Monday, July 2, 2012

പ്രണയം ഞാൻ ഭയക്കുന്നു..... - സ്വന്തം സരസ്വതി...!


ചാരുഹാസിനിയുടെ അമ്മ സരസ്വതി.
അവൾ വളരെ സുന്ദരിയായിരുന്നുവെന്ന് പറയപ്പെടുന്നു.
ഉൾഗ്രാമത്തിൽ ജനിച്ചു വളർന്ന നിഷ്കളങ്ക.
അന്നത്തെ കാലത്ത് എന്ത് പരിഷ്കാരം...!

ശൈശവത്തിൽ തന്നെ അച്ഛൻ ഇല്ലാതായതിനാൽ അമ്മയ്ക്ക്  സരസ്വതിയോടുള്ള സ്നേഹം സാധാരണ അമ്മമാരുടേതായിരുന്നില്ല....
ആ വയറ്റിനകത്ത് എന്ന പോലെതന്നെ അവളെ പരിപാലിച്ചു പോന്നു...!

സരസ്വതിയ്ക്ക് പന്ത്രണ്ട് തികഞ്ഞു....

ദോഷങ്ങൾ ഒന്നും തന്നെ ഇല്ലാത്ത., നിബന്ധനകളും, നിർബന്ധങ്ങളും ഇല്ലാത്ത., ഒരു മംഗള കർമ്മം ആർഭാടമോടെ നടപ്പിലാക്കി....

ഒട്ടും തന്നെ എതിർപ്പുകളില്ലാതെ  സരസ്വതി പാത്രക്കടക്കാരൻ മുതലാളി.,  സുകുമാരന്റെ വധുവായി....

സരസ്വതി തന്റെ ജന്മനാട്ടിൽ നിന്ന് വരന്റെ ഗൃഹത്തിലേയ്ക്ക് യാത്രയായി.
അവൾക്ക് അത്യപൂർവ്വമായി മാത്രം ലഭിയ്ക്കുന്ന യാത്രാനുഭൂതികൾ....
അവൾ കരഞ്ഞില്ല...,
എന്നാൽ അവളുടെ അമ്മ മുണ്ടിന്റെ തലപ്പെടുത്ത് കണ്ണുകൾ ഒപ്പി....

സന്ധ്യയാവാൻ അധികം നേരമില്ല....
പുഴ കടന്ന് അക്കരെയാണ്  അവളുടെ പതിയുടെ വസതി....
കടത്ത് തോണിയ്ക്കായി പുഴക്കരയിൽ എത്തിയതും അവൾ അതിവേഗം മുന്നോട്ട് പാഞ്ഞു.
തിരിഞ്ഞ് നോക്കി സുകുമാരനോടും, വീട്ടുകാരോടുമായി വർദ്ധിച്ച ആവേശത്തോടെ ആരാഞ്ഞു :

“പുഴയുടെ ഓളങ്ങൾ സംഗീതം ആലപിയ്ക്കുന്നത് നിങ്ങൾക്കും കേൾക്കാനാവുന്നുണ്ടോ...?”

“ശരിയാണ്... കേൾക്കാനാവുന്നു...” അവർ ഊറിച്ചിരിച്ചു.

“ഞാനീ മണൽത്തരികൾ വാരിക്കളിച്ച് മണ്ണപ്പം ചുട്ട് വരാം...”

സരസ്വതി തന്റെ വള്ളിപ്പാവാട മണലിൽ വിരിച്ച് മണൽ കോരിയിട്ട്  വിതറിക്കളിച്ചു.
കണ്ടു നിന്ന കൂടെയുള്ള കുട്ടികൾ കൂട്ടംകൂടി ശബ്ദം ഉയർത്തി അവളുടെ കളിയിൽ പങ്കുചേർന്നു.

സുകുമാരന്റെ ചെറിയമ്മ പതിയെ അവൾക്കരികിൽ മുട്ടുകുത്തിയിരുന്ന് ചെവിയിൽ ഉപദേശിച്ചു :

“മോളേ.., നിന്റെ കസവുപാവാടയിലെ കൈവേലകളാൽ നെയ്തെടുത്ത പൊന്നിന്റെ കരയ്ക്ക് അലങ്കാരമാക്കിയിട്ടുള്ള നൂലുകൾക്ക് രണ്ടര പവൻ മതിയ്ക്കും..., കുപ്പായത്തിലെ കൈയ്യിന്‍റെ കരയ്ക്ക് മുക്കാലും....., പുത്രവധുവായി വീട്ടില്‍ വലതുകാൽ പതിപ്പിയ്ക്കുമ്പോൾ നിന്റെ ഉടുപ്പിൽ അഴുക്ക് പുരണ്ടിരിക്കാൻ പാടുള്ളതല്ല...”

“അതേയോ... ഞാൻ ചെറിയമ്മ പറയുന്നത് അനുസരിയ്ക്കാം... മുതിർന്നവരെ അനുസരിച്ചില്ലേൽ ദോഷം വരുമെന്ന് ന്റെ അമ്മ പറഞ്ഞു തന്നിട്ടുണ്ട്...”

സരസ്വതി കഴുത്തിലൂടെ വള്ളിപ്പാവാട ഊരിയെടുത്ത് മൺത്തരികൾ തട്ടിക്കുടഞ്ഞ് വീണ്ടും ധരിച്ച് യാത്രയ്ക്കൊരുങ്ങി...!

"നീണ്ട ഷിമ്മിയിലും അവൾ കൊച്ചു കുഞ്ഞുതന്നെ..." അതിനിടയിൽ ചെറിയമ്മ അടുത്ത് നിൽക്കുന്നവരോടായി  അഭിപ്രായപ്പെട്ടു.


സുകുമാരൻ സരസ്വതിയെ പേരു പോലെ തന്നെ വളരെ അധികം ആദരവും ചേർത്തുവെച്ചാണ്  നിരീക്ഷിച്ചത്....

"അവൾ വീട്ട് കാര്യങ്ങളും ചുമതലകളും കുറെ പഠിയ്ക്കാനിരിയ്ക്കുന്നു..." എന്ന ചെറിയമ്മയുടെ വാക്കുകളും അനുസരിച്ച് പോന്നു.

സരസ്വതിയ്ക്ക് പ്രായം തികഞ്ഞിട്ടില്ല....
തലോടുവാനോ താരാട്ട് പാടുവാനോ സുകുമാരൻ മുതിർന്നില്ല.
തന്റെ സ്വന്തം സമ്പാദ്യം കൊണ്ട് വാങ്ങിവെച്ച പൂത്താലി അവളെ അണിയിക്കാനായി ആണ്ടുകൾ കാത്തിരിയ്ക്കുവാനും സുകുമാരൻ തയ്യാറായിരുന്നു...!


