നാട്ടില്‍ എനിയ്ക്ക് വലിയ വീടുണ്ട്..
വീടിന് ചുറ്റും പച്ചപ്പുണ്ട്, തോടുണ്ട്, ക്ഷേത്രമുണ്ട്, പള്ളിക്കൂടമുണ്ട്..പിന്നെയോ…പിന്നേയും എന്തെല്ലാമോ ഉണ്ട്,
വീട്ടിനകത്ത് അച്ഛനുണ്ട് ,അമ്മയുണ്ട്, പണിയ്ക്ക് വരുന്ന ശാന്തേടത്തിയുണ്ട്..
പിന്നെ അവധിയ്ക്ക് മാത്രം വരുന്ന ചേച്ചീം കുട്ട്യോളും..
ആങ്ങളേം നാത്തൂനും കുട്ട്യോളും..
പിന്നേം ഉണ്ട് …
ന്റ്റെ നിധി…
ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരിയ്ക്കുന്ന എടുത്താല്‍ പൊങ്ങാത്ത എന്റ്റെ പെട്ടി. അതിന്നകത്തെ സാധനങ്ങളുടെ കണക്കെടുക്കുന്നതിലും എളുപ്പോം സുഖോം മുറ്റത്തെ കള പറിയ്ക്കൂന്നതായിരിയ്ക്കും..
മഴ പെയ്താല്‍ തോട്ടത്തില്‍ കള പറിയ്ക്കാനേ നേരം ഉള്ളൂന്നാ അമ്മേടെ ആവലാതി..
അതോണ്ട് നമുക്ക് കള പറിയ്ക്കാം…പെട്ടി അവിടെ ഇരിയ്ക്കട്ടെ.
അകത്തെ ഇരുട്ടിനെ മൂടാന്‍ പോന്ന ഇച്ചിരി മെഴുകുതിരി വെട്ടത്തില്‍,
ചൂളാന്‍ കൊതിയ്ക്കണ അക്ഷര മണികളെ നുള്ളിപ്പെറുക്കി എടുക്കുന്നതിനിടെ ആ നനയാന്‍ വെമ്പുന്ന മിഴികളും പരു പരുത്ത വിരല്‍ത്തുമ്പുകളും..
അഴിയാന്‍ തുടങ്ങിയിരുന്ന തലമുടിയിലൂടെ എങ്ങോട്ടെന്നില്ലാതെ പരതി നടക്കുന്നത് അറിഞ്ഞു…
അമ്മയാണ്..!
കേരളത്തില്‍ മുഴുവന്‍ നല്ല മഴയാത്രെ..കുറച്ചീസം കൂടി ഇങ്ങനെ നീളുമത്രെ…
പത്രത്തില കണ്ടതാ..അല്ലാണ്ട് ഈ മുക്കില്‍ കിടക്കണ ഞാന്‍ എങ്ങനെ അറിയാനാ..
അതോണ്ടാ ഇടയ്ക്കിടയ്ക്കുള്ള ഈ വൈദ്യുതി തകരാറ്..
ആരംഭ ശൂന്യത..എന്നത്തേയും പോലെ..ഇന്ന് എന്താണാവൊ..?
ഉം..മൂളി കൊടുത്തു.
ന്താ..കുട്ട്യേ…നിനക്ക് വ്യസനം വല്ലതും ഉണ്ടോ..?
നുറുങ്ങ് വെട്ടത്തില്‍ തിളങ്ങുന്ന നെറ്റിയിലെ നിരച്ച തലനാരിഴകളെ എണ്ണിയെടുക്കാന്‍ ശ്രമിയ്ക്കാണ്‍ അവര്‍..
നെന്റെ പുതിയ വൈരകല്ല് മൂക്കുത്തിയ്ക്ക് ഈ മങ്ങിയ വെട്ടത്തിലും നല്ല തെളക്കം..
പ്രതികരിയ്ക്കാതെയുള്ള പുസ്തകത്തില്‍ തല പൂഴ്ത്തി കൊണ്ടുള്ള ഇരുത്തം നോക്കി കൊണ്ടുള്ള അടുത്ത തട്ടല്‍..
