Wednesday, December 22, 2010
ക്രിസ്തുമസ് വന്നാല്‍...
ക്രിസ്മസ്സ് വന്നല്ലോ ല്ലെ..
കുട്ടിക്കാലാത്തെ ക്രിസ്മസ്സ് നാളുകളെ കുറിച്ച് പറയാണേല് ഇപ്പഴൊന്നും പറഞ്ഞ് തീരില്ലാ…
അത്രയ്ക്കുണ്ട് ചറപറാന്ന് പറയാന്‍..
ഇനീപ്പൊ ങ്ങാനും പറയാന്‍ തൊടങ്ങ്യാല് എല്ലാരും കൂടി ന്നെ തല്ലാന്‍ വരില്ലേ..
ഒന്ന് പോ പെണ്ണേ, ഞങ്ങളെ കൊല്ലാന്‍ നടക്കാന്നും ചോയച്ചോണ്ട്.
അതോണ്ടിപ്പൊ അതൊന്നും പറയണില്ല്യാ..
ന്നാലും…എന്തേലുമൊക്കെയായി പറയണം നിയ്ക്ക്.
ക്രിസ്മസ്സ്, പുതുവര്‍ഷം ന്നൊക്കെ പറഞ്ഞാല്‍ ആദ്യന്നെ മനസ്സില്‍ വരാ നക്ഷത്രോം, കേക്കും,പുല്‍വീടും, ക്രിസ്മസ്സ് അപ്പൂപ്പാനൊക്കെല്ലേ..
ന്റ്റെ മാത്രല്ലാ, എല്ലാരുടേം കാര്യാ ഞാന്‍ പറയണത്.
ന്റ്റെ കാര്യത്തില്‍ നിയ്ക്ക് ഒരൂട്ടം കൂടി പറയാന്ണ്ട്.
നവംബറിന്റെ 31 മാച്ച് ബോര്‍ഡില്‍ ഡിസംബറിന്റ്റെ 1ന് സ്ഥാനം കൊടുത്താല്‍ പിന്നെ ന്റ്റെ മനസ്സില്‍ മഞ്ഞ് പെയ്യണ രാത്രികളും, തൂവെള്ള മാലാഖമാരും ഉറക്കം കെടുത്തല് പതിവായിക്കോളും..
ആ മഞ്ഞു മഴയ്ക്ക് കുത്തി തുളയ്ക്കുന്ന തണുപ്പാന്ന് ഒരു രാത്രി മഴേടെ തണുപ്പ് കൂടി സഹിയ്ക്കാന്‍ വയ്യാത്ത ഞാനങ്ങ് മറക്കും.
നനുത്ത വെളുത്ത രാത്രികളേം, സുന്ദര വെളുത്ത രൂപങ്ങളേം ഇങ്ങനെ മനസ്സില്‍ കൊണ്ട് നടക്കാന്‍ ന്താ പ്രത്യേകിച്ച് ന്ന് നിയ്ക്ക് അറിഞ്ഞൂടാ..
ചൈല്‍ഡ് സൈക്കോളജീല് പറയണ പോലെ, അല്ലേല്‍ പഠിച്ച പോലെ ,
അതിന്റെ അടിസ്ഥാന കരണങ്ങളിലൊന്ന് ,
ഓര്‍മ്മ വെച്ചപ്പൊ ന്റ്റെ അടുത്ത കൂട്ടുകാരീന്ന് കിട്ടിയ ഗ്റ്റീറ്റിംഗ് കാര്‍ഡ് ആയിരിയ്ക്കുംന്നാ ന്റ്റെ വിശ്വാസം..
ആ മായാചിത്രം മനസ്സില്‍ അങ്ങനേങ്ങ് പതിഞ്ഞ ചിത്രായി.
കുഞ്ഞുകാലത്തെ കൌതുകങ്ങളില്ലേ..
കൂട്ടുകാരോട് എത്ര പറഞ്ഞാലും വര്‍ണ്ണിച്ചാലും തീരാത്ത കാര്യങ്ങള്‍,
ഹായ് നോക്കിക്കേ…ഇവിടെ മഴ പെയ്യണ പോലെ അവിടെ മഞ്ഞ് പെയ്യണത് കണ്ടോ..
ശ്ശൊ ന്ത് രസാല്ലേ..,മഴത്തുള്ളികള്‍ പറ്റി പിടിച്ചിരിയ്ക്കണ പോലെ മഞ്ഞ് കണങ്ങള്‍ തൂവി കിടക്കണത് കാണാന്‍..
രാത്രീല് പൊറത്ത് നോക്ക്യാല് വെറും വെളുത്ത രൂപങ്ങളല്ലേ എവിടേം ..
റോഡും , മരോം , വീടും , വാഹനോം…ഒക്കെ തൂവെള്ള മയം.
ആ സ്ഥലത്തിന്റെ പേരൊന്നും അറിയാന്‍ ശ്രമിച്ചീല്ലാ..
അറിഞ്ഞിട്ടും വല്യേ കാര്യല്ലാന്ന് തിരിയാം…അതോണ്ടെന്നെ..
നിയ്ക്ക് അങ്ങട്ട് പോണംന്നും പറഞ്ഞോണ്ട് കരഞ്ഞ് വാശി പിടിച്ചാല്‍ അവിടെ പെട്ടെന്നൊന്നും എത്തിപ്പെടാന്‍ സായിയ്ക്കില്ലാന്ന് ആ ചിത്രങ്ങള്‍ കണ്ടെന്നെ ഒരൂഹം ഉണ്ടായിരുന്നൂ..
മഴത്തുള്ളികളീന്ന് മഞ്ഞു കണങ്ങളിലേയ്ക്ക്ള്ള ദൂരം എത്രങ്ങാണ്ട് വരുംന്ന് അന്നെന്നെ ഒരു ധാരണയില്‍ എത്തീരുന്നൂ..
അതൊര് സ്വയ സമാധാനിയ്ക്കലല്ലേന്ന് ചോയ്ച്ചാല് ആന്ന് പറയും ട്ടൊ.
അങ്ങനെ പെട്ടെന്നൊന്നും അങ്കട് എത്തിപ്പെടാന്‍ പറ്റില്ല്യാ ന്റ്റെ കുട്ട്യേന്ന് അമ്മാളുവമ്മ പറയണ പോലെ.
മനസ്സിന്റെ ഓരോ കോപ്രായങ്ങള്‍ അല്ലണ്ടെന്താ…ല്ലേ..?
ആ സാധനത്തിനെ എത്രൊക്കെ പാകപ്പെടുത്ത്യാലും ഡിസംബറായാല് പിന്നേം..പിന്നേം തേട്ടി വരും പഞ്ഞി കെട്ടോളും, ചിറകോളും..
അപ്പഴത്തെ നിര്‍വ്ര്തിയ്ക്ക്ന്ന് പറയാം, അങ്ങെന്നെന്നല്ലേ പറയാ,
കാണാന്‍ സായിയ്ക്കാത്തത് കാണാന്‍ ശ്രമിയ്കാണെങ്കില്…
ങാ...അതിന് വേണ്ടീട്ടെന്നെ ഗൂഗിളില്‍ തപ്പീട്ട് ചെറകുള്ള സുന്ദരികളുടേം ,വെളുത്ത രാവുകളുടേം കൊറേ ചിത്രങ്ങള്‍ തപ്പി എടുത്ത് കണ്‍കുളിര്‍ക്കെ കാണും..
ന്നിട്ട് അവരെയെല്ലാം അവടെന്നെ ഇട്ട് പോരും,
നിയ്കിപ്പൊ എന്തിനാ ഇങ്ങളെയൊക്കേന്ന് പറയണ പോലെ..
അവരുടെ അഹങ്കാരം നിയ്ക്ക് സഹിയ്ക്കാന്‍ പറ്റില്ല്യാ…അതോണ്ടാ..
സത്യത്തില്‍ കുശുമ്പാ അവരോട്..
അവരുടെ മാന്ത്രിക വടി കണ്ടിട്ടോ, മായ ചിറകുകള് കണ്ടിട്ടോ അല്ലാ ട്ടൊ..
ആ ചിരിയ്ക്കണ മൊഖങ്ങള് കണ്ടിട്ട്..
