“ഇങ്ങനേയുമുണ്ടൊ ഒരു നാണം കുണുങ്ങി..
ഒന്ന് സംസാരിച്ചു കൂടെ പെണ്ണേ നിനക്ക്..?
ഇവളെയൊന്ന് ധാരാളം സംസാരിച്ച് കാണാൻ എപ്പോഴാണ് സാധിയ്ക്കുക..?“
ഡയറിയുടെ നടുക്കത്തെ താളെടുത്ത് ഒരു മാർജിൻ വരച്ച് ഇപ്പുറത്തായി എഴുതി…
മുകളിൽ പറഞ്ഞവ ഞാൻ കേൾക്കാൻ ആഗ്രഹിയ്ക്കുന്ന സംഭാഷണ ശകലങ്ങൾ മാത്രമാണ്..
മാർജിന്റെ അപ്പുറത്തെ വശത്തായി കുറിച്ചു,,
“ഈ പെണ്ണിന്റെ വായൊന്ന് മൂടികെട്ടാൻ ആകുന്നില്ലല്ലോ ഈശ്വരാ..
പെൺകുട്ട്യൊൾടെ സൌന്ദര്യ ലക്ഷണങ്ങൾ കാറ്റിൽ പറത്താനായിട്ട് ഇങ്ങനെയൊരു ജന്മം..
തർക്കുത്തരങ്ങളും വേദാന്തങ്ങളും മാത്രമാണ് കൈമുതൽ..
ഒതുക്കമില്ലാത്ത പെണ്ണുങ്ങൾക്ക് വായിൽ നാവും വെച്ച് പിഴയ്ക്കാമെന്നാ ധാരണ എത്ര മോശം..”
നനഞ്ഞ് കുതിർന്ന മണ്ണ്..
കാലുകൾ പൂഴ്ന്ന് പോകും ചെളിമണ്ണിലൂടേയുള്ള യാത്ര ദുസ്സഹം..
എങ്കിലും യാത്രകൾക്ക് ഒരു ക്ഷീണ കുറവും ഇല്ല..
ഏകാന്തത അവകാശപ്പെടുന്നുവെങ്കിലും ചുറ്റിനും കിതച്ചും കുരച്ചും അലറും മുഴക്കങ്ങൾക്കിടയിൽ ‘ഞാൻ‘ എന്ന വ്യക്തിത്വം അലങ്കരിച്ച ഈ ജന്മം..ഹാ..എത്ര സുന്ദരം..!
കേൾവിക്കാർ ഇല്ലെങ്കിലെന്താ…സ്വയം അറിഞ്ഞും അറിയാതേയും എന്നോട് തന്നെ സംവേദിച്ചു..
ശ്വസിയ്ക്കാത്ത, ഭക്ഷിയ്ക്കാത്ത,ജീവനില്ലാത്ത വസ്തുക്കളുമായെല്ലാം സംവദിച്ചു.
അങ്ങനെ എന്റെ സംഭാഷണ പ്രിയരിൽ,
ഞാൻ തന്നെ തുന്നിയ സുന്ദരിയുടെ മുഖമുള്ള തലയിണ ഉറയും, പൂക്കളുള്ള ഉണ്ണുന്ന ചില്ല് പാത്രവും, കുളിമുറിയിലെ പിടിയില്ലാത്ത ചുവന്ന കപ്പും,സിംഹത്തിന്റെ തലയുള്ള കൊച്ച് താക്കോൽ തൂക്കും , അകത്ത് ധരിയ്ക്കുന്ന പഞ്ഞി പോലെ നനുനനുത്ത ചെരിപ്പും,മൂടി നഷ്ടായിട്ടും മഷി തീർന്നിട്ടും ഇന്നും സൂക്ഷിച്ചു വെയ്ക്കുന്ന കറുത്ത ബോൾപെന്നുമെല്ലാം പങ്കാളികളായി..!
പിന്നേയുമുണ്ട്…ധാരാളം…
പേരുകൾ നൽകാനാവാത്തതും പറയാൻ വയ്യാത്തതുമായ വായയില്ലാത്ത ഇഷ്ടം പോലെ കൂട്ടുകാർ..!