നീ ഇന്നലെ പുറത്ത് പോണൂന്ന് വിളിച്ച് പറഞ്ഞപ്പഴേ ഞാന്‍ ഓര്‍ത്തു എന്തേലും ഒപ്പിയ്ക്കാനായിരിയ്ക്കും ന്ന്…
ഇതിപ്പോ..ഇത്രേം കാശ് മൊടക്കി മൂന്ന് കല്ല് വാങ്ങണ്ട എന്താവശ്ശ്യായിരുന്നു..
പഴയതിന് ഒരു കേടും ഉണ്ടായിരുന്നില്ലല്ലോ..ഒറ്റകല്ലായിരുന്നേലും നല്ല തെളക്കം ഉണ്ടായിരുന്നല്ലോ..
ന്തായലും, അതിനു മൊടക്കിയ അത്രേം കാശൊന്നും വേണ്ടല്ലൊ കുട്ട്യേ ഈ നെരച്ചത് മറയ്ക്കാന്‍, കൊറച്ച് കറപ്പ് വാങ്ങി തേയ്ക്കായിരുന്നില്ലേ നെനക്ക്..?
ഓ..അപ്പൊ ഇതിനാണ് ഇപ്പൊ വൈരക്കല്ലിനെ കൊണ്ടുവന്ന് നടുക്കിട്ടത്..
ഇതൊക്കെ എന്തിനാ അമ്മേ കറുപ്പിയ്ക്കുന്നത്..?
കണ്ണാടി മെല്ലെ ഊരി പുസ്തകത്തിനകത്ത് തിരുകി തലയുയര്‍ത്തി അമ്മയുടെ നേരെ തിരിഞ്ഞു.
നിയ്ക്ക് അതൊക്കെ തേച്ച് മാച്ച് നടക്കണ്ട പ്രായം ആയൊ അമ്മേ…
നിയ്ക്കു ഇഷ്ടല്ലാ…അതിന്റ് ആവശ്യോം ഇല്ലാ..
ആ ദയനീയ മുഖം കണ്ടപ്പൊ ചിരി വന്നു..
പിന്നെ എന്നത്തേം പോലെ അമ്മയെ കുഴയ്ക്കുന്ന തുറുപ്പുകള്‍ പുറത്തെടുത്തു..
അമ്മേ…നിങ്ങള്‍ക്കറിയോ..ഈ നിരച്ച തലനാരിഴകള്‍ ഓരോന്നും നിയ്ക്ക് വളരെ വേണ്ടപ്പെട്ടവയാണ്..
ന്റ്റെ വെള്ളിക്കമ്പിയിഴകളാണ്‍..!
ഞാനിത് ഓരോന്നും ചേര്‍ത്ത് വെച്ച് പെയ്തു വീഴുന്ന പളുങ്ക് മണികളെ കോര്‍ത്ത് മണിമാല തീര്‍ക്കും..
പിന്നെ അതിന്റെ തുമ്പത്ത് ഒരു അരളിപ്പൂ പറിച്ചെടുത്ത് ലോക്കറ്റ് പണിയും..
എന്നിട്ട് ഞാനത് സൂക്ഷിച്ച് വെയ്ക്കും..
പിന്നെ ന്റ്റെ മൂക്കുത്തി..
ഇത്രേം നാള് ന്റ്റെ പ്രണയം മാത്രായിരുന്നു അത്..
ഇപ്പൊ ഞാനതില്‍ ന്റ്റെ ജീവനും, ശ്വാസവും ചേര്‍ത്തു വെച്ചു…
രണ്ടും നിയ്ക്ക് പ്രിയപ്പെട്ടവ….
മനസ്സിലായോ..?
ന്റ്റെ ഭഗവതീ..പ്രായം കൂടുന്തോറും ഈ കുട്ടീടെ നൊസ്സ് കൂടല്ല്യാണ്ട് കൊറയണില്ലല്ലോ..ഇതിനൊക്കെ ഞാനിപ്പൊ ന്താ പറയാ…!!
പുരികങ്ങള്‍ ഉയര്‍ത്തി ഒരു കള്ളച്ചിരിയോടെ അമ്മയെ അടുത്ത് പിടിച്ചിരുത്തി ആശ്വാസിപ്പിച്ചു..
ഞാന്‍ ഇങ്ങനെയല്ലേ അമ്മേ…മാറാനൊക്കൊ എനിയ്യ്ക്,
അമ്മയ്ക്കു അറിയണതല്ലേ…ഈ പാറൂനെ..?
