന്‍ മുലഞെട്ടില്‍ നിന്നും അടര്‍ന്ന്‍ മാറി എങ്ങോട്ടെങ്കിലും  ഓടിമറയും .

"ആഴ്ച തോറും ഇയാളെന്തിനാ വഴക്കടിക്കാന്‍ മാത്രമായി ഇങ്ങോട്ട് വരുന്നത്.." അവന്‍ ആലോചിച്ചു.

അയാള്‍ ഒറ്റക്കായിരുന്നില്ല, ചുറ്റുമുള്ള പ്രായം ചെന്നവരും അയാളുടെ ഭാഗത്തായിരുന്നു.

" അമ്മയുടെ മണവും മുലകുടിയും നല്ലത്  തന്നെ, പക്ഷേ എന്തിനും ഒരു സമയോം അളവും  ഉണ്ടെന്ന് മറക്കെണ്ടാ..,

അവന്റെ കുടിയിപ്പോൾ മയക്കത്തിനും നേരമ്പോക്കിനും മാത്രായി വരുണുണ്ട്. വെറുതെ സങ്കടങ്ങളെ കൈമാടി വിളിക്കേണ്ട,
ചൊവ്വില്ലാത്തത്പാടില്ലാന്നു പറയലും, ചൊല്ലുവിളിക്ക് നടത്തലും സ്നേഹം തന്നെയാ.. 
പരാതി പറയാത്തവര്‍ ഇല്ലെന്നായിരിക്കുന്നു.
മക്കള് ഒതുക്കമില്ലാണ്ട് വളര്‍ന്നാല്‍ പഴി അമ്മയ്ക്ക് തന്നെയാ... "

ആ വാക്കുകള്‍ ഏറ്റിരിക്കണം,  അമ്മയും അവര്‍ക്ക് ചെവി കൊടുത്തു തുടങ്ങിയിരിക്കുന്നു.

.പതിവുപോലെ അമ്മയുടെ സാരിത്തലപ്പിൽ മുളയാൻ നൂഴുന്ന അവനെ  അവരുടെ മുലയിൽനിന്നൊലിച്ചിറങ്ങുന്ന ചുവന്ന തുള്ളികൾ ഭയപ്പെടുത്തി.

പിറ്റേന്നും അത്  ആവർത്തിച്ചപ്പോൾ ചുവന്ന തുള്ളികൾ കൊതിയോടെ രുചിക്കാൻ തുടങ്ങിയ അവനെ കശയ്ക്കുന്ന രുചി  ഓക്കാനിപ്പിച്ചു.

എന്നാൽ പെട്ടെന്ന് വന്നു വീണ രുചിഭേദങ്ങളും നിയന്ത്രണങ്ങളും അവനെ നിഷേധിയാക്കി.

 പിന്നെയവന്‍ അമ്മയ്ക്കരികിൽ ഉറങ്ങാൻ ചെന്നില്ല. കോലായിൽ വേലക്കാരിയുടെ അരിക് ചേർന്നുറങ്ങുന്ന അവനെ  കണ്ട്‌ പെറ്റമ്മ വേദനിച്ചു.

 ഇരുട്ടും മുന്നെ അവനെ കോലായിൽ പായ്‌വിരിച്ചുറക്കാൻ അവളും ശുഷ്ക്കാന്തി കാണിച്ചു. പാതിരാത്രിയിൽ അമ്മയെ തേടി  അവന്‍ അവളിലേക്ക് നുഴഞ്ഞു.  പകലന്തിയോളം ജോലികളിലേർപ്പെട്ട്‌ നടു നിവർത്താനായി കോലായിൽ കൂടണയുന്ന അവളെ അവന്റെ കൂട്ട്‌ 
അലോസരപ്പെടുത്തി.
അവന്റെ വായടക്കാൻ വേറെ നിവൃത്തി കാണാതെ അവള്‍ അവനെ നെഞ്ചിലേക്കെടുത്തു. 

തറവാട്ടമ്മ ആ വാർത്ത ഒരുത്സവമായി കൊണ്ടാടി.
അവരുടെ പൊള്ളച്ചിരി മുഴങ്ങുന്നത്‌ കേൾക്കാൻ വയ്യാതെ പരിസരം ചെവിപൊത്തി.
അവന്റെ അമ്മ മനസ്സു‌ നൊന്ത്‌ കണ്ണീരൊഴുക്കാൻ തുടങ്ങിയെന്നറിഞ്ഞ അവർ തന്റെ ആനന്ദം പ്രകടിപ്പിച്ചത്‌ 
ദാമോദരനിൽ അതിശയമൊന്നും ഉണ്ടാക്കിയില്ല.
പഴയ കണക്കുകള്‍ പൊടിതട്ടിയെടുക്കുകയായിരുന്നു അവര്‍.

