
"വികാരങ്ങളെ അനശ്വരമാക്കുകയാണ് നിന്നിലൂടെ ജനിയ്ക്കുന്ന അക്ഷരകുഞ്ഞുങ്ങൾ..
താളുകളിൽ പിറന്നു വീഴുന്ന ഈ കുഞ്ഞുങ്ങൾക്ക് പിന്നീടൊരിയ്ക്കൽ പറയാനുള്ള കഥ നിന്നെക്കുറിച്ചു മാത്രമായിരിക്കും..
അമ്മയെ കാണുന്ന ശിശുവിന്റെ മുഖവുരയായിരിയ്ക്കും നിന്റെ വരികവിതകളിലോരോന്നിലും.. "
ഞാൻ അംഗീകരിയ്ക്കപ്പെട്ടിരിക്കുന്നു..
"എന്റെ വരികളിൽ നിന്റെ സ്പർശമുണ്ട്..
അതെന്റെ അഹങ്കാരമാണ്..
നീയെന്ന ധിക്കാരിയുടെ ഒപ്പ്.. "
അവൻ ചുമലുകൾ കുലുക്കി ചിരിക്കുന്നതും അവന്റെ കവിളുകൾ തുടിക്കുന്നതും ഫോണിന്റെ ഇങ്ങേതലയ്ക്കലിരുന്നു അവൾക്ക് കാണുവാനായി.
"ഒരിയ്ക്കലും നീയെന്റെ പേരു വിളിച്ചിരുന്നില്ല. ഞാൻ നിനക്ക് എപ്പോഴും പെൺകുട്ടി മാത്രമായിരുന്നു.
എന്റെ വിവാഹം കഴിഞ്ഞതാണെന്നും ഒരമ്മയാണെന്നുമൊക്കെ അറിയിച്ചിട്ടും നിന്റെ ആ വിളിയുടെ ആക്കം കൂടിയെന്നല്ലാതെ കുറഞ്ഞിട്ടേയില്ല.
പിന്നെ പിന്നെ ആ വിളി കേൾക്കാതാവുമ്പൊ വല്ലാത്തൊരു വിമ്മിഷ്ടം അനുഭവപ്പെട്ടു തുടങ്ങി.
അതറിഞ്ഞ നീ ആദ്യമായിട്ടെന്റെ കള്ളത്തരത്തിനു പെരുംകള്ളീയെന്ന് വിളിച്ചപ്പോൾ ന്റെ ജാള്യമൊഖം മറയ്ക്കുവാനായി എന്റെ കൊച്ചു മൊബൈൽ ഫോൺ കൈകൊണ്ട് മറച്ചു പിടിച്ച് ഏറെ നേരം ചിരിച്ചുകൊണ്ടിരുന്നു.
അത്രയും നേരം നീ എന്റെ ശ്വാസത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നുണ്ടെന്ന കാര്യം പോലുംഞാൻ മറന്നുപോയിരുന്നു.
ഓർമ്മകളിലപ്പോൾ കുഞ്ഞു പാവടയണിഞ്ഞ് കൊലുസ്സ്സിന്റെ കിലുക്കം കേൾപ്പിച്ച് അഞ്ചാംക്ലാസ്സിന്റെ വരാന്തയിലൂടെ ഓടിയടുക്കുന്ന നന്ദിനിയായിരുന്നു.
"നിന്നെപോലൊരു സുന്ദരി കള്ളം പറഞ്ഞാൽ ഈശ്വരൻ ശിക്ഷിയ്ക്കും ട്ടൊ. "
ഉണ്ടകണ്ണുകളുരുട്ടി നന്ദിനി ചെവിയിൽ സ്വകാര്യം പറഞ്ഞപ്പോൾ അത്രയ്ക്കും ഗൗരവം കൊടുക്കാതെ അവളുടെ മുഖത്ത് തറപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു,
"ആയ്ക്കോട്ടെ, എന്നെ ശിക്ഷിച്ചോട്ടെ, നിയ്ക്കെന്റെ അമ്മയെ ഇഷ്ടല്ലാന്ന് പറഞ്ഞതോണ്ട് ആകാശം ഇടിഞ്ഞ് വീഴേയ്ച്ചാലു ആയ്ക്കോട്ടെ..