എങ്ങു നിന്നോ ഒരിളം കിളി ഇണങ്ങി പറന്നെത്തി....

സരസ്വതിയ്ക്ക് പതിനഞ്ച് തികഞ്ഞു .,
അവളുടെ വടിവൊത്ത മൂക്കിലെ വൈരക്കല്ല് മൂക്കുത്തിയുടെ ശോഭ അവളുടെ തുടുത്ത മുഖത്ത് പരന്നിരിയ്ക്കുന്നു..
അവളുടെ നാണം നിറഞ്ഞ വട്ട മുഖം സുകുമാരൻ ഒരിയ്ക്കൽ കണ്ടു.,
അവളുടെ പട്ടിന്റെ പുതു ധാവണിയിൽ നിന്ന് പരന്ന ഉന്മാദ വാസന  അവന്റെ മൂക്കിന് അതു വരെ ലഭിയ്ക്കാത്ത ആനന്ദമുണ്ടാക്കി..
അവളുടെ  അടക്കിയ ചിരിയും ആഭരണങ്ങളും  കിലുക്കങ്ങളും അകത്തളത്തിലേയ്ക്ക് ഒളിഞ്ഞു നോക്കാൻ സുകുമാരന് പ്രേരണയുണ്ടാക്കി.
അവളുടെ യൌവ്വനാരംഭദശ ദർശിയ്ക്കുവാൻ അവന്  തിടുക്കമായി.
നിലാവ്  പൊഴിച്ച് കൊണ്ടിരിയ്ക്കുന്ന ഒരു നിശ്ശബ്ദ യാമത്തിൽ തന്റെ മട്ടുപ്പവിൽ വെച്ച്  അവൻ അവളെ പൂത്താലി അണിയിയ്ക്കുവാനായി സ്പർശിച്ചതും അവൾ പുതപ്പിനുള്ളിൽ ഒളിച്ചു...
പിന്നെ നിലവിളിച്ച് കോവണിപ്പടികൾ ഇറങ്ങിയോടി സുകുമാരന്റെ ചെറിയമ്മയുടെ സാരിത്തലപ്പിൽ ഒളിച്ചു.

“സരസ്വതി ഇനി കുറച്ച് നാൾ അവളുടെ അമ്മ വീട്ടിൽ പാർക്കട്ടെ” അവർ നിർദ്ദേശിച്ചു.

“ഞാനെന്ത് തെറ്റ് ചെയ്തു... സുകുമാരൻ ചേട്ടനല്ലെ ശിക്ഷ നടപ്പിലാക്കേണ്ടത്..?” സരസ്വതി കണ്ണുകൾ നിറച്ചു...!


ജീവിത കർമ്മങ്ങൾ അവസാനിയ്ക്കുന്നില്ല....

സരസ്വതി അമ്മയായി....

ചാരുഹാസിനി പിറന്ന സന്തോഷാധിയ്ക്ക്യത്തിൽ സുകുമാരൻ  പണ്ട് ഭാഗ്യം കെട്ടവൻ എന്ന് സ്വയം പരിതപിച്ച് പട്ടു തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ച പൂത്താലി അവളെ അണിയിച്ചു.
വെറും തറയിൽ  പുല്ലുപായ വിരിച്ച് കിടന്നിരുന്ന സരസ്വതി നിറഞ്ഞ കണ്ണുകളോടെയത് സ്വീകരിച്ചു..!

“എനിയ്ക്കും കുപ്പി വളകൾ മതി....”
ചാരുഹാസിനിയെ അണിയിയ്ക്കാനായി കുപ്പിവളക്കാരൻ വരുമ്പോഴെല്ലാം  തന്റെ മിനുത്ത കൈത്തണ്ടകൾക്കായി  കറുപ്പും ചുവപ്പും വളകളിലേയ്ക്ക് അവൾ വിരൽ ചൂണ്ടി.

“അതെന്തിനാ സരസോ... പൊട്ടിപ്പോകുന്ന വളകൾ... തലയിണയിൽ കൈ വെച്ച്  അതിനു മുകളിൽ തല കയറ്റി വെച്ചുറങ്ങുമ്പോൾ  അവ പൊട്ടി പോവുകയില്ലേ...? നീയത് അറിയുക പോലുമില്ല... ചന്ദന നിറമുള്ള  സരസുവിന്റെ മുഖത്ത് പോറൽ വീണേയ്ക്കാം... കൈത്തണ്ടയിൽ മുറിവേൽക്കാം... അറിഞ്ഞു കൊണ്ട് ആ പൂ പോലെയുള്ള മുഖത്ത്  കലകൾ വരുത്തിവെയ്ക്കണൊ...?”

സുകുമാരന് സരസ്വതിയോടുള്ള പ്രണയം ആളിക്കത്തിക്കൊണ്ടേയിരുന്നു....

സരസുവിന്  സുകുമാരനോടുള്ള  പ്രണയം ദൃഢമാക്കാനാവാതെ മഞ്ഞ്കട്ടപോലെ   അലിഞ്ഞ് കൊണ്ടിരുന്നു....

പലപ്പോഴും പ്രണയം അടിച്ചേൽപ്പിയ്ക്കുവാൻ ശ്രമിയ്ക്കുന്നതായി അനുഭവപ്പെട്ട്  വെരുകിനെപ്പോലെ  സരസ്വതി ഓടിയൊളിച്ചു.

ഉപയോഗശൂന്യമായ പിച്ചളപ്പാത്രം കളയുന്നതിനു പകരം തേച്ച്മിനുക്കി തിളക്കം വർദ്ധിപ്പിയ്ക്കുന്നതെന്തിന്..? അവൾ സംശയിച്ചു..!
വീട്ടുപണികൾ ചെയ്യാനായി ദാസികൾ ആരും ഇല്ലെങ്കിലും വെള്ളിതിളങ്ങും പാത്രങ്ങളിൽ അന്നം,
പൊന്നിന്റെ കസവ് തൂങ്ങുന്ന ഘനം കൂടിയ ആടകൾ, ഭാരിയ്ക്കുന്ന ആഭരണങ്ങൾ...
സരസ്വതിയ്ക്ക് ശ്വാസം മുട്ടി...!

കച്ചവടം ഉഷാറല്ലാത്ത മാസങ്ങളിൽ സുകുമാരന്റെ ശ്രദ്ധ തന്റെ തങ്കക്കുടത്തെ അലങ്കരിപ്പിയ്ക്കുന്നതിൽ മാത്രമായി...!

അങ്ങനെ ഒരു വേനലിൽ സുകുമാരന് സരസ്വതിയെ ഇളക്കത്താലി അണിഞ്ഞ് കാണുവാൻ മോഹമുദിച്ചു..