 അവസരം മുതലെടുത്ത്‌ ആളെ വിട്ട് അവര്‍ അവനെ തറവാട്ടിലേക്ക് വിളിപ്പിച്ചു.
ഈ  രാത്രികൂടി കഴിഞ്ഞേ വരൂ എന്ന്‍  ശഠിച്ച് അവന്‍ പുലരുവോളം 
പോറ്റമ്മയുടെ മാറിന്റെ മണമേറ്റ് കിടന്നു.

തറവാട്ടുമുറ്റത്തെ കളികളും അതിരുവിട്ട സ്വാതന്ത്ര്യവും  അവന്  ആ നാട് പ്രിയപ്പെട്ടതാക്കി.

അകത്തുള്ളവർ അവന്റെ ആഗ്രഹങ്ങൾക്കും വാക്കുകൾക്കും മൗനസമ്മതം നൽകി.

" അമ്മ അടുത്തില്ലാത്ത കുട്ടിയാ..വാശി പിടിപ്പിക്കേണ്ട..... "

അവനത്‌ കേട്ടാൽ മതിയായിരുന്നു..

തെങ്ങിനു വളമിടുന്ന ഫലം അവനിലും കണ്ടു വന്നു.

പിന്നീടൊരിക്കൽ ആരോ പറയുന്നത് കേട്ടു.

" അവൾക്കിപ്പൊ മൂന്നാം മാസായത്രെ.. ഇനിയിപ്പൊ ഉണ്ണി പിറക്കും വരെ കുട്ടി ഇവിടെ തന്നെ നിക്കട്ടെ..ഇപ്പൊ തന്നെ അവനിവിടത്തെ കുട്ടി  ആയിരിക്കുന്നല്ലോ, ഇവിടത്തെ കുട്ടിയായി തന്നെ അവന്‍ വളരട്ടെ..."

അതു കേട്ടതുമവൻ ഉണ്ടക്കണ്ണുകളുയർത്തി തറവാട്ടമ്മയെ നോക്കി പറഞ്ഞു,

" നിങ്ങളിങ്ങനെ അമർത്തി പറയേണ്ടാ..ഞാനിനി എങ്ങട്ടും പോണില്ലാ..ഇനി ഇതുതന്നെ എന്റെ നാട്‌.. ഇവിടത്തെ  ചായ്പ്പിലുറങ്ങണം, അത് മാത്രം  മതി എനിക്ക്  "

അവൻ ഇളകി ചിരിച്ചു. ആ ചിരിയിലൂടെ അവന്റെ വായിൽനിന്ന് ദുർഗ്ഗന്ധമെന്ന പോലെ പെണ്ണിന്റെ മാറിടമണം വമിക്കുന്നുണ്ടായിരുന്നു.

തറവാട്ടിലെത്തി  മുറിയിൽ ചടഞ്ഞു കൂടിയ അവനെ ഉന്മേഷവാനാക്കി മാറ്റുവാൻ തറവാട്ടമ്മ ഏൽപ്പിച്ച സ്നേഹമുണ്ടായിരുന്നു, ചായ്പ്പില്‍.
തറവാട്ടിലെ കാര്യക്കാരിയായ അവളുടെ സ്നേഹലാളനകളിൽ വിശ്വസിച്ച്‌, അവന്റെ ഇനിയുള്ള വളര്‍ച്ചക്ക്  അവളൊരു 
സഹായമാകുമെന്ന് കരുതി, തറവാട്ടമ്മ.

തന്റെ രഹസ്യക്കാരെ സ്വീകരിക്കുന്നതിന്  തടസ്സമുണ്ടാവാതിരിക്കാന്‍ അവള്‍ അവനെ ആദ്യമേ തന്നെ വരുതിയിലാക്കി.  തറവാട്ടില്‍ ഇതെല്ലാം പതിവാണെന്ന മട്ടില്‍  അവള്‍ അവന്റെ ഇഷ്ടങ്ങള്‍ക്ക്  അയഞ്ഞു കൊടുത്തു.

എങ്കിലും കൂടെക്കൂടെ അവളവനു താക്കീതുകൾ നൽകി.

" നീ എന്റെ സ്വൈര്യം കളഞ്ഞാല്‍ ഇതിനകത്തുള്ള നിന്റെ ഉറക്കം അന്ന് തീരും,..പിന്നെ തറവാട്ടമ്മയുടെ മുറിയിലെ കശയ്ക്കുന്ന ഗന്ധമേറ്റ്‌ ഉറങ്ങാനായിരിക്കും നിന്‍റെ യോഗം. മനസ്സിലാക്കിക്കൊ നീയ് .."

