ചാരുഹാസിനിയുടെ അമ്മ സരസ്വതി.
അവൾ വളരെ സുന്ദരിയായിരുന്നുവെന്ന് പറയപ്പെടുന്നു.
ഉൾഗ്രാമത്തിൽ ജനിച്ചു വളർന്ന നിഷ്കളങ്ക.
അന്നത്തെ കാലത്ത് എന്ത് പരിഷ്കാരം...!
ശൈശവത്തിൽ തന്നെ അച്ഛൻ ഇല്ലാതായതിനാൽ അമ്മയ്ക്ക് സരസ്വതിയോടുള്ള സ്നേഹം സാധാരണ അമ്മമാരുടേതായിരുന്നില്ല....
ആ വയറ്റിനകത്ത് എന്ന പോലെതന്നെ അവളെ പരിപാലിച്ചു പോന്നു...!
സരസ്വതിയ്ക്ക് പന്ത്രണ്ട് തികഞ്ഞു....
ദോഷങ്ങൾ ഒന്നും തന്നെ ഇല്ലാത്ത., നിബന്ധനകളും, നിർബന്ധങ്ങളും ഇല്ലാത്ത., ഒരു മംഗള കർമ്മം ആർഭാടമോടെ നടപ്പിലാക്കി....
ഒട്ടും തന്നെ എതിർപ്പുകളില്ലാതെ സരസ്വതി പാത്രക്കടക്കാരൻ മുതലാളി., സുകുമാരന്റെ വധുവായി....
സരസ്വതി തന്റെ ജന്മനാട്ടിൽ നിന്ന് വരന്റെ ഗൃഹത്തിലേയ്ക്ക് യാത്രയായി.
അവൾക്ക് അത്യപൂർവ്വമായി മാത്രം ലഭിയ്ക്കുന്ന യാത്രാനുഭൂതികൾ....
അവൾ കരഞ്ഞില്ല...,
എന്നാൽ അവളുടെ അമ്മ മുണ്ടിന്റെ തലപ്പെടുത്ത് കണ്ണുകൾ ഒപ്പി....
സന്ധ്യയാവാൻ അധികം നേരമില്ല....
പുഴ കടന്ന് അക്കരെയാണ് അവളുടെ പതിയുടെ വസതി....
കടത്ത് തോണിയ്ക്കായി പുഴക്കരയിൽ എത്തിയതും അവൾ അതിവേഗം മുന്നോട്ട് പാഞ്ഞു.
തിരിഞ്ഞ് നോക്കി സുകുമാരനോടും, വീട്ടുകാരോടുമായി വർദ്ധിച്ച ആവേശത്തോടെ ആരാഞ്ഞു :
“പുഴയുടെ ഓളങ്ങൾ സംഗീതം ആലപിയ്ക്കുന്നത് നിങ്ങൾക്കും കേൾക്കാനാവുന്നുണ്ടോ...?”
“ശരിയാണ്... കേൾക്കാനാവുന്നു...” അവർ ഊറിച്ചിരിച്ചു.
“ഞാനീ മണൽത്തരികൾ വാരിക്കളിച്ച് മണ്ണപ്പം ചുട്ട് വരാം...”
സരസ്വതി തന്റെ വള്ളിപ്പാവാട മണലിൽ വിരിച്ച് മണൽ കോരിയിട്ട് വിതറിക്കളിച്ചു.
കണ്ടു നിന്ന കൂടെയുള്ള കുട്ടികൾ കൂട്ടംകൂടി ശബ്ദം ഉയർത്തി അവളുടെ കളിയിൽ പങ്കുചേർന്നു.
സുകുമാരന്റെ ചെറിയമ്മ പതിയെ അവൾക്കരികിൽ മുട്ടുകുത്തിയിരുന്ന് ചെവിയിൽ ഉപദേശിച്ചു :
“മോളേ.., നിന്റെ കസവുപാവാടയിലെ കൈവേലകളാൽ നെയ്തെടുത്ത പൊന്നിന്റെ കരയ്ക്ക് അലങ്കാരമാക്കിയിട്ടുള്ള നൂലുകൾക്ക് രണ്ടര പവൻ മതിയ്ക്കും..., കുപ്പായത്തിലെ കൈയ്യിന്റെ കരയ്ക്ക് മുക്കാലും....., പുത്രവധുവായി വീട്ടില് വലതുകാൽ പതിപ്പിയ്ക്കുമ്പോൾ നിന്റെ ഉടുപ്പിൽ അഴുക്ക് പുരണ്ടിരിക്കാൻ പാടുള്ളതല്ല...”