ഉമിനീർ വറ്റും വരെ അവരുമായി കൂട്ടം കൂടി..
കൊഞ്ചി, പിണങ്ങി,വഴക്കിട്ടു, പരിഭവങ്ങൾ അറിയിച്ചു..
എത്ര പ്രിയമുള്ള എന്റെ മിത്രങ്ങൾ..
അവർ ഒരിയ്ക്കലും മറുത്ത് സംസാരിച്ചില്ല..വഴക്കിട്ടില്ല..ശാസിച്ചില്ല..
എത്ര ശാന്തരാണ്..
അവർ ഉറങ്ങുന്ന വേളകളിൽ കാറ്റിനോട്, ഇരുട്ടിനോട്, നക്ഷത്രങ്ങളോട്, നിലാവിനോട്, നിഴലിനോട് ….കുസൃതികൾ പറഞ്ഞു..
പലപ്പോഴും വഴക്കിട്ടു..
അവരും ശാന്തരാണ്..
പുഞ്ചിരിയ്ക്കുന്നു..
കേൾക്കാത്ത ഈ സ്വരങ്ങളുടെ അർത്ഥമെന്താണ്..?
പൊരുളുകൾ തേടി അലയാൻ നടക്കാത്തത്രയും..
നിഷ്കളങ്കത കാത്ത് കിടക്കുന്ന ഹൃദയങ്ങളുടെ സിംഫണി..,ജീവനില്ലാത്ത രാപകലുകൾ എനിയ്ക്ക് സമ്മാനിയ്ക്കുന്നു..
എന്നിട്ടും അന്ധമാം മിഴികളേയും മരവിച്ച് കിടക്കുന്ന മൌനത്തേയും ഞാൻ പ്രണയിച്ചതെന്തു കൊണ്ട്..?
“മുത്തുകൾ പൊഴിയ്ക്കുന്ന മൊഴികളേ…സുഖകരമല്ലാത്ത നിന്റെ ഭാഷയും പുലമ്പലുകളും പെറുക്കി കൂട്ടി ചവറ്റ് കുട്ടയിൽ ഇടൂ..“
എന്ന അറ്റമില്ലാ അവഹേളനങ്ങളുടെ ,ആക്ഷേപങ്ങളുടെ..വേദന സഹിച്ച് ഒരു കൊടും വേനലിൽ അലയുകയായിരുന്ന ഞാൻ,,,,,
ഒരു ആട്ടിൻ കുട്ടിയെ അനുഗമിയ്ക്കുന്ന പോലെ,
ഞാൻ വെയ്ക്കുന്ന ചുവടുകൾക്ക് ചോദ്യങ്ങൾ ഇല്ലാതെ, എവിടേയ്ക്ക് എന്നില്ലാതെ അനുഗമിയ്ക്കുന്നവളും എന്റെ കൂട്ടിന്..
“ഈ ചുട്ടു പൊള്ളുന്ന വേനലിനെ ഞാൻ എങ്ങനെ സഹിയ്ക്കും..?
രക്ത ചവർപ്പും വിയർപ്പിൻ ഉപ്പും…പിന്നെ…കണ്ണുനീരിന്റെ പുളിപ്പൊ....?
ഊഹും..അല്ല….കണ്ണീരിന്റെ കയ്പ്പ്..“
“നീ ആ കയ്പ്പു നീർ കുടിയ്ക്കാതെ വരൂ..
ശിതീകരിച്ച മുറിയിലിരുന്ന് തണുത്ത പാനീയം കുടിയ്ക്കാം..”
വെറുമൊരു പാഴ്വാക്കായിരിയ്ക്കുമോ എന്നു പോലും ചിന്തിയ്ക്കാതെ അവളെ അനുഗമിച്ചു..
ശ്രുതി മധുര സംഗീതം..
ഉഷ്ണ സഞ്ചാരത്തിന് പൊറുതി..
“മിത്രമേ..സന്തോഷം തോന്നുന്നു..എനിയ്ക്ക് നിന്നോട് അളവില്ലാത്ത സ്നേഹം തോന്നുന്നു..”
