അല്ലേ…ല്ലേ..ന്ന്..?
ആ..ന്ന് പറയും വരെ ഞാന്‍ ചോയിച്ചോണ്ടേ ഇരിയ്ക്കും, അതെന്‍റെ ദുര്‍വാശ്ശികളില്‍ ഒന്നാന്ന് അറിഞ്ഞൂടെ..?
അതോണ്ട് സമ്മയിയ്ക്കേ തരള്ളൂ..
ഇതിപ്പൊ എന്താന്നോ പറയാന്‍,
ഇപ്പഴും, എപ്പഴും കാണുണൂ ഞാന്, അതെന്നെന്നേ..മനോരാജ്യം.
അതൊരു രോഗാ..?
ആണെന്നാ കൂട്ടുകാര്യേള്‍ പറയണത്,
നെനക്കെന്നെ ഇങ്ങനെ ഓരോന്ന് കടന്ന് ചിന്തിയ്ക്കാനും കാണാനും പറ്റൂ..
ഞങ്ങളൊക്കെ നെന്‍റെ തരക്കാരല്ലേ..
ഞങ്ങക്ക് കാണാത്തതും കേക്കാത്തതും ന്താ നെനക്ക് മാത്രം..?
എല്ലാം ഒരു വകയാ..കളിയാക്കി കൊല്ലും
അതു പോലെന്നെ ട്ടൊ, സ്നേഹിച്ചും കൊല്ലും.
അപ്പഴ് ഞാനെന്താ പറഞ്ഞോണ്ടിര്‍ന്നത്..?
ങാ..മനോരാജ്യം ല്ലേ..?
അതെന്താ പറയാനെയ്ച്ചാല്‍..
ഇന്നലെല്ലേ, ഒര്‍ മനോരാജ്യ കോട്ടേല്‍ ചെന്ന് കേറി ഞാന്‍.
പെയ്തൊഴിഞ്ഞ് കിട്ടാന്‍ നേരം ഇല്ലാത്ത ഒര്‍ ഗ്രാമത്തില്‍..
മഴയില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചെടുത്തോരു ഗ്രാമത്തില്‍..
വര്‍ണ്ണങ്ങളെന്ന് പറയുമ്പോ …മാരിവില്ല് നിറങ്ങള്‍..
അതില്‍ ഏഴ് നിറങ്ങള്ള്ള കറുപ്പും പെടും ട്ടൊ…ന്റ്റെ നിറം.
കണ്ണടച്ച് കിടന്ന് ആ പെരുമഴ നനയാന്‍ ഒര്‍ രസോം തോന്നീല്ലാ..
മെല്ലെ കണ്ണ് തുറന്നൂ..
അപ്പഴതാ മുന്നില്‍ ന്റ്റെ സാധനങ്ങള്‍ കുത്തി നെറച്ച മര അല്‍മാര.
അതൊര്‍ ആല്‍മരമായിരുന്നെങ്കില്‍..
ന്റ്റെ ഈ മുറി ആ ഗ്രാമം ആയിരുന്നെങ്കില്‍..
ഇപ്പഴ് ന്റ്റെ മുന്നില്‍ പടര്‍ന്ന് പന്തലിച്ചങ്ങനേ നിക്കാണ്‍ ആല്‍മരം
അടുക്കോം ചിട്ടേം ഇല്ലാതെ ചിതറി കിടക്കണ പുസ്തകങ്ങളൂം മറ്റും , ഇലകളും തൂങ്ങി കിടക്കണ വള്ളികളൂം.
ന്താ പെണ്ണേത്..ന്ന്..
ന്നെ ഇങ്ങനെ കണ്ണ് തുറിച്ച് നോക്കണ്ടാ..
ഇതെല്ലാം ന്റ്റെ അവകാശങ്ങളാ പറയുണൂ ഞാന്‍..ഹ്മ്.
ഓരോ ഇലകളീന്നും ഞാന്നു കിടക്കാണ്‍ മണിമുത്ത് മാലകള്‍.
എന്ത് രസാന്നൊ ആ പളുങ്കു മണികള്‍ കാണാന്‍..
ഓരോ പളുങ്കിലും ഓരോ മുഖങ്ങള്‍.
ഓരോ മഴതുള്ളിയിലും ഓരോ മുഖങ്ങള്‍..
ഒന്ന് സൂക്ഷിച്ച് നോക്കിയ്ക്കേ…ആ മുഖങ്ങള്‍ ന്റ്റെ കൂട്ടുകാരുടേതല്ലേന്ന്..ന്റ്റെ പ്രിയരുടെ..
ആത്മാവുള്ള തുള്ളികള്‍..
പ്രാണനുള്ള തുള്ളികള്‍..
ആ ആല്‍മരത്തിന്‍ ചുറ്റും കൈകള്‍ കോര്‍ത്ത് കളിയ്ക്കാണ്‍ ചിലര്‍..
കണ്ണാരം പൊത്തി കളിയ്ക്കുണൂ മറ്റ് ചിലര്‍..
പിന്നെയതാ പളുങ്ക്മാലകള്‍ക്കിടയില്‍ ഊഞ്ഞാല്‍ ആടി രസിയ്ക്കുണൂ..
കടംകഥ പറഞ്ഞും പാട്ട് പാടീം രസിയ്ക്കുന്നവരതാ ആല്‍ത്തരയില്‍ വട്ടമിട്ട് ഇരിയ്ക്കുണൂ..
