Friday, December 30, 2011

ന്റ്റെ സ്നേഹോപഹാരം...!

നീണ്ട മൌനത്തില്‍ നിന്ന് മയങ്ങി ഉണരാന്‍ വെമ്പും
വരും നാളെകള്‍ എന്‍റെ  പ്രിയര്‍ക്കായ്!


എന്റെ പ്രണയ സ്വാതന്ത്ര്യമാണ് “പെയ്തൊഴിയാന് “..
പിന്നിട്ട ദിനങ്ങളിലെ എന്റെ പ്രണയ സൌന്ദര്യം എന്റെ പ്രിയര് മാത്രമാണ്..!

പെയ്തൊഴിയാത്ത മഴ പോലെ..
കുത്തിയൊഴുകുന്ന പുഴ പോലെ..
പ്രേമത്തിന്റെ ലഹരി പോലെ..
രാവിനെ ആശ്ലേഷിയ്ക്കും നിലാവിനെ പോലെ..
എന്റെ നിശ്ശബ്ദ സ്നേഹം വാക്കുകളാല് മറച്ചു കൊണ്ട് ഞാന് മോചിതയാവുകയാണ്..!

മോഹിയ്ക്കും മഞ്ഞുകാല സായാഹ്നങ്ങളും..
മണ്ണിനെ ചുംബിയ്ക്കും മഴനീര്ത്തുള്ളികളും..
ബാല്യം ഉണര്ത്തും മാമ്പഴക്കാലവും..
നിറമുള്ള പൂക്കള് വിരിയും പ്രണയ ദിനങ്ങളും..
എന്റെ  സ്നേഹോപഹാരമായ്  നിങ്ങള്ക്ക് അര്പ്പിച്ച്
വരും പവിത്ര ദിനങ്ങള് ജനിയ്ക്കാനായ് ഞാന് നിങ്ങള്ക്ക് കൂട്ടു നില്ക്കുകയാണ്..

എന്റെ പ്രിയര്ക്ക് സ്നേഹം നിറഞ്ഞ..ഹൃദ്യമായ പുതുവത്സരാശംസകള്…!

വര്‍ഷം, ഹേമന്തം, ശിശിരം, ഗ്രീഷ്മം...തുറക്കും കവാടം...!

( Click above to download NEW YEAR calender )

Wednesday, December 7, 2011

രോദനം...


