Saturday, April 4, 2015

പാതിരാമയക്കം

നാട്ടില്‍ എനിയ്ക്ക് വലിയ വീടുണ്ട്..
വീടിനു ചുറ്റും പച്ചപ്പുണ്ട്, തോടുണ്ട്, ക്ഷേത്രമുണ്ട്, പള്ളിക്കൂടമുണ്ട്..
പിന്നെയോ…പിന്നേയും എന്തെല്ലാമോ ഉണ്ട്..
വീട്ടിനകത്ത് അച്ഛനുണ്ട് ,അമ്മയുണ്ട്, പണിയ്ക്ക് വരുന്ന ശാന്തേടത്തിയുണ്ട്..
പിന്നെ അവധിയ്ക്ക് മാത്രം വരുന്ന ചേച്ചീം കുട്ട്യോളും..
ആങ്ങളേം നാത്തൂനും കുട്ട്യോളും..
പിന്നേം ഉണ്ട് …
ന്റ്റെ നിധി…
ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരിയ്ക്കുന്ന എടുത്താല്‍ പൊങ്ങാത്ത എന്റ്റെ പെട്ടി. അതിന്നകത്തെ സാധനങ്ങളുടെ കണക്കെടുക്കുന്നതിലും എളുപ്പോം സുഖോം മുറ്റത്തെ കള പറിയ്ക്കുന്നതായിരിയ്ക്കും..
മഴ പെയ്താല്‍ തോട്ടത്തിലെ കള പറിയ്ക്കാനേ നേരം ഉള്ളൂന്നാ അമ്മേടെ ആവലാതി..
അതോണ്ട് നമുക്ക് കള പറിയ്ക്കാം…പെട്ടി അവിടെ ഇരിയ്ക്കട്ടെ.

അകത്തെ ഇരുട്ടിനെ മൂടാന്‍ പോന്ന ഇച്ചിരി മെഴുകുതിരി വെട്ടത്തില്‍,
ചൂളാന്‍ കൊതിയ്ക്കണ അക്ഷര മണികളെ നുള്ളിപ്പെറുക്കി എടുക്കുന്നതിനിടെ ആ നനയാന്‍ വെമ്പുന്ന മിഴികളും പരുപരുത്ത വിരല്‍ത്തുമ്പുകളും..അഴിയാന്‍ തുടങ്ങിയിരുന്ന തലമുടിയിലൂടെ എങ്ങോട്ടെന്നില്ലാതെ പരതി നടക്കുന്നത് അറിഞ്ഞു…
അമ്മയാണ്..!

"കേരളത്തില് മുഴുവന്‍ നല്ല മഴയാത്രെ..കുറച്ചീസം കൂടി ഇങ്ങനെ നീളുമത്രെ…
പത്രത്തില കണ്ടതാ..അല്ലാണ്ട് ഈ മുക്കില്‍ കിടക്കണ ഞാന്‍ എങ്ങനെ അറിയാനാ..
അതോണ്ടാ ഇടയ്ക്കിടയ്ക്കുള്ള ഈ വൈദ്യുതി തകരാറ്.."

ആരംഭ ശൂന്യത..എന്നത്തേയും പോലെ..ഇന്ന് എന്താണാവൊ..?

ഉം..മൂളി കൊടുത്തു.

ന്താ..കുട്ട്യേ…നിനക്ക് വ്യസനം വല്ലതും ഉണ്ടോ..?

നുറുങ്ങ് വെട്ടത്തില്‍ തിളങ്ങുന്ന നെറ്റിയിലെ നിരച്ച തലനാരിഴകളെ എണ്ണിയെടുക്കാന്‍ ശ്രമിയ്ക്കാണ‍വര്‍..

"നെന്‍റെ   പുതിയ വൈരകല്ല് മൂക്കുത്തിയ്ക്ക് ഈ മങ്ങിയ വെട്ടത്തിലും നല്ല തെളക്കം.."

പ്രതികരിയ്ക്കാതെയുള്ള പുസ്തകത്തില്‍ തല പൂഴ്ത്തി കൊണ്ടുള്ള ഇരുത്തം നോക്കി കൊണ്ടുള്ള അടുത്ത തട്ടല്‍..

"നീ ഇന്നലെ പുറത്ത് പോണൂന്ന് വിളിച്ച് പറഞ്ഞപ്പഴേ ഞാന്‍ ഓര്‍ത്തു എന്തേലും ഒപ്പിയ്ക്കാനായിരിയ്ക്കും ന്ന്…
ഇതിപ്പോ..ഇത്രേം കാശ് മൊടക്കി മൂന്ന് കല്ല് വാങ്ങണ്ട എന്താവശ്ശ്യായിരുന്നു..
പഴയതിന്‍ ഒരു കേടും ഉണ്ടായിരുന്നില്ലല്ലോ..ഒറ്റകല്ലായിരുന്നേലും നല്ല തെളക്കം ഉണ്ടായിരുന്നല്ലോ..
ന്തായലും, അതിനു മൊടക്കിയ അത്രേം കാശൊന്നും വേണ്ടല്ലൊ കുട്ട്യേ ഈ നെരച്ചത് മറയ്ക്കാന്‍, കൊറച്ച് കറപ്പ് വാങ്ങി തേയ്ക്കായിരുന്നില്ലേ നെനക്ക്..?"

ഓ..അപ്പൊ ഇതിനാണപ്പൊ വൈരക്കല്ലിനെ കൊണ്ടുവന്ന് നടുക്കിട്ടത്..

"ഇതൊക്കെ എന്തിനാ അമ്മേ കറുപ്പിയ്ക്കുന്നത്..?"
കണ്ണാടി മെല്ലെ ഊരി പുസ്തകത്തിനകത്ത് തിരുകി തലയുയര്‍ത്തി അമ്മയുടെ നേരെ തിരിഞ്ഞു.

"നിയ്ക്ക് അതൊക്കെ തേച്ച് മാച്ച് നടക്കണ്ട പ്രായം ആയൊ അമ്മേ…
നിയ്ക്കു ഇഷ്ടല്ലാ…അതിന്‍റ് ആവശ്യോം ഇല്ലാ.."

ആ ദയനീയ മുഖം കണ്ടപ്പൊ ചിരി വന്നു..
പിന്നെ എന്നത്തേം പോലെ അമ്മയെ കുഴയ്ക്കുന്ന തുറുപ്പുകള്‍ പുറത്തെടുത്തു..

