Wednesday, December 22, 2010

ക്രിസ്തുമസ് വന്നാല്‍...


ക്രിസ്മസ്സ് വന്നല്ലോ ല്ലെ..
കുട്ടിക്കാലാത്തെ ക്രിസ്മസ്സ് നാളുകളെ കുറിച്ച് പറയാണേല് ഇപ്പഴൊന്നും പറഞ്ഞ് തീരില്ലാ…
അത്രയ്ക്കുണ്ട് ചറപറാന്ന് പറയാന്..
ഇനീപ്പൊ ങ്ങാനും പറയാന് തൊടങ്ങ്യാല് എല്ലാരും കൂടി ന്നെ തല്ലാന് വരില്ലേ..
ഒന്ന് പോ പെണ്ണേ, ഞങ്ങളെ കൊല്ലാന് നടക്കാന്നും ചോയച്ചോണ്ട്.
അതോണ്ടിപ്പൊ അതൊന്നും പറയണില്ല്യാ..
ന്നാലും…എന്തേലുമൊക്കെയായി പറയണം നിയ്ക്ക്.
ക്രിസ്മസ്സ്, പുതുവര്‍ഷം ന്നൊക്കെ പറഞ്ഞാല്‍ ആദ്യന്നെ മനസ്സില് വരാ നക്ഷത്രോം, കേക്കും,പുല്‍വീടും, ക്രിസ്മസ്സ് അപ്പൂപ്പാനൊക്കെല്ലേ..
ന്റ്റെ മാത്രല്ലാ, എല്ലാരുടേം കാര്യാ ഞാന് പറയണത്.
ന്റ്റെ കാര്യത്തില് നിയ്ക്ക് ഒരൂട്ടം കൂടി പറയാന്ണ്ട്.
നവംബറിന്‍റെ 31 മാച്ച് ബോര്‍ഡില് ഡിസംബറിന്റ്റെ 1ന് സ്ഥാനം കൊടുത്താല് പിന്നെ ന്റ്റെ മനസ്സില് മഞ്ഞ് പെയ്യണ രാത്രികളും, തൂവെള്ള മാലാഖമാരും ഉറക്കം കെടുത്തല് പതിവായിക്കോളും..
ആ മഞ്ഞു മഴയ്ക്ക് കുത്തി തുളയ്ക്കുന്ന തണുപ്പാന്ന് ഒരു രാത്രി മഴേടെ തണുപ്പ് കൂടി സഹിയ്ക്കാന് വയ്യാത്ത ഞാനങ്ങ് മറക്കും.
നനുത്ത വെളുത്ത രാത്രികളേം, സുന്ദര വെളുത്ത രൂപങ്ങളേം ഇങ്ങനെ മനസ്സില് കൊണ്ട് നടക്കാന് ന്താ പ്രത്യേകിച്ച് ന്ന് നിയ്ക്ക് അറിഞ്ഞൂടാ..
ചൈല്‍ഡ് സൈക്കോളജീല് പറയണ പോലെ, അല്ലേല് പഠിച്ച പോലെ ,
അതിന്‍റെ അടിസ്ഥാന കരണങ്ങളിലൊന്ന് ,
ഓര്‍മ്മ വെച്ചപ്പൊ ന്റ്റെ അടുത്ത കൂട്ടുകാരീന്ന് കിട്ടിയ ഗ്റ്റീറ്റിംഗ് കാര്‍ഡ് ആയിരിയ്ക്കുംന്നാ ന്റ്റെ വിശ്വാസം..
ആ മായാചിത്രം മനസ്സില് അങ്ങനേങ്ങ് പതിഞ്ഞ ചിത്രായി.
കുഞ്ഞുകാലത്തെ കൌതുകങ്ങളില്ലേ..
കൂട്ടുകാരോട് എത്ര പറഞ്ഞാലും വര്‍ണ്ണിച്ചാലും തീരാത്ത കാര്യങ്ങള്,
ഹായ് നോക്കിക്കേ…ഇവിടെ മഴ പെയ്യണ പോലെ അവിടെ മഞ്ഞ് പെയ്യണത് കണ്ടോ..
ശ്ശൊ ന്ത് രസാല്ലേ..,മഴത്തുള്ളികള് പറ്റി പിടിച്ചിരിയ്ക്കണ പോലെ മഞ്ഞ് കണങ്ങള് തൂവി കിടക്കണത് കാണാന്..
രാത്രീല് പൊറത്ത് നോക്ക്യാല് വെറും വെളുത്ത രൂപങ്ങളല്ലേ എവിടേം ..
റോഡും , മരോം , വീടും , വാഹനോം…ഒക്കെ തൂവെള്ള മയം.
ആ സ്ഥലത്തിന്‍റെ പേരൊന്നും അറിയാന് ശ്രമിച്ചീല്ലാ..
അറിഞ്ഞിട്ടും വല്യേ കാര്യല്ലാന്ന് തിരിയാം…അതോണ്ടെന്നെ..
നിയ്ക്ക് അങ്ങട്ട് പോണംന്നും പറഞ്ഞോണ്ട് കരഞ്ഞ് വാശി പിടിച്ചാല് അവിടെ പെട്ടെന്നൊന്നും എത്തിപ്പെടാന് സായിയ്ക്കില്ലാന്ന് ആ ചിത്രങ്ങള് കണ്ടെന്നെ ഒരൂഹം ഉണ്ടായിരുന്നൂ..