അത്‌ കേട്ടാല്‍  ഓക്കാനം  അഭിനയിച്ച്  അരുതെന്ന് തലയാട്ടി അവനവളുടെ ഇരുളിൽ മുളയും..

അവനിൽ താടിയും മുടിയും കനക്കുന്നത് പോലെ  ഒപ്പം കളിച്ച് ചിരിച്ച് നടന്നിരുന്ന  പെൺകുട്ടികളുടെ മാറിടങ്ങളും ഉയർന്നു വന്നു.

"മാറുള്ള പെൺകുട്ടികളെ കണ്ടാൽ തന്നെ അവനൊരുമാതിരി ഇളക്കം കൂടും,
തിക്കും തിരക്കുമുള്ള സ്ഥലത്ത് അവനുണ്ടെങ്കില്‍ പേടിയാ...

പെണ്ണുങ്ങൾ  നാട്ടുവളപ്പുകളിലും തിണ്ണകളിലും കൂട്ടംകൂടി സ്വരം ഉയർത്തി.

"അവൻ കാരണം തറവാട്ടിലുള്ളക്കവർക്ക്‌ കൂടി വഴി  നടക്കാൻ പറ്റാതായി തൊടങ്ങിയിരിക്കുണൂ "

തറവാട്ടമ്മയും  മുറുമുറുത്ത് തുടങ്ങി..
അടക്കാമരം തന്റെ മുണ്ടിന്റെ തലപ്പത്ത്‌ ഒതുങ്ങായതോടെ അവർക്കും അവനൊരു ബാധ്യതയായി..

പോരാത്തതിനു ഉമ്മറത്തിണ്ണയിൽ പരാതിക്കാരുടെ പരിഭവവും തെറി പറച്ചിലും, താക്കീതുകളും...  

നാട്ടുപെണ്ണുങ്ങൾക്കിടയില്‍   അവര്‍ക്കുള്ള ആഭിജാത്യത്തിന്റെ നിറം ക്കെടുത്താൻ അത് ധാരാളമായിരുന്നു.

"  നെന്റെ അച്ഛനു തീരെ വയ്യാത്രെ, കിടപ്പിലാണു പോലും..
ഇടക്കിടെയുള്ള തലകറക്കവും ക്ഷീണവും.
ഈ അവസരത്തിൽ അവിടത്തെ കാര്യങ്ങൾ നീ തന്നെ നോക്കി നടത്തണം ,"

പറഞ്ഞു വിടാൻ ഒരു കാരണം കിട്ടിയ സമാധാനത്തോടെ അവനെ യാത്ര അയക്കുവാൻ നാടും തറവാടും ..ഒരുങ്ങി.

 ജനിച്ച മണ്ണിലേക്ക്‌ തിരിച്ചുപോകുവാൻ ആ രാത്രിയുടെ സമ്മതം തേടി അവൻ ചായ്പ്പിലേക്ക്‌ ചെന്നു..

പിറ്റേന്ന് പുലരെ പുറപ്പെടാൻ നേരാൻ അവനവിടെ ഉപേക്ഷിച്ചിറങ്ങിയതും ഒരു നിറഞ്ഞ മാറിടത്തിന്റെ നിശ്വാസമായിരുന്നു.

പിറന്ന മണ്ണിൽ അവന് ശ്വാസം മുട്ടി...

പെറ്റമ്മയുടെ അവഗണന..

പോറ്റമ്മയുടെ അസാന്നിദ്ധ്യം..

പിതാവിന്റെ ദീനാവലാതികൾ..

കുടുംബത്തിലെ  പ്രാരാബ്ധങ്ങൾ..

സ്വന്തം നിഴലിനോട്‌ പുറംതിരിഞ്ഞു കിടന്ന്‍ അവന്‍ പ്രതിഷേധങ്ങൾ കിടക്കയിൽ പ്രകടിപ്പിച്ചു.

വളഞ്ഞു പോകുന്ന ഊടുവഴികളിലൂടെ ഒളിഞ്ഞു നടന്നു.

കുന്നുകളും മേടുകളും കയറിയിറങ്ങി അലഞ്ഞു..

ഒരുനാൾ ഏറ്റവും ഇഷ്ടപ്പെട്ടതായിരുന്ന നാടിപ്പോൾ ഏറ്റവും വെറുക്കപ്പെട്ടതായിരിക്കുന്നു.

 നാട്ടിന്റെ വർഷകാലസ്മരണകളുടെ കുളിരും നനവും നഷ്ടമായിരിക്കുന്നു. അകത്തും പുറത്തും ചൊരിയുന്ന പൊള്ളുന്ന മഴയുടെ തയമ്പക.