“അതേയോ... ഞാൻ ചെറിയമ്മ പറയുന്നത് അനുസരിയ്ക്കാം... മുതിർന്നവരെ അനുസരിച്ചില്ലേൽ ദോഷം വരുമെന്ന് ന്റെ അമ്മ പറഞ്ഞു തന്നിട്ടുണ്ട്...”
സരസ്വതി കഴുത്തിലൂടെ വള്ളിപ്പാവാട ഊരിയെടുത്ത് മൺത്തരികൾ തട്ടിക്കുടഞ്ഞ് വീണ്ടും ധരിച്ച് യാത്രയ്ക്കൊരുങ്ങി...!
"നീണ്ട ഷിമ്മിയിലും അവൾ കൊച്ചു കുഞ്ഞുതന്നെ..." അതിനിടയിൽ ചെറിയമ്മ അടുത്ത് നിൽക്കുന്നവരോടായി അഭിപ്രായപ്പെട്ടു.
സുകുമാരൻ സരസ്വതിയെ പേരു പോലെ തന്നെ വളരെ അധികം ആദരവും ചേർത്തുവെച്ചാണ് നിരീക്ഷിച്ചത്....
"അവൾ വീട്ട് കാര്യങ്ങളും ചുമതലകളും കുറെ പഠിയ്ക്കാനിരിയ്ക്കുന്നു..." എന്ന ചെറിയമ്മയുടെ വാക്കുകളും അനുസരിച്ച് പോന്നു.
സരസ്വതിയ്ക്ക് പ്രായം തികഞ്ഞിട്ടില്ല....
തലോടുവാനോ താരാട്ട് പാടുവാനോ സുകുമാരൻ മുതിർന്നില്ല.
തന്റെ സ്വന്തം സമ്പാദ്യം കൊണ്ട് വാങ്ങിവെച്ച പൂത്താലി അവളെ അണിയിക്കാനായി ആണ്ടുകൾ കാത്തിരിയ്ക്കുവാനും സുകുമാരൻ തയ്യാറായിരുന്നു...!
എങ്ങു നിന്നോ ഒരിളം കിളി ഇണങ്ങി പറന്നെത്തി....
സരസ്വതിയ്ക്ക് പതിനഞ്ച് തികഞ്ഞു .,
അവളുടെ വടിവൊത്ത മൂക്കിലെ വൈരക്കല്ല് മൂക്കുത്തിയുടെ ശോഭ അവളുടെ തുടുത്ത മുഖത്ത് പരന്നിരിയ്ക്കുന്നു..
അവളുടെ നാണം നിറഞ്ഞ വട്ട മുഖം സുകുമാരൻ ഒരിയ്ക്കൽ കണ്ടു.,
അവളുടെ പട്ടിന്റെ പുതു ധാവണിയിൽ നിന്ന് പരന്ന ഉന്മാദ വാസന അവന്റെ മൂക്കിന് അതു വരെ ലഭിയ്ക്കാത്ത ആനന്ദമുണ്ടാക്കി..
അവളുടെ അടക്കിയ ചിരിയും ആഭരണങ്ങളും കിലുക്കങ്ങളും അകത്തളത്തിലേയ്ക്ക് ഒളിഞ്ഞു നോക്കാൻ സുകുമാരന് പ്രേരണയുണ്ടാക്കി.
അവളുടെ യൌവ്വനാരംഭദശ ദർശിയ്ക്കുവാൻ അവന് തിടുക്കമായി.
നിലാവ് പൊഴിച്ച് കൊണ്ടിരിയ്ക്കുന്ന ഒരു നിശ്ശബ്ദ യാമത്തിൽ തന്റെ മട്ടുപ്പവിൽ വെച്ച് അവൻ അവളെ പൂത്താലി അണിയിയ്ക്കുവാനായി സ്പർശിച്ചതും അവൾ പുതപ്പിനുള്ളിൽ ഒളിച്ചു...