സ്വൈര്യം കളഞ്ഞു നാശം..!
നീ ഇങ്ങനെ ആര്‍ത്തലച്ച് കരയുന്നതിന്‍റെ കാരണം വ്യക്തമാക്കൂ..
നിനക്ക്  വിശക്കുന്നുണ്ടോ?
വിശക്കുന്നവന്‍  അന്നം നല്‍കണമെന്നത് ദൈവ വചനം..
ഞാനത് അനുസരിയ്ക്കുന്നു..
നിനക്ക് ഒരു പിടിയല്ല..വയറു നിറയെ ഉണ്ണാനുള്ള അരിമണികള്‍ നിന്‍റെ മാറാപ്പ് സഞ്ചിയില്‍  നിറഞ്ഞ നാഴികള്‍  കൊണ്ട് അളക്കാതെ ഞാന്‍ കമഴ്ത്തി തരാം..
തോളിലെ ആ ഭാരം ചുമന്ന് നീ ഈ വീടിന്‍റെ മുന്‍ വശത്തെ തൊടിയിലൂടെ ഇറങ്ങുന്ന ഇടുങ്ങിയ ഇടവഴിയിലേയ്ക്ക് പ്രവേശിയ്ക്കുക..
ആ ഇടവഴി അവസാനിയ്ക്കുന്ന മാളിക മുറ്റത്ത് കിരീടമണിഞ്ഞ രാജാവിനേയും രാജ്നിയേയും കാണാം..
പ്രജകളുമായുള്ള അവരുടെ തര്‍ക്കങ്ങള്‍ മൂക്കുമ്പോള്‍ ഓടി വരുന്ന വാത്സല്ല്യവും..
സ്നേഹ പ്രകടന ഹര്‍ജികളാല്‍ അവരെ പാട്ടിലാക്കുന്ന അരമന റാണിയേയും കാണാം..
പൊട്ടിച്ചിരികളുടേയും ആഹ്ലാദങ്ങളുടേയും ലോകം നിനക്ക്  അന്യമല്ല. 
സാവകാശം നീങ്ങാം..
ഇനി ആ മാളിക മതിലിനപ്പുറത്തേയ്ക്ക് ഒന്ന് എത്തി നോക്കിയാല്‍ ഇന്നേ വരെ കാണാത്ത ഒരു പുതു ലോകം ദര്‍ശിയ്ക്കാം...
ഒരു കുഞ്ഞിന്‍റെ കാലടി ശബ്ദം കൊതിച്ച് മരവിച്ച് കിടക്കുന്ന ചാണക വെള്ളം തെളിച്ച തറയും
ആ തറയില്‍ വിശപ്പിന്‍റെ ആലസ്യം തീര്‍ക്കാനാവാതെ തളര്‍ന്നുറങ്ങുന്ന കിരീടമില്ലാത്ത രാജകുമാരനും രാജകുമാരിയും..
കൊതിപ്പിയ്ക്കുന്ന രുചികളുടെ ആവിയും  മണവുംഅലുമിനിയം പാത്രങ്ങളുടെ തട്ടലുകളും മുട്ടലുകളും കാത്ത് കിടക്കുന്ന അടുക്കളയും..
വിറയ്ക്കുന്ന ചുണ്ടുകളാല്‍ ഒരായുഷ്ക്കാലം തീര്‍ക്കാനായി ഒരിടം തിരഞ്ഞെടുത്ത പോലെ ആ മുക്കില്‍ ചുരുണ്ടിരിയ്ക്കുന്ന കരിഞ്ഞ ജീവനും..
തോളിലെ ഭാരം ഇപ്പോള്‍ അസഹ്യമായി തോന്നുന്നില്ലേ…?
ആ മാറാപ്പിലെ  അരി മണികള്‍ അവളുടെ മടിത്തട്ടിലേയ്ക്ക് പകര്‍ത്തി  അവള്‍ കൈമാറുന്ന കടാക്ഷവും കൈപറ്റി ഇടം വലം നോക്കാതെ ഇറങ്ങി തിരിച്ച ഇടുങ്ങിയ ഇട വഴിയിലൂടെ തന്നെ തിരിയ്ക്കുക..
കരുണയെന്ന മഹത് പ്രവൃത്തിയില്‍ വിശ്വസിച്ച് കൈകള്‍ കഴുകി ഭോജന മുറിയില്‍  വന്നാല്‍  കിണ്ണങ്ങളുടേയും കരണ്ടികളുടേയും  ഒച്ചകള്‍  അലസോലപെടുത്തുന്നതായി തോന്നുകില്ല...!
 