അമ്മക്ക്‌ വാതോപദ്രവം കലശലായി. അവർക്ക്‌ സമയാസമയത്തിനു മരുന്നെടുത്തു കൊടുക്കുവാനും കാലിൽ കുഴമ്പ്‌ പുരട്ടി ചൂടു പിടിച്ച് 
കൊടുക്കുവാനും ഭർതൃഗൃഹത്തിലുള്ള മകള്‍ക്ക്  അധികനാൾ സാധിക്കാത്തതിനാല്‍ അവര്‍ ഏര്‍പ്പെടുത്തിയ സഹായഹസ്തമായിരുന്നു ശ്യാമ.

" ശ്യാമ സുന്ദരി തന്നെ. "

അവൻ സ്വയം പറഞ്ഞു.

അധികനാളുകൾ വേണ്ടി വന്നില്ല. അവന്‍ കാര്യം അവളോടും ബോധിപ്പിക്കുവാൻ.

" എന്റെ ഹൃദയം നിന്നെ ആഗ്രഹിക്കാൻ തുടങ്ങിയിരിക്കുന്നു...എന്തോ ഒന്ന്  നിന്നിലേയ്ക്ക്‌ അടുപ്പിച്ചിരിക്കുന്നു,

"ശ്യാമേ..നമുക്ക് ഒരുമിച്ച് ജീവിച്ചുകൂടെ...? "

"പാടില്ല, എല്ലാ പെണ്ണുങ്ങളും ആഗ്രഹിക്കുന്നൊരു കല്യാണജീവിതം നിയ്ക്ക്‌ സാധ്യാവുമെന്ന് കരുതണില്ല.. "

അവൾ തേങ്ങിക്കരഞ്ഞു.

അവന്‍ അവളുടെ തേങ്ങലുകളെ ഒപ്പിയെടുത്തു. അവള്‍ക്ക് കരച്ചില്‍ അടങ്ങിയില്ല. അവളെ ആശ്വസിപ്പിക്കാന്‍ മാറോട് ചേര്‍ക്കാന്‍

 ഒരുങ്ങിയ  അവന്‍ പെട്ടെന്ന്‍ പിറകോട്ട് മാറി. അവൾക്കു നേരെ ഒച്ച താഴ്ത്തി  അമറി..

" ഒളിച്ചും മാറിയും നടന്നത് എന്നെ പറ്റിക്കാന്‍ ആണോടീ ...?

മുലയില്ലാത്ത നീ ഒരു പെണ്ണാണോ ..? 

 അവളുടെ പതിഞ്ഞു കിടക്കുന്ന മാറിനെ മറച്ചു വെക്കുന്ന കനത്ത മുടിക്കെട്ട്‌ പിന്നിലേക്ക്‌ വലിച്ചിട്ട്  അവന്‍ ചീറിയലച്ചു. 

"നീ വെറും ശവമാണ്‌."

പിന്നീടെപ്പഴോ അവന്‍ തളർന്നുറങ്ങി.

അവള്‍ പിന്നെ അവനെ കേട്ടതേയില്ല. അന്ന്‍ മുതല്‍ ഒട്ടും ഭയം കൂടാതെ അവള്‍ ആ വീട്ടില്‍  അന്തിയുറങ്ങി.

അച്ഛനെ ശുശ്രൂഷിച്ചു. അമ്മയെ പരിപാലിച്ചു. അവനായി ആഹാരങ്ങള്‍ ചമച്ചു. 

സ്നേഹത്തിന്റെ ഭാഷയും തിളക്കങ്ങളും അടുക്കളയിലും മുറ്റത്തും, അകമുറികളിലും  വെളിച്ചം പരത്തുന്നത് അവന്‍ കണ്ടു. 

അവൾ ഉറക്കമൊഴിച്ച്‌ കാത്തിരുന്ന് അവന് ഭക്ഷണം വിളമ്പി. അലക്കിത്തേച്ച ഉടുപ്പുകള്‍ അലമാരിയില്‍ അടുക്കി. 

 ആ വീട്ടില്‍  സ്നേഹസമ്പന്നമായ ജീവതം കൊത്തിപ്പണിയുകയായിരുന്നു അവള്‍ .

നെഞ്ചിലെ മുഴപ്പുകള്‍ മാത്രമല്ല, പെണ്ണെന്നാല്‍ മറ്റെന്തൊക്കെയോ കൂടിയാണെന്ന് അവള്‍ ഓരോ ചലനങ്ങളിലും കുറിച്ചിട്ടു. ഒരു പാഠപുസ്തകമായി 

 പുതിയ  അദ്ധ്യായങ്ങളായി അവള്‍ പെണ്മയെ വരച്ചുകൊണ്ടിരുന്നു.  

'എവിടെയായിരുന്നു ഞാന്‍..'

 തൂങ്ങിയ മാംസഗോളങ്ങള്‍, ഉപ്പിന്‍റെ ആവിഗന്ധം.. 