പിന്നെ നിലവിളിച്ച് കോവണിപ്പടികൾ ഇറങ്ങിയോടി സുകുമാരന്റെ ചെറിയമ്മയുടെ സാരിത്തലപ്പിൽ ഒളിച്ചു.
“സരസ്വതി ഇനി കുറച്ച് നാൾ അവളുടെ അമ്മ വീട്ടിൽ പാർക്കട്ടെ” അവർ നിർദ്ദേശിച്ചു.
“ഞാനെന്ത് തെറ്റ് ചെയ്തു... സുകുമാരൻ ചേട്ടനല്ലെ ശിക്ഷ നടപ്പിലാക്കേണ്ടത്..?” സരസ്വതി കണ്ണുകൾ നിറച്ചു...!
ജീവിത കർമ്മങ്ങൾ അവസാനിയ്ക്കുന്നില്ല....
സരസ്വതി അമ്മയായി....
ചാരുഹാസിനി പിറന്ന സന്തോഷാധിയ്ക്ക്യത്തിൽ സുകുമാരൻ പണ്ട് ഭാഗ്യം കെട്ടവൻ എന്ന് സ്വയം പരിതപിച്ച് പട്ടു തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ച പൂത്താലി അവളെ അണിയിച്ചു.
വെറും തറയിൽ പുല്ലുപായ വിരിച്ച് കിടന്നിരുന്ന സരസ്വതി നിറഞ്ഞ കണ്ണുകളോടെയത് സ്വീകരിച്ചു..!
“എനിയ്ക്കും കുപ്പി വളകൾ മതി....”
ചാരുഹാസിനിയെ അണിയിയ്ക്കാനായി കുപ്പിവളക്കാരൻ വരുമ്പോഴെല്ലാം തന്റെ മിനുത്ത കൈത്തണ്ടകൾക്കായി കറുപ്പും ചുവപ്പും വളകളിലേയ്ക്ക് അവൾ വിരൽ ചൂണ്ടി.
“അതെന്തിനാ സരസോ... പൊട്ടിപ്പോകുന്ന വളകൾ... തലയിണയിൽ കൈ വെച്ച് അതിനു മുകളിൽ തല കയറ്റി വെച്ചുറങ്ങുമ്പോൾ അവ പൊട്ടി പോവുകയില്ലേ...? നീയത് അറിയുക പോലുമില്ല... ചന്ദന നിറമുള്ള സരസുവിന്റെ മുഖത്ത് പോറൽ വീണേയ്ക്കാം... കൈത്തണ്ടയിൽ മുറിവേൽക്കാം... അറിഞ്ഞു കൊണ്ട് ആ പൂ പോലെയുള്ള മുഖത്ത് കലകൾ വരുത്തിവെയ്ക്കണൊ...?”
സുകുമാരന് സരസ്വതിയോടുള്ള പ്രണയം ആളിക്കത്തിക്കൊണ്ടേയിരുന്നു....
സരസുവിന് സുകുമാരനോടുള്ള പ്രണയം ദൃഢമാക്കാനാവാതെ മഞ്ഞ്കട്ടപോലെ അലിഞ്ഞ് കൊണ്ടിരുന്നു....
പലപ്പോഴും പ്രണയം അടിച്ചേൽപ്പിയ്ക്കുവാൻ ശ്രമിയ്ക്കുന്നതായി അനുഭവപ്പെട്ട് വെരുകിനെപ്പോലെ സരസ്വതി ഓടിയൊളിച്ചു.
ഉപയോഗശൂന്യമായ പിച്ചളപ്പാത്രം കളയുന്നതിനു പകരം തേച്ച്മിനുക്കി തിളക്കം വർദ്ധിപ്പിയ്ക്കുന്നതെന്തിന്..? അവൾ സംശയിച്ചു..!
വീട്ടുപണികൾ ചെയ്യാനായി ദാസികൾ ആരും ഇല്ലെങ്കിലും വെള്ളിതിളങ്ങും പാത്രങ്ങളിൽ അന്നം,
പൊന്നിന്റെ കസവ് തൂങ്ങുന്ന ഘനം കൂടിയ ആടകൾ, ഭാരിയ്ക്കുന്ന ആഭരണങ്ങൾ...
സരസ്വതിയ്ക്ക് ശ്വാസം മുട്ടി...!