അല്പം വിശ്രമം ആകാം..
ഇനി ഒരു യാത്രയ്ക്ക് ആവശ്യം വരുന്നതിനേക്കാളേറെ പണതുട്ടുകള്‍ പണ സഞ്ചിയില്‍ അടുക്കി നിന്നെയൊരു യാത്രയ്ക്ക് ഒരുക്കുകയാണ്‍..
പണ സഞ്ചി ഇടുപ്പില്‍ ഭദ്രമായി തന്നെ ഇരിയ്ക്കട്ടെ..
കാല്‍ നടയാകാം..
വരണ്ട വയൽപ്പാടങ്ങളുടേയും ഞെട്ടറ്റു വീണ ഞാവല്‍പ്പഴ മരങ്ങളുടേയും ഇടയിലൂടെ പരിചിതമല്ലാത്ത വഴികളിലൂടെയുള്ള അലച്ചല്‍ ഒരു കൊച്ചു ഭവനത്തിന്‍റെ ഉമ്മറ പടിയില്‍ അവസാനിപ്പിയ്ക്കും..
ആ വേലി മറ നീക്കി തുറന്നു കിടക്കുന്ന കതകില്‍ തട്ടിയാല്‍ ആള്‍മറ നീക്കി തിളക്കമുള്ള കണ്ണുകളും  മിനുക്കമുള്ള മുഖവുമുള്ള സുന്ദരി സല്‍ക്കരിയ്ക്കാനായി ഓടി വരും..
അവളുടെ ഭര്‍ത്താവ്  അന്യ ദേശത്തു നിന്ന് അവര്‍ക്ക്  പിറന്ന പൊന്നോമനയെ കാണാന്‍ മരുഭൂമിയില്‍ നിന്ന് ഇറങ്ങി വരുന്ന സന്തോഷമാണ്‍ ആ മുഖത്ത്..
മുറ്റത്ത് വിരിഞ്ഞു നില്‍ക്കുന്ന പൂക്കളിലും..അകത്ത്  മകന്‍ പലഹാരങ്ങള്‍ ഒരുക്കുന്ന  വാത്സല്ല്യ ഹൃദയത്തിലും കാണാം അവളുടെ മുഖത്തെ വിവിധ വര്‍ണ്ണങ്ങള്‍ പാറി കളിയ്ക്കുന്നത്..
ഇനിയും കുറച്ച് ദൂരം യാത്ര ചെയ്യാനുള്ളതാണ്‍..
ഇരുട്ടി തുടങ്ങിയാല്‍ പിന്നെ കാല്‍നടക്കാര്‍ അധികം കാണില്ല..
അധിക സമയം അവിടെ കരുതി വെയ്ക്കാനില്ല...
പുറപ്പെടാം..
കിഴക്ക് വശത്തായി ഇഷ്ടം പോലെ സ്ഥലം ഒഴിഞ്ഞു കിടക്കുന്നു..
നടത്തത്തിന്‍റെ വേഗത ചുരുക്കി ചുറ്റും നോക്കിയാല്‍ ആള്‍മറയില്ലാതെ തുറന്നു കിടക്കുന്ന ഒരു കൂര കാണാം..
അനുവാദത്തിനായി കാത്തു നില്‍ക്കേണ്ടതില്ല...
ദശയില്ലാതെ  എല്ലുന്തിയിരിയ്കുന്ന വികൃത രൂപത്തെ ഓര്‍മ്മിപ്പിയ്ക്കുന്ന ഒരു പേയ് കോലത്തെ തട്ടി തടഞ്ഞ് വീഴുമെന്നത് നിശ്ചയം..
അവള്‍ക്ക്  വെട്ടം ഭയപ്പാടുണ്ടാക്കുന്നുവത്രെ,..
അവള്‍ ഒരു മനോരോഗിയാണ്‍.നിരാലംബയാണ്‍....ഒരമ്മയാണ്‍..
ഏതോ ഇരുളാര്‍ന്ന പകലുകളും ഉഷ്ണിച്ച രാത്രികളും അവള്‍ക്കു നല്‍കിയ പ്രണയോപഹാരം ആ മടിത്തട്ടില്‍ മയങ്ങി ഉറങ്ങുന്നു..
ഇടുപ്പിലെ പണസഞ്ചി ഇരിയ്ക്കുന്നിടം ഇപ്പോള്‍ ഇറുക്കുന്നുവല്ലേ??
അതിനെ വലിച്ചെടുത്ത് അവള്‍ അറിയാതെ അവളുടെ സാരി തലപ്പില്‍ കെട്ടിയിട്ട്  വന്ന വഴിയ്ക്കു തന്നെ തിരിയ്ക്കാം..

വീട്ടു പടി കടന്നതും കിണറ്റില്‍ നിന്ന് വെള്ളം കോരി കാലും കൈയ്യും മുഖവും കഴുകി ഉമ്മറ തിണ്ണയില്‍ ചായുമ്പോഴേയ്ക്കും ചായയും പലഹാരവും തയ്യാറയിരിയ്ക്കും..
പതിവില്ലാത്ത യാത്ര.
ക്ഷീണം തോന്നുന്നുണ്ടെങ്കില്‍  ഇച്ചിരി  നേരം കതകടച്ച്  മുറിയിലിരിയ്ക്കൂ..
തനിച്ചാകുന്ന ആ നിമിഷങ്ങളില്‍  വേദനകള്‍  പടര്‍ന്ന ചൊദ്യങ്ങളെ വായുവിലേയ്ക്ക് എടുത്തെറിയുക...
അതേ വേഗതയില്‍ തിരിച്ചു  വന്നു വീഴുന്ന ഉത്തരങ്ങളെ പെറുക്കി  കൂട്ടി സൌകര്യാര്‍ത്ഥം വാതില്‍ തുറക്കുക..
ഗാഡമായ  ആലോചനയില്‍ എന്നോണം  ഞാന്‍ അവിടെ തന്നെ കാവലിരിയ്ക്കുന്നുണ്ടാകും....!