ആഗ്രഹം അറിഞ്ഞയുടനെ സരസ്വതി ഒട്ടും മയമില്ലാതെ പരുക്കമായി മൊഴിഞ്ഞു :

"വേണ്ട... നിയ്ക്കിനി ആടയാഭരണങ്ങളല്ല ആവശ്യം...,
വജ്രങ്ങൾ പതിച്ച കിരീടവും പൊന്നിന്റെ കമ്പിയാൽ തീർത്ത അപശ്രുതികൾ  മീട്ടാത്ത വീണയുമാണ്  അത്യാവശ്യം... ഉടൻ നടപ്പിലാക്കുക...!"

സുകുമാരനിൽ സരസ്വതിയുടെ വാക്കുകൾ ആദ്യം അന്താളിപ്പ് ഉളവാക്കി...
പിന്നെ അജ്ഞാതമായൊരു ഉൾവിളിയിൽ ലയിച്ചെന്നപോലെ സരസ്വതിയുടെ പ്രതീക്ഷയ്ക്ക് അപ്പുറത്ത് നിന്നുകൊണ്ട് പറഞ്ഞു :

“ഈ തറവാട്ടിൽ ഇന്നേവരെ ആരും ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചിട്ടില്ല സരസോ...
പക്ഷേ, സരസോ... നീ അറിയണം...  നിന്നിൽ നിന്ന് ഈ മോഹം എപ്പോഴാണ്  വെറ്റിലയുടേയും കളിയടക്കയുടേയും ഗന്ധങ്ങളിലൂടെ വമിയ്ക്കുക എന്ന് കാത്തിരിയ്ക്കുകയായിരുന്നു ഞാൻ...,
നശിപ്പിച്ച് കളയാനുള്ളതിലധികം സമ്പാദ്യം  നിന്റെ കൂടെ കെട്ടിപ്പിടിച്ച് ഉറങ്ങാൻ നിന്റെ സുകുമാരൻ ചേട്ടന്റെ പക്കലുണ്ട്....
സ്വപ്നം കണ്ടതിലേക്കാളേറെ സ്വപ്നങ്ങൾ - നിന്നെയുൾപ്പടെ., ഞാൻ കീഴടക്കി കഴിഞ്ഞിരിയ്ക്കുന്നു...
ലക്ഷ്മിയും, സരസ്വതിയും എന്നെ സ്വാധീനിച്ച് കഴിഞ്ഞിരിയ്ക്കുന്നു സരസോ....
ഇനി നിന്റെ സ്വപ്നം സാക്ഷാൽക്കരിപ്പിച്ച് ഞാൻ നിന്നെയും നിന്റെ പ്രണയത്തേയും  ന്റെ അടിമകളാക്കും...
ആകാശവും കടലും അളക്കുവാനാകുമോ..? അതുപോലെയാണ്  എനിയ്ക്ക് നിന്നോടുള്ള  പ്രണയവും...!
വെള്ളി മേഘക്കെട്ടുകളായും പൊന്നിൻ മണൽത്തരികളായും എന്റെ പ്രണയം നിന്നെ വിഭ്രമലോകത്ത് എത്തിയ്ക്കും..”

സുകുമാരൻ പ്രണയപരവശനായി ആവേശം കൊണ്ടു.

സരസ്വതിയെ ഇടം കണ്ണിട്ട് തിരഞ്ഞപ്പോൾ നിശ്ചലനായി നിന്നു പോയി...!
പരിഭ്രമിച്ച്  ദേഹം വിറച്ചു...!!
കണ്ണുകളിൽ കൂരിരുട്ട് നിറച്ച് കറുത്ത ആകാശത്തെ കണ്ട്കൊണ്ട് സരസ്വതി വെട്ടിയിട്ട തണ്ട് കണക്കെ തറയിൽ കിടക്കുന്നു...!
സുകുമാരൻ അവൾക്കരികിൽ മുട്ടു കുത്തി വീണു...
ആ തലമുടിയിഴകളിൽ തലോടി...

തണുത്ത്  മരവിച്ച സരസ്വതിയുടെ ചെവിയിൽ നേർത്ത സ്വരത്തിൽ രഹസ്യം പറഞ്ഞു...

"ഈ വിട വാങ്ങലിന്റെ ആവശ്യം ഉണ്ടായിരുന്നോ സരസോ...?
നീ എന്റെ അടിമപ്പെണ്ണായിരുന്നുവെങ്കിലും നിനക്ക് സ്വാതന്ത്ര്യം നിഷിദ്ധമായിരുന്നില്ലല്ലൊ..
നിന്നെ അനുസരിച്ച് പ്രണയിക്കുക മാത്രമല്ലെ ഞാൻ ചെയ്തിട്ടുള്ളു...?
സങ്കടമുണ്ട്... എന്നാലും നീ ധൈര്യമായി പൊയ്ക്കൊള്ളു...
നീ ഒന്നു കൊണ്ടും ഭയപ്പെടേണ്ട...
ഒരിയ്ക്കൽ ഞാൻ പ്രണയപരവശനായി നിന്റെ അരികിൽ - വെള്ളി മേഘക്കെട്ടുകൾ പൊതിഞ്ഞ നിന്റെ മെത്തയിൽ., പ്രവേശിയ്ക്കുമ്പോൾ നീ അറിയും നവരത്നങ്ങളുടെ  മഹത്വം...!
അപ്പോൾ നീ പൊന്നിൻ കമ്പികൾ മീട്ടി എനിയ്ക്കായ് പാടിത്തരണം..!!"

സുകുമാരന്റെ സ്വരം നേർത്ത് നേർത്ത് ഇല്ലാതായി...!


****************************************************************************************


ചാരുഹാസിനി ചിരിയ്ക്കുകയാണ്.
പിന്നെ മിഴികൾ ഒപ്പി.

“അമ്മ ചിത്തഭ്രമത്തിന് അടിമയായിരുന്നു... ഒരു വിഷാദ രോഗി.
അച്ഛന്റെ പ്രേമഭാജനമായ അമ്മയ്ക്ക് ദു:ഖപരിവേഷങ്ങളോടെ മാത്രമേ അച്ഛന്റെ മുന്നിൽ പ്രത്യക്ഷപ്പെടുവാൻ സാധ്യമാകാറുണ്ടായിരുന്നുള്ളു.
കലർപ്പില്ലാത്ത പൌരുഷത്തോടെ തന്റെ പ്രണയസാമ്രാജ്യം കെട്ടിപ്പടുക്കുവാൻ ശ്രമിച്ച അദ്ദേഹത്തിന് അവിടെ വിജയം കൈവരിയ്ക്കുവാനായില്ല.
അദ്ദേഹത്തിന്റെ പ്രണയാദ്ധ്വാനങ്ങൾക്ക് സാഫല്ല്യം നൽകുവാൻ അമ്മയ്ക്കും ആയില്ല...!
അങ്ങനെ ഒരു ദിവസം....
ആർക്കും കാരണമറിയാത്ത കനത്ത മനക്ലേശത്താൽ അമ്മയുടെ ഹൃദയമിടിപ്പ് നിലച്ചു...
പാവം, അച്ഛന് അറിയുമോ എന്തോ..?!
അമ്മയുടെ വർണ്ന ചിത്രം ചുവരിൽ ചില്ലിട്ട് തൂക്കിയിട്ടുണ്ട് അച്ഛൻ,
പിന്നെ., ചന്ദനം മണക്കുന്ന ചെപ്പിൽ മറ്റെന്തെല്ലാമോ സൂക്ഷിയ്ക്കുന്നുണ്ട്., അമ്മയുടെ ഓർമ്മയിൽ അച്ഛൻ...
അമ്മയ്ക്കു നൽകാനായ് എന്ന വിശ്വസത്തിൽ...
ഞങ്ങളുടെ വീട്ടിലും മനസ്സിലും ഒരു വിഗ്രമായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു അച്ഛൻ അമ്മയെ...!

