" പ്രേമത്തിന്റെ വിലാപ കാവ്യം "..
അസംതൃപ്തമായ കവി മനസ്സ് വർത്തമാനങ്ങളിലൂടെ വീണ്ടും വീണ്ടും സഞ്ചരിയ്ക്കുന്നു.
സ്നേഹത്തിന്റെ തീവ്രതയിൽ സർവ്വവും കീഴടക്കുവാനുള്ള ആധിപത്യ വാസന അതിനുണ്ടെന്നും മനസ്സ് എപ്പോഴും അശാന്തമാണെന്നും വായനയുടെ അന്വേഷണങ്ങളിൽ കൊണ്ടെത്തിച്ചത് ഓരൊ കല്ലിനേയും കഥയാക്കിയ കഥാകാരിയുടെ ലോകത്തേയ്ക്കാണ്.
ശിൽപദാർഢ്യമുള്ള കഥകൾ വിചിത്രമായൊരു ലോകത്തേയ്ക്ക് തുറന്നിടുമ്പോൾ, പാതി ചാരിവെച്ച ന്റെ വായനാ കവാടവും തുറക്കപ്പെടുകയായിരുന്നു.
ഒരു ചുവന്ന സന്ധ്യയിൽ ഞാനറിഞ്ഞു, തനിച്ചാവുമ്പോൾ എന്റെ കണ്ണുകൾ ഈറനാവുന്നുണ്ടെന്ന്.
അതെന്തിനാണെന്ന് കടന്നുപോയ ഓരൊ നിമിഷങ്ങളെയും പിന്നെയും മുന്നിലേയ്ക്ക് വലിച്ചിട്ട് ആരാഞ്ഞുവെങ്കിലും പ്രയോജനമൊന്നും തന്നെ ഉണ്ടായില്ല.
ഒരു തരി ഇരുൾ പോലും മൂടികെട്ടാത്ത ബാല്യവും കൗമാരവും ..
യൗവനത്തിലേയ്ക്ക് നീട്ടിപിടിച്ചിരുന്ന ചായം പുരളാത്ത കൈവരലുകൾക്ക് അത്ഭുതവും സങ്കോചവും നിറഞ്ഞ മൗനം മാത്രം.
ഇടെയ്ക്കെപ്പോഴൊക്കെയായ് പൊട്ടിപുറപ്പെടുവാനായ് വെമ്പി നിൽക്കുന്ന കണ്ണീർകുടങ്ങൾക്കും ലജ്ജയോ എന്ന് ആലോചനാനിമിഷങ്ങളിൽ ഞാൻ അതിശയിച്ചു..
പിന്നെ പൊട്ടിചിരിച്ചു.
പഴമയുടെ ഗന്ധം തങ്ങി നിൽക്കുന്ന കോണിപ്പടികൾ ഒഴിഞ്ഞ കാൽതണ്ട കാൺകെ ഓടി കയറുമ്പോൾ എന്നത്തെയും പോലെ അന്നും കേട്ടു..
" അഴിഞ്ഞ് വീഴാറായ ആ സാരി ശരിയ്ക്കങ്കിട് ഉടുത്തിട്ട് ഞൊറികൾ കയറ്റിപിടിച്ച് കോണി കയറേ ചാടേ എന്തായ്ച്ചാൽ ചെയ്യ്, ഇനിയിപ്പൊ തട്ടി തടഞ്ഞ് വീഴേം കൂട്യേ വേണ്ടൂ.. അല്ലെങ്കിലെ മാനം നോക്കി നടപ്പാ.."
ഇങ്ങക്ക് എപ്പഴും ഇതെന്നെ പറയാനുള്ളൂന്നും,
പറഞ്ഞ് മുഖം കോട്ടി തട്ടിൻപുറത്തെ മുറിയിൽ കിതപ്പോടെ മേപ്പട്ട് നോക്കി കിടക്കുമ്പോഴതാ..എട്ടുകാലൻ സർക്കസ് കാണിച്ചുകൊണ്ട് എന്നേം നോക്കികൊണ്ട് മരമച്ചിൽ ഞാന്നു കളിക്കുന്നു.