പിന്നെ, ദേ..അപ്രത്ത് ചിലര്‍ പ്രണയ മഴ പൊഴിയ്ക്കുണൂ.
ആരും കാണണില്ലാന്നാ അവരുടെ വിചാരം.,
ഉവ്വ്..പൂച്ച പാല്‍ കുടിയ്ക്കും പോലെ.
ഇനി നീയൊന്ന് കണ്ണടച്ച് ന്റ്റെ ഗ്രാമം കാണാന്‍ ശ്രമിച്ചേ..
മനസ്സിനെ പിടിച്ചാ കിട്ടുവേങ്കില്‍ കണ്ണ് തുറന്നെന്നെ കണ്ടോ ട്ടൊ..
പണ്ട് നമ്മള്‍ ആത്മാവിനെ കാണാന്‍ ഇരുട്ടിലെ വെട്ടത്തിന്‍ മുന്നില്‍ ഇരുന്നേര്‍ന്ന പൊലെ..
കാണുണുണ്ടൊ..?
ഉണ്ടോന്ന്..?
ഇല്ലാല്ലേ..?
ഇതെന്നെ ഞാന്‍ ചോയിച്ചത്
ന്തേ ഇതെല്ലാം ഞാന്‍ മാത്രം കാണുണൂന്ന്..
അപ്പൊ ഇതൊരു അസുഖാ..?
മനോരാജ്യം കാണലേയ്..
ഊഹും..ഞാന്‍ സമ്മയിയ്ക്കില്ലാ..
രോഗല്ലാത്…നൊസ്സല്ലാന്ന്…
നല്ല മനസ്സുള്ളോര്‍ക്ക്, നിഷ്കളങ്ക മനസ്സുള്ളോര്‍ക്ക് , എന്നു വെച്ചാല്‍ കുട്ട്യോളുടെ മനുസ്സുള്ളോര്‍ക്ക് മാത്രം കിട്ടണ കഴിവാത്രെ,ത്..
എവിടേം ചോയ്ക്കാതേം പറയാതേം കേറി ചെല്ലാനുള്ള സ്വാതന്ത്ര്യം, തന്‍റേടം ,അവകാശം…അതാത്രെ ത്..
ഹ്മ്..ചിരിയ്കെണ്ടാ..ഇത് പറയണത് ഞാനല്ലാ..
ന്റ്റെ വിനോദിനി ടീച്ചറാ...
ഫാന്‍റസി കഥകള്ടെ ലോകത്തേയ്ക്ക് ഞങ്ങളെ കൊണ്ടുപോയിരുന്നപ്പഴ്.
കഥകളില്‍ കൌതുകം തേടി അലഞ്ഞിരുന്നപ്പോഴ്.
ഇപ്പൊ നിയ്ക്ക് എന്ത് സന്തോഷാന്നറിയോ..
എന്തൊര്‍ ആത്മസംതൃപ്ത്യാന്ന് അറിയ്യോ..,
എന്തിനാന്നോ..
അത് പോലെ നിയ്ക്കും കഴിയുന്നുണ്ടല്ലോന്ന്..
പിഞ്ചോമനകളെ ആ ലോകത്തേയ്ക്ക് കൊണ്ട് പോകുമ്പഴ് ,
ആ കുഞ്ഞു മുഖങ്ങള്‍ കഥകള്‍ കേട്ട് വായ് തുറന്നിരിയ്ക്കമ്പഴ് ..
ഞാനും അവരോട് പറഞ്ഞ് പോവാണ്‍,
നമുക്കിങ്ങനെ ലോകം ചുറ്റാം..ആരേം പേടിയ്ക്കാതെ എല്ലായിടും ചുറ്റി കറങ്ങാം ,
എത്തിപ്പെടാന്‍ സാധിയ്കില്ലാന്ന് തോന്നിടത്തൊക്കെ കേറി കളിച്ച് രസിച്ച് ഇറങ്ങി വരാംന്ന്..
അങ്ങനെ ഞാനും ന്റ്റെ കുട്ട്യോളും ഇന്ന് മഴത്തുള്ളി ഗ്രാമത്തില്‍ ഒര്‍ മണിക്കൂറ് ചെലവഴിച്ചൂ..
ആ നാല്‍ ചുവരുകള്‍ക്കുള്ളില്‍ ഗ്രാമം കെട്ടിപൊക്കി,
ഞങ്ങടെ കൊച്ച് മരഅല്‍മാരയെ ഉന്തി തള്ളി നടുക്കിട്ട് ആല്‍മരമാക്കി..
പിന്നെ അങ്ക്ട് ഞങ്ങടെ പാട്ടും, കൂത്തും കളീം ആയിരുന്നൂ
എന്ത് രസായിരുന്നീച്ചിട്ടാ..
മിഴിനീര്‍ തുള്ളികളെ പോലെ പരിശുദ്ദരായിട്ട്ള്ള ആ പിഞ്ചോമനകളില് ഓരോ മഴത്തുള്ളിയേം കണ്ടു ഞാന്‍..
ഞങ്ങടെ കളികള്‍ ആഘോഷായി കണ്ട് രസിയ്ക്കണ ന്റ്റെ വിനോദിന്യേം കണ്ടു ഞാന്‍..
ഇനി പറയ്..
പറയാന്‍…
മനോരാജ്യം കാണല്‍ അസുഖാ..?