തൊണ്ടക്കുഴിയില്‍ മുലപ്പാല്‍ ചുവയ്ക്കുവോളം അവന്‍ ചര്‍ദ്ദിച്ചു.  കണ്ണില്‍ ഉറക്കം മൂടുവോളം ആ നശിച്ച ഓര്‍മ്മകളെ ആട്ടിയകറ്റി.    

എണ്ണമറ്റ ദീപങ്ങളും അലങ്കാരങ്ങളും ഒരുക്കി  തന്നെ എതിരേൽക്കാൻ ഒരുങ്ങുന്ന ശ്യാമയേയും,

കുടകളും  വെഞ്ചാമരങ്ങളും ഏന്തി തെരുവിലൂടെ നീങ്ങുന്ന   ഘോഷയാത്രയേയും അവന്‍ കിനാവ്‌ കണ്ടു.

"ശ്യാമ... "

അവൻ ഉറക്കത്തിൽ മന്ത്രിച്ചു കൊണ്ടിരുന്നു...

അവള്‍ അപ്പോഴും ഒരു വീട് പണിയുകയായിരുന്നു.

31 comments:

  1. ഓരോ വ്യക്തികളുടേയും സ്വഭാവരൂപീകരണത്തില്‍ പ്രധാന പങ്കുവഹിക്കുന്നതില്‍ അവര്‍ വളര്‍ന്നു വരുന്ന സാഹചര്യങ്ങളും ബന്ധപ്പെടുന്ന വ്യക്തികളും അവരുടെ സമീപനങ്ങളും ചെറുതല്ലാത്ത സംഭാവന നല്‍കുന്നുണ്ട്. ചിലപ്പോള്‍ അത്തരം സാഹചര്യങ്ങള്‍ അവന്റെ യഥാര്‍ത്ഥ വ്യക്തിത്വത്തെ തന്നെ ഇല്ലായ്മ ചെയ്യും. ചാഞ്ഞും ചരിഞ്ഞും വളര്‍ന്നുവന്ന ഒരുവന്‍ പ്രതീക്ഷാനിര്‍ഭരമായ പുലര്‍ച്ചയിലേക്ക്.

    ReplyDelete
  2. ഒരു മാറിടത്തിൽ നിന്നും അടർത്തി മാറ്റപ്പെട്ടവൻ... പിന്നെ തേടിയ ആശ്വാസങ്ങൾ എന്ന് പറയാമോ ....?

    ReplyDelete
  3. കഥ വായിച്ചു. അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ല

    ReplyDelete
  4. ഭർതൃശാസനകളും അവഗണനകളും ആക്ഷേപങ്ങളായി
    കാറ്റിൽ ലയിച്ച്‌ ലോകത്തെ അറിയിക്കുമ്പോഴും പ്രപഞ്ചത്തിന്റെ
    യാദൃശ്ചിക പരിണാമങ്ങളിൽപ്പെടുന്ന മാതൃത്വം ആവോളം ആസ്വദിക്കുകയായിരുന്നു
    അവന്റെ അമ്മ.

    ReplyDelete
  5. വിചിത്രസ്വഭാവികളും, അസാധാരണമായ ഭാഷ സംസാരിക്കുന്നവരുമാണ് ടീച്ചറുടെ കഥാപാത്രങ്ങൾ, ഈ കഥാപാത്രങ്ങൾക്കുവേണ്ടി വ്യത്യസ്ഥമായ പാശ്ചാത്തലങ്ങളും, ഭാവലോകവും ഒരുക്കുന്നത് ടീച്ചറുടെ കഥകളുടെ പതിവ് ശൈലിയാണ്. കഥാപാത്രങ്ങളുടെ ഭാഷക്കൊപ്പം കഥയെഴുത്തിന്റെ ഭാഷയും മാറി മറിയുന്നത് ഈ കഥകളുടെ പ്രത്യേകതയാണ്.....

    കഥയെ ഈഡിപ്പസ് കോംപ്ളക്സിന്റെ മറ്റൊരു മുഖമായി വായിക്കാനാണ് എനിക്കു സാധിച്ചത്. ആ രീതിയിലുള്ള ഒരു വായന കഥയെ ആസ്വാദ്യകരമാക്കുന്നു.

    ചിലയിടങ്ങളിൽ ചില അക്ഷരങ്ങൾക്ക് എന്തോ കുഴപ്പമുള്ളതുപോലെ തോന്നി. അത് വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്.....

    ReplyDelete
  6. ഓരോരുത്തരുടേയും സ്വഭാവരൂപീകരണത്തിൽ ചുറ്റുപാടുകൾക്കുള്ള പങ്ക് നിർണായകം തന്നെ .... പതിവു പോലെ വ്യത്യസ്തമായ പ്രമേയവുമായെത്തിയ പ്രിയ സഖിക്ക് നന്ദി...