തൊട്ടരികിൽ കണ്ണും പൂട്ടി ഇരിയ്ക്കുന്ന അവളെ സ്നേഹത്തോടെ നോക്കി..!
പൊടുന്നനെ,
പൊള്ളിയ മനസ്സിനെ ആരോ തലോടുന്നു…
ആരുടേയൊ സാന്നിദ്ധ്യം അറിഞ്ഞതാണ്..
മുഖമുയർത്തിയപ്പോൾ മുന്നിൽ ഒരു നോട്ട്പാഡുമായി അവൻ നിൽക്കുന്നു..
“നിനക്ക് ഞാൻ എന്ത് കുറിച്ചു തരും..”എന്ന് മിഴികളുയർത്തി ആരാഞ്ഞപ്പോൾ അവൻ പുഞ്ചിരിച്ചു,,,
“ഹേയ് പെണ്ണേ..നിന്റെ ദാഹം തീർക്കുവാനുള്ള പാനീയം എന്റെ മൺകലത്തിൽ നിറച്ചു വെച്ചിരിയ്ക്കുന്നു..
നിനക്കു വേണ്ട പാനീയത്തിന്റെ പേർ നിനക്ക് നൽകാം..
കത്തി ജ്വലിയ്ക്കുന്ന നിന്റെ മനസ്സിന് കുളിരേകാനും വരണ്ട് പൊട്ടിയ തൊണ്ടയെ നനയ്ക്കുവാനുമുള്ള പാനീയം നിനക്ക് എത്തിയ്ക്കാം ഞാൻ..”
അവന്റെ കണ്ണുകൾ എന്നൊട് സംസാരിയ്ക്കുകയാണ്..
ഹൊ…പരഹൃദയരുടെ ദാഹം അറിയുന്നവൻ…!
“എന്താണിത്…എന്തേ ഇവൻ ഇങ്ങനെ..
അവന്റെ കണ്ണുകളിൽ മാത്രം വാചാലതയോ..?”
മിത്രം പറഞ്ഞു..
“അവൻ സംസാരിയ്ക്കില്ല..
അവൻ മാത്രമല്ല…ഇവിടെയുള്ള മിക്ക ജീവനക്കാരും..
അവർക്കൊരു ഉപജീവനം…അതു കൂടി ലക്ഷ്യമാക്കി പ്രവൃത്തിയ്ക്കുന്ന ഒരു കൂൾബാറാണിത്..”
അവൻ കാത്തു നിൽക്കുന്നു…
അവന്റെ നോട്ട്പാഡിൽ ഞാൻ കുറിച്ചു,,
“എനിയ്ക്കു ചുറ്റുമുള്ളവർ തണുത്ത പാനീയങ്ങൾ ഊറ്റി കുടിച്ച്, വിയർപ്പ് തുടച്ച് ഇറങ്ങി പോകുന്നു..
അവർ ശാന്തരാണ് താനും..
എന്തേ എനിയ്ക്ക് മാത്രം ഭ്രാന്ത് പിടിയ്ക്കുന്നു..?
മൌനം കൊണ്ട് പുതച്ചവനേ പറയൂ…
മൌനം ആവരണമാക്കിയവനേ പറയുക നീ…
തുരുമ്പിച്ച എന്റെ മനസ്സിന് മാത്രം എങ്ങനെ തുള വീണു..?“
അവൻ ആ കുറിപ്പെടുത്ത് നീങ്ങി..
നിമിഷങ്ങൾക്കകം ഒരു സ്റ്റീൽ ട്രേയിൽ മുന്തിരി ചാറുമായി അവൻ എത്തി..
നാലായി മടക്കിയ ഒരു കുറിപ്പും ഉണ്ടായിരുന്നു കുപ്പിഗ്ലാസ്സിന്റെ അടിയിലായി..
അവന്റെ പുഞ്ചിരിയ്ക്കുന്ന അക്ഷര തുള്ളികൾ..
മൌനമാകുന്ന അക്ഷരങ്ങളെ വാചാലമാക്കുന്ന അക്ഷരച്ചാറ്..