ശ്ശ്ശ്ശ്ശ്ശ്ശ്,,,ഒര് സ്വാകാര്യം…
മാലാഖമാരെ എവിടേലും , എപ്പഴേലും പല്ലുകള്‍ കാണിച്ച് ചിരിയ്ക്കണത് കണ്ടിട്ടുണ്ടാ..?
എന്ത് രസള്ള പുഞ്ചിരികളാല്ലേ, ആ കള്ളി പെങ്കൊച്ചുങ്ങള്‍ക്ക്..
നല്ല ഒതുക്കള്ള ചിരി..
നല്ല കുടുംബത്തിലെ പെങ്കുട്ട്യോളടെ ചിരീന്ന് അമ്മാളുവമ്മ പറയണ പോലെ.
ആ പ്രസന്ന മൊഖങ്ങള് കാണുമ്പൊ തന്നെ ഒരു സന്തോഷാ , അറിയാതെ കണ്ണുകള്‍ വിടരും..മനസ്സിലൊര് കുളിര്‍മ്മ വരും, പിന്നേം പറഞ്ഞറീയ്ക്കാന് പറ്റാത്ത കൊറേ വികാരങ്ങള്‍..
തെളങ്ങണ കണ്ണുകളിലൂടേം വിടരണ ചുണ്ടുകളിലൂടേം ഒഴുകി വരണ വികാരങ്ങള്‍..
എപ്പഴും അങ്ങനെ മാത്രേ അവരെ കണ്ടിട്ടുള്ളൂ..
മോന്ത വീര്‍പ്പിച്ചിരിയ്ക്കാതെ നേരാം വണ്ണം മൊഖം പിടിയ്ക്ക് പെണ്ണേന്ന് ഞാനൊക്കെ കേക്കണ പോലെ എതേലുമൊരു മാലാഖ പെണ്ണിന് കേക്കേണ്ടി വന്നിട്ടുണ്ടാവോ..?
ഇല്ലാല്ലോ…
അതോണ്ടൊക്കെന്നെയാ ഞാന്‍ പറയണത്,
അവരെ നിയ്ക്ക് ഇഷ്ടാന്ന്..
ഒരു മാലാഖയാകാന് കൊത്യാന്ന്..
ഹും..കളിയാക്കണ്ടാ..,അതിമോഹൊന്നും അല്ലാത്..
ഒരു ….കുഞ്ഞ്….കുഞ്ഞ്…സ്വപ്നം മാത്രാ
ക്രിസ്സ്മസ്സ് അവധിയാ.....ഇനി പത്തീസ്സം കഴിഞ്ഞ് കാണാം ട്ടൊ.
Monday, December 20, 2010
മുല്ലേ...നിന്നോടു ,
ഇലകളിലിറ്റ് വീഴുന്നുവോ തുള്ളികൾ ..
പിന്നെയാ ഞെട്ടറ്റു വീണ പൂവിലും..
ആദ്യ സ്പര്‍ശനത്തിനായ് വെമ്പുമാ മൊട്ടില്ലും
കണ്ടു ഞാന്‍ ആഗ്രഹ മഞ്ഞിൻകണങ്ങള്‍.
ഇറയത്തു ഓരം ചേര്‍ന്നു നില്ക്കുമെന്നുള്ളില്‍
നൂറായിരം ചോദ്യാവലികള്‍ മിന്നി മാഞ്ഞൂ
പെണ്ണിൻ മണമായ്...രാഗ ഭാവന്ങ്ങളായ്...
വെണ് ദലങ്ങളാല്‍ വര്‍ണ്ണിക്കപ്പെടും നിന്നെ
അരിമുല്ല എന്ന് പേരിടട്ടെ എൻ ഓമലേ..?
ഇന്നലെ സന്ധ്യയിൽ പെയ്തു തോർന്നാ മഴയില്‍
നിന്നിലെ ആശകള്‍ക്കു മങ്ങലേൽക്കിലും..
കണ്‍പീലികളിലിറ്റു നില്ക്കുമാ തുള്ളിയില്‍ കാണ്മൂ
ഇന്നിൻ മുഹൂര്‍ത്തത്തിനായുള്ള കാത്തിരുപ്പ്..
അന്നത്തെ രാത്രിയില്‍ ഒളികണ്ണെറിഞ്ഞ പൌര്‍ണ്ണമിയില്‍
അഹങ്കരിച്ചൂ നിന് ചൊടികള്‍ ഞാനെന്ന ഭാവത്തിൽ...
ഇന്നത്തെ പുലരിയില്‍ പുഞ്ചിരിക്കുമാ പൊന്നുഷസ്സില്
കാണുന്നൂ വലിച്ചെറിയപ്പെടും നിൻ കൊടും ദു:ഖവും...
പൂവേ......നിന്നെ ഞാന്‍ പെണ്ണെന്നുപമിച്ചിടട്ടെ..
നൂറ്റാണ്ടുകളായ് കൊടുത്തുവെച്ചതല്ലയോ ഈ വിലാപം.
Thursday, December 16, 2010
മൌന നൊമ്പരങ്ങള്‍....
അടുക്കള കിണറ്റില്‍ ഒരു നിഴല്‍ കണ്ടാല്‍, അയ്യോ ..പൂതം ന്ന് പേടിച്ച് കരയണ കുട്ടി.
മനോരാജ്യ കോട്ടയില്‍ അന്തിയുറങ്ങണ,
രാമഴ ഗന്ധം മൂക്കില്‍ തുളച്ചാല് ഞെട്ടി ഉണരണ ,
ഈറന്‍ മിഴികള്‍ക്ക് വിശ്രമം കൊടുക്കാത്ത ന്റ്റെ കുട്ടി.
“താമര കണ്ണുകള്‍ പൂട്ടിയുറങ്ങെന് പൈതലേ..
പുലര്‍ക്കാല സ്വപ്നം കണ്ടുണരെന് കുഞ്ഞേ..”
കുഞ്ഞു നാള്‍ക്ക് മുതല്ക്കേ ഈ മാറില്‍, ന്റ്റെ താരാട്ട് കേട്ടാലേ അവള് ഉറങ്ങൂ..
“മഴവില്ലിന്റെ നെറോം, കണ്ണാടി ചില്ലിന്റെ ചെറകും ,
പിന്നെ പല പല പൂക്കളോട് കിന്നരിച്ച്,
പാറി രസിയ്ക്കണ ഒരു പൂമ്പാറ്റ…
അതാണമ്മേ, ന്റ്റെ പുലര്‍ക്കാല സ്വപ്നം.“
അവളടെ ആ കിളി കൊഞ്ചലുകള്‍ കേക്കുമ്പൊ ഞാന്‍ ചിരിയ്ക്കും
.
ഒരിക്കല്‍ ഒരു പുലര്‍ക്കാലത്ത് , ഇത്തിരി പോന്ന ഷിമ്മീസ്സും ഇട്ടോണ്ട് ആര്‍ത്തലച്ച് കരഞ്ഞോണ്ട് അവള് മടിയില്‍ വീണു..
“അമ്മേ..ന്റ്റെ പുലര്‍ക്കാല സ്വപ്നം കൊള്ളൂല്ലാമ്മേ…
നിനയ്ക്കാതെ വന്ന ചാറ്റല്‍ മഴയില്‍,
ആ ചില്ലു വര്‍ണ്ണ ചിറകുകള് തകര്‍ന്നുടഞ്ഞു പോയമ്മേ..“
“കരയല്ലെന്റെ കണ്മണിയേ..
അമ്മേടെ കുഞ്ഞു ശലഭം നീ തന്നെയല്ലയോ. .“.
ന്റ്റെ മാറീടം കുതിര്‍ത്ത ആ കണ്ണീര് ഈ വാത്സല്ല്യത്തില് അടങ്ങ്യല്ലോന്ന് ഞാന്‍ ആശ്വാസിച്ചു..
കൌമാരത്തില്‍ മുഴുപാവാടയും, വെള്ളി കൊലുസ്സും അണിഞ്ഞ് തുള്ളി തുള്ളി നടന്നിരുന്ന അവളെ അടുക്കോം ഒതുക്കോം പഠിപ്പിയ്കാന് ഞാന്‍ പെട്ട പാട് ..
ഈശ്വരാ..ചില്ലറയൊന്നുമല്ലാ..
