Saturday, February 9, 2013

ചിത്തഭ്രമം..




ചിന്തകൾക്ക്‌ മേൽക്കൂര പൊങ്ങിയിട്ടും ഒരക്ഷരം പോലും കടലാസ്സിൽ പതിയാൻ
കൂട്ടാക്കുന്നില്ല. എഴുതുവാനുള്ള ആവേശം കെട്ടടങ്ങിയതോ അതോ, 'അശ്രീകരം' എന്ന ആക്ഷേപങ്ങൾക്കുമുന്നിലെ നിസ്സംഗതയോ..?

ജീവിതത്തിൽ ആദ്യമായി ഏകാന്തതയുടെ കുരുക്കിൽ അകപ്പെട്ട പ്രതീതി....

എനിക്കറിയാം, നീ എന്നെക്കുറിച്ചാണ് ഓർക്കുന്നതെന്ന്... അല്ലെടീ പാറുപ്പെണ്ണേ..

ഇരുമ്പുജനലഴികളിലൂടെ ശബ്ദശകലങ്ങൾക്കൊപ്പം വേഗതയിൽ തെറിച്ചുവീണ
വിയർത്തുനനഞ്ഞ ബലമുള്ള ഒരു കൈ വിരിച്ചിട്ടിരിക്കുന്ന മുടിയിൽ
പിടിച്ചു വലിച്ച്‌ വേദനിപ്പിച്ചപ്പോൾ ആന്തിപ്പോയി.
നാഡീഞരമ്പുകളിലൂടെ ഒരു വൈദ്യുതിതരംഗം ഇടിമിന്നലായ് പാഞ്ഞ പോലെ..

ഹൊ, ഈ ബാലമ്മാമൻ ന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ, ഞാൻ അമ്മയോട്‌ പറഞ്ഞുകൊടുക്കും ട്ടൊ.. "

പാതി കരച്ചിലിന്റെ വക്കിൽ അരിശവും സങ്കടവും പ്രകടിപ്പിക്കുമ്പോഴേക്കും ബാലമ്മാമൻ തലതാഴ്ത്തി ജനൽച്ചുവരിന് ഓരം പിടിച്ച്‌ ഓടിപ്പോയിരുന്നു. നഗ്നമായ കാലടികൾ വളപ്പിലെവിടെയോ മറഞ്ഞു.

നാലുനാൾ അടുപ്പിച്ച്‌ അവധി കിട്ടിയ ആശ്വാസത്തിൽ വീട്ടിൽ ഓടിക്കയറിയതും
നേരിടേണ്ടിവന്നത്‌ സമനില തെറ്റി ബഹളം കൂട്ടുന്ന ബാലമ്മാമന്റെ നിലവിട്ട പ്രകടനങ്ങളെയായിരുന്നു.
പൊതുവെ ശാന്തപ്രകൃതനായി മാത്രം കണ്ടിട്ടുള്ള ബാലമ്മാമനെ പട്ടം കണക്കെ നിയന്ത്രണമറ്റ് ഉയർന്നു താഴ്ന്നും കൊണ്ടുള്ള അവസ്ഥയിൽ കണ്ട് പരിസരം മറന്ന് പൊട്ടിക്കരഞ്ഞു.
അതിനിടയാക്കിയ സംഭവം അറിഞ്ഞപ്പോൾ തരിച്ചിരുന്നുപോയി.


വീട്ടിനുള്ളിലൊരു സ്വപ്നലോകം കെട്ടിപ്പടുത്ത് , ജനൽ ചതുരത്തിലൂടെ കാണുന്ന സ്വർണ്ണംപൂക്കും കൊന്നമരച്ചുവട് വരെ മാത്രം തന്റെ ആശയുടെ വർണ്ണത്തൂവലുകൾക്ക് നിറപ്പകർച്ചയേകി കഴിയുകയായിരുന്ന ബാലമ്മാമന്റെ പതിനേഴ് കഴിഞ്ഞ മകൾ ഉമ സ്വകാര്യ ഗർഭം ധരിച്ചിരിക്കുന്നു.
അവളുടെ ശ്വസിക്കുന്ന വയർ ഉടുതുണികളെ മറികടന്ന് കണ്മുനകൾക്ക്‌ കാഴ്ചയായപ്പോഴാണ് വിവരം വെളിപ്പെടുന്നത്‌.
പേറ്റുനോവ് സഹിക്കാനോ മാതൃസ്നേഹം വിളമ്പാനോ പാകതയെത്താത്ത ഒരു പെൺകുട്ടിയുടെ ദുർവ്വിധിയെ പഴിച്ച്, മകളുടെ പാഴായിപ്പോയ ഭാവിയെ ഓർത്ത്, അവളെ പെറ്റ സ്വന്തം വയറിനെ ശപിച്ച് കുഞ്ഞമ്മ പകൽ മുഴുവൻ കരഞ്ഞു.
കോപം കത്തുന്ന നനഞ്ഞ കണ്ണുകളോടെ പഠിച്ച പണികളെല്ലാം പയറ്റിയിട്ടും മകളെ ചതിച്ചവൻ ആരെന്നറിയാനുള്ള കുഞ്ഞമ്മയുടെ ശ്രമങ്ങൾ നിർവ്വീര്യമായിക്കൊണ്ടിരിക്കെയാണ് ബാലമ്മാനിൽ മതിഭ്രമത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
ചോദ്യം ചെയ്യലുകൾക്കും കലഹങ്ങൾക്കും നടുക്ക് ബാലമ്മാമൻ ഉറക്കം നടിച്ച്‌ അങ്ങനെ കിടന്നു.
തലയ്ക്കും കണ്ണുകൾക്കും മൂടാപ്പ്‌ വന്നുപെട്ടതുപോലെ അകത്തളങ്ങളിലും തൊടിയിലും പിറുപിറുത്തും ബഹളം വെച്ചും ഓടി നടന്നു.
തളരുമ്പോൾ ഒരു കുഞ്ഞെന്ന പോലെ കുഞ്ഞമ്മയുടെ മടിയിൽ വന്നണഞ്ഞു..


