Friday, January 14, 2011
നേരം പുലര്‍ന്നാല്‍..
പിന്നാമ്പുറത്തെ അടുക്കള മുറ്റത്തുള്ള മൂവാണ്ടന് പൂത്തു.
ഒന്നു തുമ്മാനായി ഒരു ചാറ്റല് മഴ ആ വഴിയ്ക്കെങ്ങാനും വന്നാല് മതി,ഈര്‍പ്പ മണ്ണിനോട് കിന്നരിയ്ക്കാനെന്നോണം ആ കുഞ്ഞിപ്പൂക്കള് പരവതാനി ഒരുക്കി മണ്ണില് കണ്ണടച്കോണ്ടങ്ങനെ കമിഴ്ന്ന് കിടക്കും..
നേരം പുലരും വരെ നീണ്ടു നിക്കും അവരുടെ സ്വകാര്യം പറച്ചിലും,കിന്നാരങ്ങളും കളിച്ചിരികളും..
നേരം പുലര്‍ന്നാലോ..
അടുക്കളത്തിണ്ണേന്നു കണ്ണു തിരുമ്മി സൂര്യ നമസ്ക്കാരത്തിന് മുറ്റത്തിറങ്ങി വരണ കുറ്റിച്ചൂലു പെണ്ണിന് പണി കിട്ടി..
അലസായി വീണു കിടക്കണ മുടി വാരിക്കെട്ടി അര്‍പ്പണ ബോധത്തോടെ സ്വന്തം ജോലിയിലേയ്ക്ക് ഇറങ്ങി ചെല്ലണ അവളുടെ ചിലപ്പോഴുള്ള പിറുപിറുക്കലുകളാണ്‍ താഴത്തെ വരികള്..
ജനിച്ച നാള് മുതല്
ചപ്പു ചവറുകള്, അവശിഷ്ടങ്ങള്
ഇവരാണെന്‍റെ കണി
വിശപ്പിനാലും ചിലപ്പോള് ആര്‍ത്തിയാലും
വാരി വലിച്ചു തിന്നു അപ്പാടെ..
ദൌത്യം പൂര്‍ത്തിയായാലൊ
ഒരു മുക്കില്
കുത്തിച്ചാരി നില്‍ക്കേം വേണം.
ഓര്‍മ്മകളില്
നാലുകെട്ടും, മുറ്റോം, മാമ്പൂ കാലവും
പിന്നെ നിവൃത്തികേടാല് കുനിഞ്ഞു
അകം പുറം തൂക്കും അമ്മിണിയും
അവളുടെ ഭാരം താങ്ങും വയറും,
ഇടുപ്പില് കൈ കൊടുത്ത്, ആവൂ തീര്‍ന്നു
എന്നാശ്വസിയ്ക്കും നെടുവീര്‍പ്പുകളും..
വയറൊന്ന് കാലിയായാല് പിന്നെ
അമ്മിണിയില്ലാ,
നിഴലായ് കൂനി കൂടി നാണിത്തള്ളയും
ആ രൂപം പേറി ഞാനും.
നാളുകളേറെയായ ജീര്‍ണ്ണ ഗന്ധങ്ങള്
വിരല്‍ത്തുമ്പുകളില് വന്നടിയുമ്പോഴും
മൂക്കടച്ചു പിടിയ്ക്കാനാവാതെ,
ഞാനെന്ന ഭാവമില്ലാതെ,
പകലുണരുന്നതും പകലൊടുങ്ങുന്നതും കാത്ത്
പുലര്‍ക്കാലെ ഞാന്…!
Friday, January 7, 2011
ഒളിച്ചോട്ടം..
ദേ..നോക്കിയ്ക്കേ..
ഇപ്പൊ മഴ പെയ്യും
മാനം കറുത്തിരുളും
മണ്ണ് നനഞ്ഞ് കുതിരും
പൂക്കള് പൊഴിയും
കായ്ക്കള് കൊഴിയും..
കര്‍ക്കിടകത്തില് കല്ല്യാണം
പാടില്ലെന്നവര് പറയുന്നൂ
ചിങ്ങം വരെ കാത്താല്
ഏകയായ് മഴ കൊള്ളേണം..
ഒരു യാത്രയ്ക്കൊരുങ്ങിയാലോ
കാലവര്‍ഷ കെടുതികള്
യാതനാ വേദനാ മഴകളെല്ലാം
കാലിടറാതെ സ്വയം താണ്ടേണം..