"അമ്മേ…നിങ്ങള്‍ക്കറിയോ..ഈ നരച്ച തലനാരിഴകള്‍ ഓരോന്നും നിയ്ക്ക് വളരെ വേണ്ടപ്പെട്ടവയാണ്..
ന്റ്റെ വെള്ളിക്കമ്പിയിഴകളാണിത്‌‍..!
ഞാനിത് ഓരോന്നും ചേര്‍ത്ത് വെച്ച് പെയ്തു വീഴുന്ന പളുങ്ക് മണികളെ കോര്‍ത്ത് മണിമാല തീര്‍ക്കും..
പിന്നെ അതിന്‍റെ തുമ്പത്ത് ഒരു അരളിപ്പൂ പറിച്ചെടുത്ത് ലോക്കറ്റ് പണിയും..
എന്നിട്ട് ഞാനത് സൂക്ഷിച്ച് വെയ്ക്കും..
പിന്നെ ന്റ്റെ മൂക്കുത്തി..
ഇത്രേം നാള്‍ ന്റ്റെ പ്രണയം മാത്രായിരുന്നു അത്..
ഇപ്പൊ ഞാനതില്‍ ന്റ്റെ ജീവനും, ശ്വാസവും ചേര്‍ത്തു വെച്ചു…
രണ്ടും നിയ്ക്ക് പ്രിയപ്പെട്ടവ….
മനസ്സിലായോ..?"

"പ്രായം കൂടുന്തോറും ഈ കുട്ടീടെ നൊസ്സ് കൂടല്ല്യാണ്ട് കൊറയണില്ലല്ലോ..ഇതിനൊക്കെ ഞാനിപ്പൊ ന്താ പറയാ…!!"

പുരികങ്ങള്‍ ഉയര്‍ത്തി ഒരു കള്ളച്ചിരിയോടെ അമ്മയെ അടുത്ത് പിടിച്ചിരുത്തി ആശ്വാസിപ്പിച്ചു..

"ഞാന്‍ ഇങ്ങനെയല്ലേ അമ്മേ…മാറാനൊക്കൊ നിയ്ക്ക്‌..?
അമ്മയ്ക്കു അറിയണതല്ലേ…ഈ പാറൂനെ..?
മനുഷ്യ വികാരങ്ങള്‍ മറച്ച് വെയ്ക്കാനുള്ളതല്ല അമ്മേ…
രാത്രി മുഴുവന്‍ വര്‍ണ്ണശബളമായ സ്വപ്നങ്ങളില്‍ മയങ്ങി ഉണര്‍ന്നിരിയ്ക്കാ..
പകല്‍ മുഴുവന്‍ പ്രണയവര്‍ണ്ണ ശോഭയില്‍ മതിമറന്ന് ഉറങ്ങാ…
രാപകലെന്നില്ലാതെ ഈ വികാരങ്ങളെ നമ്മളിലേയ്ക്ക് അടുപ്പിയ്ക്കുന്നത് ഒരു മഴയോ, കാറ്റോ, അലയോ, ഒഴുക്കോ ആകാം…
ഇവയില്‍ നിന്നെല്ലാം മോചനം കാംക്ഷിയ്ക്കുന്നതിലും സാധിയ്ക്കുന്നതിലും ആഹ്ലാദം ഇവയെ കാത്ത് സൂക്ഷിച്ച് പോരുന്നതിലല്ലേ..?"

ആ കുഞ്ഞ് മുറിയ്ക്കുള്ളില്‍ അമ്മയുടെ വിയര്‍പ്പും നിശ്വാസവും അനുഭവപ്പെട്ടു..
ഇമവെട്ടാതെ നോക്കി ഇരിയ്ക്കുന്ന തളര്‍ന്ന കണ്ണുകള്‍..
"നിയ്ക്ക് ഇതൊന്നും സഹിയ്ക്കണില്ലാ, ദഹിയ്ക്കണില്ലാ.."അവര്‍ പിറുപിറുത്തു.
മഴ തുടങ്ങിയിരിയ്ക്കുന്നു..ആഞ്ഞ് പെയ്യണ മഴ ജനല്‍ പാളികളില്‍ വന്നടിയ്ക്കണത് കേള്‍ക്കാം..
നേര്‍ത്ത മഴത്തുള്ളികള്‍  വന്ന് അമ്മയുടെ മുഖത്ത് പതിച്ച് തിളങ്ങുന്നു..
അവരത് അറിഞ്ഞിട്ടേ ഇല്ല..

"നീ വരുണൂന്നും പറഞ്ഞ് നിനക്കിഷ്ടള്ള കൊഴിക്കറി  ഉണ്ടാക്കി വെച്ചിരിയ്ക്കുണൂ.
മേശപ്പൊറത്ത് എല്ലാം തയ്യാറാണ്, നീ വന്ന് കഴിച്ച് കിടന്നോളു.."

ആ വാത്സല്ല്യം ഒട്ടും വക വെയ്ക്കാതെ..പെട്ടെന്ന് മിന്നിയ മിന്നല്പിണര്‍പ്പിനെ ചൂളിപ്പിടിച്ച് തല വെട്ടിച്ച് അമ്മയോട് ശഠിച്ചു,
"നിയ്ക്ക് അതൊന്നും വേണ്ട..നിങ്ങള്‍ക്കിപ്പൊ ഇച്ചിരി മോര് കറീം, പപ്പടോം അച്ഛാറും കൂട്ടി ചോറ് തരാന്‍ ഒക്കോ..?
ഇല്ലേയ്ച്ചാല്‍ നിയ്ക്ക് ഒന്നും വേണ്ട.."

"എന്താ ഈ കുട്ടിയ്ക്ക്..
അത്താഴപട്ടിണി കിടക്കേ..
നീ വായിച്ചോ..ഞാനിപ്പൊ ന്താ വേണ്ടേയ്ച്ചാല്‍ കൊണ്ട് വരാം.."

അമ്മ പെട്ടെന്ന് അടുക്കള ഭാഗത്തേയ്ക്ക് അപ്രത്യക്ഷയായി.
പാവം അങ്ങനെയൊക്കെ പറയണ്ടായിരുന്നു..
എന്താ ചെയ്യാ..നാവിനെ തളച്ചിടാന്‍ ഭയങ്കര പാടായിരിയ്ക്കുന്നൂ..
കട്ടിലില്‍ ചാരി, ചുവരിനെ നോക്കി അങ്ങനേ ഇരുന്നു…മഴയെ കേട്ടു, പിന്നെ കണ്ണുകളടച്ച് മഴയെ കണ്ടു..
മനസ്സ് നിറയെ ആ ഗന്ധം വ്യാപിയ്ക്കും പോലെ..
ഉള്ളം കാല്‍ തണുത്ത് വിറയ്ക്കുന്നു..
എഴുന്നേറ്റിരുന്ന് കാല്‍ വിരലുകള്‍ തിരുമ്മി ചൂട് പിടിപ്പിയ്ക്കുന്നതിനിടെ താലവുമായി അമ്മയുടെ സാരിത്തലപ്പ് കാല്‍ നീട്ടി..
നല്ല കാച്ചിയ മോര്കറിയുടെ മണം..
ചമ്രം പടിഞ്ഞിരുന്ന് കൊതിയോടെ, ആര്‍ത്തിയോടെ വാരി ഉണ്ടു.
അതിനിടെ അമ്മ ഇരുളിലേയ്ക്ക് പിന്നേം മറഞ്ഞു..
തിരികെ വന്നത് കയ്യില്‍ എന്തോ ചുരുട്ടി പിടിച്ചോണ്ട്
,…ന്താത്..?
ആ പൊതി മെല്ലെ ചമ്രം പടിഞ്ഞ കാലുകള്‍ക്കിടയില്‍ തിരുകുന്നതിനിടെ അമ്മ സ്വകാര്യം പറഞ്ഞു,

