Saturday, March 9, 2013

ജമീലയുടെ മകൾ...!


.അവൾക്ക് കൊഞ്ചലുകളും ലാളനകളും അധികമായിട്ടാണ് ഇത്രയും വഷളായത്..
പലപ്പോഴും എനിക്കവളോട് ലജ്ജയും അറപ്പും തോന്നി തുടങ്ങിയിരിക്കുന്നു..
അവളുടെ ചെവിയിൽ എന്തോതിയാലും ഒരു മട്ടയെ പോലെ കാലുകൾ ആട്ടി താളം പിടിച്ച് ഏതെങ്കിലും കോണിൽ നോക്കി ഇരിക്കും..
ലോകർക്ക് പ്രദർശിപ്പിക്കുവാനൊ കുടുംബക്കാരെ ബോധിപ്പിക്കുവാനൊ അല്ല ജമീല പെണ്മക്കളെ വളർത്തി കൊണ്ടുവന്നത്..”

ജമീലയുടെ കൈകൾ മകൾക്കു വേണ്ടിയുള്ള പ്രാർത്ഥനകൾക്കായി മേൽപ്പോട്ടുയർന്നു.

അവിടെ ഒരു മഹാന്റെ കഴിവുണ്ട്..
അവൾ അദ്ദേഹത്തെ മാനിക്കുന്നില്ല..
അതിസാധാരണ മട്ടിൽ അനുസരണക്കേടുകളിലൂടെ പുറം ലോകരുമായി മാനമില്ലാതെ ഇടപഴകുന്നു..”

ബഹളക്കാർക്കിടയിൽ അവൾ കൊടിയുയർത്തി ജയ്‌ വിളിക്കട്ടെ,
പൊടിപാറുന്ന മൈതാനത്തിൽ ജനസാഗരങ്ങൾക്കിടയിൽ ശ്വാസോച്ഛോസം ചെയ്യാനാവാതെ
പെൺലക്ഷണങ്ങളുടെ ഒരു തരിമ്പ് പോലുമില്ലാതെ തെരുവ്‌ നാടകങ്ങൾ കളിച്ച്‌ നടക്കട്ടെ..
പുരുഷന്മാരുടെ കൂട്ടങ്ങളിൽ നിന്ന്കൊണ്ട്  ഉച്ഛത്തിൽ പ്രസംഗിക്കട്ടെ..
ബഹളക്കാർക്കും കലാപക്കാർക്കുമിടയിൽ അവൾ ആവേശത്തോടെ മുറവിളികൾ കൂട്ടട്ടെ..
ആവട്ടെ..എല്ലാം
തന്നിഷ്ട പ്രകാരം..

രാത്രികാലമായാൽ ഏത്‌ ഇബിലീസും ജിന്നും അവരവരുടെ നാട്ടിൽ പോകുമെന്ന് പറയപ്പെടുന്ന പോലെ,
അവൾ വേറെ എവിടെ പോകാൻ..?
അന്തിക്കോ പാതിരാക്കോ മുളഞ്ഞേക്കാം..
കാത്തിരിക്കുക എന്നത്‌  ഒരു ഉമ്മയുടെ ബേജാർ അല്ലെങ്കിൽ
തോന്നിവാസത്തിനു കണ്ണടക്കലായി മനസ്സാക്ഷിയുള്ളവർ കണക്കാക്കട്ടെ..
തലയും മുലയും വളർന്നവളുടെ ഉമ്മയായി പോയില്ലേ..?
പക്ഷേ..അവളുടെ വരവ്‌ അറയിലുള്ള കുഞ്ഞു മക്കളൊ പ്രായപൂർത്തിയായ അവളുടെ ഇളയതുങ്ങളൊ ഉത്സാഹത്തോടെ കാത്തിരുന്ന് കാണാതിരിക്കുവാനായി  മഗിരിബ് ബാങ്കിനു മുന്നെ തന്നെ ജനൽ വാതിലുകൾ കൊട്ടിയടച്ചിരിക്കണം..
പച്ച മണക്കുന്ന മൈലാഞ്ചിയുടേയും സുറുമയുടേയും കൂട്ടുള്ള തട്ടത്തിനു മറവിലെ മൊഞ്ചുള്ള പെൺകുട്ട്യോൾടെ ആശ്ചര്യമായിരിക്കരുത്‌ അവളെന്ന വമ്പ്‌..
അവളുടെ നെഗളിപ്പ്‌ അവളും അവളുടെ ജിന്നുകളും കയറിയിറങ്ങുന്ന അവളുടെ അറയും പുറത്തെ പിശാചുക്കളും മാത്രം അറിഞ്ഞിരുന്നാൽ മതിയാകും.  "


ജമീല - അവളുടെ ഉമ്മ അടക്കിപിടിച്ച്‌ സംസാരിക്കുകയാണ്..
അവരുടെ കവിളുകളിൽ കൂടി കണ്ണീർച്ചാലുകൾ ഒഴുകുന്നുമുണ്ട്‌..
തലയിൽനിന്നൂർന്ന് വീണുകൊണ്ടിരിക്കുന്ന സാരിത്തലപ്പിന്റെ അറ്റമെടുത്ത്‌
കണ്ണീരു തുടക്കുമ്പോഴും ആ തലപ്പവിടെ ഭദ്രമാണെന്ന് ഉറപ്പു വരുത്തികൊണ്ടിരുന്നു..

നാഥനില്ലാത്ത വീടെന്ന് അന്യരെ കൊണ്ട്‌ പറയിപ്പിക്കാനായി ഇവൾ..