മഴത്തുള്ളികളീന്ന് മഞ്ഞു കണങ്ങളിലേയ്ക്ക്ള്ള ദൂരം എത്രങ്ങാണ്ട് വരുംന്ന് അന്നെന്നെ ഒരു ധാരണയില് എത്തീരുന്നൂ..
അതൊര് സ്വയ സമാധാനിയ്ക്കലല്ലേന്ന് ചോയ്ച്ചാല് ആന്ന് പറയും ട്ടൊ.
അങ്ങനെ പെട്ടെന്നൊന്നും അങ്കട് എത്തിപ്പെടാന് പറ്റില്ല്യാ ന്റ്റെ കുട്ട്യേന്ന് അമ്മാളുവമ്മ പറയണ പോലെ.
മനസ്സിന്‍റെ ഓരോ കോപ്രായങ്ങള് അല്ലണ്ടെന്താ…ല്ലേ..?
ആ സാധനത്തിനെ എത്രൊക്കെ പാകപ്പെടുത്ത്യാലും ഡിസംബറായാല് പിന്നേം..പിന്നേം തേട്ടി വരും പഞ്ഞി കെട്ടോളും, ചിറകോളും..
അപ്പഴത്തെ നിര്‍വ്ര്തിയ്ക്ക്ന്ന് പറയാം, അങ്ങെന്നെന്നല്ലേ പറയാ,
കാണാന് സായിയ്ക്കാത്തത് കാണാന് ശ്രമിയ്കാണെങ്കില്…
ങാ...അതിന് വേണ്ടീട്ടെന്നെ ഗൂഗിളില് തപ്പീട്ട് ചെറകുള്ള സുന്ദരികളുടേം ,വെളുത്ത രാവുകളുടേം കൊറേ ചിത്രങ്ങള് തപ്പി എടുത്ത് കണ്‍കുളിര്‍ക്കെ കാണും..
ന്നിട്ട് അവരെയെല്ലാം അവടെന്നെ ഇട്ട് പോരും,
നിയ്കിപ്പൊ എന്തിനാ ഇങ്ങളെയൊക്കേന്ന് പറയണ പോലെ..
അവരുടെ അഹങ്കാരം നിയ്ക്ക് സഹിയ്ക്കാന് പറ്റില്ല്യാ…അതോണ്ടാ..
സത്യത്തില് കുശുമ്പാ അവരോട്..
അവരുടെ മാന്ത്രിക വടി കണ്ടിട്ടോ, മായ ചിറകുകള് കണ്ടിട്ടോ അല്ലാ ട്ടൊ..
ആ ചിരിയ്ക്കണ മൊഖങ്ങള് കണ്ടിട്ട്..
ശ്ശ്ശ്ശ്ശ്ശ്ശ്,,,ഒര് സ്വാകാര്യം…
മാലാഖമാരെ എവിടേലും , എപ്പഴേലും പല്ലുകള് കാണിച്ച് ചിരിയ്ക്കണത് കണ്ടിട്ടുണ്ടാ..?
എന്ത് രസള്ള പുഞ്ചിരികളാല്ലേ, ആ കള്ളി പെങ്കൊച്ചുങ്ങള്‍ക്ക്..
നല്ല ഒതുക്കള്ള ചിരി..
നല്ല കുടുംബത്തിലെ പെങ്കുട്ട്യോളടെ ചിരീന്ന് അമ്മാളുവമ്മ പറയണ പോലെ.
ആ പ്രസന്ന മൊഖങ്ങള് കാണുമ്പൊ തന്നെ ഒരു സന്തോഷാ , അറിയാതെ കണ്ണുകള് വിടരും..മനസ്സിലൊര് കുളിര്‍മ്മ വരും, പിന്നേം പറഞ്ഞറീയ്ക്കാന് പറ്റാത്ത കൊറേ വികാരങ്ങള്..
തെളങ്ങണ കണ്ണുകളിലൂടേം വിടരണ ചുണ്ടുകളിലൂടേം ഒഴുകി വരണ വികാരങ്ങള്..
എപ്പഴും അങ്ങനെ മാത്രേ അവരെ കണ്ടിട്ടുള്ളൂ..
മോന്ത വീര്‍പ്പിച്ചിരിയ്ക്കാതെ നേരാം വണ്ണം മൊഖം പിടിയ്ക്ക് പെണ്ണേന്ന് ഞാനൊക്കെ കേക്കണ പോലെ എതേലുമൊരു മാലാഖ പെണ്ണിന് കേക്കേണ്ടി വന്നിട്ടുണ്ടാവോ..?
ഇല്ലാല്ലോ…
അതോണ്ടൊക്കെന്നെയാ ഞാന് പറയണത്,
അവരെ നിയ്ക്ക് ഇഷ്ടാന്ന്..
ഒരു മാലാഖയാകാന് കൊത്യാന്ന്..
ഹും..കളിയാക്കണ്ടാ..,അതിമോഹൊന്നും അല്ലാത്..
ഒരു ….കുഞ്ഞ്….കുഞ്ഞ്…സ്വപ്നം മാത്രാ