"ഇത് നീ വെച്ചോ..ഇത്രേം നാളായിട്ട് കരുതി വെച്ചതാ..
എത്ര വല്യേ ജോലിക്കാരിയാണേലും പുറം നാട്ടില്‍ നിക്കായ്ച്ചാല്‍ ചെലവ് നല്ലോണം ഉണ്ടാവും.."

ഒന്ന് പോണുണ്ടോ..
വാരി ഉരുളയാക്കിയ ചോറ് താലത്തില്‍ വിതറി ഈര്‍ഷ്യ പ്രകടിപ്പിച്ചു..
"എത്ര തവണ പറഞ്ഞിരിയ്ക്കുണൂ ഇതാവര്‍ത്തിയ്ക്കരുതെന്ന്,
ന്നാലും വരും നോട്ടും കെട്ടുമായിട്ട് ഒരു മുതലാളിച്ചി..
ന്റ്റെ ചിലവിനുള്ള സമ്പാദ്യൊക്കെ നിയ്ക്ക് കിട്ടുന്നുണ്ടെന്ന് എത്ര പറഞ്ഞിരിയ്ക്കുണൂ…
കഴിയ്ക്കാനും വിടില്ലാന്ന് വെച്ചാല്‍…"

ഈര്‍ഷ്യ തലപ്പില്‍ കയറിയപ്പൊ ഒരു ഗ്ലാസ്സ് വെള്ളം നീട്ടി ആ വിറയ്ക്കുന്ന കരങ്ങള്‍..
"ന്റ്റെ ഒരു സമാധാനത്തിനല്ലേ മോളെ.."

മഴയില്‍ ആ വിറയ്ക്കുന്ന ശബ്ദം നേര്‍ത്തില്ലാതായി..

"ന്റ്റെ പ്രവര്‍ത്തികളും, വാക്കുകളും നെനക്ക് വെഷമം തരുന്നുണ്ടേല്‍ സഹിയ്ക്കാ..
അമ്മയായി പോയില്ലേ ഞാന്‍..
ഇനി സമയം കളയെണ്ട…
ഇവിടെ ആണോ അന്തിയുറക്കം..?
ഞാനും കുട്ടീടെ കൂടെ ഈ തെറ്റത്ത് ഒതുങ്ങി കൂടിയാലൊ?"

അതേപ്പൊ..ഇനി ഈ വയസ്സാന്‍ കാലത്ത് നിങ്ങക്ക് വീണ് നടു ഒടിയ്ക്കണോ..?
അതോ നിങ്ങക്ക് പേടിയാണൊ…?
എന്നെ ആരേലും പിടിച്ച് കൊണ്ട് പോകുംന്ന്..
നിങ്ങള്‍ ഭയക്കെണ്ട..
മാനസിക ശാരീരിക ശല്ല്യങ്ങളില്ലാതെ മനം വിട്ടുറങ്ങാനും..
ഒച്ച ഇല്ലാതെ പതിഞ്ഞ കാല് വെപ്പുകളിലൂടെ അന്ധകാരത്തെ മറി കടന്ന് ഉലാത്താനും..
സ്വപ്നം  കാണാനും.. ന്റ്റെ മുറി വല്ലപ്പോഴുമല്ലേ നിയ്ക്ക് കിട്ടൂ..
ഞാനൊന്ന് ഈ ഇട്ടാവെട്ട ഇരുട്ടിനെ ആശ്ലേഷിച്ച് ഉറങ്ങിക്കോട്ടെ അമ്മേ..
എന്നെ വെറുതെ വിടൂ.."

"ന്നാലും കുട്ട്യേ…..
മഴ ചാറാന്‍ കാത്ത് നിക്കാ കള്ളന്മാര്, ഇപ്പൊ ശല്ല്യം കൂടിയിരിയ്ക്കുണൂന്ന് പറയുണു…
സൂക്ഷിയ്ക്കേണ്ടിരിയ്ക്കുണൂ.."

"നിയ്ക്ക് കള്ളന്മാരില്‍ നിന്ന് രക്ഷപ്പെടെണ്ടാ…
വേണേയ്ച്ചാല്‍ കള്ളന്മാര്‍ എന്‍റേടുത്ത് നിന്ന് രക്ഷപ്പെട്ടോട്ടെ..
ഞാനെന്തിന്‍ മനുഷ്യരെ പേടിയ്ക്കണം അമ്മേ..?
ന്റ്റെ വൈരം ലാക്കാക്കി വരുന്ന കള്ളനാണവനെങ്കില്‍ ഞാനവ്നറ്റെ കൈകള്‍ രണ്ടും കെട്ടി വെറും നിലത്തിരുത്തി  ഗര്‍വ്വോടെ പറയും,
ഡ്ഡോ..ന്റ്റെ മേനിയില്‍ വിലപ്പെട്ടത് ഇത് മാത്രമേയുള്ളു…
നിനക്കിതു വേണമെങ്കില്‍ ഞാന്‍ ന്റ്റെ വെള്ളികമ്പിയിഴകളില്‍ കെട്ടി തീര്‍ക്കാന്‍ മോഹിയ്ക്കുന്ന അരളിപ്പൂ മാല കോര്‍ത്ത് തീരും വരെ കാത്തിരിയ്ക്കാ…
അതല്ലാ നിനക്കെന്റ്റെ സ്വത്തുക്കളും, മുതലുകളുമാണ് ആവശ്യമെങ്കില്‍ ഞാന്‍ ദീര്‍ഘമായി നിശ്വസിയ്ക്കുമ്പോള്‍ ഉതിര്‍ന്ന് വീഴുന്ന അക്ഷരമണികളെ സ്വരുംകൂട്ടി വെയ്ക്കുന്ന താളുകളും തൂലികയും നിനക്ക് സ്വന്തമാക്കാം..
അതിനായി ഞാനെന്‍റെ കിടപ്പ് മുറിയില്‍ മതിമറന്നുറങ്ങുന്ന നാള്‍ വരേയ്ക്കും കാത്തിരിയ്ക്കാ..
അതല്ലാ, നിനക്ക് എന്നെയാണ്‍ ആവശ്യമെങ്കില്‍ ,
ദാ…ന്റ്റെ തൊട്ടരികിലിരിയ്ക്കാ..
കൈവരലുകള്‍ കോര്‍ത്ത് ചെവി വട്ടം പിടിച്ച് ന്നെ ചേര്‍ന്നിരിയ്ക്കാ..
ഞാന്‍ വായ്തോരാതെ പറഞ്ഞ് തീര്‍ക്കും കഥകളുടെ അന്ത്യത്തിനായി കാതോര്‍ത്തിരിയ്ക്കാ.."