അന്നവളടെ പുലര്‍ക്കാല സ്വപ്ന കൂട്ട് നന്ദിനീം പുതുമഴേം മാത്രായിരുന്നൂ..
രണ്ടിന്റേം കളികള്‍ അധികായിച്ചാല്.. ഞാന്‍ എങ്ങാന്‍ ശകരിച്ചാല് അപ്പവള് മൊഴിയും...
“അമ്മേ..നിന്ദിനീടെ കൂടെ മഴയില്‍ കളിയ്ക്കാന്‍ എന്ത് രസാന്നറിയോ..
അവളേം അവളടെ ചിരീം..
മഴേം മഴേടേ മണോം നിയ്ക്ക് ഇഷ്ടാണമ്മേ..ന്ന്.“
ആ പൊന്നു മോളു ഒരു പുലരിയില്‍ പൊതച്ചതും എടുത്തോണ്ട് കിടക്കപ്പായീന്ന് ഓടി വന്ന് ഉള്ള് തകര്‍ക്കും വിധം പൊട്ടി കരഞ്ഞു..
“അമ്മേ..നോക്കൂ, നന്ദിനിയോടൊത്ത് പുതു മഴ നനയാന്‍ പോയ പൊന്‍ പുലരിയില്‍,
നീ എന്റെ പട്ടു പാവാടയില്‍ വെള്ളം തെറിപ്പിച്ചില്ലേ..
നീ എന്റെ തങ്ക കൊലുസ്സില് ചെളി പുരളിച്ചില്ലേ..
ഇത്രേം പറഞ്ഞവള്‍ പിണങ്ങിയോടി പോയമ്മേ.“
“അമ്മേടെ കിലുക്കാം പെട്ടി കരയല്ലേ..
ന്റ്റെ ഈ മുത്തല്ലേ, അമ്മേടെ തങ്ക കൊലുസ്സ്…“
അത്രേം പറഞ്ഞ് ഞാന്‍ നിര്‍ത്തീ..
ആ തേങ്ങലുകള്‍ നിര്‍ത്താന്‍ നിയ്ക്ക് വാക്കുകള്‍ കിട്ടണില്ലായിരുന്നൂ.
കാലം…...
അവനും, ന്റ്റെ കുട്ടീടെ കൂടെ പിച്ചവെച്ചു.
പ്രണയത്തെ ഉണര്‍ത്തും നാലു വരി കവിതകളും,
നാണത്തില്‍ കുതിര്‍ന്ന മന്ദഹാസങ്ങളും ന്റ്റെ മോളെ കൂടുതല്‍ സുന്ദരിയാക്കി.
അവളടെ പുലര്‍ക്കാല സ്വപ്നങ്ങള്‍ പകല്‍ കിനാവുകളിലേയ്ക്ക് വഴി മാറണത് സന്തോഷത്തോടേം, നേരിയ ഉള്‍ഭയത്തോടെം ഈ അമ്മ കണ്ടറിഞ്ഞു...
പകല്‍ കിനാക്കള്‍ രാത്രി സ്വപ്നങ്ങളില്‍ അവളെ തട്ടി ഉണര്‍ത്തീരുന്നൂന്ന് അവള് പറഞ്ഞില്ലേലും ഞാന്‍ മനസ്സിലാക്കി.
കനിവ് തിളങ്ങും മിഴികളുമായി അന്ധകാരങ്ങള്ക്കിടയില് ന്റ്റെ മോള് വിങ്ങിപ്പൊട്ടുന്നത് ഞാന്‍ നിശ്ശബ്ദയായി കേട്ട് കിടന്നൂ..
ഒരു പ്രഭാതത്തില്‍ വരണ്ട കണ്ണുകളും വരണ്ട ചുണ്ടുകളുമായി ന്റ്റെ കുട്ടി അടക്കം പറഞ്ഞു,.
“വേലിയ്ക്കരികില് അവനെ ഞാന്‍ കാത്ത് നിന്നമ്മേ..
ഇന്നലെ പെയ്ത പെരുമഴയില്‍ …
ന്റ്റെ കണ്ണീരിലെഴുതിയ അക്ഷരങ്ങള്‍ പടര്‍ന്ന് ഒലിച്ചിറങ്ങുന്നതും,
അവന് നല്കിയ ചെമ്പനീര്‍ കുതിര്‍ന്ന് പൊഴിയുന്നതും ,
നിസ്സംഗയായി ഞാന്‍ നോക്കി നിന്നമ്മേ.“
“കരയല്ലെന്റെ പൂമകളെ..
നീയല്ലേ, ഈ അമ്മേടെ ചെമ്പനീര്‍ ..
നല്ലോരു മണമുള്ള മുല്ല മൊട്ട്,
അമ്മേടെ മാത്രം വാടാ മലര്.
കുതിര്‍ന്ന് പൊഴിയാത്തൊര് സുന്ദരി പൂവ്.“
ഇങ്ങനെ പറയാനേ നിയ്ക്ക് തരമുണ്ടായുള്ളൂ..
പിന്നെ ഞാന്‍ നിശ്ശബ്ദയായ് എങ്ങോട്ടോ നോക്കി നിന്നൂ..
ന്റ്റെ കുട്ടീടെ മൊഖം നിയ്ക്ക് കാണാന്‍ വയ്യാഞ്ഞിട്ട്..
ഇന്നെന്റെ മോള് കൂടെയില്ലാ..
അന്നു പെയ്ത പെരുമഴേടെ പിറ്റേന്ന് ന്റ്റെ മുല്ല മൊട്ട് ഉതിര്‍ന്ന് പോയി.
ന്നാലും, ഓരോ രാത്രി മഴയിലും പരിമളം വീശി കൊണ്ട് അവളെന്റെ അരികില്‍ വരും..
ഓരോ പുലര്‍ക്കാല സ്വപ്നങ്ങളും അയവിറക്കുവാന്..
എത്രയോ വട്ടം ആ കഥകള്‍ ആവര്‍ത്തിച്ച് കേട്ടതാണേലും,
പിന്നേം പിന്നേം അവള്‍ക്ക് ചെവി കൂര്‍പ്പിച്ചിരിയ്ക്കും ഞാന്‍.
പാതിരാവില്‍ മിഴികള്‍ നിദ്രയെ തേടി അലയുമ്പോള്‍ ,പൊടുന്നനെ ചാരത്ത് വന്നണയും ന്റ്റെ കുട്ടി..
അരികില്‍ ഇരുന്ന് അമ്മേടെ പൊള്ളുന്ന മാറില്‍ തണുത്ത കരം ചേര്‍ത്ത് ഉറങ്ങാതെ പുലര്‍ക്കാലം വിരിയിച്ചു തരും ന്റ്റെ കുട്ടി....
അവളടെ ആ തലോടലില്‍ ഉറങ്ങും ഞാന്‍ ശാന്തം,
ഒരു കുഞ്ഞിനെ പോലെ..
പക്ഷേ, നേരം പുലര്‍ന്നാല്‍ ന്റ്റെ മനസ്സ് പിടയും..
“നിയ്ക്കെന്റെ കുട്ട്യേ ഇല്ലാതായല്ലോ ഈശ്വരാ..“
ആരെ ഞാന്‍ പഴിയ്ക്കും..
അവള് ഭയന്നോടി ഒളിച്ചിരുന്ന പുലര്‍ക്കാല സ്വപ്നങ്ങളേയോ..
ഈ നെഞ്ചില്‍ ചാഞ്ഞുറങ്ങാന് ഞാന്‍ മൂളിയ താരാട്ട് പാട്ടുകളേയോ..
അതോ..
ഇരുട്ടു മുറ്റിയ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍,
ഒന്നും…ഒന്നും…അറിയാത്തവളെ പോലെ കണ്മിഴിച്ച് നിന്നിരുന്ന ഈ അമ്മയെ തന്നെയോ..?
അല്ലമ്മേ…ഒരിയ്ക്കലുമല്ലാന്ന് ന്റെ കുട്ടി പറയണണ്ടേലും,
നിയ്ക്കറിയാം ഞെട്ടറ്റു വീണ ന്റ്റെ മുല്ല മൊട്ട് ,
അവളുടെ അമ്മേടെ ആയുസ്സ് കൂട്ടി കിട്ടാന്‍..
നൊണ പറയാന്ന്..