ക്രിസ്സ്മസ്സ് അവധിയാ.....ഇനി പത്തീസ്സം കഴിഞ്ഞ് കാണാം ട്ടൊ.

Monday, December 20, 2010

മുല്ലേ...നിന്നോടു ,


ഇലകളിലിറ്റ് വീഴുന്നുവോ തുള്ളികൾ ..
പിന്നെയാ ഞെട്ടറ്റു വീണ പൂവിലും..
ആദ്യ സ്പര്‍ശനത്തിനായ് വെമ്പുമാ മൊട്ടില്ലും
കണ്ടു ഞാന്‍ ആഗ്രഹ മഞ്ഞിൻകണങ്ങള്‍.

ഇറയത്തു ഓരം ചേര്‍ന്നു നില്ക്കുമെന്നുള്ളില്‍
നൂറായിരം ചോദ്യാവലികള്‍ മിന്നി മാഞ്ഞൂ
പെണ്ണിൻ മണമായ്...രാഗ ഭാവന്ങ്ങളായ്...
വെണ്‍ ദലങ്ങളാല്‍ വര്‍ണ്ണിക്കപ്പെടും നിന്നെ
അരിമുല്ല എന്ന് പേരിടട്ടെ എൻ ഓമലേ..?

ഇന്നലെ സന്ധ്യയിൽ പെയ്തു തോർന്നാ മഴയില്‍
നിന്നിലെ ആശകള്‍ക്കു മങ്ങലേൽക്കിലും..
കണ്‍പീലികളിലിറ്റു നില്‍ക്കുമാ തുള്ളിയില്‍ കാണ്മൂ
ഇന്നിൻ മുഹൂര്‍ത്തത്തിനായുള്ള കാത്തിരുപ്പ്..