ജമീല നെടുവീർപ്പുകളിലൂടെ അടുത്ത തേങ്ങലുകളൊതുക്കി.
 അവൾ കണ്ണുകളടച്ച്‌ കിടന്നു..
ദുനിയാവിന്റെ അറ്റം വരെയുള്ള തുറിച്ച്‌ നോട്ടങ്ങളെ  തൊണ്ട പൊട്ടിച്ച് നേരിടാമെന്ന തന്റെ ശക്തമായ വ്യാഖ്യാനങ്ങളെയാണ് ഒറ്റ രാത്രികൊണ്ട്‌ സലീം നിലം പതിപ്പിച്ചിരിക്കുന്നത്‌..
പകലിന്റെ പുഴുക്കത്തിൽ  പെണ്ണിന്‍റെ മേനിയെ ഒട്ടി കിടക്കുന്ന വസ്ത്രം മണക്കുവാൻ വരുന്നവനേയും ധർമ്മ വിശ്വാസങ്ങളെ പരിരക്ഷിക്കുവാൻ തുനിയാത്ത അന്ധനിയമങ്ങളെയും ഇരുട്ടിന്റെ മറയിലെ വാചാലതയിൽ സലീം ചൂണ്ടികാണിച്ചിരിക്കുന്നു...
എന്നിട്ടും ഹൃദയത്തിൽ നേരിയ വേദന അനുഭവപ്പെടുന്നുണ്ട്....
ആ വേദന ക്രമേണ മൂർച്ഛിച്ച് പൊട്ടികരച്ചലിലേക്ക് പരിണമിക്കുവാൻ അനുവദിച്ചില്ല.. ഇരുളിൽ അനങ്ങാതെ  നിന്ന് നിദ്രയെ പുൽകുന്ന വൃക്ഷലതാദികളെ പോലെ മയക്കത്തിലേക്ക്‌ വഴുതുവാനും അനുവദിച്ചില്ല.
തറയിൽ പായ്‌ വിരിച്ച്‌ ഉമ്മയുടെ വിശ്വാസത്തിലേക്ക്‌ നെറ്റിത്തടം മുട്ടിച്ചത്
ഇനിയെങ്കിലും സലീം മനസ്സ്‌ മാറ്റി തന്നെ സ്വീകരിക്കുമെന്ന തീർച്ചപ്പെടുത്തലോടെയായിരുന്നുവോ..?.

" സലീം..നീ എന്നെ തിരുത്തിക്കൊണ്ടിരിക്കുകയാണ്..
നീ എന്നോട്‌ നന്നാവാൻ ആവശ്യപ്പെട്ടിട്ടുമില്ല..
കീഴ്പ്പോട്ട്‌ നോക്കി തറയിൽ കണ്ണുകൾ തറപ്പിച്ച്‌ നോക്കിയപ്പോൾ ഒന്നിനും ഉത്തരങ്ങളില്ല..
കൈകാലുകൾ നിലത്തിട്ട്‌  വെറുതെ വീശിയാൽ നീന്തലാവുകയില്ലല്ലൊ..!
ഞാൻ നിന്നെ അംഗീകരിച്ചുകൊണ്ടിരിക്കുകാണ്..
ഞാൻ ഒറ്റക്കല്ല..
 ദുനിയാവും ജീവിതവും സ്വാർത്ഥ മുക്തമാക്കുവാൻ
ഞാനും നീയും നമ്മുടെ വിശ്വാസങ്ങളും പുതു തലമുറകൾക്കായി മോക്ഷം
തേടുകയാണെന്ന് മനസ്സിലാക്കുന്നു ഞാൻ..”

എല്ലാം കേൾക്കുന്നുണ്ട്‌ സലീം.
സുഖകരമായ ഓർമ്മകളെ ധ്യാനിച്ച്‌ കണ്ണുകൾ അടച്ച്‌പിടിച്ചിരിക്കുകയാണെന്ന്  തോന്നിപ്പിച്ചു..

പ്രണയാതുരമായ കൗമാരത്തിലേക്ക്‌ കണ്ണുകൾ തുറന്നു കൊണ്ട്‌ ശാന്തനായിരുന്നു സലീം..
" എന്റെ ഉള്ളറകളിലെ കൊടുങ്കാറ്റ്‌ ശമിപ്‌പിക്കുവാൻ നിനക്ക്‌ ആവുകയില്ല..
ആ വികാരം  വെറുപ്പിലേക്ക്‌ വഴുതി വീഴുമോ എന്നു പോലും ഞാൻ ശങ്കിക്കുന്നു..
അതിനെ പ്രതിരോധിക്കാൻ നിനക്കാവുമോ..?
എന്റെ മനസ്സ് ശാന്തമല്ല എന്നറിയുക നീ..
കാരണം നീ എന്റെ വിശ്വാസത്തേയും പ്രണയത്തേയും ഒരുപോലെ കളങ്കപ്പെടുത്തിയിരിക്കുന്നു..

അവൾ - എന്റെ മുല്ല, ഒരിക്കലും എനിക്ക് നഷ്ടപ്രണയമായിരുന്നില്ല..
അവൾ നിന്നോട്  ചെയ്ത തെറ്റുകളെന്താണ്..?
അതൊ അവളുടേ ഗന്ധം നിന്നിലേക്ക് പകർന്നു തന്ന ഞാൻ തന്നെയാണൊ തെറ്റുകാരൻ..?
വാടാതെ കൊഴിയാതെ നിഴൽ പോലെ പരിമളം വീശികൊണ്ട് എന്റെ ഹൃദയത്തിൽ നിലനിൽക്കുന്നവളെ നീ കാമം മൂത്തവളെന്നും ദാസിയെന്നും അവഹേളിച്ചിരിക്കുന്നു..
നിന്നോട് എന്നിക്കിപ്പോൾ തോന്നുന്ന വികാരം ശൂന്യതയാണ്..
നീ എങ്ങനെ ധൈര്യപ്പെട്ടു,
നിന്റെ തെരുവ് നാടകത്തിനുതകുന്ന ഒരു കഥാപാത്രമായി അവളെ ഉപയോഗപ്പെടുത്തുവാൻ..?
അഹങ്കാരവും തന്നിഷ്ടവും മാത്രം മതിയാവില്ല ജീവിതം സഫലമാകുവാൻ..
നിന്നെ സൃഷ്ടിച്ചവനെ അനുസരിച്ചു കൊള്ളുവാനും പഠിച്ചിരിക്കണം..
കൽപ്പനകൾ പാലിക്കുവാനും മാനിക്കുവാനും അറിയാത്ത നിന്റെ സമ്പാദ്യം
വെറുപ്പും, അവഗണനയും പുച്ഛവും മാത്രമായിരിക്കുമെന്ന നിന്റെ ഉമ്മയുടെ ബോധ്യപ്പെടുത്തലുകളെ അംഗീകരിക്കുവാൻ പഠിക്കൂ..