    ReplyDelete
  7. മാഷ്‌ പറഞ്ഞത്‌ ശരിയാണ്..
    അസാധാരണമായ പശ്ചാത്തലത്തു നിന്ന് വരുന്ന അസാധാരണമായി സംസാരിക്കുന്ന അതിലും അസാധാരണമായ സ്വഭാവമുള്ളവർ...!!!
    ഒരു പക്ഷേ വർഷിണിയുടേ കഥകളുടെ ആദ്യ ആകർശണവും അതു തന്നെയായിരിക്കാം...
    രണ്ടാമത്‌ വായിക്കാൻ വായനക്കാരനെ നിർബന്ധിക്കുന്നുണ്ട്‌ മിക്ക കഥകളും.
    ഇതും ഇഷ്ടായി..
    ഇനീം എഴുതാൻ ആശംസകൾ...
    നന്മകൾ...!

    ReplyDelete
  8. ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….

    അതെന്നെ...... ;)

    ReplyDelete
  9. വിചിത്ര സ്വഭാവങ്ങള്‍ ഉള്ളവരും വിചിത്രമായ രീതികളും ...

    ReplyDelete
  10. ജീവിതസാഹചര്യങ്ങളും കുടുംബാന്തരീക്ഷവും ചിലരുടെ സ്വഭാവങ്ങളിലും മാറ്റം വരുത്താം.അവനിലും അതാണ്‌ സംഭവിച്ചത്......
    നല്ലൊരിണ അവന്‌ കൂട്ടുണ്ടായാല്‍ നന്മയുടെ പാതയിലൂടെ പ്രയാണം ചെയ്യാനാവുമെന്നാണ് തോന്നുന്നത്................
    ആശംസകള്‍

    ReplyDelete
  11. വളരെ നന്നായിരിക്കുന്നു
    സാഹചര്യങ്ങളും സഹവാസവും ഓരോ വ്യക്തിയിലും ഓരോ തരത്തില്‍ ആകും സ്വാധീനിക്കുക അല്ലെ
    നല്ല അവതരണം
    ഇഷ്ടമായി
    ആശംസകള്‍

    ReplyDelete
  12. കഥ ഇഷ്ടമായി വര്ഷൂ. സേതുവിന്‍റെ അസുരവിത്തിലെ കഥാ പാത്രത്തെ ഓര്‍മ്മിപ്പിച്ചു.

    ReplyDelete
  13. ആ പരിസരത്തോട്ടൊന്നും അധികം അറിവില്ലാത്തോണ്ട് ചോയിക്കുവാണേയ്...
    അഞ്ചാം വയസ്സ് വരെയൊക്കെ മുലപ്പാലുണ്ടാവോ? ങെ :

    കഥ..!
    വായിക്കാൻ തോന്നുന്ന ശൈലിയുണ്ട്.
    പക്ഷെ എവിടെയൊക്ക്യൊ...... ചുമ്മാ എന്തൊക്ക്യൊ എഴുതിയ പോലെ.

    ReplyDelete
  14. വായിച്ചൂ... ചില സ്ഥലങ്ങളിലെ അക്ഷരത്തെറ്റുകൾ നോക്കുക.... വേറിട്ടൊരു കഥാകഥനം... മാറിടങ്ങളിൽ നിന്നും മാറിടങ്ങളിലേക്കുള്ള യാത്ര അവസാനം മാറിടമില്ലാത്തവളെ വരിക്കാൻ സ്വ്പ്നത്തിലൂടെയുള്ള ദർശനം... മോശാമായില്ലാ എന്നേയുള്ളൂ (എന്റെ വായനയിൽ) ആശംസകൾ

    ReplyDelete
  15. ചുറ്റുപാടുകളെന്ന കുശവൻ തീര്ക്കുന്ന മന്കലങ്ങലാന്നു ഓരോ മനുഷ്യരും
    ആശംസകളോടെ

    ReplyDelete
  16. അഭിപ്രായങ്ങൾ മാനിയ്ക്കുന്നു പ്രിയരേ...നന്ദി..സ്നേഹം

    ReplyDelete
  17. വളരെ നന്നായിട്ടുണ്ട് !
    പിന്നെ ഞങ്ങളുടെ നാട്ടില്‍ 12 വയസ്സു വരെ അമ്മിഞ്ഞപ്പാല്‍ കുടിച്ചു വളര്‍ന്ന ഒരു നായര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട് .!