 കുഞ്ഞമ്മയുടെ മാനസികപീഢനങ്ങൾ താങ്ങാനാവാതെ ഒരു മരപ്പാവയായി തീർന്ന ഉമ ഒരു വെളിപ്പെടുത്തലിന് ഒരുമ്പെടുന്ന നിമിഷത്തിലാണ് ബാലമ്മാമനിൽ അതുവരെ കാണാത്ത രോഷഭാവങ്ങൾ പെട്ടെന്ന് പ്രകടമായത്‌.

"കൊല്ലും ഞാനവളെ..." വാക്കത്തിയേന്തി അയാൾ അലറി വിളിച്ചു.

 തെറ്റുകാരിയെങ്കിലും മകളെ കുരുതി കൊടുക്കുവാനും ഭർത്താവിനെ കൊലപ്പുള്ളിയാക്കി തീർക്കാനുമുള്ള മനോധൈര്യം ഇല്ലാത്തത് കൊണ്ട്‌ ഉമയെ ഇപ്പോൾ കൺവെട്ടത്തു നിന്ന് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
ഉമയുടെയും ബാലമ്മാമയുടെയും ദീനങ്ങൾക്കിടയിൽ ഉരുകി നീറിക്കൊണ്ടിരുന്ന കുഞ്ഞമ്മ ഭർത്താവിനെ നിഴലായി നിന്ന് പരിചരിച്ചു.
  

പോകെപ്പോകെ ബാലമ്മാമയുടെ വികൃതികൾ തൂലികക്ക്‌ തടയിട്ടു കൊണ്ടിരിക്കുന്നു. ചിലപ്പോൾ മടുപ്പിക്കുന്ന സ്നേഹപ്രകടനങ്ങൾ,
ചിലപ്പോൾ ഒരു നീരാളിയെപ്പോലെ കഴുത്തിന് ചുറ്റും ഇറുക്കി ആനന്ദിക്കുന്ന പേക്കൂത്തുകൾ...,
ഉത്തരം തേടിക്കൊണ്ടിരിക്കുന്ന കെട്ടുപിണഞ്ഞ വിചാരങ്ങളിൽ നിന്നും മോചനം നേടാൻ എന്റെ തൂലികയ്ക്കാവേണ്ടിയിരിക്കുന്നു...
ആ വ്യക്തിത്വം ഈ പേനത്തുമ്പിൽ പതിഞ്ഞുവെന്നറിഞ്ഞാൽ അമ്മ ശകാരിച്ചേക്കാം ,
മൗനമായാണെങ്കിലും കുഞ്ഞമ്മ പ്രാകാനും മതി.


ചിന്തകൾ പിന്നേയും കൂടുകൂട്ടുന്നു....
ഭാവനകൾക്കും ആശയങ്ങൾക്കും പിടി തരാതെ അക്ഷരക്കൂട്ടങ്ങൾ ഓടിയൊളിക്കുന്നു.
ഇത്തരം ശപിക്കപ്പെട്ട നിമിഷങ്ങൾ ആരേയും ഭ്രാന്ത് പിടിപ്പിക്കും..
തലയ്ക്കകത്ത്‌ ആരവങ്ങൾ..
രാവേറുന്തോറും ഉള്ളിൽ ഇരുട്ടേറുന്നു..
സ്വതന്ത്രമായി ശ്വസിക്കാൻ അനുവദിക്കാത്തവണ്ണം ഓരോ നിശ്വാസത്തിലും ചൂട്‌ പടരുന്ന പോലെ..
നേർത്ത പനിക്കുളിരു കാൽപാദങ്ങളിലൂടെ മാറിലേക്കെത്തിപ്പെട്ടിരിക്കുന്നു.
ആശങ്കകളില്ലാത്ത കാമുകനെ പോലെ  പനിച്ചൂട്  പതിയെ  നെറ്റിത്തടത്തിലും വ്യാപിച്ച് തുടങ്ങിയിരിക്കുന്നു.
പനിയുടെ ഈറൻസ്പർശം എനിയ്ക്കിഷ്ടമായിരുന്നു എന്നും.
പ്രണയാർദ്രമായ ശരീരത്തെ ചുംബിച്ചുണർത്തുന്ന ഒരു അനുഭൂതി മെല്ലെ തലോടുന്നതുപോലെ..
അന്തരീക്ഷം പനി മണത്താൽ ശരീരം കിടക്കയിൽ നിന്നുയരാതെ  അവശത കാണിക്കുമെങ്കിലും പുലർക്കാലെയുള്ള ഒരൊറ്റ മുങ്ങിക്കുളി കൊണ്ട്‌ ഈ രാപ്പനിയെ മുക്കിത്താഴ്ത്താവുന്നതേയുള്ളു..