എനിക്ക്‌ നിന്നോടുള്ള  സ്നേഹം അസ്തമിക്കുന്നില്ല..
പക്ഷേ സ്നേഹത്തിനൊരു അണ കെട്ടി  അതിര് തീർക്കുവാൻ നീ എന്നെ പ്രേരിപ്പിച്ചിരിക്കുന്നു.. "

ഉള്ളറകളിൽ പൊള്ളലേറ്റവളെ പോലെ അവളൊന്ന് പിടഞ്ഞ് പെട്ടെന്ന് ചോദിച്ചു,

ദുർവിചാരങ്ങളാൽ വിഷം തീണ്ടിയവളാണ് ഞാനെന്നല്ലേ സലീം വ്യക്തമാക്കുന്നത്‌..?
അതെ..അർഹിക്കുന്നു ഞാൻ.
നീ എന്നോട് ക്ഷമിക്കണം..
നിന്റെ  പ്രണയ പ്രതീകമായ അസർമുല്ലയെ   സ്പർശിച്ച ആ വേളകൾ ഒരു ദുഃസ്വപ്നമായിരുന്നുവെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്..
ഏതു നിമിഷത്തിലാണ് ഞാനാ പവിത്ര രൂപം കഥാപാത്രമായി സ്വീകരിച്ച്‌  നിന്നിൽ നിന്ന് ലഭ്യമായികൊണ്ടിരുന്ന സ്നേഹം നഷ്ടപ്പെടുത്തിയതെന്ന് പരിതപിക്കുന്നു.
 പക്ഷേ..ഖുറാൻ സാക്ഷി,
നിന്റെ അസർമുല്ല എന്റെ മനസ്സിന്റെ കോണിലും സ്നേഹിച്ച്‌ സൂക്ഷിക്കുന്ന പവിത്ര രൂപമാണ്..
 അവളെ അപമാനിക്കണമെന്നൊ നിന്നെ അവളിൽ നിന്നു തട്ടിയെടുക്കണമെന്നൊ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല..
എനിക്കത്‌ അപമാനമായി തോന്നുന്നു..
ആ അപമാനം വെറുപ്പിന്റെ ദുഃഗന്ധം വമിപ്പിക്കുന്നത്‌ ശ്വസിക്കാനാവുന്നില്ല എനിക്ക്..
ഒരു പെണ്ണായ ഞാൻ മറ്റൊരു പെണ്ണിനെ അപമാനിച്ചിരിക്കുന്നു എന്നത്‌
പൊറുക്കാനാവാത്ത തെറ്റ്‌..
ഞാനെന്ന പെണ്ണിനെ നീ അവഗണിക്കുക..
എനിക്കെന്റെ ഉമ്മയെന്നു വെച്ചാൽ പ്രാണനാണ്..
നിന്റെ മുല്ലയും എനിക്ക്‌ ജീവനാണ്..
എന്റെ ഉമ്മയെന്ന സ്ത്രീയെ ആദരിച്ച്‌ എന്റെ തെറ്റിനു  മാപ്പ്‌ തരൂ..
സ്വയം പഴിച്ച്‌ ഞാൻ മണ്ണിനെ നമസ്ക്കരിക്കുന്നു.. "

അവളുടെ   ഉമ്മ  അകത്തേ അറയിൽ ശബ്ദമില്ലാതെ കരഞ്ഞു..

വഴിവക്കുകളും പാതയോരങ്ങളും അവൾക്കെതിരെ ദുഷ്പ്രചരണം നടത്തുന്നുണ്ട്‌..
പത്രങ്ങളിൽ വാർത്ത വരുമത്രെ..
അവളെത്ര വേദനിക്കുന്നു എന്നതിനേക്കാൾ ഒരു ഉമ്മയുടെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന നീറ്റൽ അവളെയെങ്ങനെ കാണിച്ചു കൊടുക്കാൻ..?
ജമീലയുടെ മകൾ മേനിയുടെ നിറവും മാറിലെ മാംസവും തലമുടിയുടെ തിളക്കവും കാണിച്ച്‌ നടക്കുന്നവളാണെന്ന കേൾവിക്കു പുറമെ,
 അവൾക്കായ്‌ ഒരു നരകവാതിൽ തുറന്നിരിക്കുന്നു എന്ന പരമ സത്യത്തെ കുറിച്ച് എപ്പോഴാണവളെ മനസ്സിലാക്കിക്കുന്നത്‌.. ?”
 ചുവരറകൾക്കുള്ളിൽ നിന്ന് രഹസ്യ സംഭാഷണങ്ങൾ ചോരുന്നുണ്ട്...

അവൾ ചുറ്റിനും നോക്കി..

മഴ പെയ്യുന്നുണ്ട്‌..ഈർപ്പഗന്ധം വ്യാപിക്കുന്നുണ്ട്‌..
മണ്ണിനോടിഴകി പുണർന്ന് കിടക്കാനെന്നോണം ചുവന്ന പൂക്കൾ സമൃദ്ധമായി പൊഴിയുന്നുമുണ്ട്‌..
വിണ്ണിന്റെ ഹൃദയ പൂക്കളാണവ..
നനഞ്ഞ മണ്ണിനെ പ്രണയിക്കുവാനായി വിശ്വസ്തതയോടെ കണ്ണുകൾ പൂട്ടി യാത്രതിരിച്ചവർ..
എത്ര കാപട്യരഹിതമായ പ്രണയമാണവരുടേത്‌..
സുഖസുന്ദരമായ പ്രണയ ജീവിതം സാക്ഷാത്കരിച്ച ഷാജഹാനേയും മുംതാസിനേയും പോലെ.. പ്രണയമെന്ന സത്യം നിലനിർത്തുന്ന സലീമിനേയും മുല്ലയേയും പോലെ..
ആ സമാനഹൃദയങ്ങൾക്ക് തുല്യമാകുമോ താൻ ശ്രേഷ്ഠമെന്ന് സ്വയം അംഗീകരിച്ച് ഉയർത്തി കൊണ്ടുവരുന്ന വിജനമായ സ്വപ്ന ഭൂമി..?
ക്ഷണികവും മായികവുമായ മിഥ്യാ വസന്തങ്ങൾ സമ്മാനിക്കുന്ന തരിശ് ഭൂമി..!