“വിയര്‍പ്പിന്‍റെ രൂക്ഷ ഗന്ധവും ആത്മാവിന്‍റെ വേദനയും അനുഭവപ്പെടുന്നു നീ ആ വാതില്‍ പാളികള്‍ തള്ളി തുറന്നപ്പോള്‍..
പിന്നേയും രോദനംപിന്നേയും രോദനം..
നിനക് ഇപ്പോഴും വിശക്കുന്നുണ്ടോ..?“

“അല്ലാഅതല്ലാഎന്നെ കേള്‍ക്കാന്‍ മനസ്സ് കാണിയ്ക്കൂ
നിങ്ങള്‍ക്കറിയോ..
എന്റ്റെ കഴുത്തിലും മാറിലും ഒരുപാട് ചൂട് കുരുക്കള്‍ പൊന്തിയിരിയ്ക്കുന്നു..
ചുട്ടു പൊള്ളലുകള്‍  സഹിയ്ക്കാനാവാതെ .. സ്വയം ഊതി കെടുത്താനാവാതെ
ഞാന്‍ വീണ്ടും വീണ്ടും മാനത്ത് വട്ടം കറങ്ങി തിരിയുന്ന  മഴ മേഘ കൂട്ടങ്ങളെ  ഒരു വേനല്‍ മഴയ്ക്കായ് ആര്‍ത്തിയോടെ നോക്കി..
അപ്പോഴുണ്ട്.. അവര്‍ക്ക് പെട്ടെന്ന് കണ്ണും മൂക്കും വായും വന്ന പോലെ..
അവര്‍ ജിജ്നാസയോടെ  ചോദിച്ചു,
“നിന്‍റെ പ്രണയം ഒരു ഉല്ലാസ യാത്രയ്ക്ക്  പുറപ്പെട്ട്  പോയതല്ലേ..?
എന്നിട്ടും നീ എന്തിനു ഒരു വിരഹിണി കണക്കെ.. ഒരു പട്ടിണി പാവം കണക്കെ  അവന്‍ എറിഞ്ഞു തരുന്ന  അന്നത്തിനായി കൈ നീട്ടി നില്‍ക്കുന്നു..?
നിനക്ക് എറിഞ്ഞു തരുന്ന  അന്ന പൊതിയില്‍ നിന്നൊരു വറ്റ്  മണ്ണില്‍ തെറിച്ചു വീഴുമ്പോഴും ആര്‍ത്ത്തിയോടെ  ഒരു മൊട്ടു സൂചി കൊണ്ടതിനെ നോവിയ്ക്കാതെ എടുത്ത് ഭക്ഷിയ്ക്കുന്നു..
കനമുള്ള പോറലുകള്‍ പേറാന്‍  നിനക്കാവുന്നത് എങ്ങനെ..?“

എന്റ്റെ വേദന അവര്‍ മനസ്സിലാക്കിയിരിയ്ക്കുന്നു..
നിനക്ക് നല്‍കാനാവാത്ത  ഉത്തരം ഞാനവര്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിതയായി..

“തിരശ്ശീലയ്ക്കു പിന്നില്‍ നിന്ന്  “രണ്ട് കണ്ണുകള്‍ “ ഇറുക്കി അടച്ചു കൊണ്ട്  എന്നോട് പറഞ്ഞു,
‘ജോലിയില്‍ വിള്ളലുകള്‍..
അതു സംബന്ധിച്ച് ജീവിതത്തില്‍ വിള്ളലുകള്‍..
ഒന്നു നിര്‍ത്തി.. കണ്ണുകള്‍ ചിമ്മി അടച്ചു..
ഡാമില്‍ വിള്ളലുകള്‍..
ജീവിതങ്ങളില്‍ ഇങ്ങനെ ക്ഷതികള്‍..
നരകമെവിടെസ്വര്‍ഗ്ഗമെവിടെ?
സൌഹൃദങ്ങള്‍ പോലും ഒരു മായയാണ്‍ കുട്ടീ..
സ്നേഹം..ബന്ധങ്ങള്‍.. എല്ലാം മിഥ്യയാണ്‍..
ഏതില്‍ മുഴുകിയാലും എല്ലാം നശിയ്ക്കും..
ഈശ്വരന്‍ മാത്രം ശാശ്വതം..സ്വന്തം..
നീയും അവനോട് അടുക്കു..
നിന്‍റെ വേദനകളെ  ഇല്ലാതാക്കു..“
 
‘കഷ്ടം..!
മഴമേഘങ്ങള്‍  പരിതപ്പിച്ചു...പിന്നെ ശാസിച്ചു..
ഏതു നേരവും നിന്നില്‍ ഉയരുന്ന തേങ്ങലുകള്‍ വിശപ്പിന്‍റേതു തന്നെ..
എപ്പോഴും തണുത്തുറച്ച്   വിറങ്ങലിച്ചിരിയ്ക്കുന്ന  നിന്‍റെ ഉടലിന്‍
ഇടറിയ കാല്‍വെയ്പ്പുകള്‍  ശീലമല്ല 
വിള്ളലുകള്‍ ശീലമല്ല..
വിശപ്പുകള്‍ ശീലമല്ല..
നീ അപരിചിതരെ  ഭയക്കേണ്ടിയിരിയ്ക്കുന്നു..
ദുഷ് ചിന്തകള്‍ നിന്നെ ആക്രമിച്ചേയ്ക്കാം..“