വിരിയാന്‍ വെമ്പി നിക്കണ ന്റ്റെ മുല്ല മൊട്ടിനെ നോക്കിയിരിയ്ക്കാണേല് എങ്ങനേ ന്റ്റെ ഈശ്വരാ, നിയ്ക്ക് ഈ വിചാരങ്ങളീന്ന് മോചനം കിട്ടാ..
Tuesday, December 14, 2010
കിനാക്കൂട്..
മലയോരത്ത്..വയലിനക്കരെ
ഇറയത്തൊരു തൂക്കു വിളക്ക്..
നാലു ചുവരുള്ള വെറുമൊരു കൂര,
ഹര്‍ഷങ്ങള്‍ വര്ണ്ണങ്ങളാക്കുമൊരു ചെപ്പ്.
കഴുത്തോളം വെള്ളത്തില്‍ കൈതത്തോട്ടം
മുട്ടോളം ചെളിയില്‍ ചുഴി കുത്തും വരമ്പുകള്‍
ഉമ്മറത്തെ ഇളകുന്ന കല് പ്പടവുകള്‍
വഴുക്കുന്നുണ്ടേ... സൂക്ഷിയ്ക്കാ,
മഴക്കാല ഇരുള് മൂടും മാനം പോലെ
ഉറക്കമില്ലാ ചുവന്നു വീര്‍ത്ത മുഖമില്ലാ
ദുഖത്തെ എയ്തു വീഴ്ത്താനാവില്ലാ
ശഠിക്കുന്ന പ്രസന്ന മുഖം മാത്രം.
ജന്നലഴിയില് എത്തിപ്പടരും
വള്ളിയില്‍ കണ്ണയച്ച്
ചാഞ്ഞും ചെരിഞ്ഞും കണ്ണു നട്ട്
ചുവരു ചാരി കാത്തിരിയ്ക്ക മാത്രം.
എങ്ങെല്ലാം പോയ് രസിച്ചാലും
മെല്ലെ ആ കരം ഗ്രഹിച്ച് മന്ത്രിയ്ക്കും
മടങ്ങിപ്പോകാം നമ്മുടെ വീട്ടിലേയ്ക്കു
മുങ്ങിത്താണാ വരമ്പിലൂടെ..
Friday, December 10, 2010
ന്റ്റെ ഗ്രാമം ...
Wednesday, December 8, 2010
വിഗ്രഹം..
Wednesday, December 1, 2010
ന്റ്റെ വിനോദിനി..
Friday, November 26, 2010
ജീവിത ഗ്രന്ഥം..
Sunday, November 7, 2010
മുക്കുറ്റിപ്പൂ സാരി..
Monday, November 1, 2010
ഇനി..
Saturday, October 30, 2010
മായക്കാഴ്ച്ചകള്..
ആകാശം വിളറി വെളുത്താല്‍, എങ്ങും പ്രഭാത ഗന്ധം പടര്‍ന്നാല്‍ ഒരു കുരുത്തോല വാലന്‍ കിളി വര്‍ണ്ണ ചിറകുകള് ഒതുക്കാന്‍ ഈ മാക്കൊമ്പില്‍ സ്ഥലം പിടിയ്ക്കാറുണ്ട്.
എന്നും തല വെട്ടിച്ച് , വാലാട്ടി ഗര്‍വ്വോടെ അലസനായി ഇരിയ്ക്കാറുള്ള ഇവനെന്തേ ....
തിടുക്കത്തില്‍ പെയ്യണ ഒരു മഴ മേഘം പോലെ,മേഘ രാഗം പോലെ.. നിര്‍ത്താതെ ചിലയ്ക്കുന്നു..?നിയ്ക്കു തിരിയില്ലാന്നൊരു ഉദ്ധേശത്തോടെ ആണെന്നു തോന്നുണു അവന്റെ ഉച്ചത്തിലുള്ള ശൃംഗാരങ്ങള്‍.
അതവന്റെ പാട്ടാണെന്നു തോന്നുണൂ..
ഇപ്പഴാ കണ്ടതു അവന്റെ അരികില്‍ പരുങ്ങി ഇരിയ്ക്കണ ആ നാണം കുണുങ്ങി പെണ്ണിനെ,
സുറുമ കണ്ണെഴുതിയ സുന്ദരി മഞ്ഞക്കിളി പെണ്ണിനെ.
ആ വാലു പിടിച്ചു വലിച്ചു വേദനിപ്പിയ്ക്കാനുള്ള ദേഷ്യം വരുണുണ്ട്..ഹും.മഞ്ഞിമ കണങ്ങള്‍ തിളങ്ങി നില്ക്കും
അതിനവനെ എങ്ങനെ കിട്ടാന്‍..?
ഓരോ ദുര്‍മോഹങ്ങള്‍..അല്ലാതെന്താ..
വിഡ്ഡി, അവനെന്തറിയാം
നിയ്ക്കു അവനെ കേള്‍ക്കാന്‍ പറ്റില്ലാന്നുള്ള അവന്റെ വിശ്വാസം അവനെ കാക്കട്ടെ.
പ്രണയത്തിന്റെ ഈണത്തിനപ്പുറത്തെങ്ങു നിന്നോ അവന്റെ ലോകവിവരം കണ്ണു തുറക്കുന്നുണ്ട്.
അതു ചെവിയോര്‍ത്തു പിടിച്ചെടുക്കാന്‍ കൌതുകം തോന്നുന്നൂ..അവന്റെ കഥ കേള്‍ക്കാന്‍.
മഞ്ഞപ്പൂക്കള്‍ വിടര്‍ന്നു നില്ക്കുംമഞ്ഞ പെണ്ണു നാണിച്ചു നില്ക്കുംആ നേരങ്ങാനും തിരുമാലി കാറ്റ് ഇച്ചിരി കുളിര്‍മ്മ വീശിയാല്‍ ,പിന്നെ ആ പാട്ടുപെട്ടി തിരിയാന്‍ തുടങ്ങിക്കോളും.
മഞ്ഞ പുലരി ഉണര്‍ന്നു നില്ക്കുമീ വേളയില്‍..
മഞ്ഞ പെണ്ണേ, മിഴിയാളേ..
നിനക്കറിയോ,
മഴക്കാലങ്ങളും, മാമ്പഴകാലങ്ങളും ഒരു പാടു പൊഴിഞ്ഞിട്ടില്ലാത്ത, വളരെ കാലം പിറകിലോട്ടല്ലാത്ത ഒരു കാലത്ത്..
ഇങ്ങനെ ഒരു വൃക്ഷ ചുവട്ടില്‍, എന്തു വൃക്ഷാണെന്നു നിശ്ചയല്ലാ..
ഒരു ചാരുകസേര എപ്പഴും കാണുംത്രെ, മീതെ കുറച്ചു പുസ്തകങ്ങളും, ഒരു മഷി പേനയും, കണ്ണടയും..
തൊട്ടരികില്‍ മരത്തിന്റെ ഒരു കൊച്ചു മേശയും, പാടാന്‍ റെഡിയായി നിക്കണ പാട്ടു പെട്ടിയും.
അദ്ദേഹം ഇരുത്തം ഉറപ്പിച്ചാല്‍ പിന്നെ വായനയും എഴുത്തും തകൃതിയായി ..ഈ പൊന്‍ ചിറകുകള്‍ക്കു അല്പം വിശ്രമം കൊടുക്കാനായ്.....
ആ ചാരി കിടക്കണ അദ്ദേഹം ഇമ്മിണി വല്ല്യ ഒരു എഴുത്തുകാരനാത്രെ..
പൂവമ്പഴവും, ബാല്യകാല സഖിയും , പാത്തുമ്മായുടെ ആടുമൊക്കെ അദ്ദേഹത്തിന്റെ ജീവിതാത്രെ..
അങ്ങനെ എത്രണ്ണംന്നാ കരുതിയിരിക്കണേ..
ഒരു പറ്റം കഥകള്‍,
ബഹുമതികളോ..ഒട്ടനവധി.
വൃത്തികെട്ട ആഡമ്പരങ്ങളും, പരിഷ്കാരങ്ങളൊന്നും എത്തി നോക്കാത്ത ഒരു പച്ച മനുഷ്യന്..