അന്നത്തെ രാത്രിയില്‍ ഒളികണ്ണെറിഞ്ഞ പൌര്‍ണ്ണമിയില്‍
അഹങ്കരിച്ചൂ നിന്‍ ചൊടികള്‍ ഞാനെന്ന ഭാവത്തിൽ...
ഇന്നത്തെ പുലരിയില്‍ പുഞ്ചിരിക്കുമാ പൊന്നുഷസ്സില്‍
കാണുന്നൂ വലിച്ചെറിയപ്പെടും നിൻ കൊടും ദു:ഖവും...

പൂവേ......നിന്നെ ഞാന്‍ പെണ്ണെന്നുപമിച്ചിടട്ടെ..
നൂറ്റാണ്ടുകളായ് കൊടുത്തുവെച്ചതല്ലയോ ഈ വിലാപം.

Thursday, December 16, 2010

മൌന നൊമ്പരങ്ങള്....

ന്റ്റെ മോളൊരു പാവാ..
അടുക്കള കിണറ്റില് ഒരു നിഴല് കണ്ടാല്, അയ്യോ ..പൂതം ന്ന് പേടിച്ച് കരയണ കുട്ടി.
മനോരാജ്യ കോട്ടയില് അന്തിയുറങ്ങണ,
രാമഴ ഗന്ധം മൂക്കില് തുളച്ചാല് ഞെട്ടി ഉണരണ ,
ഈറന് മിഴികള്‍ക്ക് വിശ്രമം കൊടുക്കാത്ത ന്റ്റെ കുട്ടി.

“താമര കണ്ണുകള് പൂട്ടിയുറങ്ങെന് പൈതലേ..
പുലര്‍ക്കാല സ്വപ്നം കണ്ടുണരെന് കുഞ്ഞേ..”
 കുഞ്ഞു നാള്‍ക്ക് മുതല്‍ക്കേ ഈ മാറില്, ന്റ്റെ താരാട്ട് കേട്ടാലേ അവള് ഉറങ്ങൂ..

“മഴവില്ലിന്റെ നെറോം, കണ്ണാടി ചില്ലിന്‍റെ ചെറകും ,
പിന്നെ പല പല പൂക്കളോട് കിന്നരിച്ച്,
പാറി രസിയ്ക്കണ ഒരു പൂമ്പാറ്റ…
അതാണമ്മേ, ന്റ്റെ പുലര്‍ക്കാല സ്വപ്നം.“
 അവളടെ ആ കിളി കൊഞ്ചലുകള് കേക്കുമ്പൊ ഞാന് ചിരിയ്ക്കും
.
ഒരിക്കല് ഒരു പുലര്‍ക്കാലത്ത് , ഇത്തിരി പോന്ന ഷിമ്മീസ്സും ഇട്ടോണ്ട് ആര്‍ത്തലച്ച് കരഞ്ഞോണ്ട് അവള് മടിയില് വീണു..
“അമ്മേ..ന്റ്റെ പുലര്‍ക്കാല സ്വപ്നം കൊള്ളൂല്ലാമ്മേ…
നിനയ്ക്കാതെ വന്ന ചാറ്റല് മഴയില്,
ആ ചില്ലു വര്‍ണ്ണ ചിറകുകള് തകര്‍ന്നുടഞ്ഞു പോയമ്മേ..“
“കരയല്ലെന്‍റെ കണ്മണിയേ..
അമ്മേടെ കുഞ്ഞു ശലഭം നീ തന്നെയല്ലയോ. .“.
ന്റ്റെ മാറീടം കുതിര്‍ത്ത ആ കണ്ണീര് ഈ വാത്സല്ല്യത്തില് അടങ്ങ്യല്ലോന്ന് ഞാന് ആശ്വാസിച്ചു..

കൌമാരത്തില് മുഴുപാവാടയും, വെള്ളി കൊലുസ്സും അണിഞ്ഞ് തുള്ളി തുള്ളി നടന്നിരുന്ന അവളെ അടുക്കോം ഒതുക്കോം പഠിപ്പിയ്കാന് ഞാന് പെട്ട പാട് ..
ഈശ്വരാ..ചില്ലറയൊന്നുമല്ലാ..
അന്നവളടെ പുലര്‍ക്കാല സ്വപ്ന കൂട്ട് നന്ദിനീം പുതുമഴേം മാത്രായിരുന്നൂ..
രണ്ടിന്‍റേം  കളികള് അധികായിച്ചാല്.. ഞാന് എങ്ങാന് ശകരിച്ചാല് അപ്പവള് മൊഴിയും...