മനുഷ്യ വികാരങ്ങള്‍ മറച്ച് വെയ്ക്കാനുള്ളതല്ല അമ്മേ…
രാത്രി മുഴുവന്‍ വര്‍ണ്ണശഭളമായ സ്വപ്നങ്ങളില്‍ മയങ്ങി ഉണര്‍ന്നിരിയ്ക്കാ..
പകല്‍ മുഴുവന്‍ പ്രണയ വര്‍ണ്ണ ശോഭയില്‍ മതിമറന്ന് ഉറങ്ങാ…
രാപകലെന്നില്ലാതെ ഈ വികാരങ്ങളെ നമ്മളിലേയ്ക്ക് അടുപ്പിയ്ക്കുന്നത് ഒരു മഴയോ, കാറ്റോ, അലയോ, ഒഴുക്കോ ആകാം…
ഇവയില്‍ നിന്നെല്ലാം മോചനം കാംക്ഷിയ്ക്കുന്നതിലും സാധിയ്ക്കുന്നതിലും ആഹ്ലാദം ഇവയെ കാത്ത് സൂക്ഷിച്ച് പോരുന്നതിലല്ലേ..?
ആ കുഞ്ഞ് മുറിയ്ക്കുള്ളില്‍ അമ്മയുടെ വിയര്‍പ്പും നിശ്വാസവും അനുഭവപ്പെട്ടു..
ഇമവെട്ടാതെ നോക്കി ഇരിയ്ക്കുന്ന തളര്‍ന്ന കണ്ണുകള്‍..
നിയ്ക്ക് ഇതൊന്നും സഹിയ്ക്കണില്ലാ, ദഹിയ്ക്കണില്ലാ..അവര്‍ പിറുപിറുത്തു.
മഴ തുടങ്ങിയിരിയ്ക്കുന്നു..ആഞ്ഞ് പെയ്യണ മഴ ജനല്‍ പാളികളില്‍ വന്നടിയ്ക്കണത് കേള്‍ക്കാം..
നേര്‍ത്ത മഴത്തുള്ളികള്‍ വന്ന് അമ്മയുടെ മുഖത്ത് പതിച്ച് തിളങ്ങുന്നു..
അവരത് അറിഞ്ഞിട്ടേ ഇല്ല..
നീ വരുണൂന്നും പറഞ്ഞ് നിനക്കിഷ്ടള്ള കൊഴിക്കറി ഉണ്ടാക്കി വെച്ചിരിയ്ക്കുണൂ.
മേശപ്പൊറത്ത് എല്ലാം തയ്യാറാണ്, നീ വന്ന് കഴിച്ച് കിടന്നോളു..
ആ വാത്സല്ല്യം ഒട്ടും വക വെയ്ക്കാതെ..പെട്ടെന്ന് മിന്നിയ മിന്നല്‍ പിണര്‍പ്പിനെ ചൂളിപ്പിടിച്ച് തല വെട്ടിച്ച് അമ്മയോട് ശഠിച്ചു,
നിയ്ക്ക് അതൊന്നും വേണ്ട..നിങ്ങള്‍ക്കിപ്പൊ ഇച്ചിരി മോര് കറീം, പപ്പടോം അച്ഛാറും കൂട്ടി ചോറ് തരാന്‍ ഒക്കോ..?
ഇല്ലേയ്ച്ചാല് നിയ്ക്ക് ഒന്നും വേണ്ട..
എന്താ ഈ കുട്ടിയ്ക്ക്..
അത്താഴ പട്ടിണി കിടക്കേ..
നീ വായിച്ചോ..ഞാനിപ്പൊ ന്താ വേണ്ടേയ്ച്ചാല്‍ കൊണ്ട് വരാം..
അമ്മ പെട്ടെന്ന് അടുക്കള ഭാഗത്തേയ്ക്ക് അപ്രത്യക്ഷയായി.
പാവം അങ്ങനെയൊക്കെ പറയണ്ടായിരുന്നു..
എന്താ ചെയ്യാ..നാവിനെ തളച്ചിടാന്‍ ഭയങ്കര പാടായിരിയ്ക്കുന്നൂ..
കട്ടിലില്‍ ചാരി, ചുവരിനെ നോക്കി അങ്ങനേ ഇരുന്നു…മഴയെ കേട്ടു, പിന്നെ കണ്ണുകളടച്ച് മഴയെ കണ്ടു..