അത് ന്റെ സത്യമല്ലേ..കളവായിട്ടെന്തിരിയ്ക്കുന്നു,? "
നന്ദിനിയ്ക്കത് സഹിക്കുന്നതിനപ്പുറമായിരുന്നു..
"അതേപ്പൊ..പെൺകുട്ടികൾക്ക് അമ്മയെ ഇഷ്ടല്ലാണ്ടാവൊ..?
ഒക്കെ നിന്റെ കള്ളത്തരങ്ങളാ.."
ചുണ്ടുകൾ കോട്ടി നന്ദിനി ഓടി മറയുമ്പോഴറിഞ്ഞില്ല, ഒരേ ഏടിൽനിന്ന് കവിത ചൊല്ലിപഠിച്ചിരുന്ന സ്വന്തം ഭാഗം നഷ്ടമാവുകയായിരുന്നുവെന്ന്.
പിന്നേയും ഓർമ്മകൾ പിറകിലോട്ട് സഞ്ചരിയ്ക്കുന്നു..
"ശ്ശോ.. ഈ പെണ്ണിന്റെയൊരു കാര്യം.
നിന്നെ ഇഷ്ടപ്പെടുന്ന ഒരു സുന്ദരനോട് മുഖത്ത് നോക്കി കള്ളം പറയുവാൻ നിനക്കെങ്ങനെ സാധിച്ചു..?
അതും നിന്റെ കല്യാണം ഉറപ്പിച്ചു വെച്ചതാണെന്നൊക്കെ,
ഈശ്വരകോപം കിട്ടും ട്ടൊ..മാത്രല്ല അവന്റെ ആ വേദനയുണ്ടൊ നിന്റെ ദേഹത്തീന്ന് പിരിഞ്ഞു പോണൂ..
നുണച്ചിയാണു നീ..സ്നേഹിയ്ക്കുന്നവരെ വേദനിപ്പിക്കാൻ മാത്രമറിയുന്ന പെരുംകള്ളി..നുണച്ചി പാറു..ഹും "
കൂട്ടുകാരിയുടെ ഈർഷ്യയിൽ വെന്ത മുഖം എത്ര ശ്രമിച്ചിട്ടും ഇതുവരെ മറക്കുവാനായിട്ടില്ല.
എത്രയൊക്കെ എത്തിപ്പിടിച്ചാലും ഇന്നലെകളേക്കാൾ ഓടിയടുക്കുന്നത് ഇന്നുകളാണെന്ന സത്യം നെഞ്ചിണകളെ പെരുപ്പിച്ചു.
മറക്കുവാനും പൊറുക്കുവാനുമാവാത്ത സത്യങ്ങൾ.
"പുക മണക്കുന്നതൊക്കെ സാധാരണം.പിന്നെ ഇക്കാലത്ത്, മദ്യം..അതൊക്കെ സർവ്വസാധാരണമല്ലേ.
ഉള്ളി മണക്കുന്ന വായയാണു നിന്റെ പ്രശ്നമെങ്കിൽ അയാളോടത് തുറന്ന് പറയൂ.. അതുമല്ലെങ്കിൽ രണ്ടുരുള ചോറും വറുത്ത രണ്ടു കഷ്ണം മാന്തളും വായിലിട്ട് പുതച്ചു മൂടി കിടന്നൊ..നേരം തനിയേയങ്ങ് വെളുത്തോളും, ഹല്ലാപിന്നെ
അല്ലാതെ ഭർത്താവിനെ സ്വീകരിയ്ക്കാതിരിക്കാനായി ഇങ്ങനെയോരൊ കാരണങ്ങൾ എഴുന്നള്ളിയ്ക്കാൻ ഒരുമ്പിടുകയാണെങ്കിൽ , മനുഷ്യവിശ്വാസങ്ങളെ പരീക്ഷിക്കുന്ന ഒരു പെരുംകള്ളിയായി പോകും നീ "
കള്ളത്തരങ്ങളെയും കാപട്യങ്ങളെയും അംഗീകരിയ്ക്കുവാനാവാതെ ഉരുകുമ്പോഴും ഒരു പെരുംകള്ളിയായി കൽപ്പിക്കപ്പെടുമ്പോഴുള്ള വേദന കാലങ്ങളോളം മനസ്സിനെ വേദനിപ്പിച്ചോണ്ടിരുന്നതെല്ലാം..ദാ..എത്രപെട്ടെന്നാണ് ഒരു കൽപനയും കൂടാതെ നേർത്തില്ലാതായത്.