കച്ചവടം ഉഷാറല്ലാത്ത മാസങ്ങളിൽ സുകുമാരന്റെ ശ്രദ്ധ തന്റെ തങ്കക്കുടത്തെ അലങ്കരിപ്പിയ്ക്കുന്നതിൽ മാത്രമായി...!
അങ്ങനെ ഒരു വേനലിൽ സുകുമാരന് സരസ്വതിയെ ഇളക്കത്താലി അണിഞ്ഞ് കാണുവാൻ മോഹമുദിച്ചു..
ആഗ്രഹം അറിഞ്ഞയുടനെ സരസ്വതി ഒട്ടും മയമില്ലാതെ പരുക്കമായി മൊഴിഞ്ഞു :
"വേണ്ട... നിയ്ക്കിനി ആടയാഭരണങ്ങളല്ല ആവശ്യം...,
വജ്രങ്ങൾ പതിച്ച കിരീടവും പൊന്നിന്റെ കമ്പിയാൽ തീർത്ത അപശ്രുതികൾ മീട്ടാത്ത വീണയുമാണ് അത്യാവശ്യം... ഉടൻ നടപ്പിലാക്കുക...!"
സുകുമാരനിൽ സരസ്വതിയുടെ വാക്കുകൾ ആദ്യം അന്താളിപ്പ് ഉളവാക്കി...
പിന്നെ അജ്ഞാതമായൊരു ഉൾവിളിയിൽ ലയിച്ചെന്നപോലെ സരസ്വതിയുടെ പ്രതീക്ഷയ്ക്ക് അപ്പുറത്ത് നിന്നുകൊണ്ട് പറഞ്ഞു :
“ഈ തറവാട്ടിൽ ഇന്നേവരെ ആരും ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചിട്ടില്ല സരസോ...
പക്ഷേ, സരസോ... നീ അറിയണം... നിന്നിൽ നിന്ന് ഈ മോഹം എപ്പോഴാണ് വെറ്റിലയുടേയും കളിയടക്കയുടേയും ഗന്ധങ്ങളിലൂടെ വമിയ്ക്കുക എന്ന് കാത്തിരിയ്ക്കുകയായിരുന്നു ഞാൻ...,
നശിപ്പിച്ച് കളയാനുള്ളതിലധികം സമ്പാദ്യം നിന്റെ കൂടെ കെട്ടിപ്പിടിച്ച് ഉറങ്ങാൻ നിന്റെ സുകുമാരൻ ചേട്ടന്റെ പക്കലുണ്ട്....
സ്വപ്നം കണ്ടതിലേക്കാളേറെ സ്വപ്നങ്ങൾ - നിന്നെയുൾപ്പടെ., ഞാൻ കീഴടക്കി കഴിഞ്ഞിരിയ്ക്കുന്നു...
ലക്ഷ്മിയും, സരസ്വതിയും എന്നെ സ്വാധീനിച്ച് കഴിഞ്ഞിരിയ്ക്കുന്നു സരസോ....
ഇനി നിന്റെ സ്വപ്നം സാക്ഷാൽക്കരിപ്പിച്ച് ഞാൻ നിന്നെയും നിന്റെ പ്രണയത്തേയും ന്റെ അടിമകളാക്കും...
ആകാശവും കടലും അളക്കുവാനാകുമോ..? അതുപോലെയാണ് എനിയ്ക്ക് നിന്നോടുള്ള പ്രണയവും...!
വെള്ളി മേഘക്കെട്ടുകളായും പൊന്നിൻ മണൽത്തരികളായും എന്റെ പ്രണയം നിന്നെ വിഭ്രമലോകത്ത് എത്തിയ്ക്കും..”
സുകുമാരൻ പ്രണയപരവശനായി ആവേശം കൊണ്ടു.
സരസ്വതിയെ ഇടം കണ്ണിട്ട് തിരഞ്ഞപ്പോൾ നിശ്ചലനായി നിന്നു പോയി...!
പരിഭ്രമിച്ച് ദേഹം വിറച്ചു...!!
കണ്ണുകളിൽ കൂരിരുട്ട് നിറച്ച് കറുത്ത ആകാശത്തെ കണ്ട്കൊണ്ട് സരസ്വതി വെട്ടിയിട്ട തണ്ട് കണക്കെ തറയിൽ കിടക്കുന്നു...!