ചാരുഹാസിനി പറഞ്ഞു നിർത്തി...!





Friday, June 8, 2012

ശങ്കു....ഉണ്ണി....

പാർട്ടി തുടങ്ങി മണിക്കൂറുകൾ ആവും മുന്നെ യാത്ര പറഞ്ഞ് വണ്ടിയിൽ കയറാൻ തുടങ്ങിയപ്പോഴേയ്ക്കും ഡോക്ടറുടെ ഭാര്യ ഓടിയെത്തി....

എന്തോ ഓർമ്മിപ്പിയ്ക്കുവാനാണെന്ന് തോന്നിപ്പിച്ചു .

നിങ്ങളോട് എനിയ്ക് അനുകമ്പ തോന്നുന്നു....” - അവർ തുടങ്ങി

അതെസ്വതസിദ്ധമായ ലജ്ജ എന്നെ മറ്റുള്ളവരിൽ നിന്ന് അകലാൻ പ്രേരിപ്പിയ്ക്കുന്നു. അതാണ്  ഞാൻ ഇങ്ങനെ...”
  
ഇവളുടെ കണ്ണുകൾക്കും ചുണ്ടുകൾക്കും മാത്രമല്ല നാവിനും ലജ്ജയോ- ആ സ്ത്രീ അതിശയപ്പെട്ടു..

നീ എത്ര ഭാഗ്യം ചെയ്തിരിക്കുന്നു....?!
നിനക്ക് കുട്ടികളില്ല നീ എത്ര സ്വതന്ത്രയാണ്
നിനക്ക് തോന്നുമ്പോഴെല്ലാം കിടന്നുറങ്ങാം....
സിനിമകൾ മാറുമ്പോഴെല്ലാം കാണാൻ പോകാം...
കടകളിൽ കയറി ഇറങ്ങാം...
സുഹൃത്തുക്കളുടെ  വീടുകൾ സന്ദർശ്ശിയ്ക്കാം...
സൽക്കാരങ്ങളിൽ പങ്കെടുക്കാം...
ശകാരങ്ങളും സങ്കടങ്ങളും  കൊണ്ട്  രക്തസമ്മർദ്ദം കൂടണ്ട..."

നിനക്ക്…...,

"ഒരു കനത്ത സ്വരത്തെ മാത്രം ഭയന്നാൽ മതിയല്ലോ...
ഭംഗിയുള്ളതോ അല്ലാത്തതോ., - ഒരു മുഖത്തെ മാത്രം ഭംഗിയുള്ള പല്ലുകൾ കാണിച്ച് ചിരിച്ചാൽ മതിയല്ലോ..
ഇഷ്ടക്കേടെങ്കിലും ഒന്നിച്ച് ഒരു സായാഹ്ന സവാരിയിൽ ഏർപ്പെട്ടാൽ മതിയല്ലോ..”

തുറന്നു വിട്ട അണക്കെട്ടിലെ വെള്ളപ്പാച്ചിൽ പോലെ അവർ കണ്ണുകൾ വിടർത്തി കൈകലാശങ്ങൾ കാട്ടി നിർത്താതെ പുലമ്പുന്നു..

"സുപ്രസിദ്ധമായ  ഒരു അപരനാമത്തിൽ നിന്നെ പോലെയുള്ള സ്ത്രീകൾ ആക്ഷേപിയ്ക്കപ്പെടുന്നുവെങ്കിലും നീ  അത് കാര്യമാക്കണ്ട..
നിന്റെ സ്വതന്ത്ര ജീവിതത്തോടുള്ള  അസൂയയും വെറും പരിഹാസവുമാണതെന്ന് കണക്കാക്കി  ഈ സുന്ദര ജീവിതം ആസ്വാദിയ്ക്കു......"

ആശ്രിതർക്ക് അപരനാമ സംബോധനയോ..?
കേട്ട മാത്രയിൽ ഹൃദയം വിങ്ങുന്നു.. വേദന ത്രസിയ്ക്കുന്നു..

നിസ്സഹായതയുടെ അധീനതയിൽ പെട്ടു പോയ ആശ്രിത......

ബോധപൂർവ്വമല്ലെങ്കിലും  വർദ്ധിച്ച ദുഃഖഭാരം അറിഞ്ഞിടാത്തതെന്ത്..?
.. നിങ്ങൾ തെറ്റിദ്ധരിയ്ക്കപ്പെട്ടിരിയ്ക്കുന്നു....
ഉണ്ണികളില്ല എന്ന ഒരൊറ്റ കാരണത്താൽ ഞാൻ പല വീടുകളിലും അപരിചിതയായി  തീർന്നിരിയ്ക്കുന്നു..
എന്റെ ലജ്ജയെ പുഷ്ടിപ്പെടുത്തി  വളർത്തി കൊണ്ടുവരുന്നതും ഈ ഒരു നിസ്സഹായ അവസ്ഥ തന്നെ..

കല്ലുകളും മരങ്ങളും കൊണ്ട് തീർത്ത ഒരു ചെപ്പിൽ ഒളിച്ചു  കഴിയുകയാണ് ഞാൻ പലപ്പോഴും..
എന്റെ പ്രയാസം ഞാൻ  കനത്ത ചുമരുകളോട്  ക്ഷോഭിച്ച് അവരുടെ നെഞ്ചിൽ തന്നെ  എന്റെ മുദ്രകൾ പതിപ്പിച്ച് തീർക്കുകയാണ്

മതി സുന്ദരീ..നിർത്തിക്കൊള്ളു..
നിന്നെ ഞാൻ ബുദ്ധിമുട്ടിച്ചതിൽ ഖേദിയ്ക്കുന്നു..
നിനക്ക് സ്വാതന്ത്ര്യം പ്രകടിപ്പിയ്ക്കാൻ വശമില്ലെന്ന്  തോന്നുന്നു...“

ചായം പൂശിയ ചുണ്ടുകൾ കോട്ടി  അരണ്ട വെളിച്ചത്തിലേയ്ക്ക്  അവർ തിരിഞ്ഞു നടന്നു...