    ReplyDelete
  18. അങ്ങോട്ട്‌ എന്താ പറയാ കുട്ടിത്തം അങ്ങട് ഉപേക്ഷിക്കാൻ പറ്റായ്ക ന്നാലും
    അമ്മമാരുടെ പോറ്റമ്മ പെറ്റമ്മ തറവാട്ടമ്മ അങ്ങിനെ അടുപ്പിച്ചു കണ്ടു തല ഉരുണ്ടു പോയി ന്നാലും കിട്ടാത്ത സ്നേഹം തന്നെയാ ഒരാളെ അയാളുടെ സ്വഭാവത്തിലും പിന്തുടരുക എന്ന് തോന്നി, മുഷിഞ്ഞില്ല എന്നാലും ഒന്ന് പരിഭ്രമിച്ചു എന്താ കഥ എന്നറിയാതെ

    ReplyDelete
  19. കഥ വായിച്ചു. പെറ്റമ്മ യിൽ നിന്നും പോറ്റമ്മയിലേക്കും പിന്നെ തറവാട്ടാ മ്മയിലെക്കുമുള്ള ചെക്കന്റെ വളർച്ചാഘട്ടങ്ങങ്ങളൊക്കെ ഭംഗിയായി പറഞ്ഞു.. എങ്കിലും വായനാ സുഖം കഥക്കുണ്ടായില്ല. അവസാനം കഥ കൈ വിട്ട പോലെ തോന്നി..

    ReplyDelete
  20. വേറിട്ടൊരു കഥ അധികമായാല്‍ അമൃതും വിഷം കുഞ്ഞുനാളില്‍ ജീവിച്ചുപോന്ന ജീവിതരീതികള്‍ വലുതായാലും മനുഷ്യനില്‍ ഉണ്ടാകാറുണ്ട്

    ReplyDelete
  21. വായനയുടെ അവസാനം ശ്യാമ നായകനെയും അട്ടിമറിച്ച് മിഴിവോടെ നില്‍ക്കുന്നു എന്ന പ്രത്യേകതയുണ്ട്. , മറ്റ് കഥാപാത്രങ്ങള്‍ക്ക് മിഴിവേകുന്ന വരികള്‍കുറവ് ..അടുക്കുംചിട്ടയുമില്ലാത്ത ജീവിതത്തെ അങ്ങനെതന്നെ എഴുതുന്നതാണ് നല്ലതെന്ന് തോന്നുന്നു..


    അഭിവാദ്യങ്ങള്‍..!

    ReplyDelete
  22. കഥ സശ്രദ്ധം വായിച്ചു.ശീലങ്ങള്‍ നമ്മെ അടിമപ്പെടുത്തുമെന്നൊരു ഒളിയാശയം കഥയില്‍ നിന്നും വായിച്ചെടുക്കുന്നു.മഹാനായൊരു അറബി കവി (ഇമാം ബൂസ്വരി )പാടി:"ആത്മേഛ, കുഞ്ഞു പൈതല്‍ പോലെയാണ്...മുലകുടി പ്രായം കഴിഞ്ഞിട്ടും അതിനെ തുടരാനനുവാദിച്ചാല്‍ യുവാവായാലും അവനതു നിര്‍ത്തില്ല ...."എന്നാണതിന്റെ സാരം. ഇവിടെയും അതു തന്നെയല്ലേ കഥ.നല്ലൊരു എഴുത്തിന്‍റെ വായനാനുഭവം ആസ്വദിക്കുന്നു.ആശംസകള്‍ !

    ReplyDelete
  23. മനുഷ്യൻ മഹാ വിചിത്ര മനസുകളുടെ ഉടമകളാണ്.. പെരുമാറ്റത്തിലും സ്വഭാവത്തിലും നല്ലതായും ചീത്തയായുമുള്ള അത്തരം അനുഭവങ്ങൾ ആദ്യമൊക്കെ വലിയ അത്ഭുതമായി തോന്നിയിരുന്നു... ഗൾഫിൽ വന്ന കാലം മുതൽ ആയിരക്കണക്കിന് ആളുകളുള്ള കമ്പനികളിൽ ജോലി നോക്കിയത് കൊണ്ടാവണം ഇപ്പൊ ഒരു അത്ഭുതവുമില്ല.

    പറഞ്ഞു വന്നത് കഥയെ കുറിച്ചാണ്... കഥക്കവസാനം വീടിനെ വീടായ് പണിയുന്ന ശ്യാമ മനസ് നിറച്ചു ...