"അറിയാണ്ട് ചോയിയ്ക്കാ കുട്ട്യേ..ഇനി എന്നാ ഇതിനൊക്കെ ഒരു അന്ത്യം..?
ന്താ നീ ഇങ്ങനെ..?"

"എന്തു ചെയ്യാം അമ്മേ…
നൊസ്സുകള്‍ എന്നെ കീഴടക്കിയിരിയ്ക്കുന്നു,
ആ കീഴടങ്ങലുകള്‍ എന്നില്‍ ലജ്ജയോ, സഹതാപമോ, അവjnjaയോ ഉണ്ടാക്കുന്നില്ല..
സന്തുഷ്ടി മാത്രമേ നല്‍കുന്നുള്ളൂ..
ഞാനീ ഭ്രാന്തിന്‍റെ ലാളനയേറ്റ്…
ഈ ആലസ്യത്തില്‍ മതി മറന്ന് കഴിഞ്ഞോട്ടെ…
എന്നോട് ദയ കാണിയ്ക്കാ….!"

"ഉം..കുട്ടി ഉറങ്ങിക്കോളു, പുലരേ ഇറങ്ങേണ്ടതല്ലേ.
ഇക്കുറി ഈ ഒരു രാത്രി മാത്രേ നിയ്ക്ക് നിന്നെ കിട്ട്യോളു..
ഇക്കുറീം തിരുവോണം ഉണ്ണാന്‍ അമ്മേടെ കൂടെ ഇല്ലാന്ന് ഓര്‍ത്ത് വെയ്ക്കാ.."

വെട്ടം അണച്ച്  മുറ്യ്ക്കുള്ളില്‍ അന്ധകാരം നിറച്ച് അമ്മയുടെ നിഴലും മുറി വിട്ടിറങ്ങി.
ആ രൂപം നേര്‍ത്ത്  അവ്യക്തതയിലേയ്ക്ക് നീങ്ങുന്നത് ചുവര്‍ ചാരി നോക്കിയിരുന്നു.

പൊടുന്നനെ ജനല്‍ പാളികള്‍ തള്ളി തുറന്ന് ധൈര്യത്തോടെ, സൌമ്യതയോടെ ആ കണ്ണുകള്‍ ശബ്ദിച്ചു..
"എന്നെ ഓര്‍ക്കുന്നുണ്ടോ നീ…?"
വാക്കകള്‍ക്കിടയിലൂടെ ഇരച്ചു കയറിയ അവന്‍റെ പൊട്ടിച്ചിരി മുഴങ്ങുന്നതായി തോന്നി.
പിന്നെ തെല്ല് ശാന്തതയോടെ ആ സ്വരം ചൊദിച്ചു,
"പോരുന്നോ…നീ…ന്റ്റെ കൂടെ…?"
ഹാ….എത്ര സുന്ദര വാക്കുകള്‍…..
ഒന്നു കൂടെ ആ കണ്ണുകളിലേയ്ക്ക് തിരിഞ്ഞ് നോക്കി..
പിന്നെ സ്വരം താഴ്ത്തി ചോദിച്ചു,
"നീ എന്നെ ഇപ്പഴും ഓര്‍ക്കുന്നുണ്ടോ..?
നിനക്ക് എന്നെ ഇപ്പഴും ഇഷ്ടമാണൊ..?"
അവന്‍ യാതൊരു ഭാവഭേദവും ഇല്ലാതെ മൊഴിഞ്ഞു
"വിഡ്ഡിത്തം വിളമ്പാതെ…
നേരം പുലര്‍ന്നാല്‍  തിരുവോണ നാളില്‍ മുറ്റത്ത് പൂക്കളം ഒരുക്കാനുള്ള പൂ പറിയ്ക്കാന്‍ കൂട്ട് വരുന്നോ എന്ന് ചോദിച്ചതിന്‍ നീ ഇത്ര വികാരപ്പെടുന്നത് എന്തിന്…?
ഓര്‍ക്കുന്നോ നീ….നമ്മള്‍ കണ്ട് മുട്ടിയത് ഒരു തിരുവോണ പുലര്‍ക്കാല നാളില്‍.."?

"ഉവ്വ്…ഞാന്‍ ഓര്‍ക്കുന്നു..
വിധിയില്‍ വിശ്വസിയ്ക്കുന്നു..
എന്തു കൊണ്ട് നീ ഇപ്പോഴും എന്നെ വിഡ്ഡിവേഷം കെട്ടിയ്ക്കുന്നു..?
ആ ജനൽപ്പാളികള്‍ കൊട്ടിയടച്ച് നീ പോകൂ….
ഞാന്‍ ഉറങ്ങട്ടെ.
എല്ലാ രാത്രിയും പോലെ സ്വപ്നങ്ങളുടെ സമ്പന്ന ലോകത്ത് ഒരു രാജ്നി കണക്കെ ഞാന്‍ വിഹരിയ്ക്കട്ടെ."

അനുസരണയുള്ള കുഞ്ഞിനെ പോലെ അവന്‍ തിരിഞ്ഞ് നടന്നു..
ആ ചലനം എനിയ്ക്ക് സുപരിചിതമാ.‍..
ഒരു രാത്രിമഴയുടെ തേങ്ങല്‍ പോലെ….!

Tuesday, November 4, 2014

നാട്ടുവളപ്പ്‌..

പ്രസവത്തിന് മുമ്പ് തന്നെ തറവാട്ടമ്മ വീട്ടിലെത്തിയിരുന്നു.
പെറ്റ്  വീഴുന്ന കുഞ്ഞിന് അമ്മയേക്കാൾ തന്നോട്  സ്നേഹമുണ്ടാവണം എന്ന ഗൂഢമോഹം ഉള്ളിലൊതുക്കി പ്രായത്തിന്‍റെ അസ്കിത മറന്ന് മുന്നിലും പിന്നിലും ചരട്‌‌ മുറുക്കുകയായിരുന്നു അവര്‍.
തറവാട്ടിലെ കാര്യവാഹകസ്ഥാനം  സ്വയം എടുത്തണിഞ്ഞ്  പല പല മനക്കോട്ടകൾ പടുത്തുയർത്തി  കുഞ്ഞിന്റെ ഇരുപത്തിയെട്ടിനുശേഷം അവര്‍ തറവാട്ടിലേക്ക്‌ തന്നെ തിരിച്ചുപോയി .
എന്നാല്‍ ബുദ്ധിമതിയായിരുന്നു  അവന്റെ അമ്മ. 