ഒരു വേനല്‍ തുള്ളിയെ പോലും അനുവദിയ്ക്കാതെ ആ മഴമേഘ കൂട്ടങ്ങള്‍  വട്ടം കറങ്ങി..കറങ്ങി..വിട വാങ്ങി..

ഞാന്‍ ഇപ്പോഴും ആലോചനയിലാണ്‍..
മഴമേഘങ്ങളെ നിങ്ങളോടിത്രയും  പറഞ്ഞു തീര്‍ക്കാനുള്ള ധൈര്യം എനിയ്ക്ക് എവിടെന്നു കിട്ടി..?


Saturday, November 19, 2011

കല്ല്യാണ തേന്മഴ ...!


“ചപ്പി ചീവിയ നനഞ്ഞൊട്ടിയ തലമുടിയും...
ഒട്ടിയ കവിളുകളിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികളും..
മഴയില്‍ കുളിച്ച് തനിച്ചു വന്നിരിയ്ക്കുന്നു പെണ്ണു കാണാന്‍ വന്ന ചെറുപ്പക്കാരന്‍..
അതായിരിയ്ക്കാം പ്രേമന്‍റെ ചുമലുകള്‍ ചെറുതായി വിറയ്ക്കുന്നത്..
ചുളുന്നനെ കുത്തുന്ന മഴ വെള്ള തണുപ്പ് അസഹ്യമാണ്‍..
പ്രേമനെ കുറ്റപ്പെടുത്താനാവില്ല..
പാവം....!
പ്രേമനെ സല്‍ക്കാര മുറിയില്‍ നിന്ന് അകത്തളത്തിലേയ്ക്ക് കൊണ്ടു പോയി ഇരുത്തൂ..“
 അമ്മമ്മ കൽപ്പിച്ചു...ഉണ്ണിയേട്ടന്‍  അനുസരിച്ചു..!

തനിയ്ക്കു നേരെ നീണ്ട കൈവിരലുകളിലെ ചായക്കപ്പില്‍ നിന്ന് അവളുടെ തുടുത്ത മുഖത്തേയ്ക്ക് പ്രേമന്‍റെ കണ്ണുകള്‍ പരതി..
“എന്താ പേര്‍..?
രാധ…കൃഷ്ണന്‍റെ രാധ..!
ഞാന്‍ തന്നെ വേഷം കെട്ടിച്ചു എന്ന് തോന്നുന്നുണ്ടോ..കൃഷ്ണന്‍റെ രാധേ..?
ഊഹും..ഞാനും കാണാന്‍ കാത്തിരിയ്ക്കായിരുന്നു..
ഉവ്വോ..?
നമ്രമുഖി അല്ലെങ്കിലും രാധയുടെ ഈ നിൽപ്പ് എന്‍റെ കണ്ണുകള്‍ക്ക് ആനന്ദം നല്‍കുന്നൂ..“
അവന്‍ പുഞ്ചിരിച്ചു,
അവള്‍ മന്ദഹസിച്ചു…!
ചെറിയൊരു നാണം അവള് അനുഭവിയ്ക്കുന്നൂ..,
അവന്‍ ആശ്വാസം തോന്നി…!