സുകുമാരൻ അവൾക്കരികിൽ മുട്ടു കുത്തി വീണു...
ആ തലമുടിയിഴകളിൽ തലോടി...
തണുത്ത് മരവിച്ച സരസ്വതിയുടെ ചെവിയിൽ നേർത്ത സ്വരത്തിൽ രഹസ്യം പറഞ്ഞു...
"ഈ വിട വാങ്ങലിന്റെ ആവശ്യം ഉണ്ടായിരുന്നോ സരസോ...?
നീ എന്റെ അടിമപ്പെണ്ണായിരുന്നുവെങ്കിലും നിനക്ക് സ്വാതന്ത്ര്യം നിഷിദ്ധമായിരുന്നില്ലല്ലൊ..
നിന്നെ അനുസരിച്ച് പ്രണയിക്കുക മാത്രമല്ലെ ഞാൻ ചെയ്തിട്ടുള്ളു...?
സങ്കടമുണ്ട്... എന്നാലും നീ ധൈര്യമായി പൊയ്ക്കൊള്ളു...
നീ ഒന്നു കൊണ്ടും ഭയപ്പെടേണ്ട...
ഒരിയ്ക്കൽ ഞാൻ പ്രണയപരവശനായി നിന്റെ അരികിൽ - വെള്ളി മേഘക്കെട്ടുകൾ പൊതിഞ്ഞ നിന്റെ മെത്തയിൽ., പ്രവേശിയ്ക്കുമ്പോൾ നീ അറിയും നവരത്നങ്ങളുടെ മഹത്വം...!
അപ്പോൾ നീ പൊന്നിൻ കമ്പികൾ മീട്ടി എനിയ്ക്കായ് പാടിത്തരണം..!!"
സുകുമാരന്റെ സ്വരം നേർത്ത് നേർത്ത് ഇല്ലാതായി...!
****************************************************************************************
ചാരുഹാസിനി ചിരിയ്ക്കുകയാണ്.
പിന്നെ മിഴികൾ ഒപ്പി.
“അമ്മ ചിത്തഭ്രമത്തിന് അടിമയായിരുന്നു... ഒരു വിഷാദ രോഗി.
അച്ഛന്റെ പ്രേമഭാജനമായ അമ്മയ്ക്ക് ദു:ഖപരിവേഷങ്ങളോടെ മാത്രമേ അച്ഛന്റെ മുന്നിൽ പ്രത്യക്ഷപ്പെടുവാൻ സാധ്യമാകാറുണ്ടായിരുന്നുള്ളു.
കലർപ്പില്ലാത്ത പൌരുഷത്തോടെ തന്റെ പ്രണയസാമ്രാജ്യം കെട്ടിപ്പടുക്കുവാൻ ശ്രമിച്ച അദ്ദേഹത്തിന് അവിടെ വിജയം കൈവരിയ്ക്കുവാനായില്ല.
അദ്ദേഹത്തിന്റെ പ്രണയാദ്ധ്വാനങ്ങൾക്ക് സാഫല്ല്യം നൽകുവാൻ അമ്മയ്ക്കും ആയില്ല...!
അങ്ങനെ ഒരു ദിവസം....
ആർക്കും കാരണമറിയാത്ത കനത്ത മനക്ലേശത്താൽ അമ്മയുടെ ഹൃദയമിടിപ്പ് നിലച്ചു...
പാവം, അച്ഛന് അറിയുമോ എന്തോ..?!
അമ്മയുടെ വർണ്ന ചിത്രം ചുവരിൽ ചില്ലിട്ട് തൂക്കിയിട്ടുണ്ട് അച്ഛൻ,
പിന്നെ., ചന്ദനം മണക്കുന്ന ചെപ്പിൽ മറ്റെന്തെല്ലാമോ സൂക്ഷിയ്ക്കുന്നുണ്ട്., അമ്മയുടെ ഓർമ്മയിൽ അച്ഛൻ...
അമ്മയ്ക്കു നൽകാനായ് എന്ന വിശ്വസത്തിൽ...
ഞങ്ങളുടെ വീട്ടിലും മനസ്സിലും ഒരു വിഗ്രമായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു അച്ഛൻ അമ്മയെ...!
ചാരുഹാസിനി പറഞ്ഞു നിർത്തി...!