 ചിന്തകൾക്ക് ദൈർഘ്യം അനുവദിക്കാതെ ഉമ്മയുടെ മനഃസ്വാസ്ഥ്യങ്ങൾ വ്യാപിക്കുന്നു..
 “ഒരു പെണ്ണിന്റെ കാലങ്ങൾ നിശ്ചയിക്കപ്പെട്ടവയാണ്..
അവളുടെ വിധി ഇതായിരിക്കും..
അവർ ഉച്ഛത്തിൽ കരഞ്ഞ് തുടങ്ങിയിരിക്കുന്നു..
പെട്ടെന്ന് തന്നെ അവ നിലക്കുകയും ഗൌരവത്തോടെ സലീമിനു അറിയിപ്പു നൽകുന്നതായും ചെവികളറിഞ്ഞു,

അതാ..അവളെ കൊണ്ടുപോകുവാനുള്ള കൂട്ടരാണത്രെ..അവർ എത്തികൊണ്ടിരിക്കുന്നു..“

ജമീലയുടെ ചൂണ്ടുവിരലിനറ്റത്ത് നീങ്ങികൊണ്ടിരിക്കുന്ന നിഴൽ രൂപങ്ങളെ സലീമിനു വ്യക്തമാകുന്നില്ലായിരുന്നു..

പേരുകളെഴുതി സീൽ ചെയ്യപ്പെട്ട നീണ്ട ലിസ്റ്റിലെ ആദ്യത്തേത് ഇവളുടേതാണത്രെ..
ഈ വലിയ നാട്ടിൻപുറത്ത് തല തിരിഞ്ഞ വിഭാഗങ്ങളുടെ കൂട്ടത്തിൽ ഇവൾ ഒരുത്തിയേയുള്ളു..?
യാ..അള്ളാഹ്..
അവൾ അർഹിക്കുന്ന ശിക്ഷ അവൾക്ക് നൽകുക..
അവൾ തെറ്റുകാരിയാണെന്ന് സ്ഥാപിക്കുന്ന തെളിവുകൾ മതിയാവോളമുണ്ട്..
അതിബുദ്ധിയും തന്റേടവും ആവോളമുണ്ട്..
അവൾ പോകുന്നിടം നനക്കുവാൻ അവൾക്ക് ചങ്കൂറ്റമുണ്ട്...
എവിടേയെങ്കിലും പോയി പിഴക്കട്ടെ..
എനിക്ക് മനസ്സമാധാനത്തോടെ മരിക്കണം..
അവളുടെ കൂടപ്പിറപ്പുകൾക്ക് അമ്പരപ്പുണ്ടാക്കുന്ന കാഴ്ച്ച നൽകാതെ അവളോട്  എത്രയും പെട്ടെന്ന്  അവർക്ക് കീഴടങ്ങുവാൻ പറയൂ സലീം..”

 ജമീലയുടെ അസ്വസ്ഥതയെ ഉടനെ തന്നെ സലീം പ്രതികരിച്ച് തന്‍റെ നയം വ്യക്തമാക്കി..

നിർദ്ദേശമായി കാണരുത്..
അരുത്അവളെ അവർക്ക് വിട്ട് കൊടുക്കരുത്..
നോക്കൂനിങ്ങളും കേൾക്കുന്നില്ലേ?
അവളിപ്പോൾ പൊട്ടി കരയുകയാണ്..
മനം നൊന്ത് പ്രാർത്ഥിക്കുവാൻ അവൾക്കൊരു അവസരം നൽകൂ..
കുബുദ്ധികൾ അവളെയൊരു ഉപകരണമാക്കി നമ്മുടെ വിശ്വാസങ്ങളെ ഉപദ്രവിക്കുവാൻ തീരുമാനിച്ചു..
എന്നാലിന്ന് അവർ തന്നെ അവളെ ശിക്ഷിക്കുവാൻ എത്തിപ്പെട്ടുകൊണ്ടിരിക്കുന്നതും അവൾ അറിയുന്നുണ്ട്..
അവൾ പശ്ചാത്തപിക്കുന്നുണ്ട്..
ഞാനവളെ ഒരിക്കൽ കൂടി കാണട്ടെ..”


സലീം ശാന്തതയോടെ മാത്രമേ തന്നെ സമീപിക്കുന്നുള്ളുവെന്നവൾ ഓർത്തു.
അവൻ നൽകുന്നത് ഉപദേശങ്ങളൊ ശിക്ഷയൊ ആകട്ടെ, ഉൾകൊള്ളുവാനുള്ള വെമ്പലുകൾ തന്നിൽ മുളപൊട്ടി തുടങ്ങിയിരിക്കുന്നു..
സലീം സംസാരിക്കുമ്പോൾ കണ്ണുകൾ ഇരുളിലേക്കായിരുന്നു വീണുകൊണ്ടിരുന്നത്..

അവന്റെ പതിഞ്ഞ സ്വരം അവൾക്ക് മാത്രം കേൾക്കാനുള്ളതായിരുന്നു..