“ഉനക്ക് തമിഴ് തെരിയുമാ..”
ന്താ…?
അവളില്‍ പൊടിഞ്ഞ നാണം ഇപ്പോള്‍ കൌതുകം,  അമ്പരപ്പ്, ആകാംഷ എന്നീ വികാരങ്ങളിലേയ്ക്ക്  വഴിമാറുന്നത് അവന്‍ അന്തം വിട്ട് നോക്കി ഇരുന്നു.
“താനിങ്ങനെ ഞെട്ടുന്നതെന്തിനാ കുട്ടീ..തനിയ്ക്ക് തമിഴ് ഭാഷ വശമുണ്ടോ എന്ന് മാത്രമല്ലേ ഞാന്‍ ചോദിച്ചുള്ളൂ..“
“അതേയോ..
ഉവ്വ്...നിയ്ക്ക് ഇഷ്ടാണ്‍  തമിഴ്…
കാണാനും കേള്‍ക്കാനും സുഖമുള്ള മനോഹര ഭാഷയാണ്..
പക്ഷെ എന്നെ പോലെയുള്ളവര്‍ കുഴയും തമിഴ്  അര്‍ത്ഥം അറിഞ്ഞ് വായിയ്ക്കണമെങ്കില്‍..
ന്തേ…എന്താണ് പ്രേമന്‍ ഈ ഭാഷയോട് പ്രിയം..?“
“ഹേയ്…അങ്ങനെ പ്രത്യേക കാരണം ഒന്നുമില്ല, എന്നാല്‍ ഉണ്ട് താനും..
കുറച്ച് മാസങ്ങള്‍ക്കകം എനിയ്ക്ക് ചെന്നൈയിലോട്ട്  ഒരു സ്ഥല മാറ്റം..
ഭാഷ വശമില്ല എന്ന കാരണത്താല്‍ താന്‍ ബുദ്ധിമുട്ടരുതല്ലോ..“

ഉം…മാറിലേയ്ക്ക് വീണു കിടക്കുന്ന മുല്ല മാലയില്‍ നിന്നൊരു ഇതള്‍ പറിച്ചെടുത്ത് അവള്‍ കളിച്ചു നിന്നു..
ആ ഇതളിന്‍റെ അന്ത്യവും കാത്ത് അവന്‍ നോക്കി ഇരുന്നു..

“രാധേ..എന്നെ ഇഷ്ടമായെങ്കില്‍, ചെന്നൈ ഇഷ്ടമാവുമെങ്കില്‍ താന്‍ തന്‍റെ പെട്ടി സാമഗ്രികള്‍ രഹസ്യമായി ഒരുക്കാന്‍ തുടങ്ങിക്കോളൂ ..
പിന്നെ എന്നോട് മാത്രമായി എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍  അതും ആവാം ഇപ്പോള്‍..“
അവളുടെ തിളങ്ങുന്ന കണ്ണുകളിലേയ്ക്ക് അവന്‍ ഉറ്റു നോക്കി..
“ഊഹും..
ഇപ്പോള് നിങ്ങള്‍ക്ക് നല്കുവാനായി എന്‍റെ കയ്യില്‍ വിവരണങ്ങളൊന്നും തന്നെ ഇല്ല പ്രേമന്‍..,“
അവളുടെ വിരലുകള്‍ അടുത്ത ഇതള്‍ പറിച്ചെടുക്കുവാനായി ഒരുങ്ങി..
“എന്‍റെ മന ചെപ്പില്‍ എന്‍റെ പ്രിയനായ് ഞാന്‍ ഒളിപ്പിച്ചു വെച്ചിരിയ്ക്കുന്ന പളുങ്കു മണികള്‍ ഒരിയ്ക്കല്‍…
……..ഉം……നമ്മുടെ ആദ്യരാത്രിയില്‍ മണിയറ മെത്തയില്‍ നിനക്കായ് ഞാന്‍ വിതറി തരാം..
ക്ഷമയുണ്ടാകില്ലേ പ്രേമന്‍..?“

അവന്‍റെ കണ്ണുകളിലെ തിളക്കം വര്‍ദ്ധിച്ചു..
അവളുടെ നുണകുഴികളില്‍ ഇനിയും വീഴാത്ത നാണം  അവന്‍റെ ഒട്ടിയ കവിളുകളിലേയ്ക്ക് വ്യാപിച്ചു..
രാധ നല്‍കിയ ചുടു ചായ ഊതി കുടിയ്ക്കാനെന്നോണംകയ്യിലെടുത്തു
തണുത്തുവെന്ന് ബോധ്യമായപ്പോള്‍ പ്രേമനത് ഊറ്റി കുടിച്ച് ഇറങ്ങാനായി ഭാവിച്ചു…


***********************************************************************************

രാപ്പകല്‍ എന്നില്ലാതെ  ആര്‍ത്തലയ്ക്കുന്ന ഒടുങ്ങാത്ത മഴ…!
വലതുകാല്‍ നീട്ടി രാധ വളരെ സാവകാശം ഗോവണിപ്പടികള്‍  കയറി..
കിടപ്പറയുടെ വാതിലടഞ്ഞുവെന്ന്  ഉറപ്പു വരുത്തി മേശമേല്‍ പാല്‍ നിറച്ച കുപ്പി ഗ്ലാസ് വെച്ച്,
നനവ് വെടിയാത്ത മുടിയിഴകളില്‍ ഉടക്കി നില്‍ക്കുന്ന മുല്ലമാലകള്‍ വേര്‍പ്പെടുത്തി കാത്ത് നിന്നു..
ആ വെളുത്ത പൂക്കള്‍ മുത്തുമണികള്‍  പോലെ നിലത്ത്  ചിന്നി ചിതറുന്നതും നോക്കി അവന്‍ മെത്തയിലിരുന്നു..