തണുത്തുമരവിച്ച മനസ്സിനെ വീണ്ടും തളർത്തിക്കൊണ്ടിരിക്കുകയാണ് നാഡീഞരമ്പുകൾ..,
കൺപോളകൾക്ക്‌ വിശ്രമം ആവശ്യപ്പെടുന്നത് പോലെ മിഴികൾ കൂമ്പിയടയുന്നു, തളർന്നുറങ്ങാൻ അത്യാഗ്രഹിക്കുന്ന ശരീരത്തെയും പാതിയടയുന്ന കണ്ണുകളെയും ചൂഴ്‌ന്നെടുക്കാനെന്ന പോലെ രാവിന്റേതല്ലാത്ത തറക്കുന്ന ദൃഷ്ടിയും പരിചിതഗന്ധവും...,
നെറ്റിമേൽ പരുപരുത്ത ഒരു വിരൽസ്പർശം..,
അഴിഞ്ഞ്‌ മാറിൽ വിതറിക്കിടക്കുന്ന മുടിയിഴകൾ വകഞ്ഞുമാറ്റുന്ന കരലാളനകൾ, ഇരുളിന്റെ മുറിയിൽ പനിയുടെ മറവിൽ പരിചിതമായ വിയർപ്പിന്റേയും കാച്ചിയ കുഴമ്പിന്റെയും ഗന്ധം..

എന്താണിത്...?

അവശത മറന്ന്  ഉടൽ ഇരുളിലേക്ക്‌ കുതിച്ചുയർന്നു. 

"അമ്മേ....."

പാതിയറ്റ പ്രാണനിൽ വരണ്ട വായ് അലറി നിലവിളിച്ചു..
വാടിത്തളർന്ന ശരീരത്തെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്ന കൈകളൊന്ന് അയഞ്ഞു..!


 " പാറോ..പാറുക്കുട്ട്യേ.... വെർതെ നിലവിളിച്ച്‌ അമ്മടേത്ത്ന്ന് വഴക്ക്‌ കിട്ടണ്ടാ ട്ടൊ..
വയ്യേയ്ച്ചാൽ നിനക്കത്‌ പറഞ്ഞാൽ മതീല്ലേ..എന്തിനാപ്പൊ നെലവിളിച്ച്‌ എല്ലാരേം ഉണർത്തണത്‌..
ങാ..ദാ..നെന്റെ അമ്മ വന്നിരിക്കുണൂ.. ഇനി മുണ്ടാണ്ട്‌ ഒറങ്ങാൻ നോക്ക്‌..
നീ ന്റേം ഉറക്കം കളഞ്ഞൂ ട്ടൊ..."

 
ഇരുളിൽ ബന്ധുത്വത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെത്തിയ ഒരു ഭ്രാന്തന്റെ ക്രൂരമായ സാന്ത്വനം..

"ഇപ്പഴും കുട്ടിയാന്നാ വിചാരം നോക്ക്‌ ഏടത്തിയേ , ഒന്നു പനിക്കുമ്പോഴേക്കും പനിച്ചൂടിൽ അലമുറകൂട്ടുന്ന  ഈ പെണ്ണിന്റെയൊരു കാര്യം..
ചുക്ക്‌ കാപ്പി കുടിച്ചാൽ ബേധാവില്ലേ... , ഒണ്ടാക്കി കൊട്ക്കാർന്നില്ലേ.. "

ബഹളം കേട്ട്‌ ഓടിയെത്തി ലൈറ്റിട്ട അമ്മയോട്‌ വിവരം പറഞ്ഞ്‌ ബാലമ്മാമൻ മുറിവിട്ടിറങ്ങി.
കണ്ണുകളിൽ തുളച്ചു കയറുന്ന ബൾബിന്റെ മഞ്ഞ വെളിച്ചം ഒരു തീച്ചൂളയായി അനുഭവപ്പെടുന്നു.