മനസ്സ് നിറയെ ആ ഗന്ധം വ്യാപിയ്ക്കും പോലെ..
ഉള്ളം കാല് തണുത്ത് വിറയ്ക്കുന്നു..
എഴുന്നേറ്റിരുന്ന് കാല് വിരലുകള്‍ തിരുമ്മി ചൂട് പിടിപ്പിയ്ക്കുന്നതിനിടെ താലവുമായി അമ്മയുടെ സാരിത്തലപ്പ് കാല് നീട്ടി..
നല്ല കാച്ചിയ മോര് കറിയുടെ മണം..
ചമ്രം പടിഞ്ഞിരുന്ന് കൊതിയോടെ, ആര്‍ത്തിയോടെ വാരി ഉണ്ടു.
അതിനിടെ അമ്മ ഇരുളിലേയ്ക്ക് പിന്നേം മറഞ്ഞു..
തിരികെ വന്നത് കയ്യില്‍ എന്തോ ചുരുട്ടി പിടിച്ചോണ്ട്,…ന്താത്..?
ആ പൊതി മെല്ലെ ചമ്രം പടിഞ്ഞ കാലുകള്‍ക്കിടയില്‍ തിരുകുന്നതിനിടെ അമ്മ സ്വകാര്യം പറഞ്ഞു,
ഇത് നീ വെച്ചോ..ഇത്രേം നാളായിട്ട് കരുതി വെച്ചതാ..
എത്ര വല്യേ ജോലിക്കാരിയാണേലും പുറം നാട്ടില്‍ നിക്കായ്ച്ചാല്‍ ചെലവ് നല്ലോണം ഉണ്ടാവും..
ഒന്ന് പോണുണ്ടോ..
വാരി ഉരുളയാക്കിയ ചോറ് താലത്തില്‍ വിതറി ഈര്‍ഷ്യ പ്രകടിപ്പിച്ചു..
എത്ര തവണ പറഞ്ഞിരിയ്ക്കുണൂ ഇതാവര്‍ത്തിയ്ക്കരുതെന്ന്,
ന്നാലും വരും നോട്ടും കെട്ടുമായിട്ട് ഒരു മുതലാളിച്ചി..
ന്റ്റെ ചിലവിനുള്ള സമ്പാദ്യൊക്കെ നിയ്ക്ക് കിട്ടുന്നുണ്ടെന്ന് എത്ര പറഞ്ഞിരിയ്ക്കുണൂ…
കഴിയ്ക്കാനും വിടില്ലാന്ന് വെച്ചാല്‍…
ഇര്‍ഷ്യ തലപ്പില്‍ കയറിയപ്പൊ ഒരു ഗ്ലാസ്സ് വെള്ളം നീട്ടി ആ വിറയ്ക്കുന്ന കരങ്ങള്‍..
ന്റ്റെ ഒരു സമാധാനത്തിനല്ലേ മോളെ..
മഴയില്‍ ആ വിറയ്ക്കുന്ന ശബ്ദം നേര്‍ത്തില്ലാതായി..
ന്റ്റെ പ്രവര്‍ത്തികളും, വാക്കുകളും നെനക്ക് വെഷമം തരുന്നുണ്ടേല്‍ സഹിയ്ക്കാ..
അമ്മയായി പോയില്ലേ ഞാന്‍..
ഇനി സമയം കളയെണ്ട…
ഇവിടെ ആണോ അന്തിയുറക്കം..?
ഞാനും കുട്ടീടെ കൂടെ ഈ തെറ്റത്ത് ഒതുങ്ങി കൂടിയാലൊ?
അതേപ്പൊ..ഇനി ഈ വയസ്സാന്‍ കാലത്ത് നിങ്ങക്ക് വീണ് നടു ഒടിയ്ക്കണോ..?
അതോ നിങ്ങക്ക് പേടിയാണൊ…?
എന്നെ ആരേലും പിടിച്ച് കൊണ്ട് പോകുംന്ന്..
നിങ്ങള്‍ ഭയക്കെണ്ട..
മാനസിക ശാരീരിക ശല്ല്യങ്ങളില്ലാതെ മനം വിട്ടുറങ്ങാനും..
ഒച്ച ഇല്ലാതെ പതിഞ്ഞ കാല് വെപ്പുകളിലൂടെ അന്ധകാരത്തെ മറി കടന്ന് ഉലാത്താനും..