“നനഞ്ഞൊലിച്ച കല്ല്യാണ നാളും, ഈറനണിഞ്ഞ ആദ്യ രാത്രിയും..
രാധേ നീ അറിയുന്നില്ലേ പുറത്തെ മേളം..?
നിന്നെ കണ്ട നാള്‍ മുതല്‍  അകമ്പടിയായി ഈ കള്ളന്‍ മഴയുമുണ്ട് എന്‍റെ കൂട്ടിന്‍..
മഴ നിന്നെ ഓര്‍മ്മിപ്പിയ്ക്കുന്നു പ്രിയേ..”

“ഉം..എനിയ്ക്ക് അറിയാമായിരുന്നു എന്‍റെ കല്ല്യാണ നാള്‍ നനഞ്ഞൊലിയ്ക്കുന്നതായിരിയ്ക്കുമെന്ന്..
കുഞ്ഞു നാള്‍ മുതല്‍ കിണ്ണത്തില്‍ നിന്ന് ചിരകിയ തേങ്ങ വാരി ഓടുമ്പോള്‍ എന്‍റെ അമ്മ പറയാറുണ്ട്..
‘നിന്‍റെ കല്ല്യാണത്തിന്‍ മഴ പെയ്യട്ടെ എന്ന്..’
എന്‍റെ അമ്മയ്ക്ക് പിഴയ്ക്കാറില്ല....!”

“അതേയോ...എന്നാല്‍ ഞാന്‍ ഇരട്ടപ്പഴം കഴിയ്ക്കാന്‍ ഉത്സാഹം കാണിയ്ക്കുമ്പോള്‍ എന്‍റെ അമ്മയും പറയാറുണ്ട്,
‘നിനക്ക് ഇരട്ട കുട്ടികള്‍ പിറക്കട്ടെ‘എന്ന്..അപ്പോള്‍ അതും സംഭവിയ്ക്കുമല്ലേ..?”
അവന്‍ അവളെ ഒളികണ്ണാല്‍ നോക്കി..എന്തേ...അവളില്‍ ലജ്ജയുടെ ഒരംശം പോലും പൊടിയുന്നില്ലാ...?
“രാധേ...ക്ഷീണം കൊണ്ടാണൊ നിന്‍റെ കണ്ണുകള്‍ മിഴിയാത്തത്..?
ഇങ്ങടുത്ത് വരൂ..
എനിയ്ക്ക് നിന്നെ ഈ രാമഴയില്‍ തന്നെ അറിഞ്ഞേ തീരൂ..
നിന്‍റെ മനചെപ്പ് തുറന്ന് ആ പളുങ്ക് മണികള്‍ വിതറി ഈ അരണ്ട വെട്ടത്തെ കണ്ണഞ്ചിപ്പിയ്ക്കുന്നതാക്കൂ..
ആ മണി കിലുക്കം കേള്‍ക്കാനായ് ഞാന്‍ അന്നു മുതല്‍ കാതോര്‍ത്തിരിയ്ക്കുകയാണ്‍..”
ഉം....അവള്‍ അവനരികില്‍ സ്ഥലം ഉണ്ടാക്കി ചേര്‍ന്നിരുന്നു..
അവളുടെ നുണകുഴികളില്‍ ലജ്ജയുണ്ടോ..?

“പ്രേമന്‍.....ഇവിടുത്തെ അന്തരീക്ഷം എനിയ്ക്ക് ഇഷ്ടന്മായി..എന്‍റെ കണ്ണുകളില്‍ ഉറക്കം നിറയുന്നതിന്‍റെ ലക്ഷണമാണത്..
ഇനി ഞാന്‍ പറയാന്‍ പോകുന്നത് കാതോര്‍ത്തിരിയ്ക്കാ..
നമ്മള്‍ കണ്ട നാള്‍  പെയ്ത മഴ മുതലീ രാമഴ വരേയ്ക്കും ഞാനും കാത്തിരിയ്ക്കായിരുന്നുഈ ഒരു നിമിഷത്തിനായ്..
ഞാന്‍ പ്രേമനു വേണ്ടി സൂക്ഷിച്ചു വെച്ചിരിയ്ക്കുന്നത് വെറും അഞ്ചേ അഞ്ച് മുത്തു ചിപ്പികള്‍ മാത്രമാണ്‍..
ഈ അന്തരീക്ഷത്തില്‍ നിങ്ങള്‍ സമാധാനം കാംക്ഷിയ്ക്കുന്നുവെങ്കില്‍ ഞാന്‍ സംസാരിയ്ക്കുന്ന സ്വഭാവം തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കിയിരിയ്ക്കണം..
കേള്‍ക്ക നിങ്ങളെന്നെ..."