അമ്മയ്ക്ക് പിറകിൽ മറഞ്ഞു നിന്ന കുഞ്ഞമ്മ ആ തോളിലേക്ക്‌ വീണു വിതുമ്പി..


"ക്ഷമിക്ക്യ..പൊറുക്കെന്റെ കുഞ്ഞേ....."

കതകിന് ചാരി നിശ്ശബ്ദയായി കുത്തിയിരിക്കുന്നു, അമ്മ. 


ഉമ്മറത്തെ വാതിൽ ശക്തിയായി തള്ളിത്തുറന്ന് ആരോ പുറത്ത് പോകുന്നു..


പോക്കുവരവുകളെ തടയുവാൻ ത്രാണിയില്ലാതെ രണ്ടു സ്ത്രീകൾ അതേ ഇരുപ്പിരുന്നു..!


'നീ കഥ എഴുതിക്കൊ ന്റെ പാറോ...'
'എഴുതി തുടങ്ങേച്ചീ....'
ഭ്രാന്തനും മരപ്പാവയും പ്രചോദനത്തിന്റെ സാക്ഷയിളക്കി വഴിയൊരുക്കുന്നു.

 
"അരുതു മോളേ.." അമ്മയും കുഞ്ഞമ്മയും കണ്ണീർത്തടം തീർത്ത് കുറുകെ....

 

ലജ്ജയും അമർഷവും വെറുപ്പും വിദ്വേഷവും കലർന്ന ആർത്തലക്കുന്ന വികാരങ്ങൾക്കിടയിൽ തൂലിക പ്രകമ്പനം കൊണ്ടു.
ഓർമ്മകളുടെ ഇരച്ചുകയറ്റം പോലെ പുറത്ത് മഴയുടെ ആരവം.
പുലർക്കാലം വരെ കാത്തുനിൽക്കാതെ പനി ഒഴിഞ്ഞുപോയിരിക്കുന്നു. തനിയാവർത്തനങ്ങൾ ഇനിയുമുണ്ടായിക്കൂടാ, അശ്രീകരം എന്ന് ലോകം വിധിക്കുമെങ്കിലും വിളിച്ചുപറയേണ്ടിയിരിക്കുന്നു എല്ലാം...


ആശയത്തിന്റെ പാൽവെളിച്ചം വീണ കടലാസിൽ ഉമ്മവെച്ചുകൊണ്ട് പാർവ്വതി എഴുതാനിരുന്നു. 





43 comments:

  1. ഇത്തരം ബാലമ്മാമമാര്‍, പല വീടുകളിലും
    കണ്ടേക്കാം -കേക്കിലെ ഐസിങ്ങ് മനോഹരമായിരിക്കുന്നു !

    ReplyDelete
  2. വീടകങ്ങളിലെ പറയാക്കഥകള്‍

    ReplyDelete
  3. തനിയാവർത്തനങ്ങൾ ഇനിയുമുണ്ടായിക്കൂടാ, അശ്രീകരം എന്ന് ലോകം വിധിക്കുമെങ്കിലും വിളിച്ചുപറയേണ്ടിയിരിക്കുന്നു എല്ലാം...

    ഇപ്പോള്‍ അല്പം സന്തോഷം തോന്നുന്ന ഒന്നാണ് (ആരുടെയും കേമത്തം നോക്കാതെ അയാളെ പേടിയില്ലാതെ മരണത്തെ ഭയമില്ലാതെ വരുന്ന) വിളിച്ചു പറയലുകള്‍ കേള്‍ക്കുമ്പോള്‍ ലഭിക്കുന്നത്. തുടര്‍ന്നുള്ളവര്‍ക്ക് നീതിക്കുവേണ്ടി വാദിക്കാനും പിടിച്ചെടുക്കാനും ഇത്തരം ഭ്രാന്തന്മാര്‍ക്ക് ഒരു ഭയത്തിനും കാരണമാക്കുന്ന വിളിച്ചു പറയലുകള്‍ മറയില്ലാതെ തുറന്നു പതിക്കട്ടെ.

    ReplyDelete
  4. വില്ലനെ ആദ്യം മുതലേ വായനക്കാരന് പിടികിട്ടുമെങ്കിലും കഥയുടെ ക്രാഫ്റ്റ് അഭിനന്ദനം അര്‍ഹിക്കുന്നു.
    ആശംസകള്‍.....

    ReplyDelete
  5. നടന്നിരുന്നത്, ഇന്നും നടക്കുന്നത്!
    നന്നായി.

    ReplyDelete
  6. ഭ്രാന്തു ,,ചങ്ങലക്കു പോലും ഭ്രാന്തു പിടിച്ചിരിക്കുന്നു ,ഇഴയടുപ്പം കുറയുന്നു ബന്ധങ്ങളില്‍ ...എന്ത് ചെയ്യാന്‍ ,,നിസ്സഹായമായി കാതിരിക്കുകയല്ലാതെ

    ReplyDelete
  7. ചിത്ത ഭ്രമം ആ പേരു കൊള്ളാം. എല്ലാവര്‍ക്കും ഇപ്പോ ഭ്രാന്താ....