അമ്മേ....."

ഒരു പിൻവിളി....!

"അമ്മയ്ക്ക് അറിയില്ലേ കാലം മാറിയിരിയ്ക്കുന്നൂന്ന്..
രണ്ട് കുട്ടികളെ ഒക്കത്തും രണ്ട് കുരുന്നുകളെ വിരൽ തുമ്പുകളിലും തൂക്കി നടക്കുന്ന കാലം മാറിയിരിയ്ക്കുന്നൂട്ടൊ.. “

കാർ ഗേറ്റ് കടക്കുമ്പോള്‍ പിന്നേയും തിരിഞ്ഞു നോക്കി..
- അത്ശങ്കു  ആയിരുന്നില്ലേ..
- അവന്‍ ഇവിടേയും എത്തിയോ..?

എന്നും പാതി ഉറക്കത്തില്‍ തന്നെ വിളിച്ചുണര്‍ത്തുന്ന ഉണ്ണി..
ഏത് ഗാഢ നിദ്രയിൽ നിന്നും തന്നെ തട്ടിയുണർത്തി കളി പറഞ്ഞ് കൊഞ്ചി തരാട്ട് കേട്ടുറങ്ങുന്ന ശങ്കു..
ഉണർന്നാലും അവന്റെ മണം അനുഭവപ്പെടാറുണ്ട്..
അദൃശ്യനായി അവൻ തന്റെ സാരിത്തുമ്പ് വലിച്ച് മുറിയിൽ കൊണ്ടു പോയി കഥകൾ പറയിയ്ക്കാറുണ്ട്..

താനത് കൊച്ചു കഥകളാക്കി രൂപം കൊടുത്ത്  പുസ്തകം ആക്കാനുള്ള ശ്രമത്തിലാണ്..
കള്ളക്കണ്ണന്റെ കഥകൾ മ്യൂറൽ പെയിന്റിങ്ങായി ചുവരിൽ തൂങ്ങി കിടക്കുന്നൂ..
ചുവരിൽ ആണി തറയ്ക്കാൻ ഇടം ഇല്ലാത്ത വിധം നിറഞ്ഞു തുടങ്ങി.....

എല്ലാം അവളുടെ ഹോബികൾ..
ഒരു എക്സിബിഷൻ സംഘടിപ്പിയ്ക്കാൻ ആലോചനയുണ്ട്..
ഇപ്പോൾ സംഗീതത്തിലും കമ്പം കേറിയിട്ടുണ്ട്..
അകലെയുള്ള ഒരു സംഗീത ക്ലാസ്സിൽ പോയി തുടങ്ങിയിട്ടുണ്ട് അവൾ..”

അദ്ദേഹം കൂടെയുള്ള സ്നേഹിതർക്ക് പരിചയപ്പെടുത്തി കൊടുത്തത് ഓർക്കുന്നു..

താൻ ഒരു അനുസരണയുള്ള കുട്ടിയെ പോലെ അദ്ദേഹത്തെ മൌനിയായി അനുഗമിച്ച്  മറ്റുള്ളവരിൽ നിന്ന് വിട്ടകന്ന്  ഒരു ഇരിപ്പിടം സ്വന്തമാക്കി.... 

ആൾക്കൂട്ടത്തെ ഭയക്കാൻ തുടങ്ങിയപ്പോൾ ശങ്കുവിന്റെ അരികിലേയ്ക്ക് തിടുക്കപ്പെട്ട്  പുറപ്പെടുകയായിരുന്നു..
അവനെ താരാട്ട് പാടിയുറക്കാൻ..

അമ്പാടി തന്നിലൊരുണ്ണി..
അഞ്ജന കണ്ണനാം ഉണ്ണീ..
ഉണ്ണിയ്ക്ക് നെറ്റിയിൽ ഗോപിപ്പൂ..
ഉണ്ണിയ്ക്ക് മുടിയിൽ പീലിപ്പൂ..
……………..ഉറങ്ങുറങ്ങൂ എൻ ഉണ്ണീ
പീലി കണ്ണുകൾ പൂട്ടിയുറങ്ങെൻ കണ്ണേ
അവൻ ഓടി വന്ന് മടിയിൽ ചാഞ്ഞുറങ്ങുമപ്പോൾ..!

ശങ്കുവിനു പതിനാറ് തികഞ്ഞിരിയ്ക്കുന്നു.....
തന്റെ പുസ്തകങ്ങളുടെ എണ്ണവും മ്യൂറൽ പെയിന്റിങ്ങുകളുടെ എണ്ണവും കൂടി വന്നു..
പലയിടങ്ങളിലായി എക്സിബിഷനുകൾ
അവസരം കിട്ടിയപ്പോഴെല്ലാം സംഗീത വിരുന്നുകളിലും സാന്നിദ്ധ്യം അറിയിച്ചു.

നീ ഇനി പ്രായോഗിക ജീവിതം നയിയ്ക്കാൻതയ്യാറായിക്കോളൂ..
നീ ഒന്നു മനസ്സിലാക്കുക
ശങ്കു ജന്മം കൊണ്ടിട്ടില്ല അവൻ  വളർന്നിട്ടില്ല..
അവൻ ജനിച്ചതും വളർന്നതും നിന്റെ കാല്പനികതയിൽ..
നിനക്ക് സുപരിചിതമായിരിയ്ക്കുന്ന ശങ്കുവിന്റെ സ്വരവും ഗന്ധവും നീ എന്നന്നേയ്ക്കുമായി തൂടച്ചു മാറ്റേണ്ടിയിരിയ്ക്കുന്നു..“

ഞെട്ടി തിരിഞ്ഞു നോക്കി പോയി....

അദ്ദേഹം 'ഉണ്ണിയെ എതിരേൽക്കുവാനുള്ള  തയ്യാറെടുപ്പിലാണ്..
എന്റെ ശങ്കുവിനെ ഇല്ലാതാക്കാനുള്ള യത്നത്തിലും....

ഇത്രയും നാൾ എന്നേയും എന്റെ ശങ്കുവിനേയും എന്റെ  കലകളേയും  സ്നേഹിച്ചയാൾ…...
എന്റെ ശങ്കു ഇല്ലെങ്കില്‍ ഞാൻ ഇല്ല എന്റെ കലകളില്ല എന്ന്  മനസ്സിലാക്കിയിട്ടുള്ള ആൾ....

കൈയ്യെത്തും ദൂരത്തു നിന്ന്  ശങ്കു ചിരിയ്ക്കുന്നു..