നനഞ്ഞ മണ്ണിലുതിർന്ന ചുവന്ന പൂക്കൾ അടക്കം ചെയ്യപ്പെട്ടവയല്ല..
ആ ചുവന്ന പൂക്കളിലെ സൌന്ദര്യവും ധൈര്യവും ആസ്വദിച്ച് അവയെ നിന്റെ ഉദ്യാനമാക്കി തീർക്കൂ നീ..
ആ ഉദ്യാനത്തിൽ  പ്രവർത്തിക്കുവാനായി ധൈര്യവും ശക്തിയുമുള്ള നിയോഗിക്കപ്പെട്ട അനേകായിരം തോഴികൾ  നിനക്കായ് കാത്ത് നിൽക്കുന്നുണ്ട്..
നീയാണിനി അവരെ പരിപാലിക്കേണ്ടവൾ..
അവരുടെറാണിഎന്റെ ഭാഷയിൽ സുൽത്താന..!
എന്നാൽ അവരൊരിക്കലും നിന്റെ അടിമകളായിരിക്കുകയില്ല..
തേൻതുള്ളികൾ നിറഞ്ഞ് തുളുമ്പുന്ന പൂക്കളിൽ നിന്ന് മധുരം ശേഖരിച്ച് ഔഷധഗുണമുള്ള പാനീയം ഉല്പാദിപ്പിക്കുന്ന തേനീച്ചകളെ കണ്ടിട്ടില്ലേ നീ..?
നിന്റെ പ്രവർത്തനങ്ങൾ ഇനി അവരുടെ കർമ്മങ്ങൾ കടംകൊണ്ട രീതിയിലായിരിക്കട്ടെ..
നിന്റെ സുൽത്താന പദവിക്ക് കീഴിൽ ഉല്പാദിപ്പിക്കപ്പെടുന്ന തേൻകുടങ്ങൾ നന്മകളുടേയും വിശ്വാസങ്ങളുടേതുമായിരിക്കട്ടെ..
നിന്റെ ദൌത്യം സഫലമാകുന്നു എന്നറിയുന്ന നിമിഷം കൂടുമാറി അടുത്ത ഉദ്യാനത്തിലേക്ക് ചേക്കേറുക..
നിന്റെ കൂട്ടരുടെ ഇടയിൽ തിന്ന് കൊഴുത്ത തടിച്ച് ,കറുത്ത ഉദരമുള്ള ഇണചേരൽ പ്രക്രിയകളിൽ ആർമാദിക്കുന്ന അലസന്മാരെ കണ്ടേക്കാം..
ഉപയോഗശൂന്യമായ വസ്തുക്കളെ നാം വലിച്ചെറിയുവാൻ മനസ്സ് കാണിക്കാറുള്ളതു പോലെ വേണ്ടി വന്നാൽ അവരേയും നിന്റെ ഉദ്യാനത്തിൽ നിന്ന് പുറത്താക്കുക..
ഭയക്കേണ്ടതില്ല..
കഠിനമായ വേദന നൽകുന്ന നിനക്കുള്ള ആയുധം  അവർക്കില്ല..
നിന്നിൽ നിന്നുള്ള കനത്ത പ്രഹരം അർഹിക്കുന്നവർ നിന്റെ ആ വിഷ കൊമ്പുകളെ ഭയക്കണം.
വരും വരായ്കകൾ അറിഞ്ഞുകൊണ്ട് തന്നെ പ്രപഞ്ചം കെട്ടിപ്പടുത്തവൻ നിനക്കായ് നൽകിയിരിക്കുന്ന അവയവമാണ് വിഷം നിറച്ച കൊമ്പുകൾ..“
സലീം വാചാലനായികൊണ്ടിരുന്നു..
അവന്റെ വാക്കുകളുടേയും നന്മയുടേയും കിരീടം ചൂടി അവൾ ആ  രാവിൽ  ‘റാണി പട്ടംസ്വീകരിച്ചു..

ഒരുക്കങ്ങളില്ലാത്ത യാത്ര..

അവർ ഇപ്പോഴിങ്ങെത്തും..“ ജമീല തിടുക്കം കൂട്ടി..

അവൾക്ക് കാവൽക്കാരനായി സലീം കൂടെ പോകുമോ..?”

ഇല്ലക്ഷമ അറിയിക്കട്ടെ.. “..സലീം തുറന്ന് പറഞ്ഞു..

ജമീല അസ്വസ്ഥതയോടെ തിരിഞ്ഞ് നടന്നു.

സലീം അവളെ തന്നെ നോക്കി നിന്നു..

 അവളെ താൻ നോവിപ്പിച്ചിട്ടില്ല..
പക്ഷേ അവളുടെ ഹൃദയവേദന അറിയുവാൻ കഴിയുന്നു.

നിനക്ക് എന്തിനാണിത്ര സങ്കടം..?“
ഒന്നും അറിയാത്തവനെ പോലെ ഉത്കണ്ഠ പ്രകടിപ്പിച്ച് അവൻ ചോദിച്ചു..!

വെറുതെ..വേർപ്പാടുകൾ ഞാൻ ഭയക്കുന്നില്ല..
എന്റെ ദൌത്യം ഞാൻ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു സലീം..“
അവൾ ഉത്തരവാദിത്തത്തോടെ സംസാരിച്ച് തുടങ്ങിയിരിക്കുന്നു..

“പക്ഷേഎന്തെന്നറിയില്ല..
ഇന്നേവരെ എന്റെ ശ്രദ്ധയിൽപ്പെടാത്തതാണെന്ന് തോന്നുന്നു,
കാരണമില്ലാതെ എന്റെ ചുണ്ടുകളിലെ തൊലി മുഴുവൻ പൊളിഞ്ഞ് വരുന്നു..
വല്ലാത്ത നീറ്റൽ ഉണ്ടാക്കുന്നു..”

പ്രതീക്ഷിച്ചവനെ പോലെ സലീം നിർന്നിമേഷം അവളെ നോക്കി നിന്നു..
സംശയമന്യേ അവളോടടുത്തു,

നീ നിന്റെ ഹൃദയ രഹസ്യം എന്നെ അറിയിച്ചിരിക്കുന്നു..
വേദനിക്കുന്ന നിന്നെ യാത്രയാക്കുവാൻ എനിക്കാവില്ല..
 നീറുന്ന നിന്റെ അധരങ്ങൾക്ക് മധുവാകുന്ന എന്റെ ഉമിനീർ നനച്ച് എന്റെ പ്രണയം നൽകുന്നു ഞാൻ..!

ജമീലയുടെ കറുത്ത ദുപ്പട്ട കൊണ്ടവൾ തല മറച്ചു..