    ReplyDelete
  8. ജോസ് പറഞ്ഞപോലെ വില്ലന്‍ ആദ്യം തന്നെ കഥയില്‍ തെളിഞ്ഞു നില്‍ക്കുന്നു. അതൊരു പോരായ്മയല്ലെങ്കില്‍ കൂടി . .
    വിഷയം കാലികമായതുകൊണ്ട് കഥയുടെ പ്രസക്തിയും നഷ്ടപ്പെടുന്നില്ല .
    പക്ഷെ ഒരു മികച്ച കഥയാണ്‌ വായിച്ചത് എന്ന് തോന്നാത്തത് എന്‍റെ കുഴപ്പമാവാം.
    ആശംസകള്‍

    ReplyDelete
  9. ചിത്തഭ്രമങ്ങള്‍....

    ReplyDelete
  10. മുകളില്‍ ജോസെലെറ്റ് പറഞ്ഞത് തന്നെ എന്റെയും അഭിപ്രായം.

    ReplyDelete
  11. കഥ ആദ്യമേ തന്നെ അവസാനത്തില്‍ എത്തുന്നു എന്നത് ഒരു പോരായ്മ തന്നെയാണ്. അതുതന്നെയാണ് ജോസ്ലെറ്റും ഒരു പോരായ്മയല്ല എന്ന് പറഞ്ഞ് മന്‍സൂറും അക്ബറും സൂചിപ്പിച്ചത്. പക്ഷെ, ഇവിടെ മകള്‍ക്ക് സംഭവിച്ചതിന്റെ വൈഷമ്യത്താല്‍ ഭ്രാന്തനായ ഒരു പിതാവില്‍ നിന്നും ഇത്തരത്തില്‍.. ഒരു പക്ഷെ ഉണ്ടായേക്കാം.. ഉണ്ടായതായി പലയിടത്തും കേട്ടിട്ടുമുണ്ട്..

    ReplyDelete
  12. നല്ല എഴുത്ത് ആശംസകള്‍

    ReplyDelete
  13. ഇത് ഇന്നലെ തന്നെ വായിച്ചു......
    കഥ നന്നായി എന്ന് തന്നെയേ എനിക്ക് പറയാനാവൂ.
    അവസാനം ആദ്യമേ മനസ്സിലായെങ്കിലും........ എന്നാലും വര്‍ഷിണി ഇതിലും നന്നായി എഴുതുമായിരുന്നില്ലേ എന്നൊരു വിചാരം ഉള്ളിലുണ്ട്.
    കഥയുടെ ക്രാഫ്റ്റ് സുന്ദരമായിരിക്കുന്നു.
    ആകയാല്‍ ഈ കഥയും എനിക്ക് പിടിച്ചതായിരിക്കുന്നു...

    ReplyDelete
  14. ബാധകയറിയവരും,ഭ്രാന്തഭിനയിക്കുന്നവരും ദിനപ്രതി കൂടിവരുമ്പോള്‍..,..!!?
    നന്നായിട്ടുണ്ട് രചന
    ആശംസകള്‍

    ReplyDelete
  15. നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഒരു തുരങ്കത്തിലേക്കാണ് സാധാരണയായി വർഷിണി കഥകൾ വായനക്കാരെ കൂട്ടിക്കൊണ്ടു പോവാറുള്ളത്. ഇരുളും നിഴലും പിണഞ്ഞുകിടക്കുന്ന തുരങ്കവഴിയിലെ അനിശ്ചിതത്വങ്ങളുടെ ഒടുവിൽ പുറത്തുകടക്കുമ്പോൾ വായനക്കാരനിൽ പതിയുന്ന ഉൾവെളിച്ചമാണ് വർഷിണിക്കഥകളുടെ ഏറ്റവും ആസ്വാദ്യകരമായ ഘടകം.ഭാഷയിലും, ഘടനയിലും കാണാനാവുന്ന ഈ വ്യത്യസ്ഥതയാണ് വർഷിണിക്കഥകളുടെ സവിശേഷമായ മുഖമുദ്ര..... ഓരോ വായക്കാർക്കും തന്റേതായൊരു നിഗമനത്തിൽ എത്തിച്ചേരാൻ അവസരമൊരുക്കി മാറിനിൽക്കുന്ന എഴുത്തുകാരിയെ അവിടെയൊക്കെ കാണാനാവുമായിരുന്നു. എന്നാൽ ഇപ്പോൾ എഴുതിയ കഥ വർഷിണിക്കഥകളുടെ പതിവ് സവിശേഷതകളൊന്നും പ്രകടമാക്കുന്നില്ല എന്നാണ് എന്റെ വായനയിൽ തോന്നിയത്. അഗമ്യഗമനം എന്ന ആശയം അവതരിപ്പിച്ച് സമൂഹത്തിന് ഒരു സന്ദേശമയക്കുക എന്ന നല്ല ലക്ഷ്യത്തോടെ കഥ എഴുതിയപ്പോൾ എഴുത്തുകാരി ഒരുപക്ഷേ കഥയുടെ ഘടനാപരമായ സവിശേഷതകൾക്ക് പ്രാധാന്യം കുറച്ചതായിരിക്കാം എന്നു കരുതുന്നു.....