അമ്മേ നിങ്ങള്‍ എത്ര സ്നേഹ നിധിയാണ്..
വാത്സല്ല്യ നിറകുടം..
ഈ സുന്ദര മുഖം വ്യസനപ്പെടുന്നത് കാണാൻ എനിയ്ക്ക് ആവില്ലമ്മേ..
നിങ്ങളുടെ സ്നേഹം ഒന്നു മാത്രമാണ്  എന്റെ ജീവൻ ഇത്രയും നാൾ നില നിർത്തിയത്..
ഇന്ന് ഞാൻ  ഈ സുന്ദര ജീവിതത്തിൽ നിന്ന് ഓടി പോവുകയാണ്..
വരും കാല മനോഹര ദിവസങ്ങളിൽ എന്റെ കൂടപ്പിറപ്പിന്  സ്നേഹം വിളമ്പുമ്പോൾ  അതെനിയ്ക്ക് കൂടി എന്ന് ഞാൻ കരുതി കൊള്ളാം..
അവനെ ചുംബിയ്ക്കുമ്പോൾ  ആ മുത്തം എന്റെ നെറുകയിൽ പതിഞ്ഞതായി അറിഞ്ഞു കൊള്ളാം..
ഇനി അമ്മയുടെ  സ്നേഹവും വാത്സല്ല്യവും 'ഉണ്ണിയ്ക്ക് ' മാത്രമാണ്..."

ഇടറാത്ത സ്വരത്തിൽ  അവൻ യാത്ര പറയുന്നു..!

പതിനാറാം പിറന്നാൾ  ദിനത്തിൽ മാർക്കണ്ഢേയൻ  തന്റെ ജീവൻ എടുക്കാൻ സന്നദ്ധനായി നിൽക്കുന്ന  യമരാജനോട് തന്റെ ജീവനുവേണ്ടി യാചിയ്ക്കുന്നു..
 
ഇവിടെ എന്റെ ശങ്കു  പതിനാറാം പിറന്നാൾ ദിനത്തിൽ  തന്റെ അമ്മയോട്  ജീവൻ എടുക്കുവാനായി യാചിയ്ക്കുന്നു....

ഈശ്വരാ..എന്നെ പരീക്ഷിയ്ക്കരുതേ......

 

Tuesday, May 22, 2012

നിമിഷങ്ങൾ....!


നാലുമണി ബെല്ലടിച്ചു..
കുട്ടികൾ പരന്നൊഴുകി ഓടുന്നു..
അദ്ധ്യാപകർ കൂട്ടമായും അല്ലാതേയും പടികളിറങ്ങുന്നു..
തനിയ്ക്ക് കൂട്ടില്ലാത്തതു കൊണ്ടും ആർക്കും കാത്തു നിൽക്കണ്ടാത്തതു കൊണ്ടും സാവകാശം പുസ്തകങ്ങളൊതുക്കി  സ്റ്റാഫ് റൂമിൽ നിന്ന്  ഇറങ്ങുവാൻ  ഒരുങ്ങുമ്പോഴായിരുന്നു ഒരു കൊടുങ്കാറ്റ്  കണക്കെ ചന്തു പ്രവേശിച്ചത്..
തന്റെ കൈത്തണ്ടയിലെ  ഇറുകി കിടക്കുന്ന ഒറ്റ വള ഒന്നു കൂടി ഇറുക്കി കൈ വലിച്ചു കൊണ്ട് അവൻ ധൃതിയിൽ ആഞ്ഞ് നടക്കുകയാണ്..
കാര്യം മനസ്സിലാവാതെയുള്ള പരിഭ്രമവും അസഹ്യ വേദനയും ചന്തുവിനോട് സ്വരം ഉയർത്തുവാൻ  കാരണമാക്കി.
ചന്തൂനീ എന്താണ് ഈ കാണിയ്ക്കുന്നത്..?                        
എന്റെ കൈ മുറുക്കി പിടിയ്ക്കാതിരിയ്ക്കൂ..എല്ലുകൾ നുറുങ്ങി പോകും പോലെ..
വേദനയാണെങ്കിൽ പറയും വേണ്ടഎനിയ്ക്ക് സഹിയ്ക്കാനാവുന്നില്ല..
എന്നെയൊന്ന് വിടുന്നുണ്ടൊ നീ ചന്തു..?
ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്തിരിയ്ക്കുന്നു..?
നിന്നെ എനിയ്ക്ക് മനസ്സിലാക്കുവാൻ കഴിയുന്നില്ല..
എനിയ്ക്ക് ദേഷ്യം വരുന്നുണ്ട് കേട്ടൊ..
നീ ഒന്ന് നിൽക്കൂഎന്നിട്ടെന്റെ കൈത്തണ്ടയിലൊന്ന് കണ്ണോടിച്ച് നോക്കൂ..
നിന്റെ വിരൽപ്പാടുകൾ പതിഞ്ഞ് കാണും..
അതും സാരല്ല്യാ..എന്റെ കണ്ണുകളിൽ നിന്ന് ഇറ്റി വീഴും വെള്ളത്തുള്ളികൾ തുടയ്ക്കുവാനെങ്കിലും നീ എന്നെയൊന്ന് അനുവദിയ്ക്കു ചന്തൂ!”

കൊടുങ്കാറ്റിന്   ശാന്തത കൈവന്നിരിയ്ക്കുന്നു..
പാച്ചൽ നിന്നത് എവിടെയാണെന്ന്  ചുറ്റിനും കണ്ണോടിച്ചപ്പോൾ വീണ്ടും ആശങ്ക..
ഒരൊറ്റ മേശയോ, കസാലയോ, ബെഞ്ചോ, ഡസ്ക്കോ ഇല്ലാത്ത പൊടിപിടിച്ച് മാറാല തൂങ്ങുന്ന പൂട്ടിയിട്ടിരിയ്ക്കുന്ന ഈ ക്ലാസ്സ് മുറിയിലേയ്ക്ക് എന്തിനാണ്  ചന്തു തന്നെ വലിച്ച് കൊണ്ടുവന്നിരിയ്ക്കുന്നത്..????
നീ എന്നെ  എന്ത് ചെയ്യാൻ പോകുന്നു ചന്തു..?“
ചോദ്യം അറിയാതെ രോദനമായി മാറി പോയി..
അഴുക്ക് പുരണ്ട ചുവരിനടുത്ത് ചാരി വെച്ചിരിയ്ക്കുന്ന പഴയ നിറം മങ്ങിയ മരബോർഡ് അപ്പോഴാണ്  കണ്ണിൽപ്പെട്ടത്..
സ്വരം ഒന്ന് താണു..പരിഭ്രാന്തിയ്ക്ക്  ലേശം അറുതി കിട്ടി..
ഇതെന്താണ് ചന്തു നീ ബോർഡിൽ എഴുതി വെച്ചിരിയ്ക്കുന്നത്..?”
തിരിഞ്ഞു നോക്കിയപ്പോൾ  ചന്തു ഇല്ല..
ഈ കുട്ടി ഇതെവിടെ പോയി..
ആഞ്ഞ് വീശിയടിച്ചിരുന്ന കൊടുങ്കാറ്റ്  ഇങ്ങനേയും ശാന്തമാകുമോ..?“
ഒന്ന് പരിഭ്രമിച്ചുപിന്നെ ബോർഡിലേയ്ക്ക്  ഓടി വേഗം അക്ഷരങ്ങളെ  കൂട്ടിയെടുത്ത് വായിയ്ക്കുവാൻ  തുടങ്ങി..
എന്തേവായിയ്ക്കാൻ ആവുന്നില്ല..കണ്ണുകൾക്ക് മങ്ങൽ തോന്നുന്നു..പൊടി പടലങ്ങളൊ അതൊ പുക മറയൊ..എന്താണ്   വടിവൊത്ത  തെളിഞ്ഞ അക്ഷരങ്ങളെ മങ്ങലേൽപ്പിയ്ക്കുന്നത്..?