“അമ്മേ..നിന്ദിനീടെ കൂടെ മഴയില് കളിയ്ക്കാന് എന്ത് രസാന്നറിയോ..
അവളേം അവളടെ ചിരീം..
മഴേം മഴേടേ മണോം നിയ്ക്ക് ഇഷ്ടാണമ്മേ..ന്ന്.“
ആ പൊന്നു മോളു ഒരു പുലരിയില് പൊതച്ചതും എടുത്തോണ്ട് കിടക്കപ്പായീന്ന് ഓടി വന്ന് ഉള്ള് തകര്‍ക്കും വിധം പൊട്ടി കരഞ്ഞു..
“അമ്മേ..നോക്കൂ, നന്ദിനിയോടൊത്ത് പുതു മഴ നനയാന് പോയ പൊന് പുലരിയില്,
നീ എന്‍റെ പട്ടു പാവാടയില് വെള്ളം തെറിപ്പിച്ചില്ലേ..
നീ എന്‍റെ തങ്ക കൊലുസ്സില് ചെളി പുരളിച്ചില്ലേ..
ഇത്രേം പറഞ്ഞവള് പിണങ്ങിയോടി പോയമ്മേ.“
“അമ്മേടെ കിലുക്കാം പെട്ടി കരയല്ലേ..
ന്റ്റെ ഈ മുത്തല്ലേ, അമ്മേടെ തങ്ക കൊലുസ്സ്…“
അത്രേം പറഞ്ഞ് ഞാന് നിര്ത്തീ..
ആ തേങ്ങലുകള് നിര്‍ത്താന് നിയ്ക്ക് വാക്കുകള് കിട്ടണില്ലായിരുന്നൂ.

കാലം…...
അവനും, ന്റ്റെ കുട്ടീടെ കൂടെ പിച്ചവെച്ചു.
പ്രണയത്തെ ഉണര്‍ത്തും നാലു വരി കവിതകളും,
നാണത്തില് കുതിര്‍ന്ന മന്ദഹാസങ്ങളും ന്റ്റെ മോളെ കൂടുതല് സുന്ദരിയാക്കി.
അവളടെ പുലര്‍ക്കാല സ്വപ്നങ്ങള് പകല് കിനാവുകളിലേയ്ക്ക് വഴി മാറണത് സന്തോഷത്തോടേം, നേരിയ ഉള്‍ഭയത്തോടെം ഈ അമ്മ കണ്ടറിഞ്ഞു...
പകല് കിനാക്കള് രാത്രി സ്വപ്നങ്ങളില് അവളെ തട്ടി ഉണര്‍ത്തീരുന്നൂന്ന് അവള് പറഞ്ഞില്ലേലും ഞാന് മനസ്സിലാക്കി.
കനിവ് തിളങ്ങും മിഴികളുമായി അന്ധകാരങ്ങള്‍ക്കിടയില് ന്റ്റെ മോള് വിങ്ങിപ്പൊട്ടുന്നത് ഞാന് നിശ്ശബ്ദയായി കേട്ട് കിടന്നൂ..
ഒരു പ്രഭാതത്തില് വരണ്ട കണ്ണുകളും വരണ്ട ചുണ്ടുകളുമായി ന്റ്റെ കുട്ടി അടക്കം പറഞ്ഞു,.