അവന്  സ്നേഹം വിളമ്പാനെന്നോണം ഇടയ്ക്കിടെ വിരുന്നു വരുന്ന തറവാട്ടമ്മയെ കൂടുതല്‍ കൊഞ്ചാന്‍ അനുവദിക്കാതെയും ,  പെറ്റമ്മ തന്നെയാണ് അവനെ പരിപാലിക്കെണ്ടതെന്ന രീതിയില്‍ അവനെ ആര്‍ക്കും കൈവിട്ടു നല്‍കാതെയും അവര്‍  തന്റെ ചുമതലകളിലേക്ക്  ഉള്‍വലിഞ്ഞു. 

വീട്ടകത്ത് അനിഷ്ടത്തിന്റെയും അവിശ്വാസത്തിന്റെയും പുതിയ ചുമരുകള്‍ ഉയരുന്നത് മനസ്സിലാക്കിയെങ്കിലും ദാമോദരന്‍ ആദ്യമാദ്യം അതെല്ലാം കണ്ടില്ലെന്ന്‍ നടിച്ചു.

കാലം പോകവേ  അകത്തെ ഒച്ചപ്പാടുകള്‍ സ്ത്രീകളോടുള്ള  ഈർഷ്യയായും, പ്രത്യേകിച്ച്‌ കുഞ്ഞിന്റെ അമ്മയോടുള്ള കോപമായും അയാളുടെ ഉള്ളം നുരഞ്ഞു. ശാസനകളും വിലക്കുകളും പരുക്കന്‍ കാറ്റ് പോലെ അകമുറികളില്‍ ചുഴികള്‍ തീര്‍ത്ത് ഉമ്മറം കടന്ന് പുറത്തേക്ക് വീശിയടിക്കുമ്പോഴും 
പ്രപഞ്ചത്തിന്റെ  ഒരു സ്വാഭാവിക പരിണാമദശയിലാണ് ഞങ്ങള്‍ എന്ന മട്ടില്‍  മാതൃത്വം ആവോളം ആസ്വദിക്കുകയായിരുന്നു  അമ്മയും അവനും.

ദാമോദരന്‍റെ കടുത്ത ഈര്‍ഷ്യയെ അത്രയും ലാഘവത്തോടെ ഒരു പുഞ്ചിരിയില്‍ ഒതുക്കി അവള്‍ കൂസലില്ലാതെ കുഞ്ഞിനായി  മാറിടം തുറന്നിട്ടു.   
അപ്പോഴെല്ലാം അയാൾ പരുപരുത്ത ശബ്ദത്തിൽ അവളെ ഉപദേശിക്കുകയെന്നോണം  മുറിയിൽനിന്ന് പുറത്തുവന്ന് ഉയർന്ന സ്വരത്തിൽ സംസാരിച്ചു.

" അവനെ മുലയൂട്ടിയൂട്ടി നീ നിന്റെ ആരോഗ്യം  നശിപ്പിക്കരുത്‌. അഞ്ച് വയസ്സെന്നാല്‍ കൊച്ചു കുട്ടിയൊന്നുമല്ല.
സൗകര്യപ്പെടുമ്പോഴെല്ലാം സാരിത്തലപ്പിൽ അവന്റെ തല പൂഴ്ത്തി താലോലിക്കുന്ന ശീലം അവനെ വെടക്കാക്കുകയാണ് ..."

ആധി കയറിയ പോലെ അയാള്‍ ഇളകി നടന്നു.

"നാണക്കേട്...അവനെ മടിയില്‍ നിന്നിറക്കേണ്ട സമയമായീന്ന് എപ്പഴേ പറഞ്ഞതാ..,  ദുശ്ശീലം എന്നല്ലാതെ എന്താ ഇത് ..? കുട്ട്യാളെ ഓമനിക്കാം, ഇതിപ്പോ വഷളാക്കലല്ലേ.. "

"ഭ്രാന്താണ് നിനക്ക്.., അവസാനിപ്പിച്ചോ എല്ലാം..എനിക്ക് പണിയുണ്ടാക്കരുത്...." 

 വാക്കുകളിലെ കാര്‍ക്കശ്യം നാള്‍ക്കുനാള്‍ ഏറി വന്നു. അയാളുടെ തലവെട്ടം അകലെ കാണുമ്പോള്‍ തന്നെ  അവന്‍ മുലഞെട്ടില്‍ നിന്നും അടര്‍ന്ന്‍ മാറി എങ്ങോട്ടെങ്കിലും  ഓടിമറയും .

"ആഴ്ച തോറും ഇയാളെന്തിനാ വഴക്കടിക്കാന്‍ മാത്രമായി ഇങ്ങോട്ട് വരുന്നത്.." അവന്‍ ആലോചിച്ചു.

അയാള്‍ ഒറ്റക്കായിരുന്നില്ല, ചുറ്റുമുള്ള പ്രായം ചെന്നവരും അയാളുടെ ഭാഗത്തായിരുന്നു.

" അമ്മയുടെ മണവും മുലകുടിയും നല്ലത്  തന്നെ, പക്ഷേ എന്തിനും ഒരു സമയോം അളവും  ഉണ്ടെന്ന് മറക്കെണ്ടാ..,

അവന്റെ കുടിയിപ്പോൾ മയക്കത്തിനും നേരമ്പോക്കിനും മാത്രായി വരുണുണ്ട്. വെറുതെ സങ്കടങ്ങളെ കൈമാടി വിളിക്കേണ്ട,
ചൊവ്വില്ലാത്തത്പാടില്ലാന്നു പറയലും, ചൊല്ലുവിളിക്ക് നടത്തലും സ്നേഹം തന്നെയാ.. 
പരാതി പറയാത്തവര്‍ ഇല്ലെന്നായിരിക്കുന്നു.
മക്കള് ഒതുക്കമില്ലാണ്ട് വളര്‍ന്നാല്‍ പഴി അമ്മയ്ക്ക് തന്നെയാ... "

ആ വാക്കുകള്‍ ഏറ്റിരിക്കണം,  അമ്മയും അവര്‍ക്ക് ചെവി കൊടുത്തു തുടങ്ങിയിരിക്കുന്നു.

.പതിവുപോലെ അമ്മയുടെ സാരിത്തലപ്പിൽ മുളയാൻ നൂഴുന്ന അവനെ  അവരുടെ മുലയിൽനിന്നൊലിച്ചിറങ്ങുന്ന ചുവന്ന തുള്ളികൾ ഭയപ്പെടുത്തി.