സ്വപ്നം കാണാനും.. ന്റ്റെ മുറി വല്ലപ്പോഴുമല്ലേ നിയ്ക്ക് കിട്ടൂ..
ഞാനൊന്ന് ഈ ഇട്ടാവെട്ട ഇരുട്ടിനെ ആശ്ലേഷിച്ച് ഉറങ്ങിക്കോട്ടെ അമ്മേ..
എന്നെ വെറുതെ വിടൂ..
ന്നാലും കുട്ട്യേ…..
മഴ ചാറാന്‍ കാത്ത് നിക്കാ കള്ളന്മാര്, ഇപ്പൊ ശല്ല്യം കൂടിയിരിയ്ക്കുണൂന്ന് പറയുണു…
സൂക്ഷിയ്ക്കേണ്ടിരിയ്ക്കുണൂ..
നിയ്ക്ക് കള്ളന്മാരില് നിന്ന് രക്ഷപ്പെടെണ്ടാ…
വേണേയ്ച്ചാല്‍ കള്ളന്മാര് എന്റേടുത്ത് നിന്ന് രക്ഷപ്പെട്ടോട്ടെ..
ഞാനെന്തിന് മനുഷ്യരെ പേടിയ്ക്കണം അമ്മേ..?
"ന്റ്റെ വൈരം ലാക്കാക്കി വരുന്ന കള്ളനാണ് അവനെങ്കില്‍ ഞാനവ്നറ്റെ കൈകള്‍ രണ്ടും കെട്ടി വെറും നിലത്തിരുത്തി ഗര്‍വ്വോടെ പറയും,
ഡ്ഡോ..ന്റ്റെ മേനിയില്‍ വിലപ്പെട്ടത് ഇത് മാത്രമേയുള്ളു…
നിനക്കിതു വേണമെങ്കില്‍ ഞാന്‍ ന്റ്റെ വെള്ളികമ്പിയിഴകളില്‍ കെട്ടി തീര്‍ക്കാന്‍ മോഹിയ്ക്കുന്ന അരളിപ്പൂ മാല കോര്‍ത്ത് തീരും വരെ കാത്തിരിയ്ക്കാ…
അതല്ലാ നിനക്കെന്റ്റെ സ്വത്തുക്കളും, മുതലുകളുമാണ് ആവശ്യമെങ്കില്‍ ഞാന്‍ ദീര്‍ഘമായി നിശ്വസിയ്ക്കുമ്പോള്‍ ഉതിര്‍ന്ന് വീഴുന്ന അക്ഷരമണികളെ സ്വരുംകൂട്ടി വെയ്ക്കുന്ന താളുകളും തൂലികയും നിനക്ക് സ്വന്തമാക്കാം..
അതിനായി ഞാനെന്റെ കിടപ്പ് മുറിയില്‍ മതിമറന്നുറങ്ങുന്ന നാള് വരേയ്ക്കും കാത്തിരിയ്ക്കാ..
അതല്ലാ, നിനക്ക് എന്നെയാണ് ആവശ്യമെങ്കില്‍ ,
ദാ…ന്റ്റെ തൊട്ടരികിലിരിയ്ക്കാ..
കൈവരലുകള്‍ കോര്‍ത്ത് ചെവി വട്ടം പിടിച്ച് ന്നെ ചേര്‍ന്നിരിയ്ക്കാ..
ഞാന്‍ വായ്തോരാതെ പറഞ്ഞ് തീര്‍ക്കും കഥകളുടെ അന്ത്യത്തിനായി കാതോര്‍ത്തിരിയ്ക്കാ.."
അറിയാണ്ട് ചോയിയ്ക്കാ കുട്ട്യേ..ഇനി എന്നാ ഇതിനൊക്കെ ഒരു അന്ത്യം..?
ന്താ നീ ഇങ്ങനെ..?
എന്തു ചെയ്യാം അമ്മേ…
നൊസ്സുകള്‍ എന്നെ കീഴടക്കിയിരിയ്ക്കുന്നു,
ആ കീഴടങ്ങലുകള്‍ എന്നില്‍ ലജ്ജയോ, സഹതാപമോ, അവജ്നയോ ഉണ്ടാക്കുന്നില്ല..
സന്തുഷ്ടി മാത്രമേ നല്‍കുന്നുള്ളൂ..