    കഥ നന്നായി,

    ReplyDelete
  24. വിചിത്ര സ്വഭവം ഉള്ള കഥാനായകന്‍,അതിനു ചേരുന്ന പശ്ചാത്തലം.നമ്മുടെ സ്ഥിരം വായനകളില്‍ നിന്ന് വ്യതസ്തമായ ഒരു വായനാനുഭവം നല്‍കി..ഇഷ്ടപ്പെട്ടു

    ReplyDelete
  25. 'അവന്‍' പുതുതലമുറയെയും, അമ്മ ഇന്നിന്‍റെ അതിരുകെട്ടാത്ത സ്വാതന്ത്ര്യത്തെയും ദാമോദരന്‍ പരമ്പരാഗത നടപ്പുരീതികളെയും, തറവാട്ടമ്മ കമ്പോളതാല്‍പര്യങ്ങളെയും വേലക്കാരി ആനന്ദത്തിന്റെ ബദല്‍ സാധ്യതകളെയും കൃത്യമായി പ്രതീകവത്കരിക്കുന്നുണ്ട്.

    മാതൃബാന്ധവത്തെയും അതേ സമയം ഭോഗതാല്പര്യത്തെയും പ്രതിനിധാനം ചെയ്യുന്ന 'മുല' എന്ന രൂപകത്തിലൂടെ യുവതയെ സെഡ്യൂസ് ചെയ്യുന്ന നശ്വരവും നൈമിഷിവുമായ ഉന്മാദങ്ങളെ കഥയില്‍ സമര്‍ത്ഥമായി സന്നിവേശിപ്പിച്ചിരിക്കുന്നു.

    സമര്‍പ്പണം എന്ന ശ്യാമവര്‍ണ്ണം അവസാന വരികളില്‍ അസ്തമയരാശി ചമയ്ക്കുമ്പോള്‍ മനോഹരമായ ഒരു കഥ കൂടി പെയ്തു തോര്‍ന്നിരിക്കുന്നു 'പെയ്തൊഴിയാനി'ല്‍

    ReplyDelete
  26. വ്യത്യസ്തതയ്ക്ക് വേണ്ടി വര്‍ഷു എപ്പോഴും ശ്രമിക്കുന്നു. നല്ല ശ്രമം

    ReplyDelete
  27. ഈ വ്യത്യസ്തമാം ആഖ്യാന ശൈലി കൊള്ളാം. ഇഷ്ടമായി

    ReplyDelete
  28. ലോ ലിത് നുമ്മ എന്നേ ബായ്ച്ച്ക്ക്ണ്.. മോളീ നോക്ക് വെട്ടിത്തിളങ്ങ്ണ് കണ്ടാ ന്റെ മുത്ത് കമന്റ്.. ;)

    ReplyDelete
  29. എന്ത് രസ്സാലേ വായിക്കാന്‍ , വര്‍ഷിണിയേ ...
    ഒരു മണമാണ് വരികള്‍ക്ക് , കുറേ കാലമായ്
    പെയ്തൊഴിയാനിലേക്ക് വന്ന് പൊയിട്ട് ..
    ഞാനിതുപൊലെയായിരുന്നേട്ടൊ .... കഥയുടെ
    രൂപാന്തരണത്തിലേക്ക് ഞാന്‍ വന്നിട്ടില്ലെങ്കില്‍ കൂടി ..
    അഞ്ചര , ആറ് വയസ്സ് വരെ അമ്മയുടെ മുലകുടിച്ചിരുന്നു
    ഞാന്‍ .. സ്കൂളില്‍ പൊയ് വരുമ്പൊള്‍ ബാഗ് നിലത്തിട്ട്
    അമ്മയുടെ അരികിലേക്ക് ഓടുമായിരുന്നു .. അമ്മക്കൊരു -
    മണമാണ് അന്നുമിന്നും എവിടെന്നും കിട്ടാത്ത മണം ...!
    ബാല്യത്തിന്റെ ആ കണ്ണുകളില്‍ ആദ്യം നിഴലിക്കുന്ന
    ഒന്നില്‍ വിഷമത്തിന്റെ അലകളാണ് എനിക്ക് തൊന്നിയത് ..
    എന്നാല്‍ കാലമെന്നത് ചില മാനസികമായ് ദുഷിപ്പുകളിലേക്ക്
    നമ്മുടെ ചില ശീലങ്ങളേ പതിയേ നടത്തിക്കും .. ഒടുവില്‍
    കാര്യക്കാരിയിലേക്ക് നീളുന്ന മനസ്സില്‍ നിന്നും ശ്യാമ
    ചില പാവം പെണ്‍ മനസ്സുകളുടെ പ്രതീകമാകുന്നു ..
    കഥയെഴുതാനുള്ള കൈയ്യടക്കമുള്ള കൂട്ടുകാരിയില്‍
    നിന്നും വീണ്ടും മനോഹരമായ വരികള്‍ .. മനസ്സിനേ
    കൂട്ടികൊണ്ട് പൊകാന്‍ കഴിവുള്ളവള്‍ തന്നെയെന്റെ -
    പ്രീയ കൂട്ടുകാരി ......................സ്നേഹം ...!

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...