പിറ്റേന്നും അത്  ആവർത്തിച്ചപ്പോൾ ചുവന്ന തുള്ളികൾ കൊതിയോടെ രുചിക്കാൻ തുടങ്ങിയ അവനെ കശയ്ക്കുന്ന രുചി  ഓക്കാനിപ്പിച്ചു.

എന്നാൽ പെട്ടെന്ന് വന്നു വീണ രുചിഭേദങ്ങളും നിയന്ത്രണങ്ങളും അവനെ നിഷേധിയാക്കി.

 പിന്നെയവന്‍ അമ്മയ്ക്കരികിൽ ഉറങ്ങാൻ ചെന്നില്ല. കോലായിൽ വേലക്കാരിയുടെ അരിക് ചേർന്നുറങ്ങുന്ന അവനെ  കണ്ട്‌ പെറ്റമ്മ വേദനിച്ചു.

 ഇരുട്ടും മുന്നെ അവനെ കോലായിൽ പായ്‌വിരിച്ചുറക്കാൻ അവളും ശുഷ്ക്കാന്തി കാണിച്ചു. പാതിരാത്രിയിൽ അമ്മയെ തേടി  അവന്‍ അവളിലേക്ക് നുഴഞ്ഞു.  പകലന്തിയോളം ജോലികളിലേർപ്പെട്ട്‌ നടു നിവർത്താനായി കോലായിൽ കൂടണയുന്ന അവളെ അവന്റെ കൂട്ട്‌ 
അലോസരപ്പെടുത്തി.
അവന്റെ വായടക്കാൻ വേറെ നിവൃത്തി കാണാതെ അവള്‍ അവനെ നെഞ്ചിലേക്കെടുത്തു. 

തറവാട്ടമ്മ ആ വാർത്ത ഒരുത്സവമായി കൊണ്ടാടി.
അവരുടെ പൊള്ളച്ചിരി മുഴങ്ങുന്നത്‌ കേൾക്കാൻ വയ്യാതെ പരിസരം ചെവിപൊത്തി.
അവന്റെ അമ്മ മനസ്സു‌ നൊന്ത്‌ കണ്ണീരൊഴുക്കാൻ തുടങ്ങിയെന്നറിഞ്ഞ അവർ തന്റെ ആനന്ദം പ്രകടിപ്പിച്ചത്‌ 
ദാമോദരനിൽ അതിശയമൊന്നും ഉണ്ടാക്കിയില്ല.
പഴയ കണക്കുകള്‍ പൊടിതട്ടിയെടുക്കുകയായിരുന്നു അവര്‍.

 അവസരം മുതലെടുത്ത്‌ ആളെ വിട്ട് അവര്‍ അവനെ തറവാട്ടിലേക്ക് വിളിപ്പിച്ചു.
ഈ  രാത്രികൂടി കഴിഞ്ഞേ വരൂ എന്ന്‍  ശഠിച്ച് അവന്‍ പുലരുവോളം 
പോറ്റമ്മയുടെ മാറിന്റെ മണമേറ്റ് കിടന്നു.

തറവാട്ടുമുറ്റത്തെ കളികളും അതിരുവിട്ട സ്വാതന്ത്ര്യവും  അവന്  ആ നാട് പ്രിയപ്പെട്ടതാക്കി.

അകത്തുള്ളവർ അവന്റെ ആഗ്രഹങ്ങൾക്കും വാക്കുകൾക്കും മൗനസമ്മതം നൽകി.

" അമ്മ അടുത്തില്ലാത്ത കുട്ടിയാ..വാശി പിടിപ്പിക്കേണ്ട..... "

അവനത്‌ കേട്ടാൽ മതിയായിരുന്നു..

തെങ്ങിനു വളമിടുന്ന ഫലം അവനിലും കണ്ടു വന്നു.

പിന്നീടൊരിക്കൽ ആരോ പറയുന്നത് കേട്ടു.

" അവൾക്കിപ്പൊ മൂന്നാം മാസായത്രെ.. ഇനിയിപ്പൊ ഉണ്ണി പിറക്കും വരെ കുട്ടി ഇവിടെ തന്നെ നിക്കട്ടെ..ഇപ്പൊ തന്നെ അവനിവിടത്തെ കുട്ടി  ആയിരിക്കുന്നല്ലോ, ഇവിടത്തെ കുട്ടിയായി തന്നെ അവന്‍ വളരട്ടെ..."

അതു കേട്ടതുമവൻ ഉണ്ടക്കണ്ണുകളുയർത്തി തറവാട്ടമ്മയെ നോക്കി പറഞ്ഞു,

" നിങ്ങളിങ്ങനെ അമർത്തി പറയേണ്ടാ..ഞാനിനി എങ്ങട്ടും പോണില്ലാ..ഇനി ഇതുതന്നെ എന്റെ നാട്‌.. ഇവിടത്തെ  ചായ്പ്പിലുറങ്ങണം, അത് മാത്രം  മതി എനിക്ക്  "

അവൻ ഇളകി ചിരിച്ചു. ആ ചിരിയിലൂടെ അവന്റെ വായിൽനിന്ന് ദുർഗ്ഗന്ധമെന്ന പോലെ പെണ്ണിന്റെ മാറിടമണം വമിക്കുന്നുണ്ടായിരുന്നു.

തറവാട്ടിലെത്തി  മുറിയിൽ ചടഞ്ഞു കൂടിയ അവനെ ഉന്മേഷവാനാക്കി മാറ്റുവാൻ തറവാട്ടമ്മ ഏൽപ്പിച്ച സ്നേഹമുണ്ടായിരുന്നു, ചായ്പ്പില്‍.
തറവാട്ടിലെ കാര്യക്കാരിയായ അവളുടെ സ്നേഹലാളനകളിൽ വിശ്വസിച്ച്‌, അവന്റെ ഇനിയുള്ള വളര്‍ച്ചക്ക്  അവളൊരു 
സഹായമാകുമെന്ന് കരുതി, തറവാട്ടമ്മ.

തന്റെ രഹസ്യക്കാരെ സ്വീകരിക്കുന്നതിന്  തടസ്സമുണ്ടാവാതിരിക്കാന്‍ അവള്‍ അവനെ ആദ്യമേ തന്നെ വരുതിയിലാക്കി.  തറവാട്ടില്‍ ഇതെല്ലാം പതിവാണെന്ന മട്ടില്‍  അവള്‍ അവന്റെ ഇഷ്ടങ്ങള്‍ക്ക്  അയഞ്ഞു കൊടുത്തു.

എങ്കിലും കൂടെക്കൂടെ അവളവനു താക്കീതുകൾ നൽകി.

" നീ എന്റെ സ്വൈര്യം കളഞ്ഞാല്‍ ഇതിനകത്തുള്ള നിന്റെ ഉറക്കം അന്ന് തീരും,..പിന്നെ തറവാട്ടമ്മയുടെ മുറിയിലെ കശയ്ക്കുന്ന ഗന്ധമേറ്റ്‌ ഉറങ്ങാനായിരിക്കും നിന്‍റെ യോഗം. മനസ്സിലാക്കിക്കൊ നീയ് .."