അവന്‍റെ വരികൾ പറഞ്ഞു..
ടീച്ചർ.. ബോർഡിന്  പിറകിലുള്ള ജനലഴികൾക്കിടയിൽ ഒരു പുസ്തകം വെച്ചിട്ടുണ്ട്..
അതിന്റെ ഏടുകൾക്കിടയിൽ ഒരു കുറിപ്പുണ്ട്..
അത് ടീച്ചർക്കുള്ളതാണ്
ടീച്ചർ എന്നോട് ക്ഷമിയ്ക്കണം..!

ഒരു കിതപ്പോടെ  ബോർഡിന്റെ പിൻ വശത്തേയ്ക്ക് നീങ്ങി..
ജനലഴികൽക്കിടയിൽ ഭദ്രമായി തിരുകി വെച്ചിരിയ്ക്കുന്ന  പുസ്തകം ധൃതിയിൽ  കൈക്കലാക്കിയപ്പോൾ നെഞ്ചിടിപ്പ് ഏറി..
അതിനിടയിൽ നിന്നും പെട്ടെന്ന് തിരഞ്ഞെടുത്ത കുറിപ്പ് കയ്യിലിരുന്ന് വിറയ്ക്കുന്നു..
അറിയാതെ ഉള്ളം പിടയ്ക്കുന്നു..
വിയർക്കുന്ന മുഖം..
വിറയ്ക്കുന്ന കൈകൾ..
പിന്നേയും തെളിവാർന്ന ആ വടിവൊത്ത അക്ഷരങ്ങൾ മങ്ങുന്നു..

എന്‍റെ പ്രിയപ്പെട്ട  ടീച്ചര്‍.. 
നിങ്ങൾ എനിയ്ക്ക്  എത്രമാത്രം പ്രിയപ്പെട്ടിരിയ്ക്കുന്നു എന്ന് നിങ്ങൾക്ക് അറിയുമോ..?
ഇല്ല.നിങ്ങൾക്ക് ഊഹിയ്ക്കാവുന്നതിലോ മനസ്സിലാകാവുന്നതിനോ അപ്പുറത്താണത്..
വീട്ടിൽ പഠിയ്ക്കാൻ ഇരിയ്ക്കുമ്പോഴും.. ഞാൻ വായിച്ചു കൊണ്ടിരിയ്ക്കുന്നതും കേട്ട് കൊണ്ടിരിയ്ക്കുന്നതും ടീച്ചറുടെ സ്വരം മാത്രമാണ്..
പദ്യം മനപാഠമാക്കുക എന്നാൽ എനിയ്ക്ക് കഷായം കുടിയ്ക്കുന്നത് പോലെയായിരുന്നു..
ആ ഞാനിന്ന് കവിതകൾ അമൃത് പോലെ മോന്തുകയാണ്..
ആ ആസ്വാദന ലഹരി എന്നിൽ ജനിപ്പിച്ചത് ടീച്ചറാണ്..
നിലാവിനെ കൂട്ടുകാരനാക്കി ജനലരികിലിരുന്ന് വായനാശീലം വർദ്ധിപ്പിയ്ക്കുവാൻ നിങ്ങൾ എനിയ്ക്കു തന്ന ഉപദേശങ്ങൾ ഞാൻ പാലിച്ചു പോന്നു..
എന്നാൽ ഞാൻ കഥയേക്കാളേറെ കവിതകളെ സ്വയത്തമാക്കി മൂളി ഉറങ്ങി..
കവിതകൾ എന്നിൽ ഉണര്ത്തും നിറങ്ങളെ  ഞാൻ ടീച്ചർക്കുള്ള സ്നേഹ പൂക്കളുടെ നിറങ്ങളാക്കി..
ആ വർണ്ണ പൂക്കളെ ജീവന്റെ ജീവനാക്കി ഞാൻ പാടി നടന്നു..
അത്രയ്കും പ്രിയപ്പെട്ട എന്റെ ടീച്ചറോട് ഞാൻ ഇന്നൊരു സ്വകാര്യം പങ്കു വെയ്ക്കാൻ താത്പര്യപ്പെടുന്നു..
അവിവേകമെങ്കിൽ പൊറുക്കുക..
എന്നെ തെറ്റുകാരനായി ചൂണ്ടി കാണിയ്ക്കരുതെന്ന് അപേക്ഷ..!


ഈശ്വരാ.ന്റെ വിരലുകൾക്ക് ആ കടലാസ്സ് കഷ്ണം താങ്ങാനാവാത്ത പോലെഭാരം ഏറുന്നു.കൈകൾ വിറയ്ക്കുന്നു.നെഞ്ച് പട പടാന്ന് മിടിയ്ക്കുന്നു..”