എഴുതാനിരിയ്ക്കുമ്പോള്‍ ഒരു കുപ്പായം പോലും ധരിയ്ക്കാറില്ലന്നെയ്...
ഇതു പറഞ്ഞപ്പോള്‍ അവന് ചിരിച്ചോ..?
ഒരു പരിഹാസ ചിരി പൊട്ടി വീണോ..?
ഹേയ്, അല്ലാ..അവനവന്റെ പെണ്ണിനോട് കഥ പറയുന്ന രസത്തിലാ..കാമുക വേഷ ലഹരിയിലാ..
കാറ്റില്‍ പറന്നടിയുന്ന മാമ്പൂക്കളെ ഗൌനിയ്ക്കാതെ , മിഴികളിലൂടെ അവന്റെ കഥ കേട്ടിരിയ്ക്കണ അവള് പതിഞ്ഞ സ്വരത്തില്‍ ഇപ്പോള്‍ എന്തോ പറയാന്‍ തുടങ്ങിയിരിയ്ക്കുണൂ.
പേരറിയാത്ത ഏതോ ഒരു പക്ഷീടെ കിളി നാദം കാതില്‍ തുളച്ചു കയറി കേള്‍വി തടസ്സം ഉണ്ടാക്കുണൂ..അതോണ്ട് കിളി ബഹളംന്നേ ഞാന്‍ ഇപ്പൊ പറയൂ..
അവനെ പോലയേ അല്ല അവളെ കേള്‍ക്കാന്‍,
ആരുമറിയാതെ ഒളിഞ്ഞു പെയ്യണ പുതു മഴയുടെ നാദം പോലെ,സ്വര്‍ഗ്ഗ രാഗം പോലെ..മധുരം.
നാഥാ, ഇന്നലെ വെയില് മൂത്തു വരും നേരം
കാവിലെ ഉത്സവം കണ്ടു മടങ്ങും നേരം
ഓരോന്നു ചിന്തിച്ചങ്ങനെ തിരിക്കും നേരം
പൊന്ന് വിളയും പാടത്തിന്റെ പടിഞ്ഞാറെ ദിക്കിലെ, കല്പടവുകള് പാകിയ ആ വീടിന്റെ ഉമ്മറതിണ്ണയില്‍ ഇരിയ്ക്കാനിടയായി.വേറോന്നും കൊടുക്കാന്‍ ന്റെ കയ്യില്‍ ഇല്ല്യാ..
വെണ്‍പ്പൂക്കളാല്‍ വിടര്‍ന്നു തുടിച്ചു നിക്കണ അവിടുത്തെ തോട്ടത്തില്‍ ഒരു ചെമ്പക മരം പൂത്തുലഞ്ഞു നിപ്പുണ്ടെന്നു കുറുമ്പന് കാറ്റ് വന്ന് സ്വകാര്യം പറഞ്ഞപ്പോഴാണറിയണത്.
ആ സുഗന്ധത്തില്‍ ഒന്നു മയങ്ങാന്നു കരുത്യാണ് ആ പൂമര ചില്ലകള്‍ ലക്ഷ്യട്ട് പറന്നത്,
അപ്പോള്‍ ഞാനുംകണ്ടു,
ആ ചെറുമരത്തിനു കീഴെ , പച്ച പുല്ലു ഒരുക്കിയ പരവതാനിയില്‍ കണ്ണടച്ച് ചാരി ഇരുന്നു മനോരാജ്യം കാണണ ഒരു മനുഷ്യനെ,
ആ മനോകാഴ്ച്ചകള്‍ അവ്യക്ത ചിത്രങ്ങളായിരുന്നെങ്കിലും,
നേര്‍ത്ത കസവു സാരിയും , വെള്ളി കൊലുസുകളും, മുല്ല മാലയും വ്യക്തായി തന്നെ കണ്ടു ഞാന്‍.
സമീപത്തുള്ള കിളി നാദങ്ങളെല്ലാം മൂളി കേള്‍പ്പിയ്ക്കാനെന്ന പോലെ ആ താന്തോന്നി കാറ്റ് അവിടെയും പാഞ്ഞെത്തി,
പിന്നെ ഈശ്വര കാരുണ്യം പോലെ മഴത്തുള്ളികള്‍ വാരി ചിതറിച്ചു കൊണ്ടവന് അവിടെ തന്നെ ചുറ്റി കറങ്ങി നിപ്പുണ്ടായിരുന്നൂ.
ങാ..പിന്നെ പറയാന്‍ വിട്ടു പോയി,
ഈ പച്ച മനുഷ്യനും കുപ്പായം ഇട്ടിരുന്നില്ല്യാ..
പക്ഷേങ്കില് ഒരു തൂവെള്ള കൈ ബനിയന് ആ ദേഹത്ത് പറ്റിചേര്‍ന്നു ഉറങ്ങണുണ്ടായിരുന്നൂ.
കഥകളും കവിതകളും അധികം കുറിച്ചിട്ടില്ലെങ്കിലും , കുറെ ജീവിത കഥകള്‍ ആ നെഞ്ചില്‍ കുറിച്ചിട്ടുണ്ടെന്നു ആ സൌമ്യനെ കണ്ടാലറിയാം..
ഇനി എന്താണവള്‍ അവനോട് രഹസ്യം പറയണത്.., അവന്റെ സ്വപ്നങ്ങളെ കുറിച്ചായിരിയ്ക്കോ..?
ഒന്നും കേള്‍ക്കാന്‍ വയ്യാ, ആ കറുമ്പന് പക്ഷിയില്ലേ...കാക്ക തമ്പുരാന്,
അവന്റെ അസഹ്യ പുലമ്പുലകള്‍ കാത് പൊട്ടിയ്ക്കുണൂ
ന്നാലും വേണ്ടില്ലാ, ഇത്രയും അറിഞ്ഞല്ലോ..
മനസ്സു നിറഞ്ഞ പോലെ,
ആ വൃക്ഷ തണലിലും, പൂമര ചോട്ടിലും എത്തിപ്പെട്ട പോലെ.
ആ ഇണ കുരുവികള്‍ക്കു മനസ്സു കൊണ്ട് മംഗളം നേരുന്നൂ ഞാന്‍,നിന്റെ അപൂര്‍ണ്ണ കഥകളും, പൊട്ടി തകരണ സ്വപ്നങ്ങളും, വേദാന്ത ചിന്തകളും, ആര്‍ക്കും മനസ്സിലാവാത്ത ഭാഷയും ആ ജാലകത്തിന്നപ്പുറത്തേയ്കിട്ടു ഒന്നു വന്നു ഉണ്ടിട്ടു പോകുന്നുണ്ടോ..?
സൂര്യവെട്ടം അഴികളിലൂടെ മുഖത്തടിയ്ക്കാന്‍ തുടങ്ങീട്ടു ഇച്ചിരി നേരായിരിയ്ക്കുണൂ, ഇടത്തേ കവിളു പൊള്ളാനും...ഒന്നും അറിഞ്ഞില്ല ഞാന്‍,,
അല്ലാ, ഒന്നും അറിയിച്ചില്ലാ ആ ഇണകള്‍.
ഊണു കാലായെന്നു തോന്നുണൂ..
കുട്ട്യേ..
ഉം..തുടങ്ങീ...ഈ..അമ്മ.........
ഒരു തൂണ്..
Saturday, October 23, 2010
വെറുപ്പ്.......
അറിയുമോ വെറുപ്പെന്ന വികാരത്തെ
മനോവേദനയും മനസ്സംഘർഷവുമൊന്നുമല്ലിത്
നവരസങ്ങളിലെ ഭാവമെന്നു ഉറപ്പിയ്ക്കാനും വയ്യ
ബീഭത്സത്തിലെ ഒരു വിഭാഗമത്രെ വെറുപ്പ്
ഇതിന്റെ നിറം നീലയും ,ദേവൻ മഹാകാലനുമത്രെ.
പെയ്തിറങ്ങും മഴയിലുമുണ്ട് നവരസങ്ങൾ
ചാറ്റലിൽ നിന്നും ദുരിത പ്രളയംവരേയ്ക്കും
മിന്നൽ പിണരുകൾ ഉള്ളു കാളിയ്ക്കുമെങ്കിലും
പുതുമഴ നനവ് ഉള്ളു കുളിരണിയിക്കാറുണ്ട്.