" നെന്റെ നെഗളിപ്പിനു ഈ കിതപ്പൊന്നും പോരാ.. അവിടെ കിടന്ന് കിതയ്ക്കെടീ " അവൻ പറയുന്നത് നിയ്ക്ക് കേൾക്കുന്നുണ്ട്.
"ഹും.. എത്ര കാലത്തേയ്ക്കാ നിന്റെ ഇവിടത്തെ വാസമെന്ന് കാണാലോ എട്ടുകാലൻ മാക്രീ..അടുത്തെന്നെ കുമാരൻ വരണണ്ടത്രെ, തൂത്തു വാരി നിന്നെ കുപ്പയിലാക്കാൻ..
ആർടെ നെഗളിപ്പാണു നിക്കാൻ പോണതെന്ന് കാണാലോ..ഹും "
എന്തും സഹിക്കാം..പക്ഷേ പരിഹാസം..ഊഹും..!
"ഞാനവരെ ഭയപ്പെടുത്തിയോ..?
ആക്ഷേപിച്ചുവോ..?"
മറ്റൊന്നും ആലോചിയ്ക്കാനില്ലാത്തതുകൊണ്ട് അവനെയും ഓക്കികൊണ്ട് അങ്ങനേ കിടന്നു.
"ഇത് കുടിയ്ക്കൂ.. അൽപം ഉന്മേഷം ഉണ്ടാകട്ടെ "
ചായകോപ്പിൽ ഇത്രേം ആവിയോ..?
ആവിമറയിൽ നിന്ന് തെളിഞ്ഞു വന്ന ആ മുഖം കണ്ട് ഞാൻ അതിശയിച്ചു.
കമല നിർബന്ധിച്ചപ്പോൾ നിരസിയ്ക്കാനായീല്ലാ..
അവർ പകർന്നു തന്ന തേയില വെള്ളം അവർക്കരികിൽ ഒട്ടിയിരുന്ന് ഊതിയൂതി കുടിച്ചു.
" നിങ്ങൾ രണ്ടുപേരും ഭാഗ്യവതികളാണ്.. "
മൗനികളായി നിമിഷങ്ങളോളം ജനലഴികളിലൂടെ നിശ്ചലരായി തെരുവിനെ നോക്കിയിരിക്കുന്ന ഞങ്ങളോടാണതെന്ന് അറിഞ്ഞതും സ്ഥലകാല നിശ്ചയം വന്നവരെ പോലെ ഞങ്ങൾ രണ്ടുപേരും ആരാണതെന്ന് അറിയാൻ ശബ്ദം വന്നിടത്തേയ്ക്ക് കണ്ണുകൾ നീക്കി.
തെരുവിന്റെ അറ്റത്തായി പൂർണ്ണ ഗർഭിണിയെ പോലെ പൂക്കാൻ വെമ്പി നിൽക്കുന്ന ചെമ്പകമരമാണു മിണ്ടീം പറഞ്ഞും ആ അറ്റത്തീന്ന് ഈ അറ്റത്തേയ്ക്കെത്തിയിരിക്കുന്നത്.
" മിണ്ടാതിരിയ്ക്ക് ചെമ്പകേ.. ഇത്രേം വയസ്സായ ന്നേം വെച്ചാണൊ ഒരു വാല്യേക്കാരി പെണ്ണിനെയായിട്ട് ഉപമിയ്ക്കണത്..??"
ശാസനയുടെ രൂപം കമലയിൽ പ്രകടമാകുന്നതു കണ്ട ചെമ്പകമരം യാത്രാമൊഴികളൊന്നും തന്നെ ഇല്ലാതെ നിറ ചില്ലകളും താങ്ങിപിടിച്ച് തെരുവിനറ്റത്തെ സ്വന്തം മണ്ണിലേയ്ക്ക് നീങ്ങി.
ഞങ്ങൾ പിന്നീടൊന്നും സംസാരിച്ചില്ല..
അൽപ നേരത്തെ നിശബ്ദതയ്ക്കു ശേഷം ചുവന്ന പട്ടിൽ മഞ്ഞ ബോർഡറുള്ള ഞൊറികൾ കയറ്റിപിടിച്ച് എനിയ്ക്കു പിന്നാലെയായി മരക്കോണിയുടെ മരത്തണ്ടു പിടിച്ചുകൊണ്ട് സാവകാശം പടികളിറങ്ങി.