അവൻ തുടർന്നു..
കഴിഞ്ഞ മാസം രണ്ടാം തീയ്യതി ഭക്ഷണം കഴിയ്ക്കുവാനുള്ള ബെല്ല് അടിച്ചിട്ടും ഭക്ഷണ പാത്രം മുന്നിൽ വെച്ച് തല കുമ്പിട്ടിരിയ്ക്കുന്ന എന്നോട് ,,
ഭക്ഷണം നിന്ദിയ്ക്കുന്ന ഈ രീതി നീ മാറ്റണം എന്ന്  ടീച്ചർ എന്നെ ശാസിച്ചു..
മൂന്നാം തീയ്യതി,അതിന്റെ പിറ്റേന്ന്...ടീച്ചറുടെ നോട്ടം എന്റെ മുഖത്ത് തറയ്ക്കാതിരിയ്ക്കുവാനായി ഞാൻ പിൻ ബെഞ്ചിൽ സ്ഥാനം പിടിച്ചപ്പോൾ ,,
ഇത്തരം പ്രവൃത്തികൾ ഇനി മേലാൽ നീ ആവർത്തിച്ചു പോകരുത് ..” എന്ന് കൽപ്പിച്ചു..
ആ ദിവസങ്ങളിൽ വീട്ടിൽ എത്തിയാലും ഞാൻ വല്ലാത്ത അവസ്ഥയിലായിരുന്നു..
അച്ഛൻ കണ്ണുകൾ  തുറിപ്പിച്ചു
അമ്മ അടിയ്ക്കുവാൻ ഒങ്ങി..
ചേച്ചി കളിയാക്കി..
അനുജൻ കൊഞ്ഞനം കുത്തി..
കൂട്ടുകാർ കളിയ്ക്കാൻ കൂട്ടാതെയായി..
കളി സ്ഥലങ്ങളിൽ പോയി ഞാൻ വെറുതെ മൌനം പൂണ്ടിരുന്നു..അങ്ങനെ ആരും എന്നോട് മിണ്ടാതെയായി..ചിരിയ്ക്കാതെയായികൂട്ടുകൂടാതെയായി..
പരിഹാസം മുറ്റുന്ന നോട്ടങ്ങളും ചിരികളും മാത്രമായി..
എന്റെ ജീവിതത്തിൽ ഈ സംഭവങ്ങൾ അരങ്ങേറാൻ തുടങ്ങിയിട്ട് ഇന്നലത്തേയ്ക്ക് കൃത്യം ഒരു മാസം തികഞ്ഞിരിയ്ക്കുന്നു..
എനിക്ക് ഇനിയും ഒളിച്ചു വെയ്ക്കാനാവില്ല..
ഞാൻ സങ്കടത്തിൽ മുങ്ങി മരിച്ചു പോകും പോലെയായിരിയ്ക്കുന്നു..
എന്നാൽ ഇന്നലെ ഞാൻ എന്റെ നോട്ട് പുസ്തകം മാറോട് ചേർത്ത് ആരെങ്കിലും കാണുന്നുണ്ടോ എന്ന് ചുറ്റിനും നോക്കി പുഞ്ചിരിച്ചപ്പോൾ  ടീച്ചർ എന്നോട് ചോദിച്ചില്ലേ..
വായിയ്ക്കുന്നതിനിടയിൽ ഉണ്ട കണ്ണുകൾ അപ്പുറവും ഇപ്പുറവും പായിച്ചിട്ടുള്ള ഇത്രയും വലിയ ആനന്ദം എന്തിനാണ് ചന്തു”..എന്ന്..
ആ രഹസ്യമാണ് ഞാനിപ്പോൾ വെളിവാക്കാൻ പോകുന്നത്..
എങ്ങനെ തുടങ്ങും എന്ന് അറിയില്ലെങ്കിലും ഞാൻ പറയുകയാണ്..

“ആവശ്യമോഅനാവശ്യമോസങ്കോചം പിന്നേയും പിടി കൂടുന്നു
ഈ കുട്ടി എന്തിനുള്ള പുറപ്പാടാണ്…?’

ദിവസങ്ങളും മാസങ്ങളുമായി എനിയ്ക്ക് കവിതകൾ കുറിയ്ക്കുന്ന ശീലം ടീച്ചർ മൂലം ഉണ്ടായിരിയ്ക്കുന്നു..
അവയെല്ലാം ഞാൻ മയിൽപ്പീലികൾ കണക്കെ ഓരോ താളുകളിലായി ഒളിപ്പിച്ച് വെച്ചു..
എന്നാൽ കഴിഞ്ഞ മാസം രണ്ടാം തീയ്യതി ഞാൻ ടീച്ചറെ കുറിച്ചുള്ള ഒരു കവിത എഴുതുക എന്ന ആഗ്രഹത്തിന് അന്ത്യം ഇട്ടു കൊണ്ട് പത്ത് വരികൾ എഴുതി..
അത് ടീച്ചറെ എങ്ങിനെ കേൾപ്പിയ്ക്കും..സമ്മാനിയ്ക്കും എന്ന ആശങ്കയിലായിരുന്നു ഞാന്‍..
ചുവടെ  ആ വരികൾ കുറിയ്ക്കുന്നുസ്വീകരിച്ചാലും..

നൊമ്പരങ്ങൾ പൂ പുഞ്ചിരികളാക്കുവാനും
ആനന്ദ നിമിഷങ്ങൾ ആഴികളാക്കുവാനും
എന്നിലെ കവിതകൾക്ക് പിറവി നൽകുവാനും
സ്വപ്നങ്ങളെ ചിറകിലേറ്റി കടലാസ്സിൽ ഒതുക്കുവാനും
വാക്കുകൾ ജ്വാലയായ് പടർത്തുവാനും
ഒരു തണലായ്..
അരികിൽ ഒരിളം തെന്നലായ് വീശി
സ്വച്ഛമാം നിലാവിൻ  ശോഭകൾ പരത്തി
മണ്ണിലിറ്റ് വീഴും രാമഴ കുളിർമകൾ പൊഴിച്ച്
മാതൃസ്പർശമായ് തലോടും ഗുരുവേ.പ്രണാമം..“

സ്നേഹത്തോടെ ചന്തു..!

കണ്ണുകൾ നിറഞ്ഞൊഴുകി..
ചന്തുവിനെ അൽപ്പ നിമിഷങ്ങൾക്കെങ്കിലും സംശയിച്ചുവല്ലോ..
ദൈവമേ.നിനക്ക് എന്നോട് എങ്ങിനെ പൊറുക്കാനാകും..?”
മാറാല മണക്കുന്ന മുറിയിൽ പൊടി പിടിച്ച തറയിൽ തളർന്നിരുന്നു പോയി..
ഒരു ആശ്വാസം ലഭിയ്ക്കണമെങ്കിൽ എനിയ്ക്കവനെ, എന്റെ ചന്തുവിനെ ഇപ്പോൾ കാണണം..
ചുറ്റിനും നോക്കിതിരിഞ്ഞു നോക്കി..അതാ.
മുറിയുടെ കതകിൽ അവൻ മറഞ്ഞ് നിൽക്കുന്നു..
ചുണ്ടുകളിൽ മനസ്സ് നിറയ്ക്കുന്ന പുഞ്ചിരി..
അവനെ കൈകൾ നീട്ടി അരികിലേയ്ക്ക്  വിളിച്ചു..
എന്റെ ചന്തൂ.എനിയ്ക്കറിയാം നിന്നെ..
പക്ഷേ…എന്നിട്ടും നീ എന്നെ പേടിപ്പിച്ചുവല്ലോ ന്റ്റെ കുട്ടീ..

അപ്പോഴും അവൻ പുഞ്ചിരിച്ചു..!

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...