അത്‌ കേട്ടാല്‍  ഓക്കാനം  അഭിനയിച്ച്  അരുതെന്ന് തലയാട്ടി അവനവളുടെ ഇരുളിൽ മുളയും..

അവനിൽ താടിയും മുടിയും കനക്കുന്നത് പോലെ  ഒപ്പം കളിച്ച് ചിരിച്ച് നടന്നിരുന്ന  പെൺകുട്ടികളുടെ മാറിടങ്ങളും ഉയർന്നു വന്നു.

"മാറുള്ള പെൺകുട്ടികളെ കണ്ടാൽ തന്നെ അവനൊരുമാതിരി ഇളക്കം കൂടും,
തിക്കും തിരക്കുമുള്ള സ്ഥലത്ത് അവനുണ്ടെങ്കില്‍ പേടിയാ...

പെണ്ണുങ്ങൾ  നാട്ടുവളപ്പുകളിലും തിണ്ണകളിലും കൂട്ടംകൂടി സ്വരം ഉയർത്തി.

"അവൻ കാരണം തറവാട്ടിലുള്ളക്കവർക്ക്‌ കൂടി വഴി  നടക്കാൻ പറ്റാതായി തൊടങ്ങിയിരിക്കുണൂ "

തറവാട്ടമ്മയും  മുറുമുറുത്ത് തുടങ്ങി..
അടക്കാമരം തന്റെ മുണ്ടിന്റെ തലപ്പത്ത്‌ ഒതുങ്ങായതോടെ അവർക്കും അവനൊരു ബാധ്യതയായി..

പോരാത്തതിനു ഉമ്മറത്തിണ്ണയിൽ പരാതിക്കാരുടെ പരിഭവവും തെറി പറച്ചിലും, താക്കീതുകളും...  

നാട്ടുപെണ്ണുങ്ങൾക്കിടയില്‍   അവര്‍ക്കുള്ള ആഭിജാത്യത്തിന്റെ നിറം ക്കെടുത്താൻ അത് ധാരാളമായിരുന്നു.

"  നെന്റെ അച്ഛനു തീരെ വയ്യാത്രെ, കിടപ്പിലാണു പോലും..
ഇടക്കിടെയുള്ള തലകറക്കവും ക്ഷീണവും.
ഈ അവസരത്തിൽ അവിടത്തെ കാര്യങ്ങൾ നീ തന്നെ നോക്കി നടത്തണം ,"

പറഞ്ഞു വിടാൻ ഒരു കാരണം കിട്ടിയ സമാധാനത്തോടെ അവനെ യാത്ര അയക്കുവാൻ നാടും തറവാടും ..ഒരുങ്ങി.

 ജനിച്ച മണ്ണിലേക്ക്‌ തിരിച്ചുപോകുവാൻ ആ രാത്രിയുടെ സമ്മതം തേടി അവൻ ചായ്പ്പിലേക്ക്‌ ചെന്നു..

പിറ്റേന്ന് പുലരെ പുറപ്പെടാൻ നേരാൻ അവനവിടെ ഉപേക്ഷിച്ചിറങ്ങിയതും ഒരു നിറഞ്ഞ മാറിടത്തിന്റെ നിശ്വാസമായിരുന്നു.

പിറന്ന മണ്ണിൽ അവന് ശ്വാസം മുട്ടി...

പെറ്റമ്മയുടെ അവഗണന..

പോറ്റമ്മയുടെ അസാന്നിദ്ധ്യം..

പിതാവിന്റെ ദീനാവലാതികൾ..

കുടുംബത്തിലെ  പ്രാരാബ്ധങ്ങൾ..

സ്വന്തം നിഴലിനോട്‌ പുറംതിരിഞ്ഞു കിടന്ന്‍ അവന്‍ പ്രതിഷേധങ്ങൾ കിടക്കയിൽ പ്രകടിപ്പിച്ചു.

വളഞ്ഞു പോകുന്ന ഊടുവഴികളിലൂടെ ഒളിഞ്ഞു നടന്നു.

കുന്നുകളും മേടുകളും കയറിയിറങ്ങി അലഞ്ഞു..

ഒരുനാൾ ഏറ്റവും ഇഷ്ടപ്പെട്ടതായിരുന്ന നാടിപ്പോൾ ഏറ്റവും വെറുക്കപ്പെട്ടതായിരിക്കുന്നു.

 നാട്ടിന്റെ വർഷകാലസ്മരണകളുടെ കുളിരും നനവും നഷ്ടമായിരിക്കുന്നു. അകത്തും പുറത്തും ചൊരിയുന്ന പൊള്ളുന്ന മഴയുടെ തയമ്പക.

അമ്മക്ക്‌ വാതോപദ്രവം കലശലായി. അവർക്ക്‌ സമയാസമയത്തിനു മരുന്നെടുത്തു കൊടുക്കുവാനും കാലിൽ കുഴമ്പ്‌ പുരട്ടി ചൂടു പിടിച്ച് 
കൊടുക്കുവാനും ഭർതൃഗൃഹത്തിലുള്ള മകള്‍ക്ക്  അധികനാൾ സാധിക്കാത്തതിനാല്‍ അവര്‍ ഏര്‍പ്പെടുത്തിയ സഹായഹസ്തമായിരുന്നു ശ്യാമ.

" ശ്യാമ സുന്ദരി തന്നെ. "

അവൻ സ്വയം പറഞ്ഞു.

അധികനാളുകൾ വേണ്ടി വന്നില്ല. അവന്‍ കാര്യം അവളോടും ബോധിപ്പിക്കുവാൻ.

" എന്റെ ഹൃദയം നിന്നെ ആഗ്രഹിക്കാൻ തുടങ്ങിയിരിക്കുന്നു...എന്തോ ഒന്ന്  നിന്നിലേയ്ക്ക്‌ അടുപ്പിച്ചിരിക്കുന്നു,

"ശ്യാമേ..നമുക്ക് ഒരുമിച്ച് ജീവിച്ചുകൂടെ...? "

"പാടില്ല, എല്ലാ പെണ്ണുങ്ങളും ആഗ്രഹിക്കുന്നൊരു കല്യാണജീവിതം നിയ്ക്ക്‌ സാധ്യാവുമെന്ന് കരുതണില്ല.. "

അവൾ തേങ്ങിക്കരഞ്ഞു.