നാളുകളായ് ആഘോഷിച്ച പ്രണയം
വീണുടയാത്ത സുന്ദര ചിത്രം
യാഥാര്‍ത്ഥ്യങ്ങള് തട്ടി ഉണര്‍ത്തുമ്പോള്
മടങ്ങിപ്പോക്കിന് തുനിയുകയാണ്
ഞാനെന്‍റെ ഭാണ്ഡം കെട്ടി മുറുക്കുന്നൂ
വീണ്ടുമെന്നെ വിളിച്ചുണര്‍ത്തരുത്.
Tuesday, January 4, 2011
പ്രണയത്തിന്‍റെ തണുപ്പ്..
അമ്മിഞ്ഞപ്പാലിന്‍റെ മണമുള്ള പൊടിമോളെ തട്ടിയുറക്കുമ്പോള് , അവളുടെ അരികില് ചുരുണ്ടു കൂടി മയങ്ങുമ്പോഴ് , എന്‍റെ ബാല്യം കണ്ട മച്ചിലേയ്ക്ക് ഉറ്റു നോക്കി വെറുതെ കിടക്കുമ്പോള്, മുന്നറിയിപ്പുകളില്ലാതെ വെറുതേ ഓടി വന്നൂ ഓര്‍മ്മകള്..
കാലങ്ങളായി അലതല്ലി രസിച്ചിരുന്ന എന്‍റെ രഹസ്യ മനസ്സ് ഒരു നിമിഷത്തില് വാതില് പാളി തുറന്ന് കടന്നു വന്ന പോലെ..
പിന്നെ ഒരു കള്ളനെ പോലെ പാത്തും പതുങ്ങിയും അരികില് വന്ന് ,എന്നെ അറിയോ..എന്ന് ചോദിച്ചൂ..
കൌമാര പ്രായത്തില് ഇംഗ്ലീഷില് കുനുകുനേന്ന് എഴുതി തീര്‍ത്ത വരികള് എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന് കഴിഞ്ഞില്ലാ..
അതൊരു വാശിയാക്കി, അതിലേറെ ഉത്സാഹത്തോടെ ആ അക്ഷരങ്ങളെ തേടി ഇറങ്ങി തിരിച്ച ഞാന് ആ പത്തു വരി കവിതയിലേയ്ക്ക് ഊളിയിട്ടു..
മഷിപ്പേനയില് എഴുതിയ മങ്ങിയ അക്ഷരങ്ങളിലേയ്ക്ക് തെളിനീരിന്‍റെ തെളിമയോടെ,ഓര്‍മ്മകളിലൂടെ ഞാന് നോക്കി കൊണ്ടിരുന്നൂ.
‘’പെയ്തു തോര്‍ന്ന മഴയുടെ കുളിര്..
ചന്നം പിന്നം ചാറിയ ചാറ്റല് മഴയുടെ സ്പര്‍ശം..
ഒരു പുതുമഴയ്ക്കായുള്ള പ്രതീക്ഷ..
കൈ കുമ്പിളിലൊതുക്കിയ മഴത്തുള്ളികളെ മേനിയില് തഴുകുമ്പോഴുള്ള തണുപ്പ്..
മഴയോടുള്ള പ്രണയമോ വികാരമോ അല്ലിത്,
ഞാന് പ്രണയത്തെ പ്രണയിയ്ക്കുന്നൂ,
എനിയ്ക്ക് പ്രണയത്തോട് തോന്നുന്ന അഭിനിവേശമാണിത്..
ഒരു മഴ നനഞ്ഞാല് എന്‍റെ പ്രണയം സാക്ഷാത്കരിയ്ക്കപ്പെടുമോ..
എന്‍റെയുള്ളിലെ പ്രണയത്തുടിപ്പുകള് തുടി കൊട്ടുമോ..
എങ്കില് ഞാനൊരു നൂറുനൂറായിരം മഴകള് നനയാം,
മഴ നൃത്തമാടി മതി മറന്ന് രസിയ്ക്കുന്ന ഒരു മയിലിനെ പോലെ..
ഒരു തുള്ളി മഴയ്ക്കായ് കേഴും വേഴാമ്പലിനെ പോലെ കണ്‍പാര്‍ത്തിരിയ്കാം..”