ഇമകൾ വെട്ടാതെ രണ്ടു കണ്ണുകൾ നിരീക്ഷിക്കുന്നുവെന്ന അനുഭവമായിരുന്നു അപ്പോൾ.
"എന്തിനാണെന്നെയിങ്ങനെ തറച്ചു നോക്കണത്.. നിയ്ക്കെന്തോ പോലെ തോന്നണുണ്ട് ട്ടൊ ""
ആ കണ്ണുകളെ അഭിമുഖീകരിക്കുവാനാവാത്ത പോലെ ഞാൻ ഫോൺ ചെവിയോടടുപ്പിച്ച് നിലത്തും നോക്കി നിൽക്കുമ്പോൾ അപ്പുറത്തെ ശ്വാസനിശ്വാസങ്ങൾ എന്നെ അങ്ങോട്ട് വലിച്ചു കൊണ്ടുപോകുന്നത് അറിയുന്നുണ്ടായിരുന്നു.
നിഴലെന്നു വെച്ചാല്‍ എന്താമ്മേ..?
എട്ടു വയസ്സുകാരന് വിച്ചൂന്റെ ചോദ്യം..
എപ്പഴും എന്നെ വേട്ടയാടുന്ന, തട്ടിയുണര്‍ത്തുന്ന ആ നിഴല്‍ രൂപാണ് മനസ്സില്‍ തെളിഞ്ഞത്..
പക്ഷേ അവനുണ്ടോ എന്റ്റെ പ്രാന്തുകള് പറഞ്ഞാല്‍ മനസ്സിലാവുണൂ..
നിഴലെന്നു വെച്ചാല്‍…
നിഴലിനെ കുറിച്ച് അമ്മേടെ മോന് എന്താ അറിയാ..?
ഒരു ചോദ്യത്തിന് മറു ചോദ്യം,ഇഷ്ടല്ലാത്തതാണ്..പക്ഷേ, ഇപ്പൊ ആ രൂപത്തില്‍ നിന്നൊരു മോചനം..അതിന് ഇതേ തരമുള്ളൂ..
അവന് തലയാട്ടിയും തല ചൊറിഞ്ഞും ആ കൊച്ചു തലയ്ക്കുള്ളില്‍ ശേഖരിച്ച് കൂട്ടിയിരിയ്ക്കണ അറിവുകള്‍ അതേ പടി വിളമ്പാണ്..
ഇതെല്ലാം മോന് എങ്ങനേയാ അറിഞ്ഞേ..?
കൌതുകം തോന്നി അവന്റെ വിശദീകരണങ്ങള്‍ കേട്ടപ്പോള്‍..
അതമ്മേ..മോന്റെ ടീച്ചറും പിന്നെ മോന്റെ കൂട്ടുകാരും പറഞ്ഞതാമ്മേ..
മുറിയ്ക്കകത്തെ ലൈയ്റ്റ് അണപ്പിയ്ക്കുന്നതിന്നിടെ അവന് കൊഞ്ചി.
പിന്നെ മെഴുകുതിരി വെട്ടത്തില്‍ കൈത്തണ്ട വെച്ചും വിരലുകള്‍ കൊണ്ടും കുഞ്ഞു രൂപങ്ങള്‍ ഉണ്ടാക്കി കാണിച്ച് ഓരോന്നിനെ കുറിച്ചും വിവരിച്ചോണ്ടിരുന്നൂ..
നിഴലിനെ കുറിച്ച് അവന് ഒരുപാട് അറിഞ്ഞു കഴിഞ്ഞിരിയ്ക്കുണൂ..ഇനി അവന് അമ്മയില്‍ നിന്നറിയാനായി ഒന്നും ഇല്ലാ..
അവന് തുടര്‍ന്നു കൊണ്ടേ ഇരിയ്ക്കാണ്..
താത്പര്യമുള്ള ഒരു വിഷയം കിട്ടിയാല്‍ അവന് അതില്‍ പിടിച്ചു കേറി കൊള്ളും,
ങാ..അവനെ എന്തിന് പറയുന്നൂ..ഞാനും അങ്ങനെയാ..വായ് തോരാതെ സംസാരിച്ചോണ്ടിരിയ്ക്കും, എന്തിനെ കുറിച്ചും..