അവന്‍ അവളുടെ തേങ്ങലുകളെ ഒപ്പിയെടുത്തു. അവള്‍ക്ക് കരച്ചില്‍ അടങ്ങിയില്ല. അവളെ ആശ്വസിപ്പിക്കാന്‍ മാറോട് ചേര്‍ക്കാന്‍

 ഒരുങ്ങിയ  അവന്‍ പെട്ടെന്ന്‍ പിറകോട്ട് മാറി. അവൾക്കു നേരെ ഒച്ച താഴ്ത്തി  അമറി..

" ഒളിച്ചും മാറിയും നടന്നത് എന്നെ പറ്റിക്കാന്‍ ആണോടീ ...?

മുലയില്ലാത്ത നീ ഒരു പെണ്ണാണോ ..? 

 അവളുടെ പതിഞ്ഞു കിടക്കുന്ന മാറിനെ മറച്ചു വെക്കുന്ന കനത്ത മുടിക്കെട്ട്‌ പിന്നിലേക്ക്‌ വലിച്ചിട്ട്  അവന്‍ ചീറിയലച്ചു. 

"നീ വെറും ശവമാണ്‌."

പിന്നീടെപ്പഴോ അവന്‍ തളർന്നുറങ്ങി.

അവള്‍ പിന്നെ അവനെ കേട്ടതേയില്ല. അന്ന്‍ മുതല്‍ ഒട്ടും ഭയം കൂടാതെ അവള്‍ ആ വീട്ടില്‍  അന്തിയുറങ്ങി.

അച്ഛനെ ശുശ്രൂഷിച്ചു. അമ്മയെ പരിപാലിച്ചു. അവനായി ആഹാരങ്ങള്‍ ചമച്ചു. 

സ്നേഹത്തിന്റെ ഭാഷയും തിളക്കങ്ങളും അടുക്കളയിലും മുറ്റത്തും, അകമുറികളിലും  വെളിച്ചം പരത്തുന്നത് അവന്‍ കണ്ടു. 

അവൾ ഉറക്കമൊഴിച്ച്‌ കാത്തിരുന്ന് അവന് ഭക്ഷണം വിളമ്പി. അലക്കിത്തേച്ച ഉടുപ്പുകള്‍ അലമാരിയില്‍ അടുക്കി. 

 ആ വീട്ടില്‍  സ്നേഹസമ്പന്നമായ ജീവതം കൊത്തിപ്പണിയുകയായിരുന്നു അവള്‍ .

നെഞ്ചിലെ മുഴപ്പുകള്‍ മാത്രമല്ല, പെണ്ണെന്നാല്‍ മറ്റെന്തൊക്കെയോ കൂടിയാണെന്ന് അവള്‍ ഓരോ ചലനങ്ങളിലും കുറിച്ചിട്ടു. ഒരു പാഠപുസ്തകമായി 

 പുതിയ  അദ്ധ്യായങ്ങളായി അവള്‍ പെണ്മയെ വരച്ചുകൊണ്ടിരുന്നു.  

'എവിടെയായിരുന്നു ഞാന്‍..'

 തൂങ്ങിയ മാംസഗോളങ്ങള്‍, ഉപ്പിന്‍റെ ആവിഗന്ധം.. 

തൊണ്ടക്കുഴിയില്‍ മുലപ്പാല്‍ ചുവയ്ക്കുവോളം അവന്‍ ചര്‍ദ്ദിച്ചു.  കണ്ണില്‍ ഉറക്കം മൂടുവോളം ആ നശിച്ച ഓര്‍മ്മകളെ ആട്ടിയകറ്റി.    

എണ്ണമറ്റ ദീപങ്ങളും അലങ്കാരങ്ങളും ഒരുക്കി  തന്നെ എതിരേൽക്കാൻ ഒരുങ്ങുന്ന ശ്യാമയേയും,

കുടകളും  വെഞ്ചാമരങ്ങളും ഏന്തി തെരുവിലൂടെ നീങ്ങുന്ന   ഘോഷയാത്രയേയും അവന്‍ കിനാവ്‌ കണ്ടു.

"ശ്യാമ... "

അവൻ ഉറക്കത്തിൽ മന്ത്രിച്ചു കൊണ്ടിരുന്നു...

അവള്‍ അപ്പോഴും ഒരു വീട് പണിയുകയായിരുന്നു.

Saturday, September 20, 2014

നിയ്ക്കുറക്കം വരുന്നൂ..

മുന്നില്‍ നിലാവും പുഞ്ചിരിയും ഒളിച്ചിന്നുമാ കാലം
പല പല  പൂക്കള്‍ പരിമളം വീശുമാ കാലം
തുള്ളിത്തുളുമ്പും തുള്ളികള്‍ കുളുര്‍മ്മയാല്‍ പുല്‍കുമാ കാലം
പുഷ്പിതമാകാന്‍ വെമ്പുമാ കാലം
നീയും ഞാനും സ്നേഹിക്കുമാ വസന്തത്തിന്‍ കാലം
കോടാനുകോടി സ്വപ്നങ്ങള്‍ മാടി വിളിക്കുമാ കാലം
ഓര്‍മ്മയിലെ ചെപ്പില്‍ ഒളിപ്പിക്കാന്‍ കൊതിക്കുമാ പെരുമഴ കാലം.
ഞരക്കങ്ങള്‍ കാലടി വെച്ചു വെച്ചങ്ങ് അരങ്ങു തകര്‍ത്തു
മുന്നില്‍ നിലാവും നിഴലും ഇടത്തിങ്ങി പാര്‍ത്തു..
വിശ്വാസത്തിന്‍ തൂവാല മുള്ളുകള്‍ കൊണ്ടു കീറി.
അപ്പുറം കൂരിരുട്ടിന്‍ മറവിലുറങ്ങി.
എത്രയോ രാവുകള്‍ക്കാ ഓര്‍മ്മകള്‍ കാവലായ്
നിന്നരികില്‍ ഉറങ്ങാതെയാ തുടര്‍ക്കഥ മന്ത്രിച്ചു
എത്ര വട്ടമീക്കഥകള്‍ ആവര്‍ത്തിച്ചു കേട്ടാലും
മിണ്ടാതെ പിന്നേയും കാതോര്‍ത്തിരുന്നു.
പാതിരാവില്‍ മിഴികള്‍ നിദ്രയെ തേടിയലയുംമ്പോള്‍
പൊടുന്നനെ ചാരത്തു വന്നണാഞ്ഞുവാ പൊന്മുഖം
പൊള്ളിടും മാറില്‍ തണുപ്പിന്‍ കരം ചേര്‍ത്തു
അരികില്‍ ഉറങ്ങാതെ പുലര്‍ക്കാലം വിരിയിച്ചു.
ഒരു മായ പോല്‍ മുഖം മൂടി വന്നണിഞ്ഞു വന്ന
അവന്‍റെ തലോടലില്‍ ..
ഉറങ്ങി ഞാന്‍,,,ശാന്തമായ് ഒരു കുഞ്ഞിനെ പോലെ.

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...