    നന്നായി എഴുതുന്നവരിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നതുകൊണ്ടാണ് ഇത്രയും പറഞ്ഞത്. ഒരു സാധാരണ എഴുത്തുകാരിയുടെ എഴുത്തിനേക്കാൾ എത്രയോ ഉയരത്തിൽ നിൽക്കുന്ന ഈ നല്ല കഥക്ക് എന്റെ പ്രണാമം.....

    ReplyDelete
  16. വിഷയംപുതുമയുള്ളതായി തോന്നിയില്ലെങ്കിലും ഇവിടെ കഥ പറയുന്ന ശൈലിയിലാണ് വിജയം.. ആശംസകള്‍ ടീച്ചര്‍... :)

    ReplyDelete
  17. നന്നായിട്ടുണ്ട്.

    ReplyDelete


  18. ‘തനിയാവർത്തനങ്ങൾ ഇനിയുമുണ്ടായിക്കൂടാ,
    അശ്രീകരം എന്ന് ലോകം വിധിക്കുമെങ്കിലും
    വിളിച്ചുപറയേണ്ടിയിരിക്കുന്നു എല്ലാം...“

    ഘടനാപരമായ ചില പുതിയ നീക്കങ്ങളുമായി കഥാകരി
    പുതിയ ഒരു പാന്ഥാവിൽ കൂടി സഞ്ചരിച്ച് തനിക്ക് പറയാനുള്ള
    കാര്യങ്ങളെല്ലാം ആരേയും വകവെക്കാതെ തന്നെ പറഞ്ഞിരിക്കുന്നൂ...
    അഭിനന്ദനങ്ങൾ..കേട്ടൊ വിനോദിനി

    ReplyDelete
  19. ചിന്തകളുടെ തീവ്രത കൊടുമ്പോള്‍ അക്ഷരങ്ങളാല്‍ പൊട്ടിത്തെറിക്കുന്നു . കഥ പറഞ്ഞ ശൈലി എന്നത്തേയും പോലെ നന്നായി .മഴപോലെ അക്ഷരങ്ങള്‍ കൊണ്ട് പെയ്തൊഴിയാന്‍ ഇനിയും കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
  20. കഥയുടെ ആദ്യ ഭാഗം നന്നായി പറഞ്ഞു വന്നു അവസാനമാകുമ്പോഴേക്കും ആ ഫ്ലോ കുറയുന്നത് പോലെ തോന്നി , അല്പം തിരക്ക് കൂടി പോയാ എന്നൊരു സംശയം ,,കഥ ഇഷ്ടായി ട്ടോ

    ReplyDelete
  21. പല തറവാടിന്റെയും അകത്തളങ്ങളില്‍ ഇത് പോലുള്ള അനുഭവങ്ങള്‍ ഏറ്റുവാങ്ങിയവരുടെ സാക്ഷ്യപത്രങ്ങള്‍ മുന്‍പും കഥകള്‍ ആയിട്ടുണ്ട്‌. ഒരേ പ്രമേയത്തെക്കുറിച്ച് പലരും പറയുമെങ്കിലും പറയുന്ന രീതിയിലെ വ്യത്യസ്തത കഥ പറച്ചിലിനെ പുതുമയുള്ളതാക്കുന്നു. ഇവിടെ വര്ഷിണിയും പലരും മുന്‍പ് പറഞ്ഞ ഒരു പ്രമേയം വ്യത്യസ്തമായ ക്രാഫ്റ്റിലൂടെ കുറിച്ചിട്ട് പുതുമയുള്ളതാക്കി എന്ന് മാത്രം പറയട്ടെ....

    ReplyDelete
  22. ഒരുപാട് സാധ്യതകളുള്ള കഥാതന്തുവായിരുന്നു. ഒരല്പംകൂടെ ശ്രമം ആവശ്യമായിരുന്നു എന്നുതോന്നി. എന്റെ തോന്നല്‍ മാത്രമാണ് ഇതെല്ലാം. ഇപ്പഴും നല്ല കഥ തന്നെയാണ്. വളരെ നന്നായി പറഞ്ഞിരിയ്ക്കുന്നു. അഭിനന്ദനങ്ങള്‍ ...

    ReplyDelete
  23. എഴുതിയ രീതി അഭിനന്ദനമര്‍ഹിക്കുന്നു. ആശംസകള്‍..