ഞാനീ ഭ്രാന്തിന്റെ ലാളനയേറ്റ്…
ഈ ആലസ്യത്തില്‍ മതി മറന്ന് കഴിഞ്ഞോട്ടെ…
എന്നോട് ദയ കാണിയ്ക്കാ….!
ഉം..കുട്ടി ഉറങ്ങിക്കോളു, പുലരേ ഇറങ്ങേണ്ടതല്ലേ.
ഇക്കുറി ഈ ഒരു രാത്രി മാത്രേ നിയ്ക്ക് നിന്നെ കിട്ട്യോളു..
ഇക്കുറീം തിരുവോണം ഉണ്ണാന്‍ അമ്മേടെ കൂടെ ഇല്ലാന്ന് ഓര്‍ത്ത് വെയ്ക്കാ..
വെട്ടം അണച്ച് മുറ്യ്ക്കുള്ളില്‍ അന്ധകാരം നിറച്ച് അമ്മയുടെ നിഴലും മുറി വിട്ടിറങ്ങി.
ആ രൂപം നേര്‍ത്ത് അവ്യക്തതയിലേയ്ക്ക് നീങ്ങുന്നത് ചുവര് ചാരി നോക്കിയിരുന്നു.
പൊടുന്നനെ ജനല്‍ പാളികള്‍ തള്ളി തുറന്ന് ധൈര്യത്തോടെ, സൌമ്യതയോടെ ആ കണ്ണുകള്‍ ശബ്ദിച്ചു..
എന്നെ ഓര്‍ക്കുന്നുണ്ടോ നീ…?
വാക്കകള്‍ക്കിടയിലൂടെ ഇരച്ചു കയറിയ അവന്റെ പൊട്ടിച്ചിരി മുഴങ്ങുന്നതായി തോന്നി.
പിന്നെ തെല്ല് ശാന്തതയോടെ ആ സ്വരം ചൊദിച്ചു,
പോരുന്നോ…നീ…ന്റ്റെ കൂടെ…?
ഹാ….എത്ര സുന്ദര വാക്കുകള്‍…..
ഒന്നു കൂടെ ആ കണ്ണുകളിലേയ്ക്ക് തിരിഞ്ഞ് നോക്കി..
പിന്നെ സ്വരം താഴ്ത്തി ചോദിച്ചു,
നീ എന്നെ ഇപ്പഴും ഓര്‍ക്കുന്നുണ്ടോ..?
നിനക്ക് എന്നെ ഇപ്പഴും ഇഷ്ടമാണൊ..?
അവന് യാതൊരു ഭാവഭേദവും ഇല്ലാതെ മൊഴിഞ്ഞു
വിഡ്ഡിത്തം വിളമ്പാതെ…
നേരം പുലര്‍ന്നാല്‍ തിരുവോണ നാളില്‍ മുറ്റത്ത് പൂക്കളം ഒരുക്കാനുള്ള പൂ പറിയ്ക്കാന്‍ കൂട്ട് വരുന്നോ എന്ന് ചോദിച്ചതിന് നീ ഇത്ര വികാരപ്പെടുന്നത് എന്തിന്…?
ഓര്‍ക്കുന്നോ നീ….നമ്മള് കണ്ട് മുട്ടിയത് ഒരു തിരുവോണ പുലര്‍ക്കാല നാളില്‍..
ഉവ്വ്…ഞാന്‍ ഓര്‍ക്കുന്നു..
വിധിയില്‍ വിശ്വസിയ്ക്കുന്നു..
എന്തു കൊണ്ട് നീ ഇപ്പോഴും എന്നെ വിഡ്ഡിവേഷം കെട്ടിയ്ക്കുന്നു..?
ആ ജനൽപ്പാളികള് കൊട്ടിയടച്ച് നീ പോകൂ….
ഞാന്‍ ഉറങ്ങട്ടെ.
എല്ലാ രാത്രിയും പോലെ സ്വപ്നങ്ങളുടെ സമ്പന്ന ലോകത്ത് ഒരു രാജ്നി കണക്കെ ഞാന്‍ വിഹരിയ്ക്കട്ടെ.
അനുസരണയുള്ള കുഞ്ഞിനെ പോലെ അവന് തിരിഞ്ഞ് നടന്നു..
ആ ചലനം എനിയ്ക്ക് സുപരിചിതമാണ്..
ഒരു രാത്രിമഴയുടെ തേങ്ങല്‍ പോലെ….!