“പുലര്‍ക്കാല നേരത്ത് തോരാന്‍ പോകുന്ന മഴയെ നോക്കി കണ്ണുകള്‍ നിറയുക എന്‍റെ വിഷാദ രോഗത്തെ സൂചിപ്പിയ്ക്കുന്ന മനോ വിനോദമാണ്‍..
അന്നേരം എന്‍റെ നനഞ്ഞ കണ്ണുകളെ ചൂഴ്ന്നെടുക്കാന്‍ വരുന്ന ബലിഷ്ഠ കരങ്ങളെ എനിയ്ക്ക് ഭയമാണ്...” 


പാതിരാ മഴയില്‍ തിളയ്ക്കുന്ന എന്‍റെ പ്രണയ പരവേശം അക്ഷര മുത്തുകളാല്‍ കോര്‍ത്ത് മാല പണിയുന്നത്  എന്‍റെ ഹരമാണ്..
ആ മണിമുത്തുകളെ പൊട്ടിച്ചെടുക്കാന്‍ തുനിയുന്ന കത്തുന്ന കണ്ണുകളെ എനിയ്ക്ക് വെറുപ്പാണ്‍..”‘

“ബാല്യം മുതല്‍ ഞാന്‍ ശീലിച്ച കാച്ചിയ എണ്ണയുടെ ഗന്ധം,
ഞാന്‍ തന്നെ തുന്നിച്ചേര്‍ത്ത തലയിണ ഉറയെ നാറ്റമുള്ളതാക്കുന്നു എന്ന് പറയുന്ന അറപ്പുള്ള വാക്കുകളെ എനിയ്ക്ക് ഉള്‍ക്കൊള്ളാനാവില്ലാ..”


“കൌമാരം മുതല്‍ ഞാനണിഞ്ഞ് ശീലിച്ച കൈ നിറയെ കരി വളകളും ഒഴിഞ്ഞ കഴുത്തും മറ്റൊരാളുക്കു വേണ്ടി പൊട്ടിച്ചെറിയുവാനും എടുത്തണിയുവാനുമുള്ള മനോ ദു:ഖം എനിയ്ക്ക് താങ്ങാനാവില്ല..”


പിന്നെ..കൂട്ടാനിലെ കടുക് പൊട്ടിയില്ല എന്ന കാരണത്താല്‍ ആക്രോശിച്ച് ഭക്ഷണ പാത്രം തട്ടിത്തെറിപ്പിയ്ക്കുന്ന അഹങ്കാരത്തെ എനിയ്ക്ക് നിയന്ത്രിയ്ക്കാനാവില്ല..”

രാധ നിര്‍ത്തി..

അവളുടെ നുണകുഴികള്‍  വിരിഞ്ഞു..
അവനിലേയ്ക്ക് പാതി ചേര്‍ന്നിരുന്ന് മൊഴിഞ്ഞു..

“സുതന്തിരം മട്രും യഥാര്‍ത്ഥം പട്രിയ എന്നുടെ പേച്ചും സിന്തനയും മുര്‍പോക്കാന്വയ്..
എന്‍ കരം പറ്റ്രിയ തര്‍ക്കാഹെ വരുത്തപ്പെടാമല്‍ നീ പൊറുത്തു കൊള്ള വേണ്ടും..
നാന്‍ ചെന്നൈ വറുവതര്‍ക്കാഹെ എന്നുടയ സാധനങ്കളൈ പെട്ടിയില്‍ എടുത്തു വയ്ത്തുള്ളേന്‍..
എന്‍  കണ്‍കളും സോര്‍വടൈന്തുള്ളന്‍...


സുഭരാത്രി..പ്രേമന്‍...!



“മാധ്യമം”...ഓർമ്മകളുടെ പെരുമഴക്കാലം ഈറനണിഞ്ഞ “കല്യാണ തേന്മഴ” 

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...