    ReplyDelete
  24. 'കാമഭ്രാന്ത'ന്‍മാരുടെ അഴിഞാട്ടങ്ങളില്‍ തകര്‍ന്നു പോകുന്ന സുബോധം നിശ്ചയമായും ഇന്നിന്‍റെ പ്രിപ്രേക്ഷ്യം തന്നെ .കഥ അതിന്‍റെ മൂല്യപ്പൊലിമയി ല്‍വേറിട്ട അനുഭവമായി ....അഭിനന്ദനങ്ങള്‍ !

    ReplyDelete
  25. പരിപ്രേക്ഷ്യം

    ReplyDelete
  26. വേറിട്ട ശൈലി, നന്നായിരിക്കുന്നു!

    ReplyDelete
  27. ഇന്ന് ശ്രദ്ധിക്കേണ്ടത് അകത്തളങ്ങിൽ തന്നെ

    ReplyDelete
  28. എഴുത്തുഭാഷ നന്നായി സ്പര്‍ശിച്ചു..

    ReplyDelete
  29. വായിച്ചു മടുത്ത വിഷയമെങ്കിലും
    വര്‍ഷിണിയുടെ കഥാവിഷ്ക്കാരം
    വായനയില്‍ മുഷിപ്പുളവാക്കിയില്ല
    എന്നതു മാത്രമല്ല പുതുമയും ഒപ്പം
    ആകാംഷയും വര്‍ദ്ധിപ്പിച്ചു
    എന്ന് പറഞ്ഞു നിര്ത്തുന്നു
    ആശംസകള്‍

    ReplyDelete

  30. ചേലകളുടെ കസവ്‌ പിന്നി പോകുന്നുണ്ട്‌..
    കൊലുസുകളുടെ താളം നിശ്ചലമാകുന്നുണ്ട്‌..

    ജന്മജന്മാന്തരങ്ങളായ്‌ പുനർജ്ജനിക്കുമീ വേദന പൂക്കളുടെ ഹൃദയത്തിൽ അഗ്നി വർഷം പെയ്യുന്നുണ്ട്‌..

    സ്നേഹാദരങ്ങൾ പ്രിയരേ..
    അഭിപ്രായങ്ങൾ മാനിക്കുന്നൂ..
    ശുഭരാത്രി ...!

    ReplyDelete
  31. കഥയ്ക്ക്‌ നീളം കൂടിയാലും വായനക്കാര്‍ ഉണ്ടാകും......
    പെട്ടെന്ന് നിലച്ചു പോയത് പോലെ...

    ReplyDelete
  32. ഒരു കഥ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് കഥയുടെ ഭംഗി.
    അതില്‍ വര്‍ഷിണി വിജയിച്ചിരിക്കുന്നു. മനോഹരമായ കഥ.അഭിനന്ദഞങ്ങള്‍

    ReplyDelete
  33. ആര്‍ക്കാണ് ചിത്ത ഭ്രമം.??!!

    നമുക്കോ അവര്‍ക്കോ????
    ഒത്തിരി ചോദ്യങ്ങള്‍ എറിഞ്ഞു കൊണ്ടുള്ള
    ഈ കഥ ഇഷ്ടം ആയി ....

    ReplyDelete
  34. ചിത്തഭ്രമം; ആര്‍ക്കും ഇപ്പോഴും വരാം...
    ചില ജീവിതങ്ങള്‍ അങ്ങനെ ആണ്..
    രചന നന്നായിരുന്നു.. കഥാപാത്രങ്ങള്‍ നമുക്ക് ചുറ്റും ധാരാളം ഉണ്ട്..

    ReplyDelete
  35. മഷിയില്‍ വായിച്ചിരുന്നു ഈ കഥ ടീച്ചറെ... സത്യം പറയാമല്ലോ എനിക്ക് വളരെ ഇഷ്ടമായി ഈ കഥ. ഇത് വായിച്ചു തീര്‍ന്നപ്പോള്‍ കതക്കപ്പുരതുള്ള യാഥാര്‍ഥ്യങ്ങള്‍ മനസിലേക്ക് കടന്നു വന്നത് ഒരല്പ നേരം എന്റെ മനസ് ശോകമൂകമാക്കിയിരുന്നു.

    അബൂതി പറഞ്ഞത് പോലെ ഇത്തരം കഥാപാത്രങ്ങള്‍ നമുക്ക് ചുറ്റും ധാരാളം ഉള്ളതുകൊണ്ട് തന്നെ വായന ഒരു നേര്‍ക്കാഴ്ച പോലെ തോന്നി...