എന്റെ ദൌത്യം എത് മണ്ണിലും സംഭവിക്കാം,
പക്ഷേ എന്റെ പ്രണയം ഇവിടെ തന്നെ കാണുമെന്ന് അറിയുക..“

മഴ പെയ്യുന്നുണ്ട്..
ചുവന്ന പൂക്കൾ വീണ്ടും സമൃദ്ധമായി പൊഴിയുന്നുണ്ട്..
പുതിയൊരു ഉദ്യാനം പിറവി കൊള്ളുന്നുണ്ട്..
ഖുറാനിൽ പറയുന്ന  വീട്ട്ചികിത്സാവിധി പ്രകാരമുള്ള ഒരേയൊരു ഔഷധം റാണിയും തോഴികളും കർമ്മനിഷ്ഠതയോടെ ഉത്പാദിപ്പിക്കുന്ന മധു മാത്രമാണ്..
ഏത് മുറിവുകളേയും സുഖപ്പെടുത്തുന്ന വീര്യം ആ പാനീയത്തിനുണ്ടെന്ന് ശാസ്ത്രവും പറയുന്നു..

സലീംഎന്റെ അധരങ്ങളുടെ നീറ്റൽ ശമിച്ചിരിക്കുന്നുവെന്ന സത്യവും നീ അറിഞ്ഞു കാണുമല്ലൊ അല്ലേ..?”
നനഞ്ഞ അധരങ്ങളിൽ അവൻ ഒരിക്കൽ കൂടി മധു പകർന്നപ്പോൾ ആ തടിച്ച ചുണ്ടുകൾ വിറക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു..

ജമീല അകത്തേയറയിൽ അവൾക്കുവേണ്ടി പടച്ചവനോട് തേടുകയായിരുന്നു അപ്പോൾ!

Saturday, February 9, 2013

ചിത്തഭ്രമം..




ചിന്തകൾക്ക്‌ മേൽക്കൂര പൊങ്ങിയിട്ടും ഒരക്ഷരം പോലും കടലാസ്സിൽ പതിയാൻ
കൂട്ടാക്കുന്നില്ല. എഴുതുവാനുള്ള ആവേശം കെട്ടടങ്ങിയതോ അതോ, 'അശ്രീകരം' എന്ന ആക്ഷേപങ്ങൾക്കുമുന്നിലെ നിസ്സംഗതയോ..?

ജീവിതത്തിൽ ആദ്യമായി ഏകാന്തതയുടെ കുരുക്കിൽ അകപ്പെട്ട പ്രതീതി....

എനിക്കറിയാം, നീ എന്നെക്കുറിച്ചാണ് ഓർക്കുന്നതെന്ന്... അല്ലെടീ പാറുപ്പെണ്ണേ..

ഇരുമ്പുജനലഴികളിലൂടെ ശബ്ദശകലങ്ങൾക്കൊപ്പം വേഗതയിൽ തെറിച്ചുവീണ
വിയർത്തുനനഞ്ഞ ബലമുള്ള ഒരു കൈ വിരിച്ചിട്ടിരിക്കുന്ന മുടിയിൽ
പിടിച്ചു വലിച്ച്‌ വേദനിപ്പിച്ചപ്പോൾ ആന്തിപ്പോയി.
നാഡീഞരമ്പുകളിലൂടെ ഒരു വൈദ്യുതിതരംഗം ഇടിമിന്നലായ് പാഞ്ഞ പോലെ..

ഹൊ, ഈ ബാലമ്മാമൻ ന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ, ഞാൻ അമ്മയോട്‌ പറഞ്ഞുകൊടുക്കും ട്ടൊ.. "

പാതി കരച്ചിലിന്റെ വക്കിൽ അരിശവും സങ്കടവും പ്രകടിപ്പിക്കുമ്പോഴേക്കും ബാലമ്മാമൻ തലതാഴ്ത്തി ജനൽച്ചുവരിന് ഓരം പിടിച്ച്‌ ഓടിപ്പോയിരുന്നു. നഗ്നമായ കാലടികൾ വളപ്പിലെവിടെയോ മറഞ്ഞു.

നാലുനാൾ അടുപ്പിച്ച്‌ അവധി കിട്ടിയ ആശ്വാസത്തിൽ വീട്ടിൽ ഓടിക്കയറിയതും
നേരിടേണ്ടിവന്നത്‌ സമനില തെറ്റി ബഹളം കൂട്ടുന്ന ബാലമ്മാമന്റെ നിലവിട്ട പ്രകടനങ്ങളെയായിരുന്നു.
പൊതുവെ ശാന്തപ്രകൃതനായി മാത്രം കണ്ടിട്ടുള്ള ബാലമ്മാമനെ പട്ടം കണക്കെ നിയന്ത്രണമറ്റ് ഉയർന്നു താഴ്ന്നും കൊണ്ടുള്ള അവസ്ഥയിൽ കണ്ട് പരിസരം മറന്ന് പൊട്ടിക്കരഞ്ഞു.
അതിനിടയാക്കിയ സംഭവം അറിഞ്ഞപ്പോൾ തരിച്ചിരുന്നുപോയി.


വീട്ടിനുള്ളിലൊരു സ്വപ്നലോകം കെട്ടിപ്പടുത്ത് , ജനൽ ചതുരത്തിലൂടെ കാണുന്ന സ്വർണ്ണംപൂക്കും കൊന്നമരച്ചുവട് വരെ മാത്രം തന്റെ ആശയുടെ വർണ്ണത്തൂവലുകൾക്ക് നിറപ്പകർച്ചയേകി കഴിയുകയായിരുന്ന ബാലമ്മാമന്റെ പതിനേഴ് കഴിഞ്ഞ മകൾ ഉമ സ്വകാര്യ ഗർഭം ധരിച്ചിരിക്കുന്നു.
അവളുടെ ശ്വസിക്കുന്ന വയർ ഉടുതുണികളെ മറികടന്ന് കണ്മുനകൾക്ക്‌ കാഴ്ചയായപ്പോഴാണ് വിവരം വെളിപ്പെടുന്നത്‌.
പേറ്റുനോവ് സഹിക്കാനോ മാതൃസ്നേഹം വിളമ്പാനോ പാകതയെത്താത്ത ഒരു പെൺകുട്ടിയുടെ ദുർവ്വിധിയെ പഴിച്ച്, മകളുടെ പാഴായിപ്പോയ ഭാവിയെ ഓർത്ത്, അവളെ പെറ്റ സ്വന്തം വയറിനെ ശപിച്ച് കുഞ്ഞമ്മ പകൽ മുഴുവൻ കരഞ്ഞു.
കോപം കത്തുന്ന നനഞ്ഞ കണ്ണുകളോടെ പഠിച്ച പണികളെല്ലാം പയറ്റിയിട്ടും മകളെ ചതിച്ചവൻ ആരെന്നറിയാനുള്ള കുഞ്ഞമ്മയുടെ ശ്രമങ്ങൾ നിർവ്വീര്യമായിക്കൊണ്ടിരിക്കെയാണ് ബാലമ്മാനിൽ മതിഭ്രമത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
ചോദ്യം ചെയ്യലുകൾക്കും കലഹങ്ങൾക്കും നടുക്ക് ബാലമ്മാമൻ ഉറക്കം നടിച്ച്‌ അങ്ങനെ കിടന്നു.
തലയ്ക്കും കണ്ണുകൾക്കും മൂടാപ്പ്‌ വന്നുപെട്ടതുപോലെ അകത്തളങ്ങളിലും തൊടിയിലും പിറുപിറുത്തും ബഹളം വെച്ചും ഓടി നടന്നു.
തളരുമ്പോൾ ഒരു കുഞ്ഞെന്ന പോലെ കുഞ്ഞമ്മയുടെ മടിയിൽ വന്നണഞ്ഞു..