പഠിയ്ക്കണ കാലത്ത് ഞാന്‍ പറയണത് കേട്ടോണ്ടിരിയ്ക്കാൻ കൂട്ടുകാരികള്‍ക്കും നല്ല ഇഷ്ടായിരുന്നൂ..
വിച്ചൂന്റെ അച്ഛനുമതെ,….ഇപ്പഴില്ലാ..
ഇപ്പഴ്….ഒന്ന് നിര്‍ത്തുണുണ്ടോന്ന് കണ്ണ് തുറിപ്പിച്ച് നോക്കും, അപ്പഴയ്ക്കും ഞാന്‍ നിര്‍ത്തും, എന്തിനാ വെറുതെ..
മോന് സംസാരിച്ചോണ്ടങ്ങനേ ആ മെഴുകുതിരി വെട്ടത്തില്‍ ഉറങ്ങിപോയി.
പാവം, ഇപ്പൊ അമ്മ കുട്ടിയായിരിയ്ക്കുണൂ..
പ്രണയമെന്ന പെരുവെള്ള പാച്ചലില് കെട്ടിപ്പടുത്ത നാലു ചുവരുകള്‍ക്കുള്ളില്‍ ഒരു പണതൂക്ക താലിയില്‍ കൊരുത്ത രണ്ടാത്മാക്കളും, അവര്‍ക്കിടയിലെ എട്ടു വയസ്സുകാരനും..പത്തു വര്‍ഷത്തെ ദാമ്പത്യ ജീവിതം ഒറ്റ വരിയില്‍..
ഒരു പ്രണയകാലത്തിന്റെ ഔദാര്യം..
ഉറക്കം കിട്ടുന്നില്ലാ.. തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി..ഊഹും, ഇല്ലാ…എന്നത്തേയും പോലെ തന്നെ ഇന്നും ആ നിഴല്‍ ചുറ്റി പുണരുന്ന പോലെ..വലിഞ്ഞു മുറുക്കുന്നൂ..ശ്വാസം മുട്ടിച്ച് ഇറുക്കുന്നൂ..
അറിയാതെ ചുമച്ചു പോയി, തൊണ്ട വരളുന്നു..മോന്റെ കൈകള്‍ മാറ്റി ഭിത്തിയിലോട്ട് തിരിഞ്ഞ് കിടന്നൂ..
അതാ അവന്, ആ നിഴല്‍..ഇപ്പോഴവനെ വളരെ വ്യക്തമായി കാണാം..
എന്തൊരു അഹങ്കാരമാണ് ആ മുഖത്ത്,
അഹന്തയോടെ കാലിന്മേല് കാല് കയറ്റി വെച്ച് പരിഹാസ ചുണ്ടുകള്‍ കോട്ടുന്നൂ..
ആ കണ്ണുകളിലെ തിളക്കം ..അത് ഈ കണ്ണുകളിലെ ഉറക്കം കെടുത്തുന്നതിന്റെ പ്രകാശമാണ്..
അസഹ്യമയി തോന്നുന്നൂ, വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍..
ഇരമ്പുന്ന ഫാനിന്റെ ശബ്ദത്തില്‍ നല്ല പോലെ കേള്‍ക്കാനാകാം അവന്റെ ശബ്ദമില്ലാത്ത സ്വരം..
നീ തോറ്റിരിയ്ക്കുന്നൂ..
പൂര്‍വ്വാധികം ശക്തിയോടെ ഞാന്‍ നിന്നില്‍ പ്രവേശിക്കാന്‍ പല വട്ടം ശ്രമിച്ചു,
പക്ഷേ നിന്നിലെ പ്രണയത്തിന്റെ നിറം മങ്ങിയിരിയ്ക്കുന്നൂ..
എന്റെ ഓരോ വിരല്‍ സ്പര്ശനത്തിലും സ്വപ്ന സാമ്രാജ്യം കെട്ടിപ്പടുത്തിയിരുന്ന നിന്നില്‍ ഇപ്പോള്‍ ഞാന്‍ എന്ന വികാരം അന്യമായിരിയ്ക്കുന്നൂ..