ഇടിനാദമെന്നാൽ ദാ ദാ ദാ ശബ്ദമാണ്
ദാമ്യത ദത്ത ദയത്വം എന്നര്‍ത്ഥമാക്കുന്നത്
ഈ മേഘ ഗര്‍ജ്ജന സംവേദം
ശാസ്ത്ര നിഷ്ഠമെന്നു ഉപനിഷത്ത് പറയുന്നു.
ഇവിടെവിടെങ്ങും വിചിത്ര വെറുപ്പില്ല
മര്‍ത്ത്യ സൃഷ്ടി വഴിവിട്ടു മാറി നില്ക്കുമെന്നു സ്പഷ്ടം.
പുകയുന്ന സത്യത്തിലേയ്ക്കൊന്നു ഉറ്റു നോക്കിയാൽ
അമ്പരപ്പിയ്ക്കും സത്യങ്ങൾ തൊട്ടറിയാം
അകത്തേയ്ക്കു വലിയുന്ന കൃഷ്ണമണികളും,ജ്വലിയ്ക്കുന്ന തീ കണ്ണുകളും
താഴ്മ ഭവിയ്ക്കും കവിൾത്തടങ്ങളും, വീർത്ത മൂക്കു പുടവും..
ഈ ഭാവം ഭയാനകം, നാവിന്റെ ക്രൂര വിനോദം
കഴുമരത്തിലേറും പിടയും ജീവൻ പോലെ.
പ്രാണനെടുക്കും പ്രപഞ്ച നിഗൂഡ്ഡ നിന്ദയാണൊ വെറുപ്പ്
ഓരൊ നിശ്വാസത്തിലും വിഷം കലർന്ന പ്രാണവായുവാണൊ വെറുപ്പ്..?
Sunday, October 17, 2010
രാത്രി മഴയില്‍......
രാത്രി മുഴുവന്‍ ഉറക്കല്ല്യാ..
മഴ പെയ്യുന്നൂ..ചാറി കൊണ്ടേ ഇരിക്കുന്നൂ
കാറ്റും വീശുന്നുണ്ട്..ഈര്‍പ്പമുള്ള കാറ്റ്.
നരച്ച ഇരുട്ടിന്റേയും
തിളങ്ങുന്ന രാത്രിയുടേയും
നനഞ്ഞ മണ്ണിന്റേയും
ഈറന്‍ വായുവിന്റേയും ഗന്ധങ്ങള്‍..
സന്ധ്യക്കു വിരിഞ്ഞ അരിമുല്ലയുടേയും
പാതിരായ്ക്കു വിരിഞ്ഞ നിശാഗന്ധിയുടേയും ഗന്ധങ്ങള്‍..
നിറഞ്ഞൊലിയ്ക്കുന്നൂ.
പിന്നെ പറയണ്ടാ..
കശയ്ക്കുന്ന കഷായത്തിന്റേയും
ചവര്‍പ്പുള്ള അരിഷ്ടത്തിന്റേയും
ഇളം ചൂടു തൈലത്തിന്റേയും
മൂപ്പിച്ച എണ്ണയുടേയും ഗന്ധങ്ങള്‍..
ഗന്ധങ്ങളുടെ ഒരു ഘോഷയാത്ര..
ഈ മഴ തുടങ്ങുമ്പോള്‍ പ്രകൃതിയുടെ മണവും മരുന്നിന്റെ മണവും ഒറ്റയായും കൂട്ടായും മൂക്കില്‍ തുളച്ചു കയറുന്നു
ഇങ്ങനെ നിരവധി ഗന്ധങ്ങളില്‍ മുങ്ങിത്താണ് കൊണ്ടിരിയ്ക്കാന്‍ വയ്യാ..
ദൈവമേ..ഗന്ധങ്ങള്‍ ആവിയായി പൊങ്ങുന്നൂ..
ഈ രാത്രി മഴയിലും ആവിയായി തീരുന്നതു പോലെ.
ഉറങ്ങാന്‍ തോന്നുന്നു.
ന്നാലും മിഴിച്ചു പിടിയ്ക്കാണു കണ്ണുകള്‍
തുരുമ്പിച്ച കട്ടില് ഞരങ്ങുന്നൂ
അത് ഉള്ളില്‍ നടുക്കം ഉണ്ടാക്കുന്നു ഇടയ്ക്ക്..
ഒന്നു നീണ്ടു നിവര്‍ന്നു കിടക്കാനും ഈ നാല്ക്കാലി സമ്മതിക്കില്ല്യാന്നു വെച്ചാ..
മഴക്കാലമാണത്രെ
പ്രകൃതിയുടെ ഓരോ വിളയാട്ടങ്ങള്‍, അവന്റെ ഓരോ ലീലകള്‍
കാണാച്ചരട് കൊണ്ട് ബന്ധിപ്പിച്ചിരിയ്ക്കല്ലേ ഈ ജന്നലഴികളില്‍..
ഏകാന്തത എന്ന ദിവാസ്വപ്നം, അതിമോഹം ..എല്ലാം അവസാനിപ്പിച്ചിരിയ്ക്കല്ലെ..
ഈ തലയില്‍, ഓരൊ മുടിയിഴയിലൂടെയും ഇറ്റിറ്റു വീഴാണ് ഓരോ തുള്ളികളും
ധാന്യാമ്ലം ധാരയായി ഒഴുകയാണ് ഈ ദേഹത്തില്‍
ന്നാലും മനസ്സിന്റെ കാര്യാണ് കഷ്ടം
മൂടി കെട്ടിയ മാനം എത്ര പെയ്തു തോര്‍ന്നാലും,
തളം കെട്ടി നില്ക്കണ കലക്ക വെള്ളം മാതിരിയാ
ഒന്നു കണ്ണടഞ്ഞു മനസ്സടഞ്ഞു ഉറങ്ങാന്‍ സാധിയ്ക്കണില്ല്യാ.
ഉറങ്ങിയ്ക്കോ ന്റ്റെ മോളേ..ഈ ഭ്രാന്തന് കാറ്റിലും കണ്ണു തിരുമ്മി വരണ അമ്മയെ കേള്‍ക്കാം.
കരിയിലകളെ പറത്തിച്ച്
അട്ടഹസിച്ച് കുലുങ്ങി
പുളച്ചുപായുന്ന ഇവന് സത്യത്തില്‍ മഴയുടെ ആരാണു..?
അവനെത്ര പേടിപ്പിച്ചാലും ആ ഭ്രാന്തില്‍ ഉലയുന്ന പൂത്ത മാവിന് തലപ്പുകളുടേയും,
ഉണങ്ങിയ മരക്കൊമ്പുകളുടേയും ശീല്കാരം കേട്ടു മതിവരാത്ത പോലെ..
തോട്ടത്തില്‍ ചരല് വഴി അവസാനിയ്ക്കുന്നിടത്ത് എന്റെ തോഴന് ഒരു ചെമ്പക ചെടി നട്ടിട്ടുണ്ട്..
അത് ഒരു നാള് പൂക്കും..
അന്നും ഇവന് ഈ കളി തുടര്‍ന്നാല്‍..
ചെമ്പകപ്പൂക്കള്‍ ഉതിര്‍ത്ത് ആനന്ദിച്ചാല്‍..
പിന്നെ എനിയ്ക്കു ഈ ഇഷ്ടം ഉണ്ടാവോന്നു തോന്നണില്ല്യാ.
ഇനി എത്ര നാള്..ഞങ്ങടെ സ്നേഹപ്പൂക്കളൊന്നു പൂക്കാന്‍..
അന്നു ഞാന്‍ ഓരോ രാത്രി മഴയിലും,..
ചെമ്പക മരത്തിലൂടെ ഊര്‍ന്നിറങ്ങുന്ന തുള്ളികളോടു കിന്നാരം പറയും
ഓരോ പൂവിലും ഇറ്റിറ്റു നില്ക്കുന്ന ഓരോ തുള്ളികളെയും ചുമ്പിച്ചുണര്‍ത്തും.
..ഓരോ സ്വപ്നങ്ങള്‍ ...... അല്ലാതെന്താ പറയാ...
നിയ്ക്കു വയ്യാ..എത്ര നേരായി ഞാനിങ്ങനെ പിറുപിറുക്കാന്‍ തുടങ്ങീട്ട്
മനസ്സു ഇങ്ങനേയാ..പിടിച്ച് നിര്‍ത്താന്‍ ആവണില്ല്യാ.
ആലോചനകളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിയ്ക്കണില്ല്യാ..
മഴ മേഘങ്ങള്‍ തിങ്ങി പാര്‍ക്കും പോലെ..
നിഴലുകള്‍ കനത്തു കിടക്കും പോലെ..
അതിനു എങ്ങനെയാ ഇച്ചിരി സൂര്യ വെട്ടം കിട്ടാ,
ഈ ശീതക്കാറ്റ് ശരീരത്തില്‍ എത്ര നുഴഞ്ഞു കയറിയാലും
ഞരമ്പുകളില്‍ എത്ര തുളഞ്ഞു കയറിയാലും
തലച്ചോറില്‍ എത്ര കടന്നു കയറിയാലും..
ഈ കോരിച്ചൊരിയുന്ന മഴ
അതെനിയ്ക്കു അനുഭവിയ്ക്കാനിഷ്ടാ..
ഈ തോന്ന്യവാസി മഴയെ
താളം തെറ്റിയ മഴയെ
തോരത്ത മഴയെ
ഇരുട്ടിന്റെ മഴയെ..
എത്ര കണ്ടാലും മതിവെരാത്ത പോലെ..!
Saturday, October 2, 2010
വറ്റാത്ത ഉറവകള്‍
ആര്‍ദ്രതന്‍ ഓര്‍മ്മകള്‍ ചാവാതിരുന്നാല്‍
വിശ്വാസത്തിന് ആവലാതികള്‍ പൊങ്ങാതിരുന്നാല്‍
വിഷാദത്തിന് കണ്ണുനീര് പൊഴിയാതിരുന്നാല്‍
ഭ്രാന്തമാം ചിന്തകള്‍ ചുമക്കാതിരുന്നാല്‍
നിശ്ശബ്ദമാം മനസ്സുകള്‍ പുലമ്പതിരുന്നാല്‍....
മഴ ആര്‍ത്തു പെയ്ത് പുല്‍നാമ്പുകള്‍ കിളിര്‍ക്കും
വെയില് മൂത്ത് വന്ന് പൂമരങ്ങള്‍ പൂക്കും
ഞെട്ടറ്റ ദളങ്ങളില്‍ പുതു ജീവന് തുടിക്കും
ഈ വരണ്ട ഭൂമിയെല്ലാം പച്ച പുതക്കും.
ഇക്കഥ പഴയതു തന്നെ, തേഞ്ഞതും മാഞ്ഞതും
ഈ നാളയെപ്പറ്റി പറഞ്ഞതാരായാലും
ഞാന്‍ ചെവി പൊത്തുന്നൂ..കണ്ണടക്കുന്നൂ..
ഈ ദേശത്ത് ലഹള നടന്നാലും, ഇല്ലേലും.
Thursday, August 26, 2010
എന്റെ ഭൂതം..
Tuesday, August 24, 2010
സ്നേഹത്തോടെ.........
നീ എനിക്ക് ആരാണ് ....?
എനിക്ക് നിന്നോട് ഉള്ളത് എന്താണ്...?
പ്രണയമെന്ന് പേരു വിളിച്ച് അതിനെ ചെറുതാക്കാന്‍ വയ്യെനിക്ക്...
ഭര്‍ത്താവിന് ഭാര്യയോട് തോന്നുന്ന കരുതലാണോ...?
കാമുകകനു കാമുകിയോട് തോന്നുന്ന അനുരാഗമാണോ...?
സഹോദരന് സഹോദരിയോട് തോന്നുന്ന സ്നേഹമാണോ...?
മകന് അമ്മയോട് തോന്നുന്ന ആദരവ് ആണോ...?
അച്ഛന് മകളോട് തോന്നുന്ന വാത്സല്യമാണോ...?
ഇതെല്ലാം കൂടിയോ...? അതിനുമപ്പുറമോ...?
എന്തായാലും ഒന്നുറപ്പ്...
അതാ ശരീരത്തോടുള്ള ആസക്തിയല്ല....!!
ആ സൌന്ദര്യത്തോടുള്ള അഭിനിവേശവും അല്ല....!!
എനിക്ക് നിന്നോട് തോന്നുന്നത് എന്താണ്...?
എന്തു പേരിട്ട് വിളിക്കണം ഞാനിതിനെ...?
പരിപാവനമെന്നോ....?
ദൈവികമെന്നോ...?
ഉത്തരമറിയാതെ ഉഴറുന്നു ഞാന്‍...
എന്നാലും ഒന്നുറപ്പ്....
ഇങ്ങിനെ നമ്മള് മാത്രമേയുള്ളൂ....
നമുക്ക് മാത്രന്മേ ഇങ്ങിനെ ആകാനും കഴിയൂ...
അതെ ഈ ലോകത്ത് നമ്മള് മാത്രം...
എനിക്കും നിനക്കുമിടയില്‍ മറയായി ഒന്നുമില്ല....
നിഴലും നിലാവും നക്ഷത്രങ്ങളും നമൂക്കായ് മാത്രം..
പെയ്തു വീഴുന്ന രാത്രിമഴകളും....
വേനല്‍ മഴകളും....
തുലാവര്‍ഷ പെരുമഴയും നമുക്കായ് മാത്രം...!!
മഞ്ഞ് നമുക്കായ് പൊഴിയുന്നു...!!
പൂക്കള്‍ നമുക്കായ് ചിരിക്കുന്നു...!!
പറവകളും പൂത്തുമ്പികളും നമുക്കായ് പാറുന്നു...!!
അപ്പൂപ്പന് താടികള്‍ കണക്കേ നമ്മളും ഒഴുകി നീങ്ങുന്നു..
അനന്തമായ്...
ഒരിക്കലും അവസാനിക്കാതിരിക്കട്ടെ ഈ യാത്ര...!!
ആഗ്രഹവും , സ്വപ്നവും , പ്രാര്‍ത്ഥനയും അതു മാത്രമാണ്.......
Friday, August 20, 2010
തോല്‍വി..
അനുസരിക്കാം ഞാന്‍ .....
തോല്‍ക്കപ്പെടുന്നവന്റെ വിധി അതാണല്ലൊ...
ഒഴുകിപ്പറക്കുന്ന അപ്പൂപ്പന് താടിയല്ല ഞാനിന്ന്...
സ്നേഹക്കൂട്ടിലകപ്പെട്ട പച്ചപനംതത്ത...
കരിമ്പനയോലകളുമായ് വന്നൊളൂ...
നാക്കു രാകി മയപ്പെടുത്താം....
കേള്‍ക്കാന്‍ സുഖമുള്ള വാക്കുകള്‍ പഠിയ്ക്കാം...
ഞാന്‍ സ്വപ്നങ്ങള്‍ കണ്ടുകൊണ്ടേയിരിക്കും....
മുത്തും പവിഴവും മത്സ്യകന്യകയുടെ കൊട്ടാരവും.......
അറ്റമില്ലാതെ അതങ്ങിനെ തുടരും....
തോറ്റവനാണെങ്കിലും സ്വപ്നം കാണാന്‍ അവകാശമുള്ളിടത്തോളം കാലം...
പുതിയ വസന്തങ്ങള്‍ക്കായ്.....
അടുത്ത വിളവെടുപ്പുകാലത്തിനായ്....
വെമ്പുന്നൊരു മനസ്സ് എപ്പോഴും മിടിച്ചുകൊണ്ടിരിക്കുന്നുണ്ടാവും....
ചിറകു തല്ലിക്കരയാനെനിക്കു വയ്യ ഇനി....
ഈ ചിറകിനടിയില്‍ തണലുകൊതിക്കുന്നൊരാള്‍
പുറത്ത് കാത്തു നില്പുണ്ടല്ലൊ...
എങ്ങനെ നീ മറക്കും.....?
മുത്തേ...ഒന്നുചിരിക്കൂ നീ, കൂടേയുണ്ട് ഓരോ അണുവിലും ഞാന്‍.
അടഞ്ഞ വാതിലുകളിലൂടെ കടന്നെത്താനാവാതെ നീ ,പാതി അടഞ്ഞ ജാലകവാതിലൂടെ
എത്തിനോക്കി പുഞ്ചിരി തൂകുന്നതു കണ്ടപ്പോള്‍ ദേഷ്യമാണു തോന്നിയത്.