 കുഞ്ഞമ്മയുടെ മാനസികപീഢനങ്ങൾ താങ്ങാനാവാതെ ഒരു മരപ്പാവയായി തീർന്ന ഉമ ഒരു വെളിപ്പെടുത്തലിന് ഒരുമ്പെടുന്ന നിമിഷത്തിലാണ് ബാലമ്മാമനിൽ അതുവരെ കാണാത്ത രോഷഭാവങ്ങൾ പെട്ടെന്ന് പ്രകടമായത്‌.

"കൊല്ലും ഞാനവളെ..." വാക്കത്തിയേന്തി അയാൾ അലറി വിളിച്ചു.

 തെറ്റുകാരിയെങ്കിലും മകളെ കുരുതി കൊടുക്കുവാനും ഭർത്താവിനെ കൊലപ്പുള്ളിയാക്കി തീർക്കാനുമുള്ള മനോധൈര്യം ഇല്ലാത്തത് കൊണ്ട്‌ ഉമയെ ഇപ്പോൾ കൺവെട്ടത്തു നിന്ന് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
ഉമയുടെയും ബാലമ്മാമയുടെയും ദീനങ്ങൾക്കിടയിൽ ഉരുകി നീറിക്കൊണ്ടിരുന്ന കുഞ്ഞമ്മ ഭർത്താവിനെ നിഴലായി നിന്ന് പരിചരിച്ചു.
  

പോകെപ്പോകെ ബാലമ്മാമയുടെ വികൃതികൾ തൂലികക്ക്‌ തടയിട്ടു കൊണ്ടിരിക്കുന്നു. ചിലപ്പോൾ മടുപ്പിക്കുന്ന സ്നേഹപ്രകടനങ്ങൾ,
ചിലപ്പോൾ ഒരു നീരാളിയെപ്പോലെ കഴുത്തിന് ചുറ്റും ഇറുക്കി ആനന്ദിക്കുന്ന പേക്കൂത്തുകൾ...,
ഉത്തരം തേടിക്കൊണ്ടിരിക്കുന്ന കെട്ടുപിണഞ്ഞ വിചാരങ്ങളിൽ നിന്നും മോചനം നേടാൻ എന്റെ തൂലികയ്ക്കാവേണ്ടിയിരിക്കുന്നു...
ആ വ്യക്തിത്വം ഈ പേനത്തുമ്പിൽ പതിഞ്ഞുവെന്നറിഞ്ഞാൽ അമ്മ ശകാരിച്ചേക്കാം ,
മൗനമായാണെങ്കിലും കുഞ്ഞമ്മ പ്രാകാനും മതി.


ചിന്തകൾ പിന്നേയും കൂടുകൂട്ടുന്നു....
ഭാവനകൾക്കും ആശയങ്ങൾക്കും പിടി തരാതെ അക്ഷരക്കൂട്ടങ്ങൾ ഓടിയൊളിക്കുന്നു.
ഇത്തരം ശപിക്കപ്പെട്ട നിമിഷങ്ങൾ ആരേയും ഭ്രാന്ത് പിടിപ്പിക്കും..
തലയ്ക്കകത്ത്‌ ആരവങ്ങൾ..
രാവേറുന്തോറും ഉള്ളിൽ ഇരുട്ടേറുന്നു..
സ്വതന്ത്രമായി ശ്വസിക്കാൻ അനുവദിക്കാത്തവണ്ണം ഓരോ നിശ്വാസത്തിലും ചൂട്‌ പടരുന്ന പോലെ..
നേർത്ത പനിക്കുളിരു കാൽപാദങ്ങളിലൂടെ മാറിലേക്കെത്തിപ്പെട്ടിരിക്കുന്നു.
ആശങ്കകളില്ലാത്ത കാമുകനെ പോലെ  പനിച്ചൂട്  പതിയെ  നെറ്റിത്തടത്തിലും വ്യാപിച്ച് തുടങ്ങിയിരിക്കുന്നു.
പനിയുടെ ഈറൻസ്പർശം എനിയ്ക്കിഷ്ടമായിരുന്നു എന്നും.
പ്രണയാർദ്രമായ ശരീരത്തെ ചുംബിച്ചുണർത്തുന്ന ഒരു അനുഭൂതി മെല്ലെ തലോടുന്നതുപോലെ..
അന്തരീക്ഷം പനി മണത്താൽ ശരീരം കിടക്കയിൽ നിന്നുയരാതെ  അവശത കാണിക്കുമെങ്കിലും പുലർക്കാലെയുള്ള ഒരൊറ്റ മുങ്ങിക്കുളി കൊണ്ട്‌ ഈ രാപ്പനിയെ മുക്കിത്താഴ്ത്താവുന്നതേയുള്ളു..