പ്രണയമെന്ന വികാരം അസ്തമിച്ചിരിയ്ക്കുന്നൂ..
എന്നെ കൈവെടിയരുതേ എന്ന് യാചിച്ചിരുന്ന നാളുകളെ നീ കുഴിച്ചു മൂടിയിരിയ്ക്കുന്നൂ..
ഈ കണ്ട നാളുകള്‍ ഞാന്‍ നിനക്കു വേണ്ടി പൊരുതി, ഇനി വയ്യാ..
നീ നിനക്കു ചുറ്റും സ്വയം എടുത്തണിഞ്ഞിരിയ്ക്കുന്ന വെറുപ്പെന്ന ആവരണത്തെ എടുത്ത് ദൂരേയ്ക്കെറിയൂ..സ്വയം മോചിതയാകൂ, ആ കവചത്തില്‍ നിന്നും..
ആ നിഴല്‍ അട്ടഹസിയ്ക്കുകയാണ്..
അവന്റെ കണ്ണുകളില്‍ ചോര പൊടിയും പോലെ, ക്രമേണ തീ ജ്വാലകളായി ആളി കത്തും പോലെ..
ഭീതിയാല്‍ ചുറ്റും നോക്കി..
മോന് സുഖ നിദ്രയില്‍, ..ആ കുഞ്ഞു മുഖത്ത് പുഞ്ചിരി വിരിയുന്നൂ..
അച്ഛാ, മോനൂന് കളിപ്പാട്ടം കൊണ്ട് എപ്പഴാ വരാ…മോനൂനെ പാര്‍ക്കിലും, സിനിമയ്ക്കുമൊക്കെ കൊണ്ടു പോകില്ലേ..അവന് തലയാട്ടി പിറുപിറുക്കുന്നൂ…
പാവം എന്റ്റെ മോന്, അവന്റെ മനസ്സില്‍ സമ്മാനങ്ങളുമായി ഓടി വരുന്ന അച്ഛന് മാത്രേ ഉള്ളൂ..
ആ കുഞ്ഞു മനസ്സിന്റെ സങ്കടം എനിയ്ക്കു അറിയാന്‍ കഴിയുന്നിലല്ലോ ദൈവമേ..
എന്റ്റെ കുഞ്ഞിനു വേണ്ടി നിയ്ക്ക് എന്തു ചെയ്യാനാകും..
മനസ്സ് പിടയ്ക്കുന്നൂ…കൈ കാലുകള്‍ തളരുന്നൂ..ദാഹിയ്ക്കുന്നൂ..
ഈശ്വരാ, കിടന്നിടത്തു നിന്ന് എണീയ്ക്കാന്‍ ആകുന്നില്ലല്ലോ..
അതെ, എനിയ്ക്കാ ആവരണത്തെ ഊരി കളയണം…ഓരോ നിമിഷവും എന്നെ ചുറ്റി മുറുക്കന്ന അവനില്‍ നിന്നും മോചിതയാകണം..
ഏകാന്തതയില്‍ എന്നെ കീഴ്പ്പെടുത്താന്‍ ശ്രമിയ്ക്കുന്ന ആ രൂപത്തെ, നിഴലിനെ…എന്റെ ചൊൽപ്പടിയില് കൊണ്ടു വരണം..
എന്റെ പ്രണയത്തെ തിരിച്ചു പിടിയ്ക്കണം..
എന്തിന്…
ഈ നാല്ചുവരുകള്ക്കുള്ളില് സന്തോഷം വിതറാന്‍…
പുറത്ത് രാമഴ അരങ്ങേറുന്നൂ…
മുറ്റത്തെ നനവിലോട്ട് ഒന്നിറങ്ങി നിന്നു..
ഞാനറിയാതെ എന്റെ മുഖത്ത് വന്നു തലോടിയ ആ മഴത്തുള്ളികള്‍ നീര് ചാലുകളായി ഒലിച്ചിറങ്ങുന്നൂ..
ഈ മഴ രാപകലില്ലാതെ പെയ്തിരുന്നെങ്കില്‍….
ഞാന്‍ കരയുന്നത് എന്റെ മകന് കാണാതിരിയ്ക്കാന്‍, ഒരു പ്രാര്‍ത്ഥന..!