    വില്ലനെ ആദ്യമേ അറിയാന്‍ കഴിയുന്നു എന്നതില്‍ എനിക്കൊരു പോരായ്മയും തോന്നിയില്ല. ഇതൊരു സസ്പന്‍സ് ത്രില്ലര്‍ ഒന്നും അല്ലല്ലോ. അഭിനന്ദനങ്ങള് ടീച്ചറെ

    ReplyDelete
  36. ചിത്തഭ്രമം ഇപ്പോൾ വീടുകളിൽ പലകുട്ടികളേയും ഗർഭിണിയാക്കുന്നൂ....എന്താ ചെയ്കാ.കാമത്തിനു കണ്ണില്ലാ...കന്നുള്ള പെൺകുട്ടികൾ ന്ന്നേ സൂക്ഷിക്കേണ്ടീയിരിക്കുന്നൂ...കഥക്ക് എന്റെ അഭിനന്ദനങ്ങൾ..തുറന്നെഴുത്തിനും....

    ReplyDelete
  37. കഥയെന്നോ .. നേരെന്നോ .......
    പിന്നാമ്പുറങ്ങളില്‍ മൗനത്തില്‍ തളം കെട്ടി കിടന്നത്
    ഈയിടയായ് പുറത്തേക്ക് മൗനം ഭേദിച്ച് കാതുകളില്‍
    പതിക്കുന്നുണ്ട് .. സംഭവിക്കുന്നത് , സംഭവിച്ച് കൊണ്ടിരിക്കുന്നത് ..!
    പതിവായുള്ള നിഗൂഡ സ്പര്‍ശം , പതിയെ വിട്ടെറിഞ്ഞിരിക്കുന്നു
    തെളിയുന്ന നേരുകള്‍ വരികളിലുണ്ട് , മനസ്സിലേക്ക് കരുതിയത്
    അതു പൊലെ സംവേദിപ്പിച്ചിരിക്കുന്നു...
    കാമം കത്തുന്ന കണ്ണുകളില്‍ ബന്ധവും സ്വന്തവും
    രക്തവും എല്ലാം ഇരകള്‍ മാത്രം ... എഴുതുക ..
    നിന്നുള്ളില്‍ ഉള്ളത് പുറത്തേക്കൊഴുക്കുക .. കഥ തുടരട്ടെ ..
    ചിലപ്പൊള്‍ വരികള്‍ക്ക് തടുക്കാനുള്ള ശക്തിയുണ്ടായാലൊ ?
    കാമ ഭ്രാന്തുകള്‍ക്ക് കാലം കൊണ്ട് വരികള്‍ ചങ്ങലയിടട്ടേ ...
    സ്നേഹപൂര്‍വം ....

    ReplyDelete
  38. 'അവളുടെ ശ്വസിക്കുന്ന വയർ ഉടുതുണികളെ മറികടന്ന് കണ്മുനകൾക്ക്‌ കാഴ്ചയായപ്പോഴാണ് വിവരം വെളിപ്പെടുന്നത്‌.'

    എനിക്ക് അതിയായ ആഗ്രഹം തോന്നുന്ന ഒരു കാര്യമാണ് ഇങ്ങനെ എഴുതുക എന്നത്.
    ഒരു അവിഹിതഗർഭത്തിന്റെ വളർച്ച ടീച്ചർ വിശദീകരിച്ചിരിക്കുന്ന രീതി
    എന്നെയാകെ വല്ലാതാക്കുന്നു.
    ഇങ്ങനേയൊരു വാചകമെങ്കിലും എഴുതുക എന്നത്. അതിനെനിക്ക് കഴിയില്ലാ ന്ന് തോന്നിയതുകൊണ്ടാ ബ്ലോഗ്ഗ് പോസ്റ്റിംഗ് കുറച്ചായിട്ട് നിർത്തിയത്.
    പ്രദീപ് മാഷുടെ അവലോകനം ചെയ്തുള്ള കമന്റും അതീവ ഹൃദ്യം.
    ആശംസകൾ.

    ReplyDelete
  39. കഥ ഇഷ്ടായി. അവതരണം അതിലേറേ...

    ReplyDelete
  40. ന്റ്റെ പ്രിയപ്പെട്ടവര്‍ക്ക് സ്നേഹം..നന്ദി..
    ഓരോ അഭിപ്രായങ്ങളും മാനിക്കുന്നു..സ്വീകരിക്കുന്നു..!

    ReplyDelete
  41. പെണ്‍കുട്ടികളെ ആരില്‍നിന്നുമാണ് സംരക്ഷിക്കേണ്ടത്?. പിതാവ്, സഹോദരന്‍ , അയാള്‍ വാസികള്‍ മാത്രമല്ല, സമസ്ത പുരുഷ വര്‍ഗ്ഗത്തെയും സംശയതിന്റെ നിഴലില്‍ കൂടി മാത്രമേ ഒരമ്മയ്ക്ക് കാണുവാന്‍ സാധിക്കൂ. മികച്ച കഥ.

    ReplyDelete
  42. നന്നായിട്ടുണ്ട്.....

    ഇടയ്ക്ക് എന്റെ ബ്ലോഗിലും വരണം....

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...