തണുത്തുമരവിച്ച മനസ്സിനെ വീണ്ടും തളർത്തിക്കൊണ്ടിരിക്കുകയാണ് നാഡീഞരമ്പുകൾ..,
കൺപോളകൾക്ക്‌ വിശ്രമം ആവശ്യപ്പെടുന്നത് പോലെ മിഴികൾ കൂമ്പിയടയുന്നു, തളർന്നുറങ്ങാൻ അത്യാഗ്രഹിക്കുന്ന ശരീരത്തെയും പാതിയടയുന്ന കണ്ണുകളെയും ചൂഴ്‌ന്നെടുക്കാനെന്ന പോലെ രാവിന്റേതല്ലാത്ത തറക്കുന്ന ദൃഷ്ടിയും പരിചിതഗന്ധവും...,
നെറ്റിമേൽ പരുപരുത്ത ഒരു വിരൽസ്പർശം..,
അഴിഞ്ഞ്‌ മാറിൽ വിതറിക്കിടക്കുന്ന മുടിയിഴകൾ വകഞ്ഞുമാറ്റുന്ന കരലാളനകൾ, ഇരുളിന്റെ മുറിയിൽ പനിയുടെ മറവിൽ പരിചിതമായ വിയർപ്പിന്റേയും കാച്ചിയ കുഴമ്പിന്റെയും ഗന്ധം..

എന്താണിത്...?

അവശത മറന്ന്  ഉടൽ ഇരുളിലേക്ക്‌ കുതിച്ചുയർന്നു. 

"അമ്മേ....."

പാതിയറ്റ പ്രാണനിൽ വരണ്ട വായ് അലറി നിലവിളിച്ചു..
വാടിത്തളർന്ന ശരീരത്തെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്ന കൈകളൊന്ന് അയഞ്ഞു..!


 " പാറോ..പാറുക്കുട്ട്യേ.... വെർതെ നിലവിളിച്ച്‌ അമ്മടേത്ത്ന്ന് വഴക്ക്‌ കിട്ടണ്ടാ ട്ടൊ..
വയ്യേയ്ച്ചാൽ നിനക്കത്‌ പറഞ്ഞാൽ മതീല്ലേ..എന്തിനാപ്പൊ നെലവിളിച്ച്‌ എല്ലാരേം ഉണർത്തണത്‌..
ങാ..ദാ..നെന്റെ അമ്മ വന്നിരിക്കുണൂ.. ഇനി മുണ്ടാണ്ട്‌ ഒറങ്ങാൻ നോക്ക്‌..
നീ ന്റേം ഉറക്കം കളഞ്ഞൂ ട്ടൊ..."

 
ഇരുളിൽ ബന്ധുത്വത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെത്തിയ ഒരു ഭ്രാന്തന്റെ ക്രൂരമായ സാന്ത്വനം..

"ഇപ്പഴും കുട്ടിയാന്നാ വിചാരം നോക്ക്‌ ഏടത്തിയേ , ഒന്നു പനിക്കുമ്പോഴേക്കും പനിച്ചൂടിൽ അലമുറകൂട്ടുന്ന  ഈ പെണ്ണിന്റെയൊരു കാര്യം..
ചുക്ക്‌ കാപ്പി കുടിച്ചാൽ ബേധാവില്ലേ... , ഒണ്ടാക്കി കൊട്ക്കാർന്നില്ലേ.. "

ബഹളം കേട്ട്‌ ഓടിയെത്തി ലൈറ്റിട്ട അമ്മയോട്‌ വിവരം പറഞ്ഞ്‌ ബാലമ്മാമൻ മുറിവിട്ടിറങ്ങി.
കണ്ണുകളിൽ തുളച്ചു കയറുന്ന ബൾബിന്റെ മഞ്ഞ വെളിച്ചം ഒരു തീച്ചൂളയായി അനുഭവപ്പെടുന്നു.


അമ്മയ്ക്ക് പിറകിൽ മറഞ്ഞു നിന്ന കുഞ്ഞമ്മ ആ തോളിലേക്ക്‌ വീണു വിതുമ്പി..


"ക്ഷമിക്ക്യ..പൊറുക്കെന്റെ കുഞ്ഞേ....."

കതകിന് ചാരി നിശ്ശബ്ദയായി കുത്തിയിരിക്കുന്നു, അമ്മ. 


ഉമ്മറത്തെ വാതിൽ ശക്തിയായി തള്ളിത്തുറന്ന് ആരോ പുറത്ത് പോകുന്നു..


പോക്കുവരവുകളെ തടയുവാൻ ത്രാണിയില്ലാതെ രണ്ടു സ്ത്രീകൾ അതേ ഇരുപ്പിരുന്നു..!


'നീ കഥ എഴുതിക്കൊ ന്റെ പാറോ...'
'എഴുതി തുടങ്ങേച്ചീ....'
ഭ്രാന്തനും മരപ്പാവയും പ്രചോദനത്തിന്റെ സാക്ഷയിളക്കി വഴിയൊരുക്കുന്നു.

 
"അരുതു മോളേ.." അമ്മയും കുഞ്ഞമ്മയും കണ്ണീർത്തടം തീർത്ത് കുറുകെ....

 

ലജ്ജയും അമർഷവും വെറുപ്പും വിദ്വേഷവും കലർന്ന ആർത്തലക്കുന്ന വികാരങ്ങൾക്കിടയിൽ തൂലിക പ്രകമ്പനം കൊണ്ടു.
ഓർമ്മകളുടെ ഇരച്ചുകയറ്റം പോലെ പുറത്ത് മഴയുടെ ആരവം.
പുലർക്കാലം വരെ കാത്തുനിൽക്കാതെ പനി ഒഴിഞ്ഞുപോയിരിക്കുന്നു. തനിയാവർത്തനങ്ങൾ ഇനിയുമുണ്ടായിക്കൂടാ, അശ്രീകരം എന്ന് ലോകം വിധിക്കുമെങ്കിലും വിളിച്ചുപറയേണ്ടിയിരിക്കുന്നു എല്ലാം...


ആശയത്തിന്റെ പാൽവെളിച്ചം വീണ കടലാസിൽ ഉമ്മവെച്ചുകൊണ്ട് പാർവ്വതി എഴുതാനിരുന്നു. 





ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...