ഈ രാത്രി എന്റെ മോഹങ്ങളെല്ല്ലാം തന്നെ ഞാന്‍ ഉപേക്ഷിക്കുകയാണ്.
പ്രണയിക്കുന്നതിലും മനോഹരമാണ് എനിക്ക് നിന്റെ മിഴികളില്‍ നോക്കി കിടക്കുന്നത്..
വിരസമായ രാത്രികള്‍ എന്റേതാകുന്നതും ഈ നിമിഷങ്ങളില്‍ തന്നെയാണ്.
നിന്റെ പുഞ്ചിരി . അതെനിക്കു നല്‍കുന്നത് മിന്നിത്തിളങ്ങുന ആയിരമായിരം
നക്ഷത്രങ്ങളുടെ ഭംഗിയാണ്..
മായാത്ത പാടുകളായി അതു കിടക്കുന്നതു കാണുമ്പോള്‍..
കുഞ്ഞു നാളില്‍ മുത്തശ്ശി പറഞ്ഞിട്ടുണ്ട്..അതു നിന്നുള്ളിലെ കുന്നുകളും കാടുകളുമാണെന്ന്..
നീ പറയൂ...എങ്ങിനെയെനിക്ക് അരിശം വരാതിരിക്കും.......?
എന്നിട്ടും മിഴിയിണകള്‍ ചേര്‍ത്തു വെക്കാതെ ഞാന്‍ പിന്നെയും പിന്നെയും നിന്നെ നോക്കി
കിടക്കും.
നിന്റെ ചിരികാണുമ്പോള്‍ ഞാന്‍ വെറുതെ ആശിക്കുമായിരുന്നു..
എങ്ങിനെയായിരുക്കും നിന്റെ മുഖം..?
ഓരോ ചെറിയ മാറ്റങ്ങളും ഞാന്‍ എന്റെ മനസ്സില്‍
കണ്ടുകൊണ്ടേയിരിക്കുന്നു.
ദേവു ചേച്ചി കുഞ്ഞുവാവക്ക് മാമുണ്ണാന്‍ നിന്നെ ചൂണ്ടി കാണിക്കുമ്പോള്‍ ആ വിരല്‍ തുമ്പ് ചെന്നവസാനിക്കുന്നിടത്തു ഞാനും
ഒളികണ്ണിട്ടു നോക്കാറുണ്ടായിരുന്നു.
കുഞ്ഞുവാവ നിന്നെ നോക്കി വായ് തുറക്കുമ്പോള്‍ നീയും അറിയാതെ വായ് തുറന്നു
പോകാറുണ്ടായിരുന്നില്ലെ....?
അപ്പോള്‍ എനിക്കു കാണാമായിരുന്നു നിന്റെ വെണ്മ നിറഞ്ഞ
കുഞ്ഞരിപ്പല്ലുകള്‍..
നിന്റെ വെണ്‍പല്ലുകളുടെ രഹസ്യം മാവിലയാണെന്നും,നിന്റെ കണ്ണിറുക്കിയുള്ള ചിരി ആരാധികമാരുടെ നീണ്ട നിരയാണെന്നും നീ പറഞ്ഞിരുന്നതു പോലെ എനിക്കു
തോന്നാറുണായിരുന്നു,
ഈ നിശ്ശബ്ദതയുടെ ആവരണം , അതു ഞാന്‍ സ്വയം എടുത്തണിഞ്ഞതാണ്.
അതെടുത്തണിയുന്നതിനു മുന്നേ എന്തിനൊ വേണ്ടി തുടിക്കുന്ന ഒരു
ഹൃദയമുണ്ടായിരുന്നു എനിക്ക്.
സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരു മനസ്സും..കളങ്കമില്ലാത്ത ഒരാത്മാവും.
എന്തുകൊണ്ടു അതുമാത്രം നീ കാണാന്‍ ശ്രമിച്ചില്ല..അല്ലെങ്കില്‍
ശ്രമിക്കുന്നില്ല.?
ഞാന്‍ നിനക്കു തന്നത് എന്നെ മാത്രമല്ലല്ലോ.എന്റെ ആത്മാവും, ഹൃദയവും എല്ലാം
നിനക്കായ് മാത്രമല്ലെ ഞാന്‍ തന്നതു?
നിന്റെ ചുണ്ടുകള്‍ക്കിടയിലൂടെ എനിക്കു മേല്‍ വര്‍ഷിച്ച
ശകാരങ്ങള്‍...
അതെന്നില്‍ നിറച്ച മാനസിക സംഘര്‍ഷങ്ങള്‍.
എല്ലാം നീ ഒരു പുഞ്ചിരിയിലൂടെ അലിയിച്ചു കളഞ്ഞു.
ഒറ്റപ്പെടല്‍ എന്നേ എന്നെ പുണര്‍ന്നു കഴിഞ്ഞിരിക്കുന്നു.
എന്നാലും ജനല്‍ പാളിയിലൂടെ നിന്നെയും കൂട്ടു പിടിച്ച് ഓരോ രാത്രികളും ഞാന്‍
ഉറങ്ങാതെ തീര്‍ത്തു.
ഓരോ രാത്രിമഴകള്ക്കും കാതോര്‍ത്തു
ചുരുണ്ടു കൂടി കിടന്നു.
എന്റെ വേദന ഇരട്ടിച്ചു കൊണ്ടേയിരിക്കുന്നു.
വേണ്ട പോലെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ളവ്യഗ്രത.
സ്നേഹം പിടിച്ചു വാങ്ങേണ്ടി വരുമോയെന്ന അവസ്ഥ..
നേരിയ പരിഗണനക്കായുള്ള മോഹം.
ഇതെല്ലാം നിന്നില്‍ നിന്നും നേടാന്‍ വേണ്ടി കലഹിക്കേണ്ടി വരുന്ന അവസ്ഥ,.
രാവുകള്‍ പുലരിയിലേക്ക് വഴിമാറുമ്പോള്‍ നിനക്കു കേള്‍ക്കാന്‍ കഴീയുന്നില്ലെ..
നിന്റെ കാതുകളില്‍ എന്റെ തേങ്ങലുകള്‍.?
നിന്റെ ഏകാന്തതയില്‍ എന്റെ പ്രണയം നിനക്കനിവാര്യമായിരുന്നു.
ഒരിക്കല്‍ നിന്റെ സന്തോഷം ഞാന്‍ മാത്രമായിരുന്നു.
ഇന്ന് നിനക്കു ചുറ്റും മിന്നിത്തിളങ്ങുന്ന അനേകം താരങ്ങളുണ്ട്..
വെള്ള വസ്ത്രമണിഞ്ഞ മാലാഖമാരുണ്ട്.
ചിലപ്പോഴൊക്കെ ഞാനും അറിയാതെ ആശിച്ചു പോകുമായിരുന്നു.
ഒരു മാലാഖയോ.. താരമോ ആയിരുന്നെങ്കില്‍...
നിന്റെ സാമീപ്യമെങ്കിലും എനിക്ക് കിട്ടുമായിരുന്നു.
നിന്റെ സ്നേഹത്തെയോ ആത്മാര്‍ത്ഥതയെയോ അളക്കാനല്ല ഞാന്‍ നിന്നെ ഉറ്റു
നോക്കുന്നത്.
എന്നെ നീ തെറ്റിദ്ധരിക്കരുത്,
ഞാന്‍ നിന്നെ പ്രണയിച്ചു കൊള്ളാം.മതിവരുവോളം.തിരിച്ചൊന്നുമേ പ്രതീക്ഷിക്കാതെ.
ഒരിക്കലും നിന്റെ പ്രണയത്തിനു വേണ്ടി ഞാന്‍ കരയില്ല. തിരിച്ചു
ആവശ്യപ്പെടുകയുമില്ല.
നിന്റ്റെ ഓരോ നീക്കവും കാണാനായ് മാത്രം ഇനിയുള്ള നിമിഷങ്ങള്‍ ഞാന്‍ കാത്തിരുന്നോട്ടെ....?
ഞാന്‍..

- വര്‍ഷിണി* വിനോദിനി
- ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്റെ ശക്തി.. പ്രപഞ്ചത്തിന്റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…