ഞങ്ങളെ കണ്ടതും കോലായിലിരുന്ന് മാസിക വായിച്ചിരുന്ന ഏടത്തി ഓടിവന്ന് നല്ല വലിപ്പമുള്ള പല്ലുകൾ കാൺകെ കമലയേയും നോക്കികൊണ്ട് വായ് പിളർന്ന് നിന്നു.
തെക്കുവശത്തെ പറമ്പിൽ നിന്ന് അപ്പൊ അറുത്തെടുത്ത് വാഴനാരുകൊണ്ട് കെട്ടിയ ഒരു പിടി നാടൻപയർ ഒതുക്കിപിടിച്ചിരുന്ന മണ്ണു പുരണ്ട കൈത്തലംഉടുതുണിയിൽ തുടച്ച്,
ചെരിപ്പിടാത്ത കാലടികളെ നനഞ്ഞ മണ്ണിൽ പൂഴ്‌ന്നുപോകാൻ വിട്ടുകൊടുക്കാതെ അമ്മയും ഞങ്ങളിലേയ്ക്ക് നടന്നടുത്തു.
"വരേ കുട്ടികളേ , കപ്പ പുഴുങ്ങീത് ചൂടാറാൻ വെച്ചിട്ടുണ്ട്, ഉള്ളിചമ്മന്തീം അരച്ച് വെച്ചിരിക്കുണൂ.. അധികം ആറ്യാലു നന്നാവില്ല..
അവരേം കൂട്ടിക്കോളൂ.. "
കമലയെയാണ് ഉദ്ദേശിച്ചതെന്ന് ജാനുവമ്മയുടെ മുന്നോട്ടാഞ്ഞ താടിയെല്ല് വ്യക്തമാക്കി.
കമല ഒന്നും മിണ്ടിയില്ല.. ജാനുവമ്മയെ നോക്കി പുഞ്ചിരിയ്ക്ക മാത്രം ചെയ്തുകൊണ്ട് എന്നെ സമീപിച്ചു.
ന്റെ മേൽചുണ്ടിലും നെറ്റിയിലും പൊടിഞ്ഞ ഇത്തിരിപോന്ന വിയർപ്പുതുള്ളികളെ ആ പട്ടു സാരിയുടെ തലപ്പുകൊണ്ട് ഒപ്പിയെടുത്ത് മൂർദ്ധാവിലൊരു സ്നേഹചുംബനം നൽകി മഴവഴുക്കും ഉമ്മറപ്പടികൾ ഇറങ്ങി ചെളിപുരണ്ട മണ്ണ് വഴിയിലേയ്ക്ക് നടന്നു തുടങ്ങി.
"മഴക്കാലല്ലേ ..അവരുടെ പക്കൽ ഒരു കുട പോലും ഇല്ലാ ട്ടൊ.."
അമ്മ കഷ്ടം വെച്ചു.
"ന്നാലും മൂപ്പത്ത്യേർക്ക് കപ്പ കഴിയ്ക്കാർന്നു, അത് ഉണ്ടാകുംവെച്ചല്ലേ ഞാൻ വെക്കം വെളമ്പി ചൂടാറാൻ വെച്ചത്.."
ജാനുവമ്മയുടെ പരാതി.
"ന്നാലും ഒരു ഒപ്പെങ്കിലും തരാക്കാൻ പറ്റീലല്ലോ.."
പാഴായിപോയ നിമിഷത്തെ പഴിയ്ക്കുന്ന ഏടത്തി.
നിയ്ക്കു മാത്രം ഒന്നും പറയാനുണ്ടാർന്നില്ലാ..
തിരിച്ച് മുറിയിലെത്തിയപ്പൊ എട്ടുകാലൻ പുഞ്ചിരിയ്ക്കുന്നു..
" നിന്റെ മൂർദ്ധാവിലെങ്ങനെ വന്നൂ ഈ കുങ്കുമചാർത്ത്.."??