“വേലിയ്ക്കരികില് അവനെ ഞാന് കാത്ത് നിന്നമ്മേ..
ഇന്നലെ പെയ്ത പെരുമഴയില് …
ന്റ്റെ കണ്ണീരിലെഴുതിയ അക്ഷരങ്ങള് പടര്ന്ന് ഒലിച്ചിറങ്ങുന്നതും,
അവന് നല്‍കിയ ചെമ്പനീര് കുതിര്‍ന്ന് പൊഴിയുന്നതും ,
നിസ്സംഗയായി ഞാന് നോക്കി നിന്നമ്മേ.“
“കരയല്ലെന്‍റെ പൂമകളെ..
നീയല്ലേ, ഈ അമ്മേടെ ചെമ്പനീര് ..
നല്ലോരു മണമുള്ള മുല്ല മൊട്ട്,
അമ്മേടെ മാത്രം വാടാ മലര്.
കുതിര്‍ന്ന് പൊഴിയാത്തൊര് സുന്ദരി പൂവ്.“
ഇങ്ങനെ പറയാനേ നിയ്ക്ക് തരമുണ്ടായുള്ളൂ..
പിന്നെ ഞാന് നിശ്ശബ്ദയായ് എങ്ങോട്ടോ നോക്കി നിന്നൂ..
ന്റ്റെ കുട്ടീടെ മൊഖം നിയ്ക്ക് കാണാന് വയ്യാഞ്ഞിട്ട്..

ഇന്നെന്‍റെ മോള് കൂടെയില്ലാ..
അന്നു പെയ്ത പെരുമഴേടെ പിറ്റേന്ന് ന്റ്റെ മുല്ല മൊട്ട് ഉതിര്‍ന്ന് പോയി.
ന്നാലും, ഓരോ രാത്രി മഴയിലും പരിമളം വീശി കൊണ്ട് അവളെന്‍റെ അരികില് വരും..
ഓരോ പുലര്‍ക്കാല സ്വപ്നങ്ങളും അയവിറക്കുവാന്..
എത്രയോ വട്ടം ആ കഥകള് ആവര്‍ത്തിച്ച് കേട്ടതാണേലും,
പിന്നേം പിന്നേം അവള്‍ക്ക് ചെവി കൂര്‍പ്പിച്ചിരിയ്ക്കും ഞാന്.
പാതിരാവില് മിഴികള് നിദ്രയെ തേടി അലയുമ്പോള് ,പൊടുന്നനെ ചാരത്ത് വന്നണയും ന്റ്റെ കുട്ടി..
അരികില് ഇരുന്ന് അമ്മേടെ പൊള്ളുന്ന മാറില് തണുത്ത കരം ചേര്ത്ത് ഉറങ്ങാതെ പുലര്‍ക്കാലം വിരിയിച്ചു തരും ന്റ്റെ കുട്ടി....
അവളടെ ആ തലോടലില് ഉറങ്ങും ഞാന് ശാന്തം,
ഒരു കുഞ്ഞിനെ പോലെ..
പക്ഷേ, നേരം പുലര്‍ന്നാല് ന്റ്റെ മനസ്സ് പിടയും..
“നിയ്ക്കെന്‍റെ കുട്ട്യേ ഇല്ലാതായല്ലോ ഈശ്വരാ..“
ആരെ ഞാന് പഴിയ്ക്കും..
അവള് ഭയന്നോടി ഒളിച്ചിരുന്ന പുലര്‍ക്കാല സ്വപ്നങ്ങളേയോ..
ഈ നെഞ്ചില് ചാഞ്ഞുറങ്ങാന് ഞാന് മൂളിയ താരാട്ട് പാട്ടുകളേയോ..
അതോ..
ഇരുട്ടു മുറ്റിയ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്,
ഒന്നും…ഒന്നും…അറിയാത്തവളെ പോലെ കണ്മിഴിച്ച് നിന്നിരുന്ന ഈ അമ്മയെ തന്നെയോ..?
അല്ലമ്മേ…ഒരിയ്ക്കലുമല്ലാന്ന് ന്റെ കുട്ടി പറയണണ്ടേലും,
നിയ്ക്കറിയാം ഞെട്ടറ്റു വീണ ന്റ്റെ മുല്ല മൊട്ട് ,
അവളുടെ  അമ്മേടെ ആയുസ്സ് കൂട്ടി കിട്ടാന്..
നൊണ പറയാന്ന്..

വിരിയാന് വെമ്പി നിക്കണ ന്റ്റെ മുല്ല മൊട്ടിനെ നോക്കിയിരിയ്ക്കാണേല് എങ്ങനേ ന്റ്റെ ഈശ്വരാ, നിയ്ക്ക് ഈ വിചാരങ്ങളീന്ന് മോചനം കിട്ടാ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...