ഒരു സംഗീതം ആസ്വാദിയ്ക്കാനുള്ള ആവേശത്തിലാണ് ഞാനിപ്പോള്..ആ ലഹരിയില് കണ്ണടച്ചെന്‍റെ പ്രണയം കാണാന് നിയന്ത്രണമില്ലാത്ത ഹൃദയ തുടിപ്പുകള് ആവശ്യപ്പെടുന്നൂ..
മനസ്സിന്‍റെ ചെപ്പില് ഉറങ്ങി കിടക്കുന്ന പ്രണയത്തെ ഉണര്‍ത്താന് ശ്രമിയ്കാത്തതിന്‍റെ പരിഭവം പറയും പോലെ..
ഒരു മഴ പെയ്ത രാത്രിയില് ജനല് പാളികള് വലിച്ചടയ്ക്കാന് ഒരുമ്പെട്ട എനിയ്ക്കു ലഭിച്ച അലിവായിരുന്നു നീണ്ടു മെലിഞ്ഞ കൈത്തണ്ടയില് ഇറ്റിറ്റു വീണ ആ മഴത്തുള്ളികള്..
മണ്ണിനെ ലക്ഷ്യമാക്കി നനഞ്ഞു കുതിരേണ്ട ആ ഈര്‍പ്പ മണം, ഒന്നലിഞ്ഞു നനഞ്ഞു കുതിരാന് വെമ്പുന്ന എന്‍റെ മനസ്സില് പതിച്ചത് ഞാന് ആവശ്യപ്പെടാതെ എനിയ്ക്കു ലഭിച്ച പ്രണയത്തിന്‍റെ തണുപ്പല്ലേ..?
പ്രണയ മാധുര്യം മനസ്സില് തിങ്ങി മുട്ടിയിരുന്ന കാലത്തൊക്കെ ആ കൊതികളെ എന്തിനെല്ലാമോ വേണ്ടി ഒതുക്കി അടക്കി നിര്‍ത്തി..,
നെഞ്ചിലേറ്റി താലോലിച്ച പ്രണയ സങ്കൽപ്പങ്ങളെല്ലാം വെറും ചാപല്ല്യങ്ങളാണെന്നു അറിഞ്ഞിട്ടും ഒരു പരീക്ഷണമെന്നോണം പ്രണയത്തെ പ്രണയിച്ചു കൊണ്ടേ ഇരുന്നൂ..
വഴി തെറ്റിയ പ്രണയങ്ങള്, പൊട്ടി തകര്‍ന്ന പ്രണയങ്ങള്, വ്യക്തികളോടല്ലാതെ എന്തിനോടൊക്കെയോ തോന്നിയ പ്രണയങ്ങള്..
അങ്ങനെ എന്‍റെ പ്രണയം നിഗൂഡതയിലേയ്ക്ക് ആഴ്ന്നിറങ്ങി.
ചില്ലു ജാലകങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന ഓരോ മഴത്തുള്ളിയോടും എനിയ്ക്കു തോന്നിയതു പ്രണയം തന്നെ..ആ ചില്ലു വിയര്‍പ്പിലൂടെ ഞാന് വരയ്ക്കാന് ശ്രമിച്ചതും അതു തന്നെ..
എന്‍റെ നിഗൂഡ പ്രണയത്തിന്‍റെ കണക്കെടുത്താല് അങ്ങനെ എത്ര, എത്രെ…എന്‍റെ പ്രണയത്തെ ഇപ്പോള് തട്ടിയുണര്‍ത്തിയ എന്‍റെ മണ്ണിനോടും എനിയ്ക്കുള്ളതു പ്രണയം തന്നെ..
സന്ധ്യ മയങ്ങിയാല് അസ്ത്ഥികള് തുളയ്ക്കാത്ത ശീതക്കാറ്റു ഏറ്റു വാങ്ങി ഒറ്റപ്പെട്ടവളായി പ്രണയത്തിന്‍റെ തണുപ്പ് അറിയാനും , നിനയ്ക്കാതെ പെയ്യുന്ന രാമഴയെ പ്രണയിയ്ക്കാനും കഴിയുന്നത് എന്‍റെ പ്രണയ സാഫല്ല്യമാണ്..,പ്രണയ മൂക സാക്ഷാത്കാരമാണ്,
അതെ…ഞന് പ്രണയത്തെ പ്രണയിയ്ക്കുന്നൂ..
Subscribe to:
Posts (Atom)
ഞാന്..
- വര്‍ഷിണി* വിനോദിനി
- ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…