ആർത്തിയോടെ മുന്തിരിച്ചാറിനോടൊപ്പം ആ അക്ഷര തുള്ളികളേയും എടുത്ത് മോന്തി…
പിന്നെ അടിയിലെ തുള്ളികൾ ഊറ്റി കുടിച്ചു..
മേൽചുണ്ടുകൾ നാവ് കൊണ്ട് നക്കി തുടച്ചു..
അതാ..
മുന്തിരിച്ചാറ് വാചാലമാകുന്നു.
അവൻ പറഞ്ഞു..
“നീ പറഞ്ഞില്ലെങ്കിലും ഞാൻ മനസ്സിലാക്കുന്നു…
പെണ്ണേ നീ എന്നോട് പ്രണയത്തിലാണ്..
എനിയ്ക്ക് കടുത്ത ആശ്ചര്യം തോന്നി…
പിന്നെ മനസ്സിലാക്കി,
ഉഷ്ണം പെരുത്ത് ചുട്ടു പൊള്ളുന്ന നിന്റെ മനസ്സ് എന്റെ മൌനവുമായി പ്രണയത്തിലാണ്..
തിളയ്ക്കുന്ന ഈ വേനലിൽ ഞാൻ ജീവിതം വെന്ത് തീർക്കുമ്പോൾ നീ നിന്റെ പൊള്ളുന്ന മനസ്സിന് മൌനം വിരിയ്ക്കുവാൻ ആഗ്രഹിയ്ക്കുന്നു..
നീ പ്രണയിയ്ക്കുന്ന എന്റെ മൌനം വാചാലമാണ്..
അത് ഉൾക്കൊണ്ട നിനക്ക് ഞാൻ എന്റെ സ്നേഹം തരുന്നു..“
സത്യം….ഇപ്പോൾ ഞാന്‍ അറിയുന്നു…
ഞാന്‍ അവന്‍റെ മൌനത്തെ പ്രണയിച്ചതായിരുന്നു…!
കണ്ണുകൾ ചുറ്റിനും ആർത്തിയോടെ പരതി..
ഇല്ല, അവനെങ്ങുമില്ല..
“എന്റെ ഉഷ്നത്തിന് അറുതി നൽകിയവനേ...
നീ എങ്ങു പോയി ഒളിച്ചു..?”
ആ വിതുമ്പുന്ന ചുണ്ടുകൾക്കൊപ്പം ചുവന്നു കലങ്ങിയ കണ്ണുകൾ എന്നെ പിന്തുടരുന്നുണ്ടെന്ന് ഞാൻ വിശ്വസിച്ചോട്ടെ..?
അവനിൽ നിന്നും അകലും നേരം എന്റെ ചുണ്ടുകൾ പിന്നേയും മന്ത്രിച്ചു,
“പ്രിയനേ...ഞാൻ നിന്റെ മൌനത്തെ എന്റെ അധരങ്ങളിൽ മുദ്രവെച്ചു കൊണ്ട് ഇറങ്ങുകയാണ്..
നിന്റെ ചുണ്ടുകളിൽ എന്റെ വാചാലതയെ അർപ്പിയ്ക്കുവാൻ ഞാൻ കൊതിച്ചു പോവുന്നു..
നാം പരസ്പരം കൈമാറുന്ന വാചാലതയും മൌനവും തമ്മിൽ പ്രണയത്തിൽ അകപ്പെട്ടിരിയ്ക്കുന്നു എന്ന് നിനക്കും അറിയാം..
അടുത്ത വേനൽ വരേയ്ക്കും നമ്മൾ വിരഹം അനുഭവിയ്ക്കും..
നീ നൽകിയ മുന്തിരിച്ചാറിന്റെ മധുരവും പുളിപ്പും നുണഞ്ഞു കൊണ്ട് ഞാൻ അതുവരേയ്ക്കും നിനക്കായ് കാത്തിരിയ്ക്കും..!
ദേ...ഇവിടേം മുന്തിരിച്ചാറിലെ പ്രണയം നുണയാം..!




